നിപ്പ വൈറസ് ബാധയെ തടഞ്ഞു നിർത്താൻ കഴിഞ്ഞത് ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സമയോചിതമായ പ്രവർത്തനത്തിന്റെ നല്ല ഉദാഹരണാണ്. പക്ഷേ അതിന്റെ പേരിൽ ആരോഗ്യമന്ത്രിയെ “അയൺലേഡി”യും “ഝാൻസി റാണി”യുമൊക്കെ ആക്കുന്നത് എത്രത്തോളം വസ്തുനിഷ്ഠമാണ്. ആരോഗ്യമന്ത്രിയെ കുറിച്ചുളള ഈ വർണനകൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുളള​ മുഖസ്തുതി മാത്രമാണ്. ഉമ്മൻചാണ്ടിയെ ജനകീയനായും മോദിയെ അമ്പത്താറിഞ്ചുകാരനാക്കിയതും പിണറായിയെ ഇരട്ടച്ചങ്കനാക്കിയതും പോലെ ഒന്നാണ് ഈ മുഖസ്തുതിയും.

ഇത് അപകടരമാണ്.  കാരണം, രാഷ്ട്രീയപാർട്ടികളുടെ പൊളളയായ പ്രൊപ്പഗൻഡയ്ക്കായുളള​ വെടിമരുന്നാണിത്. മാത്രവുമല്ല, സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടർ ഇങ്ങനെ പറയുമ്പോൾ അതിൽ സംശയത്തിന്റെ ഒരടയാളം കാണാൻ കഴിയും.

മന്ത്രി കെ കെ ശൈലജയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ചേർന്നുളള​ ടീം നന്നായി പ്രവർത്തിച്ചു. കോഴിക്കോട് തന്നെ നിന്ന് കാര്യങ്ങൾ നിയന്ത്രിച്ചു. അതുകൊണ്ട് നിപ്പ ബാധ തടയപ്പെട്ടു എന്നത് എല്ലാവരും കണ്ട സത്യം. പക്ഷേ അവർ എവിടെയാണ് ഝാൻസി റാണി ആയത്? എന്തായിരുന്നു ഇവിടെ യുദ്ധം?​ ( രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും കാര്യത്തിൽ യുദ്ധത്തിന്റെ മെറ്റഫറുകൾ ഉപയോഗിക്കരുതെന്നത് പലർക്കും അറിയില്ല.) മന്ത്രി എവിടെയാണ് ഉരുക്കുവനിത ആയത്? അവർ ചെയ്തത് അവരുടെ ജോലിയാണ്. അവർക്ക് വിദഗ്ധർ നൽകിയത് അനുസരിച്ചുളള അഡ്മിനിസ്ട്രേറ്റീവ് ജോലി. അത് ചെയ്യാൻ വലിയ ഉരുക്ക് ശക്തിയുടെ ആവശ്യമൊന്നമില്ല. വകുപ്പ് സെക്രട്ടറിയും മറ്റുളളവരും പറയുന്നത് കേൾക്കുക. ഇതിന് വേണ്ടത് “ചങ്കൂറ്റ”മാണോ സാമാന്യബുദ്ധിയാണോ?

ഇതേ ഹൈപ്പർബോൾ മുഖസ്തുതി കിട്ടിയ രണ്ടാമത്തെ മന്ത്രി ടി പി രാമകൃഷ്ണനാണ്. അദ്ദേഹം സ്വന്തം ജീവൻ പോലും അവഗണിച്ചുവത്രേ. ഇവിടെയും യുദ്ധത്തിന്റെ ഉപമ തന്നെ പ്രയോഗം- ” യുദ്ധ ഭൂമിയിലേയ്ക്കിറങ്ങിയ ധീരനേതാവ്” എന്ത് യുദ്ധമാണ് കോഴിക്കോട് നടന്നത്?

പകർച്ചവ്യാധികൾ വരുന്നത് അതിനുളള സാമുഹീക, സാമ്പത്തിക സാധ്യതകൾ നിയന്ത്രണ വിധേയമല്ലാതാകുമ്പോഴാണ്. വലിയൊരു പരിധിവരെ ഇത് ഭരണകർത്താക്കളുടെ പരാജയമാണ്. പകർച്ചവ്യാധികൾ വന്നാൽ നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടനയും മറ്റുളളവരും അംഗീകരിച്ച പ്രോട്ടോകോളുകളുണ്ട്. അവ പ്രയോഗിക്കുക എന്നത് ഭരണാധികാരികളുടെ കടമയാണ്. ചങ്കൂറ്റത്തിന്റെ അളവ് കോലല്ല.

ശരിക്കും കാണേണ്ടത് കേരളത്തിൽ നിന്ന് അപ്രത്യക്ഷമായ പകർച്ചവ്യാധികൾ തിരിച്ചുവരുന്നതിനെ തുടച്ചുമാറ്റാൻ കഴിയുമോ എന്നതാണ്. അവിടെയാണ് കെ കെ. ശൈലജയും രാമകൃഷ്ണനും മറ്റുളളവരും മാതൃകയാകേണ്ടത്. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ലക്ഷക്കണക്കിന് രൂപയും ആരോഗ്യവുമാണ് സർക്കാരുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും പിടിപ്പുകേട് കൊണ്ട് നശിക്കുന്നത്. ഇതിൽ പല അസുഖങ്ങളും ദീർഘകാല രോഗാതുരതയും പാർശ്വഫലങ്ങളും ഉണ്ടാക്കിയേക്കാം. ചികിത്സയല്ല നല്ല ആരോഗ്യത്തിന്റെ ലക്ഷണം, രോഗം വരാതിരിക്കുക, പ്രത്യേകിച്ചും കേരളം നാട് കടത്തിയ സാംക്രമിക രോഗങ്ങൾ, വരാതിരിക്കുക എന്നതാണ്. നമ്മുടെ പഴയ ആരോഗ്യ സമൃദ്ധമായ ആ കേരളം തിരിച്ചുതരാൻ കഴിഞ്ഞാൽ നമുക്കിവരെ സ്തുതിക്കാം.tp ramakrishnan, kk shailaja,nipah

ഉച്ചസ്ഥായിയിൽ മുഴങ്ങുന്ന സ്തുതിപാടലുകളിൽ ഒട്ടുംമനസ്സിലാകാത്ത ഒരു കാര്യം എന്ത് റിസ്കാണ് മന്ത്രിമാരായ ശൈലജയും രാമകൃഷ്ണനും എടുത്തത് എന്നാണ്?. അവർ സുരക്ഷയില്ലാതെ, രോഗികളെ സന്ദർശിച്ചോ? രോഗികളുടെയോ അവരുടെ ബന്ധുക്കളുടെയോ പരിചരണത്തിലേർപ്പെട്ടോ?

യഥാർത്ഥ റിസ്ക് എടുത്തത് ആരോഗ്യ പ്രവർത്തകരാണ് – ഡോക്ടർമാരും പാരാമെഡിക്കൽ​ ജീവനക്കാരും മറ്റുളളവരും. അവർക്കും ശരിയായ സുരക്ഷ ഉണ്ടായിരുന്നതിനാൽ പേടിക്കേണ്ടതില്ലായിരുന്നു. എന്നാലും 70 ശതമാനത്തിലേറെ ( കോഴിക്കോട് ഏതാണ്ട് നൂറ് ശതമാനം) മരണനിരക്കുളള ഒരസുഖത്തിന്റെ ചികിത്സയിലേർപ്പെട്ട അവർ ധൈര്യശാലികൾ തന്നെയാണ്, കർമ്മനിരതരാണ്.

നമ്മുടെ സ്തുതിപാഠകർ മറന്നുപോയ ഒരു പകർച്ചവ്യാധിയുണ്ട്. കോംഗോയിലും ലൈബീരിയലും ജീവിതം താറുമാറാക്കിയ എബോള. കാട്ടുതീ പോലെ പടർന്നുപിടിക്കുമ്പോഴും രോഗികളും പരിരക്ഷകരും ഈയാംപാറ്റകളെ പോലെ മരിച്ചുവീഴുമ്പോഴും അവരെ ശുശ്രൂഷിക്കാൻ ഇറങ്ങിത്തിരിച്ച ഡോക്ടർമാരും മറ്റുപ്രവർത്തകരും പേടിച്ച നിന്നപ്പോഴും, തങ്ങളുടെ പരിശീലനത്തിലും കഴിവിലും അറിവിലും പൂർണവിശ്വാസത്തോടെ ലൈബീരിയിലേയ്ക്ക് വിമാനം കയറിയ ക്യൂബൻ ആരോഗ്യപ്രവർത്തകർ. മനുഷ്യത്വത്തിന്റെ പേരിൽ മറ്റൊരു രാജ്യത്തെ ദുരിതത്തിൽ ആശ്വാസം പകരാനിറങ്ങിയവർ. അതാണ് ധൈര്യം, ഇരട്ടച്ചങ്ക്. അതുണ്ടായത് മുഷ്ടിയിൽ നിന്നല്ല. സ്നേഹമുളള ഹൃദയത്തിൽ നിന്നുമാണ്, കെട്ടുറപ്പുളള ഒരു ആരോഗ്യ പരിരക്ഷണ സംവിധാനത്തിൽ നിന്നുമാണ്.

അതാണ് കേരളത്തിനും വേണ്ടത്. സാംക്രമിക രോഗങ്ങളിൽ നിന്ന് വിടുതൽ നേടിയ, എല്ലാവർക്കും ഏറെക്കുറെ ചികിത്സ സൗജന്യമായി ലഭിച്ചിരുന്ന പഴയ കേരളം. നിപ്പയുടെ പേരിൽ തുള്ളിച്ചാടുന്നവർ മനസ്സിലാക്കേണ്ടത്, നമ്മുടെ ആരോഗ്യം നമുക്ക് പലകാലങ്ങളിലെ ഇടപെടലുകളിലൂടെ ലഭിച്ചതാണ്, ഒരു നൂറ്റാണ്ടിലേറെയുള്ള ചരിത്രമാണത്, മാറി മാറി വന്ന സർക്കാരുകൾ അതിനെ കാത്തു സൂക്ഷിച്ചു, മെച്ചപ്പെടുത്തി. ബാക്കി നാം സ്വന്തം പണം കൊണ്ട് നേടിയതും – ഒരു പാർട്ടിയുടെ മാത്രം നേട്ടമേ അല്ല. ഇപ്പോഴത്തെ പോക്ക് പോയാൽ അത് കുട്ടിച്ചോറാകും.

ഇന്ത്യയിൽ ചികിത്സയ്ക്ക് വേണ്ടി സ്വന്തം കീശയിൽ നിന്നും ഏറ്റവും കൂടുതൽ പണം മുടക്കുന്നത് കേരളത്തിലാണ്. ദേശീയ ശരാശരിയുടെ രണ്ടു മടങ്ങിലേറെ. ഇവിടെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ചികിത്സ നടക്കുന്നത്. ഒന്ന് കൂടെ വ്യക്തമായി പറഞ്ഞാൽ, കേരള മോഡൽ എന്ന പേരിൽ കൊട്ടിഘോഷിക്കുന്ന ആരോഗ്യ നേട്ടങ്ങൾ ജനങ്ങൾ സ്വന്തം കാശ് കൊടുത്തു കൂടി നേടിയതാണ്. ഓരോ മഴക്കാലത്തും പടരുന്ന സാംക്രമിക രോഗങ്ങളുടെ ചികിത്സയും ഇതിൽ പെടും. ഇത് ജനങ്ങളുടെ പുറത്ത് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും കെട്ടി വയ്ക്കുന്ന അധിക ഭാരമാണ്.

കേരളത്തിൽ നിപ പടർന്നു പിടിക്കാത്തത് ഭാഗ്യവും, നമ്മുടെ കരുതലും തന്നെ. പക്ഷെ, മറ്റു സാംക്രമിക രോഗങ്ങൾ ജനങ്ങളുടെ ജീവിതത്തെ താറുമാറാക്കുകയാണ്. 80-90 ശതമാനത്തോളം സ്വന്തം കീശയിൽ നിന്നും ചികിത്സയ്ക്ക് പണം ചിലവാക്കുന്ന കേരളത്തിൽ, കോടികളുടെ നഷ്ടമാണ് ഇത് കൊണ്ടുണ്ടാവുക. ഒപ്പം ജോലി നഷ്ടപ്പെട്ടതിന്റെയും, കൂട്ടിരിപ്പിന്റെയും കണക്കെടുത്താൽ ഈ തുക ഭീമമായിരിക്കും. സർക്കാർ ഇനിയും സാംക്രമിക രോഗങ്ങൾ വരാതിരിക്കുന്നതിന് എന്ത് ചെയ്യുന്നു? രോഗം വന്നാൽ സൗജന്യ ചികിത്സയ്ക്കുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടോ? ഇത് രണ്ടും ചെയ്യാത്തിടത്തോളം, ചെറിയ ചെറിയ നിപ പോലുള്ള വിജയങ്ങൾ നമുക്ക് ആഘോഷിക്കാം.

റേഡിയോ പരസ്യങ്ങളിലൂടെ സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാനാവില്ല. അതിനു ചുറ്റുപാടുകൾ അടിമുടി മാറണം. അത് സർക്കാരിന്റെ ജോലിയാണ്, ജനങ്ങൾക്കുള്ള പങ്ക് രണ്ടാമത് മാത്രം.

ഏഷ്യാ പസഫിക് മേഖലയിൽ യു എൻ​ഡി പി സീനിയർ അഡ്വൈസറും മാധ്യമപ്രവർത്തകനുമായിരുന്നു ലേഖകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook