scorecardresearch
Latest News

നിപ്പ വൈറസ് ബാധ കേരളത്തിലല്ലായിരുന്നെങ്കിൽ

കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട മാരകമായ നിപ്പ വൈറസ് ബാധ പന്ത്രണ്ട് ജീവൻ അപഹരിച്ചു കഴിഞ്ഞു. കേരളം ആ സാഹചര്യത്തെ കൈകാര്യം ചെയ്ത രീതിയും കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ സമാനതകളില്ലാത്ത പ്രവർത്തനത്തെ കുറിച്ചും ഇന്ത്യൻ എക്‌സ്പ്രസ് സീനിയർ കറസ്‌പോണ്ടന്റ് എഴുതുന്നു.

നിപ്പ വൈറസ് ബാധ കേരളത്തിലല്ലായിരുന്നെങ്കിൽ

കോഴിക്കോട് മലയോര ഗ്രാമമായ ചങ്ങോരത്ത് പഞ്ചായത്തിലെ മുഹമ്മദ് സാബിത്ത് എന്ന ഇരുപത്തിമൂന്നുകാരനായ യുവാവിന്റെ മരണം സംഭവിക്കുന്നത് മെയ് അഞ്ചിനാണ്. പനി ബാധിച്ച് ചികിത്സ തേടിയെത്തിയ സാബിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു. അതൊരു സാധാരണ പനിമരണ വാർത്തപോലെ ആ പ്രദേശത്ത് ഒതുങ്ങി. ആ സമയത്ത് ആരോഗ്യവകുപ്പ് അധികൃതർക്ക് പോലും വരാനിരിക്കുന്ന ഒരു ദുരന്തത്തിന്റെ സൂചിമുനയാണ് ഈ പനിക്ക് കാരണമായ വൈറസ് എന്ന് തിരിച്ചറിയാനായിരുന്നില്ല. ഇതുവരെ കേരളം കാണാത്ത ഒന്നായിരുന്നു, ആ​ പനിയുടെ പിന്നിൽ മരണം വിതച്ച് പതുങ്ങിയിരുന്ന വൈറസ്.

സാബിത്തിന്റെ മരണത്തിന് ശേഷം മൂന്നാഴ്ച പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മുതിർന്ന സഹോദരൻ മുഹമ്മദ് സാലിഹ് സാബിത്തിന്റെ അതേ രോഗലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങി. ഇത് കുടുംബാംഗങ്ങൾക്കിടയിലും നാട്ടുകാർക്കിടയിലും സൃഷ്ടിച്ച ആഘാതം വളരെ ശക്തമായിരുന്നു. ഇത് സാധാരണ ഒന്നല്ലെന്നും അതിലേറെ വീര്യമേറിയ അപകടകരമായ എന്തോ ആണെന്നുമുളള തിരിച്ചറിവിലേയ്ക്ക് അവർ വന്നു. ഇതേസമയം, ആരോഗ്യ പ്രവർത്തകർ സാബിത്തിന്റെ രക്ത സാംപിളുകൾ പരിശോധനയ്ക്ക് എടുക്കാതിരുന്നുവെങ്കിലും സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ആരോഗ്യപ്രവർത്തകർ അതീവ ജാഗ്രതയോടെ തുടർ നടപടികളേയ്ക്ക് കടന്നു. അവർ സാലിഹിന്റെ രക്ത സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജയിലേയ്ക്ക് അയച്ച സാംപിളുകളുടെ പരിശോധനയുടെ ഫലം തിരികെ വന്നത് നിപ്പ വൈറസ് സ്ഥിരീകരിച്ചുകൊണ്ടാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേയ്ക്ക് പകരാൻ സാധ്യതയുളള ഈ രോഗം ഇതിന് മുമ്പ് രണ്ട് തവണ ബംഗാളിലാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുളളത്. വളരെ എളുപ്പത്തിൽ പടരുന്ന സാംക്രമിക രോഗമാണിത്. പ്രാദേശികമായി നിലനിൽക്കുന്നതും വായുവിലൂടെ പടരാത്തതും ആണ്. എന്നാൽ​ നിപ്പ ബാധിച്ചവരിൽ മരണനിരക്ക് ഉയർത്താനുളള​ സാധ്യത കൂടുതലും ഈ വൈറസിന് സാധിക്കുമെന്നാണ് ഇത് ഉയർത്തുന്ന വെല്ലുവിളി.

കാലവർഷക്കാലത്ത്, കഴിഞ്ഞ കുറച്ച് കാലമായി ഡെങ്കി, എച്ച് 1 എൻ 1 തുടങ്ങിയ പനികൾ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ കേരളം നേരിടുന്നുവെങ്കിലും നിപ്പ വൈറസ് കേരളത്തിൽ ആദ്യമായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ട് തന്നെ, അപരിചിതവും അപ്രതീക്ഷിതവുമായി ഉയർന്ന വെല്ലുവിളി നേരിടുന്നതിൽ ആദ്യഘട്ടത്തിൽ ഉണ്ടായ ചിന്താക്കുഴപ്പം മനസ്സിലാക്കാവുന്നതേയുളളൂ. എന്നാൽ, അതിവേഗം തന്നെ സ്ഥിതിഗതി വരുതിയിലാക്കാനുളള നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നേതൃത്വത്തിൽ സാധിച്ചുവെന്നത് എടുത്തുപറയേണ്ടതാണ്.

മണിപ്പാൽ വൈറസ് റിസർച്ച് സെന്ററിലെ മൈക്രോബയോളജിസ്റ്റ് ഡോ.ജി.അരുൺകുമാറും സംസ്ഥാന സർക്കാരും ഒന്നിച്ച് ജനങ്ങളുടെ സംശയങ്ങൾ​ ദൂരീകരിക്കാൻ നടത്തിയ ശ്രമങ്ങൾ താഴെ തട്ടിൽ ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. നിപ്പ വൈറസ് ബാധയിലൂടെ മരണം സംഭവിച്ച ചങ്ങോരത്ത് പഞ്ചായത്തിൽ​ ഇതേ കുറിച്ച് അന്വേഷിച്ച് എത്തിയ എനിക്ക്, മുഖത്ത് തുണികൊണ്ടുളള മുഖം മൂടികൾ ധരിച്ച് നടക്കുന്ന കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും കണ്ടപ്പോൾ ഏതോ റേഡിയോ ആക്ടീവ് ബാധിത പ്രദേശത്ത് ചെന്ന് പെട്ടതുപോലെയാണ് അനുഭവപ്പെട്ടത്. അവിടുത്തെ പ്രദേശവാസികൾ ഏതാനും ദിവസങ്ങളായി അങ്ങേയറ്റത്തെ ഭയത്തിലാണ് ജീവിക്കുന്നതെന്ന് അവർ പറഞ്ഞു. ഡോക്ടർമാരുൾപ്പടെയുളള ആരോഗ്യവകുപ്പ് അധികൃതർ അവിടെ എത്തിയാണ് അവരുടെ ഭയം മാറ്റാനുളള ശ്രമങ്ങൾ നടത്തിയത്. പ്രാദേശിക തലത്തിൽ​ പഞ്ചായത്ത് വാർഡ് തല യോഗങ്ങൾ ചേരുകയും പരിസരം ശുചീകരിക്കുകയും സമൂഹത്തിൽ ആത്മവിശ്വാസം പകർന്നു നൽകുകയും ചെയ്തു. കിംവദന്തികളും കെട്ടുകഥകളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നത് കൂടുതൽ അപകടങ്ങളിലേയ്ക്കായിരിക്കും ​കൊണ്ടെത്തിക്കുക. ഈ വിഷയങ്ങളെ അതീവ ഗൗരവത്തോടെ, യഥാസമയം തന്നെ കാണാൻ ഭരണസംവിധാനങ്ങൾക്ക് സാധിച്ചുവെന്നത് ഗുണകരമായി.

തനിച്ച് ഈ വിഷയം കൈകാര്യം ചെയ്യാൻ നിൽക്കാതെ കേന്ദ്രസഹായം അഭ്യർത്ഥിച്ച സംസ്ഥാന സർക്കാർ തീരുമാനവും ഗുണകരമായി. ഇതുകൊണ്ട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടറുടെ നേതൃത്വത്തിലുളള മുതിർന്ന ടീം സംഭവസ്ഥലത്തെത്തി. മൂന്നാമത്തെ മരണം സംഭവിച്ചതിന് തൊട്ട് പിന്നാലെ തന്നെ കേന്ദ്ര സംഘം ഇവിടെയെത്തി. കേന്ദ്രസംഘം സ്ഥലം സന്ദർശിക്കുകയും പ്രദേശവാസികളോട് സംസാരിക്കുകയും സാംപിളുകൾ എടുക്കുകയും ആരോഗ്യവകുപ്പുമായി സംസാരിച്ച് സുരക്ഷാ പ്രൊട്ടോക്കോളുകൾ തീവ്രമായി നടപ്പാക്കുകയും ചെയ്തു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ, പേരാമ്പ്ര എംഎൽഎ കൂടിയായ തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കി മറ്റ് ജില്ലകളിലെ പരിപാടികളൊക്കെ ക്യാൻസൽ ചെയ്ത് കോഴിക്കോട് ക്യാംപ് ചെയ്താണ് ആരോഗ്യമന്ത്രി ഈ സംവിധാനങ്ങൾക്കൊപ്പം നിന്നതെന്ന് മന്ത്രിക്കൊപ്പമുളള ഉദ്യോഗസ്ഥൻ സംഭാഷണമധ്യേ പറഞ്ഞു.

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ പ്രത്യേകിച്ച് ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഈ സാഹചര്യത്തിലെ പ്രവർത്തനം ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ്. ഞാൻ പേരാമ്പ്ര താലൂക്ക് ആശുപത്രിയെലത്തിയപ്പോൾ അവിടെ ഒരു രോഗി പോലും ഉണ്ടായിരുന്നില്ല. ഇവിടെയാണ് നിപ്പ വൈറസ് ബാധമൂലം ആദ്യം മരിച്ചയാളെ പ്രവേശിപ്പിച്ചിരുന്നത്. ഞാൻ കാണുമ്പോൾ ഭൂതാവേശിതമെന്നപോലെ കിടന്ന ആ കെട്ടിടത്തിൽ ഒരു ആഴ്‌ചമുമ്പ് വരെ നൂറിലേറെ രോഗികൾ ഉണ്ടായിരുന്നുവെന്നും രണ്ട് പേരൊഴികെ എല്ലാവരും രോഗം പകരുമെന്ന ഭയത്താൽ ഡിസ്ചാർജ് വാങ്ങി പോയതാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ അവിടെയെത്തുന്നവർക്ക് ചികിത്സ നൽകാൻ സന്നദ്ധരായി ഡോക്ടർമാരും നഴ്സുമാരും ആശുപത്രിയിലുണ്ട്. ആദ്യ നിപ്പ ബാധിതനിൽ നിന്നും രോഗം ബാധിച്ച് മരണത്തിന് കീഴടങ്ങിയ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായ ലിനി. പി.എൻ എന്ന നഴ്സിന്റെ മരിക്കാത്ത ഓർമ്മകൾ വേദനകൾക്കിടയിലും അവിടെ വെളിച്ചമേകുന്നു.

നിപ്പ വൈറസ് ആണെന്ന് ഉറപ്പായതോടെ ജില്ലയിലെ ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളൊക്കെ വിനിയോഗിച്ച് പ്രാദേശിക ആശുപത്രി മുതൽ മെഡിക്കൽ ​കോളേജ് വരെയുളള സ്ഥലങ്ങളിൽ ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കി. വൈറസ് ബാധിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടവരെയൊക്കെ ഐസൊലേഷൻ വാർഡുകളിലേയ്ക്ക് മാറ്റി. വൈറസ് ബാധിതരുടെ കുടുംബാഗങ്ങളെ വീടുകളിൽ തന്നെ പാർപ്പിച്ചു. അവരുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും പ്രാദേശിക ആരോഗ്യ പ്രവർത്തകർ അവരുടെ ആരോഗ്യവസ്ഥ ദിനേന പരിശോധിക്കുകയും ചെയ്യുന്നുണ്ട്. “വൈറസിനെ അതിന്റെ സ്വാഭാവിക ചാക്രികതയിൽ മുന്നോട്ട് പോകാൻ അനുവദിച്ചില്ല, അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ മരണനിരക്ക് വളരെയേറെ വർധിക്കുമായിരുന്നു. നമുക്ക് കൃത്യ സമയത്ത് ഇടപെടാൻ സാധിച്ചു” ഡോ.അരുൺകുമാർ പറഞ്ഞു.

നിപ്പ വൈറസ് ബാധിതരുമായി ഏറ്റവും കൂടുതൽ അടുത്തിടപഴകുന്നതുകൊണ്ട് തന്നെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി ആരോഗ്യ ഡയറക്ടറേറ്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഐസിയുവിലടക്കമുളള ഡോക്ടമാരുടെയും നഴ്സുമാരുടെയും സുരക്ഷാ പ്രൊട്ടോക്കളുകൾ ശക്തിപ്പെടുത്തി. മെഡിക്കൽ പ്രൊഫഷണലുകളുടെ, പ്രത്യേകിച്ച് മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്നവരുടെ ധൈര്യം സമാനതകളില്ലാത്താണ് ഏറ്റവും കുറഞ്ഞപക്ഷം എന്നെങ്കിലും പറയേണ്ടതുണ്ട്.

വ്യാഴാഴ്‌ചവരെ പന്ത്രണ്ട് മരണങ്ങളാണ് സംഭവിച്ചതെന്നത് ഹൃദയഭേദകമായ വസ്തുതയാണ്. എന്നാൽ കേന്ദ്ര, സംസ്ഥാന സംവിധാനങ്ങൾ ഏകോപിച്ച് യഥാസമയം നടത്തിയ പ്രവർത്തനം ഇല്ലായിരുന്നുവെങ്കിൽ സ്ഥിതിഗതികൾ ഏറെ മോശമാകുമായിരുന്നു. അത് മാത്രമല്ല, ഇത് വ്യക്തമാക്കുന്നത്, എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന കേരളത്തിന്റെ ആരോഗ്യസംവിധാനത്തെ കൂടെയാണ്. പ്രത്യേകിച്ച് താഴെതട്ടിൽ ആരോഗ്യപ്രവർത്തകരും പ്രാദേശിക ആശുപത്രികളും ക്ലിനിക്കുകളും ഭയമില്ലാതെ ധൈര്യത്തോടെ തങ്ങളുടെ ജോലി ചെയ്തുവെന്നതും. നിപ്പ വൈറസ് ബാധ മറ്റേതെങ്കിലും സംസ്ഥാനത്തിലായിരുന്നുവെങ്കിൽ ഇതിനേക്കാൾ കൂടുതൽ ജീവൻ അപഹരിക്കുമായിരുന്നു, മാത്രമല്ല, അതീവ വിനാശകരമായ പ്രത്യാഘാതങ്ങൾ അത് സൃഷ്ടിക്കുകയും ചെയ്യുമായിരുന്നു.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Nipah virus kerala health department measures death toll shylaja kk pinarayi vijayan

Best of Express