scorecardresearch
Latest News

ലോക്ക്ഡൗണിനു ശേഷം ചെയ്യേണ്ട 9 കാര്യങ്ങൾ; അഭിജിത് ബാനർജിയും എസ്തർ ഡുഫ്ളോയും എഴുതുന്നു

അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗത്തെ പൂര്‍ണമായി തുടച്ച് നീക്കാനായില്ലെങ്കില്‍ ലോക്ക്ഡൗണ്‍ മാറുമ്പോള്‍ രോഗവ്യാപനം വളരെക്കൂടുതലായിരിക്കും. നോബൽ പുരസ്കാര ജേതാക്കളും സാമ്പത്തിക ശാസ്ത്രജ്ഞ്ഞരുമായ അഭിജിത് ബാനർജിയും എസ്തർ ഡുഫ്ളോയും എഴുതുന്നു

lock down india
Photo: Vishal Srivastava

ലോക്ക്ഡൗണിന്റെ ഫലമായി രോഗത്തിന്‍റെ തീവ്രത കുറഞ്ഞെന്ന് ആദ്യഘട്ടത്തില്‍ തോന്നുമെങ്കിലും, തിരിച്ചറിയാത്ത രോഗവാഹകര്‍ വഴി പകര്‍ച്ചവ്യാധി അതിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ച് പുതിയ ആളുകളിലേക്ക് എത്തിക്കാനുള്ള സാധ്യതയുണ്ട്. രണ്ടാഴ്ചയോ അതില്‍ കൂടുതലോ രോഗത്തിന്‍റെ തീവ്രത അല്‍പം കുറയുമ്പോള്‍ രോഗിയുമായ് നേരിട്ട് ബന്ധമുള്ളവരെ മാത്രമായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക (രോഗിയുടെ അയല്‍വാസികളോ അയാള്‍ സഞ്ചാരിച്ച ബസിലുള്ളവരോ പരിശോധനയില്‍ നിന്നും ഒഴിവാക്കപ്പെടാനിടയുണ്ട്). ഇങ്ങനെ പരിശോധനയില്‍ നിന്നൊഴിവാക്കിയവരെ പിന്നീട് തിരിച്ചറിയുക അത്ര എളുപ്പമല്ല. ഫലമോ ഇക്കൂട്ടരുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചിരിക്കും. ഉദാഹരണത്തിന് ഡല്‍ഹിയില്‍ നിന്ന് രോഗം ബാധിച്ചെത്തിയ മകനില്‍ നിന്നും, രോഗം തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ മുഴുവന്‍ കുടുംബാംഗങ്ങളിലേക്കും രോഗാണുക്കള്‍ എത്തിക്കഴിഞ്ഞിരിക്കും.

ഒരാള്‍ക്ക് മാത്രം രോഗം ബാധിച്ചാലും അതിന്‍റെ വ്യാപനം തടയുന്നത് ചില പ്രദേശങ്ങളില്‍ ദുഷ്ക്കരമാണ്. ഉദാഹരണത്തിന് പല ഗ്രാമങ്ങളിലും ചേരികളിലും പൂര്‍ണമായ ലോക്ക്ഡൗണും സാമൂഹ്യഅകലം പാലിക്കലും നടപ്പിലാക്കുക സാധ്യമല്ല.

ലോക്ക്ഡൗണ്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ധാരാളം ആളുകളിലേക്ക് രോഗമെത്തിയെന്നത് പലര്‍ക്കും രോഗപ്രതിരോധശേഷി വളരെ കുറവാണെന്നുള്ളതാണ് അര്‍ത്ഥമാക്കുന്നത്. അതായത്, അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗത്തെ പൂര്‍ണമായി തുടച്ച് നീക്കാനായില്ലെങ്കില്‍ (അതിനുള്ള സാധ്യത വളരെക്കുറവാണ്) ലോക്ക്ഡൗണ്‍ മാറുമ്പോള്‍ രോഗവ്യാപനം വളരെക്കൂടുതലായിരിക്കും. ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ കൊണ്ട് ഗുണമില്ലെന്നല്ല അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. രോഗം പടരാതിരിക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമുള്ള സമയമാണ് ഇപ്പോള്‍ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ 21 ദിവസവും പ്രശ്നം പരിഹരിക്കപ്പെടാതെ അവിടെത്തന്നെയുണ്ട്.

അതുകൊണ്ട് അടുത്ത കുറച്ച് മാസങ്ങളില്‍ ഗ്രാമപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും രോഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം നേരിടാന്‍ നമ്മള്‍ തയ്യാറാകണം. ഇതുപോലെയുളള സ്ഥലങ്ങളില്‍ നമ്മുടെ ആരോഗ്യസംരക്ഷണസംവിധാനങ്ങള്‍ വളരെ ദുര്‍ബലമാണെന്നതാണ് മറ്റൊരു വസ്തുത. ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍, അവിടെയുള്ളതിന്‍റെ എട്ടില്‍ ഒരുശതമാനം മാത്രമാണ് കിടത്തി ചികില്‍സയ്ക്കുളള സൗകര്യം. അതുള്ളതാകട്ടെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ മാത്രവും.

Read more:ലോക്ക്ഡൗണ്‍: ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി

യാതൊരു മെഡിക്കല്‍ വിദ്യാഭ്യാസവുമില്ലാത്ത വ്യാജഡോക്‌ടര്‍മാരും ഇന്ത്യയില്‍ പലയിടങ്ങളിലുമായി ചികില്‍സ നടത്തുന്നുണ്ട്. സാധാരണയായി വരുന്ന ചില അസുഖങ്ങളെ നേരിടുന്നതിനുള്ള അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ഇവര്‍ പരിചിതിരായിരിക്കാം. എന്നാല്‍ കോവിഡ് 19 ബാധിച്ചെത്തുന്ന രോഗികളുടെ രോഗം തിരിച്ചറിയുന്നതിനോ ചികില്‍സിക്കുന്നതിനോ ഇവരാരും പ്രാപ്തരായിരിക്കില്ലെന്നത് സംശയമില്ലാത്ത കാര്യമാണ്. ഈ രോഗികള്‍ ആശുപത്രിയിലെത്തുമ്പോള്‍ വളരെ വൈകിപ്പോകുമെന്ന് മാത്രമല്ല പരമാവധി രോഗം വ്യാപിപ്പിച്ചിട്ടുമുണ്ടാകും.

ദുരന്തത്തിന്‍റെ വ്യാപ്തി കുറയ്ക്കാന്‍ എന്തുചെയ്യാന്‍ കഴിയും?

രോഗത്തിന്‍റെ പ്രധാനലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന ഒരാളെങ്കിലും ഒരു വീട്ടില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. എത്ര പരിശ്രമിച്ചിട്ടും രോഗം ബാധിച്ചവരുണ്ടെന്നുള്ള കാര്യം ആളുകളെ ബോധ്യപ്പെടുത്തുക. ഒറ്റപ്പെടുത്തുമെന്ന് ഭയന്ന് അസുഖം മറച്ചുവയ്ക്കാതെ സത്യസന്ധമായി രോഗം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുക. രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആശാവര്‍ക്കര്‍മാര്‍, പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ പ്രവര്‍ത്തകര്‍ എന്നിവര്‍ വഴി പരമാവധി കേന്ദ്രങ്ങള്‍ സജ്ജമാക്കി നല്‍കുക.

ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് (ആവശ്യത്തിന് ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ) രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിനുള്ള പരിശീലനം നല്‍കുക. ഈ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് പുതിയ രോഗബാധിത പ്രദേശങ്ങള്‍ കണ്ടെത്തുകയും അവിടെ ആവശ്യമായ ചികില്‍‌‌സാ സംവിധാനങ്ങളൊരുക്കുകയും ചെയ്യുക. രാജ്യം മുഴുവന്‍ ഇത്തരത്തില്‍ ഏകോപിപ്പിച്ചാല്‍ രോഗവ്യാപ്തി തടയാനാവും.

ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍,നഴ്സുമാര്‍ എന്നിവര്‍ക്ക് രോഗപരിശോധന കിറ്റുകളും വെന്‍റിലേറ്റേഴ്സും ആവശ്യമായ മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നല്‍കി ഓരോ സംസ്ഥാനവും ഒരു വലിയ മൊബൈല്‍ ടീമിനെ രൂപീകരിക്കുക. രോഗബാധിതരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളിലേക്ക് (അടുത്തസ്ഥലങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും) ഈ ടീമിനെ എളുപ്പത്തില്‍ അയയ്ക്കാന്‍ കഴിയുന്ന രീതിയിൽ വേണം ഈ സജ്ജീകരണം ഒരുക്കാൻ. ഇപ്പോഴത്തെ ലോക്ക്ഡൗണ്‍ വിജയിച്ചാലും പല സ്ഥലങ്ങളിലും പല സമയത്തായി ധാരാളം ചെറിയ ചെറിയ കൂട്ടങ്ങളില്‍ (ഒരു സ്ഥലത്ത് തന്നെ വലിയ രീതിയിലുള്ള രോഗവ്യാപനമുണ്ടായാല്‍ അത് സാഹചര്യം കൂടുതല്‍ ദുരിതത്തിലാക്കും) രോഗം ബാധിക്കാനിടയുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒരേ ടീമിനെ പല സ്ഥലങ്ങളിലേക്ക് അയയ്ക്കാന്‍ കഴിയുമെന്നതും ഒരു സാധ്യതയാണ്.

ഈ ടീമിനെ രൂപീകരിക്കുമ്പോള്‍ ഓരോ ടീമിലും ആവശ്യത്തിന് മെഡിക്കല്‍ ഉപകരണങ്ങളും എല്ലാ മേഖലയില്‍ നിന്നുള്ള ലഭ്യമായ ആരോഗ്യപ്രവര്‍ത്തകരും (സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ മാത്രമല്ല) ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ സര്‍ക്കാര്‍,സ്വകാര്യ,പൊതുമേഖല ആശുപത്രികളില്‍ നിന്നുള്ള സഹായം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും നടത്തണം.

പൊതുജനങ്ങള്‍ക്കുള്ള വിതരണപദ്ധതികള്‍ കൂടുതല്‍ ദൃഢമാക്കുക. അല്ലെങ്കില്‍ സാമ്പത്തികപ്രതിസന്ധിമൂലം നിയമങ്ങള്‍ ലംഘിക്കുവാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും. സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വളരെ പരിമിതമാണ്. ജനസംഖ്യയുടെ നല്ലൊരുശതമാനവും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവ ഉപയോഗിച്ച് തീര്‍ക്കും. മറ്റ് വഴികളില്ലാതെ ജനങ്ങള്‍ ജോലി തേടിയിറങ്ങുന്നത് രോഗവ്യാപനത്തിന്‍റെ നിരക്ക് വളരെ വലുതാക്കുമെന്നതിനാല്‍ ഈ സാഹചര്യത്തെ ഒഴിവാക്കുന്നതാണ് ഉചിതം.

Read in English: A prescription for action: Nine steps after the next 21 days

മാത്രമല്ല, നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍ക്ക് യോഗ്യരായവര്‍ (ആരൊക്കെയാണ് കര്‍ഷകരുടെ ഗണത്തില്‍ വരുന്നത്) ആരൊക്കയെന്നതില്‍ ചില ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇത് പല പഴുതുകള്‍ക്കും സാഹചര്യമൊരുക്കും. എല്ലാവര്‍ക്കും പദ്ധതികളുടെ പ്രയോജനം നല്‍കിയിട്ട് ഇതിന്‍റെ ആവശ്യമില്ലാത്തവരെ ഒഴിവാക്കുന്നതിനുള്ള വഴി കണ്ടെത്തുക. യോഗ്യരായവരുടെ പട്ടിക പുറത്തുവിടുന്നത് വഴി യഥാര്‍ത്ഥ ഗുണഭോക്താക്കളെ എല്ലാവര്‍ക്കും അറിയാനാവും. സര്‍ക്കാര്‍ നടപ്പിലാക്കിയെന്ന് അഭിമാനിക്കുന്ന ജന്‍ധന്‍ പദ്ധതി, എല്ലാവര്‍ക്കും ആധാര്‍, മൊബൈല്‍ ഇടപാടുകള്‍ എന്നിവ പ്രയോജനപ്പെടുത്തേണ്ട സമയമാണിത്. പണമിടപാടുകള്‍ ബാങ്കുകള്‍ വഴി ഗുണഭോക്താവിന്‍റെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കി, മൊബൈല്‍ സന്ദേശത്തിലൂടെ ഇക്കാര്യം ഉറപ്പുവരുത്തുക.

യുദ്ധകാല അടിസ്ഥാനത്തിലുള്ള ഈ നടപടികള്‍ വാക്സിന്‍ ലഭ്യമാകുന്നത് വരെ തുടരാന്‍ തയ്യാറാവുക. വാക്സിന്‍ ലഭ്യമായാല്‍ സാധ്യമായവര്‍ക്ക് മുഴുവന്‍ വാക്സിന്‍ നല്‍കുക. അതുപോലെ ആരോഗ്യസംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കുക. അടുത്തതവണ ഇതുപോലൊരു സാഹചര്യം വരുമ്പോള്‍, കൂടുതല്‍ നന്നായി വേഗത്തില്‍ പ്രതിരോധിക്കാന്‍ ഈ മുന്നൊരുക്കം സഹായിക്കും.

(നോബൽ പുരസ്കാര ജേതാക്കളും സാമ്പത്തിക ശാസ്ത്രജ്ഞ്ഞരുമായ അഭിജിത് ബാനർജിയും എസ്തർ ഡുഫ്ളോയും ചേർന്ന് തയ്യാറാക്കിയ ലേഖനം)

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Nine steps after lockdown india coronavirus covid 19 infection esther duflo abhijit banerjee