scorecardresearch
Latest News

ഒരു പൗരന്റെ പുതുവർഷത്തിലെ ആഗ്രഹ പട്ടിക: ഇഖ്ബാലിനെ തള്ളിപ്പറയാത്ത, കാപ്പനെ ജയിലിലടയ്ക്കാത്ത നാളുകൾ

ഒരു പരിപാടിയിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുനവർ ഫാറൂഖിയെപ്പോലെ ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയനും ഒരു മാസത്തിലധികം ജയിലിൽ കിടക്കേണ്ടിവരില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?

rekha sharma, opinion, ie malayalam

“എവിടെ മനസ്സ് നിർഭയമായിരിക്കുകയും, തലഉയർത്തിനിൽക്കുന്നതുമായ” എന്ന രബീന്ദ്രനാഥ ടാഗോർ രചിച്ച വരികളുടെ ഓർമ്മയിൽ, ഒരു പുതിയ പ്രഭാതത്തിന് അത് തുടക്കമിടുമെന്ന പ്രതീക്ഷയിൽ നാം പുതുവർഷത്തിന്റെ തുഞ്ചത്താണ്.

ആഗ്രഹങ്ങളുടെ പട്ടിക നീണ്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ, പുതിയ വർഷത്തിൽ പാർക്കിൻസൺസ് രോഗബാധിതനായ ഒരു സ്റ്റാൻ സ്വാമിക്കും ഒരു സിപ്പറും സ്ട്രോയും ലഭിക്കാതെ, ആത്യന്തികമായി, തന്റെ ജാമ്യാപേക്ഷയുടെ വാദത്തിനിടയിൽ ജയിൽ സെല്ലിന്റെ നാല് ചുവരുകൾക്കുള്ളിൽ അദ്ദേഹത്തിന് ദാരുണമായ അന്ത്യം സംഭവിക്കാതിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവുമോ?

ഹത്രാസ് കൂട്ടബലാത്സംഗം സംബന്ധിച്ച കേസ് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചതിന് മാത്രം സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്യില്ലെന്നും യുഎപിഎ, പിഎംഎൽഎ എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി രണ്ട് വർഷത്തിലേറെയായി കസ്റ്റഡിയിൽ വയ്ക്കില്ലെന്നും നമുക്ക് പ്രതീക്ഷിക്കാമോ?

ഒരു പരിപാടിയിൽ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മുനവർ ഫാറൂഖിയെപ്പോലെ ഒരു സ്റ്റാൻഡ്-അപ്പ് കോമേഡിയനും ഒരു മാസത്തിലധികം ജയിലിൽ കിടക്കേണ്ടിവരില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് ഷെയര്‍ ചെയ്തതിനു, രാജ്യദ്രോഹം, ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി, 22 കാരിയായ ദിശ രവിയെപ്പോലെ ഒരു കാലാവസ്ഥാ വ്യതിയാന പ്രവർത്തകയെയും ദിവസങ്ങളോളം കസ്റ്റഡിയിൽ വയ്ക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?

നൂപുർ ശർമയുടെ പ്രവാചകനെ കുറിച്ചുള്ള പരാമർശങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയും ചെയ്തു എന്നാരോപിച്ച് ഒരു മുഹമ്മദ് ജാവേദും തന്റെ വീട് ഇടിച്ചുനിരത്തുന്നത് കാണില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? ബിൽക്കിസ് ബാനോയെ ബലാത്സംഗം ചെയ്തവരെപോലുള്ളവർ ആരും ബഹുമാനിതരും സ്വതന്ത്രരുമായി വിഹരിച്ച് ആദരിക്കപ്പെടില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?

“സാരെ ജഹാൻ സേ അച്ഛാ ഹിന്ദുസ്ഥാൻ ഹമാര” എന്ന വരികളെഴുതിയ മുഹമ്മദ് ഇഖ്ബാലിന്റെ “ബച്ചേ കി ദുവാ” പാരായണം ചെയ്യാൻ അനുവദിച്ചതിന് ബറേലിയിലെ ഒരു സർക്കാർ സ്‌കൂളിലെ പോലെ ഒരു പ്രിൻസിപ്പലിനേയോ അധ്യാപകനെയോ സസ്‌പെൻഡ് ചെയ്യുകയും കേസെടുക്കുകയും ചെയ്യില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? -വിദ്യാർത്ഥികളെ ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാനുള്ള ശ്രമമായിരുന്നോ ആ പ്രാർത്ഥന?-

ഇതെല്ലാം ഭരണകൂടത്തിന്റെ നിരീക്ഷണത്തിലാണ് നടക്കുന്നത്. ഇത് ഭരണകൂടത്തിന്റെ അനുഗ്രഹത്തോടെയാണെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു, ഇത് ഒരു പരിധിവരെ ശരിയായിരിക്കാം. “ദേശ് കേ ഗദ്ദാരോൻ കോ” എന്ന മുദ്രാവാക്യം ഉയർത്തുകയും “ഗോലി മാരോ സാലോ കോ” എന്ന് ജനക്കൂട്ടത്തെകൊണ്ട് പൂരിപ്പിച്ചു അവരെ ഇളക്കിവിടാൻ പ്രേരണ ചെലുത്തിയത് കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രിയല്ലേ? ഷഹീൻബാഗിലെ പ്രതിഷേധക്കാരെ പണ്ഡിറ്റുകളെ കശ്മീർ വിട്ടുപോകാൻ നിർബന്ധിച്ചവരുമായി താരതമ്യപ്പെടുത്തി, അവരുടെ അമ്മമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യാൻ അവരുടെ വീടുകളിൽ കയറാൻ ആഹ്വാനം ചെയ്തത് ഒരു ഭരണകക്ഷി എംപിയല്ലേ?

കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചതിന് അവരെ ഒരു പാഠം പഠിപ്പിക്കാൻ വേണ്ടി കർഷകരുടെ മേൽ തന്റെ വാഹനം ഓടിച്ച കയറ്റി കൊലപാതകം നടത്തിയത് കേന്ദ്രമന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മകനല്ലേ? മൂന്ന് കർഷകരും ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പടെ നാല് പേരാണ് ഈ സംഭവത്തിൽ കൊലപ്പെട്ടത്. ചില സ്വയം പ്രഖ്യാപിത വിശുദ്ധന്മാർ മുസ്‌ലിങ്ങൾക്കെതിരായ അക്രമത്തിന് പരസ്യമായ ആഹ്വാനം നൽകിയ ഒരു “ധർമ്മ സൻസദ്” നടന്നത് ഭരണകൂടത്തിന്റെ തണലിലായിരുന്നില്ലേ?

ഇത്തരം സാഹചര്യങ്ങളിൽ, ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള തങ്ങളുടെ അവകാശം തേടി ജുഡീഷ്യറിയല്ലാതെ ആരെയാണ് സമീപിക്കേണ്ടത്? നിർഭാഗ്യവശാൽ, എൻ വി രമണ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നതുവരെ, യു എ പി എ (UAPA) അല്ലെങ്കിൽ രാജ്യദ്രോഹ കുറ്റം ചുമത്തുന്ന നിഷ്ഠൂരമായ നിയമം ഉപയോഗിച്ച് ജനങ്ങളുടെ മൗലികാവകാശങ്ങളും പൗരാവകാശങ്ങളും ആക്രമിക്കപ്പെടുമ്പോഴും വിയോജിപ്പുകൾ അടിച്ചമർത്തപ്പെടുമ്പോഴും സർക്കാരിനൊപ്പം നിൽക്കുന്നവരായി അദ്ദേഹത്തിന്റെ മുൻഗാമികളിൽ നാല് പേരെങ്കിലും കണ്ടിരുന്നു.

ജസ്റ്റിസ് രമണ ചുമതലയേറ്റശേഷമാണ് ജുഡീഷ്യറിയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ഭരണകാലത്ത്, രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാൻ സുപ്രീം കോടതി സമ്മതിക്കുകയും പ്രസ്തുത നിയമപ്രകാരം എഫ്‌ഐആർ സമർപ്പിക്കുന്നതിൽ നിന്ന് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ബെഞ്ചാണ് കേന്ദ്ര സഹമന്ത്രിയുടെ മകൻ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കിയത്.

മാത്രമല്ല, അദ്ദേഹത്തിന്റെ ബെഞ്ചാണ് ഡൽഹിയിലെ ജഹാംഗീർപുരിയിൽ പൊളിക്കൽ നീക്കം തടഞ്ഞത്. അദ്ദേഹത്തിന്റെ പിൻഗാമി, മൂന്ന് മാസത്തിൽ താഴെ കാലാവധിയുള്ള ജസ്റ്റിസ് യു യു ലളിത്, സുപ്രധാന കേസുകൾ അനന്തമായി നീട്ടിവെക്കപ്പെടാതിരിക്കാനും വേഗത്തിൽ കേൾക്കാനും, കേസുകളുടെ ലിസ്റ്റിങ്ങിൽ ആവശ്യമായ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി.

ജനങ്ങളുടെ മൗലികാവകാശങ്ങളോടും പൗരസ്വാതന്ത്ര്യങ്ങളോടുമുള്ള പ്രതിജ്ഞാബദ്ധതയ്ക്കും പേരുകേട്ട വ്യക്തിയാണ് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ്. പൊതുവിൽ പറഞ്ഞാൽ സുപ്രിംകോടതി, ഭരണകൂടത്തിന് കീഴ്പ്പെട്ട് നിൽക്കുന്നതും വിധേയമായി നിലകൊള്ളുകയും ചെയ്താൽ സർക്കാരിന് ഒരു പ്രശ്നവുമില്ല. എന്നാൽ ഇപ്പോൾ, കൂടുതൽ നിശ്ചയദാർഢ്യമുള്ള ഒരു കോടതിയെ ഭയന്ന്, കേന്ദ്ര നിയമ-നീതി മന്ത്രി, ഹൈക്കോടതികളിലേക്കും സുപ്രീം കോടതിയിലേക്കും ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സംവിധാനം അതാര്യവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് എന്ന് പറയുന്നു.

ഞെട്ടിപ്പിക്കുന്ന കാര്യം, ജാമ്യാപേക്ഷകൾ കേൾക്കുന്നത് സുപ്രീം കോടതിയുടെ കാര്യമല്ലെന്നും അദ്ദേഹം കരുതുന്നു. രാജ്യദ്രോഹ നിയമം റദ്ദാക്കിയ കോടതി ഉത്തരവിനെയും അദ്ദേഹം ചോദ്യം ചെയ്തിട്ടുണ്ട്. നിയമം അനവരതമായി പുരോഗമിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ടെന്നും താൻ ആഗ്രഹിക്കുന്നത് കേവലം ദുരന്തത്തിന്റെ പാചകക്കുറിപ്പാണെന്നും നിയമ മന്ത്രി ഓർക്കുന്നത് നന്നായിരിക്കും. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം തെറ്റായി നിഷേധിക്കപ്പെടുന്നുവെന്ന് കണ്ടെത്തുമ്പോഴെല്ലാം ജാമ്യാപേക്ഷകൾ കേൾക്കേണ്ടത് സുപ്രീം കോടതിയുടെ ഭരണഘടനാപരമായ കടമയാണ്. ഇന്നത്തെ ചീഫ് ജസ്റ്റിസ് തന്റെ ഉത്തരവുകളിലൊന്നിൽ പറഞ്ഞു, “ഒരു ദിവസത്തേക്ക് ആണെങ്കിൽ പോലും സ്വാതന്ത്ര്യം നിഷേധിക്കപ്പെടുക എന്നാൽ, അത് ഒരു ദിവസമല്ല അതിലേറെയാണ്.” ഇതാണ് സ്വാതന്ത്ര്യത്തിന്റെ സാരാംശം.

പുതുവർഷത്തിൽ സർക്കാരിന് സുപ്രീം കോടതിയുമായുള്ള ഏറ്റുമുട്ടൽ കുറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജുഡീഷ്യറിയെ സംബന്ധിച്ചിടത്തോളം, അവരുടെ ഭാഗധേയം അവർ തന്നെ നിർണ്ണയിക്കണം. പുതിയ ചീഫ് ജസ്റ്റിസ് സ്വന്തം വിശ്വാസ പ്രമാണങ്ങളെ പിന്തുടരുകയും വേണം.

  • ഡൽഹി ഹൈക്കോടതിയിലെ മുൻ ജഡ്ജിയാണ് ലേഖിക

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: New year wish siddique kappan jail iqbal poem controversy