2017 പിന്നിടുമ്പോള്‍ നല്ല കാര്യങ്ങളെക്കുറിച്ച് അധികമൊന്നും പറയാനില്ല; ഡിസംബറില്‍ നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം ശുഭ സൂചന നൽകുന്നതാണെങ്കിലും. 2016 ന്രെ അവസാനം പ്രഖ്യാപിച്ച നോട്ട് നിരോധനം സൃഷ്ടിച്ച ദുരന്തങ്ങളും തുടര്‍ന്നു വന്ന ചരക്കു സേവന നികുതി ഉണ്ടാക്കിയ പ്രശ്നങ്ങളും കൊണ്ട് 2017 മുഴുവനും സാധാരണ ജനങ്ങള്‍ക്ക്‌ നിത്യജീവിതം തന്നെ ദുഷ്കരമാകുന്ന അനുഭവങ്ങളുടെ വര്‍ഷമായി. അതോടൊപ്പം തന്നെയാണ് മോദി സര്‍ക്കാര്‍ വന്നതിന് ശേഷം യാതൊരു നിയന്ത്രണവുമില്ലാതെ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയം പല രൂപത്തില്‍ അരങ്ങേറിയിരുന്നത്‌ ഈ വര്‍ഷവും തുടര്‍ന്നത്. ഗോ സംരക്ഷകര്‍ ചമഞ്ഞ് ഗുണ്ടാസംഘങ്ങള്‍ നടത്തുന്ന കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങളും ദലിത്പീഡനങ്ങളും ആവര്‍ത്തിച്ചു. എതിരാളികളുടെ വീക്ഷണങ്ങളെ ബലം പ്രയോഗിച്ച് തടയുന്നതിന് അവരെ വകവരുത്തുന്നതിലേയ്ക്കാണ് എത്താറുള്ളത്. ഇതിന് ഉദാഹരണമാണ് പ്രമുഖ പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം. ഇതെല്ലാം ഉണ്ടായിട്ടും യു.പി. തിരഞ്ഞെടുപ്പില്‍ കണ്ടത് പോലെ, പ്രതിപക്ഷ ഐക്യമില്ലായ്മ നിമിത്തമാണെങ്കിലും, ജനവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നവര്‍ക്ക് ജനപിന്തുണ ലഭിക്കുന്ന അവസ്ഥ ജനാധിപത്യ വിശ്വാസികളെ വല്ലാതെ ഉലയ്ക്കുന്നത് തന്നെ ആയിരുന്നു.

ആഗോള തലത്തില്‍, അമേരിക്കയെ ആഗോളതാപനം തടയുന്നതിനു ള്ള പാരിസ് ഉടമ്പടിയില്‍ നിന്ന് പിന്‍വലിച്ചു കൊണ്ടുള്ള ട്രംപിന്‍റെ പ്രഖ്യാപനവും ഉത്തര കൊറിയന്‍ സ്വേച്ഛാധിപതിയുടെ ആണവ യുദ്ധ ഭീഷണിയും ലോകത്തെ പിടിച്ചുകുലുക്കിയതിന്റെ കമ്പനങ്ങള്‍ ഇപ്പോഴും ശമിചിട്ടില്ല. ട്രംപിന്റെ രാഷ്ട്രീയം ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കുന്നതിലും അമേരിക്കന്‍ എംബസി അങ്ങോട്ട്‌ മാറ്റുന്നതിനുള്ള നടപടികള്‍ എടുക്കുന്നതിലുമാണ്. ലോകരാജ്യങ്ങളില്‍ ബഹുഭൂരിപക്ഷവും യു.എന്‍. പ്രമേയത്തിലൂടെ അമേരിക്കയെ ഒറ്റപ്പെടുത്തിയതും ലോകരാഷ്ട്രീയത്തിലെ പുതിയ ചലനങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. അമേരിക്കന്‍ ദേശീയവാദം ഉന്നയിച്ച് പ്രസിഡന്‍റ് ആയി തിരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ രാഷ്ട്രീയം യൂറോപ്പില്‍ വംശീയ ദേശീയവാദത്തിന്‍റെ പ്രതിലോമരൂപത്തില്‍ മുന്പന്തിയിലേക്ക് വന്നിട്ടുണ്ട് എങ്കിലും, ബ്രിട്ടന്‍റെ ബ്രെക്സിറ്റിലും അത് പ്രകടമാണെങ്കിലും, ഈ പ്രതിലോമ പ്രവണതയെ ചെറുത്തു നില്‍ക്കാന്‍ അമേരിക്കന്‍, യൂറോപ്യന്‍ സമൂഹങ്ങള്‍ മുന്നോട്ടു വരുന്നതും ശ്രദ്ധേയമാണ്.

സൈബർ ലോകത്തെ ദുരുപയോഗപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെവരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ പ്രസിഡന്‍റ് പുടിന്‍ തെളിയിച്ചിരിക്കുന്ന സാഹചര്യത്തില്‍ വിഷയ ത്തിന്‍റെ ഗുരുതരാവസ്ഥയെ കുറിച്ച് ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ ആശങ്കാകുലരാണ്. അസാധാരണമായ വിധം ലോകത്തിനു മുഴുവന്‍ ഭീഷണിയായി വളര്‍ന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റിനെ ലോകരാഷ്ട്രങ്ങള്‍ ഒന്നുചേര്‍ന്ന് തകര്‍ത്തത് ശ്രദ്ധേയമായ മുന്നേറ്റ മാണെങ്കിലും മതാധിഷ്ടിത ഫാസിസത്തിന്‍റെ ഭീഷണി ആഗോളതല ത്തില്‍ തന്നെ തുടരുകയാണ്.

ലോകമേധാവിത്വത്തില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുമ്പോള്‍ ഉണ്ടാകുന്ന ഒഴിവിലേയ്ക്ക് കയറികൂടാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ ലോകജനാധിപത്യ ശക്തികള്‍ക്ക് ഒരു ഭീഷണിയാണ്. സ്റ്റാലിന്റെ ചെറുപതിപ്പായി രംഗപ്രവേശം ചെയ്തിട്ടുള്ള പുതിയ ചൈനീസ് പ്രസിഡണ്ട്‌ ഷി ജിംഗ് പിംഗ് എഷ്യാ-പസഫിക് മേഖലയില്‍ സൈനികവും സാമ്പത്തികവുമായ മേധാവിത്വത്തിന് ശ്രമിക്കുന്നതോടൊപ്പം “ഒരു ബെല്‍ട്ട്‌ ഒരു റോഡ്” പദ്ധതിയിലൂടെ ലോകനിലവാരത്തില്‍ സാമ്പത്തിക രംഗം പിടിച്ചടക്കാനുള്ള ശ്രമം കൂടിയാണ് നടത്തുന്നത്. എഷ്യാ-പസഫിക് മേഖലയില്‍ ഇന്ത്യ, ജപ്പാന്‍, ഓസ്ട്രേലിയ, അമേരിക്ക-ചതുർ സഖ്യം ഉയര്‍ന്നുവന്നത് ചൈനയുടെ ആധിപത്യ ശ്രമങ്ങള്‍ക്ക് നേരെയുള്ള ഒരു തടയാണെങ്കിലും ചൈനയുടെ നീക്കങ്ങളെ കുറച്ചു കാണാന്‍ പറ്റില്ല. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ തന്ത്രപ്രധാന ഭാഗമായ ദോക് ലാമില്‍ ചൈന നടത്തിയ ഗുരുതരമായ ഇടപെടലിന് തടയിടാന്‍ ഇന്ത്യക്കായെങ്കിലും ചൈന കൂടുതല്‍ പ്രകോപനപരമായ ഇടപെടലുകളിലേക്ക് തന്നെ നീങ്ങുമെന്ന് കരുതേണ്ടിയിരിക്കുന്നു.rahul gandhi
അഖിലേന്ത്യാതലത്തില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന, മോദി രാഷ്ട്രീയത്തിന് ബദലില്ലെന്നുള്ള നിഷേധാത്മക അന്തരീക്ഷത്തിന് അറുതി വരുത്താന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന് കഴിഞ്ഞിരി ക്കുന്നു. മോദിക്ക് ബദലാകാന്‍ കെല്‍പ്പുള്ള പുതിയൊരു നേതൃത്വ പ്രതിച്ഛായ സൃഷ്ടിക്കാന്‍ രാഹുല്‍ഗാന്ധിക്ക് ആയിട്ടുണ്ട്. ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ക്ക് 2018 പ്രതീക്ഷയുടെ വര്‍ഷമാകാന്‍ പോകുന്നു എന്നര്‍ഥം. 2019-ല്‍ നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ മോദിയുടെ വിജയം സുനിശ്ചിതമെന്ന്‌ കരുത പ്പെട്ടിരുന്ന അവസ്ഥ ആകെ മാറിയിരിക്കുന്നു. ചെറുപ്പക്കാര്‍ക്ക് മോദി നല്‍കിയിരുന്ന തൊഴില്‍വാഗ്ദാനം അല്പംപോലും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും നിമിത്തം കാര്‍ഷിക മേഖലയിലും വ്യാപാര, വ്യവസായ മേഖലയിലും നിലവിലുള്ള തൊഴില്‍ പോലും നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലെ ഗ്രാമങ്ങള്‍ അധികവും മോദിയെ കയ്യൊഴിഞ്ഞ സാഹചര്യത്തില്‍ 2018-ല്‍ നടക്കാനിരിക്കുന്ന എട്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷത്തിലും മോദിക്കു പിടിച്ചുനില്‍ക്കുക എളുപ്പമാവില്ല. ഈ അന്തരീക്ഷത്തിലാണ് മോദിയുടെ വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും രാഷ്ട്രീയത്തിന് പകരമായി സ്നേഹത്തിന്‍റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം അവതരിപ്പിക്കുന്ന പക്വതയുള്ള, മൂല്യബോധമുള്ള ഒരു നേതാവായി രാഹുല്‍ഗാന്ധി രംഗത്ത് വന്നിട്ടുള്ളത്. ഇതോടെ 2018-19-ലെ ഇന്ത്യന്‍ രാഷ്ട്രീയം ആര്‍ജിക്കുന്ന പുതിയ മാനം പുതിയ സാധ്യതകള്‍ക്ക് വേദിയൊരുക്കുന്നു.
2ജി സ്പെക്ട്രം കേസിലെ സി.ബി.ഐ. കോടതി വിധി അന്തിമമല്ലെങ്കിലും ആ കേസിന്‍റെ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിശദംശങ്ങള്‍ വെച്ചുള്ള ഒരു സമഗ്ര പഠനം തന്നെയാണ്. കുറ്റാരോപണങ്ങളൊന്നും തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി സമർത്ഥിക്കുമ്പോഴും ഇടപാടുകള്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നത് പോലെ സുതാര്യമായിരുന്നില്ലെന്നും അഴിമതി നടന്നിരിക്കാന്‍ ഇടയുണ്ടെന്നും കാണാവുന്നതെയുള്ളൂ. പക്ഷെ ഈ കേസ് ഉടലെടുത്ത കാലത്തും ഇപ്പോഴത്തെ വിധി വരുന്നത് വരെയും സി.എ.ജി.തലവനായിരുന്ന വിനോദ് റായ് അവതരിപ്പിച്ചിരുന്ന 1.76 ലക്ഷം കോടി രൂപയുടെ അഴിമതി ഉള്‍പെട്ട കേസ് എന്നാണ് പ്രചരിപ്പിക്കപ്പെട്ടതും ജനങ്ങള്‍ വിശ്വസിച്ചിരുന്നതും. ഇതൊരു കെട്ടുകഥ ആയിരുന്നെന്നാണ് ഈ കോടതിവിധി തുറന്നുകാട്ടുന്നത്. 2001-ലെ വില കണക്കാക്കിയാണ് ലൈസന്‍സുകള്‍ നല്‍കിയതെന്നും, തന്മൂലം 2008-ല്‍ ലേലം ചെയ്തിരുന്നെങ്കില്‍ മേല്‍പറഞ്ഞ തുക കിട്ടുമായിരുന്നു എന്നുള്ള അഭ്യൂഹമാണ് സി. എ.ജി.റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. പിന്നീട് ഏറെ പണിപ്പെട്ട് 3ജി ലേലം ചെയ്തിട്ടു സര്‍ക്കാരിനു കിട്ടിയത് താരതമ്യേന ചെറിയ തുകയാണ്. 2ജി ലേലം ചെയ്തിരുന്നെങ്കില്‍ അത് പോലും കിട്ടുമായിരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ചില നിയമവിദഗ്ദ്ധരും സാങ്കേതിക വിദഗ്ദ്ധരും അന്ന് തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും മാധ്യമങ്ങളും രാഷ്ട്രീയക്കാരും ചെവിക്കൊണ്ടില്ല. യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാ തിരുന്ന ഇത്തരമൊരു കഥ ബി.ജെ.പി. ഫലപ്രദമായി യു.പി.എ. സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയും മോദി വിജയത്തിന് നിമിത്തമാവുകയും ചെയ്തു. പഴയ ചാരക്കേസുമായി ചില സാദൃശ്യങ്ങള്‍ കാണാവുന്ന ഈ സംഭവത്തില്‍ വിനോദ് റായിയുടെ യഥാര്‍ത്ഥ പങ്ക് പുതിയ വെളിച്ചത്തില്‍ അന്വേഷിക്കേണ്ട വിഷയമായിരിക്കുന്നു.

ജയലളിതയുടെ ദുരൂഹമരണത്തെ തുടർന്ന് തമിഴ്‌നാട് രാഷ്ട്രീയം എത്തിനിൽക്കുന്ന അപചയത്തിന്രെ സാഹചര്യത്തിൽ ഏറെക്കാലമായി രാഷ്ട്രീയത്തിലിറങ്ങാൻ തയ്യാറായിക്കൊണ്ടിരുന്ന താരരാജാവ് രജനീകാന്ത് വർഷാവസനം തന്നെ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്രഖ്യാപനം തമിഴ്‌നാട് രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ഇടപെടൽ ആയേക്കുമെങ്കിലും തമിഴ്‌നാട്ടിൽ ഇതുവരെ കാല് കുത്താൻ കഴിയാതിരുന്ന ബി ജെ പിക്ക് ഇതൊരു പിടിവളളിയാകുമോ എന്ന് പുതുവർഷം തെളിയിക്കാനിരിക്കുന്നതേയുളളൂ.

Pinarayi Vijayan, Kerala Chief Minister, CPM Politburo Member

കേരളത്തിലേക്ക് വരുമ്പോള്‍ ഇരട്ടച്ചങ്കുള്ള മുഖ്യമന്ത്രി, ഓഖി ദുരന്ത ത്തില്‍ പെട്ട് വാവിട്ടു നിലവിളിക്കുന്നവരെ ഒന്ന് സമാധാനിപ്പിക്കാന്‍ പോലുമാകാതെ പോലിസ് സംരക്ഷണയില്‍ തിരിച്ചുപോരുന്ന കാഴ്ച കണ്ട് ഇങ്ങിനെയൊരു നേതാവാണല്ലോ നമ്മെ ഭരിക്കുന്നത്‌ എന്നു ചിന്തിച്ചു പോവാത്ത മലയാളികളുണ്ടാവുമോ എന്നറിയില്ല. പാര്‍ട്ടിയെ ഭരിക്കുന്നത്‌ പോലെ നാട്ടുകാരെ ഭരിക്കാനാവില്ലെന്നു പിണറായി വിജയന്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ പുതുവര്‍ഷത്തിലെങ്കിലും മലയാളികള്‍ക്ക് എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ.

ജിഷ വധക്കേസില്‍ മുൻ സര്‍ക്കാരിന്റെ പൊലിസ് നടത്തിയ അന്വേ ഷണം വഴി തെറ്റിക്കുന്നതായിരുന്നു എന്ന് പറഞ്ഞുകൊണ്ട് അതിനു ഉത്തരവാദിയായ മുന്‍ ഡി ജി പി. സെൻകുമാറിനെ ആ പദവിയില്‍ നിന്നു മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാൽ, വിധി പറഞ്ഞ ജഡ്ജി കഴിവുറ്റ അന്വേഷണത്തിന്‍റെ പേരില്‍ ആ കേസ് ഏല്‍പിച്ച പൊലിസിനെ, പുകഴ്ത്തി. സെൻകുമാറിന്റെ കീഴിലെ പൊലിസ് ശേഖരിച്ച ആരംഭ തെളിവുകളാണ് പ്രതിയെ ശിക്ഷിക്കുന്നതില്‍ നിര്‍ണായകമായതെന്ന് ജഡ്ജി വ്യക്തമാക്കുകയുണ്ടായി. ഇടുങ്ങിയ താല്പര്യങ്ങള്‍ക്ക് വേണ്ടി ഒരു മുഖ്യമന്ത്രി ഈ രീതിയില്‍ പെരുമാറാൻ പാടില്ല. ഇതില്‍ നിന്നു അദ്ദേഹം എന്തെങ്കിലും പാഠം പഠിച്ചോ എന്നറിയില്ല. സാദ്ധ്യത കുറവാണ്.

മലയാളസിനിമയിലെ യുവനടി ക്രൂരമായി ആക്രമിക്കപ്പെട്ടപ്പോള്‍ അക്രമികളെ അമ്പരപ്പിച്ചുകൊണ്ട്‌ ആ നടി ധീരമായി ചെറുത്തു നിന്നതോടൊപ്പം ഒരു എം.എല്‍.എ.യുടെ ഇടപെടല്‍ കൂടി ആയതോടെ പോലീസിനു പെട്ടെന്ന് പ്രതികളിലേക്ക് എത്താനായത് ഒരു വഴിത്തിരിവ് ആവുകയായിരുന്നു. ഈ ആക്രമണത്തിനു പിന്നില്‍ വലിയൊരു ഗൂഡാലോചന ഉണ്ടെന്ന അഭിപ്രായം വന്നപ്പോഴേക്കും പോലീസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഒന്നുമില്ലാതെ ഈ കേസില്‍ ഗൂഡാലോചന ഇല്ലെന്നു മുഖ്യമന്ത്രി ഉറപിച്ചു പറഞ്ഞത് വീണ്ടും പദവിക്ക് ചേരാത്ത ഇടപെടലായിരുന്നു. നടിക്ക് പിന്തുണ നല്‍കിക്കൊണ്ട് മലയാളസിനിമാരംഗത്ത്‌ ഒരു സ്ത്രീ കൂട്ടായ്മ ഉയര്‍ന്നുവന്നത് തന്നെയാണ് ഗൂഡാലോചനാന്വേഷണത്തിലേക്ക് നീങ്ങാന്‍ പോലീസിനെ നിര്‍ബന്ധിച്ചതെന്നു കാണാം. ഗൂഡാലോചനക്കാരനായി പ്രമുഖ നടനെ തന്നെ അറസ്റ്റു ചെയ്തത് മലയാളസിനിമയിലെ താപ്പാനകളെ ഞെട്ടിച്ചത് മറയില്ലാതെ ദൃശ്യമായിരുന്നു. ഈ താപ്പാനകളെ നേരിടാന്‍ സ്ത്രീകൂട്ടായ്മക്കാവില്ലെന്നു കാണാവുന്നതെയുള്ളൂ. കേസ് മുന്നോട്ടു കൊണ്ടുപോകുന്നതില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നതിനെ അഭിനന്ദിക്കാം.

ഹോളിവുഡില്‍ സിനിമാരാജാവിന്‍റെ ലൈംഗികാതിക്രമണങ്ങളുടെ ഞെട്ടിക്കുന്ന കഥകള്‍ പ്രമുഖ നടികള്‍ തന്നെ തുറന്നു പറഞ്ഞതോടെ ലോകനിലവാരത്തില്‍ തന്നെ ഉണ്ടായ ഭൂകമ്പം കെട്ടടങ്ങിയിട്ടില്ല. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ ആഗോളതലത്തില്‍ ആണ്‍കോയ്മകൾ ജാഗരൂഗരാണ്താനും. മലയാളസിനിമയിലെ താരരാജാക്കന്മാരുടെ കഥകളും ഏറെ വ്യത്യസ്തമാവാന്‍ ഇടയില്ല. പക്ഷെ, ഒരു പൊട്ടിത്തെറി ഉടനെ പ്രതീക്ഷിക്കേണ്ടതില്ല.

ഒരു സൂപ്പർസ്റ്റാറിന്രെ ഒരു കഥാപാത്രത്തിന്‍റെ സ്ത്രീവിരുദ്ധ പ്രകടനങ്ങളെകുറിച്ച് സ്വന്തം അഭിപ്രായങ്ങള്‍ ഉള്ള യുവനടിമാരില്‍ ഒരാളായ പാര്‍വതി പറഞ്ഞത് അദ്ദേഹത്തിന്രെ ആരാധകരെ എങ്ങിനെയാണ് പ്രകോപിപ്പിച്ചത് എന്ന് മലയാളികള്‍ കണ്ടുകൊണ്ടിരിക്കുകയാണല്ലോ. പുരോഗമന മുഖംമൂടിയണിഞ്ഞ മലയാളിസമൂഹം സ്ത്രീ പുരുഷ ബന്ധങ്ങളെ കുറിച്ച് പുലര്‍ത്തിപോരുന്ന ഫ്യൂഡല്‍ എന്നുപോലും പറയാന്‍ പറ്റാത്തവിധം പ്രാകൃതമായ സദാചാര ഗുണ്ടായിസത്തിന്റെയും തജ്ജന്യമായ ലൈംഗികപട്ടിണിയുടെയും കോമരങ്ങളാണ് ഇവിടെ ഉറഞ്ഞുതുള്ളിക്കൊണ്ടിരികുന്നത്. സ്ത്രീ-പുരുഷബന്ധത്തിലെ ജനാധിപത്യവല്‍ക്കരണം എന്ന ഗൗരവമുള്ള വിഷയം ഏറ്റെടുക്കാന്‍ മലയാളി സമൂഹം സജ്ജമായിട്ടുണ്ടോ എന്ന് പുതുവര്‍ഷം തീരുമാനിക്കട്ടെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ