scorecardresearch
Latest News

നീറ്റ് വിവാദം: ഒരു ഡോക്ടർക്ക് പറയാനുള്ളത്

“ഇതിൽ വസ്ത്രം, ആഭരണങ്ങൾ എന്നീ വിഷയങ്ങളിലെ വിവാദങ്ങൾക്കപ്പുറം പലരും ഗൗരവമായി കാണാത്ത , ജീവൻരക്ഷോപാധികളായ വിഷയങ്ങൾ മറന്നുപോകുന്നു. പരീക്ഷയുടെ കാര്യത്തിലും സ്കൂളിലെ അധ്യയന കാര്യത്തിലും ഈ വിഷയം വളരെ കാര്യഗൗരവത്തോടെ ഭരണാധികാരികളും പരീക്ഷാ നടത്തിപ്പുകാരും പൊതുസമൂഹവും കാണേണ്ടതുണ്ട്.” ഡോ. ജ്യോതിദേവ് എഴുതുന്നു

നീറ്റ് വിവാദം: ഒരു ഡോക്ടർക്ക് പറയാനുള്ളത്

കേരളത്തിൽ കുറച്ചുദിവസമായി ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് നീറ്റ് പരീക്ഷയിൽ പരീക്ഷാർത്ഥികളോട് സ്വീകരിച്ച നടപടികൾ. ഇത് ആദ്യമായല്ല, നീറ്റ് പരീക്ഷയിൽ ഇത്തരം വിവാദങ്ങളുണ്ടാകുന്നത്. പൊതു പരീക്ഷാ കേന്ദ്രങ്ങളിൽ വർഷങ്ങളായി ഇത്തരം വിവാദങ്ങളുണ്ടാകാറുണ്ട്. ഇവയ്ക്കു വിരാമമിടാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, കൂടുതൽ വിവാദങ്ങളിലേക്കാണ് ഓരോ വർഷവും വഴി തുറക്കുന്നതെന്നും കാണാം.

ഇതിൽ വസ്ത്രം, ആഭരണങ്ങൾ എന്നീ വിഷയങ്ങളിലെ വിവാദങ്ങൾക്കപ്പുറം പലരും ഗൗരവമായി കാണാത്ത, ജീവൻരക്ഷോപാധികളായ വിഷയങ്ങൾ മറന്നുപോകുന്നു. പരീക്ഷയുടെ കാര്യത്തിലും സ്കൂളിലെ അധ്യയന കാര്യത്തിലും ഈ വിഷയം വളരെ കാര്യഗൗരവത്തോടെ ഭരണാധികാരികളും പരീക്ഷാ നടത്തിപ്പുകാരും പൊതുസമൂഹവും കാണേണ്ടതുണ്ട്.

പുറമെ കാണുന്ന ശാരീരികപരമായ പരിമിതികൾ മാത്രമല്ല, അതിനപ്പുറം പുറത്തുകാണാനാകാത്ത ആരോഗ്യപരമായ നിരവധി പ്രശ്നങ്ങൾ നേരിടുന്ന കുഞ്ഞങ്ങളുള്ള സമൂഹമാണ് നമ്മുടേത്. അവരുടെ ജീവൻരക്ഷോപാധികളെ ആ അർത്ഥത്തിൽ മനസിലാക്കാനും അതിനനുസരിച്ച് അവരോട് ഇടപഴകാനും കരുതലും സാമൂഹികാവബോധവും നമ്മുടെ സമൂഹത്തിന് പ്രത്യേകിച്ച്, ഭരണകർത്താക്കൾക്കും അധ്യാപകസമൂഹത്തിനും ഉണ്ടാകേണ്ടതുണ്ട്.

കേരളത്തിലെ കുട്ടികൾക്കിടയിൽ അപൂർവ രോഗങ്ങൾ മാത്രമല്ല, ഗുരുതരമായ മറ്റു രോഗങ്ങളും നിലവിലുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായി കാണപ്പെടുന്ന രോഗങ്ങളിലൊന്നാണ് പ്രമേഹം അല്ലെങ്കിൽ ഡയബറ്റിസ്. ഇതിൽ കുട്ടികളിൽ കാണപ്പെടുന്ന ടൈപ്പ് 1 ഡയബറ്റിസ് വളരെ സൂക്ഷിച്ച് ചികിത്സിക്കേണ്ടതും ചികിത്സയിലുള്ള കുട്ടിയെ ആരോഗ്യപരമായി സുരക്ഷിതമായിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതുമുണ്ട്.

ജോലി ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട് കുട്ടികളിലെ പ്രമേഹം സംബന്ധിച്ച ഏകദേശം 25 വർഷത്തെ അനുഭവം എനിക്കുണ്ട്. അതിനെ അടിസ്ഥാനമാക്കി ഇപ്പോൾ ഉയർന്നിരിക്കുന്ന വിവാദത്തിനപ്പുറം കരുതലോടെ നമ്മൾ കാണേണ്ട ചില വിഷയങ്ങളിലേക്കു പൊതുസമൂഹത്തിന്റെയും ഭരണകർത്താക്കളുടെയും ശ്രദ്ധ ക്ഷണിക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഞാൻ കണ്ടതും അറിഞ്ഞതുമായ ചില അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആ വിഷയത്തെ കുറിച്ചുള്ള ചില കാര്യങ്ങൾ രേഖപ്പെടുത്തുന്നത് ചിലപ്പോൾ പുതിയൊരു കാഴ്ചപ്പാട് സ്വീകരിക്കാൻ സഹായകമായേക്കും.

neet exam, dr. jyothidev, iemalayalam
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനി ഫോട്ടോ: നിതിൻ ആർ.കെ

ഡയബറ്റിസുള്ള കുഞ്ഞുങ്ങളെ 25 വർഷത്തോളമായി ഞാൻ ചികിത്സിക്കുന്നുണ്ട്. ചികിത്സയ്‌ക്കെത്തുന്ന കുട്ടികളെ മുഖാമുഖം കാണുന്നത് കൂടാതെ ഈ രോഗമുള്ള കുട്ടികളുടെ കൂട്ടായ്മകൾ നടത്താറുമുണ്ട്. വർഷത്തിൽ നാലോ അഞ്ചോ തവണ ഈ ഒത്തുച്ചേരൽ നടത്താറുണ്ട്. പലപ്പോഴും ചികിത്സയിലുള്ള കുട്ടികൾ മാത്രമല്ല, അവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ ഈ പരിപാടിയിൽ പങ്കെടുക്കും. അവരെല്ലാം അവരുടെ അനുഭവങ്ങളും അവർ നേരിടുന്ന പ്രതിസന്ധികളുമൊക്കെ അവിടെ പങ്കുവയ്ക്കുന്നു.

ടൈപ്പ് 1 പ്രമേഹം വന്ന കുഞ്ഞങ്ങളെ ചികിത്സിക്കുകയെന്നതു വളരെ ശ്രമകരമായ കാര്യമാണ്. അതീവ ശ്രദ്ധയോടെ ചികിത്സ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഔഷധങ്ങളേക്കാൾ പ്രധാനം മാതാപിതാക്കൾക്കും അധ്യാപകർക്കും തുടർച്ചയായി നൽകേണ്ട നിർദേശങ്ങളാണ്. ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്കു പെട്ടെന്ന് ബോധക്ഷയവും മറ്റ് അസുഖങ്ങളും വരാം. വൃക്ക, കണ്ണ്, ഹൃദയം തുടങ്ങിയവയെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ സാധാരണമാണ്. അതിനാൽ തന്നെ ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്ക് 24 മണിക്കൂറും നിരീക്ഷണം ആവശ്യമാണ്.

ടൈപ്പ് 1 പ്രമേഹമുള്ള 20 വയസുകാരൻ കുറച്ചുകാലം മുമ്പ് കൂട്ടായ്മയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യം ഓർമ വരുന്നു. സ്കൂൾ പഠനകാലത്ത് വളരെയേറെ കഷ്ടതകൾ ഈ രോഗവുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്നുവെന്നും അവസാനം പഠനം നിർത്തേണ്ടി വന്നുവെന്നും ആ കുട്ടി പറഞ്ഞു. ഇത് ഒരാളുടെ മാത്രം കഥയായിരിക്കണമെന്നില്ല. ഒട്ടേറെ കുട്ടികൾ ഈ അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ടാകും, പോകുന്നുണ്ടായിരിക്കാം.

ഇന്ത്യയിലേറ്റവും കൂടുതൽ ഡയബറ്റിസ് രോഗികൾ കേരളത്തിലാണ്. കുഞ്ഞുങ്ങൾക്കു പലതരം ഡയബറ്റിസ് ഉണ്ട്. പഠിക്കുമ്പോഴും പരീക്ഷയെഴുതുമ്പോഴും ആവശ്യങ്ങളുണ്ടാകും. കുട്ടികളുടെ ആ ആവശ്യങ്ങൾ നിഷേധിക്കുമ്പോൾ ഉടനടി അല്ലെങ്കിലും പിന്നീട് അവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായേക്കാം.

ടൈപ്പ് 1 ഡയബറ്റിസ് ഉള്ള കുട്ടികൾക്ക് ഇടയ്ക്ക് ഭക്ഷണം കഴിക്കേണ്ടി വരും, ഇടയ്ക്ക് മൂത്രമൊഴിക്കേണ്ടി വരും. ഇതിനൊക്കെയുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ അധ്യാപകർ തയ്യാറാകണം. മുതിർന്നവർക്കു വരുന്ന രീതിയിലുള്ള ഡയബറ്റിസ് 2 അല്ല കുട്ടികൾക്കു വരുന്ന ടൈപ്പ് 1 പ്രമേഹമെന്ന് തിരിച്ചറിയാനും ആ വ്യക്തതയോടെ കുട്ടികളെ കാണാനും അധ്യാപകർക്കും പൊതുസമൂഹത്തിനും സാധ്യമാകണം. ഇടയ്ക്കു മൂത്രമൊഴിക്കാൻ വിടുകയും രണ്ട് മണിക്കൂറിലധികം സമയം ഇടവിടാതെ ഭക്ഷണം കഴിക്കാൻ സാഹചര്യമൊരുക്കുകയും വേണം. ഇതിനൊന്നും അനുവദിക്കാത്ത സാഹചര്യമുണ്ടായാൽ കുട്ടിയുടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന് അധ്യാപകർ ഓർക്കേണ്ടതുണ്ട്.

പരീക്ഷയുടെ കാര്യത്തിലേക്കു വരുമ്പോൾ കാര്യങ്ങൾ കുറച്ചുകൂടെ സങ്കീർണമാകുകയാണ് ചെയ്യുന്നത്. അഞ്ചു വർഷം മുമ്പ് നടന്ന ഒരു സംഭവം പറയാം. ടൈപ്പ് 1 പ്രമേഹത്തിനു ചികിത്സയിലുള്ള ഒരു പെൺകുട്ടി പരീക്ഷയ്ക്കു പോയി. ഇൻസുലിൻ പമ്പ് ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള കുട്ടിയാണ്. അതുമായി ചെന്നപ്പോൾ അതുപയോഗിച്ചുകൊണ്ട് പരീക്ഷാ ഹാളിൽ കയറാനോ പരീക്ഷയെഴുതാനോ പറ്റില്ലെന്ന നിലപാട് അധികൃതർ സ്വീകരിച്ചു. ആ കുട്ടിക്ക് ഇൻസുലിൻ പമ്പ് മാറ്റി വച്ച് പരീക്ഷയെഴുതാൻ കഴിയില്ല. ഇതിനുള്ള സർട്ടിഫിക്കറ്റ് കുട്ടിയുടെ കൈവശമുണ്ടായിരുന്നു. എന്നിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ല. അവസാനം ഈ കുട്ടി എന്റെ നമ്പർ കൊടുക്കുകയും അധികൃതർ എന്നോട് ഫോണിൽ സംസാരിക്കാനും തയാറായി. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കുട്ടിക്ക് പരീക്ഷയെഴുതാൻ അനുമതി ലഭിച്ചപ്പോഴേക്കും പരീക്ഷാ സമയത്തിലെ ഒരു മണിക്കൂർ കഴിഞ്ഞിരുന്നു. ബാക്കി സമയം കൊണ്ട് കുട്ടിക്കു പരീക്ഷ പൂർത്തിയാക്കേണ്ടി വന്നു.

കുട്ടിക്കു പരീക്ഷയെഴുതാൻ അനുമതി നൽകിയില്ലെന്ന പരാതി അധികൃതർ ഒഴിവാക്കാനായി. എന്നാൽ ഒരു കുറ്റവും ചെയ്യാത്ത ആ കുട്ടി തന്റെ ജീവിതത്തിലെ നിർണായക നിമിഷത്തിൽ അനുഭവിക്കേണ്ടി വന്ന ശാരീരികവും മാനസികവുമായ സമ്മർദ്ദവും വിഷമവും എത്ര വലുതായിരുന്നുവെന്നത് വിശകലനം ചെയ്യേണ്ടതു പൊതുസമൂഹമാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെ ന്ന് അറിയുമ്പോഴാണ് നമ്മളുടെ സാമൂഹിക പരിചരണം എത്രത്തോളം ബലഹീനമാണെന്നും സാമൂഹിക അവബോധം എത്രത്തോളം രോഗാതുരമാണെന്നും മനസിലാകുക.

neet exam, dr. jyothidev, iemalayalam
നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനി ഫോട്ടോ: നിതിൻ ആർ.കെ

മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ പൂർണമായി എഴുതാൻ പ്രമേഹമുള്ള കുട്ടികൾക്കു പലപ്പോഴും സാധ്യമല്ല. കാരണം രണ്ട് മണിക്കൂർ ആകുമ്പോഴേക്കും കുട്ടികൾക്കു വിശന്നു തുടങ്ങും. പ്രമേഹം അനിയന്ത്രിതമാണെങ്കിൽ മൂത്രശങ്കയുണ്ടാവും. ഇങ്ങനെയുള്ള വിഷയങ്ങളെ അഭിമുഖീകരിക്കാൻ തയാറാകതെ അധികൃതർ മുന്നോട്ടു നീങ്ങുന്നതിനാൽ മൂന്നു മണിക്കൂർ പരീക്ഷ ഈ കുട്ടികൾ രണ്ടു മണിക്കൂർ കൊണ്ട് എഴുതിത്തീർക്കേണ്ട സ്ഥിതിയിലാണ്. കുട്ടികൾ ആരോഗ്യപ്രശ്നം അറിയിച്ചാൽ, എനിക്കും ഡയബ്റ്റിസ് ഉണ്ട് നിനക്ക് മാത്രം എന്താണ് വിശപ്പ് എന്ന ചോദ്യമായിരിക്കും അധ്യാപകർ ഉന്നയിക്കുക. ഇതിനു കാരണം ടൈപ്പ് 1 പ്രമേഹം വ്യത്യസ്തമാണ് എന്ന തിരിച്ചറിവില്ലായ്മയാണ്.

കുറച്ചുകാലം മുമ്പ് നഴ്സിങ് കോളജ് അഡ്മിഷന് പോയപ്പോൾ ഇൻസുലിൻ പമ്പ് ഉപയോഗിക്കുന്നവർക്ക് നഴ്സ് ആകാൻ പറ്റില്ല എന്ന സമീപനമാണ് ഒരു കുട്ടിയോട് അവർ സ്വീകരിച്ചത്. ഇങ്ങനെയുള്ള തീരുമാനമൊക്കെ സ്വീകരിക്കുമ്പോൾ കൂടുതൽ വ്യക്തതയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ അധികൃതർക്കു കഴിയണം. ഈ വിഷയത്തെക്കുറിച്ച് ഞാൻ അന്ന് എഴുതിയിരുന്നു. തുടർന്ന് ജനപ്രതിനിധിയും ഡോക്ടറുമായ എം കെ മുനീർ ഇടപെടുകയും പ്രശ്നത്തിനു പരിഹാരം കണ്ടെത്തുകയും ചെയ്തു. പക്ഷേ, അത് ആ ഒരു കുട്ടിയുടെ കാര്യത്തിൽ മാത്രമായിരിക്കാം സംഭവിച്ചത്. ഇതുപോലൊരു ഇടപെടൽ ലഭിക്കാത്ത എത്രയോ കുട്ടികൾ ഏതൊക്കെ സാഹചര്യത്തിലുണ്ടാകാമെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.

അധ്യാപകർ അപമാനിച്ചതിനാൽ പഠനം നിർത്തിയ ടൈപ്പ് 1 പ്രമേഹമുള്ള ഒരാളെ കുട്ടികളുടെ കൂട്ടായ്മയിൽ കണ്ടിരുന്നു. ടൈപ്പ് 1 ഡയബറ്റിസ് അപൂർവ രോഗമല്ല. ടൈപ്പ് 1 രോഗം സംബന്ധിച്ച് അധ്യാപർക്കും പൊതുസമൂഹത്തിനും അടിസ്ഥാനപരമായ ജ്ഞാനം ആവശ്യമാണ്. കുട്ടികൾ പരീക്ഷ യെഴുതാൻ പോകുമ്പോൾ അവരുടെ കൈവശം ഫോൺ നമ്പർ ഉണ്ടാകും. അതിൽ വേണമെങ്കിൽ വിഡിയോ കോൾ വിളിച്ച് ഡോക്ടറോട് സംസാരിക്കാവുന്നതാണ്.

നിരവധി പ്രതിസന്ധികളിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോകുന്നത്. കോവിഡ് കാലത്തിനു ശേഷം കുട്ടികളിൽ പ്രമേഹം പത്ത് ശതമാനം കണ്ട് വർധിച്ചുവെന്നാണു കണ്ടെത്തൽ. ഇത് വളരെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഇക്കാര്യം കൂടി കണക്കിലെടുത്ത് വേണം ഈ വിഷയത്തിൽ പൊതുസമൂഹത്തെ,പ്രത്യേകിച്ച് അധ്യാപക സമൂഹത്തെ സെൻസിറ്റൈസ് ചെയ്യേണ്ടത്.

പരീക്ഷയുടെ കാര്യത്തിൽ മാത്രമല്ല, പഠനത്തിനും അതിജീവനത്തിനുമെല്ലാം ആരോഗ്യപരമായ കാര്യങ്ങളുടെ പേരിൽ ഒരു വ്യക്തിയെയും അകറ്റിനിർത്താതെ അവരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന മാനസിക വികാസത്തിലേക്കു നമ്മുടെ സമൂഹത്തെ വളർത്തിയെടുക്കാനുള്ള പ്രയത്നം ഭരണസംവിധാനങ്ങൾക്കും ഉണ്ടാകേണ്ടതുണ്ട്.

  • ജ്യോതിദേവ്സ് ഡയബറ്റിസ് റിസേർച്ച് സെന്ററിന്റെ ചെയർമാൻ ആണ് ലേഖകൻ

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Neet exam controversy in kerala sensitisation of teachers and exam invigilators dr jothydev

Best of Express