scorecardresearch
Latest News

ചിലയിടങ്ങളിൽ വികാരങ്ങളെ വ്രണപ്പെടുത്തുക എന്നതും നമ്മുടെ ചുമതലയാണ്

യാവത്‌മാലിൽ നടക്കുന്ന തൊണ്ണുറ്റി രണ്ടാമത് അഖില ഭാരതീയ മറാത്തി സാഹിത്യ സമ്മേളത്തിന്റെ ഉദ്ഘാടനത്തിനൊരു ദിവസം മുൻപേ, അതിൽ പങ്കെടുക്കേണ്ടിയിരുന്ന ഇംഗ്ലീഷ് സാഹിത്യകാരിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ നയൻ‌താര സെഗാളിന്, തന്റെ ക്ഷണം റദ്ദാക്കപ്പെട്ടതായി അറിയിപ്പു ലഭിച്ചു. ചടങ്ങു തടസ്സപ്പെടുത്തുമെന്ന് ചില പ്രാദേശിക കലാപകാരികൾ മാധ്യമങ്ങളിലൂടെ അറിയിച്ചതിനെത്തുടർന്ന്, ക്ഷണം പിൻ‌വലിക്കുവാൻ നിർബന്ധിതരായതായാണു സംഘാടകർ അറിയിച്ചത്. സമ്മേളത്തിൽ എഴുത്തുകാരി നടത്തുവാനിരുന്ന പ്രസംഗത്തിന്റെ പൂർണ്ണരൂപം

ചിലയിടങ്ങളിൽ വികാരങ്ങളെ വ്രണപ്പെടുത്തുക എന്നതും നമ്മുടെ ചുമതലയാണ്

എനിക്കിതൊരു വൈകാരിക മുഹൂർത്തമാണ്, ഇവിടെ നിങ്ങളോടൊപ്പമുണ്ടാകുവാൻ കഴിഞ്ഞതിൽ ഞാനഭിമാനിക്കുന്നു. ഈ സംഘടനയുടെ സ്ഥാപകനും നമ്മുടെ രാജ്യത്തിന്റെ ആധുനിക ചരിത്രത്തിന്റെ ഭാഗവുമായ മഹാദേവ് ഗോവിന്ദ് റാനഡേ, ഇതിന്റെ സമ്മേളനങ്ങളിൽ ആധ്യക്ഷം വഹിച്ച പ്രശസ്തരായ മറാത്തി എഴുത്തുകാർ, ഒപ്പമിതിന്റെ വിവിധ സമ്മേളനങ്ങളിൽ പങ്കാളികളായ, ഇന്ത്യൻ സാഹിത്യമെന്നറിയപ്പെടുന്ന ബൃഹദ് സംരഭത്തെ മഹത്വപ്പെടുത്തിയ എഴുത്തുകാർ എന്നിങ്ങനെ ശ്രേഷ്ഠരായവരുടെ നിഴലിലാണു ഞാനിവിടെ നിൽക്കുന്നത്.

എന്റെ പിതാവ്, രൺ‌ജിത്ത് സീതാറാം പണ്ഡിറ്റിലൂടെ എനിക്കു മഹാരാഷ്ട്രയുമായുള്ള ബന്ധവും ഈ അവസരത്തെ വൈകാരികമാക്കുന്നു. അദ്ദേഹത്തെപ്പറ്റി കുറച്ചു കാര്യങ്ങള്‍ ഇവിടെ പറയുവാൻ ഞാനാഗ്രഹിക്കുന്നു. വിശിഷ്ടരായ സംസ്കൃത പണ്ഡിതന്മാരുടെ കുടുംബത്തിൽ നിന്നുള്ള ഒരു സംസ്കൃത പണ്ഡിതനായിരുന്നു അദ്ദേഹം. ‘മുദ്രാരാക്ഷസം’, കാളിദാസന്റെ ‘ഋതുസംഹാരം’, ‘രാജതരംഗിണി’ എന്നീ സംസ്കൃത ഇതിഹാസ ഗ്രന്ഥങ്ങൾ അദ്ദേഹം ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇതിൽ കൽ‌ഹണ രചിച്ച ‘രാജതരംഗിണി’ പന്ത്രണ്ടാം നൂറ്റാണ്ടിലെ കാശ്മീർ രാജാക്കന്മാരുടെ ചരിത്രമാണ്. സംസ്കൃതവും കാശ്മീരും എന്റെ പിതാവിന്റെ ഇഷ്ടപ്രണയങ്ങളായതിനാൽ ഇത് അദ്ദേഹത്തെ പ്രത്യേകമായി ആകർഷിച്ചിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ രണ്ടു തവണത്തെ ജയിൽ‌വാസകാലത്താണ് അദ്ദേഹം ഈ വിവർത്തനങ്ങള്‍ നടത്തിയത്. അത് തന്റെ കാശ്മീരി ശ്വശുരൻ പണ്ഡിറ്റ് മോത്തിലാൽ നെഹ്രുവിനു സമർപ്പിക്കുകയും ചെയ്തു. ആ മൊഴിമാറ്റം പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ, ഭാര്യാസഹോദരനായ ജവഹർലാൽ നെഹ്രു അതിനൊരു അവതാരികയും എഴുതുകയുണ്ടായി. ഈ ബൃഹദ്‌ചരിത്രം എന്റെ പിതാവിന്റെയും തങ്ങളുടെയും മാതൃഭാഷയായ മറാത്തിയിലേയ്ക്ക് വിവർത്തനം ചെയ്തതിനു ഡോ. അരുണ ധീരെ, ശ്രീ പ്രശാന്ത് തൽനിക്കർ എന്നിവരോടു എനിക്ക് അഗാധമായ നന്ദിയുണ്ട്. മറ്റൊന്നും തന്നെ എന്റെ പിതാവിനു ഇത്രയധികം സന്തോഷം നൽകില്ല എന്ന് എനിക്കറിയാം.

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരാണ് എന്റെ മാതാപിതാക്കൾ. എന്റെ മാതാവ് വിജയലക്ഷ്മി പണ്ഡിറ്റ് മൂന്നു തവണയും പിതാവ് നാലു തവണയും ജയിൽ‌വാസമനുഭവിച്ചിട്ടുണ്ട്. നാലാമത്തെ ജയിൽ‌വാസകാലത്ത് ബറേലി ജയിലിലെ ഭീതിദമായ സാഹചര്യങ്ങളിൽ അദ്ദേഹത്തിനു ഗുരുതരമായി രോഗം ബാധിക്കുകയും വൈദ്യ സഹായം ലഭ്യമാകാതെയിരിക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ഗുരുതര നിലയെപ്പറ്റി അമ്മയെ അറിയിച്ചതുമില്ല. എന്നിട്ടും അദ്ദേഹം മോചനത്തിനായി ആവശ്യപ്പെടുവാൻ മുതിർന്നില്ല. ഒടുവിൽ അദ്ദേഹത്തിന്റെ അവസ്ഥ അമ്മയെ അറിയിച്ച വേളയിൽ ഇരുപതു മിനിറ്റ് കൂടിക്കാഴ്ചയ്ക്ക് മാത്രമാണ് സമയം അനുവദിച്ചു കിട്ടിയത്. ഒരു രാഷ്ട്രീയതടവുകാരനു സന്ദർശകനെ കാണാൻ യാതൊരു സ്വകാര്യതയും അനുവദിക്കാത്ത നിയമത്തിനു കീഴിൽ, ജയിൽ സൂപ്രണ്ടിന്റെ കാവലിലാണാ കൂടിക്കാഴ്ച നടന്നത്. അദ്ദേഹത്തെ ഒരു സ്ട്രെച്ചറിൽ കിടത്തിക്കൊണ്ടു വരുന്ന കാഴ്ച അമ്മയെ ഞെട്ടിച്ചു. അദ്ദേഹത്തിന്റെ മുടി പൂർണ്ണമായും വടിച്ചു കളയപ്പെട്ടിരുന്നു, ശരീരം ശോഷിച്ചിരുന്നു.

ആ കാഴ്ച അമ്മയെ തകർത്തു കളഞ്ഞുവെങ്കിലും, താനൊരു ജയിലറുടെ മുൻപിൽ കരയുന്നതു കാണുവാൻ അദ്ദേഹമാഗ്രഹിക്കില്ല എന്നറിയാമായിരുന്നതിനാൽ എങ്ങനെയോ അമ്മ കണ്ണുനീരിനെ തടുത്തു നിര്‍ത്തി. ജയിൽ മോചനത്തിനായി ആവശ്യപ്പെടാത്തതെന്തു കൊണ്ടെന്ന് അദ്ദേഹം അമ്മയോടു പറഞ്ഞു, “ ഗാന്ധിയും നെഹ്രുവും പോലുള്ള സിംഹങ്ങളോടൊപ്പമാണു ഞാന്‍ പോരാടിയത്. ഇപ്പോഴൊരു കുറുനരിയെപ്പോലെ ഞാൻ പെരുമാറണമെന്നു നീയാഗ്രഹിക്കുന്നുണ്ടോ?“ അദ്ദേഹത്തിന്റെ മനസ്സു മാറ്റാനാവില്ലെന്നറിയാമായിരുന്നതിനാൽ, കൈയിൽ പിടിച്ചുകൊണ്ട് അടുത്തിരിക്കാനേ അമ്മയ്ക്ക് കഴിഞ്ഞുള്ളു. വീട്ടിലെയും മക്കളുടെയും വിശേഷങ്ങൾ പറഞ്ഞു, പൂന്തോട്ടത്തിലെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ചെടികളെക്കുറിച്ചു പറഞ്ഞു. ഒടുവിൽ സർക്കാർ അദ്ദേഹത്തെ മോചിപ്പിച്ചപ്പോളാകട്ടെ, മരണത്തിനു മൂന്നു ആഴ്ചകള്‍ മാത്രമാണ് ശേഷിച്ചിരുന്നത്. വർഷങ്ങൾക്കുശേഷം, സ്വാതന്ത്ര്യം ലഭ്യമായിക്കഴിഞ്ഞ്, എന്റെ അമ്മ, ബ്രിട്ടണിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെന്ന നിലയിൽ പ്രധാന മന്ത്രി വിൻസ്റ്റൻ ചർച്ചിലിനോടൊപ്പം ഉച്ച ഭക്ഷണം കഴിച്ച വേളയിൽ, അദ്ദേഹം ചോദിച്ചു, “ഞങ്ങൾ നിങ്ങളുടെ ഭർത്താവിനെ കൊന്നു, അല്ലേ?” അമ്മയെ അത്ഭുതപ്പെടുത്തിയ ഒരു കുറ്റസമ്മതമായിരുന്നു അത്.

Read in English Logo Indian Express

1940 കളിൽ നിങ്ങളിൽ മിക്കവരും ജനിച്ചിട്ടില്ല, നിങ്ങൾ വളർന്നതൊരു സ്വതന്ത്ര രാജ്യത്താണ്, അതു കൊണ്ട്, അക്കാലത്തിന്റെ ധീരതയും അച്ചടക്കവും സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ സ്ത്രീപുരുഷന്മാരുടെ ആത്മാർത്ഥതയെയും വെളിപ്പെടുത്തുവാനാണു ഞാൻ വ്യക്തിപരമായ ഈ കഥയിവിടെ പറഞ്ഞത്. സ്വാതന്ത്ര്യാഭിലാഷത്തിന്റെ പേരിൽ, ഉഗ്രമായി പോരാടുകയും എല്ലാത്തരം ദുരിതങ്ങളും ഏറ്റുവാങ്ങുകയും ചെയ്ത, അറിയപ്പെടുന്നതും അല്ലാത്തതുമായ, ചെറുപ്പക്കാരും വൃദ്ധരുമായ, ആയിരക്കണക്കിനു ഇന്ത്യക്കാരിൽ പെടുന്നു എന്റെ മാതാപിതാക്കളും. ഞാനൊന്നു ചോദിക്കുവാനാഗ്രഹിക്കുന്നു, അന്ന് സ്വാതന്ത്ര്യത്തോടുണ്ടായിരുന്ന ആ അഭിനിവേശം നമുക്കിന്നുണ്ടോ? ഭാവിയില്‍ ഇന്ത്യക്കാർ സ്വാതന്ത്ര്യത്തോടെ ജീവിക്കണമെന്നാഗ്രഹിച്ച് ജീവൻ പോലും വെടിഞ്ഞ അവരുടെ ത്യാഗം നാമർഹിക്കുന്നുണ്ടോ?

നമ്മുടെ സ്വാതന്ത്ര്യങ്ങൾ അപകടത്തിലായതു കൊണ്ടാണു ഞാനിതു ചോദിക്കുന്നത്. ആ അപകടങ്ങൾ അത്രമേൽ കൂടുതലാണ് എന്ന് മനസ്സ് പറയുന്നത് കൊണ്ടാണ്, നിങ്ങളോടെന്തു പറയണമെന്നു ചിന്തിക്കുന്ന വേളയിൽ, ഇന്ത്യയിൽ ഇന്നു സംഭവിക്കുന്ന എല്ലാ കാര്യങ്ങളെപ്പറ്റിയാകണമെന്നു ഞാൻ തീരുമാനിച്ചത്. എന്തെന്നാൽ അത്, നമ്മുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്നു: നമ്മുടെ ഭക്ഷണത്തെ, നാം ആരെ വിവാഹം ചെയ്യുന്നുവെന്നതിനെ, നാമെന്തു ചിന്തിക്കുന്നുവെന്നും എഴുതുന്നുവെന്നുമുള്ളതിനെ, കൂടാതെ നാമെങ്ങനെ ആരാധിക്കണമെന്നതിനെയും. നാനാത്വവും ഭരണപക്ഷത്തിന്റെ പ്രത്യയശാസ്ത്രത്തിനോടുള്ള എന്ത് തരം വിയോജിപ്പും അതിക്രൂരമായി ആക്രമിക്കപ്പെടുന്ന ഒരു സാഹചര്യമാണിന്നുള്ളത്. നമ്മുടെ സംസ്കാരത്തിന്റെ സത്തയാണു നാനാത്വം. നമുക്ക് വ്യത്യസ്ത ഭാഷകളിലുള്ള പൗരാണിക സാഹിത്യമുണ്ട്. നാം വ്യത്യസ്ത ഭക്ഷണങ്ങൾ കഴിക്കുന്നു, വിഭിന്ന വേഷങ്ങൾ ധരിക്കുന്നു, നമ്മുടെ ആഘോഷങ്ങൾ വ്യത്യസ്തമാണ്, നാം പിന്തുടരുന്ന മതങ്ങളും പലതാണ്. എല്ലാത്തിനെയും ഉൾക്കൊള്ളലാണു നമ്മുടെ ജീവിതശൈലി. ഇന്ത്യയെന്നു പേരുള്ള ഈ പുരാതന-ഭിന്നസംസ്കാര നാഗരികത, മറ്റേതൊരു രാജ്യത്തിനുമില്ലാത്ത അനന്യസാധാരണമായ ഒരു നേട്ടമാണ്.

ഇന്നത്‌ ഭീഷണി നേരിടുയാണ് – നമ്മുടെ മതപരവും സാംസ്കാരികവുമായ നാനാത്വത്തെ തുടച്ചു മാറ്റുകയും, ഒരേക മത, സാംസ്കാരിക സ്വത്വത്തിലേയ്ക്ക് അമർത്തിയൊതുക്കപ്പെടുകയും ചെയ്യുന്ന രീതിയിലുള്ള പോളിസികള്‍ക്ക് വിധേയമായി. അത് ഒറ്റയടിക്ക്, ഹിന്ദുക്കളല്ലാത്ത ആയിരക്കണക്കിനു സ്ത്രീ പുരുഷന്മാരുടെ ഭരണഘടനാധികാരങ്ങളെ ഇല്ലാതാക്കുന്നു, അവരെ അധിനിവേശക്കാരും വിദേശികളും ഹിന്ദുക്കളുടെ ശത്രുക്കളുമായി മുദ്ര കുത്തുന്നു. സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത്, നമ്മുടെ സ്ഥാപകപിതാക്കൾ മതപരമായ ഒരു രാഷ്ട്രസ്വത്വത്തെ നിഷേധിച്ചു, ഇന്ത്യയെ ഒരു മതേതര രാഷ്ട്രമായി പ്രഖ്യാപിച്ചു. അതവർ മതങ്ങൾക്ക് എതിരായിരുന്നതു കൊണ്ടല്ല, മറിച്ച്, പല മതങ്ങളുടേതുമായ ആഴത്തിലുള്ള സംസ്കാരം ഉള്ള നാട്ടില്‍, ഒരു മതേതര രാഷ്ട്രത്തിനു മാത്രമേ, ഓരോ ഇന്ത്യാക്കാരനും സ്വന്തം വിശ്വാസത്തിനനുസരിച്ച് ജീവിക്കുവാനും ആരാധിക്കുവാനും ഉള്ള അവകാശം നൽകുവാൻ കഴിയൂ എന്നത് മനസ്സിലാക്കിയതു കൊണ്ടാണ്.

ഈ തീരുമാനമെടുത്ത കോൺസ്റ്റിറ്റ്യുവന്റ് അസ്സംബ്ലിയിൽ ഭൂരിപക്ഷവും ഹിന്ദുക്കളായിരുന്നുവെങ്കിലും എല്ലാ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യം, സമത്വം സാഹോദരത്വം എന്ന് ആമുഖത്തിൽ തന്നെ ഉറപ്പാക്കുന്ന ഭരണഘടനയാണവർ തയ്യാറാക്കിയത്. ഈ മഹത്തായ ആശയം മുൻപോട്ടു വച്ചത്, നമ്മുടെ ഭരണഘടനയുടെ ശില്‍പ്പിയും ജാതിവ്യവസ്ഥയെക്കെതിരായ വിപ്ലവത്തിനു തുടക്കം കുറിച്ച മഹാനായ, മഹാരാഷ്ട്രക്കാരനുമായ അംബേദ്കറാണ്. ആ മഹത് ആദർശമാണിപ്പോൾ വലിച്ചെറിയപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളും ഹിന്ദുരാഷ്ട്ര അജണ്ടയെ പിന്തുണയ്ക്കാത്തവരുമായവർ തെരുവിൽ മതഭ്രാന്തരുടെ ആക്രമണലക്ഷ്യമാകുന്നു. അടുത്ത കാലത്ത് വ്യാജമായ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് അഞ്ചു പൗരന്മാർ അറസ്റ്റിലായതു നാം കണ്ടു.

അറസ്റ്റ് ചെയ്യപ്പെട്ട ആക്ടിവിസ്റ്റുകൾ

ആദിവാസികളുടെയും വനങ്ങളുടെയും അവകാശങ്ങൾക്കായും പാർശ്വവൽകൃതരുടെ നീതിക്കായും വർഷങ്ങൾ ചെലവഴിച്ച വ്യക്തികളുണ്ട്. ക്രിസ്തീയ ദേവാലയങ്ങൾ തകർക്കപ്പെടുന്നു, ക്രിസ്ത്യാനികൾ സുരക്ഷാഭീതിയിലാകുന്നു. പശുക്കളെ കൊന്നെന്നോ പശുമാംസം കഴിച്ചെന്നോ ഉള്ള ആരോപണങ്ങൾക്കു മറവിൽ ആൾക്കൂട്ടം മുസ്ലിങ്ങളെ ആക്രമിക്കുകയും വധിക്കുകയും ചെയ്യുന്നു. നിയമവാഴ്ചയുടെ അഭാവം ടി വി വാർത്തകൾ നമ്മോടു പറയുന്നു. ഉത്തര്‍പ്രദേശില്‍, അധികാരികൾ കാഴ്ചക്കാരായി നിൽക്കുമ്പോൾ ഗോരക്ഷയുടെ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾ പതിവാകുന്നു. ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക സ്വഭാവം കൈവരുമ്പോള്‍, ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ സംഭവിച്ചിരിക്കുന്നത് പോലെ, എവിടേയ്ക്കാണ് നാം നീതിയ്ക്കായി പോവുക? ഭരണകൂടത്തിന്റെ പിന്തുണയുള്ള ആൾക്കൂട്ടങ്ങൾ, പ്രതിരോധിക്കാനാകാത്ത നിസ്സഹായരായ ജനങ്ങളെ പലയിടത്തും ആക്രമിക്കുന്നു. ഇവയിലെ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല. പകരം പലയിടത്തും ഇരകൾ കുറ്റാരോപിതരാകുന്നു, കുറ്റവാളികൾ അനുമോദിക്കപ്പെടുന്നു. അനവധി ഇന്ത്യാക്കാർ, അവർ ഇതു വരെ ജീവിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന, അവർക്കവകാശമുള്ളതുനായ ശൈലികൾ തുടരുവാനാകാതെ ഭീതിയിലും ദുരിതത്തിലുമാണെന്നതാണിതിലെ മാനുഷിക ഘടകം. അവരിലെ ദരിദ്രരും നിസ്സഹായരുമായവർ – പലരും വീടും ഗ്രാമങ്ങളും വിട്ടു പോകുവാൻ നിർബന്ധിതരായിരിക്കുന്നു – തൊഴിലോ വരുമാനമോ സഹായമോ പ്രതീക്ഷയോ ഭാവിയോ ഇല്ലാതെ ജീവിതം കഴിച്ചു കൂട്ടുന്നു.

ഞാൻ നോവലുകളെഴുതുന്നു, എന്റെ കഥകളുടെ ഇതിവൃത്തങ്ങൾ രാഷ്ട്രീയപരമാണ്. ഇതിവൃത്തം നാം തെരഞ്ഞെടുക്കുകയല്ലെന്നു നമ്മൾ എഴുത്തുകാർക്കറിയാം. ഇതിവൃത്തത്തിൽ നിന്നും നമുക്കു ചുറ്റുമുള്ള അന്തരീക്ഷത്തിൽ നിന്നുമാണു നാം കഥകൾ ചമയ്ക്കുന്നത്. സ്വാതന്ത്ര്യസമരകാലത്തു വളർന്നതു കൊണ്ട്, അക്കാലത്തിന്റെ മൂല്യങ്ങളും അതു സൃഷ്ടിച്ച രാഷ്ട്രവും എന്റെ സാഹിത്യത്തിനും സാഹിത്യേതര രചനകൾക്കുമുള്ള നിർമ്മാണവസ്തുക്കളാകുന്നു. ആധുനിക ഇന്ത്യയുടെ നിർമ്മാണവുമായി ബന്ധപ്പെട്ടവയായാണു എന്റെ നോവലുകള്‍ എന്നാണു ഞാൻ കരുതുന്നത്. പക്ഷേ, എന്റെ അവസാനത്തെ രണ്ടു നോവലുകൾ നാം ജീവിക്കുന്ന കാലത്തെക്കുറിച്ചായതിനാൽ, അവ ആധുനിക ഇന്ത്യയുടെ വിധ്വംസനവുമായി ബന്ധപ്പെട്ടവയാകുന്നു.

നാം എഴുത്തുകാരായതു കൊണ്ട്, ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ നമ്മുടെ സഹ-എഴുത്തുകാർക്കും കലാകാരന്മാർക്കും എന്താണു സംഭവിക്കുന്നതെന്നു നോക്കാം. ചോദ്യങ്ങളുന്നയിക്കുന്ന മനസ്സിനും, സർഗ്ഗാത്മക സങ്കല്‍പ്പങ്ങൾക്കും ആവിഷ്കാരസ്വാതന്ത്ര്യത്തിനും സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ യാതൊരു സ്ഥാനവുമില്ല. ജനാധിപത്യാവകാശങ്ങളും ചിന്താസ്വാതന്ത്ര്യവും ബഹുമാനിക്കപ്പെടാത്ത കാലത്ത് എഴുത്ത് അപകടകരമായ ഒരു പ്രവർത്തനമായി മാറുന്നു. ലോകമെമ്പാടുമുള്ള സ്വേച്ഛാധിപത്യഭരണങ്ങളുടെ കീഴിൽ, എല്ലാക്കാലത്തും ഇതിങ്ങനെയായിരുന്നു, കല ഭരണകൂടത്തിനു കീഴിലാകുകയും നിയന്ത്രണരേഖ മറികടന്നാൽ എഴുത്തുകാർ പീഡനങ്ങൾക്കും ശിക്ഷകൾക്കും വിധേയരാകുകയും ചെയ്തിരുന്നു. സ്റ്റാലിന്റെ സോവിയറ്റ് യൂണിയനിലെ യുവ കവി ജോസഫ് ബ്രോഡ്സ്കിയുടെ ഉദഹരണമെടുക്കാം.

അറസ്റ്റ് ചെയ്യപ്പെട്ട ബ്രോഡ്സ്കിയെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ ഒരു പേപ്പർ എടുത്തു കാണിച്ചു കൊണ്ടു ചോദിച്ചു, “നിങ്ങൾ കവിയാണ്‌ എന്ന് സ്വയം കരുതുന്നുണ്ടോ? ഇതൊരു കവിതയാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? സോവിയറ്റ് യൂണിയന് ഭൌതികലാഭമൊന്നുമുണ്ടാക്കുന്നില്ലെങ്കിൽ ഇതൊരു കവിതയല്ല.” അദ്ദേഹം ജയിലിലടയ്ക്കപ്പെട്ടു. വർഷങ്ങൾക്കു ശേഷം ജോസഫ് ബ്രോഡ്സ്കി സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി. റഷ്യയിൽ നിന്നുള്ള മറ്റൊരു പ്രധാന ഉദാഹരണമാണു സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ വർഷങ്ങളോളം കഠിനതടവിനു ശിക്ഷിക്കപ്പെട്ട എഴുത്തുകാരനായ സോൾ‌ഷെനിറ്റ്സിൻ, അദ്ദേഹവും സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി. കലയെയും സാഹിത്യത്തെയും കുറിച്ച് അതേ അജ്ഞതയാണിപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്. എഴുത്തുകാർ വിധേയരാകുന്നത് അതേ അറിവുകെട്ട വിമർശനത്തിനാണ്, ഒരുപക്ഷേ അതിലും മോശപ്പെട്ടത്.

അന്ധവിശ്വാസത്തെ പിന്തുണയ്ക്കാത്തതിന്റെ പേരിൽ മൂന്നു പ്രമുഖ മഹാരാഷ്ട്രിയൻ യുക്തിവാദികളായ നരേന്ദ്ര ധബോൽക്കർ, ഗോവിന്ദ് പൻസാരെ, എം എം കൽബുർഗി എന്നിവർ വെടിയുണ്ടകൾക്കിരയായി. ഹിന്ദുത്വത്തിനെതിരായ സ്വതന്ത്രാഭിപ്രായങ്ങളുടെ പേരിൽ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടു. മറ്റുള്ളവർക്ക് വധ ഭീഷണിയും എഴുത്തിനു വിലക്കുമുണ്ടാകുന്നു. നിങ്ങളുടെ പുസ്തകം പ്രസിദ്ധീകരിക്കരുത്, അല്ലെങ്കിൽ ഞങ്ങളതു കത്തിക്കും, നിങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കരുത്, ഞങ്ങളവ നശിപ്പിക്കും, എന്നും ഞങ്ങളോടു പറയുന്നു. ഈ രംഗത്തെ സംഭാഷണം മാറ്റൂ, അടുത്ത രംഗം ഒഴിവാക്കൂ, അല്ലെങ്കിൽ അവ പ്രദർശിപ്പിക്കുവാൻ അനുവദിക്കില്ല , അഥവാ പ്രദേശിപ്പിച്ചാൽ ഞങ്ങൾ തിയേറ്ററുകൾ ആക്രമിക്കും, ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും അനുവദിക്കില്ല എന്നവർ സിനിമാ നിർമ്മാതാക്കളോടു പറയുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ അവർ പറയുന്നതിതാണ് : പറയുന്നതനുസരിച്ചു മാത്രം ചെയ്യുക, അല്ലെങ്കിൽ നിങ്ങളുടെ ജീവനും കലയും സുരക്ഷിതമായിരിക്കില്ല. പക്ഷേ സർഗ്ഗാത്മക ഭാവനയ്ക്ക് ഭരണകൂടത്തിന്റെയോ ജനക്കൂട്ടത്തിന്റെയോ കല്‍പ്പനകൾ സ്വീകരിക്കാനാകില്ല. വികാരങ്ങൾ വ്രണപ്പെടുത്തുക എന്ന പ്രശ്നം തന്നെ അസംബന്ധമാണ്. നൂറു കോടി ജനങ്ങൾക്ക് ഒരേ രീതിയിൽ ചിന്തിക്കുക സാധ്യമല്ല. ഓരോ സമുദായത്തിനും വിഭിന്ന പ്രശ്നങ്ങളിൽ അവരവരുടേതായ കാഴ്ചപ്പാടുകളും വൈകാരികതകളുമുണ്ട്. പക്ഷേ എന്താണു ശരിയെന്നും എന്താണു തെറ്റെന്നും നിശ്ചയിക്കുന്നത് വൈകാരികതകളല്ല. ചിലയിടങ്ങളിൽ വികാരങ്ങൾ വ്രണപ്പെടുത്തുക എന്നതു പോലും നമ്മുടെ കർത്തവ്യമാണ്. വികാരങ്ങൾ വ്രണപ്പെടുത്തുന്നതിനു നമുക്കു വിലക്കുണ്ടായിരുന്നുവെങ്കിൽ, നാമിന്നും വിധവകളെ കത്തിക്കുമായിരുന്നു, ഒരു തരത്തിലും പെട്ട പരിഷ്കാരങ്ങൾ ഇവിടെ സംഭവിക്കുമായിരുന്നുമില്ല.

ഹിന്ദു കോഡ് ബിൽ ചർച്ച ചെയ്യപ്പെടുകയും സന്യാസിമാർ പാർലമെന്റിനു നേരെ കല്ലേറു നടത്തുകയും ചെയ്തപ്പോൾ പല വികാരങ്ങളും വ്രണപ്പെടുകയുണ്ടായി. പക്ഷേ ആ ബിൽ പാസ്സായില്ലായിരുന്നുവെങ്കിൽ, ഹിന്ദു സ്ത്രീകൾക്ക് അവകാശങ്ങളൊന്നും തന്നെ ലഭ്യമാകുകയില്ലായിരുന്നു.

ഇന്ത്യന്‍ ചരിത്രവും ഭരണകൂടത്തിന്റെ അധീനതയിലാകുമ്പോള്‍ ചരിത്രകാരന്മാർ അഗ്നിപരീക്ഷകളില്‍ കൂടി കടന്നു പോകുന്നു. ചിലയിടങ്ങളിൽ ഭൂതകാലത്തിന്റെ പല അടരുകളും വികലമാക്കുകയോ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയോ ചെയ്തിരിക്കുന്നു. ചരിത്രം പുനർ രചിക്കുവാനും, തിരുത്തിയെഴുതുവാനുമായി, പ്രത്യേകമായി തെരഞ്ഞെടുക്കപ്പെട്ട ഹിന്ദുത്വവീക്ഷണക്കാരാണതു ചെയ്തത്. ഒരു ഇന്ത്യൻ ചരിത്രകാരനും ചരിത്രത്തിന്റെ തിരുത്തിയെഴുത്തുകാരും തമ്മിലുള്ള ഒരു സംഭാഷണം ഞാൻ എഴുതുകയാണെങ്കിൽ ഇങ്ങനെയായിരിക്കും: “ഹൽദിഘാട്ടിയിലെ യുദ്ധത്തിൽ അകബ്ര്‍ വിജയിച്ചിരുന്നു, പക്ഷേ അദ്ദേഹം പരാജയപ്പെട്ടു എന്നു ഈ പുസ്തകത്തിൽ നിങ്ങളെഴുതിയിരിക്കുന്നു, എങ്ങനെ?” തിരുത്തിയെഴുത്തുകാർ നൽകുന്ന ഉത്തരം: “അക്ബര്‍ തോറ്റു എന്ന് ഞാന്‍ തീരുമാനം എടുത്തത്‌ കൊണ്ട്. ഇനി ഞങ്ങള്‍ പറയുന്നതാണ് ചരിത്രം.” ഇങ്ങനെ മാറ്റിയെഴുതപ്പെട്ട പല ഗ്രന്ഥങ്ങളും മുഗൾ സാമ്രാജ്യത്തെ തുടച്ചു മാറ്റിയിരിക്കുന്നു, ഭൂതകാലത്തെ തുടച്ചു മാറ്റിയിട്ടും തൃപ്തിയാകാതെ, അതിന്റെ അവശേഷിപ്പുകളെ അവര്‍ നശിപ്പിക്കുകയും ചെയ്യുന്നു.

ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടു, അതു പോലെ റോഡുകളുടെയും നഗരങ്ങളുടെയും മുസ്ലിം/മുഗൾ നാമങ്ങളും മാറ്റപ്പെടുന്നു. ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയ നെഹ്രുവിന്റെ പേര് പല പാഠപുസ്തകങ്ങളും ഒഴിവാക്കിയിരിക്കുന്നു. ‘ഈശ്വർ അള്ളാ തേരെ നാം, സബ് കോ സന്മതി ദേ ഭഗവാൻ’ എന്ന മന്ത്രം നമുക്കു തന്ന തന്നെ മഹാത്മാഗാന്ധി ഈ മതഭ്രാന്തിന്റെ ബലിയാടായി. ഗാന്ധിയുടെ അഹിംസാ സിദ്ധാന്തം ഇന്ത്യക്കാരുടെ ധീരതയെ നശിപ്പിച്ച്, അവരെ ഭീരുക്കളാക്കിയതായി വിമർശിക്കപ്പെടുന്നു. ഒരു സായുധസാമ്രജ്യത്തെ, നിരായുധരായി നേരിട്ടതിലും വലിയ ധീരതയില്ലെന്ന് വ്യക്തിപരമായി ഞാൻ വിശ്വസിക്കുന്നു. എന്റെ നോവലുകളിലൊന്നായ ‘ലെസ്സർ ബ്രീഡ്സ്’ ആ അനന്യകാലഘട്ടത്തിനുള്ള ശ്രദ്ധാഞ്‌ജലിയാണ്.

ഇതെല്ലാം മായ്ക്കപ്പെടുമ്പോൾ, സ്വാതന്ത്യ ലബ്ദി മുതൽ നാം പരിപോഷിപ്പിച്ചെടുത്ത ശാസ്ത്രീയ ചിന്തകളുടെ ചട്ടക്കൂടുകള്‍ കൂടിയാണ് നഷ്ടമാകുന്നത്. കെട്ടുകഥകളും ഐതിഹ്യങ്ങളും കൊണ്ട് നിറഞ്ഞ മധ്യകാലീന മനഃസ്ഥിതി പകരമായെത്തുന്നു.

നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി

സ്വാതന്ത്ര്യാനന്തരം നാം നിർമ്മിച്ച പ്രമുഖ സ്ഥാപങ്ങളെപ്പറ്റി നാം അഭിമാനിച്ചിരുന്നു, പക്ഷേ, സാഹിത്യമോ കലയോ ചരിത്രമോ ശാസ്ത്രമോ, സംസ്കാരമോ വിദ്യാഭ്യാസമോ ഏതുമായും ബന്ധമുള്ള സ്ഥാപനങ്ങളാകട്ടെ, അവയും ഭരണകൂടത്തിനു കീഴിലാക്കപ്പെടുന്നു. നമ്മുടെ പൊതു സർവ്വകലാശാലകൾ, മ്യൂസിയങ്ങൾ, അക്കാദമികൾ എന്നിവയൊന്നും തന്നെ ഇപ്പോൾ സ്വതന്ത്രസ്ഥാപനങ്ങളല്ല. നമ്മുടെ സ്ഥാപനങ്ങൾക്കു നേരെയുള്ള ആക്രമണത്തിന്റെ ആദ്യകാല ഉദാഹരണമാണ് നെഹ്രു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറി. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി ഇപ്പോൾ ഹിന്ദുത്വവാദികളുടെ വിദ്വേഷത്തിന്റെ ലക്ഷ്യമായി തുടരുന്നു. ഒരു ഹിന്ദു എന്ന നിലയിലും സനാതന ധർമ്മമെന്നറിയപ്പെടുന്ന മഹദ് പൈതൃകത്തിന്റെ വിശ്വാസി എന്ന നിലയിലും എനിക്ക് ഹിന്ദുത്വ സ്വീകാര്യമല്ല.

നാനാത്വത്തിനും വിയോജിപ്പിനും സംവാദത്തിനും മേൽ പ്രഖ്യാപിക്കപ്പെട്ട ഈ യുദ്ധത്തിൽ, സ്വാതന്ത്ര്യവാദികൾ നിശബ്ദരായിരിക്കുന്നില്ല. മൗലികാവകാശങ്ങൾ നശിപ്പിക്കപ്പെടുന്നതിനെതിരായി പ്രക്ഷോഭങ്ങളും റാലികളും ഉണ്ടാകുന്നുണ്ട്. ജോലിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ പണ്ഡിതർ, ചരിത്രകാരന്മാർ, ശാസ്ത്രജ്ഞർ, അഭിഭാഷകർ, ദളിതുകൾ ആദിവാസികൾ, കർഷകർ എന്നിവരെല്ലാം തങ്ങളുടെ അവകാശങ്ങൾക്കായി സമരം ചെയ്യുന്നുണ്ട്. ഈ പ്രദേശത്തെ വൻ‌തോതിലുള്ള കർഷക ആത്മഹത്യ അവരുടെ നിസ്സഹായാവസ്ഥയെ കാണിച്ചു തരുന്നു. അംബേദ്കറുടെ നാമത്തിലുള്ള ‘ഭീം ആർമി’ അവരുടെ ശബ്ദം ഉച്ചത്തിൽ മുഴക്കുന്നുണ്ട്, അംബേദ്കറും ഇ വി രാമസാമി പെരിയാറും, തങ്ങളെ താഴ്ന്ന പദവിയിൽ നിലനിർത്തുന്ന ജാതിവ്യവസ്ഥയുടെ നികൃഷ്ട നിയമങ്ങൾക്കെതിരായി പരസ്യമായി മനുസ്മൃതി കത്തിച്ചു കൊണ്ടു നടത്തിയ പോരാട്ടത്തിന്റെ പിന്തുടർച്ചയാണീ സമരങ്ങളെന്ന് അവർ നമ്മെ ഓർമ്മിപ്പിക്കുന്നു. സംഗീതജ്ഞൻ ടി എം കൃഷ്ണയും ചരിത്രകാരൻ രാമചന്ദ്രഗുഹയും ശക്തമായ വ്യക്തിഗത പ്രക്ഷോഭങ്ങൾ നടത്തുന്നവരിൽ പ്രമുഖരാണ്. കൃഷ്ണയുടെ കച്ചേരി റദ്ദാക്കപ്പെടുകയും ഗുഹയ്ക്ക് വധഭീഷണി ലഭിക്കുകയും ചെയ്തിരുന്നു. ഇസ്ലാമിനെതിരായ യുദ്ധത്തെപ്പറ്റിയും ഭാവിതലമുറയെയോർത്ത് താൻ ഭയക്കുന്നതിനെപ്പറ്റിയും മഹാനടനായ നസിറുദ്ദീൻ ഷാ അടുത്തയിടയ്ക്ക് പറഞ്ഞിരുന്നു.

ഈ സന്ദർഭത്തിൽ, എഴുത്തുകാർക്ക് എന്താണു ചെയ്യാനാകുന്നത്? ഉത്തരമിതാണ്: നമുക്കെഴുതാനാകും. എഴുത്തുകാർ വിവാദത്തിലിടപെടുകയും പക്ഷം ചേരുകയും ചെയ്യുമ്പോൾ അതിന്റെ ഫലമായിട്ടാണു നല്ല സാഹിത്യമുണ്ടായിട്ടുള്ളത്. ആ ഇടപെടൽ തർക്കത്തിനോ പ്രചാരത്തിനോ വേണ്ടിയുള്ളതായിരുന്നില്ല. അവരുടെ നാടകങ്ങളും കവിതകളും നോവലുകളും ജനങ്ങളെക്കുറിച്ചുള്ളതാണ്, ആശയങ്ങളെക്കുറിച്ചല്ല. അവ എഴുതിയത്, തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ ആഴങ്ങളെ ഉൾക്കൊണ്ടവരാണ്. എഴുത്തുകാർ ദന്തഗോപുരങ്ങളിലല്ല വസിക്കുന്നത്. നന്മയ്ക്കും തിന്മയ്ക്കുമിടയിൽ, ശരിയ്ക്കും തെറ്റിനുമിടയിൽ, നാം എഴുത്തിലൂടെ പക്ഷം ചേരുന്നു. പല ദേശങ്ങളിൽ നിന്നുള്ള ആഗോളമായ മഹദ് സാഹിത്യം ഇങ്ങനെയാണു സൃഷ്ടിക്കപ്പെട്ടത്. അവയാണു തലമുറകളെ അതിജീവിച്ച് സജീവമായി എക്കാലവും നിലകൊള്ളുന്നത്. നാം തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ കൊണ്ട്, നാമെഴുതുന്ന കഥകൾ കൊണ്ട്, നാമെഴുതുന്ന രീതികൾ കൊണ്ട്, എവിടെയാണു നിൽക്കുന്നതെന്ന് നമുക്കടയാളപ്പെടുത്തുവാനാകും. അമ്മൂമ്മയുടെ പാചകത്തെപ്പറ്റിയോ മേൽക്കൂരയിൽ പതിക്കുന്ന മഴയെപ്പറ്റിയോ നമ്മുടെ പ്രിയപ്പെട്ടയാളിന്റെ ശരീരത്തെപ്പറ്റിയോ എന്തുമാകട്ടെ, നാമെഴുതുന്ന ഓരോ വാക്കും വ്യക്തമായി അടയാളപ്പെടുത്തുന്നത് നാം നിൽക്കുന്ന ഇടത്തെയാണ്. എഴുത്ത്, മറ്റെല്ലാ സർഗ്ഗാത്മക കലകളെയും പോലെ, പൊളിറ്റിക്കൽ ആക്ടിവിസത്തിന്റെ ശക്തമായ ഒരു രൂപമാണ്, അത് വിപ്ലവത്തിന്റെ ഒരു മാർഗ്ഗവുമാണ്. അതു കൊണ്ടാണു സ്വേച്ഛാധികാരികൾ അതിനെ ഇത്രയധികം ഭയക്കുകയും നിയന്ത്രിക്കുവാൻ നടപടികളെടുക്കുകയും ചെയ്യുന്നത്.

എഴുത്തുകാരുടെ പ്രക്ഷോഭം ആരംഭിച്ചത് മൂന്നു വർഷം മുൻപ് അവാർഡ് തിരിച്ചു കൊടുക്കൽ സമരത്തിലൂടെയാണ്. അവാർഡ് ജേതാവായ എഴുത്തുകാരൻ ഡോ. ധബോൽക്കറുടെ വധത്തെപറ്റി അക്കാദമി നിശബ്ദത പാലിച്ചതിനെത്തുടർന്ന് നമ്മളിൽ നൂറു കണക്കിനു പേർ സാഹിത്യ അക്കാദമി അവാർഡുകൾ തിരികെക്കൊടുത്തു. ദരിദ്രനായ കൊല്ലപ്പണിക്കാരൻ മുഹമ്മദ് അഖ്‌ലാഖിനെ ദാദ്രിയിലെ ആൾക്കൂട്ടം അടിച്ചു കൊന്നതിനു ശേഷം നമ്മുടെ പ്രക്ഷോഭം കൂടുതൽ ശക്തമാകുകയും മനുഷ്യാവകാശത്തിനും ജനാധിപത്യത്തിനും മേലുള്ള ആക്രമണങ്ങളെക്കൂടി പ്രതിരോധിക്കുന്ന വിധത്തിൽ വിശാലമാകുകയും ചെയ്തു.

ടി.എം.കൃഷ്ണ

ഞാനിവിടെ വിദേശ എഴുത്തുകാരുടെ കൃതികളെക്കുറിച്ച് സൂചിപ്പിച്ചു. .അവയെല്ലാം എന്‍റെ മനസ്സില്‍ പതിഞ്ഞു കഴിഞ്ഞു കാരണം അവയില്‍ ചിലതിന്റെ പരിഭാഷകള്‍ എനിക്ക് വായിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ വിവിധ ഭാഷകളിലുള്ള ഇന്ത്യന്‍ കൃതികളുടെ അവസ്ഥയെന്താണ് ? പരിഭാഷകളുടെ അഭാവം കൊണ്ട് നമുക്ക് പരസ്പരം വായിക്കപ്പെടാന്‍ കഴിയുന്നില്ല എന്നത് ഏറെ പരിതാപകരമായ ഒരു സംഗതിയാണ്. നമ്മുടെ സംഗീതവും നൃത്തവും നാടകവും സിനിമയും എല്ലാം നമ്മളെ ഒന്നിച്ച് നിര്‍ത്തുമ്പോള്‍ സാഹിത്യമാവട്ടെ നമ്മളെ വിഭജിച്ചു തന്നെ നിര്‍ത്തുന്നു. നമുക്ക് പരസ്പരം വായിക്കാന്‍ കഴിയാത്തിടത്തോളം പരസ്പരം അറിയാനും കഴിയില്ല . പ്രസാധകര്‍ ഈ വിടവ് നികത്തും എന്നാണു എനിക്കാകെ പ്രതീക്ഷിക്കാനുള്ളത്‌. അങ്ങനെ ഭാരതീയ സാഹിത്യകൃതികള്‍ ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനും ലഭ്യമാവുകയും ചെയ്യും.

മഹാരാഷ്ട്രയിലെ സ്ത്രീ എഴുത്തുകാര്‍ക്ക് എന്‍റെ പ്രത്യേക കൃതജ്ഞത ഞാന്‍ രേഖപ്പെടുത്തുന്നു . കാരണം സ്ത്രീകള്‍ക്ക് തങ്ങളുടെ ജീവിതാനുഭവങ്ങള്‍ വാക്കുകളായി കടലാസിലേക്ക് പകര്‍ത്തേണ്ടി വരുമ്പോള്‍ മറികടക്കേണ്ടി വരുന്ന ദുര്‍ഘടങ്ങള്‍ ഏറെയാണ് . അവര്‍ക്ക് ഭര്‍ത്താവിനെയോ കുടുംബത്തെയോ സമൂഹത്തെയോ എഴുത്തിനിടയില്‍ പ്രതിക്കൂട്ടിലാക്കേണ്ടാതായി വരികയും അതിന്റെ പ്രത്യാഘാതങ്ങളെ തരണം ചെയ്യേണ്ടതായും വരും . അവരുടെ ധീരതയും സര്‍ഗ്ഗശേഷിയും കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു .

എനിക്കിവിടെ നിങ്ങളോടു സംസാരിക്കുവാൻ അവസരം നൽകിയതിനു സംഘാടകരോടു ഞാൻ നന്ദി പറയുന്നു. നമ്മുടെ രാജ്യമൊരു പ്രതിസന്ധി ഘട്ടത്തിലായതിനാൽ ഞാൻ ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണു പറഞ്ഞത്. നാമേതു വഴിയ്ക്കു പോകും, സ്വാതന്ത്ര്യത്തിലേയ്ക്കോ അതിൽ നിന്നകന്നോ എന്നുള്ളത് മറ്റു പലതിനെയുമെന്നതുപോലെ നമ്മുടെ എഴുത്തിനെയും നിശബ്ദരാക്കുന്നതിനോടും ആക്രമിക്കുന്നതിനോടുമുള്ള നമ്മുടെ ചെറുത്തുനില്‍പ്പിനെയും ആശ്രയിച്ചിരിക്കുന്നു. വധിക്കപ്പെട്ട ഇന്ത്യാക്കാരുടെ സ്മരണയിൽ, വിയോജിപ്പിനുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നവരെയും ഭയത്തിലും അരക്ഷിതത്വത്തിലും ജീവിക്കുമ്പോഴും തങ്ങളുടെ അഭിപ്രായം തുറന്നു പറയുന്ന വിമതവിശ്വാസികളെയും പിന്തുണയ്ക്കുവാനായി നമുക്ക് സ്വാതന്ത്ര്യത്തിന്റെ പാത തെരഞ്ഞെടുക്കാം.

എന്റെ വാക്കുകൾ കേട്ടതിനു നന്ദി.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Nayantara sahgal marathi sahitya sammelan speech malayalam