scorecardresearch

ആരോഗ്യം അന്യമാക്കുന്ന നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍

"ഒരു വശത്ത് ബ്രിഡ്ജ് കോഴ്സിലൂടെ ആയുഷ് ഡോക്ടർമാരെ ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നു, മറുവശത്ത് ആധുനിക വൈദ്യശാസ്ത്രം പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളെ എക്സിറ്റ് എക്സാം വച്ച് പുറത്താക്കാനുളള നീക്കവും ഇത് ഇന്ത്യയുടെ ആരോഗ്യമേഖലയെ എങ്ങനെയാകും ബാധിക്കുക" ഡോക്ടറായ ലേഖകൻ എഴുതുന്നു

"ഒരു വശത്ത് ബ്രിഡ്ജ് കോഴ്സിലൂടെ ആയുഷ് ഡോക്ടർമാരെ ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകുന്നു, മറുവശത്ത് ആധുനിക വൈദ്യശാസ്ത്രം പഠിച്ച് പുറത്തിറങ്ങുന്ന വിദ്യാർത്ഥികളെ എക്സിറ്റ് എക്സാം വച്ച് പുറത്താക്കാനുളള നീക്കവും ഇത് ഇന്ത്യയുടെ ആരോഗ്യമേഖലയെ എങ്ങനെയാകും ബാധിക്കുക" ഡോക്ടറായ ലേഖകൻ എഴുതുന്നു

author-image
Dr. Rajesh Kumar M.P.
New Update
dr.rajesh kumar mp

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വേണ്ടി 1956ലെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരമാണ് ഇന്നത്തെ രൂപത്തിലുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രൂപം കൊള്ളുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ രൂപകല്പനയും ബിരുദങ്ങള്‍ക്ക് അംഗീകാരം കൊടുക്കുന്നതും കോളേജുകള്‍ക്ക് അനുമതി കൊടുക്കുന്നതും മാത്രമല്ല, മെഡിക്കല്‍ പ്രാക്റ്റീസിന്റെ നിയന്ത്രണവും കൗണ്‍സിലിന്റെ അധികാര പരിധിയിലായിരുന്നു.

Advertisment

കൊടികുത്തിയ അഴിമതിയുടെ കഥകള്‍ പുറത്തുവന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ കേതന്‍ ദേശായിക്കെതിരെയടക്കം സിബിഐ കേസെടുക്കുന്ന സ്ഥിതിയായപ്പോള്‍ 2010 ല്‍ കൗണ്‍സില്‍ പിരിച്ചുവിട്ടെങ്കിലും 2013 ല്‍ പുതിയ കൗണ്‍സില്‍ പ്രാബല്യത്തില്‍ വന്നു. പിന്നീട് സുപ്രീം കോടതി, മെഡിക്കല്‍ കൗണ്‍സിലിന് പകരം പുതിയ സം‌വിധാനമൊരുക്കാന്‍, കേന്ദ്ര സർക്കാരിന് നിര്‍ദ്ദേശം നല്‍കി. പ്ലാനിങ് കമ്മീഷന് പകരമായി വന്ന നിതി ആയോഗ് ആണ് മെഡിക്കല്‍ കൗണ്‍സിലിന് പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ കൊണ്ടുവരുന്നത്. ഇന്ന് അവതരിപ്പിക്കപ്പെടുന്ന ബില്‍, അസമിലെ ദേശീയ പൗരത്വ പട്ടികയുമായി ബന്ധപ്പെട്ട വിവാദം സഭയെ പ്രക്ഷുബ്ധമാക്കുന്നില്ലെങ്കില്‍, ലോക്‌സഭയിൽ പാസാക്കാനാണ് സാധ്യത.

ഇപ്പോള്‍ മെഡിക്കല്‍ കൗണ്‍സിലിന് കീഴില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവരെ എന്‍‌റോള്‍ ചെയ്യിക്കാന്‍ സ്റ്റേറ്റ് കൗണ്‍സിലുകള്‍ എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട്. അവയുടെ അദ്ധ്യക്ഷന്മാരും വിവിധ സര്‍‌വകലാശാലകളുടെ പ്രതിനിധികളും റജിസ്റ്റേഡ് മെഡിക്കല്‍ ബിരുദധാരികളുടെ പ്രതിനിധികളും കൂടാതെ കേന്ദ്രസര്‍ക്കാര്‍ നോമിനികളായ എട്ട് ഡോക്ടര്‍മാരുമടക്കം 112 അംഗ കൗണ്‍സിലിനാണ് ഇപ്പോഴത്തെ ഭരണച്ചുമതല.  നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വരുമ്പോള്‍ അതില്‍ കേന്ദ്ര സർക്കാർ നോമിനേറ്റ് ചെയ്യുന്ന 25 പേരാണുണ്ടാവുക. അതില്‍ത്തന്നെ എണ്‍പത് ശതമാനവും തിരഞ്ഞെടുക്കപ്പെടുന്നവരല്ല, മറിച്ച്, നിയമിക്കപ്പെടുന്നവരായിരിക്കും. സര്‍ക്കാര്‍ ഇച്ഛിക്കുന്ന രാഷ്ട്രീയ പ്രതിനിധികളും ബ്യൂറോക്രാറ്റുകളുമാണ്, ഡോക്ടര്‍മാരല്ല, രാജ്യത്തിന്റെ ആരോഗ്യനയവും മെഡിക്കല്‍ വിദ്യാഭ്യാസ നയവുമെല്ലാം രൂപപ്പെടുത്താന്‍ പോവുന്നതെന്നര്‍ഥം. കമ്മീഷനില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യം ഉണ്ടാവുകയില്ല എന്നു മാത്രമല്ല, പത്തുവര്‍ഷത്തിലൊരിക്കല്‍ എന്ന മട്ടില്‍ ഊഴമിട്ടായിരിക്കും അംഗത്വം ലഭിക്കുക തന്നെ! സംസ്ഥാന കൗണ്‍സിലുകളും ആരോഗ്യ സര്‍‌വകലാശാലകളുടേയും പ്രസക്തി നഷ്ടമാവുമെന്നുറപ്പ്.dr.rajesh kumar mp

കരട് ബില്‍ വന്നപ്പോള്‍ത്തന്നെ ശക്തമായ എതിര്‍പ്പ് വന്നതുകൊണ്ട് ചില ഭേദഗതികള്‍ വരുത്തിക്കൊണ്ടാണ് ഇന്നത് അവതരിപ്പിക്കപ്പെടുക. ആയുഷ് ഡോക്ടര്‍മാര്‍ക്ക് ബ്രിഡ്ജ് കോഴ്സ് ചെയ്താല്‍ മോഡേണ്‍ മെഡിസിന്‍ പ്രാക്റ്റീസ് ചെയ്യാമെന്ന നിര്‍ദ്ദേശത്തില്‍ ഭേദഗതിയുണ്ടെങ്കിലും വ്യക്തത വരുത്തിയിട്ടില്ല. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അനുവദിക്കാമെന്ന രീതിയില്‍, പിന്‍‌വാതില്‍ പ്രവേശനത്തിനു വഴിയൊരുക്കികൊണ്ടുള്ളതാണ് പുതിയ നിര്‍ദ്ദേശം. ഗ്രാമ പ്രദേശങ്ങളില്‍ ആവശ്യത്തിനു ഡോക്ടര്‍മാര്‍ ലഭ്യമല്ലാത്തതാണ്  'മിക്സോപ്പതി'ക്ക് കാരണമായി പറയുന്നതെങ്കിലും ഗ്രാമീണര്‍ക്ക് ഇതൊക്കെ മതിയെന്നുള്ള വ്യംഗ്യം കൂടിയുണ്ടതിന്.

Advertisment

നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഫീസ് നിര്‍ണ്ണയിക്കുന്നതിന് അതാത് സംസ്ഥാനങ്ങളില്‍ റെഗുലേറ്ററി കമ്മറ്റികളുണ്ട്. സുപ്രീം കോടതിയുടെ അനുശാസനപ്രകാരം പ്രവര്‍ത്തിക്കുന്ന കമ്മിറ്റികള്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലടക്കം അന്‍പത് ശതമാനം സീറ്റുകള്‍ മെറിറ്റില്‍, സ്റ്റേറ്റ് ഫീസില്‍ത്തന്നെ, ഉറപ്പുവരുത്തുന്നുണ്ട്. എന്‍ആര്‍ഐ. ക്വോട്ടയില്‍ ഉയര്‍ന്ന ഫീസുള്ള പതിനഞ്ചു ശതമാനം സീറ്റുകളേയുള്ളൂ, കച്ചവടമെന്ന രീതിയില്‍. മുപ്പത്തിയഞ്ചു ശതമാനം സീറ്റുകളില്‍ കമ്മിറ്റി നിശ്ചയിക്കുന്ന ഉയര്‍ന്ന ഫീസു മാത്രമേ മാനേജുമെന്റുകള്‍ക്ക് ഈടാക്കാനാവൂ. എന്നാല്‍ നാഷനല്‍ മെഡിക്കല്‍ കമ്മീഷന്‍ വരുന്നതോടു കൂടി അന്‍പത് ശതമാനം സീറ്റുകളിലും സാമ്പത്തിക സം‌വരണമാവും. ദരിദ്രരോ വരുമാനം കുറഞ്ഞ വീടുകളില്‍ നിന്നുള്ളവരോ ആയ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷനോ അര്‍ഹമായ ആനുകൂല്യങ്ങളോ ലഭ്യമാവുകയില്ല. എന്നു മാത്രമല്ല, സമ്പന്നര്‍ക്ക് മാത്രമെന്ന രീതിയില്‍ വഴിമാറിപ്പോവും മെഡിക്കല്‍ വിദ്യാഭ്യാസം. ഗ്രാമീണ സേവനത്തിന് എത്രമാത്രം തയ്യാറാവും ഈ സമ്പന്ന സം‌വരണ ഡോക്ടര്‍മാര്‍ എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്.

നാലരവര്‍ഷം കഠിനമായ പഠനരീതികളിലൂടെയും എണ്ണമറ്റ പരീക്ഷകളിലൂടെയും ജയിച്ചുവരുന്ന വിദ്യാര്‍ഥികള്‍ക്ക് അവസാന പരീക്ഷയായി ദേശീയ തലത്തില്‍ എക്സിറ്റ് എക്സാം വയ്ക്കാനുള്ള തീരുമാനം ആശങ്കാജനകമാണ്. ഒരു ഭാഗത്ത് നീണ്ട വര്‍ഷങ്ങള്‍ ഹോസ്റ്റലിലൊക്കെ നിര്‍ത്തി പഠിപ്പിച്ച് നടുവൊടിഞ്ഞ ദരിദ്ര/ ഇടത്തരം കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ഒരു എക്സിറ്റ് പരീക്ഷയും, മറുവശത്ത് യോഗ്യതയില്ലാത്തവരെ ബ്രിഡ്ജ് കോഴ്സ് വഴി തിരുകിക്കയറ്റാനുമുള്ള തീരുമാനവും!

ചുരുക്കത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസവും കരിയറും രാജ്യത്തെ ബഹുഭൂരിപക്ഷമായ താഴ്ന്ന സാമ്പത്തിക നിലയിലുള്ള ജനതയ്ക്ക് അപ്രാപ്യമാവുകയാണ് ഇന്നത്തെ ബില്‍ പാസാകുന്നതിലൂടെ സംഭവിക്കാന്‍ പോവുന്നത്.

Bill Health Medical Entrance

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: