കോവിഡ്-19 പ്രതിരോധത്തിനായി പ്രൈം മിനിസ്‌റ്റേഴ്‌സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റ്വേഷന്‍സ് ഫണ്ട് (പിഎം കെയേഴ്‌സ്) എന്ന പേരില്‍ പ്രത്യേക നിധി രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മാര്‍ച്ച് 28നു പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പിഎംഎന്‍ആര്‍എഫ്) ഉണ്ടെന്നിരിക്കെ പ്രത്യേക നിധിയുടെ ആവശ്യകതയെക്കുറിച്ച് നിരീക്ഷകര്‍ വളരെ പെട്ടെന്നു തന്നെ ചോദ്യമുയര്‍ത്തി. ഇന്ത്യക്കാരുടെ ആശങ്കകളുടെ വിശാലമായ പ്രതിനിധിയാണ് പിഎംഎന്‍ആര്‍എഫ്. പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്കൊപ്പം, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കൂടി ഉള്‍പ്പെടുന്നതാണു പിഎംഎന്‍ആര്‍എഫ് കമ്മിറ്റി. എന്നാല്‍, പിഎം കെയേഴ്‌സില്‍ തീരുമാനമെടുക്കുന്ന പ്രധാനമന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി എന്നിവരെല്ലാം ഒരു രാഷ്ട്രീയകക്ഷിയില്‍ നിന്നുള്ളവരാണ്.

2019ലെ കണക്കനുസരിച്ച് പിഎംഎന്‍ആര്‍എഫില്‍ ഉപയോഗിക്കാതെ കിടക്കുന്ന തുക 3,800.44 കോടി രൂപയാണ്. എന്നിട്ടും മോഡി പിഎം കെയേഴ്‌സ് ഫണ്ട് സ്ഥാപിക്കുകയും അതിലേക്കു സംഭാവനകള്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ഇന്ത്യന്‍ റെയില്‍വേ 151 കോടി രൂപ സംഭാവന ചെയ്തതായാണു റിപ്പോര്‍ട്ട്. കരസേന, നാവികസേന, വ്യോമസേന, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍, പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് 500 കോടി രൂപ സംഭാവന നല്‍കി. ഈ സംഭാവനകളില്‍ വലിയൊരു ഭാഗം സ്വമേധയാ ഉള്ളതാണെങ്കിലും ഇത് നിര്‍ബന്ധിതമായി തന്നെ ചെയ്യേണ്ടി വന്ന ധാരാളം സര്‍ക്കാര്‍ ജീവനക്കാരുമുണ്ട് എന്ന് കരുതപ്പെടുന്നു.

പിഎം കെയേഴ്‌സ് ഫണ്ടിലേക്കു ഓരോ മാസവും ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്യാനോ അല്ലെങ്കില്‍ എതിര്‍പ്പ് രേഖാമൂലം അറിയിക്കാനോ ജീവനക്കാരെ ‘പ്രേരിപ്പിച്ചു’കൊണ്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സര്‍ക്കുലറുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. ഈ ‘സ്വമേധയാ ഉള്ള സംഭാവന’യെ എതിര്‍ക്കുന്നവര്‍  പ്രതികാര നടപടി പോലും നേരിടേണ്ടി വരികയും ചെയ്യും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നികുതിദായകരുടെ ഫണ്ടുകളില്‍നിന്ന് സംഭാവന നല്‍കുമ്പോള്‍, പണം എവിടേക്കാണു പോകുന്നതെന്ന് അറിയാന്‍ പൊതുജനങ്ങള്‍ക്ക് അവകാശമുണ്ട്. പിഎം കെയേഴ്‌സ് ഫണ്ട് ഉയര്‍ത്തുന്ന ഏറ്റവും വലിയൊരുപ്രശ്നം ഉടലെടുക്കുന്നത് ഇവിടെയാണ് – സുതാര്യതയുടെ അഭാവം. പിഎം കെയേഴ്‌സ് ഫണ്ട് സിഎജി ഓഡിറ്റ് ചെയ്യില്ലെന്ന് മോദി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മറിച്ച്, ട്രസ്റ്റ് നിയമിച്ച സ്വതന്ത്ര ഓഡിറ്റര്‍മാര്‍ ഫണ്ട് ഓഡിറ്റ് ചെയ്യും. പിഎം കെയേഴ്‌സ് ഫണ്ടുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്താനും പ്രധാനമന്ത്രിയുടെ ഓഫീസ് വിസമ്മതിച്ചു. സര്‍ക്കാരിന് ഒളിക്കാന്‍ ഒന്നുമില്ലെങ്കില്‍, ഫണ്ട് ഓഡിറ്റ് ചെയ്യാന്‍ സിഎജിയെ അനുവദിക്കാത്തത് എന്തുകൊണ്ടാണ്?

മാര്‍ച്ച് 24നു ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട മോദി നാല് ദിവസത്തിനുശേഷം 21 ദിവസത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ദശലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികള്‍ അതിജീവിക്കാന്‍ പണമില്ലാതെ വിവിധ നഗരങ്ങളില്‍ കുടുങ്ങി. ഇവരെ സഹായിക്കാന്‍ പ്രധാനമന്ത്രി മോദി പിഎം കെയേഴ്‌സ് ഫണ്ട് ഉപയോഗിക്കുന്നതിനായി ജനങ്ങള്‍ കാത്തിരുന്നു. എന്നാല്‍ അത്തരമൊരു പ്രഖ്യാപനം വന്നില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചശേഷം 12.2 കോടി പേര്‍ക്കു ജോലി നഷ്ടപ്പെട്ടു. അവര്‍ക്ക് ജോലി സൃഷ്ടിക്കാന്‍ പിഎം കെയേഴ്‌സില്‍നിന്നു പണമൊന്നും അനുവദിച്ചിട്ടില്ല.

ഭരണ-സാമ്പത്തിക രംഗത്തെ സുതാര്യത തുടങ്ങിയ വിശകലനം ചെയ്യുന്ന ഇന്ത്യാ സ്പെന്‍ഡിന്റെ സമീപകാല വിശകലനത്തില്‍ ഇതുവരെ 9,677.90 കോടി രൂപയെങ്കിലും പിഎം കെയേഴ്‌സ് ഫണ്ടില്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ 4,308 കോടി രൂപ സര്‍ക്കാര്‍ ഏജന്‍സികളും ഉദ്യോഗസ്ഥരും സംഭാവന ചെയ്തതാണ്. എന്നിട്ടും, ഫണ്ടുകളുടെ വിനിയോഗം സംബന്ധിച്ച് ഇന്നുവരെയുള്ള ഏക പ്രഖ്യാപനം മേയ് 13 നു നടത്തിയ, കോവിഡ് -19 ജോലികള്‍ക്കായി 3,100 കോടി രൂപ അനുവദിച്ചതാണ്.

ഇതില്‍ 2,000 കോടി രൂപയുടെ വിനിയോഗം വിവാദത്തില്‍ കുടുങ്ങി. കാരണം: രാജ്‌കോട്ട് ആസ്ഥാനമായുള്ള സ്ഥാപനത്തില്‍നിന്ന് 5,000 വെന്റിലേറ്ററുകള്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്നു. അഹമ്മദാബാദിലെ ഏറ്റവും വലിയ കോവിഡ്-19 ആശുപത്രിയിലേക്ക് വെന്റിലേറ്ററുകള്‍ വിതരണം ചെയ്തത് ഈ സ്ഥാപനമാണ്. ഈ യന്ത്രങ്ങള്‍ അപര്യാപ്തമാണെന്നു തെളിയിക്കപ്പെട്ടു. ഇതു കാരണം ‘യഥാര്‍ഥ വെന്റിലേറ്ററുകള്‍’ക്കായി സഹായം അഭ്യര്‍ഥിക്കാന്‍ അഹമ്മദാബാദ് സിവില്‍ ഹോസ്പിറ്റല്‍ നിര്‍ബന്ധിതരായി. 50,000 ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വെന്റിലേറ്ററുകള്‍ വാങ്ങാന്‍ 2,000 കോടി രൂപ ചെലവഴിക്കുമെന്ന് പിഎം കെയേഴ്‌സ് ഫണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വെന്റിലേറ്ററുകള്‍ നിലവാരമില്ലാത്തതാവില്ലെന്ന് പ്രതീക്ഷിക്കാം.

പ്രശ്നങ്ങളുടെ ഘോഷയാത്രയുമായാണു പിഎം കെയേഴ്‌സിന്റെ വരവ്. ഈ ഫണ്ട് സംബന്ധിച്ച് തീരുമാനമെടുക്കുന്നവര്‍ ഒരു രാഷ്ട്രീയകക്ഷിക്കാര്‍ മാത്രമാണ്. കൂടാതെ, ഫണ്ടുകളുടെ വിനിയോഗത്തില്‍ സുതാര്യതയുടെ അഭാവവുമുണ്ട്. ഫണ്ട് വിനിയോഗം സംബന്ധിച്ച സ്വജനപക്ഷപാതത്തിന്റെയും ഇഷ്ടക്കാര്‍ക്കു വീതംവയ്ക്കുന്നതിന്റെയും ആരോപണങ്ങള്‍ പ്രത്യേകിച്ചും ആശങ്കാജനകമാണ്. എങ്കിലും, സഹായം ആവശ്യമുള്ള വര്‍ക്കു ഫണ്ട് സ്പഷ്ടമായി പ്രയോജനം ചെയ്തിട്ടില്ലെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. ഈ നിധിയെ പിഎം കെയേഴ്‌സ് എന്ന് വിളിക്കാമായിരിക്കാം, പക്ഷേ പ്രധാനമന്ത്രിയുടെ കരുതല്‍ ശരിക്കുമുണ്ടോ?

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ മാധ്യമവക്താക്കളില്‍ ഒരാളാണ് എഴുത്തുകാരി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook