scorecardresearch
Latest News

മോദിഭക്തിയിൽ ആറാടിക്കൊണ്ടിരിക്കുന്ന പ്രവാസികളോട് ഒരു വാക്ക്

ഇന്ത്യൻ യാഥാർത്ഥ്യങ്ങളോട് കാര്യമായ ബന്ധമില്ലാത്തവരും എന്നാൽ ഹിന്ദു സാംസ്കാരിക മാഹാത്മ്യത്തെ അമേരിക്കയിൽ തങ്ങൾ അനുഭവിച്ചു വരുന്ന വംശീയമായ വിലയില്ലായ്മയെ മറച്ചു പിടിക്കാനായി ഉപയോഗിക്കുന്നവരുമായ ഈ സംഘത്തിന് ഒരിക്കലുമില്ലാത്ത വിധത്തിലുള്ള പ്രാധാന്യവും ദൃശ്യതയുമാണ് ഇന്ത്യയിൽ ഇന്നുള്ളത്

മോദിഭക്തിയിൽ ആറാടിക്കൊണ്ടിരിക്കുന്ന പ്രവാസികളോട് ഒരു വാക്ക്

അമേരിക്കയിലെ ഹൂസ്റ്റണിൽ വച്ചു നടന്ന ‘ഹൗഡി മോദി’ എന്ന പരിപാടി അമേരിക്കയിൽ സ്ഥിരതാമസക്കാരും അമേരിക്കൻ ഐക്യനാടുകളിൽ പൗരത്വം സ്വീകരിച്ചു കഴിഞ്ഞവരും നാട്ടിലേക്ക് സ്ഥിരമായി മടങ്ങാൻ യാതൊരു സാദ്ധ്യതയുമില്ലാത്തവരുമായ കുറേപ്പേരെ വല്ലാതെ ആവേശം കൊള്ളിച്ചിരിക്കുന്നതായി വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. ഇന്ത്യൻ യാഥാർത്ഥ്യങ്ങളോട് കാര്യമായ ബന്ധമില്ലാത്തവരും എന്നാൽ ഹിന്ദു സാംസ്കാരിക മാഹാത്മ്യത്തെ അമേരിക്കയിൽ തങ്ങൾ അനുഭവിച്ചു വരുന്ന വംശീയമായ വിലയില്ലായ്മയെ മറച്ചു പിടിക്കാനായി ഉപയോഗിക്കുന്നവരുമായ ഈ സംഘത്തിന് ഒരിക്കലുമില്ലാത്ത വിധത്തിലുള്ള പ്രാധാന്യവും ദൃശ്യതയുമാണ് ഇന്ത്യയിൽ ഇന്നുള്ളത്.

ഇത് അപ്രതീക്ഷിതമല്ല. ഇന്ത്യയിൽ ജനിച്ചു വളർന്ന് ഇവിടുത്തെ പൊതുവിദ്യാഭ്യാസത്തിൻറെ ഗുണഫലം പിൻപറ്റിയ ശേഷം നാടുവിട്ട് ആർജിച്ച കഴിവുകൾ മുഴുവൻ കുടിയേറിയ സമൂഹത്തിനു കാഴ്ചവച്ച അതിസമ്പന്നരായ ഒരു ചെറുവിഭാഗത്തെ ഇവിടുത്തെ ഹിന്ദുത്വ വലതുപക്ഷം കാര്യമായി വളർത്തിയെടുത്തിട്ടുണ്ട്. സവർക്കറുടെ ദേശീയതാ സങ്കല്പത്തിന് തികച്ചും ഇണങ്ങുന്ന സമീപനമാണ്. ജന്മഭൂമിയെന്നാൽ പുണ്യഭൂമി, അഥവാ മത വിശ്വാസത്തിൻറേതായ പുണ്യസ്ഥലങ്ങൾ നിൽക്കുന്നതായ ഇടം, ആണെന്ന സങ്കല്പ പ്രകാരം ഇന്ത്യയിൽ നിന്നു നാലഞ്ചു തലമുറ മുൻപ് വെസ്റ്റിൻഡീസിലേക്കും മലേഷ്യയിലേക്കും മറ്റും കുടിയേറിയ ഹിന്ദുക്കൾക്കും ഇന്നത്തെ ഇന്ത്യയുടെ പ്രശ്നങ്ങളിൽ അഭിപ്രായം പറയാനും കൈകടത്താനും അവകാശമുണ്ടെന്ന് വാദിക്കുന്ന നിലപാടാണിത്. ഇതിൻറെ മറുവശം നൂറ്റാണ്ടുകളോളം ഇന്ത്യയിൽ വേരുകളുള്ളവരും സർവശേഷികളും ജീവിതകാലം മുഴുവൻ ഈ നാടിനു വേണ്ടി ചെലവഴിച്ചവരായ മുസ്ലിങ്ങളെപ്പോലും പ്രത്യക്ഷത്തിൽ തന്നെ അന്യരാക്കുന്ന ക്രൂരതയാണ്.

തീവ്രഹിന്ദുത്വവാദികൾക്ക് ഏറെ ഗുണകരമാണ് ഈ നിലപാട്. കേരളത്തിൽ ഇത്തരക്കാർക്ക് പൊതുചർച്ചകളിൽ സജീവമായി ഇടപെടാൻ അവസരമുണ്ടായത് ശബരിമലയിലെ യുവതീ പ്രവേശനത്തെ സംബന്ധിച്ച പൊതു ചർചകളിലാണ്. അന്ന് രൂപമെടുത്ത ‘റെഡി ടു വെയ്റ്റ്’ എന്ന പ്രചരണത്തിൽ കാര്യമായി പങ്കെടുത്ത പലരും ഇത്തരക്കാരായിരുന്നു. അതിൻറെ മുഖ്യപ്രചാരകർ ഹിന്ദുമതം എന്ന പേരിൽ അവതരിപ്പിച്ച ചിത്രം അധികവും ഹിന്ദു മത പ്രിയരായ ചില യൂറോപ്യൻ ലേഖകർ സൃഷ്ടിച്ചിട്ടുള്ള വെള്ളപൂശിയതും ഇവിടുത്തെ ജീവിതയാഥാർത്ഥ്യങ്ങളിൽ നിന്ന് വളരെ അകന്നതുമായ വ്യവഹാരത്തെയാണ് ആശ്രയിച്ചത്.

ഒന്നാം ലോകരാജ്യങ്ങളിൽ ധനവും വിദ്യയും മറ്റും ഏറെ നേടിയെങ്കിലും ഇന്നും തവിട്ടുതൊലിക്കാരെന്ന് പരിഹസിക്കപ്പെടുന്ന സമ്പന്ന ഇന്ത്യാക്കാർക്ക് ഈ വെള്ളപൂശിയ ചിത്രം പൊള്ളയെങ്കിലും വലുതായ ആത്മാഭിമാനം നൽകുന്നു. ഇന്ത്യയിലെ, ഇന്നത്തെ ഹിന്ദു സമൂഹത്തിലെ, യാഥാർത്ഥ്യങ്ങളെ നേരിട്ടനുഭവിക്കുന്നവരല്ല ഇവരിൽ അധികം പേരും – നാട്ടിൽ ജീവിച്ച കാലത്തു തന്നെയും സമൂഹത്തിലെ പൊതുകാര്യങ്ങളിൽ നിന്നും സാമൂഹ്യയാഥാർത്ഥ്യങ്ങളിൽ നിന്നും മിക്കവാറും അകന്ന്, സ്വന്തം മത-ജാതി-കുടുംബ വൃത്തങ്ങളിൽ ഒതുങ്ങി ജീവിച്ചവരാണ് ഇവരിൽ നല്ലൊരു പങ്കും. അങ്ങനെയുള്ളവർക്ക് യൂറോപ്യൻ ലേഖകർ കെട്ടിയുണ്ടാക്കുന്ന സാങ്കല്പിക സുന്ദര ഹിന്ദു മതത്തെ പിടിച്ചാണയിടാൻ മടി തോന്നാത്തത് അത്ഭുതകരമല്ല. ഇന്ത്യയിൽ ഹിന്ദു വിശ്വാസത്തിൻറെ പേരിൽ നടക്കുന്ന കൊള്ളരുതായ്കകളെയും കൊടും ക്രൂരതകളെയും പോലും ഇവർ ഹിന്ദു മത വൈരികൾ മെനഞ്ഞുണ്ടാക്കുന്ന അസത്യങ്ങളായി തള്ളിക്കളയുകയും ചെയ്യും.

houdi modi, j devika ,iemalayalam

ആദ്യം പറഞ്ഞതിന് നല്ലൊരുദാഹരണം ശബരിമലയിലെ യുവതീ പ്രവേശന വിവാദത്തിനിടയിൽ ഫേസ്ബുക്കിൽ ഹീനമായ വർഗീയവും വംശീയവുമായ വിഷം നിത്യമെന്നോണം ചീറ്റിയിരുന്ന ഒരു സ്ത്രീയാണ്. ഗൾഫ് രാജ്യങ്ങളിലൊന്നിൽ സമ്പന്നനായ ഭർത്താവിനോടൊപ്പം ജീവിക്കുന്ന ഈ യുവതി കേരളത്തിലെ ഒരു എഞ്ചിനിയറിങ് കോളേജിൽ നിന്ന് ബിരുദം നേടിയ ഉടൻ വിവാഹിതയായി, വീട്ടമ്മയായി ഗൾഫിൽ താമസം തുടങ്ങി. സർക്കാരുദ്യോഗസ്ഥയായ അവരുടെ അമ്മയോട് സാങ്കേതികവിദ്യാഭ്യാസം നേടിയ മകൾക്ക് തൊഴിലെടുക്കാൻ താത്പര്യമില്ലേ എന്നു ചോദിച്ചപ്പോൾ തനിക്ക് യാതൊന്നും വേണ്ട, ദേശസേവനം മാത്രം മതി എന്നാണ് അവരുടെ നിലപാടെന്ന് ആ സ്ത്രീ അല്പം അഭിമാനത്തോടെ പറഞ്ഞു.

വിദ്യാഭ്യാസ കാലത്തോ അതിനു ശേഷമോ യാതൊരു പൊതുകാര്യങ്ങളിലും താത്പര്യമെടുക്കാത്ത ഈ വ്യക്തി തൻറെ ജാതി മതക്കാരുടെ മാത്രം വശം കേട്ട്, അവരുടെ മാത്രം വാദങ്ങൾക്ക് ചെവികൊടുത്ത്, അതാണ് ദേശീയവികാരം എന്നു തെറ്റിദ്ധരിച്ച്, മറ്റു മതക്കാരെ നാറുന്ന ചീത്ത വിളിക്കുന്നതാണ് ദേശ സേവനമെന്ന് കരുതിപ്പുറപ്പെടുന്നത് ദേശസ്നേഹത്തിൻറെ പ്രകടനമായി സർക്കാരുദ്യോഗം ഭരിക്കുന്ന അമ്മ കരുതുന്നു. എന്നാൽ ഇവിടുത്തെ പൊതുമുതൽ കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട പൊതുവിദ്യാഭ്യാസവ്യവസ്ഥയുടെ ഗുണംപറ്റി നേടിയ സാങ്കേതിക കഴിവുകളെ നാടിനു വേണ്ടി ഉപയോഗിക്കുന്നതിനു പകരം തൊഴിലെടുക്കേണ്ടാത്ത ധനിക പ്രവാസജീവിതം നയിക്കുന്നത് ദേശസ്നേഹമില്ലായ്മ ആകുന്നുമില്ല!

രണ്ടാമത്തെ പ്രതികരണത്തിന് ഉദാഹരണം ‘ഹൗഡി മോദി’ എന്ന പരിപാടിയ്ക്കിടെ ഇന്ത്യൻ എക്സ്പ്രസ് ലേഖകനോട് മോഡിയെ വാനോളം പുകഴ്ത്തി സംസാരിച്ച ത്രിഷാ ഗുഡുരു എന്ന സ്ത്രീയാണ്. പത്തു വയസ്സു മുതൽ അമേരിക്കയിൽ ജീവിച്ചു വരുന്ന അവർ മോദിയുടെ കടുത്ത ആരാധികയാണത്രെ. കാരണമോ, അദ്ദേഹം സ്ത്രീ ശാക്തീകരണത്തിൽ കാണിക്കുന്ന താത്പര്യം!houdi modi, j devika ,iemalayalam

ഗുഡുരു എന്ന സ്ത്രീ അമേരിക്കയിൽ ജീവിച്ച് അവിടുത്തെ ഫെമിനിസ്റ്റ്-സിവിൽ അവകാശസമരങ്ങൾ നേടിയെടുത്ത സ്വാതന്ത്ര്യങ്ങൾ അനുഭവിച്ച് സ്വന്തം ജീവിതം കെട്ടിപ്പടുത്ത വ്യക്തിയാണ്. ഇന്ത്യയിൽ ഹിന്ദുത്വവാദികൾ സൃഷ്ടിക്കുന്ന സ്ത്രീ വിരുദ്ധതയുടെ നേരനുഭവം ഇല്ലെങ്കിൽപ്പോലും സ്ത്രീ ശാക്തീകരണത്തെയും സുരക്ഷയെയും അളക്കുന്ന അന്താരാഷ്ട്ര സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം എങ്ങനെ മാറിയിരിക്കുന്നു എന്നെങ്കിലും അവർക്കു നോക്കാമായിരുന്നു. മോദി ഭക്തി അമേരിക്കയിലെ സ്വന്തം കീഴ്നിലയെ പരിഹരിക്കാനാണ് അവരും കൂട്ടരും നോക്കുന്നതെങ്കിൽ വസ്തുതാപരമായ അന്വേഷണം തന്നെ അപ്രസക്തമാകുന്നു.

എങ്കിലും ഗുഡുരുവിനോടും അവരെപ്പോലെ മോദി ഭക്തിയിൽ ആറാടിക്കൊണ്ടിരിക്കുന്ന മറ്റു പ്രവാസികളായ പണക്കാരികളോടും ഒരു വാക്ക് – എന്തായാലും വേണ്ടീല്ല, നാട്ടിലേക്കു സ്ഥിരതാമസമാകരുത്. സ്ത്രീശാക്തീകരണത്തെ മുസ്ലിം പുരുഷദ്രോഹമായി വ്യാഖ്യാനിക്കുക, സ്ത്രീകൾ പ്രഥമവും പ്രധാനവുമായി വീട്ടമ്മകളാക്കുന്ന വിധത്തിലുള്ള ക്ഷേമപരിപാടികൾക്കു മുന്തിയ പ്രാധാന്യം നൽകുക, ദലിത്-ആദിവാസി-മുസ്ലിം സ്ത്രീകൾ അനുഭവിച്ചുവരുന്ന അരക്ഷിതാസ്ഥകളെയും ഹിംസയെയും കണ്ടില്ലെന്നു നടിക്കുക, കഴിവുറ്റ ഒരു വനിതയെ വിദേശകാര്യ മന്ത്രിയായ നിയമിച്ച ശേഷം കാര്യമായ ഒരൊറ്റ വിദേശകാര്യ തീരുമാനം പോലും എടുക്കാൻ അവരെ അനുവദിക്കാതിരിക്കുക (അതു കൊണ്ടാണ് പ്രവാസികളായ തൊഴിലാളികൾക്ക് ചരിത്രത്തിലാദ്യമായി അല്പം ശ്രദ്ധ കിട്ടിയതെന്നു വാസ്തവം), നിയമസഭയിൽ എതിരാളികളായ സ്ത്രീകളോട് മോശമായി സംസാരിക്കുക, ഹിന്ദുത്വവാദി പുരുഷന്മാരുടെ ലൈംഗിക അതിക്രമങ്ങളെ അധികവും അവഗണിക്കുക. ഇന്ത്യയിൽ ജീവിക്കുന്നവർ നമ്മുടെ പ്രധാനമന്ത്രിയുടെ സ്ത്രീ ശാക്തീകരണ’ കൗതുകത്തിന്റെ കണക്കെടുത്താൽ പട്ടിക ഇനിയും ഏറെ നീളും. വളരെത്താമസിയാതെ ഈ ‘സ്ത്രീശാക്തീകരണം’ നിങ്ങളിലേക്കും എത്തും. കാരണം ഹിന്ദുത്വവാദികളുടെ കണക്കിൽ സ്ത്രീ ശാക്തീകരണമെന്നാൽ ഹിന്ദു പിതൃമേധാവിത്വത്തിനു പൂർണമായും കീഴ്പ്പെടുക എന്നാണർത്ഥം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Narendra modi howdy modi houston