നമ്മളെല്ലാവരും അതികഠിനമായി അധ്വാനിച്ചാണ്  2014 ലെ ലോകസഭയിലെ വിജയം നേടിയത്. ഞങ്ങളിൽ ചിലർ 2004 മുതൽ അധികാരത്തിലിരുന്ന യു പി എ സർക്കാരിനെതിരെ പാർലമെന്റനകത്തും പുറത്തും പോരാട്ടം നടത്തിയിരുന്നു. ആ സമത്ത് ചിലർ അവരുടെ സംസ്ഥാനങ്ങളിൽ അധികാരത്തിന്റെ ആസ്വാദനത്തിലായിരുന്നു. 2014 ലെ ആഹ്ലാദകരമായ വിജയം അഭൂതപൂർവ്വമായ ആ വിജയം, തിളങ്ങുന്ന, മഹത്തായ ഒരു അധ്യായം രാജ്യത്തിന്റെ ചരിത്രത്തിൽ എഴുതി ചേർക്കുമെന്ന് ഞങ്ങൾ കരുതി. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ടീമിനെയും പൂർണ വിശ്വാസത്തിലെടുത്ത് അങ്ങേയറ്റം പിന്തുണച്ചു. ഇപ്പോൾ കേന്ദ്ര സർക്കാർ നാല് വർഷം പൂർത്തിയാക്കിയിരിക്കുന്നു. അഞ്ച് ബജറ്റുകളും അവതരിപ്പിച്ചു കഴിഞ്ഞു. അതിന്റെ ഫലങ്ങൾ കാണേണ്ട സമയമാണ്. പക്ഷേ, നമ്മുടെ വഴി നഷ്ടപ്പെട്ടതായും വോട്ടർമാരുടെ വിശ്വാസം നഷ്ടമായാതായുമാണ്  കാണാൻ സാധിക്കുന്നത്.

ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണെന്ന അവകാശവാദത്തിന്  വിപരീതമായി, ഒട്ടും സന്തോഷകരമല്ലാത്ത, മങ്ങിയ സാഹചര്യമാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി. വേഗത്തിൽ വളരുന്ന സാമ്പത്തിക സാഹചര്യത്തിലുളള​ ഒരിടത്ത് കഴിഞ്ഞ നാല് വർഷത്തിനുളളിൽ നമ്മൾ സൃഷ്ടിച്ചതു പോലെ ബാങ്കുകളിൽ ഇത്രയധികം നിഷ്‌ക്രിയ ആസ്തി( എൻ പി എ, നോൺ പെർഫോമിങ് അസറ്റ്) ഉണ്ടാകില്ല. വേഗത്തിൽ വളരുന്ന സാമ്പത്തികസ്ഥിതിയുളള രാജ്യത്ത് ഇതുപോലെ കർഷകർ ഇത്രയധികം ദുരിതത്തിലൂടെ കടന്നുപോകില്ല, യുവാക്കൾക്ക് തൊഴിലില്ലായ്മ എന്ന അവസ്ഥ നേരിടേണ്ടിവരില്ല. ചെറുകിട ബിസിനസ്സുകൾ തകർന്നുപോകില്ല സേവിങ്സും നിക്ഷേപവും നാല് വർഷത്തിനുളളിൽ കുത്തനെ ഇടിഞ്ഞതുപോലെ സംഭവിക്കില്ല. മോശമായത് എന്താണ്, അഴിമതി മോശമായ നിലയിൽ തലഉയർത്തി നിൽക്കുന്നു. ബാങ്കിങ് കുംഭകോണങ്ങൾ ഒന്നിന് പുറകെ ഒന്നായി പൊട്ടിപുറത്തുവരുന്നു. കുംഭകോണം നടത്തിയ തട്ടിപ്പുകർക്ക് രാജ്യം വിട്ടു രക്ഷപ്പെട്ടു പോകുമ്പോൾ സർക്കാർ നിസ്സഹായമായി നോക്കി നിൽക്കുന്നു.

ഏക്കാലത്തേക്കാളും സ്ത്രീകൾ അരക്ഷിതാവസ്ഥയിലായിരിക്കുന്നു. ബലാൽസംഗം ഇന്ന് സാധാരണ സംഭവമായി മാറിയിരിക്കുന്നു. ബലാൽസംഗക്കേസുകളിൽ കുറ്റവാളികൾക്കെതിരെ ശക്തമായി നടപടിയെടുക്കുന്നതിന് പകരം അവരെ ന്യായീകരിച്ചുകൊണ്ട്  മാപ്പുസാക്ഷികളായി നമ്മൾ മാറിയിരിക്കുന്നു. ഇത്തരം നിരവധി നീചമായ കേസുകളിൽ നമ്മുടെ സ്വന്തം ആളുകളാണ് പ്രതികൾ. ന്യൂനപക്ഷങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നു. സമൂഹത്തിലെ ഏറ്റവും ദുർബലരായ ദലിതരും ആദിവാസികളുമായവർ മുമ്പെങ്ങുമില്ലാത്തവിധം അക്രമങ്ങൾക്ക് ഇരയാകുന്നു. ഭരണഘടന അവർക്ക് നൽകുന്ന അവകാശങ്ങൾ പോലും ഇന്ന് ഭീഷണി നേരിടുകയാണ്.

നമ്മുടെ വിദേശനയം എന്നത് മൊത്തത്തിലെടുത്താൽ പ്രധാനമമന്ത്രിയടെ നിരന്തരമായ വിദേശ സന്ദർശനവും അവിടുത്തെ ഉന്നതസ്ഥാനീയരെ പ്രധാനമന്ത്രി ആലിംഗനം ചെയ്യുന്നതുമായി ചുരുങ്ങിയിരിക്കുന്നു. ഇത് പൂർണമായും അർത്ഥശൂന്യമായതാണ്. മാത്രമല്ല, മോശമായ നിലയിൽ​ പരാജയപ്പെടുകയുമാണ് സംഭവിക്കുന്നത്. ഇത് സംഭവിക്കുമ്പോൾ നമ്മുടെ അയൽ രാജ്യമായ ചൈന നമ്മുടെ താൽപര്യങ്ങളെ ചവിട്ടിയരക്കുകയാണ്. പാകിസ്ഥാനെതിരെ നമ്മുടെ ധീര സൈനികർ മികവോടെ നടപ്പാക്കിയ സർജിക്കൽ സ്ടൈക്ക് പോലും വിഫലമാക്കി. പാകിസ്താൻ ഇപ്പോഴും ഭീകരത നടപ്പാക്കുന്പോൾ നമ്മൾ അത് നിസ്സഹായരായി നോക്കി നിൽക്കുന്നു. ജമ്മുവും കശ്മീരും ഇപ്പോഴും കത്തുകയാണ്. ഇടതുപക്ഷ തീവ്രവാദം വഴങ്ങാതെ നിൽക്കുന്നു. സാധാരണ മനുഷ്യർ മുമ്പെന്നത്തേക്കാളും ദുരിതപർവ്വത്തിലൂടെ കടന്നുപോകുന്നു.

ഉൾപാർട്ടി ജനാധിപത്യം പാടെ തകർന്ന അവസ്ഥിയാണ് പാർട്ടിയുടെ നില. പാർലമെന്ററി പാർട്ടി മീറ്റിങ്ങുകളിൽ പോലും എം പിമാർക്ക് മുൻകാലങ്ങളിലെ പോലെ അവരുടെ  അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പറയുവാനുളള അവസരം ലഭിക്കുന്നില്ലെന്ന് എന്റെ സുഹൃത്തുക്കൾ പറയുന്നു. പാർട്ടി മീറ്റിങ്ങുകളിലും ഏകാംഗഭാഷണമാണ് നടക്കുന്നത്. അവർ സംസാരിക്കുമ്പോൾ നിങ്ങൾ കേട്ടിരിക്കണം. പ്രധാനമന്ത്രിക്ക് നിങ്ങൾക്കായി മാറ്റിവെയ്ക്കാൻ സമയമില്ല. പാർട്ടി ആസ്ഥാനം കോർപ്പറേറ്റ് ഓഫീസായി മാറിയിരിക്കുന്നു, അവിടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ (സി ഇ ഒ) കാണുക അസാധ്യമാണ്.

നമ്മുടെ ജനാധിപത്യമാണ് കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നത്. ജനാധിപത്യ സ്ഥാപനങ്ങളെ അപകീർത്തിപ്പെടുത്തുകയും താഴ്ത്തിക്കെട്ടുകയും നിന്ദിക്കുകയും ചെയ്യുന്നു. പാർലമെന്റ് എന്നത് ഒരു കളിവാക്കായി ചുരുങ്ങിയിരിക്കുന്നു. ബജറ്റ് സമ്മേളനം തടസ്സപ്പെട്ടപ്പോൾ ഒരിക്കൽ പോലും പ്രധാനമന്ത്രി പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത് ഒരു പരിഹാരം കണ്ടെത്താൻ ശ്രമിച്ചില്ല. പകരം നിരാഹാരമിരുന്ന് കുറ്റം മറ്റുളളവരിൽ ചാർത്താനാണ് അദ്ദേഹം ശ്രമിച്ചത്. എക്കാലത്തേയും ഏറ്റവും ഹ്രസ്വമായ ബജറ്റ് സമ്മേളനമായിരുന്നു ഈ​ കഴിഞ്ഞത്. ഈ​ സാഹചര്യത്തെ ഞാൻ താരതമ്യം ചെയ്യുന്നത് അടൽ ബിഹാരി വാജ്പേയിയുടെ കാലത്തോടാണ്. അക്കാലത്ത് പ്രതിപക്ഷത്തെ ഉൾക്കൊളളാനും പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടാത്തെ നടത്താനും ഞങ്ങൾക്ക് ശക്തമായ നിർദേശം ഉണ്ടായിരുന്നു. ശ്രദ്ധക്ഷണിക്കൽ​ പ്രമേയങ്ങളും അവിശ്വാസ പ്രമേയങ്ങളും മറ്റ് ചർച്ചകളും പ്രതിപക്ഷം ആവശ്യപ്പെടുന്നത് അനുസരിച്ച് ചട്ടത്തിന്റെ അടിസ്ഥാനത്തിൽ അന്ന് നടന്നിരുന്നു.

നമ്മുടെ ജനാധപത്യ ചരിത്രത്തിൽ അഭൂതപൂർവ്വമായ ഒരു ആഖ്യാനമായിരുന്നു സുപ്രീംകോടതിയിലെ നാല് മുതിർന്ന ജഡ്‌ജിമാർ നടത്തിയ പത്രസമ്മേളനം. ആ ജഡ്‌ജിമാർ നമ്മുടെ രാജ്യത്തിലെ ജനാധിപത്യം ഭീഷണിനേരിടുകയാണെന്ന് ആവർത്തിച്ചു. ഇത് നമ്മുടെ ഉന്നതമായ ജുഡീഷ്യൽ​ സ്ഥാപനം നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയെയുടെ ആഴം തുറന്നു കാണിക്കുന്നതായിരുന്നു അത്.

ഇന്ന് തിരഞ്ഞെടുപ്പ് വിജയിക്കുക എന്നാൽ വാർത്തകളെ നിയന്ത്രിക്കുക എന്ന് അർത്ഥമാക്കിക്കൊണ്ട്, പ്രത്യേകിച്ച് മാധ്യങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും എന്നായിരുന്നു നമ്മുടെ പാർട്ടിയുടെ ഏക ലക്ഷ്യമായി കണ്ടത്. എന്നാൽ ഇന്ന് അത് പോലും ഗൗരവതരമായ ഭീഷണി നേരിടുകയാണ്. നിങ്ങളിൽ എത്രപേർക്ക് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമെന്ന് എനിക്ക് അറിയില്ല. മുൻകാല അനുഭവം വച്ചാണെങ്കിൽ നിങ്ങളിൽ പകുതി പേർക്കും സീറ്റ് ലഭിക്കില്ല. നിങ്ങൾ സ്ഥാനാർത്ഥി ആയാലും തിരഞ്ഞെടുപ്പിൽ ജയിക്കുക എന്നത് വളരെ വിദൂരമായ ഒന്നായിരിക്കും. വരുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ നിങ്ങൾ ഒരിടത്തും ഉണ്ടാകില്ല. കാരണം കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക്  31 ശതമാനം വോട്ട് മാത്രമാണ് ആകെ കിട്ടിയത്, 69 ശതമാനം വോട്ട്  മറ്റുളളവർക്കാണ് ലഭിച്ചത്.

ദേശീയ താൽപര്യം മുൻനിർത്തി നിങ്ങൾ  മൗനം വെടിയണമെന്ന് സാഹചര്യം ആവശ്യപ്പെടുന്നു. പട്ടികജാതി വിഭാഗത്തോട് ഉളള വാഗ്‌ദാനങ്ങൾ പാലിക്കപ്പെടാത്തതിനാൽ കേന്ദ്രസർക്കാരിലുളള നൈരാശ്യം അഞ്ച് പട്ടികജാതി വിഭാഗത്തിൽപ്പെട്ട എം പിമാർ
രേഖപ്പെടുത്തിയതായി അറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. നിങ്ങളുടെ ബോസ്സുമാരോട് നമ്മൾ നേരിടേണ്ടി വരുന്ന വിഷയങ്ങളെ കുറിച്ച തുറന്ന് സംസാരിക്കുകയും നിങ്ങളുടെ അഭിപ്രായം തുറന്നുപറയുകയും വേണം. രാജ്യത്തെ ദുർബലപ്പെടുത്തുന്ന സർക്കാരിലുളളവരോട്, ഉത്തരവാദിത്തം കാണിക്കണമെന്ന് ആവശ്യപ്പെടാനുളള അവകാശം നിങ്ങൾക്കുണ്ട്. രാജ്യ താൽപര്യത്തെ പാർട്ടി താൽപര്യമെന്ന പേരിൽ നിരാകരിക്കുന്നു.പാർട്ടി താൽപര്യം ഒരു വ്യക്തിയുടെ താൽപര്യത്തിനു വേണ്ടി ഇല്ലാതാക്കുന്നു. വരും തലമുറയ്ക്കു വേണ്ടി ദേശീയതാൽപര്യത്തിനായി മൂല്യങ്ങൾക്കായി തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിനായി സമാനതകളില്ലാത്ത ത്യാഗമനുഷ്ഠിച്ച അദ്വാനിജിയോടും  ( എൽ​ കെ അദ്വാനി) ജോഷിജിയോടും (മുരളി മനോഹർ ജോഷി) ഈ സാഹചര്യത്തിൽ​ നിലപാട് സ്വീകരിക്കണമെന്ന്  പ്രത്യേകിച്ച്  ഞാൻ അഭ്യർത്ഥിക്കുന്നു.

ചെറിയ വിജയങ്ങൾ ചില കാര്യങ്ങളിലുണ്ടായിട്ടുണ്ട് എന്നതിൽ സംശയമില്ല, എന്നാൽ വൻ തോൽവികളുടെ നിഴൽ അതിനെയെല്ലാം മറികടക്കുന്നതാണ്. ഈ​ കത്തിൽ ഞാൻ ഉന്നയിച്ച വിഷയങ്ങളെ നിങ്ങൾ ഗൗരവമായി കാണുമെന്ന് ഞാൻ​ പ്രതീക്ഷിക്കുന്നു. ധൈര്യം വീണ്ടെടുക്കൂ, സംസാരിക്കൂ, രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കൂ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook