ഫെബ്രുവരി ഒന്നിന് മറ്റൊരു മാരക വേട്ടയാടലിന്റെ കഥ വെളിച്ചത്ത് വന്നിരിക്കുന്നു. ഇത്തവണ കേരളത്തില്‍ നിന്നാണ്. കോട്ടയത്തെ സ്‌കൂള്‍ ഓഫ് എജ്യുക്കേഷനിലെ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ അതേ വിദ്യാലയത്തിലെ പൂർവവിദ്യാര്‍ത്ഥി കത്തിച്ചുകൊന്നു. സ്വയം പെട്രോളിൽ കുളിച്ചുവന്ന അയാള്‍ പെണ്‍കുട്ടിയുടെ ദേഹത്തും പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 70 ശതമാനത്തിലധികം പൊളളലേറ്റ ഇരുവരും ആശുപത്രിയില്‍ വെച്ച് മരിച്ചു. തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് പെണ്‍കുട്ടി ഇയാള്‍ക്കെതിരേ മുമ്പ് പരാതി നല്‍കിയിരുന്നു. നിര്‍ഭാഗ്യവശാല്‍, ഈ കഥ നമ്മള്‍ മുമ്പ് പലവട്ടം കേട്ടുകഴിഞ്ഞതാണ് – പേരുകളും, സ്ഥലങ്ങളും, അതിക്രമത്തിന്റെ രീതികളും മാത്രമേ മാറുന്നുളളൂ. ഒരുപക്ഷേ അടുത്ത തവണ അതൊരു മാനഭംഗശ്രമമോ, ആസിഡ് ആക്രമണമോ ആവാം.

സ്വയം നശിക്കാന്‍ തുനിഞ്ഞിറങ്ങുന്ന അക്രമിയുടെ അസ്വസ്ഥ മനസിന് ഇതൊരുപക്ഷെ പ്രണയത്തിനായി ‘ഒന്നിച്ച് മരണം വരിക്കുന്ന’ വീരകഥയായിത്തോന്നാം. സത്യത്തില്‍ സംഭവിച്ചത് മനോനില തെറ്റിയ ഒരാളുടെ ആത്മഹത്യയ്‌ക്കൊപ്പം നടന്ന നിരപരാധിയുടെ കൊലപാതകമാണെന്നിരിക്കെ, വാർത്തകളിൽ അയാളെ ‘വഞ്ചിക്കപ്പെട്ട കാമുകനെന്നോ’ ഏകപക്ഷീയമായ പ്രണയത്തില്‍ നിന്നുണ്ടായ വൈരാഗ്യം തീര്‍ക്കലെന്നോ ഒക്കെ വിവരിച്ചേക്കാം. പരിക്കേല്‍പ്പിക്കാനോ കൊല്ലാനോ തീരുമാനിക്കുന്ന മനസില്‍ എങ്ങനെയാണ് സ്‌നേഹമുണ്ടാകുക? അതിനെല്ലാമുപരി, പിന്തുടര്‍ന്ന് ഉപദ്രവിക്കുന്ന ഒരുവന്‍ സാമൂഹികവിരുദ്ധനാണ്. ഇന്ത്യയില്‍ നിര്‍ഭയ കേസ് വരെ കാത്തിരിക്കേണ്ടിവന്നു നമുക്ക് യഥാര്‍ത്ഥത്തില്‍ സ്ത്രീകളെ പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നതിന് എതിരായുളള നിയമം ഉണ്ടാവാന്‍. വൈകിക്കിട്ടിയ നീതി!

പുറകെ നടന്നു ശല്യം ചെയ്യുകയെന്നാല്‍ താനിഷ്ടപ്പെടുന്ന വസ്തുവില്‍ – അതായത് സ്ത്രീയിലുളള ആധിപത്യം സ്ഥാപിക്കലാണെന്ന മട്ടില്‍ ന്യായീകരിക്കുകയും മഹത്വവല്‍ക്കരിക്കുക പോലും ചെയ്യുന്ന ഇന്ത്യന്‍ സിനിമാമേഖലയിലെ പ്രണയകല്‍പ്പനകള്‍ക്കെതിരായുളള ചര്‍ച്ചകള്‍ക്കായി കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ ചില്ലറ മഷിയൊന്നുമല്ല ചെലവായത്. സ്ത്രീയുടെ നിഷേധത്തില്‍ അനുമതിയാണുളളതെന്നും അവള്‍ എന്റേതായില്ലെങ്കില്‍ മറ്റാരുടേതും ആകരുതെന്നുമുളള കുപ്രസിദ്ധവും ഹാനികരവുമായ ആശയങ്ങള്‍ ഓര്‍മ്മിക്കുക. ആത്മരതിയും വികലമായ ചിന്താഗതിയും അധികാരത്തെക്കുറിച്ചുളള തെറ്റായ ധാരണയും മറ്റു കാഴ്ച്ചപ്പാടുകളെ പരിഗണിക്കാനുളള കഴിവില്ലായ്മയുമൊക്കെ ചേര്‍ന്നു രുപം നല്‍കിയ ഒബ്‌സസ്സീവ് സ്വഭാവവിശേഷം കാലക്രമത്തില്‍ ലഘൂകരിക്കപ്പെട്ട് സാധാരണമായിത്തീര്‍ന്നു. അതില്‍ സഹാനുഭൂതി എന്നൊന്നില്ല. സിനിമകളെ മാത്രമായി കുറ്റപ്പെടുത്താനാവില്ല. കാരണം, ഒരുപരിധി വരെ നമ്മള്‍ ആഗ്രഹിക്കുന്ന തരത്തിലുളള സിനിമകളാണ് നമുക്ക് ലഭിക്കുക. അത് വ്യവസ്ഥാപിത പുരുഷമേധാവിത്വവും സ്ത്രീവിരുദ്ധതയും കാലങ്ങളായി സന്തോഷപൂര്‍വ്വം അനുവദിച്ചു കൊടുക്കുന്ന സാമൂഹിക മനഃസ്ഥിതിയെ ആണ് പ്രതിഫലിപ്പിക്കുന്നത്. ഇരയെ കുറ്റപ്പെടുത്തുന്നത് ലൈംഗികാതിക്രമത്തെ നിസാരവല്‍ക്കരിക്കുന്നതിന്റെ സാധാരണരീതിയാണ്. വിഷലിപ്തമായ സമൂഹത്തിന്റെ സംഭാവനകള്‍, അക്രമസ്വഭാവമമുളള ആണത്തത്തിന്റെ വര്‍ണനകള്‍, പ്രതികാരദാഹിയായ മനോരോഗം തുടങ്ങിയ വിഷയങ്ങളെല്ലാം വലിയ അളവില്‍ ഉയര്‍ന്നുനില്‍ക്കുന്നു.

പിന്തുടര്‍ന്ന് ഉപദ്രവിക്കുന്ന ഒരുവന്റെ മാനസികവൈകല്യം കൃത്യമായി തിരിച്ചറിയപ്പെടേണ്ടതാണ്. ശല്യപ്പെടുത്തല്‍ നീളുകയും കൂടുതല്‍ അക്രമസ്വഭാവം കാണിക്കുകയും ചെയ്യുമ്പോള്‍ അതിനു പിന്നിലുളളതൊരു മാനസിക വ്യതിയാനമാവാന്‍ സാധ്യത ഏറെയാണെന്ന് ബ്രിട്ടന്‍ ആസ്ഥാനമായുളള പലാഡിന്‍ സ്റ്റോക്കിങ് അഡ്വോക്കസി സര്‍വീസിന്റെ മേധാവി ലോറ റിച്ചാര്‍ഡ്‌സ് എഴുതുന്നു.

മൂന്നോ അഞ്ചോ വര്‍ഷത്തേക്ക് അക്രമികളെ തടവിലിടുകയും പിഴ ഈടാക്കുകയും ചെയ്യുന്ന നിയമം ഉളളിടത്ത് അക്രമണത്തെ പ്രതിരോധിക്കുകയെന്ന ഘടകം എത്രത്തോളം മതിയായതാണ് എന്നുളളതാണ്. അക്രമിക്കപ്പെടാന്‍ സാധ്യതയുളളവരുടെ സുരക്ഷ ഉറപ്പാക്കാന്‍ അതുമാത്രം മതിയാകുമോ? ഒരു സമൂഹമെന്ന നിലയില്‍ നമുക്കാവശ്യം ഇത്തരം ഒബ്‌സസ്സീവ് സ്വഭാവവിശേഷങ്ങളോട് കുടുതല്‍ കരുതലുണ്ടായിരിക്കുക, അത്തരക്കാരെ തിരിച്ചറിയാന്‍ സ്ഥാപനങ്ങളില്‍ മതിയായ കൗണ്‍സലിങ്ങ് ലഭ്യമാക്കുക എന്നുളളവയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ