scorecardresearch

ഭരണകൂടത്തിന്റെ ക്രൂരതയ്ക്ക് ആരാണ് ഉത്തരവാദി? നമ്പിനാരായണൻ കേസ് ഉയർത്തുന്ന ചോദ്യങ്ങൾ

എല്ലാത്തിനുമുപരിയായി, ഈ അൻപതു ലക്ഷം എവിടെ നിന്നു വരുന്നു എന്നതിനു ആരെങ്കിലുമൊക്കെ ഉത്തരവാദികളും കണക്കു പറയേണ്ടവരുമാണ്. ഒന്നുകിൽ, ഈ കപടനാടകം നടത്തിയ പോലീസുകാരും ഉദ്യോഗസ്ഥരും കൊടുക്കണം അതല്ലെങ്കിൽ, പൊതുഖജനാവ്. രണ്ടാമത്തെ നടത്തിപ്പിൽ, ഞാൻ പറയുന്നു, എന്നെയാണു പോക്കറ്റടിക്കുന്നത്!

കെട്ടിച്ചമയ്ക്കപ്പെട്ട ഐഎസ്ആർഒ ചാരക്കേസിൽ കുറ്റം ചുമത്തപ്പെട്ട് 1994 ൽ അറസ്റ്റ് ചെയ്യപ്പെട്ട ശാസ്ത്രജ്ഞൻ നമ്പിനാരായണനെ, ഒടുവിൽ  വെറുതെ വിട്ടതായും അദ്ദേഹത്തിനുണ്ടായ മാനഹാനിയ്ക്കും ജീവിതക്ലേശങ്ങൾക്കും നഷ്ടപരിഹാരമായി 50 ലക്ഷം രൂപ നൽകുന്നതായും ഏതാനും ദിവസങ്ങൾക്കു മുൻപുള്ള പത്രവാർത്തയിൽ പറയുന്നു. ഇത്തരത്തിലൊരു അസംബന്ധ കേസ് കെട്ടിച്ചമയ്ക്കപ്പെട്ട സാഹചര്യങ്ങളും കാൽനൂറ്റാണ്ടുകാലം വരെ അതു നീട്ടിക്കൊണ്ടു പോയതിന്റെ കാരണങ്ങളും അന്വേഷിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇപ്പോൾ നീതി, ഏറെക്കുറെ, നടപ്പാക്കപ്പെട്ടുവെങ്കിലും, ഉത്തരം തേടുന്ന ഒന്നു രണ്ടു ചോദ്യങ്ങളുണ്ട്. ഒന്നാമത്തേത് നഷ്ടപരിഹാരത്തുകയെക്കുറിച്ചാണ്. എന്തടിസ്ഥാനത്തിലാണാ കണക്കുകൂട്ടൽ? ഇരയുടെ ഔന്നത്യം ഇതിലൊരു  ഘടകമാണോ? എന്തായാലും, നമ്പി നാരായണൻ, ദ്രവ ഇന്ധന എഞ്ചിനുകളുടെ (ലിക്യുഡ് പ്രൊപൽ‌ഷൻ എഞ്ചിൻ) സാങ്കേതികതയിൽ മുൻപന്തിയിൽ നിന്ന ശാസ്ത്രജ്ഞനാണ്. എന്നാൽ, അത്ര പ്രശസ്തരല്ലാത്ത മറ്റുള്ളവരുടെ കാര്യമോ? വർഷങ്ങളോളം പൊലീസ് കസ്റ്റഡിയിലായിരിക്കുകയും ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ ഇത്രയൊന്നും ക്ഷമാപണമില്ലാതെ വെറുതെ വിടുകയും ചെയ്ത, പേരില്ലാത്ത, വിസ്മൃതിയിലായിപ്പോയ വിചാരണത്തടവുകാർ? ഒരു പക്ഷേ, പൊലീസ് അറസ്റ്റ് ചെയ്യുന്നതിനു മുൻപ് അവരുടെ ജീവിതങ്ങൾ അത്രയൊന്നും മൂല്യമുള്ളതായിരുന്നില്ല എന്നാണോ ? പക്ഷേ, ശിക്ഷിക്കപ്പെടുകയോ, എന്തിന്, വിചാരണ ചെയ്യപ്പെടുക പോലുമോ ഇല്ലാതെ നിഷ്ഠൂരമായ ഒരു ഭരണകൂടത്തിന്റെ ശ്രദ്ധ മാത്രം അർത്ഥിച്ച്, വർഷങ്ങൾ തടവിൽ കിടന്നതിനുശേഷം അവരുടെ മൂല്യമെത്രയായി? ഇത് ഒരു നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതയെ മാത്രമാണു വെളിപ്പെടുത്തുന്നതെന്നു വാദിക്കുന്നവരുണ്ട്, ഒരു പക്ഷേ അതുണ്ടാകാം, എങ്കിലുമിത് പൊലീസിന്റെ കഴിവുകേടിനെക്കൂടിയല്ലേ, തെളിയിക്കുന്നത്? ഒന്നിനു പിന്നാലെ മറ്റൊന്നായി, ഓരോ കേസിലും , അവരുടെ അമിതാവേശവും അയോഗ്യതയും കൂടിച്ചേർന്ന അനന്യമായ പ്രവർത്തനരീതിയെക്കൂടിയല്ലേ വെളിപ്പെടുത്തുന്നത്?

അതായത്, പോലീസിനു ചിലരെ യാതൊരു തെളിവുകളുമില്ലാതെ തന്നെ പിടിച്ചുകൊണ്ടുപോകാം, മറ്റു ചിലർക്കാകട്ടെ, പൊതുസമൂഹത്തിന്റെ കൺ‌മുൻപിൽ വച്ച് കുറ്റകൃത്യങ്ങൾ ചെയ്യുകയും അതെപ്പറ്റി വീമ്പു പറയുകയും ആകാം, പോലീസ് അതു ശ്രദ്ധിക്കുന്നതായി പോലും കാണപ്പെടുന്നില്ല.

രണ്ടാമത്തെ ചോദ്യം കൂടുതൽ പ്രാധാന്യമുള്ളതാണ്. നമ്പി നാരയാണന്റെ മാനഹാനിയുടെ സാമ്പത്തികബാധ്യതയെയും – അൻപതു ലക്ഷം രൂപ- സർക്കാർ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പരമാധികാര പ്രതിരോധശക്തി അഥവാ ഉന്മുക്തതയെയും തമ്മിൽ ബന്ധിക്കുന്നതാണത്. എന്റെ സാധാരണ വിജ്ഞാനമനുസരിച്ച്, പരമാധികാര ഉന്മുക്തത രണ്ടു രീതികളിൽ മനസ്സിലാക്കാം : ഒന്നാമത്തേതിൽ, രാഷ്ട്രം (പരമാധികാര) അതിന്റെ എല്ലാ കാര്യകർത്താക്കളുടെയും ചെയ്തികളിൽ നിന്ന് സ്വയം പ്രതിരോധിക്കപ്പെട്ടിരിക്കുന്നു, അതിനാൽ, രാഷ്ട്രത്തിന്റെ കാര്യകർത്താക്കൾ, അവരെത്ര നീചരായിരുന്നാലും, അങ്ങനെയാണെന്ന് തെളിയിക്കപ്പെട്ടാൽത്തന്നെയും രാഷ്ട്രം അതിനുപരിയായി കറപുരളാതെ നിലകൊള്ളുന്നു. പരമാധികാര പ്രതിരോധശക്തിയെക്കുറിച്ചുള്ള മറ്റൊരു വിചാരം, ഭരണകൂടത്തിന്റെ കാര്യകർത്താക്കളായി വർത്തിക്കുന്നവർ, ഉദ്യോഗസ്ഥർ, നിയമപരമമായ ബാധ്യതയിൽ നിന്നും ഉന്മുക്തരാണ് എന്നതാണ്. പക്ഷേ രാഷ്ട്രം അതിന്റെ പ്രതിരോധശക്തി അഥവാ ഉന്മുക്തി, അതിന്റെ കാര്യകർത്താക്കൾക്കു കൈമാറുകയാണെങ്കിൽ, അതു സ്വയം ഭേദ്യവും നിയമപരമായ പ്രത്യാഘാതത്തിന് പ്രതിരോധശക്തിയില്ലാത്തതും വഴങ്ങിക്കൊടുക്കുന്നതും വശപ്പെടുന്നതുമാകുകയല്ലെ ചെയ്യുന്നത്? അഥവാ, രാഷ്ട്രത്തിന്റെ ഉന്മുക്തി സൂഫികളുടെ പ്രേമം പോലെയാണെന്നു വരുമോ? അതായത് കൊടുക്കുന്തോറും ഏറുന്നത്?

എന്തെന്നാൽ, എല്ലാത്തിനുമുപരിയായി, ഈ അൻപതു ലക്ഷം എവിടെ നിന്നു വരുന്നു എന്നതിനു ആരെങ്കിലുമൊക്കെ ഉത്തരവാദികളും കണക്കു പറയേണ്ടവരുമാണ്. ഒന്നുകിൽ, ഈ കപടനാടകം നടത്തിയ പോലീസുകാരും ഉദ്യോഗസ്ഥരും കൊടുക്കണം അതല്ലെങ്കിൽ, പൊതുഖജനാവ്. രണ്ടാമത്തെ നടത്തിപ്പിൽ, ഞാൻ പറയുന്നു, എന്നെയാണു പോക്കറ്റടിക്കുന്നത്!. ഇത് #NotInMyName പ്ലാക്കാർഡുമായി ജന്തർ മന്തറിൽ പോയി നിൽക്കുവാൻ തക്കതല്ല, എന്തെന്നാൽ, ഇതെല്ലാം കൃത്യമായി നടത്തപ്പെട്ടത് എന്റെ പേരിൽത്തന്നെയാണ്. ജനാധിപത്യത്തിൽ, പരമാധികാരത്തിന്റെ പ്രമുഖസ്ഥാനത്തുള്ളത് പൗരനാണ്. എന്റെ പേരിൽത്തന്നെയാണു സ്കൂൾ കുട്ടികളെ പെല്ലറ്റ് ഗൺ ഉപയോഗിച്ച് അന്ധരാക്കിയത്; എന്റെ പേരിൽത്തന്നെയാണു ആദിവാസികളുടെ ജന്മനാടുകൾ ദുർമോഹികളായ കോർപ്പറേറ്റുകളുടെ കൈകളിൽ ഏല്‍പ്പിച്ചുകൊടുത്തത്, എന്റെ പേരിൽത്തന്നെയാണ് ക്രിമിനലുകള്ക് നിഷ്കളങ്കരെന്ന സാക്ഷ്യപത്രം ചാർത്തിക്കൊടുത്തത്, എന്റെ പേരിലാണു കുടവയറൻ പോലീസുകാരൻ, സാമൂഹ്യപ്രവർത്തകരുടെ വീട്ടിൽ കയറി, എന്തിനാണിത്രയും പുസ്തകങ്ങൾ വായിക്കുന്നതെന്ന് ചോദിക്കുന്നത്! അതെന്നെ അസ്വസ്ഥനാക്കുന്നു.

അനിയന്ത്രിതമായ പരമാധികാര ഉന്മുക്തത, ഒരു തരം ധാർമ്മിക അലംഭാവത്തെ ജനിപ്പിക്കുന്നു, പൗരന്മാരിൽ മാത്രമല്ല, മറിച്ച് നിർണ്ണായകമായും, സർക്കാർ ഉദ്യോഗസ്ഥരിലും, പൈശാചികവ്യവസ്ഥകൾ നടപ്പാക്കുന്ന പോലീസുകാരിലും മറ്റുള്ളവരിലുമെല്ലാം. എന്തെന്നാൽ ഡിക്കൻസ് “ ലിറ്റിൽ ഡോറിറ്റ്” ൽ പറയുന്നതുപ്പോലെ . “ അത് ആരുടെയുമല്ലാത്ത തെറ്റാണ്, (“nobody’s fault”). ഭീകരമായ തെറ്റുകൾ ചെയ്യപ്പെടുന്നു, പക്ഷേ യഥാർത്ഥത്തിൽ ആരുമത് ചെയ്യുന്നില്ല! കർമ്മണി പ്രയോഗമാണ് അനുയോജ്യം, “കാര്യങ്ങൾ ചെയ്യപ്പെടുന്നു”, അത്ര മാത്രം.

Read in English

ഉത്തരവാദിത്തം – പ്രത്യുത്തരം- അതിന്റെ ഏറ്റവും പ്രഥമസ്ഥാനത്താണ്. ആരെങ്കിലും ഉത്തരം പറഞ്ഞേ മതിയാകൂ. രാഷ്ട്രീയപ്രവർത്തകർ, മെല്ലെ പോകുന്ന മൃഗങ്ങളെപ്പോലെ, അനായാസ ഇരകളാണ്. പക്ഷേ രാഷ്ട്രീയക്കാർ, ഒരു പരിധിവരെ, അവരുടെ നിയോജകമണ്ഡലങ്ങളോട് ഉത്തരവാദികളാണ്. എന്റെ നികുതിപ്പണമെന്നെ, രാഷ്ട്രം ( ഭരണകൂടം) ചെയ്യുന്ന കുറ്റങ്ങളിൽ പങ്കാളിയാക്കുന്നുവെന്നത് എന്നെ അസ്വസ്ഥനാക്കുന്നു. അല്ലെങ്കിൽ, ഞാനെന്തിനാണു നമ്പി നാരായണന്റെ നഷ്ടപരിഹാരത്തിൽ എന്റെ പങ്കു കൊടുക്കുന്നത്? പക്ഷേ ഈ കുറ്റം നിർവഹിച്ചവരുടെ പങ്കാളിത്തം എത്രത്തോളം അധികമാണ്? ഉദ്യോഗസ്ഥ മേധാവിത്വം, തീർച്ചയായും, ഒരു നിഷ്ഷ്ഠൂര സംവിധാനത്തിലെ ക്രൂരതയിൽ പങ്കാളിയാകുന്നു. സർക്കാർ സേവകരിൽ വലിയൊരു പങ്കും നല്ല മനുഷ്യരാണെന്നു വിശ്വസിക്കുവാൻ പൂർണ്ണമായും ഞാൻ തയാറാണ്. പക്ഷേ അവരിൽ, നയോപായങ്ങൾ എഴുതിയുണ്ടാക്കുന്നവരും വ്യാജ കേസുകൾ കെട്ടിച്ചമയ്ക്കുന്നവരും ഉത്തരവുകൾ എഴുതുന്നവരും നരകത്തിന്റെ എഴുത്തുകുത്തുകൾ നടത്തുന്നവരുമുണ്ടാകും. അല്ലാത്ത പക്ഷം, കൈകാലുകൾ തളർന്ന ജി എൻ സായ്ബാബയെ ജയിലിലേയ്ക്കയ്ക്കുന്ന ഉത്തരവു ആരാണെഴുതിത്തയാറാക്കിയത്? ഈ നല്ല മനുഷ്യർ -പലപ്പോഴും എന്റെ സുഹൃത്തുക്കൾ- സ്വയം ദുഷ്ടതയുടെ കർത്താക്കളല്ലാത്തവർ, അവരുടെ ജോലിയിലുടനീളം സേവനത്തിനുവേണ്ടി മൂക്കും വായും തുറന്നുവച്ചവർ, പോലും ദുഷ്ടതയ്ക്ക് സാക്ഷികളായിട്ടുണ്ടാകും. എന്നിട്ടും എന്തുകൊണ്ടാണൊരാൾ പോലുമത് വിളിച്ചു പറയാത്തത്? Esprit de corps കള്ളന്മാരുടെ പരസ്പര ബഹുമാനം? നിശബ്ദ ഒത്തുതീർപ്പ്? അതോ അവരുടെ മനസാക്ഷികളിലേയ്ക്കും രാഷ്ട്രത്തിന്റെ ഉന്മുക്തത (പ്രതിരോധശക്തി) നീളുന്നുണ്ടോ?

പരമാധികാര രാഷ്ട്ര ഉന്മുക്തിയുടെ പ്രമാണത്തിനുള്ള രണ്ട് പ്രധാന അപവാദങ്ങൾ ശ്രദ്ധിക്കേണ്ടതാണ്: ഇതിലൊന്നാമത്തേത് ന്യൂറം ബെർഗ് തത്വമാണ്. യുദ്ധാനന്തര നാസി വിചാരണയുമായി ബന്ധപ്പെട്ട് വികസിതമായ ഇത്, ആരെങ്കിലും ഒരു ക്രൂരകൃത്യം ചെയ്യുവാൻ ആജ്ഞാപിക്കപ്പെട്ടാൽ, അതൊരു പരമാധികാരശക്തിയാണെങ്കില്‍പ്പോലും, അതിൽ നിന്ന് ഉന്മുക്തനാകുകയോ, ധാർമ്മികമായതോ നിയമപരമായതോ ആയ കുറ്റവിമുക്തി അർഹിക്കുകയോ ചെയ്യുന്നില്ല എന്നു വ്യക്തമായി പ്രഖ്യാപിക്കുന്നു.
രണ്ടാമത്തേത് , റുവാണ്ടൻ വംശഹത്യയുടെയും 1990 ലെ സെർബിയൻ യുദ്ധങ്ങളുടെയും കാലത്ത് ഉരുത്തിരിഞ്ഞതും 2005 ൽ ഐക്യരാഷ്ട്ര സംഘടന ഔപചാരികമായി അംഗീകരിച്ചതുമായ “സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ( “responsibility to protect” — “R2P” ) എന്ന പ്രമാണത്തിൽ നിന്നനുമാനിക്കപ്പെട്ടതാണ്. അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന പരമാധികാര ഭരണകൂടങ്ങൾ അവരുടെ പരമാധികാര ഉന്മുക്തി മടക്കി നൽകുന്നു അഥവാ നഷ്ടപ്പെടുത്തുന്നു. അങ്ങനെ നിർബന്ധിത നിരോധനത്തിനു വിധേയമായി മാറുന്നു. ഈ പ്രമാണങ്ങളുടെ പ്രയോഗത്തിലെ ഇരട്ടത്താപ്പ് നിഷേധിക്കാനാവില്ല. എങ്കിലും, അവരിൽ അന്തർലീനമായ, പരമാധികാര ഉന്മുക്തിയെ ചോദ്യം ചെയ്യുവാനുള്ള, ഉൾക്കാഴ്ചയുടെ ശക്തിയെ എടുത്തുമാറ്റുന്നില്ല.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Nambi narayanans acquittal raises a crucial question who is responsible for the evils of the state

Best of Express