എന്റെ ‘കൂളിപാതാളം’ എന്ന ചെറുകഥയ്ക്ക് 2017 ലെ ‘പത്മരാജൻ അവാർഡ്’ ലഭിച്ചതിൽ വളരെയേറെ സന്തോഷമുണ്ട്. ആരോഗ്യസ്ഥിതി അൽപവും അനുകൂലമല്ലാത്തതിനാൽ തലശ്ശേരിയിൽ നിന്ന് തിരുവനന്തപുരം വരെ വന്ന് അവാർഡ് നേരിട്ട് സ്വീകരിക്കാനാവാത്തതിൽ അത്രയും തന്നെ മനോവിഷമവുമുണ്ട്. അനാരോഗ്യം മൂലമുള്ള എന്റെ അസൗകര്യം പൂർണമായി മനസ്സിലാക്കി ഈ അവാർഡ് എനിക്കു വേണ്ടി ഏറ്റു വാങ്ങാൻ സന്തോഷപൂർവം തയ്യാറായ രാഹുൽ രാധാകൃഷ്ണനോട് ഞാൻ ആദ്യമേ നന്ദി പറയുന്നു.

എന്റെ തലമുറയിലെ വായനക്കാർ അവരുടെ കൗമാരം പിന്നിടുന്ന നാളുകളിലാണ് പത്മരാജന്റെ ‘നക്ഷത്രങ്ങളേ കാവൽ’ ഉൾപ്പെടെയുള്ള ആദ്യകാലരചനകൾ വായിച്ചു തുടങ്ങുന്നത്. ആധുനികത നമ്മുടെ സാഹിത്യഭാവുകത്വത്തിനുമേൽ അധീശത്വം പ്രഖ്യാപിച്ചു കൊണ്ടിരുന്ന കാലമായിരുന്ന അത്. പത്മരാജനെയും ആധുനികരിലൊരാളായിത്തന്നെ യാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. അത് തെറ്റല്ലെങ്കിലും ഈ എഴുത്തുകാരൻ മിക്കപ്പോഴും ജീവിതത്തെ കണ്ടത് ആധുനികതയുടെ കണ്ണിലൂടെയായിരുന്നില്ലെന്നത് അവഗണിച്ചു കൂടാത്ത ഒരു വസ്തുതയാണ്. രതി, മൃത്യുകാമന, ജീവിതത്തെ വലയം ചെയ്യുന്ന അസംബന്ധപരത, അജ്ഞേയത എന്നിങ്ങനെയുള്ള ആധുനികരുടെ ഇഷ്ടപ്രമേയങ്ങളോടെല്ലാം പത്മരാജനും ആഴമേറിയ ഹൃദയബന്ധം പുലർത്തിയിരുന്നു. പക്ഷേ,അസ്തിത്വവാദവുമായോ ആധുനികരിൽ ഒരു ചെറുന്യൂനപക്ഷം ആവേശപൂർവം ആവിഷ്‌കരിച്ച ഇടതുപക്ഷ തീവ്രവാദത്തിന്റെ രാഷ്ട്രീയവുമായോ അതിന്റെ ധൈഷണിക തലങ്ങളുമായോ ഒന്നും പത്മരാജൻ ബൗദ്ധികമായോ വൈകാരികമായോ ഐക്യപ്പെട്ടില്ല.അനുഭവങ്ങളെ അല്ലെങ്കിൽ സാധാരണ ജനജീവിതത്തിലെ നിത്യസാധാരണമായ സംഭവങ്ങളെ നന്മതിന്മകളെയോ സദാചാരത്തെയോ കുറിച്ചുള്ള പൊതുസമ്മതമായ ധാരണകൾക്ക് അൽപമായിപ്പോലും കീഴ്‌പ്പെടുത്താതെ ആവിഷ്‌കരിക്കുകയായിരുന്നു പത്മരാജൻ.അങ്ങനെ തന്റെ കാലത്തെ മറ്റ് എഴുത്തുകാരിൽ നിന്നെല്ലാം അദ്ദേഹം വേറിട്ടു നിന്നു.ചലച്ചിത്രകാരനെന്ന നിലയ്ക്കും പത്മരാജന്റെ വഴി അനന്യമായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. അക്കാര്യം വിശദീകരിക്കാൻ ഈ സന്ദർഭം ഞാൻ വിനിയോഗിക്കുന്നില്ല.

പുതിയൊരു സമൂഹത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളും അതിന്റെ നിർമിതിയിലേക്ക് നയിക്കുമെന്ന പ്രതീക്ഷ നൽകുന്ന ആശയങ്ങളും ഏത് കാലത്തെയും എഴുത്തുകാരെ പ്രചോദിപ്പിക്കുക സ്വാഭാവികം മാത്രമാണ്. എന്നാൽ നാളിതുവരെയുള്ള എഴുത്തു ജീവിതത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയ സുപ്രധാനമായ ഒരു കാര്യം ഏത് രാഷ്ട്രീയ പ്രസ്ഥാനത്തോടും ഏത് പ്രത്യയശാസ്ത്രത്തോടും കൂറ് പ്രഖ്യാപിച്ചിരിക്കുന്ന അവസ്ഥയിലായിരിക്കുമ്പോഴും അതിനാൽ തീരെ സ്പർശിക്കപ്പെടാത്ത ഒരു തലം ജനങ്ങളിൽ മഹാഭൂരിപക്ഷത്തിന്റെയും ജീവിതത്തിനുണ്ട് എന്നതാണ്. ഈ തലത്തിന്റെ ആവിഷ്‌ക്കാരം മറ്റൊന്നിന്റെയും നിഴൽ വീഴാത്ത വിധം സാധിക്കണമെന്നുണ്ടെങ്കിൽ എഴുത്തുകാരന്/എഴുത്തുകാരിക്ക് പ്രത്യയശാസ്ത്ര നിർമുക്തമായ ഒരവസ്ഥയിലാണ് താൻ നിലകൊള്ളുന്നത് എന്ന ബോധ്യമുണ്ടാവണം. ഇതാണ് എഴുതുന്ന ഒരാൾക്ക് എത്തിച്ചേരാവുന്ന ഏറ്റവും ഉന്നതമായ, അഭികാമ്യമായ അവസ്ഥ എന്ന് വാദിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ അങ്ങനെയുള്ള ഒരാൾ അനുഭവിക്കുന്ന സ്വാത്ര്രന്ത്യം വളരെ വലുതായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. പത്മരാജൻ ആ സ്വാതന്ത്ര്യം വേണ്ടുവോളം അനുഭവിച്ച എഴുത്തുകാരനായിരുന്നു. അതുകൊണ്ട് സാമൂഹ്യപ്രതിബദ്ധതയെപ്പറ്റിയുള്ള ധാരണകളോട് ഏതെങ്കിലും അളവിൽ വിധേയത്വം പുലർത്തിയ എഴുത്തുകാരും ആധുനികന്മാരും എഴുത്തിലേക്ക് പ്രവേശിപ്പിക്കാതിരുന്ന പല അനുഭവങ്ങളെയും വൈകാരിക സത്യങ്ങളെയും തന്റെ എഴുത്തിന്റെ കേന്ദ്രമേഖലയിലേക്ക് കൊണ്ടുവരാൻ പത്മരാജന് സാധിച്ചു. പത്മരാജന്റെ മരണത്തിന് ശേഷം ഇരുപത്തേഴ് വർഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ അദ്ദേഹം തന്റെ സർഗാത്മകജീവിതം കൊണ്ട് എന്ത് സാധിച്ചുവെന്ന് നമുക്ക് കുറേക്കൂടി ആഴത്തിൽ ബോധ്യപ്പെടുന്നുണ്ട്.

എഴുത്തിൽ തനിക്ക് സ്വീകാര്യമായ ഒരു വഴി താൻ അന്തിമമായി കണ്ടെത്തിക്കഴിഞ്ഞുവെന്ന് കരുതാൻ ഏതെങ്കിലും എഴുത്തുകാരന്/എഴുത്തുകാരിക്ക് കഴിയും എന്ന് ഞാൻ കരുതുന്നില്ല.ഏറ്റവും ഒടുവിൽ എഴുതിയതിൽ നിന്ന് തീർത്തും വ്യത്യസ്തമായി എഴുതാൻ ശ്രമിക്കുന്നതിന്റെ വേദനയും ഉദ്വേഗവും ഒപ്പം ആവേശവുമാണ് എഴുത്തിന്റെ വഴിയിൽ ഏതൊരാളെയും മുന്നോട്ട് കൊണ്ടുപോവുന്നത്. ഇത് ഒരാസൂത്രണത്തിന്റെ ഭാഗമായി സംഭവിക്കുന്നതില്ല. ഒരാളുടെ സർഗാത്മക ജീവിതത്തിന്റെ താളം തന്നെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന സ്വയം നവീകരണത്തിന്റേതാണ്.

n prabhakaran

എന്റെ ഒരു ചെറുകഥയ്ക്ക് നൽകപ്പെട്ടിരിക്കുന്ന പത്മരാജന്റെ പേരിലുള്ള ഈ അവാർഡ് ഏറ്റു വാങ്ങുമ്പോൾ ഈ എഴുത്തുകാരന്റെ കഥകളും നോവലുകളും ഒരു കാലത്ത് എനിക്ക് തന്ന നാനാമുഖമായ വൈകാരിക മുഹൂർത്തങ്ങളെയും വിസ്മയങ്ങളെയും എന്റെ തന്നെ എഴുത്തുജീവിതത്തിന്റെ ആദ്യനാളുകളെയും ഞാൻ ഗൃഹാതുരതയോടെ ഓർമിക്കുന്നു. ഒപ്പം എന്റെ എഴുത്ത് ഇനി മുന്നോട്ട് പോകേണ്ടുന്ന വഴികളെ കുറിച്ചുള്ള ആലോചനകൾക്ക് ആക്കം കൂടുകയും ചെയ്യുന്നു.

എല്ലാവർക്കും നന്ദി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ