പൗരന്മാരെ മുഴുനീള നിരീക്ഷണ വലയത്തിലാക്കുന്ന രാജ്യമായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. സ്വാതന്ത്ര്യവാദികളും ബുദ്ധിജീവികളും ഏതാനും മാധ്യമങ്ങളും സുപ്രീം കോടതിയും നേരിയതായിട്ടെങ്കിലുമുള്ള പ്രതിരോധം തീർക്കുന്നുണ്ടെങ്കിലും ഉടനെ തന്നെ എല്ലാ ഇന്ത്യക്കാരും ആധാർ ശൃഖലയുടെ ഭാഗമാകാൻ പോവുകയാണ്. ആധാറിന്‍റെ പൂർണ വ്യാപനത്തോടെ പ്രത്യേകാധികാരം ഒന്നും പ്രയോഗിക്കാതെ തന്നെ സർക്കാറിന് പൗരന്മാരുടെ പൂർണ ഡാറ്റാബെയ്സ് കൈപ്പിടിയിലൊതുക്കാനാകും.

എല്ലാവരും ഒരു റഡാർ സംവിധാനത്തിനുള്ളിലാകുന്നതോടെ എതിർപ്പുകൾ അടിച്ചമർത്തപ്പെടുകയാണ്. പല വ്യക്തികളും സ്ഥാപനങ്ങളും സർക്കാറിന്‍റെ അനിഷ്ടം ഭയന്ന് മൗനം ദീക്ഷിക്കുന്നു. സർക്കാർ സംവിധാനങ്ങളെ ചോദ്യം ചെയ്യുക വഴി തങ്ങളുടെ ലൈസസൻസ് റദ്ദാക്കപ്പടുമെന്ന് ഭയന്ന് എൻ ജി ഒ കൾ നിശബ്ദരാകുന്നു. പൊതുയോഗങ്ങൾ സംഘടിപ്പിക്കാനും സെൻസിറ്റീവ് വിഷയങ്ങൾ ചർച്ചയാക്കാനുമുള്ള വിദ്യാർത്ഥികളുടെ അവകാശങ്ങൾ വൈസ് ചാൻസലർമാരും പ്രിൻസിപ്പൽമാരും നിഷേധിക്കുന്നു. മാധ്യമങ്ങൾ സർക്കാറിനെ തലോലിക്കുകയാണ്, പ്രത്യേകിച്ച് സുരക്ഷ സംബന്ധിച്ച വിഷയങ്ങളിൽ. അന്വേഷണ ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വെച്ച് സർക്കാറിന്‍റെ കയ്യടി നേടാനുള്ള വ്യഗ്രതയിലാണ്. രാജ്യസ്നേഹം രാഷ്ട്രത്തോടുള്ള അനുസരണയായി വ്യാഖ്യാനിക്കപ്പെടുന്നു. രാജഭക്തിക്കുള്ള സർട്ടിഫിക്കറ്റായി ആധാറിനെ ചിത്രീകരിക്കുകയും എതിർപ്പുകൾ പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നതിലൂടെ സർക്കാർ ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുക തന്നെയാണ്.

എങ്ങനെ ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമായി? അതിന്‍റെ ആദ്യ ഉത്തരമാണ് നമ്മളെല്ലാവരും ആധാറിനെ കുറിച്ച് ഒന്നിനു പിറകെ മറ്റൊന്നായി നുണകളാലും കെട്ടു കഥകളാലും ഭ്രമിപ്പിക്കപ്പെട്ടിരിക്കുന്നു എന്നത്.

aadhaar, Jean Drèze,uid

എന്തെല്ലാമാണ് ആ നുണകൾ:

ആധാർ നിർബന്ധിത സേവനമല്ല എന്നതാണ് അതിൽ പ്രധാനം. ഇന്ന് നമുക്കറിയാം ഇതൊരു ഇരട്ടത്താപ്പാണെന്ന്. കാരണം ആധാറില്ലാത്ത ജീവിതം ഇന്ത്യയിൽ ഏറെക്കുറെ അസാധ്യമായിരിക്കുന്നു. ആധാറില്ലാതെ നിങ്ങൾക്ക് ജീവിക്കാനാകില്ലെങ്കിൽ അത് നിർബന്ധമല്ലെന്ന് എങ്ങനെ പറയാനാകും?

ആദ്യ കാലങ്ങളിൽ പ്രചരിച്ചിരുന്ന ഒരു കെട്ടു കഥ, ക്ഷേമ പ്രവർത്തങ്ങളെ സഹായിക്കാനാണ് ആധാർ കൊണ്ടുവരുന്നത്  എന്നതാണ്. എന്നാൽ സത്യം ഏറെക്കുറെ തിരിച്ചാണ്. ആധാറിനെ പ്രോത്സാഹിപ്പിക്കാനുള്ള മാർഗം മാത്രമായി മാറി ക്ഷേമ പദ്ധതികൾ. പ്രത്യാഘാതങ്ങൾ ഗൗനിക്കാതെ ആധാറിനു മേൽ കൂടുതൽ ആശ്രയത്വം സൃഷ്ടിച്ചാണ് ഇത് സാധ്യമാക്കിയത്. ഈ പ്രവണത വർദ്ധിച്ചതോടെ പ്രത്യാഘാതങ്ങൾ ഇന്ന് വിനാശകാരിയായിക്കൊണ്ടിരിക്കുകയാണ്.

ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ പണിയെടുക്കുന്ന ഒരാളുടെ ആധാറിലെ പേരിൽ അക്ഷരപ്പിശകുണ്ടെങ്കിൽ അയാൾക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യത്തോളമെത്തിയിരിക്കുന്നു ഈ പ്രത്യാഘാതങ്ങൾ. ആധാറിൽ രേഖപ്പെടുത്തിയ വയസ് ശരിയായിട്ടുള്ളതിനേക്കാൾ കുറഞ്ഞു പോയാൽ, അത് മതി ഒരു വിധവക്ക് അവൾക്കർഹമായ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താൻ. പൊതുവിതരണ മേഖലയിൽ ആധാർ ശരിക്കുമൊരു ദുരന്തമാണ്. രാജസ്ഥാനിലും ജാർഖണ്ഡിലും ഔദ്യോഗിക വിവരങ്ങൾ പ്രകാരം തന്നെ ദശലക്ഷക്കണക്കിനാളുകൾക്കാണ് ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് നിർണയത്തി (എബിബിഎ) ലെ സാങ്കേതിക തകരാർ മൂലം റേഷൻ മുടങ്ങിയത്!

മൂന്നാമത്, അഴിമതി ഇല്ലാതാക്കാൻ ആധാർ സഹായിക്കും എന്ന കെട്ടു കഥയാണ്. ആധാർ ഉണ്ടെങ്കിൽ പണം അത് അർഹിക്കുന്നവരുടെ കൈകളിൽ തന്നെ എത്തിപ്പെടുമെന്ന ലളിതമായ വാദത്തിൽ വീണു പോയവരാണ് അധികവും. സത്യത്തിൽ വ്യാജ വ്യക്തിത്വ തട്ടിപ്പുകൾ മാത്രമാണ് ആധാർ വഴി ഇല്ലാതാക്കാനാവുക. അതിനും പരിമിതികളേറയുണ്ട്.

നാലാമത്തേത് ആധാർ നൽകുന്ന സാന്പത്തിക ‘പരിരക്ഷ’ യുടെ വ്യാജ അവകാശ വാദങ്ങളുടെ നീണ്ട നിരയാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത പൊള്ളവാദങ്ങളാണ് ഇതിൽ പലതും. എന്നാൽ തീർത്തും വിശ്വസനീയമായിട്ടാണ് ഈ വാദങ്ങൾ അവതരിപ്പിക്കുന്നത്. സ്ഥിരം കണ്ടുവരുന്ന ഒരു രീതിയുണ്ട് ഈ വ്യാജ പ്രചരണങ്ങള്‍ക്ക്. പ്രധാനമന്ത്രിയുടെ ഓഫീസുമായി അടുത്ത വൃത്തങ്ങളിൽ നിന്നുള്ള സൂചന പ്രകാരം ഇത്ര രൂപയുടെ സാമ്പത്തിക നേട്ടങ്ങൾ ആധാർ നൽകും എന്ന് പ്രതിപാദിച്ചു കൊണ്ട് ഔദ്യോഗികമെന്ന് തോന്നുന്ന ഒരു വാർത്താകുറിപ്പ്, ആധാർ നൽകുന്ന സാനപത്തിക നേട്ടങ്ങളുടെ നീണ്ട പട്ടിക അങ്ങനെ പോകുന്നു. വെറും പുക മറകൾ.

അഞ്ചാമത്തെത്, കുറ്റമറ്റതെന്ന് അവകാശപ്പെടുന്ന സാങ്കേതികയാണ്. എന്നാൽ ആധാർ സാങ്കേതിക വിദ്യ കുറ്റമറ്റതല്ലെന്നതിന് തെളിവുകൾ വരുന്നു. മാതൃകാ സാഹചര്യങ്ങളിൽ എബിബിഎ കുറ്റമറ്റതാകാം. എന്നാൽ എല്ലായ്പ്പോഴും സാഹചര്യങ്ങൾ മാതൃകാപരമാകണമെന്നില്ല. അത് വലിയ അസൗകര്യങ്ങൾ തന്നെ സൃഷ്ടിക്കും. ഈ അടുത്ത് വന്ന ഒരു അഭിമുഖത്തിൽ ആധാർ ഉപജ്ഞാതാവ് നന്ദൻ നിലേകനി പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. ‘എബിബിഎ 95ശതമനം സാഹചര്യങ്ങളിലും ശരിയായി പ്രവർത്തിക്കുക തന്നെ ചെയ്യും’. പക്ഷേ, ഒട്ടും വിശ്വാസമർപ്പിക്കാവുന്ന ഒരു കണക്കല്ല അത്. പലപ്പോഴും 95 ശതമാനം വിജയം എന്നത് ഒരിക്കലും ഒരു യോഗ്യതയുമല്ല.

ആറാമത്തേത്, പൗരത്വവും ആധാറും തമ്മിലുള്ള ബന്ധത്തിലെ വ്യക്തതയില്ലായ്മയാണ്.  രാജ്യത്ത് താമസിക്കുന്നവർക്കുള്ളതാണ് ആധാർ എന്നാണ് പറയപ്പെടുന്നത്. പൗരത്വവും ആധാറും തമ്മിൽ നേരിട്ട് ബന്ധമൊന്നും ഇല്ലെന്നും പറയപ്പെടുന്നു. എങ്കിൽ പിന്നെ എന്തിനാണ് അസമിൽ ആധാർ എൻറോൾമെന്റ് ദേശീയ പൗരത്വ രജിസ്ട്രേഷനുമായി ബന്ധിപ്പിച്ചത്? അനധികൃത കുടിയേറ്റക്കാർക്കെതിരെയും അനധികൃതർ എന്ന് മുദ്രകുത്തപ്പെടുന്നവർക്കെതിരേയും ഉള്ള ആയുധമായാണ് ആധാർ ഇന്ന് അവിടെ ഉപയോഗിക്കപ്പെടുന്നത്.

അവസാനമായി, ആധാർ രജിസ്ട്രേഷൻ നടത്തുന്ന സമയത്ത് നൽകുന്ന വ്യക്തി വിവരങ്ങളുടെ രഹസ്യസ്വഭാവം എന്നത് മിഥ്യാധാരണ മാത്രമാണ് എന്നതാണ് വസ്തുത. ആധാറിന്‍റെ ആദ്യ കരട് നിയമം ഈ വിവരങ്ങൾ സംരക്ഷിക്കപ്പെടും വിധമാണ് തയ്യാറാക്കിയിരുന്നതെങ്കിലും അവസാനത്തേത് അങ്ങനെയുള്ളതല്ല. എന്നുമാത്രമല്ല, ചെറിയൊരു ‘അപേക്ഷ’ യിലൂടെ ആർക്കും കൈക്കലാക്കാവുന്നതേയുള്ളു ഈ വിവരങ്ങൾ എന്നതാണ് സത്യം.

ഇതെല്ലാം സുപ്രധാനമായ ഒരു ചോദ്യം ഉയർത്തുന്നു: ആധാറിന്‍റെ ഭീഷണമായ അധികാരങ്ങൾ ദുരുപയോഗം ചെയ്യപ്പെടില്ലെന്ന് നമുക്ക് വിശ്വസിക്കാമോ? പ്രശ്നം ഏറെ ആഴമേറിയതാണ്. ഇത് ദുരുപയോഗം ചെയ്യപ്പെട്ടില്ലെങ്കിലും ഭയാനകമായൊരു നിരീക്ഷണ സംവിധാനത്തിന്‍റെ അസ്തിത്വം ഭിന്ന ശബ്ദങ്ങളെ ശ്വാസം മുട്ടിക്കും എന്നത് വ്യക്തമാണ്. ജനാധിപത്യ അവകാശങ്ങളിലും സ്വാതന്ത്രത്തിലും വിശ്വസിക്കുന്നവരെ ഇത് നിതാന്തജാഗ്രതയിലാക്കുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook