scorecardresearch

മത്സ്യത്തൊഴിലാളികളുടെ മരണക്കയമായി മാറിയ മുതലപ്പൊഴി തുറമുഖം; ആരുടെ ആവശ്യം, എന്തുനേടി?

"ഇപ്പോൾ പുതിയ പഠനവും നടപടികളും ആവശ്യപ്പെടുന്നവർ ഈ റിപ്പോർട്ട് വായിച്ചിരുന്നെങ്കിൽ, ഒപ്പം അവർ നിർദ്ദേശിച്ച നടപടികൾ പ്രാവർത്തികമാക്കിയിരുന്നെങ്കിൽ, ഒരു പക്ഷേ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന അപകടങ്ങളും മരണങ്ങളും ഇല്ലാതാക്കാൻ കഴിയുമായിരുന്നു," മുതലപ്പൊഴിയുടെ പ്രശ്നങ്ങളെയും പ്രതിവിധികളെയും കുറിച്ച് ആക്ടിവിസ്റ്റും മത്സ്യമേഖലയിൽ നാല് ദശകത്തിലേറെയായി പഠനം നടത്തുന്ന എ ജെ വിജയൻ എഴുതുന്നു

"ഇപ്പോൾ പുതിയ പഠനവും നടപടികളും ആവശ്യപ്പെടുന്നവർ ഈ റിപ്പോർട്ട് വായിച്ചിരുന്നെങ്കിൽ, ഒപ്പം അവർ നിർദ്ദേശിച്ച നടപടികൾ പ്രാവർത്തികമാക്കിയിരുന്നെങ്കിൽ, ഒരു പക്ഷേ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന അപകടങ്ങളും മരണങ്ങളും ഇല്ലാതാക്കാൻ കഴിയുമായിരുന്നു," മുതലപ്പൊഴിയുടെ പ്രശ്നങ്ങളെയും പ്രതിവിധികളെയും കുറിച്ച് ആക്ടിവിസ്റ്റും മത്സ്യമേഖലയിൽ നാല് ദശകത്തിലേറെയായി പഠനം നടത്തുന്ന എ ജെ വിജയൻ എഴുതുന്നു

author-image
AJ Vijayan
അപ്‌ഡേറ്റ് ചെയ്‌തു
New Update
Muthalappozhi | fishing boat mishap | opinion | iemalayalam

മുതലപ്പൊഴിയുടെ ചരിത്രം

തിരുവനന്തപുരം ജില്ലയുടെ വടക്കൻ തീരത്തായി പെരുമാതുറയുടെയും താഴമ്പള്ളിയുടെയും ഇടയ്ക്കുള്ള പ്രകൃതിദത്തമായ പൊഴിയാണ് മുതലപ്പൊഴി എന്നറിയപ്പെടുന്നത്. അഞ്ചുതെങ്ങ് കായലും, കഠിനംകുളം കായലും കടലുമായി ബന്ധപ്പെടുന്നത് ഈ പൊഴിയിലൂടെയാണ്. അഞ്ചുതെങ്ങ് കായലാകട്ടെ ഒരു തോട് വഴി ചിറയിൻകീഴ് കായലുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഈ കായലുകളിലെ ജലത്തിന്റെ അളവിലും ഒഴുക്കിലും ഉണ്ടാകുന്ന പ്രകൃതിദത്തമായ മാറ്റങ്ങളുടെ ഫലമായി ഈ കായലുകളും കടലുമായി ബന്ധപ്പെടുന്ന ഈ പൊഴി കാലാകാലങ്ങളിൽ സ്വയമേവ അല്ലെങ്കിൽ മനുഷ്യ ഇടപെടൽ വഴി തുറക്കുകയും അപ്പോൾ അത് അഴിയായി മാറുകയും ചെയ്തിരുന്നു. തുടർന്ന് വീണ്ടും ആ ഭാഗത്ത് മണ്ണ് അടിയുന്നതോടെ അത് അടഞ്ഞ് പൊഴി ആയി മാറുന്നു.

Advertisment

മൂന്ന് കായലുകളിലെയും ജലനിരപ്പ് ഉയരുകയും വെള്ളം കെട്ടി നിൽക്കുകയും ചെയ്യുന്നത് ഈ മേഖലയിലെ കയർ വ്യവസായത്തിനും പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതുകൊണ്ട് പ്രാദേശിക പഞ്ചായത്തുകൾ ഇടപെട്ട് മനുഷ്യാധ്വാനത്തിലൂടെ പൊഴി മുറിച്ചു വിടുന്നത് മിക്ക വർഷങ്ങളിലും നടന്നിരുന്നു. ഈ നൂറ്റാണ്ട് ആരംഭിക്കുന്നതുവരെയും ഇതായിരുന്നു സ്ഥിതി. ഈ പൊഴിമുഖത്ത് കുറ്റിവലകളും അതുവരെയും നിലനിന്നിരുന്നു. കടലിൽ നിന്നും കായലിലേക്കും തിരിച്ചും സഞ്ചരിക്കുന്ന മത്സ്യങ്ങളെ, പ്രത്യേകിച്ച് ചെമ്മീൻ പിടിച്ചെടുക്കാൻ വേണ്ടിയുള്ള ഈ കുറ്റിവലകൾ വലിയ അദ്ധ്വാനമില്ലാതെ ഏറെ മത്സ്യസമ്പത്ത് പിടിച്ചെടുക്കുന്ന ഒരു സമ്പ്രദായമായിരുന്നെങ്കിലും ഇവയുടെ ഉടമകൾ മീൻപിടുത്തക്കാരല്ലാത്ത ധനാഢ്യരായിരുന്നു.

പരമ്പരാഗത മത്സ്യബന്ധനം - ലഘു ചരിത്രം

മുതലപ്പൊഴി തുറമുഖം 2002-ൽ നിർമ്മാണം തുടങ്ങുന്നതു വരെയും അതിനു തെക്കും വടക്കുമായുള്ള തീര ഗ്രാമങ്ങളിലെ മീൻപിടുത്തത്തിന്റെ അവസ്ഥയും, എങ്ങനെയുള്ള തുറമുഖം എന്തുകൊണ്ട് വേണമെന്ന ആവശ്യം ഉയർന്ന പശ്ചാത്തലവും കൂടി പരിശോധിക്കാം. മുതലപ്പൊഴിയുടെ ഇരുവശത്തുമുള്ള തീരഗ്രാമങ്ങളായ പെരുമാതുറയും താഴമ്പള്ളിയും പരമ്പരാഗത കടൽ മത്സ്യബന്ധനത്തിന്റെ കാര്യത്തിൽ മറ്റുള്ള തീരഗ്രാമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പിന്നാക്കമായിരുന്നു. രണ്ട് ഗ്രാമങ്ങളിലെയും ഏറ്റവും പ്രധാന മത്സ്യബന്ധനം കമ്പവല അഥവാ കരമടി (shore seine) ആയിരുന്നു.

താഴമ്പള്ളിയുടെ തൊട്ടു വടക്കുള്ള പൂത്തുറ എന്ന തീരഗ്രാമത്തിലും ഇതേ അവസ്ഥയാണുള്ളത്. ഇതു കൂടാതെ ചെറിയ വലകളും ഉപയോഗിച്ചിരുന്നെങ്കിലും ചൂണ്ടപ്പണി (hook and line) ഈ ഗ്രാമങ്ങളിൽ വളരെ കറവായിരുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥമായി താഴമ്പള്ളി, പൂത്തുറ ഗ്രാമങ്ങളിലുള്ളവർ കായലുകളിലും മത്സ്യബന്ധനം നടത്തിയിരുന്നു. എന്നാൽ പൂത്തുറയുടെ വടക്കുള്ള അഞ്ചുതെങ്ങ്, മാമ്പള്ളി എന്നീ ഗ്രാമങ്ങളിലാകട്ടെ ചൂണ്ടപ്പണി ഉൾപ്പെടെ ഏറെ വൈവിധ്യമുള്ള വലകൾ ഉപയോഗിക്കുന്ന മീൻപിടുത്ത ഉരുക്കളും വൈദഗ്ധ്യമുള്ള മത്സ്യത്തൊഴിലാളികളും കൂടുതലുണ്ട്.

Advertisment

പെരുമാതുറയുടെ തെക്കുള്ള ഗ്രാമങ്ങളിൽ പ്രധാനമായും കമ്പവല, തട്ടുമടി എന്നീ മത്സ്യബന്ധന ഉരുക്കളാണ് ഉണ്ടായിരുന്നതെങ്കിലും 1970-കൾക്കു ശേഷം രൂപമെടുത്ത മരിയനാട് എന്ന ഗ്രാമം ചൂണ്ടപ്പണി ഉൾപ്പെടെയുള്ള പരമ്പരാഗത മത്സ്യബന്ധന ഉരുക്കളാൽ സമ്പന്നമാണ്. പ്രത്യേകിച്ച് ഓരോ വർഷവും നൂറു കണക്കിന് മത്സ്യത്തൊഴിലാളികൾ തെക്ക് നിന്നും കുടിയേറി പാർത്തുകൊണ്ടിരുന്ന മരിയനാട്-പുതുക്കുറിച്ചി മേഖലയിൽ പരമ്പരാഗത മത്സ്യബന്ധനം 1990-കളോടെ കാര്യമായി വികസിച്ചു. കൂടാതെ പരമ്പരാഗത മേഖലയിൽ മോട്ടോർവൽക്കരണവും ഒപ്പം കട്ടമരങ്ങളുടെ സ്ഥാനത്ത് പ്ലൈവുഡ് വള്ളങ്ങളും ഈ കാലഘട്ടത്തിലാണ് വ്യാപകമായത്.

മോട്ടോർവൽക്കരണം ഉണ്ടായ ശേഷവും ഈ തീരഗ്രാമങ്ങളിലെല്ലാം തന്നെ മണൽതീരത്തു നിന്നും നേരിട്ട് കടലിലേക്ക് പോയിവന്നിരുന്ന മത്സ്യബന്ധന ഉരുക്കളുടെ (beach landing crafts) സ്വഭാവത്തിന് മാറ്റമൊന്നും ഉണ്ടായില്ല. 1998-ൽ ഈ മീൻപിടുത്ത ഗ്രാമങ്ങളിലുണ്ടായിരുന്ന കടൽ മത്സ്യബന്ധന ഉരു-ഉപകരണങ്ങളുടെ സ്ഥിതിവിവരക്കണക്ക് താഴെ നൽകുന്നു. സിഫ്സ് എന്ന സ്ഥാപനം കേരളത്തിലൊട്ടാകെ നടത്തിയ സെൻസസ് റിപ്പോർട്ടിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചത്. ഇപ്പോൾ രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഈ കണക്കുകളിൽ വലിയ മാറ്റങ്ങൾ തീർച്ചയായും ഉണ്ടായിട്ടുണ്ട്, കട്ടമരങ്ങൾ പോലെയുള്ളവ മിക്കവാറും പൂർണ്ണമായി ഇല്ലാതാകുകയും എന്നാൽ മോട്ടോർവൽകൃത വള്ളങ്ങളുടെ എണ്ണം ഏറെ കൂടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഒരു കണക്കെടുപ്പ് കൃത്യമായി ഇല്ലാത്തതിനാൽ അതറിയാൻ കഴിയുന്നില്ല.

muthalappozhi

ഇവയിൽ ഒരു പ്രധാന മത്സ്യബന്ധന ഉപകരണമായ കമ്പവല പ്രവർത്തിപ്പിക്കുന്നതിന് മണൽത്തീരം അത്യന്താപേക്ഷിത ഘടകമാണ്. രണ്ട് വശങ്ങളിലായി ഏകദേശം 30 മുതൽ 50 വരെ ആളുകൾ കമ്പ (വടം) വലിച്ചാണ് ഈ വല പ്രവർത്തിപ്പിക്കുന്നത്. ഒരു വലിയ വള്ളത്തിൽ വല കടലിലേക്ക് കൊണ്ടു പോയി നീട്ടി ഇടുകയും വലയുടെ രണ്ടറ്റവും കരയിൽ രണ്ടു വശങ്ങളിലായി നിന്ന് തൊഴിലാളികൾ വലിച്ചുകയറ്റുകയും ചെയ്യുന്നതാണ് രീതി. വലിയ അളവിൽ മീൻ പിടിക്കുന്ന ഒരു സമ്പ്രദായമാണിത്. മുതലപ്പൊഴിയുടെ തെക്കുവശത്തുള്ള പെരുമാതുറയിലെ ഏറ്റവും പ്രധാന മീൻപിടുത്ത ഉപകരണം ഈ കമ്പവല ആയിരുന്നു. ഇവിടെ പ്ലൈവുഡ് വള്ളങ്ങളും ഔട്ട് ബോർഡ് മോട്ടോറുകളും ഇല്ലെന്നും കാണാം.

ഈ മീൻപിടുത്തക്കാരിൽ കമ്പവലയും മറ്റു ചെറുവലകളും ഉപയോഗിക്കുന്നവരുടെ ഭാഗത്ത് മത്സ്യബന്ധന തുറമുഖം വേണമെന്ന ആവശ്യം ഉയർന്നിരുന്നില്ല. അതായത് മുതലപ്പൊഴിയുടെ തൊട്ടടുത്തായി ഇരു കരകളിലും ഉള്ള പെരുമാതുറയിലെയും താഴമ്പള്ളിയിലെയും മീൻപിടുത്തക്കാർക്ക് അവരുടെ തൊഴിലിന്റെ ആവശ്യമെന്ന നിലയിൽ ഒരു മത്സ്യബന്ധന തുറമുഖം വേണമായിരുന്നില്ല എന്നതാണ്.

എന്നാൽ അഞ്ചുതെങ്ങ്, മാമ്പള്ളി എന്നീ തീര ഗ്രാമങ്ങളിലെ കട്ടമരങ്ങൾ, ചൂണ്ടപ്പണി, വലിയ പട്ടുവലകൾ, പുതിയ മോട്ടോർവൽകൃത പ്ലൈവുഡ് വള്ളങ്ങൾ എന്നിവ ഉപയോഗിച്ചിരുന്ന മീൻപിടുത്തക്കാർക്ക് വർഷകാലത്ത് ഉരുക്കളുമായി സ്വന്തം തീരങ്ങളിൽ നിന്നും കടലിലേക്ക് പോയിവരുന്നതിന് അക്കാലത്ത് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അവർ ഏറേപ്പെരും ഈ മൂന്നു മാസങ്ങളിൽ വടക്ക് കൊല്ലം ജില്ലയിലെ തങ്കശ്ശേരിയിൽ ഉപകരണങ്ങളുമായി പോകുന്ന പതിവും ഉണ്ടായിരുന്നു. ഇതിന്റെ ബുദ്ധിമുട്ടുകളും പണച്ചെലവുകളും സമീപത്ത് സുരക്ഷിതമായി കടലിലേക്ക് പോയി വരാൻ കഴിയുന്ന ഒരു സംവിധാനം വേണമെന്ന ആവശ്യം അവർക്കിടയിൽ 1980-90 കാലയളവിൽ ഉയർന്നു വരുന്നതിന് കാരണമായി. മാത്രമല്ല, ഇക്കാലയളവിൽ ഈ മേഖലയിലെ തൊഴിലാളികളിൽ നല്ലൊരു പങ്ക് മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനത്തിനായി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നടന്നിരുന്ന സമരങ്ങളിൽ സജീവമായി പങ്കെടുത്തവരുമാണ്.

അങ്ങനെ ആ സംഘടനയ്ക്കുള്ളിലും ഈ പ്രശ്നം സജീവ ചർച്ചാ വിഷയമായി. കൊല്ലം നീണ്ടകരയിലെന്ന പോലെ യന്ത്രവൽകൃത ബോട്ടുകൾക്ക് പ്രവർത്തിക്കാനുള്ള ഒരു തുറമുഖം മുതലപ്പൊഴിയിൽ ഉണ്ടാകരുതെന്ന കാര്യത്തിൽ സംഘടനയിലെ മിക്ക നേതാക്കൾക്കും പ്രവർത്തകർക്കും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. കൊല്ലം തങ്കശ്ശേരിയിലെന്ന പോലെ പരമ്പരാഗത ചെറുകിട ഉരുക്കൾക്ക് സുഗമമായി പ്രവർത്തിക്കാനുള്ള ഒരു സൗകര്യമാണ് മുതലപ്പൊഴിയിലും വേണ്ടതെന്ന് ചർച്ചകളിലൂടെ അഭിപ്രായ രൂപീകരണം ഉണ്ടായി. അതേ സമയം തങ്കശ്ശേരിയിലും വിഴിഞ്ഞത്തുമെന്ന പോലെ പുലിമുട്ടുകൾ നിർമ്മിച്ചാൽ തീരശോഷണം ഉണ്ടാകുമെന്ന അഭിപ്രായങ്ങളും മുന്നറിയിപ്പുകളും ചിലർ ഉന്നയിക്കുകയും ചെയ്തു. ഇതിനെല്ലാം ഒടുവിലാണ് "മുതലപ്പൊഴി അഴിയാക്കുക" എന്ന ഒരു ഡിമാൻഡ് ഉന്നയിച്ച് സർക്കാരിൽ സമ്മർദ്ദം ചെലുത്താനും വേണ്ടി വന്നാൽ സമര പരിപാടികൾ തുടങ്ങാനും സംഘടനയിൽ അഭിപ്രായ ഐക്യമുണ്ടായത്. ഈ ആവശ്യമുന്നയിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ നേതൃത്വത്തിൽ പല സമരങ്ങളും ഇവിടെ അരങ്ങേറുകയും ചെയ്തു.

എന്നാൽ സർക്കാരാകട്ടെ, നീണ്ടകരയിലെന്ന പോലെ മുതലപ്പൊഴിയിലും യന്ത്രവൽകൃത ബോട്ടുകൾക്ക് അടുപ്പിക്കാൻ കഴിയുന്ന രണ്ട് ജെട്ടികൾ കായലിനകത്തായി ഇരുവശങ്ങളിലും നിർമ്മിച്ചു കൊണ്ടുള്ള ഒരു മത്സ്യബന്ധന തുറമുഖത്തിനാണ് രൂപം നൽകിയത്. അല്ലാതെ പൊഴിമുഖത്ത് ഇരുവശങ്ങളിലും കരിങ്കല്ലടുക്കി ബണ്ടുകൾ നിർമ്മിച്ച് സ്ഥിരമായ അഴിമുഖം കൃത്രിമമായി നിർമ്മിക്കാൻ കഴിയുമോ എന്ന കാര്യം ശാസ്ത്രീയ പഠനം നടത്തി പരിശോധിക്കുക പോലും ചെയ്തില്ല. പകരം രണ്ട് പുലിമുട്ടുകൾ കടലിലേക്ക് ലംബമായി നിർമ്മിച്ച് അഴിമുഖം എല്ലായ്പോഴും തുറന്നിരിക്കുന്ന വിധത്തിൽ തുറമുഖം നിർമ്മിക്കുന്ന പദ്ധതിയാണ് സംസ്ഥാന ഫിഷറീസ്-തുറമുഖ വകുപ്പുകൾ ചേർന്ന് തീരുമാനിച്ചത്. അക്കാലത്ത് കേന്ദ്രസർക്കാരിന്റെ ധനസഹായം ഇത്തരം തുറമുഖ നിർമ്മാണങ്ങൾക്ക് ലഭിക്കുമായിരുന്നത് കാര്യങ്ങൾ എളുപ്പത്തിലാക്കി.

അതേ സമയം മത്സ്യത്തൊഴിലാളി പ്രസ്ഥാനത്തിലുണ്ടായിരുന്ന പലർക്കും പുതിയ തുറമുഖ പദ്ധതിയെ കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ തങ്ങൾ നടത്തിയ സമരങ്ങളുടെ ഫലമായി തുറമുഖ പദ്ധതി അംഗീകരിച്ചു കിട്ടിയതിനാൽ എതിർപ്പുകളൊന്നും പറയേണ്ടതില്ല എന്ന നിലപാടിനായിരുന്നു മുൻതൂക്കം ലഭിച്ചത്.

തുറമുഖ നിർമ്മാണവും പുതിയ സാഹചര്യങ്ങളും

  1. പൊഴിയുടെ വടക്കു ഭാഗത്ത് തീരശോഷണം ശക്തമായത് - കമ്പവല മത്സ്യബന്ധനം അവിടെ നടത്താൻ കഴിയാത്ത സ്ഥിതി
  2. കമ്പവലകൾ ഇല്ലാതായതും പുതിയ ജെട്ടികൾ വന്നതും താഴമ്പള്ളി, പൂത്തുറ മേഖലകളിലെ തൊഴിലാളികളെ മറ്റ് സാധ്യതകൾ തേടാൻ പ്രേരിപ്പിച്ചു. കൊല്ലം വടക്കൻ മേഖലയിൽ ചെറിയ റിംഗ്സീൻ ബോട്ടുകൾ കുറഞ്ഞ വിലയ്ക്ക് കിട്ടുമെന്ന സ്ഥിതി അവർ പ്രയോജനപ്പെടുത്തുന്നു. തുടക്കത്തിൽ കുറഞ്ഞ എണ്ണം മാത്രമുള്ള ഈ ബോട്ടുകൾക്ക് വലിയ വരുമാനം. എണ്ണം കൂടുന്നു. ഇവരുടെ കായലുകളുമായുള്ള സാമിപ്യം ബോട്ടുകൾ വീടിനടുത്ത് സൂക്ഷിക്കാൻ സൗകര്യമായി മാറി. ഇവരുടെ വൻതോതിലുള്ള മീൻപിടുത്തം അഞ്ചുതെങ്ങ് മേഖലയിലെ മീൻപിടുത്തക്കാരുമായി സംഘർഷത്തിന് ഇടയാക്കി.
  3. പുലിമുട്ടുകൾ നിർമ്മിച്ചെങ്കിലും പൊഴിമുഖത്തെ മണ്ണടിയൽ ക്രമേണ ഒരു പ്രശ്നമായി മാറി. തൽഫലമായുള്ള അപകടങ്ങളും. പുലിമുട്ടുകളുടെ രൂപകൽപ്പനയിലെ മാറ്റവും പ്രശ്നം കൂടുതൽ സങ്കീർണ്ണമാക്കി. ഇൻബോർഡ് എൻജിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിംഗ്സീൻ ബോട്ടുകൾ അപകടത്തിൽ പെടുന്നത് പതിവായി. നിരവധി പേർ അപകടമരണങ്ങളിൽ പെട്ടു.
  4. അഞ്ചുതെങ്ങ് മേഖലയിൽ കട്ടമരങ്ങൾ ഇല്ലാതാകുകയും മോട്ടോർവൽകൃത പ്ലൈവുഡ് വള്ളങ്ങൾ കൂടുകയും ചെയ്തു. ഇക്കൂട്ടരിൽ ബഹുഭൂരിപക്ഷത്തിനും കായൽ സാമീപ്യം കുറവായിരുന്നു. അതിനാൽ കായലിലൂടെ തുറമുഖത്തേക്ക് പോവുക അവർക്ക് കഴിയുമായിരുന്നില്ല. ഒപ്പം കടൽ ശാന്തമല്ലാത്തപ്പോഴും ഉരുക്കളെ തീരത്ത് കെട്ടിവലിക്കുന്ന "ട്രാക്ടറുകൾ" മറ്റു പലയിടങ്ങളിലും എന്ന പോലെ അഞ്ചുതെങ്ങിൽ വന്നെത്തിയത് വർഷകാലത്തും തീരത്തു നിന്നും കടലിലേക്ക് പോയിവരുന്നത് സാധ്യമാക്കി. അഞ്ചുതെങ്ങിന് തെക്കുള്ള കുറച്ച് പ്ലൈവുഡ് വള്ളക്കാരാണ് പ്രധാനമായും കായൽ സാമിപ്യം ഉപയോഗപ്പെടുത്തിയത്. എന്നാൽ കടൽഭിത്തികളുടെ വ്യാപകമായ നിർമ്മാണത്തെ തുടർന്ന് വർഷകാല മീൻപിടുത്തം സ്വന്തം തീരങ്ങളിൽ ദുഷ്കരമായ മറ്റിടങ്ങളിൽ നിന്നും വിഴിഞ്ഞത്തേക്ക് പോയിരുന്ന വള്ളക്കാരും വിഴിഞ്ഞത്തിന് പകരമായി മുതലപ്പൊഴിയിൽ എത്താൻ തുടങ്ങി. എന്നാൽ ഇവരും അപകടങ്ങളുടെ ഭീഷണി നേരിടുന്നുണ്ട്.
  5. പെരുമാതുറയിൽ വലിയ തീരം രൂപപ്പെട്ടെങ്കിലും കമ്പവലകൾ മറ്റ് കാരണങ്ങളാൽ കുറയുന്ന സ്ഥിതി വിശേഷം ഉണ്ടായതിനാൽ മത്സ്യമേഖലയ്ക്ക് പ്രയോജനപ്പെട്ടില്ല. പകരം അവിടെ പുതിയ പാലം കൂടി വന്നതോടെ ടൂറിസം സാധ്യതകളാണ് ഉണ്ടായത്.
  6. ഇടവാ, കാപ്പിൽ, വർക്കല മേഖലയിൽ നിന്നുള്ളവരും പുതിയ റിംഗ്സീൻ ബോട്ടുകളുമായി മുതലപ്പൊഴി ഉപയോഗപ്പെടുത്താൻ വന്നു. ഇപ്പോൾ 60-ലേറെ റിംഗ്സീൻ വള്ളങ്ങളാണുള്ളത്. ആദ്യ കാലത്തെന്ന പോലെ ഇപ്പോൾ മത്സ്യം കിട്ടുന്നില്ല, ഉരുക്കളുടെ എണ്ണം കൂടിയതും മത്സ്യത്തിന്റെ കുറവും എല്ലാവരുടെയും വരുമാനത്തിൽ കുറവുണ്ടാക്കി. കൊല്ലം മുതൽ വടക്കോട്ട് വലിയ റിംഗ്സീൻ ബോട്ടുകൾ ഉണ്ടാക്കി മത്സ്യത്തിനായി മത്സരിക്കുന്ന സ്ഥിതി മുതലപ്പൊഴിയിലും ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. ഒപ്പം തുറമുഖം സുരക്ഷിതമല്ലെന്ന സ്ഥിതി പലരിലും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്.
  7. മുതലപ്പൊഴിയുടെ സമീപത്ത് വടക്ക് തീരശോഷണം കൂടിയതും പുതിയ പാലം കടലെടുക്കാതെ സംരക്ഷിക്കണമെന്നതും ഒരു ഗ്രോയിൻ നിർമ്മിക്കുന്നതിലേക്ക് തുറമുഖ വകുപ്പിനെ നിർബന്ധിതമാക്കി. ഗ്രോയിൻ നിർമ്മിച്ച ശേഷം അതിന് വടക്കുള്ള തീരങ്ങളിൽ അഞ്ചുതെങ്ങിൽ പോലും തീരശോഷണം കൂടുന്നതാണ് പുതിയ സ്ഥിതിവിശേഷം. ഒപ്പം താഴമ്പള്ളി, പൂത്തുറ മേഖലകളിൽ കടൽ ഭിത്തി ബലപ്പെടുത്തൽ നടത്തിയിട്ടും കടൽ വെള്ളം കരയിലേക്ക് കയറുന്നത് രൂക്ഷമാകുകയും നിരവധി വീട്ടുകാരെ കായലിന് മറുകരയിലായി മാറ്റിപ്പാർപ്പിക്കുകയുമാണ് ഇപ്പോൾ ചെയ്തുവരുന്നത്.

മുതലപ്പൊഴി നൽകുന്ന പാഠങ്ങൾ

ഇന്ന് മുതലപ്പൊഴി തുറമുഖം യഥാർത്ഥത്തിൽ ഉപയോഗിക്കുന്നത് പണ്ട് തുറമുഖത്തിനായി മുറവിളി കൂട്ടിയ മീൻപിടുത്തക്കാരല്ലെന്നത് വിരോധാഭാസമായി തോന്നാം. അഞ്ചുതെങ്ങ്, മാമ്പള്ളി മേഖലയിലെ തുറമുഖത്തിന് വേണ്ടി മുഖ്യമായും സമരം ചെയ്ത മീൻപിടുത്തക്കാർ പഴയതുപോലെ തങ്ങളുടെ ഗ്രാമങ്ങളിൽ നിന്നും കടലിലേക്ക് പോയിവരുന്ന രീതി ഇപ്പോഴും തുടരുകയാണ്. എന്നാൽ മണൽത്തീരം ഉപയോഗിച്ച് തീരക്കടലിൽ കമ്പവല മത്സ്യബന്ധനം നടത്തിയിരുന്നവർ തുറമുഖ നിർമ്മാണത്തെ തുടർന്ന് തങ്ങളുടെ തീരം ഇല്ലാതായതോടെ അത് നിർത്താൻ നിർബന്ധിതരാവുകയും, വടക്ക് കൊല്ലത്തു നിന്നും പഴയ റിംഗ്സീൻ ഇൻബോർഡ് വള്ളങ്ങൾ കുറഞ്ഞ വില നൽകി വാങ്ങിക്കൊണ്ടുവന്ന് പുതിയ രീതിയിലുള്ള മത്സ്യബന്ധനം തുടങ്ങിയിരിക്കുകയുമാണ്. ഇത് സാമൂഹികസംഘർഷങ്ങൾക്ക് വഴിവെച്ചു.. ഇപ്പോഴും പുതുതായി രംഗത്തു വന്ന റിംഗ്സീൻ വള്ളക്കാരും മറ്റുള്ളവരും തമ്മിലുള്ള സംഘർഷം നിലനിൽക്കുന്നുണ്ട്.

മുതലപ്പൊഴി തുറമുഖത്തിന്റെ ഇന്നത്തെ അവസ്ഥ യഥാർത്ഥത്തിൽ കേരളത്തിലെ നിരവധി മത്സ്യബന്ധന തുറമുഖങ്ങളുടെയും അവസ്ഥയാണ്. കോടികൾ ചെലവഴിച്ച് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ നിലകൊള്ളുന്ന നിരവധി തുറമുഖങ്ങൾ കേരളത്തിലുണ്ട്. കാസർഗോഡ്, തോട്ടപ്പള്ളി, ചെത്തി തുറമുഖങ്ങൾ ഇതിന് മികച്ച ഉദാഹരണങ്ങളാണ്. മിക്കയിടത്തും മണൽ അടിഞ്ഞ് തുറമുഖ കവാടങ്ങൾ മൂടിപ്പോവുകയും പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന സ്ഥിതിയാണുള്ളത്.

ഇതിന് പുറമെയാണ്, സമീപ തീരഗ്രാമങ്ങളിൽ പ്രത്യേകിച്ച് തുറമുഖത്തിന് വടക്കുള്ള തീരഗ്രാമങ്ങളിൽ കനത്ത തീരശോഷണം (കടലാക്രമണം) പുതുതായി ഉണ്ടാകുന്ന സ്ഥിതിവിശേഷം. തൽഫലമായി നൂറുകണക്കിന് വീടുകളാണ് ഓരോ വർഷവും കടലിലാകുന്നത്. ഇവരെ പുനരധിവസിപ്പിക്കുക മാത്രമല്ല, കോടിക്കണക്കിന് രൂപാ ചെലവിട്ട് കടൽഭിത്തി നിർമ്മിക്കാനുള്ള ബാധ്യതയും സംസ്ഥാന സർക്കാരിന് ഉണ്ടാകുന്നു. കടൽഭിത്തികൾ ഒരിക്കൽ നിർമ്മിച്ചാൽ മാത്രം പോരാ. കടൽഭിത്തി നിർമ്മിക്കുന്നിടത്ത് അവ കടലിൽ താഴ്ന്നു പോകുന്നതിനാൽ പിന്നെയും ബലപ്പെടുത്തേണ്ടി വരുന്നു. ഇങ്ങനെ ഒരിക്കലും അവസാനിക്കാത്ത തീരസംരക്ഷണ ചെലവ് എന്ന ഊരാക്കുടുക്കിലേക്കാണ് ഈ മത്സ്യബന്ധന തുറമുഖ നിർമ്മാണങ്ങൾ നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്.

കടൽഭിത്തികൾ വേണ്ടത്ര പ്രയോജനപ്പെടുന്നില്ലെന്ന് കണ്ടതോടെ ഇപ്പോൾ പുതുതായി നമ്മൾ ചെറിയ പുലിമുട്ടുകൾ കടലിലേക്ക് ലംബമായി നിർമ്മിക്കുന്നതും ആരംഭിച്ചിട്ടുണ്ട്. ഇതിന് ഗ്രോയിനുകൾ എന്നാണ് പറയുന്നത്. എന്നാൽ ഗ്രോയിനുകൾ നിർമ്മിച്ചിടത്തെല്ലാം അതിന് വടക്കായി തീരശോഷണം കൂടിവരുന്നതായാണ് കണ്ടു വരുന്നത്. ഫലത്തിൽ പ്രശ്നത്തെ മറ്റൊരിടത്തേക്ക് മാറ്റാൻ മാത്രമേ ഇത് ഉപകരിക്കുന്നുള്ളൂ. ഇതോടൊപ്പം ഇങ്ങനെ വൻതോതിൽ കരിങ്കല്ലുകൾ ഉപയോഗിക്കുന്നത് നമ്മുടെ ലോലമായ പശ്ചിമഘട്ട മലനിരകൾക്ക് ഭീഷണിയാകുന്ന കാര്യം കൂടി ഓർമ്മിക്കേണ്ടതുണ്ട്.

മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കാൻ കഴിയുമോ?

മുതലപ്പൊഴി ഫിഷിംഗ് ഹാർബറിന് വേണ്ടി പുലിമുട്ടുകൾ നിർമ്മിക്കാൻ തുടങ്ങിയ 2002-ന് ശേഷം 70-ഓളം മീൻപിടുത്തക്കാരാണ് അപകടങ്ങളിൽ പെട്ട് മരണമടഞ്ഞത്. ഓരോ വർഷവും ഈ സംഖ്യ കൂടുകയാണ്. ഇതോടൊപ്പം നിരവധി വള്ളങ്ങളും ബോട്ടുകളും അപകടത്തിൽപെട്ട് മത്സ്യബന്ധന സാമഗ്രികൾക്ക് കേടുപാടുകളുണ്ടായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടവും സംഭവിച്ചിട്ടുണ്ട്. ഏതൊരു തുറമുഖത്തിന്റെയും അടിസ്ഥാനപരമായ ആവശ്യം അത് ഉപയോഗിക്കുന്ന ഉരുക്കൾക്ക് കടലിൽ പോയി വരുന്നതിന് സുരക്ഷിതത്വം നൽകണം എന്നതാണ്. എന്നാൽ മുതലപ്പൊഴി തുറമുഖത്ത് ഈ സുരക്ഷിതത്വം ലഭിക്കുന്നില്ല. സ്വാഭാവിക മണൽതീരത്ത് കരയിൽ എത്തിച്ചേരുന്ന വള്ളങ്ങൾക്ക് ലഭിക്കുന്ന സുരക്ഷിതത്വം പോലും ഈ ഹാർബറിന് പ്രദാനം ചെയ്യാൻ കഴിയുന്നില്ല. ഇതിന് പ്രധാന കാരണം ഈ തുറമുഖ കവാടത്തിൽ മണലടിയുന്നതും അങ്ങനെ രൂപപ്പെടുന്നതും ജലപ്പരപ്പിന് മുകളിൽ കാണാൻ കഴിയാത്തതുമായ മണൽത്തിട്ടകളോട് ചേർന്ന ശക്തമായ തിരമാലകളും ഓളങ്ങളും ഉണ്ടാകുന്നതുമാണ്. ഇതിനെ മറികടന്നു മാത്രമേ മത്സ്യബന്ധന ഉരുക്കൾക്ക് കടലിലേക്ക് പോയി വരാൻ കഴിയൂ.

ഈ പ്രശ്നം ഉണ്ടായപ്പോൾ തന്നെ പരിഹാരം തേടി സംസ്ഥാന തുറമുഖ വകുപ്പ് വിദഗ്ദ്ധ പഠനം നടത്താൻ പൂണെയിലെ പ്രശസ്തമായ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിന്റെ സഹായം തേടി. അവർ ദീർഘമായ പഠനം നടത്തി 2011 ജനുവരിയിൽ കണ്ടെത്തലുകളും നിർദ്ദേശങ്ങളും സമർപ്പിക്കുകയും ചെയ്തു.

ഇപ്പോൾ പുതിയ പഠനവും നടപടികളും ആവശ്യപ്പെടുന്നവർ ഈ റിപ്പോർട്ട് വായിച്ചിരുന്നെങ്കിൽ, ഒപ്പം അവർ നിർദ്ദേശിച്ച നടപടികൾ പ്രാവർത്തികമാക്കിയിരുന്നെങ്കിൽ, ഒരു പക്ഷേ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്ന അപകടങ്ങളും മരണങ്ങളും ഇല്ലാതാക്കാൻ കഴിയുമായിരുന്നു.

മുതലപ്പൊഴിക്ക് സമീപത്തെ കടൽ മേഖലയിലെ തിരമാലകളുടെ സ്വഭാവം, ഒഴുക്ക്, മണൽനീക്കത്തിന്റെ തോത് എന്നിവയെല്ലാം ഇതിൽ പഠനവിധേയമായിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എങ്കിലും ഇതിൽ ഏറ്റവും പ്രധാനം കടൽത്തീരത്ത് കൂടിയുള്ള മണലിന്റെ ഒഴുക്കാണ്. നമ്മുടെ തീരക്കടലിലെ സ്വാഭാവിക പ്രതിഭാസമാണ് ഈ മണൽ ഒഴുക്ക് (സെഡിമെന്റ് ട്രാൻസ്പോർട്ട് അഥവാ ലിറ്ററൽ ഡ്രിഫ്റ്റ്). ഇതിന് തടസ്സമുണ്ടാകുന്ന നിർമ്മിതികൾ നടത്തുമ്പോൾ മണൽ അടിയുന്നതും തീരം ശോഷിക്കുന്നതും സംഭവിക്കുന്നു.

സി.ഡബ്ല്യു.പി.ആർ.എസ് പഠനത്തിൽ കണ്ടെത്തിയത് ഇവിടെ മണലൊഴുക്കിന്റെ തോത് വളരെ കൂടുതലാണെന്നാണ്. അതിനാൽ തുറമുഖത്ത് കൂടുതൽ മണൽ അടിയുക തന്നെ ചെയ്യുമെന്നും അവർ വ്യക്തമാക്കി.

ഇതിന് അവർ പരിഹാരങ്ങളും നിർദ്ദേശിച്ചിരുന്നു. ഫിഷിംഗ് ഹാർബർ സുഗമമായി പ്രവർത്തിക്കാൻ രണ്ട് കാര്യങ്ങളാണ് അവർ പറഞ്ഞത്. ഒന്ന്, പുലിമുട്ടുകളുടെ നീളം കൂട്ടുക. രണ്ട്, മണൽ അടിയുന്ന തെക്കൻ ഭാഗത്ത് നിന്നും മണൽ ശേഖരിച്ച് ഹാർബറിന് വടക്ക് തീരശോഷണം ഉണ്ടാകുന്ന തീരത്തേക്ക് മണൽ നിക്ഷേപിക്കുക.

പുലിമുട്ടിന്റെ നീളം കൂട്ടി നിർമ്മിച്ച് ആറ് വർഷമാകുമ്പോൾ തുറമുഖ കവാടത്തിൽ മണലടിഞ്ഞ് അവിടെ പ്രക്ഷുബ്ധമാകും. ഇത് സംഭവിക്കാതിരിക്കണമെങ്കിൽ ആദ്യ വർഷം മുതൽ നിരന്തരം അടിയുന്ന ഇടത്തു നിന്നും മണൽ മാറ്റിക്കൊണ്ടേയിരിക്കണം. ഇതിന് സാൻഡ് ബൈപാസ്സിങ് എന്നാണ് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിരിക്കുന്നത്. പക്ഷേ, നമ്മുടെ സർക്കാർ ഈ രണ്ട് നിർദ്ദേശങ്ങളിൽ ഒന്ന് മാത്രമാണ് നടപ്പാക്കിയത്. പുലിമുട്ടുകളുടെ നീളം കൂട്ടി. മണൽ നീക്കുന്ന നടപടി ചെയ്തതേയില്ല. അതിനുള്ള ചെലവ് എത്ര വരുമെന്ന് പോലും കണക്കാക്കിയില്ല. പ്രാഥമിക അന്വേഷണത്തിൽ ഇതിന് ഓരോ വർഷവും കോടികൾ ചെലവിടേണ്ടി വരുമെന്ന് അറിവായതോടെ ആ ശാസ്ത്രീയ നിർദ്ദേശം ഫലത്തിൽ സർക്കാർ നിരസിക്കുകയാണ് ചെയ്തത്.

ഇത് വ്യക്തമാക്കുന്നത് മുതലപ്പൊഴിയിലെ അപകടാവസ്ഥ പരിഹരിക്കാൻ എളുപ്പവഴികളൊന്നും ഇല്ലെന്നതാണ്. എല്ലാ വർഷവും മണൽ നീക്കം ചെയ്യുന്ന നടപടി (regular sand bypassing) ചെയ്തു കൊണ്ടിരുന്നാൽ മാത്രമേ സുരക്ഷിതമായ മുതലപ്പൊഴി ഹാർബർ ഉണ്ടാകൂ. ഇവിടെ അപകടം ഉണ്ടായി കഴിയുമ്പോൾ മാത്രം തെരച്ചിലും രക്ഷാ പ്രവർത്തനവും നടത്തി ശാശ്വതമായ പരിഹാരം സാധ്യമല്ല.

Fishermen Sea

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: