scorecardresearch
Latest News

സദാചാ‍ര പൊലീസ് ഉണ്ടാകുന്നത്

സ്റ്റേറ്റ് അല്ലെങ്കിൽ ഭരണകൂടം പാവനമാണെന്നും അതിനെ ചോദ്യം ചെയ്യുന്നത് പാപമാണെന്നുമാണ് തൽക്കാലയുക്തി. സ്റ്റേറ്റിനു ചെറുത്തുനിൽക്കാൻ ഏറ്റവും ശക്തി കുറഞ്ഞ പ്രണയിതാക്കളെ ഇരകളാക്കുകയാണ് എളുപ്പം.

ethiran kathiravan, moral police,

സമൂഹത്തിനു മിത്തുകളുണ്ട് ആണിന്റേയും പെണ്ണിന്റേയും സ്ഥാനങ്ങൾക്കും പെരുമാറ്റങ്ങൾക്കും തീർപ്പ് കൽ‌പ്പിക്കാൻ. കാലഘട്ടങ്ങളനുസരിച്ച് അവ മാറി മാറി വരും, ദേശഭേദങ്ങളാലും. മിത്തുകൾ മൂല്യങ്ങൾ സൃഷ്ടിയ്ക്കുന്നു, ആ മൂല്യങ്ങൾക്ക് പിന്തുണയേകേണ്ടിയവരാണ് കൽ‌പ്പിതരീതിയിൽ പെരുമാറേണ്ട ആണും പെണ്ണും എന്നാണ് സമൂഹവിധി. ഒരു ബൃഹദ് വ്യവസ്ഥ (super order) വ്യാപനം ചെയ്യുന്ന വിധികൾ ആണ് ഈ മിത്തിന്റെ ആധാരം. ഭരണകൂടം പോലും ഇതിന്റെ പിടിയിൽ അമർന്നെന്നു വരാം. മാറ്റം വരണമെങ്കിൽ സമരം ചെയ്യേണ്ടി വരും-ചരിത്രം പ്രഖ്യാപിക്കുന്നു. ആഗോളീകരണത്തിന്റെ കാലത്ത് ഭരണകൂടം സ്വതന്ത്രവുമല്ല. വ്യക്തിസ്വാതന്ത്ര്യത്തിനു ചട്ടക്കൂടു പണിയുന്നത് ഈ സൂപ്പർ ഓർഡറിന്റെ ഘടകങ്ങളാണ്.. മിത്തുകൾ നിർമ്മിക്കപ്പെടുന്നത് ചരിത്രത്തിൽ നിന്നായതുകൊണ്ട് പുരോഗമനസ്വഭാവം ഏറെ കാണാനിടയില്ല അവയിൽ, പുതിയ മിത്തുകൾ പകരം വയ്ക്കാൻ വരുന്നതു വരെ. സദാചാരം അതിലൊന്നാണ്.

Read More: എന്നിട്ടും നിൽക്കാത്ത എരിച്ചിലാണ് സദാ-ചാരം സംഗീത ശ്രീനിവാസൻ എഴുതുന്നു

സദാചാരവീക്ഷണനിറഭേദങ്ങൾ ക്ഷണപ്രഭാചഞ്ചലമാണ്. “അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനികൾ” എന്ന പോലെ പുരുഷത്വം, സ്ത്രീത്വം, ലൈംഗികത ഒക്കെ സമൂഹത്തിന്റെ പ്രതീക്ഷയുടെ ഫലപ്രാപ്തിയിലാണ് നിലനിൽക്കുന്നത്. കേരളത്തെ സംബന്ധിച്ച് ആൺ – പെൺ വേഴ്‌ചയുടെ സാമൂഹ്യാംഗീകാരം കാലാനുസൃതമായി മാറ്റപ്പെടുകയാണ്. സ്ത്രീയ്ക്ക് പലപുരുഷന്മാരുമായി സംഗമം യഥേഷ്ടം സാധ്യമായിരുന്ന മരുമക്കത്തായം മാറിയിട്ട് അധികകാലം ആയിട്ടില്ല. എല്ലാം തികഞ്ഞ ആൺ, എല്ലാം തികഞ്ഞ പെൺ എന്നതിന്റെ നിർവ്വചനങ്ങളും അതതു കാലത്തെ മിത്ത് സൃഷ്ടിക്കലിനൊപ്പം മാറിക്കൊണ്ടിരിക്കയാണ്. ഇത് ജീവശാസ്ത്രപരമായ (ബയോളജിപരമായ) ലിംഗത്വമായി ബന്ധപ്പെട്ടതല്ല. ഒരു എക്സ് ക്രോമൊസോമും ഒരു വൈ ക്രോമസോമും ഉള്ള, റ്റെസ്റ്റാസ്റ്റിറോൺ ധാരാളമുള്ള ആണും രണ്ട് എക്സ് ക്രോമൊസോമുകളുള്ള, ഈസ്ട്രജെൻ തുടിയ്ക്കുന്ന പെണ്ണും എന്ന അവിച്ഛിന്നരൂപങ്ങളിൽ നിന്ന് വേറിട്ടതാണിത്.

Read More: സദാചാരഗുണ്ടായിസം എന്ന ലൈംഗിക ദാരിദ്ര്യം ഫാദർ ജിജോ കൂര്യൻ​ എഴുതുന്നു

പൊതു ഇടങ്ങൾ ആരുടെ?

സ്ത്രീയുടെ പ്രതിഛായ, സാംസ്കാരിക ഇനം അല്ലെങ്കിൽ വർഗം എന്നതൊക്കെ പല സമൂഹങ്ങളിലും മാറിയത് വിപ്ലവങ്ങളിലൂടെത്തന്നെയാണ്. വോട്ട് ചെയ്യാനാവാത്ത, ഒരു ജഡ്ജിയാവാൻ വയ്യാത്ത, ഗവൺമെന്റിന്റെ ഭാഗമാകാൻ കഴിയത്ത സാംസ്കാരിക വർഗമായിരുന്നു സ്ത്രീ. ആരെ കല്യാണം കഴിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്തവൾ, അധികം വിദ്യാഭ്യാസം നേടാൻ സാഹചര്യമില്ലാത്തവൾ, അച്ഛനോ ഭർത്താവിനോ മാത്രം ഉടമസ്ഥവാകാശം ഉള്ളവൾ-അവൾക്ക് ഭൗതികമായതും അല്ലാതെയുമുള്ള ഇടങ്ങൾ സൃഷ്ടിയ്ക്കാൻ സമരങ്ങൾ വേണ്ടിവന്നിട്ടുണ്ട്. സമവർത്തിയായ മിത്തുകൾ വ്യക്തിത്വവും സ്വാതന്ത്ര്യവും നിയന്ത്രിക്കുന്നു എന്നതിൽ നിന്നും പുറത്തു കടന്നത് മാറ്റത്തിനു പിന്തുണ നൽകാൻ ഉദാരത കാണിച്ച സാംസ്കാരിക സംവിധാനത്തിനോട് മല്ല് പിടിച്ചുതന്നെയാണ്. പാശ്ചാത്യസമൂഹരീതികളെ അനുകരിച്ചു എന്നത് ഇന്ന് ഒരു കുറ്റമോ കുറവോ ആയി പരിഗണിക്കപ്പെടുന്നില്ല.

പ്രണയം/ഇടപഴകൽ ഈ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. പൊതു ഇടങ്ങളുടെ പ്രഥമാവകാശം ആണുങ്ങൾക്കാണെന്നാണ് സമൂഹനീതി പ്രഘോഷണങ്ങൾ. പെണ്ണ് ജോലിയെടുത്ത് ഉണ്ടാക്കിയ സമൂഹഘടനകളും ചുറ്റുപാടുകളും ഇന്ന് നിരവധിയാണ്. കനകക്കുന്നിലെ പുൽത്തകിടിയും മറൈൻ ഡ്രൈവ് എന്ന ആധുനിക ഇടവും അവളുടെ വിയർപ്പിന്റേയും കൂടി ഫലമായി ഉരുത്തിരിഞ്ഞു വന്നതാണ്. ടെക്നോളജി കേരളത്തിൽ (മാത്രമല്ല ഇന്ത്യയിൽ മുഴിവൻ) നിലനിറുത്തുന്നത് പെണ്ണ് രാത്രിയും ജോലി ചെയ്തിട്ടാണ്. ഐ റ്റി മേഖലയിലും മറ്റ് കാൾ സെന്റർ/നെറ്റ് വർക്ക് മേഖലകളിലും അന്തരാഷ്ട്രബന്ധങ്ങൾ വ്യക്തിപരമായാണെങ്കിലും ജോലിയുടെ ഭാഗമായിട്ട് നിർമ്മിക്കുന്നവളാണ് ഭാരതീയ നാരി ഇന്ന്. പ്രാദേശിക മിത്തുകളിൽ നിന്ന് വിടുതൽ നേടിയവളാണ് അവൾ. സാമ്പത്തികഘടനയുടെ അവിഭാജ്യഭാഗമായത് ഈ സ്വാതന്ത്ര്യത്തിനു പുറമേ കിട്ടിയ തുറസ്സാണ്. മറൈൻ ഡ്രൈവിലെ ചാരുബെഞ്ചുകളും കനകക്കുന്നിലെ പുൽത്തകിടികളും അവൾക്കും നേരിട്ട് അവകാശപ്പെട്ടതതാണ്. അവയുടെ ഭൗതികവും ആന്തരികവും ആയ ഇടം അവളുടെ നിർമ്മിതി കൂടിയാണ്. അവിടെ എങ്ങനെ പെരുമാറണമെന്നതിന്റെ മര്യാദാവകാശങ്ങൾ തീരുമാനിക്കുന്നതിൽ അവളുടെ പങ്ക് അവഗണിക്കാനാവുന്നതല്ല.

Read More: പ്രണയം കൊലപാതകത്തിൽ എത്തുമ്പോൾ

സിനിമാ സ്ക്രീനിൽ നിന്ന് ജനമദ്ധ്യത്തിലേക്ക്

കനകക്കുന്ന് വളപ്പിലാണ് പലപ്പോഴും പൊലീസ് കമിതാക്കളെ സദാചാരച്ചൂരൽ വീശി ആർഷഭാരതസംസ്കാരത്തൊഴുത്തിലേക്ക് പായിക്കുന്നത്. അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന മ്യൂസിയം പാർക്ക് പ്രസിദ്ധമാണ്, സിനിമാ ഷൂടിങ്ങിനു. ഒരു വൈരുദ്ധ്യമെന്നപോലെ പല ഭാഷകളിലേയും സിനിമകളിലെ നായികാനായകന്മാർ കാമുകീ കാമുകർ ആയി ആടിപ്പാടി നടന്ന് കൈകോർത്ത് കെട്ടിപ്പിടിച്ച് പ്രണയം വെളിവാക്കാറുള്ള സ്ഥലം. പക്ഷേ ഒരിക്കലും സ്ക്രീനിൽ നിന്ന് ഇറങ്ങാൻ അവരെ സമ്മതിച്ചിട്ടില്ല, പ്രണയചേഷ്ടകൾക്ക് അനിയന്ത്രിതസാഹചര്യമുള്ളവർ പൊതുസമൂഹത്തിലെ ഉദ്യാനങ്ങളിൽ വന്നു കയറാൻ മതാനുസാരിയായ നിയന്ത്രണമുള്ള സമൂഹം അനുവദിച്ചില്ല.. കോവളത്ത് അറബിക്കടലൊരു മണവാളൻ പാടി നടക്കാനും കുമരകം കായലിലെ വള്ളത്തിൽ ഇവളെന്റെ മുറപ്പെണ്ണ് എന്ന് പ്രഖ്യാപിക്കാനും അവസരം കിട്ടുന്നത് വെള്ളിത്തിരയിലെ വിഭ്രമശരീരങ്ങൾക്ക് മാത്രം. ‘പ്രേമം’ സിനിമ കണ്ട് പ്രണയത്തിന്റെ ഉദാത്തതയെ വാഴ്ത്താം, പക്ഷേ പുറത്ത് ഒരു റെസ്റ്റൊറന്റിൽ ജോർജ്ജിനേയും മലരിനേയും ഒരുമിച്ച് കണ്ടാൽ തല്ലിപ്പിരിക്കുകയാണ് വേണ്ടത് എന്നാണ്. ഈ കെട്ടുപാടിൽ നിന്നും പുറത്തിറങ്ങാൻ മോഹിക്കാത്ത ചെറുപ്പക്കാരില്ല. ഒരേ ഒരു അവസരം കല്യാണ വീഡിയോ എടുക്കുമ്പോഴാണ്. പരസ്യമായി കൈ കോർത്ത് പിടിയ്ക്കാൻ ആലിംഗനബദ്ധരാകാൻ, മരം ചുറ്റി ഓടാൻ ഒരു ദിവസത്തേയ്ക്ക് സ്വാതന്ത്രം നൽകപ്പെടുകയാണ് നവ വധൂവരന്മാർക്ക്. കല്യാണ വീഡിയോകളിലെ ‘സിനിമാ അനുകരണം’ എന്ന് പുഛിച്ചു തള്ളപ്പെടുന്ന രംഗങ്ങളുടെ പശ്ചാത്തലം ഇതാണ്, അവ സർവ്വസമ്മതിയാർജ്ജിക്കാൻ ഈ സ്വാതന്ത്ര്യമാണ് കാരണം. പൊതുസ്ഥലത്ത് പെണ്ണിനെ കോരിയെടുക്കാൻ അവസരം കൊടുക്കുന്നത് അധീശരൂപത്തിന്റെ പ്രതിനിധിയായ ക്യാമറക്കാരനാണ്. പക്ഷേ ഈ ക്യാമറാമാൻ അദൃശ്യനായെങ്കിൽ പോലീസിനും സദാചാരപ്പോലീസിനും പണിയായി. കാരണം ‘ഞങ്ങൾ സ്റ്റാർട്-ആക് ഷൻ പറയുമ്പോൾ മാത്രം നിങ്ങൾ കൈ കോർത്താൽ മതി, ഞങ്ങൾ ‘കട്ട്’ പറയുമ്പോൾ വേർപെടുക‘ എന്നു നിർദ്ദേശിക്കുന്ന സമൂഹ നിയമത്തിനു മുൻപിൽ ആണ് നവദമ്പതികൾക്ക് പെരുമാറേണ്ടത്. ക്യാമെറയുടെ മുൻപിൽ നിന്ന് ഓടിമാറി സ്വാതന്ത്ര്യം പ്രഖ്യാപിച്ചവരെ തെരഞ്ഞു പിടിച്ച് തല്ലുകയാണ് സമൂഹ അധികാരി എന്ന ക്യാമറാമാൻ പിന്നീട്. വെറും മണിക്കൂറുകളുടെ സ്വാതന്ത്രമേയുള്ളു ഇവർക്ക്. രണ്ടു ദിവസം കഴിഞ്ഞ് ബീച്ചിലോ പാർക്കിലോ ഇവർ ഒരുമിച്ചിരുന്നാൽ പോലീസ് തന്നെ വിവാഹസർടിഫിക്കേറ്റ് ചോദിക്കുന്ന സ്ഥിതിവിശേഷമാണ്. മിത്തുകളിൽ നിന്ന് പുറത്തുകടന്ന ആധുനിക സമൂഹങ്ങളിൽ ഒരിക്കലും നിലനിന്നിരുന്നില്ല ഈ സ്ഥിതിവിശേഷം. “കുടുംബത്തിൽ പിറന്നവർ”ഉം ഈ കല്യാണ വീഡിയൊ രംഗചിത്രീകരണത്തിൽ ഭാഗഭാക്കാകുന്നുണ്ട്, അത് തെളിയിക്കുന്നത് തുറസ്സായ ഇടങ്ങളിൽ പ്രണയികൾ ഒന്നിച്ചിരിക്കേണ്ടതാണ് എന്ന വസ്തുതയ്ക്ക് അംഗീകാരം കിട്ടുന്നുണ്ടെന്നാണ്.

Read More: പൊറമ്പോക്കിലെ റ്റി.എം.കൃഷ്ണ

ഈ സ്വാതന്ത്ര്യം ലൈംഗികതാനിബദ്ധമാണെന്ന വൻ തെറ്റിദ്ധാരണയാണ് ഉളവായിട്ടുള്ളത്. പൊതുസ്ഥലത്തെ ചുംബനം ഒരു വെല്ലുവിളിയും പ്രസ്താവനയും കാഹളവും കൂടിച്ചേർന്നതാണ്. ലോകനീതിയെ പ്രാദേശികമായി വ്യാഖ്യാനിക്കാനുള്ള തത്രപ്പാടിന്റെ നിദർശനം ആണത്, കാപട്യത്തിനു നേരേ പിടിച്ച സത്യത്തിന്റെ കണ്ണാടിയുമാണത്. ഉറക്കറയിൽ ചെയ്യേണ്ടത് പരസ്യമായി ചെയ്യാനുള്ള ഒരു ത്വരയും അതിന്റെ പിന്നിലില്ല. മറൈൻ ഡ്രൈവിലെ കുടകൾക്ക് പിന്നിൽ ചുംബിക്കേണ്ടി വരുന്നത് ദയനീയതയാണ് പ്രകടമാക്കുന്നത്. റിബൽ ആകുന്നതിലെ ആത്മസംതൃപ്തിയ്ക്കപ്പുറം, വെല്ലുവിളി ഏറ്റെടുത്തതിന്റെ ചാരിതാർത്ഥ്യത്തിനപ്പുറം, ലൈംഗികസംതൃപ്തി എത്രമാത്രം അത് നേടിക്കൊടുക്കുന്നുണ്ട് എന്നത് സംശയാസ്പദമാണ്. ഉമ്മ വയ്ക്കണമെങ്കിൽ കൂടുതൽ മറയുള്ളതും സുരക്ഷിതവുമായ ഇടങ്ങൾ നേടിയെടുക്കാൻ പ്രാപ്തരല്ല അവർ എന്ന് നിരീക്ഷിക്കുന്നത് പടു വിഢിത്തമാണുതാനും. വ്യക്തിസ്വാതന്ത്ര്യം എന്നത് ചെറുപ്പക്കാർക്ക് പണ്ടേ കിട്ടാക്കനിയും വിപ്ലവങ്ങളിൽക്കൂടെ നേടിയെടുക്കേണ്ടതും ആയിരുന്നു എന്നത് ചരിത്രം മലർക്കേ തുറന്നു പിടിച്ചിട്ടുള്ള വസ്തുതയാണ്. ആ സമരഫണ്ടിലേക്ക് ഒരു നാലണ എറിയുകയാണ് മറൈൻ ഡ്രൈവിലെ കുടയ്ക്കു പിന്നിലുള്ളവർ.

സദാചാരഗുണ്ടകൾക്കോ സദാചാര പൊലീസിനോ സദാചാരം സംരക്ഷിക്കാനുള്ള ത്വര തീരെയില്ല എന്നതാണ് വിരോധാഭാസം. തീവ്രസദാചാരലംഘനമായ ബാലപീഡനങ്ങളിൽ ഇടപെടാൻ സദാചാരപൊലീസിനു മാത്രമല്ല യഥാർത്ഥ പൊലീസിനു പോലും താൽ‌പര്യമില്ല. സ്കൂളുകളിൽ ഇതിനെ നേരിടാൻ സംവിധാനങ്ങളില്ല. മറ്റ് ഗാർഹികപീഡനങ്ങളും സദാചാരസംരക്ഷകരെ അലോസരപ്പെടുത്തുന്നതല്ല. ബാലപീഡനങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും ആ വീടുകളിൽ കയറിച്ചെല്ലാൻ ഇവരാരും ധൈര്യപ്പെടുന്നില്ല. സദാചാരം ആകപ്പാടെ കുഴപ്പത്തിലായി എന്ന വ്യാജകാഹളം പൊതുബോധത്തെ പിടിച്ച് ഉലച്ചിരിക്കയാണ്. പെൺകുട്ടികളെ ചങ്ങലയ്ക്ക്കിട്ട് പൂട്ടണമെന്ന് വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു ഇതിൽ വിറങ്ങലിച്ചു പോയ മാതാപിതാക്കൾ. ഈ അങ്കലാപ്പ് പ്രഖ്യാപിക്കുന്ന “മുന്തിരിവള്ളികൾ തളിർക്കുമ്പോൾ” എന്നമാതിരി സിനിമകൾ ചരിത്രപരമായി വീക്ഷിക്കേണ്ടതാണ്. ഹൈസ്കൂളിൽ പഠിയ്ക്കുന്ന ഒരു പെൺകുട്ടിയെ സഹപാഠി ആൺകുട്ടിയോടൊപ്പം വീട്ടിൽ കണ്ടു എന്നതിനു അവളെ ആത്മഹത്യയിലേക്ക് നയിക്കുകയാണ് സദാചാരവാദികൾ ചെയ്തത്. കോഴിക്കോടിനടുത്ത് ഒരു സ്ത്രീയുടെ വീട്ടിൽ രാത്രിയിൽ എത്തിയ ഒരാളെ തല്ലിക്കൊല്ലുകയാണുണ്ടായത്. Consenting adults ആണെങ്കിലും അവർക്ക് മരണം വിധിക്കാൻ തങ്ങൾ പ്രാപ്തരാണെന്നും അവർക്ക് മരണമാണ് ശിക്ഷ എന്നതും സദാചാരപൊലീസ് തീരുമാനിക്കുകയാണ്. കൊലപാതകം മേന്മയേറിയതാണെന്ന് തെളിയിക്കപ്പെടുകയാണിവിടെ, അത് സദാചാരധ്വംസനമാകുന്നില്ല. ഇത് ലൈംഗികതയുടെ പ്രശ്നമല്ല, തങ്ങൾക്കപ്പുറം സ്വാതന്ത്ര്യം എന്ന മാനസികമാത്സര്യത്തിന്റേയോ ആത്മസംഘർഷത്തിന്റേയോ പ്രശ്നമാണ്. പൊതു ഇടങ്ങളിൽ ആര് എന്ത് ചെയ്യണം എന്നത് ഈ കപടകാവൽമാലാഖമാരുടെ തീരുമാനം ആവണം എന്ന് വാശി പിടിയ്ക്കുന്നത് അധികാരവും നിയന്ത്രണവും വിട്ടു പോകുന്നതിലെ ഭീതികൊണ്ട് മാത്രമാണ്..

Read More: നമ്മുടെ സദാചാര ഭ്രമകൽപ്പനകൾ, ഒരു അമ്മയ്ക്ക് പറയാനുളളത് ജോളി ചിറയത്ത് എഴുതുന്നു

സദാചാരപൊലീസും ഭരണകൂടവും

മതാത്മകമായ സംഘങ്ങൾക്കാണ് വ്യക്തിസ്വാതന്ത്ര്യത്തെ ഏറെ പേടി. “സേന” കൾ ധാരാളമുണ്ട് നമുക്ക്. പേരു സൂചിപ്പിക്കുനതു പോലെ ധ്വംസനത്തിനിറങ്ങിയവരാണിവർ. കൾട്ട് രീതികൾ സ്വായത്തമാക്കിയ ഇന്ത്യൻ രാഷ്ട്രീയ പാർടികളും ഇതോട് ചേരുന്ന സ്വഭാവവിശേഷങ്ങൾ പേറുന്നുണ്ട്. നിർവ്വഹണസംഹിതകൾ മെനഞ്ഞെടുത്തിരിക്കുന്നത് മതാത്മകനിയന്ത്രണസ്വഭാവത്തോടെ ആണ്. ഇടതായാലും വലത് ആയാലും വ്യക്തി അപ്രധാനം, പാർട്ടി പ്രധാനം. വ്യക്തിക്ക് നിർമ്മലതയും പരിപാവനത്വവും പുണ്യശീലതയും കൽ‌പ്പിച്ചുകൊടുക്കുന്നത് ദൈവം എന്ന ശക്തിയ്ക്ക് വെല്ലുവിളിയാണ്. അതുകൊണ്ട് വ്യക്തി സ്വതന്ത്രനാകുന്നത് മതത്തെ താറുമാറാക്കും. വികലമായിത്തീർന്ന രാഷ്ട്രീയപരതയേയും അതേ കാരണത്താൽ അസ്വസ്ഥമാക്കും. സ്റ്റേറ്റ് അല്ലെങ്കിൽ ഭരണകൂടം പാവനമാണെന്നും അതിനെ ചോദ്യം ചെയ്യുന്നത് പാപമാണെന്നുമാണ് തൽക്കാലയുക്തി. സ്റ്റേറ്റിനു ചെറുത്തുനിൽക്കാൻ ഏറ്റവും ശക്തി കുറഞ്ഞ പ്രണയിതാക്കളെ ഇരകളാക്കുകയാണ് എളുപ്പം. ഇന്ന് ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും –ഇടതുപക്ഷം ഉൾപ്പടെ- ലൈംഗികതയേയും അതിലെ വ്യക്തിസ്വാതന്ത്ര്യത്തേയും അംഗീകരിക്കാൻ തയാറാവുകയില്ല. ശ്രേണീബദ്ധമായ കെട്ടിപ്പടുക്കലിനെ തകർത്തുകളയും അത്. സെക്സ് എന്നതിനെ നിരാകരിക്കുകയാണ് എളുപ്പം. സ്ത്രീ ലൈംഗിതകയെക്കുറിച്ചുള്ള പരിചിന്തനങ്ങൾ പ്രത്യേകിച്ചും തീണ്ടാപ്പാടകലെയാണ് രാഷ്ട്രീയപ്പാർട്ടികൾക്ക്. ഒളിവിലെ ഓർമ്മകളിൽ നിന്ന് ശേഖരിച്ചെടുത്ത കഥകൾ നാടകങ്ങളും സിനിമകളും ആയി ദൃശ്യപ്പെടുത്തിയ തോപ്പിൽ ഭാ‍സി പാർട്ടി പ്രവർത്തകരുടെ പ്രണയം ദൃശ്യവൽക്കരിച്ചത് മടിയില്ലാതെയാണ്. അനുഭങ്ങൾ പാളിച്ചകളിൽ ഒളിവിൽ താമസിക്കന്ന ചെല്ലപ്പനു ഒരു പ്രണയിനിയെ (തകഴിയുടെ മൂലകഥയിൽ ഇല്ലാത്തത്) സമ്മാനിച്ചാണ് തോപ്പിൽ ഭാസി വസ്തുനിഷ്ഠതയ്ക്ക് ആക്കം കൂട്ടിയത്. ഇത് നിരാകരിക്കാനാണ് താൽ‌പ്പര്യങ്ങൾ. ഈ സത്യം വിളിച്ചോതിയ സക്കറിയയ്ക്ക് തല്ലു കിട്ടിയതു തന്നെ മിച്ചം. മുറിക്കുള്ളിൽ ചെയ്യേണ്ടത് തെരുവിൽ ചെയ്താൽ ജനങ്ങളെതിർക്കും എന്ന് പിണറായി വിജയനും ‘പരസ്യമായി എല്ലാം ചെയ്യാമെന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നു‘ എന്ന് കോടിയേരി ബാലകൃഷ്ണനും പ്രസ്താവിക്കേണ്ടി വന്നത് മാറുന്ന സമൂഹനീതിയെ ഭീതിയോടെ നോക്കിക്കാണുന്നു എന്നതുകൊണ്ടാണ്. മറൈൻ ഡ്രൈവിൽ കമിതാക്കളെ ശിവസേനക്കാർ തല്ലിയപ്പോൾ പോലീസ് നോക്കി നിന്നതും യൂണിവേഴ്സിറ്റി കാമ്പസ്സിൽ പെൺകുട്ടികൾടൊപ്പം നിന്ന യുവാവിനെ തല്ലിച്ചതച്ചതും ഈ വീക്ഷണത്തിന്റെ പ്രത്യക്ഷങ്ങളാണ്. ആ ചൂരൽ ഭരണകൂടത്തിന്റെ കയ്യിൽ നിന്നും എത്തിയതാണെന്ന സത്യം ഭീതിദമാണ്.

ഉദാരതയും വിശാലമനസ്കതയും അടിസ്ഥാനമാക്കീയ രാഷ്ട്രസംവിധാനവും നീതിനിർവ്വഹണ വ്യവസ്ഥയും കെട്ടിപ്പടുത്തിരിക്കുന്നത് ഒരോ വ്യക്തിയ്ക്കും പവിത്രവും ദിവ്യവുമായ ഉൾക്കാമ്പ് ഉണ്ടെന്നും അത് അവിഭാജ്യവും അവ്യയവും ആണെന്നുമുള്ള തീവ്രസങ്കൽ‌പ്പത്തിലാണ്. ഇതാണ് ധാർമ്മികതയുടേയും നീതിശാസ്ത്രപരതയുടേയും രാഷ്ട്രീയപരതയുടെയും ഉറവിടം എന്നാണ് മൗലിക സങ്കൽ‌പ്പം. ഈ മാനവതാവാദം (humanism) പോലും ഇന്ന് ശാസ്ത്രത്തിന്റെ അതിവേഗജൈത്രയാത്രയാൽ വെല്ലുവിളിക്കപ്പെടുകയാണ്. ഈച്ചയും പൂച്ചയും ചിമ്പാൻസിയും പോലെ മറ്റൊരു ജീവി മാത്രമാണ് മനുഷ്യൻ എന്നാണ് ജീവശാസ്ത്രം (ബയോളജി) തെളിയിക്കുന്നത്. ഇവയിലെല്ലാറ്റിലും സ്വഭാവങ്ങൾ ന്യൂറോൺ ബന്ധങ്ങളും ഹോർമോണുകളും ജീനുകളും തീരുമാനിക്കുന്നതാണ്, ആത്മാവിന്റെ സ്വാതന്ത്ര്യം എന്നൊന്ന് പ്രത്യേകിച്ച് ഇല്ലയത്രെ. എങ്കിലും വിശ്വമാനവൻ എന്ന സങ്കൽ‌പ്പത്തിനു ആക്കം കൂടി വരികയാണ്, ഭരണകൂടങ്ങൾക്ക് തന്നെ ആഗോളമാനദണ്ഡങ്ങളേയും ആദർശങ്ങളേയും മാനിക്കാനും സംരൂപിയാക്കാനും സമ്മർദ്ദങ്ങൾ ഏറി വരികയാണ്. സാമ്പത്തിക നീക്കങ്ങളും സ്വഭാവവും, പരിസ്ഥിതിനയങ്ങൾ, നീതിനിർവ്വഹണം ഇവയൊക്കെ കടന്നുകയറുകയാണ്, ഇവയെ അനുനയിച്ചുകൊണ്ടുമാത്രം ഭരണതന്ത്രങ്ങൾ രൂപീകരിക്കപ്പെടുകയുമാണ്. പൊതുവായ ഒരു സംസ്കാരത്തിലേക്ക് അതിവേഗം സഞ്ചരിക്കുന്ന ഒരു ലോകമാണ് മുന്നിലുള്ളത്. വ്യക്തിസ്വാതന്ത്ര്യം മുൻതൂക്കമാക്കുന്ന സമൂഹനീതിയാണ് ഇതിന്റെ അടിസ്ഥാനം. അമിതാസക്തി ആധാരമാക്കുന്ന (cultish) മതാത്മകതയോ രാഷ്ട്രീയ അവബോധങ്ങളോ ശ്രേണീബദ്ധവും വ്യക്തിവിരുദ്ധവും ആണ്. ഈ ശക്തികൾക്ക് പൊരുതേണ്ടി വരുന്നത് നിൽക്കക്കള്ളി ഇല്ലാതാവുന്നതുകൊണ്ടാണ്. ആഴത്തിൽ പതിഞ്ഞ വിശ്വാസങ്ങളും മിത്തുകളും സമൂഹനീതി നിർമ്മിയ്ക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഈ വെല്ലുവിളി ഏറ്റെടുക്കുക എന്നത് അതിനോട് കലഹിച്ചുകൊണ്ടാണ്. മതമൌലികവാദികൾ, അത് പരമ്പരാഗത മതങ്ങളോ രാഷ്ട്രീയമതങ്ങളൊ ആവട്ടെ, പൊരുതിത്തോൽക്കേണ്ട പശ്ചാത്തലം തന്നത്താനെ നിർമ്മിച്ചെടുക്കുകയാണ്.

യൂണിവേഴ്‌സിറ്റി  ഓഫ് ഷിക്കാഗോയിൽ സീനിയർ സയന്റിസ്റ്റാണ് ലേഖകൻ. ശാസ്ത്രം,സിനിമ, സംഗീതം, കല, സാമൂഹ്യവിഷയങ്ങൾ എന്നിവയെ കുറിച്ച് ആനുകാലികങ്ങളിൽ എഴുതുന്നു

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Moral policing love public spaces ethiran katiravan kerala news