അങ്ങേയറ്റം തകർന്ന ഹൃദയവുമായാണ് ഇതെഴുതുന്നത്. ചീന്തിയെറിയപ്പെടുന്ന പെൺജീവിതം പോലെ, തല്ലിക്കൊല്ലപ്പെടുന്ന ആൺജീവിതങ്ങളും ഏറിവരുന്ന ഒരു കാലത്താണ്, രണ്ടാൺമക്കളുടെ അമ്മയെന്ന നിലയിൽ വല്ലാത്ത ആകുലതയുണ്ട്. ഇക്കഴിഞ്ഞ വാലന്റെൻസ് ദിനത്തിൽ സദാചാര ഗുണ്ടായിസത്തിന് വിധേയരായ രണ്ട് സുഹൃത്തക്കളിലൊരാളെ ആത്മഹത്യയിലേയ്ക്ക് എത്തിച്ച സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തമ്പോൾ ഇത്തരം പിന്തിരിപ്പിനായ ഒരു മൂല്യബോധത്തെ രൂപപ്പെടുത്തുന്നതിൽ നമ്മുടെ വിദ്യാലയങ്ങൾക്കും കുടുംബം, മതം, സ്റ്റേറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കിനെ കാണാതിരിരുന്നു കൂടാ.

നാസിക്കിൽ നിന്നും നാട്ടിലേയ്ക്ക് മാറിയ ഒരു പത്ത് വയസ്സുകാരി, കൂടെ പഠിക്കുന്ന ആൺ സുഹൃത്തുക്കളുടെ കൂടെ ക്ലാസിലിരുന്നതിന് മണൽത്തരി ചേർത്ത് കൈയ്യുടെ മേൽ ഭാഗത്ത് പിച്ച് കിട്ടിയത്. എന്തിനാണെന്ന് അറിയാതെ വേദനിച്ചതിലും ഏറെ ആ കുട്ടിയെ വേദനിപ്പിച്ചത് അപമാനിതയാക്കിയത് മറ്റുള്ളവരുടെ അതിനോടുള്ള പ്രതികരണമാണ്. അവൾ “അരുതാത്തത്” ചെയ്തതിനുള്ള ശരിയായ ശിക്ഷ എന്നതായിരുന്നു. വീട്ടിലെ മുതിർന്നവരുടെ പ്രതികരണം. ചെറിയ ക്ലാസ് മുതൽ ആൺകുട്ടിയും പെൺകുട്ടിയും ഇടകലർന്നിരിക്കുകയും ഒന്നിച്ച്, കബഡി മുതൽ ഖോ ഖോ വരെ കളിക്കുകയും ഉണ്ണുകയും ചെയ്തിരുന്ന അവൾക്ക് ലിംഗവിവേചനം എന്തെന്ന് മനസ്സിലാകുമായിരുന്നില്ല. അക്കാലത്ത്, അങ്ങനെയുള്ള സ്കൂളുകളും ഉണ്ടായിരുന്നുവെന്ന് ഓർക്കണം.

Read More: സദാചാര വാദത്തിന്റെ വംശീയ ബോധ്യങ്ങൾ

പിന്നീട് അവളുടെ (ഇതെഴുതുന്നയാളുടെ) രണ്ട് ആൺകുട്ടികൾ വളർന്നുവന്നപ്പോൾ, ചുരുങ്ങിയപക്ഷം, സ്ത്രീകളെ ബഹുമാനിക്കുകയും ആദരിക്കുകയും സ്നേഹത്തോടെ കാണുകയും ചെയ്യുന്ന മനുഷ്യരാകണമെന്നായിരുന്നു ആഗ്രഹം. അത്തരത്തിലുളള ആശയ വിനിയമങ്ങളിലൂടെയാണ് അവർ വളർന്നത്. ഗൾഫിൽ നിന്നും ആറ് വർഷം മുമ്പ് കേരളത്തിലേയ്ക്ക് പറിച്ചു നടുമ്പോൾ ഏതാണ്ട് പതിനാലും പന്ത്രണ്ടുമായിരുന്നു അവരുടെ പ്രായം.

ആത്മാഭിമാനവും അന്തസ്സുമുള്ള മനുഷ്യരായി നമ്മുടെ കുഞ്ഞുങ്ങൾ തോളോടു തോൾ ചേർന്ന് പരസ്പര പൂരകങ്ങളായി ജീവിക്കുന്ന ഒരു ലോകം ഒരു സ്വപ്നമായതിനാൽ അതിനെ തുണയ്ക്കുന്നു ചില ജീവിത വീക്ഷണങ്ങൾ പങ്കുവച്ചും അവരുടെ ജീവിത വീക്ഷണങ്ങളെ കേട്ടുമൊക്കെയാണ് ഞാനും അവരും വളരുന്നത്. (പൊതുവിൽ കുട്ടികളിൽ നിന്നും ഒന്നും പഠിക്കാനില്ല എന്നാണല്ലോ നമ്മുടെ മനോഭാവം)

എറണാകുളത്തുള്ള ഒരു സ്വകാര്യ മാനേജ്മെന്റ് സ്കൂളിലാണ് അവരെ ചേർത്തത്. ഒരുപക്ഷേ, പല കാരണങ്ങളാൽ അക്കാലത്ത്, ഏറ്റവും കൂടുതൽ സ്കൂളിലേയ്ക്ക് വിളിപ്പിക്കപ്പെട്ട ഒരു രക്ഷിതാവ് ഞാനായിരിക്കും. – മൂത്തമകൻ ഒമ്പതിൽ പഠിക്കുന്ന സമയം, ക്ലാസിലെ എന്നു തന്നെയല്ല, സ്കൂളിലെ മൊത്തം സഹപാഠികളെയും സുഹൃത്തുക്കളായി കാണാനുള്ള ഒരു അവബോധം അവർക്കുണ്ടായതിനാൽ പൊതുവേ എല്ലാവരോടും വളരെ ഫ്രീയായി ഇടപെടുന്നവനാണ് മൂത്തമകൻ. ഒരു ലഞ്ച് ബ്രേയ്ക്കിൽ ഭക്ഷണ ശേഷം കുട്ടികൾ വരാന്തയിൽ നിന്നു സംസാരിക്കുകയായിരുന്നു. മകൻ ക്ലാസിലെ തന്നെ പെൺകുട്ടിയുടെ അടുത്ത് നിന്ന് ഒരു ബുക്ക് മറിച്ചു നോക്കി, അവൻ മുടങ്ങിയ ദിവസത്തെ പാഠഭാഗങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അവരുടെ ഒരു അധ്യാപിക വരുന്നത് കണ്ടപ്പോൾ മറ്റ് കുട്ടികൾ പെട്ടെന്ന് പെൺകുട്ടികളുടെ അടുത്ത് നിന്നും ക്ലാസിലേയ്ക്കും മറ്റിടങ്ങളിലേയ്ക്കും പിൻവലിഞ്ഞു. അവനവിടെ തന്നെ നിൽക്കുകയും ഒന്ന് വിഷ് ചെയ്യുകയും ചെയ്തു. ടീച്ചർ എന്താണ് അവിടെ നിൽക്കുന്നത് എന്ന് ചോദിച്ചു. അവൻ പറഞ്ഞു. ഇവളോട് സംസാരിച്ചു നിൽക്കുകയാണ് മിസ്സേ, അതവർക്ക് ഒട്ടും പിടിച്ചില്ല. അവർ മകനോട് സ്റ്റാഫ് റൂമിലേയ്ക്ക് ചെല്ലാൻ പറയുന്നു. മകൻ അവിടെ എത്തിയ ഉടനെ അവർ “നോക്ക് നീ ഓവർസ്മാർട്ട് ആവണ്ട ഇത് കേരളമാണ്. പുറത്തെ സംസ്കാരം അല്ല ഇവിടുത്തേത്. ഈ സ്കൂളിൽ ഇതൊന്നും നടക്കില്ല” എന്നുപറയുന്നു. “മിസ്സ് ഇതിൽ ഓവർ സ്മാർട്ട്നെസ്സിന്റെ എന്തുകാര്യമിരിക്കുന്നു. ഞങ്ങൾ ഫ്രണ്ട്സ് ആണ് ഒന്നിച്ചു പഠിക്കുന്നവരാണ്. ലഞ്ച് ബ്രേയ്ക്കിനാണ് ഞങ്ങൾ സംസാരിക്കുന്നത്.” എന്ന് മകൻ മറുപടി പറഞ്ഞു. പെട്ടെന്ന് ടീച്ചറുടെ ചോദ്യം നിന്റെ റിലീജ്യൻ എന്താണ് എന്ന് ചോദിക്കുന്നു.

മകന്റെ മറുപടി എനിക്ക് അങ്ങനയൊന്നുമില്ല ഞാൻ എത്തീസ്റ്റാണ് എന്ന് പറയുന്നു. മാതാപിതാക്കൾ എങ്ങനെ അനുവദിക്കുന്നുവെന്ന് ആശ്ചര്യപ്പെടുന്നു. മകൻ മറുപടി പറഞ്ഞു. “ദേ ആർ നോട്ട് പർട്ടിക്കുലർ എബൗട്ട് റിലീജ്യൻ” ഉടനെ രക്ഷിതാക്കളുടെ പേര് ചോദിക്കുന്നു. അതിൽ മിശ്രിതം മണത്ത ടീച്ചർ അർദ്ധോക്തിയിൽ വെറുതെയല്ല എന്നുപറഞ്ഞ് അടുത്ത ദിവസം പാരന്റ്സ് ആരെങ്കിലും വന്നിട്ട് ക്ലാസിൽ കയറിയാൽ മതിയെന്ന് പറയുന്നു. പതിവു പോലെ എനിക്ക് അവിടെ പോകേണ്ടിവരുന്നു.

മറ്റൊരു ദിവസം അടുത്ത വിഷയം സ്റ്റെയർകെയ്സ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് ഉപയോഗിക്കാൻ പാടില്ല എന്നതായിരുന്നു. മകന്റെ ക്ലാസിൽ തൊട്ടുമുമ്പുള്ള ഗോവണി പെൺകുട്ടികൾക്കും വരാന്തയുടെ അങ്ങേയറ്റത്തുള്ളത് ആൺകുട്ടികൾക്കും എന്ന് സർക്കുലർ വന്നു. പക്ഷേ അവനും മറ്റു ചില കുട്ടികളും തൊട്ടടുത്തുള്ള മുന്നിലുള്ള ഗോവണി ഉപയോഗിക്കാൻ തുടങ്ങി. ഇതിനെതിരെ അധികൃതർ വാണിങ് കൊടുക്കുന്നു. ഇഷ്യൂ വേണ്ടെന്ന് കരുതി മറ്റ് കുട്ടികൾ ആൺകുട്ടികൾക്കായുള്ള ഗോവണി ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ മകൻ അവിടെയുള്ള ഗോവണി തന്നെ ഉപയോഗിച്ചു. പതിവ് പോലെ സ്റ്റാഫ് റൂമിലേയ്ക്ക് വിളിപ്പിക്കലും ചോദ്യം ചെയ്യലും അവൻ പറയുന്നു ഞങ്ങളെ ക്രിമിനലൈസ് ചെയ്യരുത് പെൺകുട്ടികളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങളേക്കാൾ നന്നായി അറിയുന്നവരാണ് ഞങ്ങൾ. ഞങ്ങൾ മോൺസ്റ്റേഴ്സ് അല്ല, സാമൂഹിക മര്യാദകളും ചില പ്രിൻസിപ്പൽസ്സും പറഞ്ഞു തരുന്ന വീട്ടിൽ നിന്നും തന്നെയാണ് ഞാനും വരുന്നത്. അതിത്തിരി ഉച്ചത്തിലാണ് അവൻ പറഞ്ഞത്. സത്യത്തിൽ ആ കാലഘട്ടത്തിൽ അവൻ വല്ലാത്ത മാനസിക സമ്മർദ്ദത്തിൽ തന്നെപ്പെട്ടു. കൂടെയുള്ള കൂട്ടുകാർക്ക് അവനാണ് ശരിയെന്നറിയാമെങ്കിലും ഈ ചോദ്യം ചെയ്യൽ വീട്ടുകാരെ വിളിപ്പിക്കൽ തുടങ്ങിയ കലാപരിപാടികൾ ഭയന്ന് കൂടെ നിൽക്കുകയുമില്ല (ഇപ്പറഞ്ഞ കുട്ടികളുടെ രക്ഷിതാക്കൾ സ്കൂൾ അധികൃതരുടെ പക്ഷത്തേ നിൽക്കുകയുള്ളൂ).

അടുത്ത പ്രശ്നം ചെറിയ മകന്റെ കാര്യത്തിലായിരുന്നു. അവൻ അത്യാവശ്യം വരയ്ക്കുന്ന കുട്ടിയാണ്. അവരുടെ സ്കൂൾ ആനിവേഴ്സറി നാളിൽ അവന്റെ സ്കെച്ച് ബുക്കും കൊണ്ടാണ് ക്ലാസിലേയ്ക്ക് പോയത്. തന്റെ കഴിവുകളെ സഹപാഠികളെ കാണിക്കാനുള്ള സ്വാഭിക ത്വര. അവനും കൂട്ടുകാരും കൂടിയിരുന്ന് ഈ സ്കെച്ച് ബുക്ക് നോക്കി കൊണ്ടിരിക്കുമ്പോൾ അതിലെ വന്ന ഒരു ചെറുപ്പക്കാരി ടീച്ചർ അത് കാണാനിടയാവുകയും അതുടനെ കുട്ടിയിൽ നിന്നും തട്ടിപ്പറിച്ചെടുത്ത് എന്തോ ബോംബ് കണ്ടെടുത്ത് പോലെ ഹെഡ് മിസ്ട്രസിനെ ഏൽപ്പിക്കുന്നു. അതിലെ ഒന്ന് രണ്ട് ചിത്രങ്ങളിൽ ന്യൂഡിറ്റി ആയിരുന്നു. പതിവ് പോലെ എനിക്ക് വാറോല വരുന്നു. ഞാൻ സ്കൂളിലെത്തുന്നു. എന്നെയും മകനെയും വിളിച്ചിരുത്തി മൂന്ന് പേരാണ് വിചാരണ ചെയ്യുന്നത്. മാപ്പർഹിക്കാത്ത എന്തോ അപരാധം ചെയ്ത മട്ടിലാണ് പ്രിൻസിപ്പൽ പൊട്ടിത്തെറിക്കുന്നത്. വിഷയം ഈ സ്കൂളിലെ സംസ്കാരം. എനിക്ക് അങ്ങനെ സ്റ്റഡിക്ളാസ് എടുക്കുകയാണ്. ഞാൻ ശാന്തമായി ചോദിച്ചു. എനിക്ക് ഒന്നും മനസ്സിലായില്ല. എന്താണ് നിങ്ങൾ പറയാനുദ്ദേശിക്കുന്നത്. അവർ അന്തംവിട്ട് നോക്കുന്നു. നിങ്ങൾ അവനെ അഭിന്ദിക്കുകയല്ലേ വേണ്ടത്. അല്ല, ടീച്ചറെ നമ്മുടെ ശരീരം എങ്ങനെയാ ഒരു അശ്ലീലമാകുന്നത്. വരയ്ക്കാൻ പഠിക്കുന്ന ഏതൊരാളും അത്യാവശ്യം അനാട്ടമി വരയ്ക്കണം. ഹ്യൂമൻ അനാട്ടമി എന്ന ബുക്ക് ഞാനാണ് അവന് വാങ്ങി നൽകിയത്. വരച്ച് പഠിക്കാൻ എത് ലോകത്തും ഏത് കാലത്തുമാണ് നിങ്ങളൊക്കെ ജീവിക്കുന്നത്. ഞാനും വിട്ടുകൊടുത്തില്ല. ഒരു ചിത്രത്തിന്റെ പേരിൽ നമ്മുടെ വിഖ്യാത ചിത്രകാരൻ എം.എഫ്.ഹുസൈൻ നാടുകടത്തപ്പെട്ട ഒരു രാജ്യത്തിലും കൂടെയാണ് നമ്മളിരിക്കുന്നത്. അതോർമ വേണം. ….
പത്താംക്ലാസിന് ശേഷം കുട്ടികളെ ആ സ്കൂളിൽ തുടരാൻ അനുവദിക്കില്ല എന്ന നിബന്ധനയോടെയാണ് കാര്യങ്ങൾ അവസാനിച്ചത്.

Read More: സദാചാരഗുണ്ടായിസം എന്ന ലൈംഗിക ദാരിദ്ര്യം

നോക്കൂ, ഇവിടെ ആരെയാണ് നാം കുറ്റപ്പെടുത്തേണ്ടത്. സത്യത്തിൽ നമ്മുടെ പുതു തലമുറ എത്ര മാത്രം, സ്ട്രെസ്സിലും വിഷാദത്തിലുമാണ് പോകുന്നതെന്ന് നമ്മുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. നമുക്ക് കുട്ടികളെന്നാൽ എപ്പോഴും തെറ്റിലേയ്ക്ക് വീഴാവുന്ന ശരീരങ്ങൾ മാത്രമാണ്. നമ്മുടെ വ്യാജമായ സാമൂഹിക അന്തസ്സുകളെ പൂരിപ്പിച്ചെടുക്കാനുള്ള ഉപകരണങ്ങൾ. മനുഷ്യന്റെ എല്ലാ വികാരങ്ങളും വിചാരങ്ങളും കച്ചവടമാക്കപ്പെടുന്ന ഇക്കാലത്ത്, സ്വന്തമായ അഭിപ്രായങ്ങളോ തീരുമാനങ്ങളോ ഇല്ലാത്ത, വെറും യാന്ത്രികമായ പ്രവർത്തികളിൽ ഏർപ്പെടേണ്ടുന്ന ഭയം നിറച്ച, വസ്തുക്കളായി നാം കുട്ടികളെ ചുരുക്കുന്നു.

ഭൂമിയ്ക്കപ്പുറം പോയി ജീവനെ തേടുന്ന ശാസ്ത്രയാത്രകളും അന്വേഷണങ്ങളും നടക്കുന്ന ഒരു ലോകത്തിരുന്നാണ് നാം നമ്മുടെ കുഞ്ഞുങ്ങളോട് ഈ അന്യായം ചെയ്യുന്നത്. അരുതുകളിൽ മാത്രം പെട്ട് ചക്രശ്വാസം വലിക്കുകയാണവർ. ഒരുഭാഗത്ത്, മാർക്കറ്റിന്റെ കെണി, മറുഭാഗത്ത് വ്യവസ്ഥയുടെ ശിക്ഷകൾ, ഇതല്ലാതെ എന്താണ് ജൈവികമായി അവരുടെ മുന്നിലുള്ള സാധ്യതകൾ, ശരീരത്തെ ഇത്രയധികം ഉൽപ്പന്നവൽക്കരിക്കുകയും അശ്ലീലവത്ക്കരിക്കുകയും ചെയ്ത ഒരു ലോകത്താണ് സ്വന്തം ശരീരത്തെ ഒരു മിത്തായി കാണാൻ അവരെ നാം പ്രേരിപ്പിക്കുന്നത്. സാങ്കേതിക വിദ്യ ഇത്രയധികം വികസിച്ച ഒരു കാലത്ത്, കുട്ടികളിലേക്ക് എത്തുന്ന ബഹുമുഖമായ അറിവുകളുണ്ട്. അതവരിൽ തീർക്കുന്ന വികാര പ്രപഞ്ചമുണ്ട്, ഭാവനാലോകമുണ്ട്. ഇതിന്റെ പ്രയോഗത്തെ സാധ്യമാകുന്ന എന്തു സാമൂഹികാവസ്ഥയാണ് അവർക്ക് മുന്നിലുള്ളത്. 18 വയസ്സിൽ വോട്ടവകാശമുള്ള ഈ തലമുറയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം എവിടെയാണ്. അങ്ങേയറ്റം വൈരുദ്ധ്യങ്ങളുടെ ഈ ലോകത്ത്, മാനസിക സമ്മർദ്ദങ്ങളിൽ അകപ്പെടുന്ന നമ്മുടെ കുട്ടികൾ മദ്യത്തിനും ലഹരിമരുന്നിനും അടിമകളായില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ.
മറ്റൊരു ബ്രീത്തിങ് സ്പെയ്സുമില്ലാതെ ലഹരി മാത്രമാണ് അവരുടെ മുന്നിലെ ഏക സാധ്യത എന്ന മട്ടിലേയ്ക്ക് വ്യവസ്ഥ ഒരുങ്ങിയിരുപ്പുണ്ട് വലിയ കെണികളുമായി. നമ്മുടെ സദാചാര ഭ്രമകൽപ്പനകൾക്കപ്പുറത്ത് സത്യസന്ധമായി, നാം ഈ കുഞ്ഞുങ്ങളുടെ പ്രശ്ങ്ങളെ അഭിമുഖീകരിച്ചേ മതിയാകു.

ഏത് മതത്തിന്റെയും മൗലികത സ്ത്രീ വിരുദ്ധമായതാണ്. അതു തന്നെയാണ് നമ്മുടെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഉറഞ്ഞുകിടക്കുന്നതും. ഇത് തന്നെയാണ് ഭരണകൂടത്തിന്റെ എല്ലാ ഉപകരണങ്ങളിലും നിറഞ്ഞു നിൽക്കുന്നതും. അതുകൊണ്ടാണ് പാർട്ടികൾക്കൊന്നും തിരുത്തൽ ശക്തിയാവാൻ കഴിയാതെ പോകുന്നത്.

നഴ്സറി സ്കൂൾ മുതൽ ജനാധിപത്യത്തിന്റെ ആരൂഢകേന്ദ്രങ്ങളിൽ വരെ നീതിന്യായ വ്യവസ്ഥയുടെ ഓരോ വളവിലും തിരിവിലും നേർരേഖലയിലുമെല്ലാം ഇത് കാണാം. അത് കമ്മ്യൂണിറ്റി സംവിധാനങ്ങളിൽ തുടങ്ങി, സ്റ്റുഡൻസ് പൊലീസ്, ജനമൈത്രി പൊലീസ് തുടങ്ങി നീതി തീർപ്പുകളിൽ വരെ എത്തി നിൽക്കുന്നത് കാണാം. ആണിനും പെണ്ണിനും ഒന്നിച്ച് ഇടപെടാൻ പറ്റാത്ത സംവിധാനമാക്കി പൊലീസ് മുതൽ പിങ്ക് പൊലിസിനെ വരെ സൃഷ്ടിക്കാൻ ഭരണകൂടത്തിന് കഴിയുന്നത് അങ്ങനെയാണ്. യൂണിവേഴ്സസിറ്റി കോളജ്, ഫാറൂഖ് കോളജ് തുടങ്ങിയ സ്ഥലങ്ങളിലെ സംഭവങ്ങൾ മുതൽ പിങ്ക് പൊലീസ് ഏറ്റവുമവസാനം തിരുവന്തപുരത്ത് നടത്തിയ സദാചാര പൊലീസിങ് വരെ ഇതെത്തി നിൽക്കുന്നു. ഇതിന്റെ തുടർച്ചയിലാണ് അമ്മ എന്ന സിനിമാ സംഘടയുടെ പ്രസ്താവന വരെ. തൊഴിൽ സാമുഹിക പദവി, നിറം തുടങ്ങിയവ വരെ സദാചാരപൊലിസിങ്ങിന്റെ അളവ് കോലിൽ വ്യത്യാസം വരുത്തുന്നുണ്ടാകാം. ഇതിന്റെ അടിസ്ഥാനത്തിൽ പൊതു സമൂഹവും ഭരണസംവിധാനങ്ങളും ഇടപെടലുകളും നടത്താറുണ്ട്.

ഇതെല്ലാം ഓരോ ദിവസവും കേരളത്തിൽ വർധിക്കുന്നതേയുള്ളൂ. അല്ല കേരളം മുന്നോട്ടാണ് എന്ന് പറയുന്ന അനീഷ് ഒറ്റപ്പെട്ട സംഭവമാണ് എന്ന് പറയുന്നവരോട്, അട്ടപ്പാടിയെ അനീഷ് മാത്രമല്ല, കേരളം മറന്നുപോയ കൊടുങ്ങല്ലൂരിലെ രഞ്ജിനിയുടെ ആത്മഹത്യയും കൊടിയത്തൂരിൽ സദാചാരക്കൊലപാതകം തുടങ്ങി കണക്കെടുപ്പ് നീട്ടാം. അത്തരം കണക്കെടുപ്പുകൾക്കപ്പുറം കേരളത്തെ മുന്നോട്ടു കൊണ്ടുപോകാൻ, ശരീരത്തെ കുറിച്ചും സ്ത്രീയെ കുറിച്ചും, സൗഹൃദങ്ങളെ കുറിച്ചുമുള്ള നമ്മുടെ ധാരണകൾ മാറ്റേണ്ടതുണ്ട്. കുട്ടികളുടേതല്ല.

വീടകം മുതൽ പൊതുവിടം വരെയുള്ള ഇടങ്ങളിൽ ഒന്നിച്ചിരിക്കുന്നവരെയല്ല, അവരെ പിന്തുടരുന്നവരെയും പൊതുവിടങ്ങളിൽ പോലും രണ്ട് വ്യക്തികളുടെയോ വ്യക്തിയുടെ സ്വകാര്യതയ്ക്കുമേൽ കടന്നു കയറുന്നവരെയും നിയമത്തിന് കീഴ്പ്പെടുത്തിക്കൊണ്ടാകണം അധികാരം ഇടപെടേണ്ടത്. എന്നാൽ ഇവിടെ സംഭവിക്കുന്നത് തിരിച്ചാണ്. വ്യക്തികളുടെ സ്വകാര്യതയിലേയ്ക്ക് കടന്നുകയറുന്നവർക്കൊപ്പമാണ് ഭരണകൂട സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. അതു മാറാത്ത കാലാത്തോളം കേരളം പിന്നോട്ട് തന്നെ നടന്നുകൊണ്ടേയിരിക്കും. ജാതി, ലിംഗ വിവേചനങ്ങളുടെ ബോധത്തെ പിൻപറ്റുന്ന വലതുപക്ഷ ചിന്താധാരയിലൂടെയാണ് കേരളം കടന്നുപോകുന്നത്. അത്തരം ചിന്തയുടെ അടയാളമായ പിങ്ക് പൊലീസിനെ ഉണ്ടാക്കി ആ ചിന്തയ്ക്ക് വളരാനും പ്രവർത്തിക്കാനും വെള്ളവും വളവും നൽകുകയല്ല, കേരളം ചെയ്യേണ്ടത്. അതിന് പകരം നമ്മുടെ ആൺ പെൺ ബന്ധങ്ങളെ സർഗാത്മകവും സാമൂഹിക അന്തരീക്ഷത്തെ സജീവവുമാക്കുന്ന പരിഷ്‌കരിച്ച ഒരു സമൂഹത്തെ കുറിച്ചായിരിക്കണം ഈ അറുപതാം വയസിലെങ്കിലും കേരളം ചിന്തിക്കേണ്ടത്.

സാമൂഹിക, നാടക, ചലച്ചിത്ര പ്രവർത്തക, എഴുത്തുകാരിയാണ് ജോളി ചിറയത്ത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook