scorecardresearch

ചോരക്കറ പുരണ്ട പാഡും സദാചാര സെൽ അധ്യാപികയും

നിങ്ങൾ ആത്മവിശ്വാസം തകർത്ത് ഓരോ വർഷവും വഴിയിൽ തള്ളുന്ന ചെറുപ്പക്കാരികളുടെ എണ്ണം ഭയപ്പെടുത്തുന്നു. കാരണം, നിങ്ങളുടെയൊക്കെ സദാചാരഭ്രാന്ത് കൊന്നുകളയുന്നത് കേരളത്തിന്‍റെ ഭാവിയെ തന്നെയാണ്.

നിങ്ങൾ ആത്മവിശ്വാസം തകർത്ത് ഓരോ വർഷവും വഴിയിൽ തള്ളുന്ന ചെറുപ്പക്കാരികളുടെ എണ്ണം ഭയപ്പെടുത്തുന്നു. കാരണം, നിങ്ങളുടെയൊക്കെ സദാചാരഭ്രാന്ത് കൊന്നുകളയുന്നത് കേരളത്തിന്‍റെ ഭാവിയെ തന്നെയാണ്.

author-image
J Devika
അപ്‌ഡേറ്റ് ചെയ്‌തു
New Update
ചോരക്കറ പുരണ്ട പാഡും സദാചാര സെൽ അധ്യാപികയും

ബഹുമാനപ്പെട്ട വനിതാ സെൽ ടീച്ചർ അറിയുന്നതിന്,

ഇതൊരു തുറന്ന കത്തായതുകൊണ്ട് നിങ്ങളുടെ പേരു പറയുന്നില്ല. നിങ്ങൾ ഏതു കലാലയത്തിലാണ് പഠിപ്പിക്കുന്നതെന്നോ, ഏതു ഡിപ്പാർട്ട്മെൻറിലാണ് ജോലി നോക്കുന്നതെന്നോ പറയുന്നില്ല. എങ്കിലും വായനക്കാർക്ക് അത് തടസ്സമാകുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് സമകാലിക കേരളത്തിലെ കലാലയങ്ങളിൽ വിദ്യാർത്ഥികളാകാൻ വിധിക്കപ്പെട്ട ചെറുപ്പക്കാർക്ക്. കാരണം, നിങ്ങളെപ്പോലുള്ള അദ്ധ്യാപികമാർ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്. ഏതു കോളേജിലുമുണ്ട്.

Advertisment

അടക്കമൊതുക്കത്തിന്‍റെ ആൾരൂപമായി, സാരിയുടുക്കാൻ കൂട്ടാക്കാത്ത മറ്റ് അദ്ധ്യാപികമാരെ പരസ്യമായും രഹസ്യമായും കുറ്റപ്പെടുത്തി, വിദ്യാർത്ഥികളെക്കുറിച്ചുള്ള പുച്ഛവും അത് മറച്ചുപിടിക്കുന്ന ഭയവും അലങ്കാരങ്ങളായി എണ്ണി, അങ്ങേയറ്റം അത്യാവശ്യം മാത്രമായ അക്കാദമിക തയ്യാറെടുപ്പുകൾ നടത്തി, കലാലയത്തിൽ അധികാരികളുടെ പ്രിയങ്കരിയായി വാഴുന്ന ആ ടീച്ചറെ ആർക്കാണ് അറിയാത്തത്?

നമ്മൾ തമ്മിൽ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നെപ്പോലുള്ള ഡിസിപ്ലിനില്ലാത്തവളുമാരോട് മര്യാദയ്ക്കു പെരുമാറേണ്ടി വന്നതിലുള്ള ഖേദം കഴിവതും ഒളിച്ചു പിടിച്ചുകൊണ്ട് ചിരിച്ചു കാട്ടിയപ്പോൾ ഞാൻ കൗതുകത്തോടെ നിങ്ങളെ ശ്രദ്ധിച്ചിട്ടുണ്ട്. അത്ഭുതപ്പെട്ടിട്ടുണ്ട്. സ്വന്തം വിദ്യാർത്ഥികൾ 'എട്ടാം ക്ളാസ് നിലവാരം' മാത്രമുള്ളവരാണെന്നും അവർക്ക് അത്രയൊന്നും കാര്യമായ ശ്രദ്ധ കൊടുക്കേണ്ടതില്ലെന്നും പറഞ്ഞപ്പോൾ, വിശേഷിച്ചും.

ഒരുവിധത്തിലും അർഹിക്കാത്ത പദവിയും പണവും സൗകര്യവുമെല്ലാം പൊതുസ്ഥാപനങ്ങളിൽ നിന്നും ഖജനാവിൽ നിന്നും നേടിയെടുത്തത് സ്വന്തം മിടുക്കും അവകാശവുമാണെന്ന ബോധത്തിന്‍റെ ഒഴുക്കിൽ തടസ്സമൊന്നുമറിയാതെ നീങ്ങിപ്പോകുന്ന നിങ്ങളുടെ അഹംബോധത്തിന്‍റെ മറുപുറം എത്രത്തോളം ഹിംസാത്മകമാണെന്നു കണ്ട് ഞെട്ടിയിട്ടുണ്ട്.

Advertisment

ഉന്നത വിദ്യാഭ്യാസം ജനാധിപത്യത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പാണെന്ന് വിശ്വസിക്കുകയും വിദ്യാർത്ഥികളോട് സമഭാവന പുലർത്തുന്നവരുമായ സഹ അദ്ധ്യാപകരോട്, പ്രത്യേകിച്ചു അങ്ങനെയുള്ള അദ്ധ്യാപികമാരോട് മറച്ചു വെയ്ക്കാൻ നഗ്നമായ വെറുപ്പ് പ്രകടിപ്പിക്കുന്നതു കണ്ട് അന്തം വിട്ടു പോയിട്ടുണ്ട്.

കേരളത്തിൽ ചെറുപ്പക്കാർക്കെതിരെ നടക്കുന്ന ദൈനംദിന ഹിംസയിൽ യാതൊരു മനഃസാക്ഷിക്കുത്തും കൂടാതെ പങ്കു ചേരുന്ന നിങ്ങളെക്കാണുമ്പോൾ  നാത്സി  കൊലക്കളങ്ങളിലെ പരിചാരികമാരെ ഓർത്തുപോകുന്നത് അല്പം കടുപ്പം തന്നെ എന്നു സമ്മതിക്കാം. എങ്കിലും നിങ്ങളും അവരും തമ്മിലുള്ള സാമ്യം കാണാതിരിക്കാൻ വയ്യ. ഇരുകൂട്ടരും തങ്ങൾ ഹിംസയിലേർപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞില്ല, തിരിച്ചറിയുന്നില്ല. സ്വന്തം ചെയ്തികൾ എല്ലാം സദാചാരം പുലരാൻ വേണ്ടിയാണെന്നും സദാചാരക്കൊടുമുടിയുടെ ഉച്ചിയിലെ സിംഹാസനം തങ്ങളുടേയാണെന്നും നാത്സി കൊലയാളികളെപ്പോലെ നിങ്ങളും കരുതുന്നു.

ഹിംസയോ? ഞാനോ? നിങ്ങൾ ഈർഷ്യയോടെ ചോദിക്കുന്നത് എനിക്കു കേൾക്കാം. അതേ, ഹിംസ തന്നെ. വിദ്യാർത്ഥിനികളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഉണങ്ങാത്ത മുറിവുകളാണ് നിങ്ങൾ സമ്മാനിക്കുന്നത്. നിങ്ങൾക്ക് ഈ കത്തെഴുതാനുണ്ടായ ഉടൻ പ്രേരണ, നിങ്ങളുടെ കലാലയത്തിലെ വിമൻസ് സെൽ എന്ന സ്ത്രീ മർദ്ദന-അപമാനകേന്ദ്രത്തിന്‍റെ പ്രവർത്തനമാണ്.

j devika

ടീച്ചർ, എന്തുകൊണ്ടാണ് നിങ്ങളെപ്പോലുള്ളവർക്കു തന്നെ ഈ സെല്ലിന്‍റെ ചുമതല കിട്ടുന്നത്? ഓർത്തുനോക്കിയിട്ടുണ്ടോ? സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും മറ്റും വർഷത്തിൽ ഒന്നോ രണ്ടോ പരിപാടികൾ നടത്തിയാലും അധികവും വിദ്യാർത്ഥിനികളെ നിലയ്ക്കു നിർത്താനും അവരുടെ ആത്മവിശ്വാസത്തെ തകർക്കാനുമല്ലേ ഈ സെല്ലുകൾ പ്രവർത്തിക്കുന്നത്?

ഒരു സത്യം പറയാം : ഉന്നത വിദ്യാഭ്യാസരംഗത്ത് അദ്ധ്യാപനം നടത്താനുള്ള അടിസ്ഥാനപരമായ കഴിവുകൾ ഇല്ലാത്തതുകൊണ്ടാണ് ഈ മർദ്ദനകേന്ദ്രത്തിന്‍റെ അധികാരിയാകാൻ നിങ്ങൾ ക്ഷണിക്കപ്പെടുന്നത്. അതു കൊണ്ടാണ് ഈ സ്ഥാനം നിങ്ങൾ സ്വീകരിക്കുന്നത്. വിദ്യാർത്ഥിനികൾ എത്ര മുതിർന്നാലും ചെറു പൈതങ്ങളുടെ നിലയിൽത്തന്നെ കഴിയണമെന്ന ആൺകോയ്മാ താൽപര്യം നടപ്പിലാക്കാൻ ഉന്നതവിദ്യാഭ്യാസത്തിന്‍റെ അന്തഃസ്സത്തയെ മനസിലാക്കിയവർക്ക് കഴിയില്ല. അതു മനസിലാക്കാനുള്ള കഴിവില്ലാത്തതുകൊണ്ടാണ് നിങ്ങൾ ആൺകോയ്മയുടെ ചട്ടുകമായിത്തീരുന്നത്.

കേരളത്തിൽ ഇന്ന് പല കലാലയങ്ങളിലും വിദ്യാർത്ഥിനികൾക്ക് ആവശ്യമായ സാനിറ്ററി നാപ്കിനുകൾ ഡിസ്പെൻസറുകളിൽ നിന്നു ലഭ്യമാണ്. ഉപയോഗത്തിനു ശേഷം അവ കത്തിച്ചു കളയാനുള്ള സംവിധാനവും ഉണ്ട്. ഇതൊക്കെ ആരോഗ്യത്തിനും സ്ത്രീ ശരീരത്തോടുള്ള ബഹുമാനത്തിനും നല്ലതാണെന്ന് പരക്കെ അംഗീകാരവും ഉണ്ട്. എന്നിട്ടും വനിതാ സെൽ അടക്കിവാഴുന്ന അങ്ങ് കലാലയ മാഗസീനിൽ ചോരക്കറയുള്ള പാഡിന്‍റെ ചിത്രം കണ്ട്, അതിനു താഴെയുള്ള എഴുത്ത് വായിച്ചു നോക്കാൻ പോലും മെനക്കെടാതെ, ഞെട്ടിത്തെറിക്കുകയും, അത് അശ്ളീലമാണെന്ന് പ്രഖ്യാപിക്കുകയും, അതു മാറ്റാത്ത പക്ഷം ഭയങ്കരമായ ശിക്ഷകൾ വിദ്യാർത്ഥികൾക്കെതിരെ പ്രഖ്യാപിക്കുകയും ചെയ്തല്ലോ!

ശരിക്കും, സ്ത്രീശരീരത്തെപ്പറ്റി തുറന്നതും ആരോഗ്യപൂർണവുമായ ചർചയ്ക്ക് ചെറുപ്പക്കാർ തയ്യാറാണ്. നിങ്ങളെപ്പോലുള്ള മാനസികവാർദ്ധക്യം ബാധിച്ചവരാണ് സമൂഹത്തിന്‍റെ വഴിമുടക്കുന്നത്.

നേരത്തെ പറഞ്ഞതുപോലെ, ഇവിടുത്തെ ജനങ്ങൾ നൽകുന്ന നികുതി പൈസ ശമ്പളം വാങ്ങി ഈ സമൂഹത്തെ അഴുകി നശിക്കാൻ ഇടവരുത്തുന്നവരല്ലേ നിങ്ങൾ? ചോരക്കറ പുരണ്ട പാഡിന്‍റെ കാഴ്ച മൂലം ലോകം ഇടിഞ്ഞുവീഴുമെന്ന് ഏതു യുക്തിചിന്തയാണ് നിങ്ങളെ പഠിപ്പിച്ചത് ? യുക്തിരഹിതങ്ങളായ ഭീതികൾ വിദ്യാർത്ഥികളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന നിങ്ങൾക്ക് അദ്ധ്യാപിക എന്നു സ്വയം വിളിക്കാൻ എന്തു യോഗ്യതയാണ് യഥാർത്ഥത്തിലുള്ളത്? ചട്ടുകസ്ഥാനത്തെ നിങ്ങൾ മുറുക്കെപ്പുണരുന്നത് വെറുതേയോ?

j devika

എന്നെ, പക്ഷേ, ശരിക്കും അതിശയിപ്പിച്ചത്, നിങ്ങൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയ ആ രീതിയാണ്. കലാലയ മാഗസിനിൽ നിങ്ങൾ ഇഷ്ടപ്പെടാത്ത ചിത്രങ്ങൾ ഉൾപ്പെടുത്തിയവരോട് അവ മാറ്റിയില്ലെങ്കിൽ വനിതാ കമ്മിഷനിൽ പരാതി കൊടുത്തുകളയുമെന്നല്ലേ നിങ്ങൾ പറഞ്ഞത്? ആലോചിച്ചിട്ടു തലകറങ്ങുന്നു. സത്യത്തിൽ വിദ്യാർത്ഥിനികളാണ് നിങ്ങൾക്കെതിരെ പരാതി അവിടെ കൊടുക്കേണ്ടത്.

സ്ത്രീശരീരത്തിന്‍റെ താളങ്ങളെപ്പറ്റി, സ്ത്രീകളുടെ പ്രത്യേക ശാരീരിക അവസ്ഥകളെയും ആവശ്യങ്ങളെയും പറ്റി, തുറന്നു സംസാരിക്കാൻ അനുവദിക്കാതിരിക്കുന്നത് സ്ത്രീകൾക്കെതിരെയുള്ള അടിച്ചമർത്തലാണെന്ന് ഇനിയും അറിയില്ലേ? നിങ്ങളുടെ കലാലയത്തിലെ ഡിസ്പെൻസറും കത്തിക്കൽ യന്ത്രവും ചത്തു മലർന്നിട്ട് കുറച്ചായി. അതേപ്പറ്റി അധികാരികളെ അറിയിക്കാനും അവ പൂർവസ്ഥിതിയിലാക്കാൻ വേണ്ട സമ്മർദ്ദം ചെലുത്താനും കഴിയാത്ത വനിതാസെൽ മഹാറാണി കലാലയമാസികയുടെ സെൻസർഷിപ്പിനിറങ്ങിയതാണ് പരിഹാസ്യമായ കാര്യമെന്ന് ഇനിയെങ്കിലും മനസിലാക്കുക.

നിങ്ങൾ മോശക്കാരെന്നു തള്ളിക്കളയുന്ന വിദ്യാർത്ഥികളാണ് പലപ്പോഴും ഏറ്റവും കഴിവുള്ളവരായി ഉയർന്നു വരുന്നതെന്നതിൽ അത്ഭുതപ്പെടാൻ യാതൊന്നുമില്ല. എന്നാൽ നിങ്ങൾ ആത്മവിശ്വാസം തകർത്ത് ഓരോ വർഷവും വഴിയിൽ തള്ളുന്ന ചെറുപ്പക്കാരികളുടെ എണ്ണം ഭയപ്പെടുത്തുന്നു.

കാരണം, നിങ്ങളുടെയൊക്കെ സദാചാര ഭ്രാന്ത് കൊന്നു കളയുന്നത് കേരളത്തിന്‍റെ ഭാവിയെ തന്നെ. കുറഞ്ഞ പക്ഷം കേരള വനിതാക്കമ്മിഷൻ എന്തെന്നും, അതിന്‍റെ ഉത്തരവാദിത്വങ്ങൾ ഏതൊക്കെയെന്നും അന്വേഷിച്ചു പഠിക്കാൻ നോക്കുക. വിദ്യാർത്ഥിനികളുടെ മേൽ കുതിരകയറാനുള്ള വാസനയ്ക്ക് ആ മരുന്ന് പോരെങ്കിലും.

എന്ന്,

ജെ ദേവിക

J Devika Feminism

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: