scorecardresearch

സദാചാര വാദത്തിന്റെ വംശീയ ബോധ്യങ്ങൾ

പൊതുവിടത്തിന്റെ വിശുദ്ധികളെ സംരക്ഷിക്കണമെന്ന ആകുലതകളിൽ നിന്നാണ് ഓരോ സദാചാരവാദിയും ഉണ്ടാവുന്നത്.

പൊതുവിടത്തിന്റെ വിശുദ്ധികളെ സംരക്ഷിക്കണമെന്ന ആകുലതകളിൽ നിന്നാണ് ഓരോ സദാചാരവാദിയും ഉണ്ടാവുന്നത്.

author-image
Sabloo Thomas
അപ്‌ഡേറ്റ് ചെയ്‌തു
New Update
സദാചാര വാദത്തിന്റെ വംശീയ ബോധ്യങ്ങൾ

എല്ലാ വംശീയ വാദങ്ങളുടെയും വേര്, അപരിഷ്കൃതരായ അപരരിൽ നിന്നും സംരക്ഷിക്കപെട്ടേണ്ടതാണ് നമ്മുടെ പൊതുവിടം എന്ന ബോധ്യമാണ്. പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങൾ നിലനിന്നതും പൊതുവിടത്തിൽ സ്ത്രീകൾ പ്രവേശിച്ചാൽ, അവരുടെ വിശുദ്ധി ജാതിയിൽ തങ്ങളെക്കാൾ കീഴ് നിലയിലുള്ള അപരരാൽ അക്രമിക്കപ്പെടും എന്ന ഭീതിയാണ്.

Advertisment

കർക്കടകമാസത്തിൽ, സൂര്യാസ്തമയത്തിനുശേഷം വീട്ടിനുപുറത്തുവച്ച് ഏതെങ്കിലും ഉന്നത ജാതിക്കാരിയായ സ്ത്രീയെ പുലയർ സ്പർശിക്കാനിടവന്നാലോ പുലയർ എറിഞ്ഞ കല്ല് അവരുടെ ദേഹത്തുകൊണ്ടാലോ അവർ ജാതിയിൽനിന്ന് പുറത്തായി പുലയർക്ക് സ്വന്തമാവുകയും ചെയ്തിരുന്നതാണ് പുലപ്പേടി', എന്ന ആചാരം. അതിനോട് സാമ്യമുള്ളതാണ് മണ്ണാപ്പേടി എന്ന ആചാരം. നായർ സ്ത്രീയുടെ 'സ്വാതന്ത്ര്യ'ത്തെ പരിമിതപ്പെടുത്താനുള്ള ഒരു മാർഗമായിരുന്നു അവ. അല്ലാതെ നായര്‍ സ്ത്രീകളെ പിടിച്ചു കൊണ്ടുപോകാനുള്ള അവകാശം ചില കാലങ്ങളില്‍ അടിയാള വിഭാഗത്തിനു നൽകിയിരുന്നതിനെയാണ് ‘പുലപ്പേടി’യെന്നൊക്കെ കരുതുന്നത് അസംബന്ധമാവും.

Read More: നമ്മുടെ സദാചാര ഭ്രമകൽപ്പനകൾ, ഒരു അമ്മയ്ക്ക് പറയാനുളളത്

ഒരു മനുഷ്യനെ പരിഹാസ്യനായി മാറ്റി നിർത്തുന്ന മനോഭാവം കൂടിയാണ് ജാതി ഉത്പാദിപ്പിക്കുന്നത്. ജാതി ഒരു മനോനില കൂടിയാണ് എന്ന അംബേദ്കറുടെ പ്രസിദ്ധമായ വാചകം ഓർക്കുക. വെളുത്തവർഗക്കാർ മാത്രമുള്ള ഒരിടത്തു നിന്നും കറുത്തവരെ മാറ്റി നിർത്തുന്നതും ഇത്തരം ഭീതി തന്നെയാണ്. 'ശുദ്ധ'മായ ഒന്നിലും വിശ്വാസം പോരാ. ഒരുതരം കലർപ്പുകളെയും' അംഗീകരിക്കാതെ വാട്ടർ ടൈറ്റ് കമ്പാർട്ടുമെന്റുകളായി ജനതകളെ വിഭജിച്ചു, ശുദ്ധ-അശുദ്ധികളെ പ്രമാണമാക്കി മനുഷ്യരെ പല തട്ടുകളാക്കി തൊട്ടു കൂടാത്തവരാക്കി മാറ്റി നിർത്തുന്നത് ശുദ്ധികളെ കുറിച്ചുള്ള ഇത്തരം ആകുലത തന്നെയാണ്, ജനാധിപത്യ വിരുദ്ധമായ പുറന്തളളലിന്റെ (എക്സ്ക്ളൂഷന്റെ) ഇടങ്ങൾ സൃഷ്‌ടിക്കുന്നത്‌.

പെൺകുട്ടിയുടെ സ്വഭാവ ശുദ്ധിയെ' കുറിച്ച് ഉത്കണ്ഠപ്പെടുന്ന, ഭാരത സ്ത്രീകളുടെ ഭാവശുദ്ധി സംരക്ഷിക്കാൻ ജാഗ്രത പുലർത്തുന്ന, ആങ്ങളമാർ നിറയുന്നത് ഇത്തരം വിശുദ്ധ ബോധ്യങ്ങൾ കൊണ്ടാണ്. "ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹിതെ" എന്നതാണ് സദാചാര പോലീസിന്‍റെ ആപ്തവാക്യം. സ്ത്രീകള്‍ അത്യാവശ്യമുള്ളപ്പോൾ ‍മാത്രം പുറത്തു ഇറങ്ങുക എന്നൊക്കെയാണ് സദാചാരവാദികൾ പറഞ്ഞുവെക്കുന്നത്. സ്ത്രീകളുടെ യാത്രകളെ മറ്റും റെഗുലേറ്റ് ചെയ്തിരുന്ന പാരമ്പര്യമായ ജാതി ബോധ്യങ്ങളാണ് ഇത്തരം സദാചാര ഉത്കണ്ഠകൾ പുനരുത്പാദിപ്പിക്കുന്നത്. പുറത്തു പോയാൽ അപരരായ പുരുഷന്മാരാൽ അക്രമിക്കപെടുമെന്ന ജാതി ബോധ്യങ്ങളിൽ നിന്നും തന്നെയായിരുന്നു പണ്ട് സ്ത്രീകളെ വീട്ടിലിരുത്തിയത്. വീടിന്റെ സ്വകാര്യതയിൽ ചെയ്യേണ്ടത് പൊതുവിടത്തിന്റെ വിശാലതയിൽ ചെയ്യാമോ എന്ന ചോദ്യമാണ് ഇങ്ങനെ പൊതുവിടത്തിന്റെ ശുദ്ധിയെ കുറിച്ച് ആകുലതയുള്ള ഓരോ ആങ്ങളെയും ചോദിക്കുന്നത്.

Advertisment

Read More: സദാചാരഗുണ്ടായിസം എന്ന ലൈംഗിക ദാരിദ്ര്യം

മുൻപൊരിക്കൽ,സുനിത കൃഷ്ണന്റെ ഒരു ട്വീറ്റിൽ കറുത്ത' നിറമുള്ള ഒരു മനുഷ്യന്റെ കൂടെ ഒരു വെളുത്ത' കുട്ടിയെ കണ്ടപ്പോൾ അത് അയാളുടേതല്ല എന്ന് കരുതുന്നുവെന്നും വേണ്ടപ്പെട്ടവർ പൊലീസിനെ അറിയിക്കുകയെന്നും പറഞ്ഞിരുന്നു. ഇന്ത്യൻ പോതുബോധത്തിൽ വർണവെറി എത്ര രൂഡമൂലമാണ് എന്ന തിരിച്ചറിവ് വീണ്ടും ബലപ്പെടുത്തുന്നുണ്ട് സാമുഹിക പ്രവർത്തകയായ സുനിത കൃഷ്ണന്റെ ആ പഴയ ട്വീറ്റ്. `കറുത്ത' നിറമുള്ള ഒരു മനുഷ്യന്റെ കൂടെ ഒരു വെളുത്ത' കുട്ടിയെ കണ്ടാൽ അത് അയാളുടേതല്ല എന്ന് കരുതുന്നത് എന്ത് സാമുഹിക ബോധമാണ്? കറുപ്പിനെ ക്രിമിനൽവല്കരിക്കുന്ന, വംശീയ ബോധ്യത്തിന്റെ പ്രഖ്യാപനമായി തോന്നി ആ ‌ട്വീറ്റ്. അല്ലെങ്കിലെങ്ങിനെ ഒരു തെളിവുമില്ലാതെ ഇങ്ങനെ ഒരു ആരോപണം പോസ്റ്റു ചെയ്യാൻ അവർക്ക് കഴിഞ്ഞു. ഇത്തരം പൊതു ബോധത്തിന്റെ ലോജിക്കുകൾ തന്നെയാണ് പലപ്പോഴും സദാചാര പൊലിസിങ്ങും മുന്നോട്ട് വെയ്ക്കുന്നത്.

കലർപ്പുകൾ സൃഷ്ടിക്കുമെന്ന പേടി തന്നെയാണ് പലപ്പോഴും പൊതുവിടത്തിലെ പുരുഷ സൗഹൃദങ്ങൾ പലരെയും റെഗുലേറ്റ് ചെയ്യാൻ പലരെയും പ്രേരിപ്പിക്കുന്നത്. അതുകൊണ്ടാണ് ഒരു റെയിൽവേ കംപാർട്ട്മെന്റിൽ മുഷിഞ്ഞ വേഷത്തിലുള്ള ഒരു ഇതരഭാഷ സംസാരിക്കുന്ന തൊഴിലാളിയെയോ ഭിന്നശേഷിക്കാരനായ യാചകനെയോ കണ്ടാൽ അയാൾ ഒരു അക്രമകാരിയാവാൻ സാധ്യതയുണ്ട് എന്ന് മലയാളി ജാഗരൂകനാക്കുന്നത്. അതുകൊണ്ട് തന്നെയാണ് മാന്യമായ വേഷം ധരിച്ച മലയാളി സൈനികനാൽ ട്രെയിനിൽ നിന്നും പീഡനമേറ്റ മിസോറംകാരിയോ മലയാളികളാൽ നാട്ടിൻപുറത്തു പീഢിക്കപ്പെട്ട ബംഗ്ലാദേശുകാരിയോ ഒന്നും നമ്മുടെ ആശങ്കയാവാത്തത്.

publive-image ചിത്രം: വിഷ്ണു റാം

പൊതുവിടത്തിൽ പ്രായപൂർത്തിയുള്ള വിഭിന്ന ലിംഗത്തിലുള്ള രണ്ടുപേർ ഉമ്മ വെക്കുന്നതും, തോളിൽ കൈയ്യിടുന്നതും കുറ്റമായി കരുതുന്നവർ, വീടിന്റെ സ്വകാര്യതയിൽ നടക്കുന്ന ലൈംഗീക അതിക്രമങ്ങളെ കുറിച്ച് ആകുലരാവുന്നില്ല. കേരളത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ പലതും നടന്നത് വീടിന്റെ അകത്തു കുട്ടിക്ക് പരിചയമുള്ളവരാണ് എന്ന് മറന്നു കൂടാ. അത് പോലെ തന്നെ വീടിനുള്ളിൽ ഭാര്യ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്ന പല ലൈംഗിക ബന്ധങ്ങളും ഉഭയസമ്മതപ്രകാരമല്ലാത്തവയും മാരീറ്റൽ റേപ്പ് എന്ന വിഭാഗത്തിൽപ്പെടുന്നവയാണ്.

Read More: രക്ഷകവേഷത്തിലെത്തുന്ന വേട്ടക്കാർ

അധീശ വ്യവഹാരങ്ങൾ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും ചരിത്രപരവുമായി പിന്തള്ളുന്ന സ്വത്വങ്ങളെ പുറത്തു നിർത്തണമെന്നാണ് ബോധ്യങ്ങളിൽ നിന്നും ഉണ്ടാവുന്ന ബോധ്യം തന്നെയാണ് സദാചാര വാദികളും മുന്നോട്ട് വെയ്ക്കുന്നത്. പൊതു ഇടങ്ങളിലെ ചില ദൃശ്യതകള്‍ ആണ് പ്രശ്‌നം. ജാതി, മതം, നിറം, വ്യത്യസ്ത ലൈംഗികതകള്‍ തുടങ്ങിയാലൊക്കെ അപരരായവർ പൊതുവിധത്തിൽ കലര്‍പ്പുകള്‍ ഉണ്ടാക്കുമോ എന്ന ഭയമാണ് ഓരോ സദാചാര വാദിയെയും ഭരിക്കുന്നത്. സർക്കാരിന്റെ രഹസ്യാന്വേഷണ എജൻസികൾ മുതൽ ധാരാളം നിരീക്ഷണ സംവിധാനങ്ങളെ (സർവൈലൻസ് മെക്കാനിസങ്ങളെ) പൊതുവിടത്തിൽ ഇടപെടാൻ പ്രേരിപ്പിക്കുന്നതും ഇത്തരം ആകുലതകൾ താന്നെയാണ്. പിങ്ക് പൊലീസ് എന്ന പേരിൽ ഔദ്യോഗിക സദാചാര പൊലീസ് സംവിധാനങ്ങളൊക്കെ ഉണ്ടാവുന്നത് ഇത്തരം ആകുലതകളിൽ നിന്നും തന്നെയാണ്. എല്ലാ വംശിയ ശുദ്ധി വാദത്തെയും' പോലെ ശുദ്ധരും സമാധാനപ്രിയരുമായ' ഞങ്ങളും അശുദ്ധരും അക്രമകാരിക്കളുമായ' അപരരും എന്ന യുക്തി തന്നെയാണ് സദാചാര പൊലീസിങ്ങിലും സംഭവിക്കുന്നത്.

മാധ്യമ പ്രവർത്തകനും കവിയും സാമൂഹിക നിരീക്ഷകനുമാണ് സാബ്ലൂ തോമസ്

Moral Policing Caste Womens Rights

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: