ആർ എസ് എസ് സർസംഘ് ചാലക് ആയ മോഹൻ ഭഗവതിന്റെ ഇന്ത്യൻ ഭരണഘടന സംബന്ധിച്ച നിലപാടുകൾ അദ്ദേഹത്തിന്റെ മുൻഗാമി കെ എസ് സുദർശന്റേതിൽ നിന്നും കാതലായ മാറ്റങ്ങളുളളവയാണോ? പ്രമുഖ മാധ്യമ പ്രവർത്തകനായ കരണ്‍ ഥാപര്‍ എഴുതുന്നു.
രാജ്യമാകമാനമുള്ള പത്രങ്ങളുടെ ഒന്നാം പേജിൽ ഇടം നേടിയ, ആർ എസ് എസ് സർസംഘ് ചാലകായ മോഹൻ ഭഗവതിന്റെ അടുത്ത കാലത്തെ പ്രഭാഷണ പരമ്പരകൾ ഒരു ചോദ്യം പ്രബലമായി ഉയർത്തുന്നു: ഇപ്പോഴത്തെ നേതാവിന്റെ കീഴിൽ ഈ സംഘടന – ഇന്ത്യന്‍ ഭരണഘടന, അതിന്റെ ഹിന്ദു രാഷ്ട്ര സങ്കല്‍പ്പം, ന്യൂനപക്ഷങ്ങളോടുള്ള വീക്ഷണം – എന്നിങ്ങനെയുള്ള നിർണ്ണായക വിഷയങ്ങളിൽ നിലപാട് മാറ്റുകയാണോ? ഇനി, ഇതിന്റെ ഉത്തരം അതെ എന്നാണെങ്കിൽ, ഭഗവത് പറഞ്ഞത് നമുക്ക് മുഖവിലയ്ക്കെടുക്കുവാൻ കഴിയുമോ? അതോ പ്രസംഗത്തിലുള്ളത് പ്രവൃത്തിയിലും വരുത്തുവാൻ അദ്ദേഹം ഉദ്ദേശിക്കുന്നുവെന്നതിന് നമുക്കു തെളിവുകൾ ആവശ്യമുണ്ടോ?
ഇതിൽ ആദ്യത്തെ ചോദ്യത്തിന് അർത്ഥപൂർണ്ണവും സ്പഷ്ടവുമായ ഉത്തരം കണ്ടെത്തുന്നതിന്, 2000, ഓഗസ്റ്റ് മാസത്തിൽ, ബി ബി സി യുടെ ‘HARDtalk India’ പരിപാടിയ്ക്കു വേണ്ടി, ഞാൻ അദ്ദേഹത്തിന്റെ മുൻഗാമി കെ എസ് സുദർശനുമായി നടത്തിയ അഭിമുഖ സംഭാഷണം സഹായകമാകും. ഈ രണ്ട് വ്യക്തികളും പ്രകടിപ്പിച്ച വീക്ഷണങ്ങൾ തമ്മിലുള്ള വ്യത്യാസം വ്യതിരിക്തമാണെന്ന് മാത്രമല്ല, സുദൃഢവുമാണ്.
ഇന്ത്യൻ ഭരണഘടനയോടുള്ള ആർ എസ് എസിന്റെ കാഴ്ചപ്പാടിൽ ആരംഭിക്കാം. “ഞങ്ങൾ ഇന്ത്യൻ ഭരണഘടനയെ ബഹുമാനിക്കുന്നു. അതിന്റെ സൃഷ്ടിക്കായി വളരെയധികം പരിചിന്തനങ്ങൾ നടന്നിട്ടുണ്ട്. അഭിപ്രായസമന്വയത്തിലൂടെയാണത് പ്രാവർത്തികമായത്. സംഘ് ഒരിക്കലും ഭരണഘടനയ്ക്കെതിരായി നിന്നിട്ടില്ല”, ഈ വാരമാദ്യം ഭഗവത് പറഞ്ഞതാണിത്. അതിൽ അവസാനത്തെ വാചകമാണ്, ഒരുപക്ഷേ, ഏറ്റവും നിർണ്ണായകമായിട്ടുള്ളത്.
തികച്ചും വിരുദ്ധമായി, സുദർശൻ, ഭരണഘടനയെ, അതിന്റെ നിലവിലുള്ള രീതിയിൽ തിരസ്കരിക്കുകയാണ് ചെയ്തത്. രാജ്യത്തിന്റെ ഹിന്ദുത്വ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതിനു വേണ്ടി, ഭരണഘടന ‘പൂർണ്ണമായും പുനഃപരിശോധന’ നടത്തേണ്ട ആവശ്യമുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സുദർശന്റെ നിലപാട് കൃത്യമായി വിശദീകരിക്കുന്നതിനായി, ഞാനും അദ്ദേഹവുമായുള്ള സംഭാഷണം ഉദ്ധരിക്കാം:
കരൺ ഥാപ്പർ: നിങ്ങൾ ഭരണഘടനെയെ അതേപടി അംഗീകരിക്കുന്നുവോ?
സുദർശൻ: ഇല്ല, ഈ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ നിലവിലുള്ള ഭരണഘടന പ്രതിഫലിപ്പിക്കുന്നില്ല എന്നാണ് ഞങ്ങൾ പറയുന്നത്
കരൺ ഥാപ്പർ: നിങ്ങളുടെ മുൻഗാമികളിലൊരാളായ മിസ്റ്റർ ഗോൾവക്കർ, തന്റെ ഗ്രന്ഥമായ വിചാരധാരയിൽ പറയുന്നുണ്ട്, “ഞങ്ങൾ, ഞങ്ങളുടേതെന്ന് വിളിക്കുന്ന ഒന്നും തന്നെ ഈ ഭരണഘടനയിലില്ല” എന്ന്.
സുദർശൻ: സത്യമാണത്. ഭരണഘടന, പൂർണ്ണമായും ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് 1935 അനുസരിച്ചുള്ളതാണ്. മറ്റു ചില ഭരണഘടനകളിൽ നിന്നുള്ള ചിലതു കൂടി ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇത് ഉരുത്തിരിഞ്ഞു വന്ന ഒന്നല്ല.
കരൺ ഥാപ്പർ: അത് ഇന്ത്യയുടെ സ്വഭാവം, ചിന്ത എന്നിവയിൽ നിന്നും തീർത്തും വിഭിന്നമാണെന്നാണോ പറയുന്നത്?
സുദർശൻ : അതാണ് സത്യം. അത് ( ഭരണഘടന) അതിനെ പ്രതിഫലിപ്പിക്കുന്നില്ല. നമ്മുടെ ഭരണഘടന നമ്മുടെ ദേശീയ സ്വഭാവത്തെ പ്രതിഫലിപ്പിക്കണം.
കരൺഥാപ്പർ: അതായത്, ഇപ്പോഴത് അങ്ങനെയല്ല എന്നു നിങ്ങൾ പറയുന്നു.
സുദർശൻ: തീർച്ചയായും.
ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള ഭഗവതിന്റെ കാഴ്ചപ്പാട്, പ്രത്യേകിച്ചും, മുസ്‌ലിങ്ങളെക്കുറിച്ചുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റമായിക്കാണാൻ കഴിയുന്നത്. അവരെ വിദേശികളായോ അതല്ലെങ്കിൽ തങ്ങളിൽ നിന്നും വിഭിന്നരായോ കാണുന്നതിൽ നിന്ന് വളരെയധികം വ്യത്യസ്തമാണ് ഭഗവതിന്റെ അഭിപ്രായം, “മുസ്‌ലിങ്ങൾ ( ന്യൂനപക്ഷങ്ങളെ ഒന്നാകെയാകും അദ്ദേഹം ഉദ്ദേശിച്ചതെന്ന് ഞാൻ കരുതുന്നു) ഇന്ത്യയിലെ നൈസർഗിക ജനതയാണ്, അവരില്ലാതെ, ഹിന്ദുത്വമെന്ന സങ്കല്‍പ്പം തന്നെ നിലനിൽക്കില്ല”. അദ്ദേഹത്തിന്റെ വാക്കുകൾ കൃത്യമായി ഇങ്ങനെയായിരുന്നു, “ഹിന്ദു രാഷ്ട്രമെന്നത് കൊണ്ട് മുസ്‌ലിങ്ങൾക്ക് അതിലിടമില്ല എന്നർത്ഥമാകുന്നില്ല, മുസ്‌ലിങ്ങൾ ഇവിടെ അനഭിമതരാണെന്ന് പറയുന്ന ദിവസം തന്നെ ഹിന്ദുത്വം എന്ന സങ്കല്‍പ്പം നിലവിലില്ലാതെയാകും”, ഇതിലും സ്പഷ്ടമായും ഋജുവായും അദ്ദേഹത്തിന് പറയാനാവില്ല.
ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള സുദർശന്റെ വീക്ഷണം തികച്ചും വ്യത്യസ്തമായിരുന്നു. അതിന്റെ പ്രാരംഭമായി അദ്ദേഹം, ന്യൂനപക്ഷം എന്ന ആശയം അംഗീകരിക്കുവാൻ തന്നെ വിസമ്മതിച്ചു. അതിനാൽ തന്നെ, ഭരണഘടന അവർക്ക് സവിശേഷാവകാശങ്ങൾ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചില്ല. ഒരിക്കൽ കൂടി BBC HARDtalk India സംഭാഷണം ഉദ്ധരിക്കാം:
കരൺ ഥാപ്പർ: അതിന്റെ ( ഭരണഘടനയുടെ) അടിസ്ഥാനഘടനയിൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്നതിന് വേണ്ടിയുള്ള സവിശേഷാവകാശങ്ങളാണെങ്കിലോ? ( നിങ്ങളത് അംഗീകരിക്കുമോ?)
സുദർശൻ: ഞങ്ങൾ ന്യൂനപക്ഷമെന്ന ആശയമേ അംഗീകരിക്കുന്നില്ല.
കരൺ ഥാപ്പർ: അപ്പോൾ, അവർക്ക് സവിശേഷാവകാശങ്ങൾ വേണ്ട?
സുദർശൻ : സത്യത്തിൽ അങ്ങനെയാണത്.
ഭരണഘടന ‘പൂർണ്ണമായും പുനഃപരിശോധിക്ക’പ്പെടേണ്ട ആവശ്യമുണ്ടെന്ന്, തന്റെ കാഴ്ചപ്പാട് വിശദീകരിച്ചു കൊണ്ട് സുദർശൻ ബി ബി സിയോട് പറഞ്ഞു. 70 വർഷം മുൻപ് നിർമ്മിച്ചെടുത്ത മാതൃകയിൽ അതിനോട് ബാധ്യതയുള്ളതായി അദ്ദേഹം കരുതിയില്ല. ജനതയുടെ അഭേദ്യവും അടിസ്ഥാനപരവുമായ ഹിന്ദുത്വസ്വഭാവം പ്രതിഫലിപ്പിക്കുവാൻ തക്ക വിധത്തിലുള്ള ഒരു പുനരവലോകനമാണ് ആവശ്യമെന്ന് അദ്ദേഹം വിശ്വസിച്ചു. വീണ്ടും സംഭാഷണമുദ്ധരിക്കാം:
കരൺ ഥാപ്പർ: ഭരണഘടനയുടെ, ഇന്ത്യയുടെ യഥാർത്ഥ ഹിന്ദുത്വ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള ഒരു പുനഃപരിശോധനയാണ് നിങ്ങൾക്കാവശ്യം?
സുദർശൻ: ഞാൻ മാത്രമല്ല, ഭരണഘടനയെപ്പറ്റിയുള്ള ഉപസംഹാര പ്രസംഗത്തിൽ ഡോക്ടർ അംബേദ്കറും ഇതു തന്നെയാണ് പറഞ്ഞത്. ഒരു പ്രത്യേക നിയമ വ്യവസ്ഥയോട്, ഭൂരിപക്ഷത്തിന്റെ അഭിപ്രായമെന്ന നിലയിൽ അത് പ്രതിജ്ഞാബദ്ധമായേക്കാം, പക്ഷേ, അതിന് ഭാവി തലമുറകളെ ബാധ്യസ്ഥരാക്കുവാൻ കഴിയില്ല.
കരൺ ഥാപ്പർ: 50 വർഷം മുൻപ് രൂപീകരിച്ച ഭരണഘടനയോട് ഇന്ന് താങ്കൾക്ക് പ്രതിജ്ഞാബദ്ധത തോന്നുന്നുണ്ടോ?
സുദർശൻ: അതു പുനഃപരിശോധിക്കപ്പെടണമെന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. അത് ആസകലം പുനരവലോകനം ചെയ്യപ്പെടണം.
കരൺ ഥാപ്പർ : ആ പുനഃപരിശോധനയുണ്ടാകുന്നത്, ജനതയുടെ അടിസ്ഥാനപരവും അഭേദ്യവുമായ ഹിന്ദുത്വസ്വഭാവമെന്ന് നിങ്ങൾ വിളിക്കുന്ന സംഗതിയെ പ്രതിഫലിപ്പിക്കുവാനാകണം അല്ലേ?
സുദർശൻ : അതെ.
വ്യക്തമായും, ഇന്ത്യൻ ഭരണഘടനയുടെ മതേതരത്വം, സമത്വം എന്നിവയോടുള്ള അതിന്റെ പ്രതിബദ്ധത ഉൾപ്പെടുന്ന ആമുഖമാവർത്തിക്കുന്ന ഭഗവതിന്റെ പ്രഭാഷണ പരമ്പരകൾ, തന്റെ നേർ മുൻഗാമിയുടെ കാഴ്ചപ്പാടിൽ നിന്നുമുള്ള കാതലായ മാറ്റം വ്യക്തമാക്കുന്നു. സത്യത്തിൽ, അതൊരു യു ടേൺ പോലെയാണനുഭവപ്പെടുന്നത്.
അതിന്റെ തുടർച്ചയായി, മറ്റൊരു ചോദ്യം ഉയർന്നു വരുന്നു, ഭഗവത് പറഞ്ഞത് മുഖവിലയ്ക്കെടുക്കുവാൻ നമുക്കു സാധിക്കുമോ? അതോ അതു തന്നെയാണർത്ഥമാക്കിയതെന്നതിന് നമുക്ക് തെളിവുകൾ ആവശ്യമുണ്ടോ? ബി ജെ പിക്ക് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുമായി യോജിപ്പാണെങ്കിൽ തന്നെ, ബജ്‌രംഗ്‌ദൾ, വിശ്വ ഹിന്ദു പരിഷത്ത് എന്നിവ എന്താണ് പറയുന്നത്? കൂടാതെ, ഒരു പതിവു പോലെ, നിരന്തരമായി മുസ്‌ലിം ജനതയെക്കുറിച്ച് വിദ്വേഷകരമായ വസ്തുതകൾ പറയുകയും അപൂർവ്വമായി മാത്രം തിരുത്തപ്പെടുകയും വല്ലപ്പോഴും മാത്രം പശ്ചാത്തപിക്കുകയും ചെയ്യുന്ന അനേകം ബി ജെ പി എം പിമാരും എം എൽ എ മാരുമോ? ഒപ്പം, ആർ എസ് എസ് അനുയായികളും അണികളും നടത്തുന്ന ഗോ വിഷയത്തിലുള്ള ആൾക്കൂട്ട ശിക്ഷാവിധികളെയും അത്ര ഭീകരമല്ലാത്ത വർഗ്ഗീയകലാപങ്ങളെയും കുറിച്ചെന്താണ് പറയുവാനുള്ളത്? കൂടാതെ, 19 ശതമാനം ജനസംഖ്യ മുസ്‌ലിങ്ങളായിരുന്നിട്ടും, 2017 ലെ യു പി തെരഞ്ഞെടുപ്പിലോ അല്ലെങ്കിൽ 1989 മുതൽ നടത്തപ്പെട്ട ഗുജറാത്ത് തെരഞ്ഞെടുപ്പുകളിൽ ഒന്നിൽ പോലുമോ ഒരു മുസ്‌ലിം സ്ഥാനാർത്ഥി പോലും ബി ജെപിക്ക് ഇല്ലാതിരുന്നതിനെക്കുറിച്ചോ?, വാസ്തവത്തിൽ ഭഗവത് സ്വയം തന്നെ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും ഒഴിഞ്ഞു നിന്നിരുന്നില്ല. “ഒരു പശുവിനെ കൊല്ലുന്ന പാപിയെ കൊല്ലണമെന്നാണ് വേദങ്ങൾ കല്‍പ്പിക്കുന്നത്”, ബീഫ് കൈവശം വച്ചുവെന്നും ഭക്ഷിച്ചുവെന്നുമുള്ള സംശയത്തിന്റെ പേരിൽ 2015ൽ മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊന്നപ്പോൾ, ഭഗവത് ഇങ്ങനെയാണ് പ്രതികരിച്ചതെന്ന് വാർത്തകൾ പറയുന്നു.
ആർ എസ് എസ്സിന്റെ കാഴ്ചപ്പാടിലുള്ള പരിവർത്തനത്തിന്റെ തെളിവുകളായി, ഭഗവതിന്റെ സ്നിഗ്ദ്ധ മൃദുഭാഷണങ്ങളെ സ്വീകരിക്കുന്നതിന് മുൻപ് മേല്‍പ്പറഞ്ഞ എല്ലാ മേഖലകളിലും മാറ്റമുണ്ടാകണമെന്ന വാദത്തെ എതിർക്കുക ദുഷ്കരമാണെന്ന് എനിക്ക് പറയേണ്ടി വരുന്നു. അടുത്ത കാലത്തെ ആർ എസ് എസ് പ്രഭാഷണ പരമ്പര, പിന്നാലെയുണ്ടാകുമെന്ന് നാം കരുതുന്ന കാര്യങ്ങളുടെ ഒരു സൂചനയോ മുന്നോടിയോ മാത്രമാണ്. എന്നിരുന്നാലും, ഒന്നും പറയാറായിട്ടില്ല എന്നതാണ് സത്യം.