തിരഞ്ഞെടുപ്പ് ഫലം അഖിലേന്ത്യാതലത്തില്‍ ഒരു മോദി തരംഗത്തെ തന്നെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് പറയാം. പക്ഷേ കേരളത്തില്‍ ആ തരംഗം അല്‍പ്പം പോലും സ്വാധീനിച്ചില്ലെന്നും കാണാം. തീര്‍ച്ചയായും, കേരളം എപ്പോഴും അഖിലേന്ത്യാ രാഷ്ട്രീയത്തില്‍ നിന്നു വേറിട്ടു തന്നെയാണ് നിന്നിട്ടുള്ളത്. ഇത്തവണ പകുതിയിലധികം യു.ഡി.എഫ്.സ്ഥാനാര്‍ഥികളും ഒരു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. അസാധാരണ സ്ഥിതിവിശേഷം തന്നെയാണിത്. അഖിലേന്ത്യാ സാഹചര്യത്തെ കുറിച്ച് പരിശോധിച്ചു കൊണ്ട് കേരള അവസ്ഥയിലേക്ക് വരാം.
അഞ്ചു വര്‍ഷം കേന്ദ്രഭരണം നടത്തിയ മോദി സര്‍ക്കാരിനു വീണ്ടും ഭരണം നല്‍കുന്ന ഈ തിരഞ്ഞെടുപ്പു ഫലം മോദി-അമിത്ഷാ കൂട്ടു നേതൃത്വത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയം തന്നെയാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളെ തുടര്‍ന്ന് മധ്യപ്രദേശുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്ഗ്രസ് ഭരണത്തില്‍ വരികയുണ്ടായി. ആ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ മോദി തരംഗം ആഞ്ഞടിച്ചിരിക്കുന്നത്.
കേരളം, തമിഴ് നാട്, ആന്ധ്ര, തെലുങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലൊഴികെ എല്ലായിടത്തും ഈ തരംഗം എത്തിയിരിക്കുന്നു. സാധാരണ രാഷ്ട്രീയ വിശകലനങ്ങള്‍ക്ക് വഴങ്ങുന്നതല്ല ഈ സ്ഥിതിവിശേഷം. അസാധാരണമായ അടിയൊഴുക്കുകള്‍ വല്ലതും നടന്നിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടി വരുന്നത് അതു കൊണ്ടാണ്.
പുല്‍വാമ ഭീകരാക്രമണമാണ് ഈ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം നടന്ന പ്രധാനപ്പെട്ട ഒരു സംഭവം. അതിനു മറുപടിയെന്നോണം നടത്തിയ ബാലക്കോട്ടു കടന്നാക്രമണവും. ഈ സംഭവവികാസങ്ങളെ ആധാരമാക്കി ദേശീയ വികാരം ഉത്തേജിപ്പിക്കാനുള്ള ആസൂത്രിത പ്രചരണവും ബി.ജെ. പി. നടത്തുകയുണ്ടായി. ആ പ്രചരണം തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചു കൊണ്ടുള്ള നീക്കമാണെന്നു പലരും ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ സ്വാധീനിക്കാവുന്ന ഒരു വിഷയമായി അത് വളരുമെന്ന് സങ്കല്‍പ്പിക്കാന്‍ ബുദ്ധിമുട്ടായിരുന്നു.
ഒരുപക്ഷേ ദക്ഷിണേന്ത്യയിലിരുന്നുകൊണ്ട് ഉത്തരേന്ത്യന്‍ വികാരവും ചിന്തകളും നമുക്ക് മനസ്സിലാക്കാനാകുന്നില്ല എന്നായിരിക്കാം. ഇപ്പോള്‍ ഈ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത് പുല്‍വാമയും ബാലക്കോട്ടുമെല്ലാം ജനങ്ങളെ ഗണ്യമായി സ്വാധീനിച്ചിരിക്കുന്നു എന്നാണ്. അതു കൊണ്ടാണ് ഇതെല്ലാം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട അടിയൊഴുക്കുകളുടെ ഭാഗമാണോ എന്നു ചിന്തിക്കേണ്ടിവരുന്നത്.
പുല്‍വാമക്കു ശേഷം അവധിയില്‍ വന്ന ഒരു സൈനികോദ്യോഗസ്ഥന്‍ പുല്‍വാമ സംഭവത്തെക്കുറിച്ച് ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. യാത്രയിലായിരുന്ന സൈനികസംഘത്തിലേക്ക് സ്ഫോടകവസ്തുക്കളുമായി ഒരു വാഹനം ഇടിച്ചുകയറ്റി വന്‍ സ്ഫോടനമുണ്ടാക്കുകയാണല്ലോ ഉണ്ടായത്. ഇത്തരമൊരു വന്‍ സൈനികവ്യൂഹം യാത്രചെയ്യുന്ന വഴിയിലേക്ക് അന്യവാഹനങ്ങള്‍ക്കൊന്നും കടന്നു കയറാനാവുകയില്ലെന്ന് ആ ഉദ്യോഗസ്ഥന്‍ ഉറപ്പിച്ചു പറയുകയുണ്ടായി.

അപ്പോള്‍ ഈ വാഹനം കടന്നു കയറിയത് ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമാകാം എന്നു ന്യായമായും സംശയിക്കാവുന്നതാണ്. ഈ സംശയത്തെ ബലപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട് കാണുകയുണ്ടായി. സ്ഫോടകവസ്തു വാഹനം ഓടിച്ചിരുന്നയാള്‍ പല തവണ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിട്ടുള്ളയാളാണത്രേ. അങ്ങിനെയൊരാളെക്കൊണ്ട് ഇത് ചെയ്യിച്ചതാകാം.
ചുരുക്കത്തില്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ദേശീയവികാരം സൃഷ്ടി ച്ചെടുക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നിട്ടുണ്ടെന്ന സംശയത്തെ നിസ്സാരമായി തള്ളിക്കളയാനാവുകയില്ല. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മോദി ഭരണം ജനങ്ങളെ കൂടെ നിര്‍ത്താന്‍ സമര്‍ത്ഥമായ ഒന്നയിരുന്നോ എന്നു കൂടി പരിശോച്ചാല്‍ ചിത്രം കൂടുതല്‍ വ്യക്തമായേക്കും. നോട്ടുനിരോധനവും ജി.എസ്.ടി.യും ജനജീവിതത്തെ ഗുരുതരമായി ബാധിച്ചു എന്നത് ഒരു വസ്തുതയാണ്. പാചകവാതകം ഇളവോടുകൂടി ദരിദ്ര വിഭാഗങ്ങള്‍ക്കെല്ലാം നല്‍കാന്‍ നടപടികളെടുത്തതും എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ടുകള്‍ ആരംഭിച്ചതും സാധാരണ ജനങ്ങളെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ തന്നെയാണ്.
പക്ഷേ ഗ്രാമീണ ജനവിഭാഗങ്ങളെ ഇവയൊന്നും സ്വാധീനിച്ചിട്ടെല്ലെന്നാണ് നേരത്തെ സൂചിപ്പിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചത്. ഹിന്ദുത്വ വികാരത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതില്‍ മോദി-ഷാ കൂട്ടു നേതൃത്വം വിജയിച്ചിരിക്കുന്നു എന്നു തന്നെ കാണാം. ഇത്തരം നീക്കങ്ങള്‍ ഇന്ത്യന്‍ മതേതരജനാധിപത്യത്തെ എങ്ങിനെ ബാധിക്കാന്‍ പോകുന്നു എന്നതാണ് ജനാധിപത്യ വിശ്വാസികളെ അലട്ടുന്നത്.
പുതിയ മോദിഭരണത്തിന്‍റെ നടപടികള്‍ വരുന്നതിനെ അനുസരിച്ചു മാത്രമേ ഭാവി പരിണാമത്തെ വിലയിരുത്താനാകൂ. ജനാധിപത്യ വിരുദ്ധ നടപടികള്‍ നേരിട്ടും പരോക്ഷമായും ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. ഓരോ നടപടികളെയും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടു മാത്രമേ അവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താനാകൂ.
കേരളത്തിലേക്ക് വരുമ്പോള്‍ ചിത്രം ഏറെ വ്യത്യസ്തമാണ്. കോണ്ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്.ചരിത്ര വിജയം തന്നെയാണ് നേടിയിരിക്കു ന്നത്. 19/20 എന്നത് അവരുടെ നേതൃത്വം പോലും സങ്കല്‍പ്പിക്കാത്ത നേട്ടമാണ്. ശബരിമല വിഷയം കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണ് ഈ തിരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. ബി.ജെ.പി.യുടെ വോട്ടില്‍ ഉണ്ടായ ചെറിയ നേട്ടം സ്വാഭാവിക വര്‍ദ്ധനവ് മാത്രമാണ്. ശബരിമല വികാരം വോട്ടായി മാറുകയില്ലെന്നു ഈ ലേഖകന്‍ നേരത്തെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.
Read More: കെ വേണു എഴുതുന്നു, ശബരിമലയും മലയാളി സമൂഹവും
പതിനഞ്ചു സീറ്റു വരെ യു.ഡി.എഫിനു കിട്ടുമെന്ന് പൊതുവില്‍ വിലയിരുത്തപ്പെട്ടിരുന്നതാണ്. അത് പത്തൊന്‍പത് ആയത് മാത്രമല്ല ഭൂരിപക്ഷത്തിലുള്ള വന്‍ വര്‍ദ്ധനയുമാണ് എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത്. ഇടതുപക്ഷത്തിന്‍റെ വോട്ടു വന്‍ തോതില്‍ ചോര്‍ന്നിട്ടുണ്ടെന്നുള്ളത് വ്യക്തമാണ്. കേരളത്തിലെ ജനങ്ങള്‍ ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും രണ്ടു രീതിയിലാണ് വോട്ടു ചെയ്യാറുള്ളതെന്നു പറയാറുണ്ട്.
ഇത്തവണ കേരളത്തിലെ ബി.ജെ.പി.ക്കാരൊഴിച്ചുള്ള ജനങ്ങള്‍ പൊതുവില്‍ ചിന്തിച്ചിരുന്നത് അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വരാന്‍ പാടില്ലെന്നാണ്. അതിനു കോണ്‍ഗ്രസ്സിനെ ജയിപ്പിക്കണമെന്നു ചിന്തിക്കുന്നതും സ്വാഭാവികം. അതാണ് സംഭവിച്ചതും. പക്ഷേ ഇത്തവണ അങ്ങിനെ ചിന്തിക്കുകയും അതിനനുസരിച്ച് വോട്ടു ചെയ്യുകയും ചെയ്തവരുടെ എണ്ണം ഏറെയായെന്നു മാത്രം.
അതിനു പല കാരണങ്ങളുണ്ടാകാം. പിണറായി ഭരണത്തോട് താല്പ്പര്യമില്ലാത്തവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണെന്ന് കരുതേണ്ടിയിരിക്കുന്നു. അങ്ങിനെയുള്ളവര്‍ക്ക് യു.ഡി.എഫി നോട് രാഷ്ട്രീയമായി താല്‍പ്പര്യമില്ലെങ്കിലും ലോകസഭാതിരഞ്ഞെടുപ്പില്‍ യു. ഡി.എഫിന് വോട്ടു ചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. അത്തരക്കാര്‍ ഇത്തവണ കൂടുതല്‍ സജീവമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.
ഇടതുപക്ഷം അക്രമരാഷ്ട്രീയം ഉപേക്ഷിക്കുന്നില്ലെന്ന തിരിച്ചറിവ് പെരിയ ഇരട്ടക്കൊലക്ക് ശേഷം ശക്തമായിട്ടുണ്ടെന്നുള്ളത് വസ്തുതയാണ്. അതിനോടുള്ള പ്രതികരണം കാസര്‍കോട് മാത്രമായി ഒതുങ്ങി നിന്നിട്ടില്ലെന്നും വ്യക്തമാണ്. ഒരുപക്ഷേ ഇത്തരം പ്രശ്നങ്ങളോടൊപ്പം ശബരിമല വിഷയവും സ്വാധീനിച്ചിട്ടുണ്ടാകാം.
Read Here: ഹിന്ദുവിനെ ഹിന്ദുത്വവാദിയിൽ നിന്ന് അകറ്റി നിർത്തുക എന്ന വലിയ ദൗത്യം സമയോചിതമായി ഏറ്റെടുക്കാൻ സെക്കുലറിസത്തിന്റെ അപ്പോസ്തലന്മാർക്ക് സാധിച്ചില്ല, എന്‍ ഇ സുധീര്‍ എഴുതുന്നു, മുന്നോട്ട് നടക്കലിനുള്ള വിധിയെഴുത്ത്