‘‘അതികാലത്ത് മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു. പിന്നെ അവർ യേശുവിനെ ബന്ധിച്ചു കൊണ്ടു പോയി പീലാത്തൊസിനെ ഏല്പിച്ചു. പീലാത്തോസ് അവനോട്: “നീ യെഹൂദന്മാരുടെ രാജാവോ?” എന്നു ചോദിച്ചതിന്: “നീ അങ്ങനെ പറയുന്നു” എന്നു പറഞ്ഞു. മുഖ്യപുരോഹിതന്മാർ അവനെതിരെ അനേകം കുറ്റങ്ങൾ ആരോപിച്ചു. പീലാത്തോസ് പിന്നെയും അവനോട് ചോദിച്ചു: “നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിനക്കെതിരെ എന്തെല്ലാം കുറ്റങ്ങൾ ആരോപിക്കുന്നു” എന്നു പറഞ്ഞു. യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തോസ് ആശ്ചര്യപ്പെട്ടു.
അവൻ ഉത്സവം തോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവർക്ക് വിട്ടുകൊടുക്കുക പതിവായിരുന്നു. എന്നാൽ ഒരു വിപ്ലവത്തിൽ കൊല ചെയ്തവരായ വിപ്ലവക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുവൻ തടവിൽ ഉണ്ടായിരുന്നു. പുരുഷാരം പീലാത്തോസിന്റെ അടുക്കൽ വന്ന്, പതിവു പോലെ ചെയ്യേണം എന്നു അവനോട് അപേക്ഷിച്ചു തുടങ്ങി. മുഖ്യപുരോഹിതന്മാർ അസൂയ കൊണ്ടാണ് യേശുവിനെ ഏല്പിച്ചത് എന്നു പീലാത്തോസ് അറിഞ്ഞതു കൊണ്ട് അവരോട്: “യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്ക് വിട്ടു തരണം എന്നു ഇച്ഛിക്കുന്നുവോ?” എന്നു ചോദിച്ചു. എന്നാൽ ബറബ്ബാസിനെ വിട്ടു കൊടുക്കേണ്ടതിന് ചോദിപ്പാൻ മുഖ്യപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പീലാത്തോസ് പിന്നെയും അവരോട്: “എന്നാൽ യെഹൂദന്മാരുടെ രാജാവ്” എന്ന് നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്ത് ചെയ്യേണം?” എന്നു ചോദിച്ചു. “അവനെ ക്രൂശിയ്ക്ക” എന്നു അവർ വീണ്ടും നിലവിളിച്ചു. പീലാത്തോസ് അവരോട്: “അവൻ എന്ത് ദോഷം ചെയ്തു?” എന്നു പറഞ്ഞപ്പോൾ, “അവനെ ക്രൂശിയ്ക്ക” എന്നു അവർ അധികമായി നിലവിളിച്ചു. പീലാത്തോസ് പുരുഷാരത്തിന് തൃപ്തി വരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവർക്ക് വിട്ടു കൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ട് അടിപ്പിച്ച് ക്രൂശിപ്പാൻ ഏല്പിച്ചു–– (മര്‍ക്കോസ് 15 )
അപ്പോള്‍ അതാണ് മോബോക്രസി. അവന്‍ എന്തു ദോഷം ചെയ്തു എന്നു ചോദിക്കുമ്പോള്‍ അതിനു വ്യക്തമായ ഉത്തരം പറയാതെ അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക എന്നുളള അലമുറ. പുരുഷാരത്തിനു തൃപ്തി വരുത്തുവാന്‍ അവരോടു വിയോജിപ്പുള്ളവര്‍ക്കു പോലും തോന്നുന്ന ഇച്ഛ. അതാണു മോബോക്രസി. അതിനു മുമ്പ്, അഞ്ചപ്പവും രണ്ടു മീനും കൊണ്ട് വയറു നിറച്ച് ഊട്ടിയ അയ്യായിരം പേര്‍ ഉണ്ടായിരുന്നു. അവരെവിടെപ്പോയി? അവനെ ക്രൂശിക്കരുത് എന്നു വിളിച്ചു പറയാന്‍ അവരില്‍ അഞ്ചു പേര്‍ക്കു പോലും നാവനങ്ങാതിരുന്നതെന്തുകൊണ്ട്? അതാണ് മോബോക്രസി. അതിന് ഒക്ലോക്രസി എന്നും പറയും. വാക്കിന്‍റെ അര്‍ത്ഥം തിരഞ്ഞു ചെന്നാല്‍ ആള്‍ക്കൂട്ടത്തിന്‍റെ ആധിപത്യം. കൂട്ടം എന്നു പറഞ്ഞാല്‍ ആളുകളുടെ കൂട്ടം എന്നാണ് അര്‍ത്ഥം. ആളിന്‍റെ കൂട്ടം എന്നല്ലാതെ ഉറുമ്പിന്‍റെയോ ആനകളുടെയോ കൂട്ടത്തെ കൂട്ടം എന്നു നാം വിളിക്കാറില്ലല്ലോ. അപ്പോള്‍ കൂട്ടം എന്നു പറഞ്ഞാല്‍ സംഘം. അതിന്‍റെ ആധിപത്യം. അതായതു സംഘാധിപത്യം. പക്ഷേ, സംഘം എന്നു കേള്‍ക്കുമ്പോള്‍, ചിലപ്പോള്‍ ഉദ്ദേശിക്കപ്പെടുന്നതു രാഷ്ട്രീയ സ്വയം സേവക സംഘ് ആണെന്ന് ആളുകള്‍ക്കു തോന്നും. അതു കൊണ്ട്, ഞാന്‍ ആള്‍ക്കൂട്ട ആധിപത്യം എന്ന വാക്ക് ഉപയോഗിക്കാനാണ് താല്‍പര്യപ്പെടുന്നത്.
ആള്‍ക്കൂട്ട ആധിപത്യവും ജനാധിപത്യവും തമ്മില്‍ എന്തു വ്യത്യാസം എന്ന സംശയം ന്യായമായി തോന്നാവുന്നതാണ്. ആള്‍ക്കൂട്ടം ജനങ്ങളുടേതാണല്ലോ. അവരുടെ ആധിപത്യമാണല്ലോ ഡെമോക്രസി. പിന്നെ ഇതു രണ്ടും തമ്മില്‍ എന്താണു വ്യത്യാസം?
പക്ഷേ, രണ്ടും തമ്മില്‍ ഒരു വലിയ വ്യത്യാസമുണ്ട്. ജനാധിപത്യം എന്ന സംജ്ഞയ്ക്ക് അര്‍ത്ഥം ഉത്തരവാദിത്തമുള്ള ജനങ്ങളുടെ കൂട്ടം എന്നാണ്. കാരണം, ഒരു വ്യവസ്ഥ ജനാധിപത്യമാകണമെങ്കില്‍ അതു നിറവേറ്റേണ്ട ചില നിബന്ധനകളുണ്ട് – ഒന്ന്, സത്യസന്ധവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പിലൂടെ ഗവണ്‍മെന്‍റുകളെ മാറി മാറി തീരുമാനിക്കാന്‍ അവസരം നല്‍കുന്ന രാഷ്ട്രീയ സംവിധാനം, രണ്ട്, രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും പൗരന്‍മാരുടെ സജീവ പങ്കാളിത്തം, കൃത്യമായ നിയമവാഴ്ച, എല്ലാ പൗരന്‍മാരുടെയും മനുഷ്യാവകാശസംരക്ഷണം. ഈ നാലു നിബന്ധനകളും പാലിക്കുമ്പോള്‍ മാത്രമേ ജനാധിപത്യം സാധ്യമാകുകയുള്ളൂ എന്നാണ് സാമൂഹികശാസ്ത്രജ്ഞരുടെ അഭിപ്രായം. ഈ നാലു നിബന്ധനകളും പാലിക്കപ്പെടുമ്പോള്‍ അവിടെ ക്രിമിനല്‍ സ്വഭാവം സാധ്യമല്ല. പുരോഗമനപരമായ, മനുഷ്യത്വപൂര്‍ണമായ ലക്ഷ്യങ്ങളേ ജനാധിപത്യത്തില്‍, ജനകീയ മുന്നേറ്റങ്ങളില്‍, സാധ്യമാകുകയുള്ളൂ.
പക്ഷേ, ആള്‍ക്കൂട്ടാധിപത്യത്തില്‍, കൂട്ടങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല. അവരുടെ പ്രവൃത്തികളില്‍ ക്രിമിനല്‍ സ്വഭാവമുണ്ട്. ആള്‍ക്കൂട്ടാധിപത്യത്തിന്‍റെ പ്രവൃത്തികളില്‍ മനുഷ്യത്വവും പുരോഗമനപരതയും കണ്ടെത്താന്‍ സാധ്യമല്ല. ആള്‍ക്കൂട്ടാധിപത്യം നിലനില്‍ക്കുന്നതും ശക്തിയാര്‍ജ്ജിക്കുന്നതും വ്യാജപ്രചാരണങ്ങളുടെ ബലത്തിലാണ്. അതിന്‍റെ പ്രായോജകര്‍ സാമൂഹികമായോ സാമ്പത്തികമായോ മതപരമായോ രാഷ്ട്രീയമായോ അധികാരം കയ്യാളാന്‍ ആഗ്രഹിക്കുന്നവരാണ്. അതു കൊണ്ട് എല്ലാത്തരം ആള്‍ക്കൂട്ടാധിപത്യ സംഭവങ്ങളും അതില്‍ ഉള്‍പ്പെടുന്നവരുടെ അധമബോധത്തില്‍നിന്നോ അധികാരനഷ്ടഭീതിയില്‍ നിന്നോ ഉടലെടുക്കുന്നവയാണ്. മനുഷ്യവംശം സമൂഹങ്ങളായി ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ആള്‍ക്കൂട്ടത്തിന്‍റെ വികാരം ഇളക്കിവിട്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ പുരുഷാരത്തെ ഇളക്കി വിടാന്‍ വളരെ എളുപ്പമാണ് – ഹിംസയ്ക്കു വേണ്ടിയുള്ള ആഹ്വാനം ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള ഒരു പ്രസംഗകനെ മാത്രമേ ആവശ്യമുള്ളൂ. ആ ആള്‍ക്കൂട്ടത്തിന്‍റെ നേതാക്കള്‍ക്ക് ചരിത്രത്തില്‍ ഇന്നോളം മൂന്ന് ആവശ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ – ഭൂമിക്കു മേലുള്ള അധികാരം. വിശ്വാസത്തിനു മേലുള്ള അധികാരം. മറ്റു മനുഷ്യരുടെ , പ്രത്യേകിച്ചും സ്ത്രീകളുടെ –സ്വാതന്ത്ര്യത്തിനു മേലുള്ള അധികാരം. മനുഷ്യന്‍ കണ്ടിട്ടുള്ള എല്ലാ ആള്‍ക്കൂട്ട വിചാരണകളും ഈ മൂന്നു കാരണങ്ങളില്‍ ഒന്നിനു വേണ്ടിയോ അല്ലെങ്കിലും മൂന്നിനും വേണ്ടിയോ ഉള്ളതായിരുന്നു.
രസകരമായ കാര്യം, നമ്മളൊക്കെ വിചാരിക്കും, മോബ് എന്ന വാക്കില്‍ നിന്നാണ് മോബോക്രസി ഉണ്ടായത് എന്ന്. പക്ഷേ, വാസ്തവത്തില്‍ ആദ്യം ഉണ്ടായത് മോബോക്രസി എന്ന ആശയത്തെ കുറിക്കുന്ന ഒക്ലോക്രസി എന്ന വാക്കാണ്. അത് ഒരു ഗ്രീക്ക് പദമാണ്. ഈ വാക്കിനു തത്തുല്യമായ ലത്തീന്‍ വാക്ക് ‘മൊബൈല്‍ വള്‍ഗസ്’ ആണ്. ‘മൊബൈല്‍ വള്‍ഗസ്’ എന്ന പദത്തിന്‍റെ അര്‍ത്ഥം ചഞ്ചലരായ ആള്‍ക്കൂട്ടം എന്നാണ്. അതില്‍ നിന്നാണ് മോബ് അഥവാ ആള്‍ക്കൂട്ടം എന്ന ഇംഗ്ലീഷ് പദം പതിനേഴാം നൂറ്റാണ്ടില്‍ ഉരുത്തിരിഞ്ഞത്. ഒക്ലോക്രസി എന്ന വാക്ക് ഗ്രീക്കാണ് എന്നു പറഞ്ഞല്ലോ. ചരിത്രപഠനത്തിന്‍റെ ചരിത്രമെടുക്കുമ്പോള്‍ ആദ്യ ചരിത്രകാരന്‍മാരില്‍ ഒരാളായിരുന്ന , ക്രിസ്തുവിന് 118 വര്‍ഷം മുമ്പു ജനിച്ച പോളിബയൂസിന്‍റെ ‘ദ് ഹിസ്റ്ററീസ്’ എന്ന പുസ്തകത്തിലാണ് ആ വാക്ക് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. എണ്‍പത്തിരണ്ടാം വയസ്സില്‍ കുതിരപ്പുറത്തു നിന്നു വീണു മരിക്കുകയായിരുന്നു പോളിബയൂസ് എന്നാണ് ചരിത്രം. ഗ്രീക്കില്‍ അതിന് ഒരു പദം ആവശ്യമായി വന്നതിന് ഒരു കാരണമേയുണ്ടായിരുന്നുള്ളൂ. ജനാധിപത്യമെന്ന ആശയം ആദ്യം അവിടെയാണല്ലോ ഉടലെടുത്തത്. ക്രിസ്തുവിന് അഞ്ഞൂറ്റിയേഴ് – അഞ്ഞൂറ്റിയെട്ട് വര്‍ഷം മുമ്പ് ക്ലായിസ്ഥനീസ് തുടക്കമിട്ട സംവിധാനമാണ് അത്. ക്രിസ്തുവിന് 322 വര്‍ഷം മുമ്പ് മാസിഡോണിയന്‍ രാജാവ് ഫിലിപ്പും അദ്ദേഹത്തിന്‍റെ മകന്‍ അലക്സാണ്ടറും കുത്തിയണയ്ക്കും വരെ അത് ഏഥന്‍സിലും ഗ്രീസിന്‍റെ മറ്റു ഭാഗങ്ങളിലും നിലനിന്നു. ഡെമോക്രസിയുടെ അര്‍ത്ഥം സാധാരണ മനുഷ്യരുടെ ശക്തി എന്നായിരുന്നു.
അക്കാലത്ത് മോബോക്രസിക്ക് ഉണ്ടായ ഒരു ഉദാഹരണം, റോമില്‍ എ.ഡി. 122ല്‍ സംഭവിച്ചതാണ്. കമ്മോഡസ് ചക്രവര്‍ത്തിയുടെ കാലമായിരുന്നു അത്. അന്നു റോമില്‍ വലിയൊരു ഭക്ഷ്യക്ഷാമമുണ്ടായി. പാപ്പിറിയസ് ഡയനീഷ്യസ് എന്ന ഉദ്യോഗസ്ഥനായിരുന്നു കലവറയുടെ ചുമതലക്കാരന്‍. പക്ഷേ, പെട്ടെന്നു വീശിയടിച്ച ഒരു വാര്‍ത്ത ക്ലിയാന്‍ഡര്‍ ആണ് ഇതിനു കാരണക്കാരന്‍ എന്നായിരുന്നു. അല്ലെങ്കില്‍ത്തന്നെ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയിരുന്ന ക്ലിയാന്‍ഡറിനെതിരെ ആള്‍ക്കൂട്ടം ഉണര്‍ന്നു. ക്ലിയാന്‍ഡര്‍ ഒരു അടിമയായിരുന്നു. പിന്നീട് സ്വതന്ത്രനാക്കപ്പെടുകയും ചക്രവര്‍ത്തിയുടെ വിശ്വസ്തനായി ഉന്നത പദവിയിലേക്ക് ഉയരുകയും ചെയ്യുകയാണ് ഉണ്ടായത്. കുതിരപ്പന്തയം നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വലിയൊരാള്‍ക്കൂട്ടം ക്ലിയാന്‍ഡറുടെ തല വേണമെന്ന് ആക്രോശിച്ച് അവിടേക്കു പാഞ്ഞെത്തിയത്. ക്ലിയാന്‍ഡര്‍ ജീവന്‍ രക്ഷിക്കാന്‍ ചക്രവര്‍ത്തിയുടെ അടുത്തേക്കു പാഞ്ഞു. പക്ഷേ, ജനങ്ങളെ പിണക്കുന്നതിനേക്കാള്‍ നല്ലത് ഒരു ഉദ്യോഗസ്ഥന്‍റെ തല വെട്ടുന്നതാണ് എന്നു ചക്രവര്‍ത്തി തീരുമാനിച്ചു. അതു കഴിഞ്ഞതോടെ ജനത്തിന്‍റെ രോഷം അടങ്ങി. ഭക്ഷ്യക്ഷാമത്തിന്‍റെ പേരിലായിരുന്നു തങ്ങളുടെ ക്ഷോഭം എന്നു പോലും അവര്‍ മറന്നു പോയി.

ഈ സംഭവത്തില്‍ മോബോക്രസിയുടെ രണ്ടു പ്രധാന സംഗതികള്‍ അടങ്ങിയിട്ടുണ്ട്. പരിഹരിക്കാന്‍ വയ്യാത്ത ഒരു പ്രശ്നത്തില്‍ നിന്നു ശ്രദ്ധതിരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് ആള്‍ക്കൂട്ടത്തെ ഇളക്കി തെരുവില്‍ ഇറക്കുന്നത്. ആള്‍ക്കൂട്ടം തലച്ചോറില്ലാത്ത ഒരു വലിയ രാക്ഷസനാണ്. തലച്ചോറില്ലാത്തതു കൊണ്ട് അതിന് ഓര്‍മ്മകളില്ല. വലിയ വലിയ കാര്യങ്ങള്‍ക്കു വേണ്ടി പടപൊരുതാന്‍ ധൈര്യമോ ക്ഷമയോ ഇല്ല. അതു കൊണ്ട്, സ്വന്തം വയലന്‍സ് പ്രകടിപ്പിക്കാന്‍ ഒരു ചെറിയ കാരണം ഇട്ടു കൊടുക്കുക. വലിയ കാരണങ്ങള്‍ അങ്ങനെ ശ്രദ്ധയില്‍ നിന്നു മറയ്ക്കുക. കാരണം, ശ്രദ്ധ തിരിക്കലിന്‍റെ കലയാണു രാഷ്ട്രീയം. അതിന് ഏറ്റവും നല്ല ഉദാഹരണം ഷേക്സ്പിയറിന്‍റെ ‘ജൂലിയസ് സീസര്‍’ നാടകമാണ് എന്ന് അതു വായിച്ചിട്ടുള്ളവര്‍ക്ക് അറിയാം. സീസര്‍ റോമിന്‍റെ നന്‍മയ്ക്കു ഭീഷണിയാണ് എന്നു ധരിച്ചു കാഷ്യസിന്‍റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയില്‍ സീസറിന്‍റെ സുഹൃത്തു ബ്രൂട്ടസും പങ്കു ചേരുന്നു. നാലു പേര്‍ ചേര്‍ന്ന് സീസറെ വധിക്കുന്നു. അതു കഴിഞ്ഞ് ബ്രൂട്ടസ് ജനത്തോടു സംസാരിക്കുന്നു. താന്‍ എന്തു കൊണ്ടു സീസറെ വധിച്ചു എന്നതിന് വിശദീകരണം നല്‍കുന്നു. ‘നോട്ട് ദാറ്റ് ഐ ലവ്ഡ് സീസര്‍ ലെസ്, ബട്ട് ദാറ്റ് ഐ ലവ്ഡ് റോം മോര്‍’ എന്നു പറയുന്നു. അതു കേള്‍ക്കുന്നതോടെ മുഴുവന്‍ ജനങ്ങളും അവരുടെ പക്ഷത്താണ്. അപ്പോഴാണ് മാര്‍ക്ക് ആന്‍റണി തന്‍റെ പ്രസിദ്ധമായ ‘ഫ്രണ്ട്സ് റോമന്‍സ് ആന്‍ഡ് കണ്‍ട്രിമെന്‍, ലെന്‍ഡ് മീ യുവര്‍ ഇയേഴ്സ്’ എന്ന പ്രസംഗം നടത്തുന്നത്. ‘ബ്രൂട്ടസ് ഈസ് ആന്‍ ഓണറബിള്‍ മാന്‍’ എന്ന് ആവര്‍ത്തിച്ചു കൊണ്ട് ജനക്കൂട്ടത്തിന്‍റെ മനസ്സു തിരിച്ചു വിടുകയും അവര്‍ ഇളകി നേരെ തിരിയുകയുമാണ്.
ഇത് ആദ്യം വായിക്കുന്ന കാലത്ത് ഇതു നമ്മുടെ ജീവിതത്തില്‍ സംഭവ്യമാണെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. പൂവര്‍ റോമന്‍സ്, ഇഡിയററ്സ് എന്നാണു ഞാന്‍ വിചാരിച്ചത്. പക്ഷേ, വളരുന്തോറും എനിക്ക് ഒരു കാര്യം മനസ്സിലായി, ഞാനായിരുന്നു ഇഡിയറ്റ്. ഒരു കാഷ്യസിനെ വിശ്വസിക്കുന്ന ബ്രൂട്ടസ് ഇപ്പോഴുമുണ്ട്. ഒരു ബ്രൂട്ടസ് താന്‍ സീസറിനെ കൊന്നത് ‘നോട്ട് ദാറ്റ് ഐ ലവ്ഡ് സീസര്‍ ലെസ് ബട്ട് ദാറ്റ് ഐ ലവ്ഡ് റോം മോര്‍’എന്നു പറഞ്ഞാല്‍ അതു കേട്ട് അത് അപ്പാടെ വിശ്വസിക്കുന്നവരാണു നമ്മുടെ സിറ്റിസന്‍സ്. അതിനു ശേഷം ഒരു മാര്‍ക്ക് ആന്‍റണി കടന്നു വന്ന് ‘ദി ഈവിള്‍ ദാറ്റ് മെന്‍ ഡൂ ലിവ്സ് ആഫ്റ്റര്‍ ദെം; ദ് ഗുഡ് ഈസ് ഓഫ്റ്റ് ഇന്‍റേഡ് വിത് ദെയര്‍ ബോണ്‍സ്’ എന്നു പറഞ്ഞാല്‍ നേരെ തിരിയുന്നവരും നമുക്ക് ഇടയിലുണ്ട്. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗോധ്ര സംഭവം. എത്ര എളുപ്പത്തിലാണ് ഒരു തീവണ്ടി ബോഗിക്കു തീ പിടിച്ച സംഭവം രണ്ടായിരത്തിലേറെപ്പേരുടെ കൊലപാതകങ്ങളില്‍ കലാശിച്ച കലാപമായി മാറിയത്. മറ്റൊരു ഉദാഹരണമാണ് ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സിഖ് കലാപം, ബാബ്റി മസ്ജിദ് . പറഞ്ഞു തീരാന്‍ ഒരു ദിവസം പോരാതെ വരും. അതിനൊക്കെ ചില രാഷ്ട്രീയ മാനങ്ങള്‍ ഉണ്ടായിരുന്നു എന്നു വിചാരിച്ച്, എല്ലാക്കാലത്തും അധികാരം പിടിച്ചെടുക്കാനും അത് ഊട്ടിയുറപ്പിക്കാനും ഇത്തരം ആള്‍ക്കൂട്ടങ്ങളെ തല്‍പരകക്ഷികള്‍ ഉപയോഗിക്കുന്നതിന് വിമോചന സമരം പോലെ ഉദാഹരണങ്ങള്‍ ഓരോ സംസ്ഥാനത്തും കണ്ടെത്താന്‍ സാധിക്കും എന്ന ഒഴികഴിവു പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജനാധിപത്യത്തില്‍ ആള്‍ക്കൂട്ടാധിപത്യത്തെ ഒരു ചൂണ്ടയായി ഉപയോഗിക്കുന്നത് ഭീകരമായ അധ:പതനമാണ്. ആ രാഷ്ട്രീയത്തില്‍ മനുഷ്യരില്ല. അധികാരവും അടിച്ചമര്‍ത്തലും സുഖഭോഗവും ചൂഷണവും മാത്രമേയുള്ളൂ. അതു ഹിംസാത്മകതയുടെ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയം പയറ്റിത്തുടങ്ങിയാല്‍ പിന്നെ ലഹരി കഴിക്കുന്നതു പോലെയാണ്. ഡോസ് കുറയ്ക്കാന്‍ സാധിക്കില്ല. കൂട്ടിക്കൂട്ടി സ്വയം ഇല്ലാതാക്കുകയേ നിവൃത്തിയുള്ളൂ.
അതു തിരിച്ചറിഞ്ഞ ഒരേ ഒരു രാഷ്ട്രീയക്കാരന്‍ ഒരുപക്ഷേ, ഗാന്ധിജിയാണ്. അതു കൊണ്ടാണ് അദ്ദേഹം അഹിംസയെ ഒരു സമരമാര്‍ഗ്ഗമായി വികസിപ്പിച്ചെടുത്തത്. മോബോക്രസിയുടെ ഏറ്റവും മഹത്തായ ഉപയോഗം സാധ്യമാക്കിയതും അദ്ദേഹമാണ്. അതു വഴി അദ്ദേഹം ഒരു രാജ്യത്തിന് സ്വാതന്ത്ര്യസമരം നടത്താനാകും എന്നു തെളിയിച്ചു.
മറ്റു രാജ്യങ്ങളിലെല്ലാം ഇതിന് ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഫിലിപ്പീന്‍സില്‍ ഏകാധിപതിയായ മാര്‍ക്കോസിനെതിരെ നടന്നതും, യു.എസ്.എസ്.ആറില്‍ നടന്ന അട്ടിമറിയും, അറബ് വസന്തവും, യുക്രെയിനിലെ അട്ടിമറിയും ഒക്കെ അതിന് ഉദാഹരണങ്ങളാണ്. പക്ഷേ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലൊഴികെ ഒരിടത്തും ഹിംസാത്മകത കൈവിടാന്‍ മോബോക്രസിയില്‍ സാധ്യമായിട്ടില്ല.

അധികാരദാഹികള്‍ പഠിപ്പിച്ച ഈ ഹിംസാത്മകത നിത്യജീവിതത്തില്‍ ഒരു സാധാരണ സംഭവമായി മാറുന്നു എന്നതാണ് സമകാലിക ഇന്ത്യന്‍ മോബോക്രസിയുടെ ഭീതിജനകമായ ഭാഗം. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മുഹമ്മദ് അസം അഹമ്മദിന്‍റെ കഥ. ഇത് കര്‍ണാടകയിലെ ഹണ്ടികേര എന്ന ഗ്രാമത്തിലാണ് സംഭവിച്ചത്. മുഹമ്മദ് അസമിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. ഗൂഗിളില്‍ എന്‍ജിനിയര്‍ ആയിരുന്നു. ഹൈദരാബാദില്‍ നിന്ന് മൂന്നു കൂട്ടുകാരോടൊപ്പം – അവരില്‍ ഒരാള്‍ ഖത്തര്‍ പൗരനായ കുബൈസി – ഒരു ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകുന്നതിനിടയില്‍ വഴിയില്‍ ഒരു സ്ഥലത്ത് ചായ കുടിക്കാനിറങ്ങി. അവിടെ കുറെ കുട്ടികള്‍ കളിച്ചു കൊണ്ടു നില്‍പ്പുണ്ടായിരുന്നു. കുബൈസി അവര്‍ക്കു മിഠായി വാങ്ങിക്കൊടുത്തു. അത് അടുത്തുള്ള ഒരാള്‍ കണ്ടു. അയാള്‍ അവരെ ചോദ്യം ചെയ്തു. കുട്ടികളെ മിഠായി കൊടുത്ത് മയക്കി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നു എന്ന് അയാള്‍ തീര്‍ത്തും വിശ്വസിച്ചു. ആളുകള്‍ കൂടി. ഒരു വിധത്തില്‍ അവര്‍ നാലുപേരും അവിടെ നിന്നു രക്ഷപ്പെട്ടു. പക്ഷേ, ആ സംശയാലു വിട്ടില്ല. അവരുടെ നാലു പേരുടെയും ചിത്രങ്ങള്‍ അയാള്‍ എടുത്തിരുന്നു. അത് അയാള്‍ വാട്ട്സ്ആപ്പില്‍ പ്രചരിപ്പിച്ചു. നിമിഷ നേരം കൊണ്ട് നാലു പിള്ളേരെപ്പിടിത്തക്കാര്‍ രക്ഷപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അവരുടെ കാര്‍ അടുത്ത ഗ്രാമത്തിലെത്തുമ്പോഴേക്ക് വഴിയില്‍ ഒരു തടിയിട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. അമ്പതോളം പേര്‍ അവരെ ആക്രമിച്ചു. നാലുപേര്‍ക്കും പരുക്കേറ്റു. മുഹമ്മദ് അസം അവിടെ വച്ചു തന്നെ മരിച്ചു.
ഞാന്‍ താമസിക്കുന്ന കോട്ടയത്തിനു സമീപം ചിങ്ങവനത്ത് ഒരു അസം സ്വദേശിയെ മോഷ്ടാവ് എന്നു സംശയിച്ചു കെട്ടിയിട്ടു തല്ലിക്കൊന്നിട്ട് അധികം കഴിഞ്ഞിട്ടില്ല. പൊരിവെയിലത്ത് കെട്ടിയിടുകയായിരുന്നു അയാളെ. അടി കൊണ്ട് തലച്ചോറിലെ രക്തക്കുഴലുകള്‍ തകര്‍ന്നിരുന്നു. അടിയേല്‍ക്കാത്ത ഒരു ഭാഗം പോലും ശരീരത്തില്‍ ഉണ്ടായിരുന്നില്ല. വെള്ളം പോലും കൊടുക്കാതെ മരിക്കാന്‍ അനുവദിക്കുകയും അതു കണ്ടു നില്‍ക്കാന്‍ ഒരു കൂട്ടം ജനങ്ങള്‍ക്കു മന:സാക്ഷിക്കുത്ത് ഇല്ലാതിരിക്കുകയും ചെയ്തത് കേരളത്തിലാണ് എന്നോര്‍ക്കുമ്പോഴാണ് ഉത്തര്‍പ്രദേശില്‍ ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചു എന്ന പേരില്‍ അഹമ്മദ് അഹ്ലാഖിനെയും, ഹരിയാനയില്‍ ചന്തയില്‍പ്പോയി പശുക്കളെ വാങ്ങിക്കൊണ്ടു വരികയായിരുന്ന പെഹ്ലുഖാനെയും കൊല്ലുകയും ഗുജറാത്തിലെ യുനയില്‍ കടുവ അടിച്ചു കൊന്ന പശുവിന്‍റെ തൊലിയുരിക്കുകയായിരുന്ന നാല് എസ്.സി. യുവാക്കളെ തല്ലിച്ചതച്ച് പരസ്യമായി മര്‍ദ്ദിച്ചു കൊണ്ട് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയ ഗോരക്ഷകന്‍മാരെയും വിമര്‍ശിക്കാന്‍ നമുക്ക് അര്‍ഹത നഷ്ടപ്പെടുന്നത്. ആദിവാസി മധുവിന്‍റെ കൊലപാതകത്തെ പറ്റി സംസാരിക്കുന്നതു തന്നെ വേദനാജനകമാണ്. ജീവിതത്തില്‍ ഒരിക്കലും സന്തോഷിച്ചിട്ടില്ലാത്ത, അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത, ഒരു സുഖവും അനുഭവിച്ചിട്ടില്ലാത്ത, താന്‍ ബഹുമാനം അര്‍ഹിക്കുന്നു എന്ന് ഒരിക്കല്‍പ്പോലും തോന്നിയിട്ടില്ലാത്ത ഒരു സാധു മനുഷ്യജീവിയെ രണ്ടു കിലോ അരി മോഷ്ടിച്ചു എന്നതിന്‍റെ പേരില്‍ വേട്ടയാടി തേടിപ്പിടിച്ച് തല്ലിക്കൊന്ന ആ മഹാന്‍മാരൊക്കെ ഇപ്പോഴും സന്തുഷ്ടരായി നമുക്കിടയില്‍ ജീവിക്കുന്നുണ്ട്.
പക്ഷേ, ഞാനിപ്പോള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് ഇന്നത്തെ ഭാരതത്തില്‍ മോബോക്രസിയുടെ ഏറ്റവും പ്രകടമായ രണ്ട് ആവിഷ്കാരങ്ങളെക്കുറിച്ചാണ്. അതു നേരത്തെ പറഞ്ഞതു പോലെ ഫിസിക്കല്‍ അഥവാ ശാരീരികമായ ആക്രമണമല്ല. മറിച്ച് ബൗദ്ധികവും വൈകാരികവുമായ ആക്രമണമാണ്. മാധ്യമങ്ങള്‍ക്കും എഴുത്തുകാര്‍ക്കും നേരെയുള്ള ആ ആക്രമണം ഏറ്റവും ഫലപ്രദമായ സെന്‍സറിങ് സംവിധാനം കൂടിയാണ്. മതവികാരം വ്രണപ്പെടുത്തി എന്ന പേരിലുള്ള ആക്രമണങ്ങള്‍ പണ്ടേയുള്ളതാണ്. അതിനെക്കുറിച്ചല്ല ഞാന്‍ ഇവിടെ പരാമര്‍ശിക്കുന്നത്. സോഷ്യല്‍ മീഡിയ എത്തുന്നതിനും മുമ്പേ തന്നെ അതുണ്ട്. പത്രപ്രവര്‍ത്തനകാലത്ത് എനിക്ക് ഏറ്റവും ഭയമുണ്ടായിരുന്നത് കാതോലിക്കാ ബാവാ, പാത്രിയര്‍ക്കീസ് ബാവ, അമൃതാനന്ദമയി, ശ്രീനാരായണ ഗുരു, കത്തോലിക്കാ ബിഷപ്പുമാര്‍, പ്രവാചകന്‍ എന്നിവരെയാണ് എന്നു ഞാന്‍ എഴുതിയിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും ശ്രദ്ധക്കുറവു സംഭവിച്ചാല്‍ പണി പരണത്തിരിക്കും. അത് ഒരു കാലം. പക്ഷേ, ആ കാലം എത്ര മനോഹരമായിരുന്നു എന്ന് ഇപ്പോഴാണു വ്യക്തമാകുന്നത്. ഇന്നാണെങ്കില്‍ തലയോ കയ്യോ കാലോ ഒക്കെ നഷ്ടപ്പെടും. ഹിന്ദുമതത്തെയോ ദൈവങ്ങളെയോ തൊട്ടു കളിച്ചാല്‍, പ്രവാചകനിന്ദയുടെ പേരില്‍ ഇസ്ലാം വിശ്വാസികള്‍ എറിയുന്നതിനേക്കാള്‍ കൂടുതല്‍ കല്ലുകള്‍ ഞങ്ങള്‍ക്കെറിയണം, കൂടുതല്‍ തലകള്‍ വെട്ടണം എന്ന വാശിയാണ് സനാതന ഹിന്ദുക്കള്‍ക്ക്. അതിന്‍റെ രാഷ്ട്രീയത്തെക്കുറിച്ച് മറ്റൊരു വിശദമായ ചര്‍ച്ചയാണ് ആവശ്യം.
തങ്ങളെ വിമര്‍ശിക്കുന്ന എഴുത്തുകാരെ കൈകാര്യം ചെയ്യുന്ന രീതി പണ്ടു സി.പി.എമ്മിനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അവരുടെ സംഭാവനകള്‍ വളരെ വലുതാണ്. അടുത്ത കാലത്തായി അത്തരം സംഭവങ്ങള്‍ കാണുന്നില്ല. പക്ഷേ, സി.പി.എമ്മിനു സാധിക്കാതെ പോയ പുരോഗതി ഈ രംഗത്തു ഹിന്ദുത്വ പാര്‍ട്ടിക്കാര്‍ കൈവരിച്ചിട്ടുണ്ട്. ഞാന്‍ ഇവിടെ പറയുന്നത്, മാധ്യമങ്ങളുടെ ദൈനംദിന വാര്‍ത്തകള്‍ക്കുമേലുള്ള പരോക്ഷമായ സെന്‍സറിങ് ആണ്. എന്‍റെയൊരു പത്രപ്രവര്‍ത്തക സുഹൃത്തു പങ്കു വച്ച ഒരു അനുഭവമുണ്ട്. അദ്ദേഹം പറഞ്ഞത്, കേന്ദ്രത്തില്‍ 2014ല്‍ ഉണ്ടായ ഭരണമാറ്റത്തിനു ശേഷം, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അനുയായികളും ആരാധകരും സഹയാത്രികരും നടത്തുന്ന ഇടപെടല്‍ ആണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കോ അതിന്‍റെ നേതാക്കള്‍ക്കോ എതിരേയുള്ള എല്ലാ വാര്‍ത്തകളും കൃത്യമായി മോണിട്ടര്‍ ചെയ്യുകയും, എഡിറ്ററെ വിളിച്ച് കഠിനമായി അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് സംഭവിക്കുന്നത്. ചില ഫോണ്‍ സംഭാഷണങ്ങള്‍ റിക്കോര്‍ഡ് ചെയ്തു സോഷ്യല്‍ മീഡിയയില്‍ ഇട്ടെന്നും വരും. ഒരു സാധാരണ പത്രപ്രവര്‍ത്തകനു താങ്ങാനാകാത്ത സമ്മര്‍ദ്ദമാണ് അത്തരം ചെയ്തികള്‍ ഉണ്ടാക്കുന്നത്. അദ്ദേഹം എന്നോടു പറഞ്ഞത്, ഭയമില്ലാത്ത പത്രപ്രവര്‍ത്തകര്‍ക്കു പോലും ഒരു വാര്‍ത്ത എഡിറ്റ് ചെയ്യുമ്പോള്‍ ഈ വിളി ഒഴിവാക്കാന്‍ അബോധത്തില്‍ ഒരു ശ്രമമുണ്ടാകും. അതിനേക്കാള്‍ വലിയ സെന്‍സറിങ് മറ്റെന്തുണ്ട്? മോബോക്രസിയുടെ ഏറ്റവും ഭയാനകമായ ഒരു ആയുധമാണ് ഈ തരത്തിലുള്ള ആക്രമണം. അത് ഫിസിക്കല്‍ മോബിനേക്കാള്‍ ഭീകരമാകുന്നത്, ഫിസിക്കല്‍ മോബ് ഓടിക്കൂടുന്ന ജനക്കൂട്ടമാണെങ്കില്‍, ടെലിമോബ്, വ്യക്തമായ ആസൂത്രണമുള്ള ആള്‍ക്കൂട്ടമാണ്.
ഇനി, സോഷ്യല്‍ മീഡിയയിലോ? ഇവിടെ വിര്‍ച്വല്‍ മോബ് ആണ്. ഒരാള്‍ക്കു സ്വന്തമായി ഒരു ആള്‍ക്കൂട്ടം സൃഷ്ടിക്കുകയും ഇരയെ നിരന്തരം ആക്രമിച്ച് തകര്‍ക്കുകയും ചെയ്യാം. സ്വാതി ചതുര്‍വേദി എന്ന പത്രപ്രവര്‍ത്തകയുടെ ഐ ആം എ ട്രോള്‍ എന്ന പുസ്തകം ബി.ജെ.പിയുടെ ഐ.ടി സെല്‍ 2004 മുതല്‍ പ്രവര്‍ത്തിക്കുന്ന രീതിയുടെ വിശദമായ വിവരണമാണ്. അതു വായിച്ചു മടക്കി വയ്ക്കുമ്പോള്‍ എനിക്ക് അത് ഒരു പുസ്തകം മാത്രമായിരുന്നു. പക്ഷേ അതില്‍ എഴുതിയ സംഗതികള്‍ എന്‍റെ അനുഭവത്തില്‍ ബോധ്യപ്പെട്ടു തുടങ്ങിയത് അടുത്ത കാലത്താണ്. അതിന് ഒരു കാരണം, ഞാന്‍ സി.പി.എം. അനുഭാവിയാണ് എന്നും ബി.ജെ.പി. വിരുദ്ധയാണ് എന്നും വലിയ പ്രചാരണം നടക്കുന്നതു കൊണ്ടാണ് എന്നു ഞാന്‍ കരുതുന്നു. ഏതായാലും ശബരിമലയെക്കുറിച്ച് ഒന്നു രണ്ട് അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതോടെ എന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരേ ട്വീറ്റിന്‍റെ പ്രളയമായി. പിണറായി വിജയന്‍റെ ചെരുപ്പു നക്കുന്നു എന്നും അവാര്‍ഡിനായി നടത്തുന്ന കുരയാണ് എന്നും മറ്റും പറഞ്ഞു കൊണ്ടാണ്. ഈ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് പലതിനും സ്വന്തമായ മുഖമോ പേരോ ഇല്ല. ഗ്രൂപ്പുകളുടെ പേരിലാണ് ഇവ. അതിലൊരെണ്ണം ബ്ലോക്ക് ചെയ്തപ്പോള്‍ ഏതാണ്ട് പത്തമ്പതു മുഖമില്ലാത്ത ട്വിറ്റര്‍ ഐഡികളാണ് അതിനെ ഫോളോ ചെയ്യുന്നത്. ഞാന്‍ ഓരോന്നായി ബ്ലോക്ക് ചെയ്തു. അപ്പോള്‍ വരുന്നു, മുഖമുള്ള ഒരു ഐഡിയില്‍ നിന്ന് ഒരു ട്വീറ്റ് – ഇവിടെ എല്ലാവരെയും ബ്ലോക്ക് ചെയ്യുന്നതായി അറിഞ്ഞു എന്നു തുടങ്ങി ഒരു അധിക്ഷേപ ട്വീറ്റ്. അദ്ദേഹം ഒരു മഹാനാണ് എന്നെനിക്കു മനസ്സിലായി. പേരില്ലാത്തവരും മുഖമില്ലാത്തവുമായ ആ ഐഡികളെയെല്ലാം അദ്ദേഹത്തിന് അറിയാമായിരുന്നു എന്നു വ്യക്തം. എന്‍റെ ഭയം, മറ്റു രാഷ്ട്രീയ കക്ഷികളും മതസ്ഥാപനങ്ങളും വര്‍ഗ്ഗീയ സംഘടനകളും ഈ ശൈലി പിന്തുടര്‍ന്നു തുടങ്ങി എന്നതിലാണ്. മോബോക്രസിയുടെ ഏറ്റവും അപകടകരമായ വേര്‍ഷന്‍ ഇതാണ് എന്നു നിസ്സംശയം പറയാം. അതു ഫെയ്ക്ക് ന്യൂസ് പ്രചരിപ്പിക്കുന്നതിനേക്കാള്‍ മാരകമാണ് എന്നും ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണിയാണ് എന്നും ഞാന്‍ വിശ്വസിക്കുന്നു.
ഇനി മോബോക്രസിയുടെ രണ്ടാമത്തെ ആവിഷ്കാരം. അത്, അതിന്‍റെ കാലദേശങ്ങളില്ലാത്ത പൊതുസ്വഭാവമാണ്. മറ്റൊന്നുമല്ല– സ്ത്രീവിരുദ്ധത. രാഷ്ട്രീയത്തില്‍ സ്ത്രീവിരുദ്ധതയുണ്ട് എന്നു നമുക്ക് അറിയാം. പക്ഷേ, വാസ്തവത്തില്‍, സ്ത്രീവിരുദ്ധത തന്നെ ഒരു രാഷ്ട്രീയമാണ്. എല്ലാത്തരം മോബോക്രസിയുടെയും ഏറ്റവും ഭീകരമായ പ്രകടനം സ്ത്രീവിരുദ്ധതയിലാണ്. ഈ സ്ത്രീവിരുദ്ധതയില്‍ നിന്നു തന്നെയാണ് എല്ലാത്തരം ഹിംസയുടെയും തുടക്കവും. സ്ത്രീവിരുദ്ധതയെക്കുറിച്ചു സംസാരിച്ചപ്പോള്‍ – കുറച്ചു നാള്‍ മുമ്പ് ഒരു വായനക്കാരന്‍ എന്നെ വിളിച്ചു – മാഡം എനിക്കു നിങ്ങളോട് വലിയ ബഹുമാനമായിരുന്നു. പക്ഷേ, നിങ്ങള്‍ പുരുഷന്‍മാരെയെല്ലാം സ്ത്രീവിരുദ്ധര്‍ എന്നു വിളിക്കുമ്പോള്‍ അത് വളരെ മുന്‍വിധിയോടെയാണ് എന്നു തോന്നുന്നു. ഞാന്‍ സ്ത്രീവിരുദ്ധനല്ല. എന്‍റെ ഭാര്യയ്ക്ക് ഞാന്‍ എല്ലാ സ്വാതന്ത്ര്യവും കൊടുത്തിട്ടുണ്ട്. എല്ലാ കാര്യത്തിലും അവളുടെ അഭിപ്രായം ഞാന്‍ ചോദിക്കാറുണ്ട്. എല്ലാ പുരുഷന്‍മാരും സ്ത്രീവിരുദ്ധന്‍മാരല്ല. സ്ത്രീകളോട് അങ്ങനെ ദേഷ്യമൊന്നും പുരുഷന്‍മാര്‍ക്കില്ല.
അദ്ദേഹത്തിന്‍റെ വളരെ ജെനുവിന്‍ ആയ പരിഭവം കേട്ടപ്പോള്‍ എനിക്ക് വലിയ ദു:ഖം തോന്നി. സാധാരണ രീതിയില്‍ ഒരു തമാശ നാവിന്‍ തുമ്പില്‍ വന്നതാണ്, ഈ സ്വാതന്ത്ര്യത്തിന്‍റെ റീട്ടെയില്‍ ഫ്രാഞ്ചൈസി ഉണ്ടെങ്കില്‍ എനിക്കു കൂടി കുറച്ചു തരാമോ എന്ന ചോദ്യം. അതു ചോദിച്ചാല്‍ അദ്ദേഹത്തിന് അതു മനസ്സിലാകണമെന്നില്ല. കാരണം, അവരെ സംബന്ധിച്ചിടത്തോളം സ്ത്രീവിരുദ്ധത എന്നാല്‍ സ്ത്രീയെ എറിഞ്ഞോടിക്കുക എന്നതാണ്. സ്ത്രീക്ക് സ്വാതന്ത്ര്യം ഭര്‍ത്താവു കൊടുക്കേണ്ടതല്ലെന്നും അവള്‍ക്ക് അതു ജന്‍മനാ ഉണ്ടെന്നും അതു പ്രകടിപ്പിക്കുന്നതിനെ തടയാതിരിക്കാന്‍ അയാള്‍ക്കു ബാധ്യതയുണ്ടെന്നും അയാളെ പറഞ്ഞു മനസ്സിലാക്കുക പ്രയാസമാണ്. കാരണം, അയാളെ സംബന്ധിച്ചിടത്തോളം അവള്‍ അയാളുടേതാണല്ലോ. ഒരു വളര്‍ത്തു നായയെപ്പോലെ, അയാള്‍ക്കു വേണ്ടി കുരയ്ക്കുകയും അയാളുടെ ലാളനയില്‍ സന്തോഷിക്കുകയും ചെയ്യുന്നതാണല്ലോ അവളുടെ സായൂജ്യം.
അതൊക്കെ പോകട്ടെ, രണ്ട് – രണ്ടേ രണ്ട് – ഉദാഹരണങ്ങള്‍ ഞാന്‍ വിശദമായി ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു.
ആദ്യത്തേത് നാഗാലാന്‍ഡിലെ യു.എല്‍.ബി. – അര്‍ബന്‍ ലോക്കല്‍ ബോഡീസ് – അതായത് നമ്മുടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ തന്നെ. നിയമസഭാ തിരഞ്ഞെടുപ്പാണ്. നമുക്കെല്ലാം അറിയുന്നതു പോലെ 1992ല്‍ സ്ത്രീകള്‍ക്കു ത്രിതലപഞ്ചായത്തില്‍ 33% സംവരണം നല്‍കിക്കൊണ്ടുള്ള ഭരണഘടനാഭേദഗതി വന്നു. പക്ഷേ, നാഗാലാന്‍ഡില്‍ മുനിസിപ്പല്‍ ആന്‍ഡ് ടൗണ്‍ കൗണ്‍സില്‍ നിയമം പാസ്സായത് 2001ലാണ്. ആ നിയമത്തില്‍ സ്ത്രീകള്‍ക്കു സംവരണം ഏര്‍പ്പെടുത്തിയിരുന്നില്ല. അതു കൊണ്ടു 2004ല്‍ നടത്തിയ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കു സംവരണമുണ്ടായില്ല. ഇതിനെതിരെ നാഗാ മദേഴ്സ് അസോസിയേഷന്‍ എന്ന വനിതാസംഘടന കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരം സംസ്ഥാന ഗവണ്‍മെന്‍റ് സ്ത്രീകള്‍ക്കുള്ള സംവരണം ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്തു. അതിനു ശേഷം നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് 2009ലായിരുന്നു. പക്ഷേ, ഗോത്രവര്‍ഗ നേതാക്കളുടെ എതിര്‍പ്പു കാരണം അതു നടപ്പായില്ല. അങ്ങനെ എന്‍.എം.എ. ഹൈക്കോടതിയെ വീണ്ടും സമീപിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് 2012 ജനുവരിക്കു മുമ്പ് സംവരണം ഉള്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണം എന്നു വിധിച്ചു. പക്ഷേ, സര്‍ക്കാര്‍ ആ വിധി നടപ്പാക്കിയില്ല. പകരം ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കി. ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ച് ഉത്തരവു തടഞ്ഞു. അതു ജൂലൈയിലാണ്. സെപ്റ്റംബറില്‍ നിയമസഭ പ്രമേയം പാസ്സാക്കി – സ്ത്രീകള്‍ക്കു സംവരണം ഉറപ്പാക്കുന്ന ഭരണഘടനയുടെ പാര്‍ട്ട് 9 എ 243 T നാഗാലാന്‍ഡിന് പ്രത്യേക പദവി നല്‍കുന്ന 371 എ വകുപ്പിനെ ലംഘിക്കുന്നതാണ് എന്നതായിരുന്നു പ്രമേയം. ഒരു വനിത പോലും ആ നിയമസഭയില്‍ ഇന്നോളം ഉണ്ടായിട്ടില്ല എന്നോര്‍ക്കണം. സ്ത്രീകളുടെ സംഘടനകളുടെ ഒരു സംയുക്ത സമിതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കും നിയമസഭാപ്രമേയത്തിനും എതിരെ സുപ്രീംകോടതിയെ സമീപിച്ചു. 371 എ യെ സൂപ്പര്‍സീഡ് ചെയ്യുന്നതാണ് 74–ാം ഭരണഘടനാ ഭേദഗതി എന്നു വിധിച്ച സുപ്രീം കോടതി, ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവു തടഞ്ഞു. തുടര്‍ന്നു നടന്നത് ചര്‍ച്ചകളുടെ പരമ്പരയാണ്. നാമനിര്‍ദ്ദേശത്തിന് ഒരു ഓപ്ഷന്‍, കൂടാതെ വോട്ടിങ് അവകാശവും – സംവരണത്തിനു പകരം ഇതു രണ്ടും കൊണ്ടു തൃപ്തിപ്പെടണം എന്നായിരുന്നു ഗവണ്‍മെന്‍റിന്‍റെ ആവശ്യം. ഇതു വനിതാസംഘടനകള്‍ നിരസിച്ചു. ഇതിനിടെ പതിനാറു ഗോത്രവര്‍ഗ നേതാക്കളുമായും ചര്‍ച്ച നടത്തി. അവര്‍ വനിതാസംവരണത്തെ ഒരു കാരണവശാലും അംഗീകരിക്കുകയില്ല എന്ന് അറിയിച്ചു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ടി.ആര്‍. സിലിയാങ് ക്രൈസ്തവസഭയുടെ മധ്യസ്ഥതയില്‍ രണ്ടു മാസത്തേക്കു തിരഞ്ഞെടുപ്പു നീട്ടി വയ്ക്കാന്‍ തീരുമാനിച്ചു. പിന്നീട് ആ തീരുമാനം മാറ്റി ഏഴു മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. 2017 ജനുവരി 26ന് സ്ത്രീകള്‍ക്കു സംവരണം നല്‍കുന്നതിന് എതിരേ പ്രക്ഷോഭം തുടങ്ങി. അത് കത്തിപ്പടര്‍ന്നു. ഫെബ്രുവരി രണ്ടിന് പ്രക്ഷോഭകാരികള്‍ പഴയ നിയമസഭാമന്ദിരത്തിനു തീവച്ചു. ഗവണ്‍മെന്‍റിന്‍റെ വാഹനങ്ങള്‍ കത്തിച്ചു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് അസാധുവാക്കി. ഇക്കഴിഞ്ഞ വര്‍ഷമാണ് അവിടെ തിരഞ്ഞെടുപ്പു നടന്നത്. 195 സ്ഥാനാര്‍ത്ഥികളാണ് അറുപതു സീറ്റുകളിലേക്കു മല്‍സരിച്ചത്. അഞ്ചു പേരായിരുന്നു വനിതകള്‍. അവരില്‍ ഒരാള്‍ എവാന്‍ കോന്യാക് ജയിച്ചു എന്നു തന്നെ വിചാരിച്ചതാണ്. പക്ഷേ, 905 വോട്ടുകള്‍ക്കു പരാജയപ്പെട്ടു പോയി. എങ്കിലും അതൊരു വലിയ മുന്നേറ്റമായി അവിടുത്തെ സ്ത്രീകളും പുരുഷന്‍മാരും കരുതുന്നുണ്ട്. ആലോചിച്ചു നോക്കൂ, 1963ല്‍ നിലവില്‍ വന്ന സംസ്ഥാനമാണ്. 1977ല്‍ എം.പിയായ റനോ എം ഷെയ്സ ഒഴികെ ഇന്നോളം അവിടെ ഒരു വനിതാ എം.എ.എയോ എം.പിയോ ഉണ്ടായിട്ടില്ല. ആവോ ഗോത്രത്തില്‍ ഇന്നും സ്ത്രീകള്‍ക്ക് ഗ്രാമകൗണ്‍സിലില്‍ അംഗമാകാനോ ഭൂമിയുടെ ഉടമസ്ഥത ലഭിക്കാനോ അവകാശമില്ല.
പക്ഷേ, വാസ്തവത്തില്‍ ഈ കലാപത്തിനു പിന്നില്‍ ഉള്ള അജന്‍ഡ മറ്റൊന്നായിരുന്നു എന്നാണ് പിന്നീട് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഗോത്രവര്‍ഗ നേതാക്കള്‍ സ്ത്രീകളുടെ സംവരണം ഒരു മറയാക്കി പോരാടുകയായിരുന്നു. അവര്‍ക്ക് തിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. ടൗണ്‍ കൗണ്‍സിലിനു നികുതി ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളില്‍ അവര്‍ക്കുള്ള അതൃപ്തി പ്രകടിപ്പിക്കാന്‍ സ്ത്രീകളെ കരുവാക്കുകയായിരുന്നു എന്നതാണു സത്യം.
ഞാനെന്തിനാണ് നാഗാലാന്‍ഡിലെ പ്രശ്നം ഇവിടെ പറയുന്നത് എന്നു നിങ്ങള്‍ക്കു സംശയം തോന്നുന്നുണ്ടോ? അടുത്ത കാലത്താണ് എനിക്ക് നാഗാലാന്‍ഡിലെ പ്രശ്നത്തിനു കേരളത്തിലെ അവസ്ഥയുമായി സാദൃശ്യമുണ്ടല്ലോ എന്നു തോന്നിയത്. രണ്ടു സംസ്ഥാനങ്ങളും രണ്ടറ്റത്താണ്. രണ്ടു ജനതയും രണ്ടു സംസ്കാരവുമാണ്. പക്ഷേ, സ്ത്രീകളുടെ അനുഭവങ്ങള്‍ക്ക് ഒരു സാദൃശ്യമുണ്ട്. അതാണ് ഇന്ത്യയുടെ ഒരു ബ്യൂട്ടി. പുറമേയ്ക്ക് എല്ലാം വ്യത്യസ്തമായിരുന്നാലും ഭാഷയും വസ്ത്രവും ഭക്ഷണവും ജീവിതരീതിയും കാലാവസ്ഥയും ഒക്കെ വ്യത്യസ്തമായിരുന്നാലും സ്ത്രീകളുടെ അനുഭവങ്ങള്‍ ഒന്നു തന്നെയാണ്. അവള്‍ക്ക് നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ ഒന്നു തന്നെയാണ്. വാസ്തവത്തില്‍ നമ്മുടെ ദേശീയോദ്ഗ്രഥനം സാധ്യമാകുന്നത് സ്ത്രീയുടെ അനുഭവങ്ങളിലൂടെയാണ്.
അപ്പോള്‍ നമുക്കു നമ്മുടെ കാര്യത്തിലേക്കു വരാം. അതിനെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് – ജീവിതത്തില്‍ ഞാനെന്തൊക്കെ പഠിച്ചു എന്നു ചിന്തിച്ചു പോകുന്നത്. പ്രീഡിഗ്രിക്ക് ഫോര്‍ത്ത് ഓപ്ഷനല്‍ ആയി കണക്കു സഹിതം ബയോളജി പഠിച്ചു. ഡിഗ്രിക്ക് കെമിസ്ട്രി മെയിനും ഫിസിക്സും കണക്കും സബ്സിഡിയറി പേപ്പറായും പഠിച്ചു. എം.എയ്ക്ക് കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പഠിച്ചു. അതിന്‍റെ ഭാഗമായി ഫണറ്റിക്സും ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിങ്ങും ലിംഗ്വിസ്റ്റിക്സും ട്രാന്‍സ്ലേഷനും ലിറ്ററേച്ചറും ജേണലിസവും പഠിച്ചു. ക്വാണ്ടം മെക്കാനിക്സും ആള്‍ജിബ്രയും ഒക്കെ പഠിച്ചിരുന്ന കാലത്ത് ഇതു കൊണ്ടൊക്കെ എന്തോ വലിയ പ്രയോജനം ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു. കാല്‍ക്കുലസ്, ലോഗരിതം ടേബിള്‍, ഓര്‍ഗാനിക് കെമിസ്ട്രി, ബെന്‍സീന്‍റെ സ്ട്രക്ചര്‍, ഒക്കെ പഠിച്ചെടുത്തതു കൊണ്ടോ പരീക്ഷയ്ക്ക് എഴുതി മാര്‍ക്കു വാങ്ങിയതു കൊണ്ടോ ഒരു കാര്യവുമില്ലായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്. പഠിക്കേണ്ടിയിരുന്നതു നിഗമാഗമങ്ങളും തന്ത്രസമുച്ചയവും കുഴിക്കാട്ടു പച്ചയും ഒക്കെയായിരുന്നു. എന്താണ് പഞ്ചശുദ്ധി? എന്താണ് നൈഷ്ഠികബ്രഹ്മചര്യം? അയ്യപ്പനും ശാസ്താവും തമ്മിലുള്ള ബന്ധമെന്ത്? അഥവാ വ്യത്യാസമെന്ത്? കുളത്തൂപ്പുഴ ശാസ്താവും ശബരിമല ശാസ്താവും അച്ചന്‍കോവില്‍ ശാസ്താവും തമ്മിലുള്ള പാരസ്പര്യമെന്ത്? പുല കഴിഞ്ഞാല്‍ എത്രാമത്തെ ദിവസം അമ്പലത്തില്‍ കയറാം? ആര്‍ത്തവ സമയത്ത് ശരീരത്തില്‍നിന്നു പ്രസരിക്കുന്ന മാഗ്നറ്റിക് തരംഗങ്ങള്‍ക്ക് എത്ര ശക്തിയുണ്ട്? പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള യുവതികളുടെ ശരീരത്തില്‍ നിന്നു പ്രസരിക്കുന്ന റേഡിയോ ആക്ടിവിറ്റി കാരണം ശ്രീകോവിലിന് ഏല്‍ക്കാന്‍ സാധ്യതയുള്ള കേടുപാടുകള്‍ എന്തൊക്കെ? ഡെയിറ്റിയുടെ നിയമപരമായ അവകാശങ്ങള്‍ എന്തൊക്കെ? അമ്പലത്തില്‍ പോകുന്നതു ചരിത്രം സൃഷ്ടിക്കാനോ ചാരിത്ര്യം നശിപ്പിക്കാനോ?– അന്നു ലോഗരിതം ടേബിള്‍ വച്ച് കണക്കു കൂട്ടുന്നതിനു പകരം ഇതൊക്കെ പഠിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഒരു ഉപകാരമായേനെ. എന്തു ചെയ്യാം, അന്നത്തെ കാലത്ത് നമ്മള്‍ ഇതൊന്നും അത്ര സീരിയസായി എടുത്തിരുന്നില്ല. അമ്പലത്തില്‍ പോകുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും. കുട്ടിക്കാലം മുതല്‍ മനസ്സിലാക്കിയിരുന്നത് ഏത് അമ്പലത്തില്‍ പോകുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും ഹൃദയത്തില്‍ വെളിച്ചം നിറയുന്ന തോന്നലുണ്ടാകണം. അതു മറ്റൊരാള്‍ക്കു തരാന്‍ കഴിയില്ല. പ്രാര്‍ത്ഥനയുടെ തീവ്രതയില്‍ സ്വയം ലയിക്കുന്നതും മറക്കുന്നതുമായ ഒരു മുഹൂര്‍ത്തത്തില്‍ മാത്രമേ അതു സാധ്യമാകുകയുള്ളൂ. ധ്യാനത്തിന്‍റെ ആ നിമിഷത്തില്‍ നമ്മളില്ല, ചുറ്റുപാടുകളില്ല, ഈശ്വരന്‍ മാത്രമേയുള്ളൂ– എന്നാണ്.
ജീവിതം ഈ അവസ്ഥയില്‍ എത്തിപ്പെടുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ അന്നു ഞാന്‍ വല്ല തന്ത്രവിദ്യയിലും ഗവേഷണം നടത്തിയേനെ. പത്രപ്രവര്‍ത്തനം തൊഴിലായി സ്വീകരിച്ചപ്പോള്‍ നമ്മള്‍ കുറച്ചു ചരിത്രവും പൗരധര്‍മ്മവും ഒക്കെ പഠിക്കാന്‍ ചെലവാക്കിയ സമയം വേസ്റ്റായിപ്പോയി. ഇപ്പോള്‍ ചരിത്രത്തിനും പൗരധര്‍മ്മത്തിനും യുക്തിക്കും ശാസ്ത്രബോധത്തിനും തീരെ മാര്‍ക്കറ്റ് ഇല്ല. എന്നു മാത്രമല്ല, അത് ആര്‍ക്കും ആവശ്യമില്ല. ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല, ഈ നൈഷ്ഠികബ്രഹ്മചര്യത്തെക്കുറിച്ചു ചര്‍ച്ച നടക്കുമ്പോള്‍ മറ്റു ബ്രാഹ്മണരാരും തന്നെ അതെക്കുറിച്ച് അഭിപ്രായം പറഞ്ഞു ഞാന്‍ കേട്ടില്ല. നമ്മുടെ നാട്ടിലെ നമ്പൂതിരിമാര്‍ക്ക് അതേക്കുറിച്ചു ധാരണയില്ലാത്തതു കൊണ്ടാണോ അതോ ഇതു സമുദായത്തിന്‍റെ ഒരു പൊതുതാല്‍പര്യമായി പരിഗണിച്ച് അറിയാവുന്ന കാര്യങ്ങളെ കുറിച്ചു തുറന്നു പറയാന്‍ തയ്യാറാകാത്തതാണോ എന്നതാണ് എന്നെ അലട്ടുന്ന പ്രശ്നം. കാരണം, നൈഷ്ഠിക ബ്രഹ്മചാരിയായ മൂര്‍ത്തിയെ പ്രതിഷ്ഠിച്ച ഒരു ക്ഷേത്രം പോലും കേരളത്തില്‍ ഇതു വരെ നിലവിലില്ല. ഇനിയിപ്പോള്‍ പുതുതായി തുടങ്ങേണ്ടി വരും. പക്ഷേ, മനസ്സിലാക്കിയിടത്തോളം അതു നല്ല ഒരു ആശയമായിരിക്കും, കേട്ടോ. കുറച്ചു വനഭൂമി കിട്ടിയാല്‍ അവിടെ ഒരു പുതിയ ക്ഷേത്രം തുടങ്ങുക – നൈഷ്ഠിക ബ്രഹ്മചാരിയായ മൂര്‍ത്തികള്‍ – അതിപ്പോള്‍ ശബരിമലയിലെ വാദം അനുസരിച്ച് ഏതു മൂര്‍ത്തിയെയും പ്രതിഷ്ഠിക്കാം. ശിവനെ വേണമെങ്കില്‍ ആകാം – അദ്ദേഹം സതീദഹനത്തിനു ശേഷമുള്ള ബ്രഹ്മചര്യഭാവത്തിലാണ് എന്നു പറഞ്ഞാല്‍ മതി. വിഷ്ണുവാണെങ്കിലും ആകാം – പരശുരാമ ഭാവത്തിലോ വാമന ഭാവത്തിലോ ആണെന്നു വാദിച്ചാല്‍ മതി. അതു പോലെ ഏതു ദൈവത്തെയും അങ്ങനെ പ്രതിഷ്ഠിക്കാം. ആകെയൊരു നിബന്ധന മതി – സ്ത്രീകള്‍ കയറരുത്. പുരുഷന്‍മാര്‍ മാത്രം കയറുന്ന പവിത്രമായ സ്ഥലം. അതോടെ അവിടെ ആള്‍ ഇരമ്പിക്കയറും.
സുപ്രീം കോടതി വിധിയെ ഞാന്‍ സ്വാഗതം ചെയ്യുകയും അതിനെതിരായ വാദങ്ങള്‍ മണ്ടത്തരമാണെന്നു പറയുകയും ചെയ്തതോടെ എനിക്ക് ഒട്ടേറെ സുഹൃത്തുക്കളെയും ബന്ധുക്കളെയും നഷ്ടപ്പെടുകയുണ്ടായി. പുരുഷന്‍മാരാണ് എന്നോട് ഏറ്റവും കൂടുതല്‍ ക്ഷോഭിച്ചത്. ആചാരം എന്നതാണ് അവര്‍ അതിനു കാരണമായി പറഞ്ഞത്. ഞാന്‍ ഈ ആചാരത്തെപ്പറ്റി കുറച്ചു ഗവേഷണം നടത്തി നോക്കി. പഴയ പത്രങ്ങളുടെ ഫയലുകള്‍ തിരഞ്ഞു. അറുപത്തിയൊമ്പതിലും എഴുപതിലും ഒക്കെ സ്ത്രീകള്‍ ശബരിമലയില്‍ ധാരാളമായി കയറിയിരുന്നു എന്നതിന് റിപ്പോര്‍ട്ടുകള്‍ കണ്ടു. അമ്പലം കത്തിയതിനും പുതുക്കിപ്പണിതതിനും ശേഷമുള്ള കഥയാണ് അത്. അപ്പോള്‍ അതിനും മുമ്പുള്ള സംഗതി ഒന്ന് അറിയണമല്ലോ . കാരണം കുട്ടിക്കാലത്ത് ഞാന്‍ ഏറ്റവും അധികം വായിച്ചിട്ടുള്ള പുസ്തകം ഐതിഹ്യമാലയാണ്. അതില്‍ ശബരിമല ശാസ്താവിനെ കുറിച്ചുള്ള കഥയില്‍ ഒരിടത്തും സ്ത്രീകള്‍ പ്രവേശിച്ചു കൂടാ എന്നു പറഞ്ഞതായി എനിക്ക് ഓര്‍മ്മയില്ല. അതു കൊണ്ട് ഞാന്‍ വീണ്ടും ഐതിഹ്യമാല എടുത്തു വായിച്ചു നോക്കി. ഐതിഹ്യമാല എട്ടു ഭാഗങ്ങളായാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി പ്രസിദ്ധപ്പെടുത്തിയത്. അതില്‍ ആദ്യ ഭാഗം 1909ലും എട്ടാം ഭാഗം 1934ലും. അതില്‍ ഏതു ഭാഗത്താണ് ശബരിമല ശാസ്താവിനെ കുറിച്ചു വന്നത് എന്ന് എനിക്ക് അറിയില്ല. ഏതായാലും 1934നു മുമ്പാണ്. അതില്‍ വളരെ വിശദമായി ശബരിമലയിലെ കഥ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ ഒരിടത്തും സ്ത്രീകള്‍ കയറാന്‍ പാടില്ല എന്നു പറഞ്ഞിട്ടില്ല. പക്ഷേ, അവിടെ വാവരുസ്വാമിയും കടുത്ത സ്വാമിയും പ്രതിഷ്ഠയുണ്ടെന്നും ഭദ്രകാളീ പ്രതിഷ്ഠ രണ്ടു നില മാളികയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നതിനാല്‍ മാളികപ്പുറത്തമ്മ എന്ന പേരില്‍ അറിയപ്പെടുന്നുണ്ടെന്നും മകര മാസത്തിലെ ഉല്‍സവം കുരുതിയോടെയാണ് അസാനിച്ചിരുന്നതെന്നും പറയുന്നുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം അയ്യപ്പന്‍ പന്തളത്തു രാജാവിന്‍റെ വളര്‍ത്തു മകനാണ് എന്നല്ല അതില്‍ പറഞ്ഞിരിക്കുന്നത് എന്നതാണ്. അതില്‍ പറയുന്നത് അനുസരിച്ച്, തമിഴ്നാട്ടിലെ പാണ്ഡ്യ രാജവംശം രണ്ടായി പിരിഞ്ഞ് ഒരു ശാഖ വള്ളിയൂര്‍ ദേശത്തും മറ്റൊരു ശാഖ മധുരയിലും സ്ഥിതി ചെയ്തു എന്നും മധുരയിലെ പാണ്ഡ്യ രാജാവിന്‍റെ രാജധാനിയില്‍ ഒരു യുവാവ് എത്തിയെന്നും അയാള്‍ അസ്ത്രവിദ്യയില്‍ രാജാവിനെ അമ്പരപ്പിച്ചു എന്നും ഊരും പേരും ചോദിച്ചപ്പോള്‍ ഞാനൊരു മലയാളിയാണ്, എന്‍റെ അച്ഛന്‍ മലയാളിയാണ്, എന്‍റെ അമ്മ ലോകമഹാമായയും അച്ഛന്‍ ലോകനാഥനുമായ ഈശ്വരനുമാണെന്നും. അയ്യപ്പന്‍ എന്നാണു പേര് എന്നും പറഞ്ഞനെന്നും അങ്ങനെ രാജാവിന്‍റെ വിശ്വസ്ത സേനാപതിയായി അവിടെ കഴിഞ്ഞെന്നും, തുടര്‍ന്ന് അസൂയാലുക്കളായ മറ്റു സേവകര്‍ രാജ്ഞിയെ പ്രേരിപ്പിച്ച് പുലിപ്പാലിനായി അയ്യപ്പനെ കാട്ടിലയയ്ക്കുകയും അവസാനം പുലിക്കൂട്ടത്തോടൊപ്പം അയ്യപ്പന്‍ തിരികെ വരികയും ചെയ്തെന്നും അതില്‍ പറയുന്നു. അന്ന് മാപ്പു ചോദിച്ച രാജാവിനോടു ഞാന്‍ മലയാളനാട്ടിലേക്കു പോകുകയാണ്, അങ്ങും അങ്ങോട്ടു വരൂ എന്നു പറഞ്ഞു യാത്രയായി. അയ്യപ്പനെ പിരിഞ്ഞതില്‍ ദു:ഖിതനായ രാജാവ് തന്‍റെ ഭൂസ്വത്തൊക്കെ പാട്ടക്കുടിയാന്‍മാരെ ഏല്‍പ്പിച്ച് പന്തളത്തു വന്ന് കൈപ്പുഴത്തമ്പാന്‍റെ സ്ഥലം വാങ്ങി അവിടെ താമസിച്ചു. പില്‍ക്കാലത്ത് തിരുവിതാംകൂറിലേക്ക് ആ ഭൂമി ചേര്‍ത്തു. പന്തളം രാജകുടുംബത്തിലേക്ക് അടുത്തൂണ്‍ അനുവദിച്ചു. കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയിരിക്കുന്നത് അനുസരിച്ച് അക്കാലത്ത് അംഗങ്ങളുടെ സംഖ്യ വര്‍ധിച്ചിരുന്നതിനാല്‍ അടൂത്തൂണ്‍ ഒന്നിനും തികയാതെ ആ മാന്യകുടുംബം വലിയ കഷ്ടപ്പാടിലായിരുന്നു. ഏതായാലും നൈഷ്ഠികബ്രഹ്മചാരിയായിരുന്നു പ്രതിഷ്ഠയെങ്കില്‍ അക്കാര്യം അതില്‍ കൃത്യമായി പ്രതിപാദിക്കാതിരിക്കുകയില്ല. കാരണം, കൊട്ടാരത്തില്‍ ശങ്കുണ്ണി പന്തളം കൊട്ടാരത്തിലെ അന്നത്തെ മുതിര്‍ന്ന അംഗങ്ങളുമായി സംസാരിച്ചു തയ്യാറാക്കിയതാണ് ലേഖനം. അതിനു പൂരകമായി ശാസ്താംകോട്ടയിലെ ഐതിഹ്യവും ഉണ്ട്. ശാസ്താംകോട്ടയിലാണു ഞാന്‍ ജനിച്ചു വളര്‍ന്നത്. അവിടുത്തെ ഐതിഹ്യം അനുസരിച്ച് പന്തളം കൊട്ടാരത്തിലെ ഒരു രാജകുമാരന്‍ കായംകുളത്തു രാജകുടുംബത്തില്‍ വിവാഹം ചെയ്ത് അവിടെ താമസമാക്കുകയും അദ്ദേഹത്തിന്‍റെ ആണ്ടിലൊരിക്കലുള്ള ശബരിമലയിലെ ഭജനം മുടങ്ങുകയും അതോടെ പേടിസ്വപ്നം കാണാന്‍ തുടങ്ങുകയും ചെയ്തു എന്നാണ്. അവസാനം ശബരിമലയില്‍ പോകാത്തതു കൊണ്ടാണ് ഈ പേടിസ്വപ്നം എന്നു മനസ്സിലായി അദ്ദേഹം അവിടെ പോയി പന്ത്രണ്ടു ദിവസം ഭജനം ഇരുന്നു. അടുത്ത തവണ തൊഴാന്‍ പോകേണ്ട ദിവസമടുത്തപ്പോള്‍ ഭാര്യയെ പിരിയുന്നതോര്‍ത്ത് അദ്ദേഹം സങ്കടപ്പെട്ടു. അപ്പോള്‍ അയ്യപ്പന്‍ സ്വപ്നത്തില്‍ വന്നു സമാധാനിപ്പിച്ചു – ഭാര്യയെ പിരിയുന്നതോര്‍ത്തു ദു:ഖിക്കണ്ട, ഞാന്‍ ഇവിടെ അടുത്തു വന്ന് ഇരുന്നോളാം. അങ്ങനെ ഒരു ആദിവാസി യുവാവ് അവിടെ വരികയും അസ്ത്രവിദ്യ കൊണ്ടു രാജാവിനെ അമ്പരപ്പിക്കുകയും എന്തു വേണം എന്നു ചോദിച്ചപ്പോള്‍ എന്‍റെ അമ്പു വീഴുന്ന സ്ഥലം കരമൊഴിവായി തന്നാല്‍ മതി എന്നു പറയുകയും, അങ്ങനെ അമ്പെയ്യുകയും അത് തേടി പന്തളത്തു രാജകുമാരനും യുവാവിനോടൊപ്പം പോകുകയും അവസാനം ശാസ്താംകോട്ടയില്‍ എത്തുകയും, തടാകത്തിനു നടുവിലുള്ള ഒരു തുരുത്തില്‍ അമ്പു തറച്ചു നില്‍ക്കുന്നതു കാണുകയും അങ്ങോട്ട് പോകാന്‍ ഒരു പൊങ്ങു തടിയില്‍ ആ യുവാവ് അദ്ദേഹത്തെ കയറ്റുകയും, പക്ഷേ, അക്കരെച്ചെന്നപ്പോള്‍ യുവാവ് അപ്രത്യക്ഷനാകുകയും ചെയ്തു എന്നാണ് കഥ. രാജാവു നോക്കുമ്പോള്‍ പൊങ്ങു തടി ഒരു മുതലയായിരുന്നു. അസ്ത്രം തറച്ച സ്ഥലത്തു ചെന്നപ്പോള്‍ അവിടെയൊരു ശിലയില്‍ ശബരിമലയില്‍ താന്‍ കാണിക്ക വച്ച ആഭരണങ്ങള്‍ ചാര്‍ത്തിയിരിക്കുന്നു. അതായത്, ഞങ്ങളുടെ ശാസ്താംകോട്ടയില്‍ ഇരിക്കുന്നതു ശബരിമല ശാസ്താവു തന്നെയാണ് എന്ന് അര്‍ത്ഥം. പക്ഷേ, ശാസ്താംകോട്ടയില്‍ ശാസ്താവിന് പ്രഭ എന്ന ഭാര്യയും സാത്യകന്‍ എന്ന പുത്രനും ഉണ്ട്. ശബരിമലയിലും തിരുവാഭരണം എഴുന്നള്ളിക്കുമ്പോള്‍ പൂര്‍ണ്ണ, പുഷ്കല എന്ന ഭാര്യമാരുടെ കോലങ്ങളും എഴുന്നള്ളിക്കുന്നുണ്ട്.

പിന്നെ ആരെയാണ് ഈ നൈഷ്ഠിക ബ്രഹ്മചര്യത്തിന്‍റെ കഥ പറഞ്ഞ് കബളിപ്പിക്കാന്‍ നോക്കുന്നത്? രാജ്യം സ്വതന്ത്രമായതിനും രണ്ടു പതിറ്റാണ്ടിനു ശേഷം തുടങ്ങിയ ഒരാചാരം സംരക്ഷിക്കാനാണ് ഇക്കണ്ട സ്ത്രീകളും പുരുഷന്‍മാരും പൊട്ടിക്കരഞ്ഞും നെഞ്ചത്തടിച്ചും തെരുവില്‍ ഇറങ്ങിയത് എന്നതാണ് സങ്കടകരം. പക്ഷേ, അവര്‍ക്ക് ചോദ്യങ്ങളോ സംശയങ്ങളോ ഇല്ല. ഒരാചാരവും പാലിക്കാത്ത, തികച്ചും ഫ്രീക്കനായ, ജനിച്ചിട്ട് മൂന്നു പതിറ്റാണ്ടു തികയാത്ത തന്ത്രികുടുംബത്തിലെ ഒരു പയ്യന്‍ ചാനലില്‍ വന്നിരുന്ന് അതാണ് ആചാരം എന്നു നിലവിളിച്ചാല്‍ അതു വിശ്വസിക്കാന്‍ ഈ നാട്ടില്‍ സ്ത്രീപുരുഷന്‍മാരുണ്ട്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും ഡിവൈഎസ്പിമാരും അഭിഭാഷകരും അധ്യാപകരുമുണ്ട്. അയാളോട് അവര്‍ക്കു ചോദ്യങ്ങളില്ല. കാരണം, അവര്‍ക്ക് ആചാരമല്ല, പ്രധാനം, അതിന്‍റെ പേരിലുള്ള ആശങ്കയാണ്. ആ ആശങ്ക അവരുടെ മതത്തിനു നേരെയുള്ള കയ്യേറ്റത്തിന്‍റെ ആശങ്കയാണ്. സത്യം പറഞ്ഞാല്‍, ഈ തന്ത്രിമാര്‍ക്കും രാജകുടുംബത്തിലെ അംഗങ്ങള്‍ക്കും ഇതു സംബന്ധിച്ച ഏറ്റവും വലിയ ആശങ്ക ഓരോ സീസണിലും കഴുതപ്പുറത്തു കെട്ടിവച്ച് മലയിറങ്ങി ധനലക്ഷ്മി ബാങ്കില്‍ കൊണ്ടു വന്നു നിക്ഷേപിക്കുന്ന ദക്ഷിണയ്ക്കു കണക്കു കൊടുക്കേണ്ടി വരുമോ എന്നതാണ് എന്നാണ് ദേവസ്വംബോര്‍ഡിലെ ഒരു സീനിയര്‍ ജീവനക്കാരന്‍ പറഞ്ഞത്. മേല്‍ശാന്തിയുടെ പതിനേഴു വയസ്സുള്ള മകള്‍ അവിടെ ദര്‍ശനം നടത്തിയതിനെക്കുറിച്ചുള്ള വാര്‍ത്ത വന്നപ്പോള്‍ അത് ആചാരം ലംഘിച്ചല്ല എന്നു വാദിക്കാന്‍ ആളുണ്ടായിരുന്നു. ലക്ഷ്മി രാജീവ് അയ്യായിരം രൂപ ദക്ഷിണ കൊടുത്ത് തന്ത്രിയുടെ അനുവാദത്തോടെ മല ചവിട്ടി എന്നു പരസ്യമായി തുറന്നു പറഞ്ഞതിനെക്കുറിച്ച് ആരും കമാന്ന് മിണ്ടിയിട്ടില്ല. ഇരുമുടിക്കെട്ട് ജീവനേക്കാള്‍ വലുതാണ് എന്നു വാദിക്കുന്ന ബി.ജെ.പി. ആര്‍.എസ്.എസ്.ഹിന്ദു ഐക്യവേദി നേതാക്കളൊന്നും അത്തരം കാര്യങ്ങള്‍ കേട്ടെന്നു നടിക്കാറില്ല. അവര്‍ക്ക് ഇതു സുവര്‍ണാവസരമാണ്. എന്തിനുള്ള സുവര്‍ണാവസരം? അക്കൗണ്ട് തുറക്കാനുള്ള സുവര്‍ണാവസരം. അക്കൗണ്ടാണ് എല്ലാവര്‍ക്കും പ്രശ്നം. തന്ത്രിക്കും രാജാവിനു ബാങ്കിലെ അക്കൗണ്ട്. നേതാക്കള്‍ക്ക് വോട്ട് ബാങ്കിലെ അക്കൗണ്ട്.
പക്ഷേ, അതിനിടയില്‍ പിന്നോട്ടടിച്ചു പോകുന്നത് എന്താണ്? യഥാര്‍ഥ നഷ്ടം ആര്‍ക്കാണ്? അതു സ്ത്രീകളുടെ തുല്യനീതിക്കു വേണ്ടിയുള്ള ഒരു വലിയ ചുവടുവയ്പാണ്. സുഗതകുമാരി ടീച്ചര്‍ ചോദിച്ച ആ ചോദ്യമുണ്ടല്ലോ – ശബരിമലയില്‍ കയറിയിട്ടാണോ തുല്യനീതി സാധ്യമാക്കുന്നത് എന്ന്. ആ ചോദ്യം ചോദിക്കുന്നവരാണ് ഏറെപ്പേരും. ശബരിമല ഒരു പ്രതീകമാണ്. എനിക്ക് ഓര്‍മ്മ വരുന്നത് ശ്രീനാരായണ ഗുരുവും അദ്ദേഹത്തിന്‍റെ ശിഷ്യനായ കെ.എം. കേശവന്‍ ബി.എയും തമ്മിലുള്ള സംവാദമാണ്. സാനുമാഷിന്‍റെ നാരായണഗുരുസ്വാമി എന്ന പുസ്തകത്തില്‍ അതു വിശദമാക്കിയിട്ടുണ്ട്.
ശ്രീനാരായണ ഗുരു : വൈക്കം സത്യാഗ്രഹം ഇപ്പോൾ എങ്ങനെയിരിക്കുന്നു?
കെ. എം. കേശവൻ ബി.എ. : അത് ശക്തിയായിത്തന്നെ നടക്കുന്നു. ഇപ്പോൾ ഉള്ള മഴയെല്ലാം അവർ നനയുകയായിരിക്കും!
ഗുരു: അതെന്തിന്? അവർക്ക് കുട പിടിക്കരുതോ?
കേശവൻ: സത്യാഗ്രഹികളുടെ സഹനശക്തി കൊണ്ടു വിപരീതക്കാരുടേയും ഗവൺമെന്റിന്റേയും അനുകമ്പ സമ്പാദിച്ചു കാര്യം നേടണമെന്നാണ് മഹാത്മാഗാന്ധി പറയുന്നത്.
ഗുരു: അതു ശരി തന്നെ, സഹനശക്തി വേണം. അതു മഴ നനയുന്നതിനും പട്ടിണി കിടക്കുന്നതിനുമല്ല വേണ്ടത്. എവിടെ ഒരാൾ കടക്കാൻ പാടില്ലെന്നു പറയുന്നുവോ അവിടെ അവൻ കടക്കണം. അതിൽ വരുന്ന സങ്കടങ്ങൾ അനുഭവിക്കണം. അടിച്ചാൽ കൊള്ളണം, അങ്ങോട്ട് അടിക്കരുത്. എന്നാൽ വേലികെട്ടിയാൽ ഇങ്ങേപ്പുറത്ത് നിൽക്കരുത്. അതിന്റെ മീതേക്കൂടി കയറണം. റോഡിൽ മാത്രം നടന്നാൽ പോര, ക്ഷേത്രത്തിൽ തന്നെ കയറണം. അത് ഒരിടത്തു പോര, എല്ലാ ക്ഷേത്രങ്ങളിലും കയറണം, എന്നും കയറണം, എല്ലാവരും കയറണം. പാല്പായസം വച്ചു വയ്ക്കുമ്പോൾ ചെന്നു കോരിക്കുടിക്കണം. സദ്യയിൽ ചെന്നു പന്തിയിൽ ഇരിക്കണം. വിവരങ്ങൾ എല്ലാം അപ്പഴപ്പോൾ ഗവൺമെന്റിനെ അറിയിക്കണം. മരിക്കാനും മടിക്കരുത്. മനുഷ്യനെ തൊട്ടാൽ മനുഷ്യൻ അശുദ്ധിയാകുമെന്ന് വിചാരിക്കുന്നവർക്ക് യാതൊന്നും ശുദ്ധമായിരുന്നു പ്രവർത്തിക്കാൻ ഇടകൊടുക്കരുത്. ഇങ്ങനെയാണ് നമ്മുടെ അഭിപ്രായം.
ഇതെല്ലാം പത്രത്തിലും എഴുതണം. അതിനാണ് പറയുന്നത്. നമുക്ക് ഇത് പൂർണ്ണ സമ്മതമാണെന്ന് ജനങ്ങൾ അറിയട്ടെ. പക്ഷെ, അക്രമം,അടിപിടി ഒന്നും പാടില്ല. അതെല്ലാം വന്നാൽ നാം സഹിച്ചുകൊള്ളണം.
കേശവൻ: ക്ഷേത്രപ്രവേശനം തന്നെയാണ് വൈക്കം സത്യാഗ്രഹികളുടേയും ലാക്ക്. അത് അടുത്ത വർഷത്തേക്ക് നീട്ടിവച്ചിരിക്കുന്നേയുള്ളൂ.
ഗുരു: എന്തിന് നീട്ടിവച്ചിരിക്കുന്നു? ഇപ്പോൾ തന്നെ എത്ര താമസിച്ചു പോയി.
ഗുരു അന്നു പറഞ്ഞത് ഇന്നത്തെ സ്ത്രീകളെ ഉദ്ദേശിച്ചാണ് എന്നാണ് എന്‍റെ വിശ്വാസം. എന്നെ സംബന്ധിച്ചിടത്തോളം ശബരിമലയില്‍ സ്ത്രീകള്‍ കയറുന്നത് പ്രധാനമാകുന്നത് എങ്ങനെയെന്നാല്‍, അത് സ്ത്രീശരീരത്തെക്കുറിച്ചുള്ള അശുദ്ധിവാദത്തെ ഇല്ലായ്മ ചെയ്യും. സ്ത്രീശരീരം രണ്ടാം തരമാണെന്നും സ്ത്രീ അതിനാല്‍ത്തന്നെ പൂര്‍ണപൗരത്വം ഇല്ലാത്ത വ്യക്തിയാണെന്നുമുള്ള പരമ്പരാഗത വിശ്വാസത്തെ അതു മായ്ച്ചു കളയും. അതു കൊണ്ട് അതു സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള സ്ത്രീകളുള്ള സമൂഹത്തില്‍ മാത്രമേ പുരുഷന്‍മാര്‍ക്ക് ആണഹന്തയുടെ വെച്ചുകെട്ടുകള്‍ താഴെ വച്ച് പൂര്‍ണമനുഷ്യരായി ജീവിക്കാന്‍ സാധിക്കൂ. അപ്പോള്‍ മാത്രമേ അവര്‍ക്ക് ആത്മീയതയെന്താണെന്നും അദ്വൈതം എന്താണെന്നും മനസ്സിലാകുകയുള്ളൂ. അടുത്തു നില്‍ക്കുന്ന പൗരന്‍ സ്ത്രീയാണോ പുരുഷനാണോ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയാണോ എന്നുറപ്പുവരുത്തിയില്ലെങ്കില്‍ ഭഗവാനെ ആരാധിക്കാന്‍ സാധിക്കാത്ത പുരുഷന്‍മാരെ ഒഴിവാക്കാനും അതു സാധിക്കും. ആത്മനിയന്ത്രണമുള്ള പുരുഷന്‍മാര്‍ അങ്ങോട്ടു ചെന്നാല്‍ മതി. അതല്ലേ, യഥാര്‍ത്ഥ ഭക്തിപരീക്ഷണം?
പിന്നെ ആകെയൊരു സമാധാനം, ജീവിതത്തില്‍ ഇന്നു വരെ സ്വന്തം വീടുകളില്‍ വിളക്കു കത്തിച്ചു നാമം ജപിക്കാത്ത ധീരപുരുഷകേസരികളൊക്കെ കൈകൊട്ടി നാമം ജപിച്ചു കൊണ്ടു നിരത്തിലിറങ്ങി. അവര്‍ എയര്‍പോര്‍ട്ടിന്‍റെ മുമ്പിലും വഴിയോരത്തും നിരന്നിരുന്നു ശരണം വിളിച്ചു. എല്ലാം ശബരിമല ശാസ്താവിന്‍റെ മായാവിലാസങ്ങള്‍ !
അപ്പോള്‍ പറഞ്ഞു വന്നത്, നാഗാലാന്‍ഡിലെ മുപ്പത്തിമൂന്നു സംവരണവും ശബരിമലയിലെ സ്ത്രീപ്രവേശനവും തമ്മിലുള്ള സാദൃശ്യമാണ്. അവിടുത്തെ പ്രധാന പതിനാറു ഗോത്രവര്‍ഗനേതാക്കളും സ്ത്രീകള്‍ക്കുള്ള സംവരണം എന്ന ആശയത്തെ തടഞ്ഞതും അവിടെ ഒരു വനിതാ എം.പി. ഉണ്ടായിട്ടുണ്ട് എന്ന സത്യത്തെ മറന്നു കളഞ്ഞതും ശബരിമലയിലെ വിധിക്കെതിരേ കലാപത്തിനു കോപ്പു കൂട്ടുന്നതും തമ്മില്‍ നല്ല സാദൃശ്യമില്ലേ? അപ്പോള്‍ സംഭവം ഇത്രയേയുള്ളൂ. ലക്ഷ്യം വേറെയാണ്. സ്ത്രീകള്‍ രാഷ്ട്രീയചൂതുകളിലെ കരുക്കള്‍ മാത്രം. നാഗാലാന്‍ഡിലെ സ്ത്രീകള്‍ പുരുഷന്‍മാരെ ചെറുക്കാന്‍ തയ്യാറാകാത്തതു പോലെ, ഞങ്ങള്‍ക്ക് ഭൂമിയോ അവകാശങ്ങളോ ആവശ്യമില്ല, ഗോത്രാചാരങ്ങള്‍ സംരക്ഷിച്ചാല്‍ മതി എന്ന് അവരില്‍ വലിയ ഒരു ശതമാനം പ്രഖ്യാപിച്ചതു പോലെ, ഇവിടെയും കുടുംബത്തില്‍ പിറന്ന സവര്‍ണ സ്ത്രീകള്‍ തെരുവില്‍ ഇറങ്ങുന്നു. സമൂഹത്തിന്‍റെ മേലേത്തട്ടില്‍ നിന്ന് തുടങ്ങുന്ന വലിയ പ്രതിരോധം. മരം വെട്ടുന്ന മഴുവിന്‍റെ കൈ മരം കൊണ്ടു തന്നെയാണ് ഉണ്ടാക്കുന്നത് എന്ന ന്യായപ്രകാരം എവിടെയും സ്ത്രീകളെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ തന്നെയാണ് ഉപകരണം. നാഗാലാന്‍ഡില്‍ വിദ്യാസമ്പന്നരായവരുടെ മൂന്നില്‍ രണ്ടും സ്ത്രീകളാണ്. കേരളത്തിലെപ്പോലെ, അവിടെയും സ്ത്രീകളുടെ വിദ്യാഭ്യാസനിലവാരം ഉയര്‍ന്നതാണ്. അവരുടെ സാക്ഷരതയും ഉയര്‍ന്നതാണ്. അവര്‍ക്കു സംഘടനകള്‍ ഉണ്ട്. പക്ഷേ, എന്തു കൊണ്ട്, നാഗാ സിവില്‍ സൊസൈറ്റിയില്‍ അവരുടെ രാഷ്ട്രീയ പങ്കാളിത്തം കുറയുന്നു എന്ന ചോദ്യത്തിന് അവരില്‍ ഒരാള്‍ നല്‍കിയ ഉത്തരം ഇതാണ് – One part of tradition was modernised through education but not the other. കേരളത്തിലെ സ്ത്രീകള്‍ ഉയര്‍ന്ന സാക്ഷരതയുണ്ടായിട്ടും വിദ്യാഭ്യാസമുണ്ടായിട്ടും എന്തു കൊണ്ട് ഞങ്ങളുടെ ശരീരം അശുദ്ധമാണേ, ഞങ്ങള്‍ക്ക് ആചാരമാണേ വലുത് എന്നു നിലവിളിക്കുന്നു എന്ന ചോദ്യത്തിനും അതു തന്നെയായിരിക്കും ശരിയായ ഉത്തരം. – വിദ്യാഭ്യാസം അവരില്‍ ഒരു ഭാഗത്തെ മാത്രമേ സ്വതന്ത്രമാക്കിയുള്ളൂ. മറുഭാഗം ഇപ്പോഴും ചങ്ങലയില്‍ത്തന്നെയാണ്.
അവര്‍ സ്വതന്ത്രരാകാതെ മോബോക്രസിക്ക് ഒരു പരിഹാരവും ഉണ്ടാകുകയില്ല. സ്വന്തം പൗരത്വം സ്ത്രീകള്‍ ഉറക്കെ പ്രഖ്യാപിക്കാതെ, മതത്തിന്‍റെയും ഇടുങ്ങിയ രാഷ്ട്രീയത്തിന്‍റെയും ചങ്ങലക്കെട്ടുകളില്‍ നിന്നും സ്വയം വിമോചിതരാക്കാത്തിടത്തോളം അവരുടെ കുട്ടികള്‍ സദാചാരപ്പോലീസിന്‍റെയും സ്ത്രീധനപീഡനത്തിന്‍റെയും പെണ്‍വാണിഭത്തിന്‍റെയും ലഹരിമരുന്നിന‍്‍റെയും കൂട്ടബലാല്‍സംഗങ്ങളുടെയും വര്‍ഗീയ കലാപങ്ങളുടെയും ഇരകളായിത്തീരുക തന്നെ ചെയ്യും. മോബോക്രസിയുടെ ഏറ്റവും വലിയ ഭീഷണി, അതിന്‍റെ ഇരകള്‍ മധ്യവര്‍ഗ്ഗമോ സോഷ്യല്‍ കാപ്പിറ്റല്‍ കുറഞ്ഞവരോ ആയിരിക്കും എന്നതാണ്. അത് പെരുമ്പാമ്പിനെപ്പോലെ ഒരു ജീവിയാണ്. തുടക്കത്തില്‍ കുഞ്ഞുങ്ങളെ വിഴുങ്ങും, പിന്നീട് ദുര്‍ബ്ബലരായ സ്ത്രീകളെ, അതും കഴിഞ്ഞാല്‍ സാമൂഹിക പദവിയില്‍ താഴെയുള്ളവരെ, അതും കഴിഞ്ഞാല്‍ നിങ്ങളെത്തന്നെ. ആണുങ്ങള്‍ക്ക് മാത്രമായി ഒരു ലോകമില്ലാത്തതു കൊണ്ട്, സ്ത്രീക്കുള്ള മുറിവുകളുടെ പകുതി അവനു കൂടി ഏറ്റെടുക്കേണ്ടിവരും. അതു കൊണ്ട്, ആചാരസംരക്ഷകരോട് ‘പോയി വേറെ പണി നോക്ക്’ എന്നു പറയാന്‍ തയ്യാറാകാത്തിടത്തോളം, പറഞ്ഞില്ലെന്നു വേണ്ട, പുലിവാല്‍ പിടിച്ചതു പോലെയാകും. വിട്ടിട്ടു രക്ഷപ്പെടാന്‍ ഈ ആയുസ്സില്‍ സാധിക്കില്ല.
കൃതി വിജ്ഞാനോത്സവത്തില്‍ ‘മോബോക്രസി’
എന്ന വിഷയത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം