ഇന്ന് മേയ് 29.1917 മെയ് 29 ന് എറണാകുളം ജില്ലയിലെ ചെറായിയിലെ തുണ്ടിപറമ്പ് എന്ന സ്ഥലത്തു വച്ച് സഹോദരനയ്യപ്പന്റെ നേതൃത്വത്തില്‍ നടത്തിയ ‘മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചിട്ട് നൂറ് വർഷങ്ങൾ. സഹോദരൻ അയ്യപ്പന്റെ മിശ്ര ഭോജനത്തെ നമ്മൾ കാണേണ്ടത് ഒരു ഒറ്റപ്പെട്ട സാമൂഹിക പരിഷ്ക്കരണ ശ്രമമായിട്ടല്ല. സാമൂഹിക നവോത്ഥന പ്രസ്ഥാനങ്ങളുടെ ഒരു ചരിത്രപരതയിൽ ധാരാളം സംഭവങ്ങളുടെ തുടർച്ചയായിട്ടാണ് .സുഹൃത്ത് കെ.കെ.അച്യുതൻ മാസ്റ്റർക്കു അറിയാവുന്ന വള്ളോൻ, ചാത്തൻ എന്നീ അധഃകൃതവിദ്യാർത്ഥികളെ മിശ്രഭോജനത്തിൽ പങ്കെടുപ്പിക്കാമെന്നു തീരുമാനിച്ചു, പന്ത്രണ്ടുപേർ ഒപ്പു വെച്ച ഒരു നോട്ടീസ് പ്രസിദ്ധികരിച്ചു. തുടർന്ന്തീ രുമാനിച്ചുറപ്പിച്ച ദിവസം, ഒരു സമ്മേളനം മുൻകൂടി തയ്യാറാക്കിയ ഭക്ഷണം ഈ വിദ്യാർത്ഥികളുടെ കൂടെ ഇരുന്ന് അയ്യപ്പനും സുഹൃത്തുക്കളും കഴിച്ചു. ഇതാണ് മിശ്ര ഭോജനത്തിന്റെ ചരിത്രം.
പന്തിഭോജനത്തെ കുറിച്ചുള്ള ആദ്യ സൂചന, 1830- കളില്‍ അയ്യാ വൈകുണ്ടൻ എന്ന വൈകുണ്ഠസ്വാമിയെ നടത്തിയ സാമൂഹിക ഇടപെടലുകളെ കുറിച്ചുള്ള ചില ആഖ്യാനങ്ങളിലാണ്. ശുചീന്ദ്രം തേരോട്ടത്തില്‍ പങ്കെടുത്ത ചിലരെ ഉൾപ്പെടുത്തി അദ്ദേഹം മിശ്രഭോജനം നടത്തിയിരുന്നതായി ചില വ്യവഹാരങ്ങളിൽ കാണുന്നുണ്ട്. പക്ഷേ ഇതിൽ സവര്‍ണ്ണരാരും പങ്കെടുത്തില്ല. തുടർന്ന് റസിഡന്‍സി സൂപ്രണ്ടായിരുന്ന ഈ അയ്യാ ഗുരുക്കൾ 1875- മുതല്‍ തിരുവനന്തപുരം തൈക്കാട്ടുള്ള തന്റെ ഔദ്യോഗിക വസതിയായ “ഇടപ്പിറവിളാകം” എന്ന വീട്ടിൽ തൈപ്പൂയ സദ്യയ്ക്ക് ബ്രാഹ്മണര്‍ മുതൽ പുലയര്‍ വരെയുള്ള വിവിധ ജാതി സമുദായങ്ങളില്‍ പെട്ടവരെ പങ്കെടുപ്പിച്ചുവെന്നും കേട്ടിട്ടുണ്ട്. 1917ലാണ് ചെറായിയിൽ സഹോദരൻ അയ്യപ്പൻ മിശ്രഭോജനം സംഘടിപ്പിക്കുന്നത്.
1933-ൽ വി ടി ഭട്ടതിരിപ്പാടിന്റ നേതൃത്വത്തിലും പന്തിഭോജനം നടന്നു.
എന്നാൽ എല്ലാ മിശ്രഭോജനത്തിന്റെയും ഒരു പരിമിതി അവിടെ സസ്യാഹാരം മാത്രമേ വിളമ്പിയുള്ളൂ എന്നതാണ്.ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ് ഒരാൾക്ക് നേരെയുള്ള മുൻവിധിയാവുന്ന, തന്റെ ഭക്ഷണ തിരഞ്ഞുടുപ്പു കൊണ്ട് ഒരാളെ അശുദ്ധനായി മാറ്റി നിർത്തുന്ന ഒരു ആചാരത്തോടുള്ള ഒരു വിയോജനമായ ഒരു സമരത്തിന് ആ ഭക്ഷണ ക്രമത്തെ മാറ്റി മറിക്കാൻ കഴിഞ്ഞില്ല എന്നതാണ് ആ പരിമിതി. പക്ഷേ ആ സമരങ്ങളുടെ പരിമിതിക്ക് ചരിത്രപരമായ കാരണങ്ങൾ ഉണ്ട്.
ഇന്ന് നാം എത്തി നിൽക്കുന്നത് ഒരു പ്രത്യേക ചരിത്ര സന്ധിയിലാണ്. ആചാരപരതയാൽ നിയന്ത്രിക്കപ്പെടിരുന്ന ഭക്ഷണത്തിനു മേലുള്ള മുൻവിധികൾ ഭരണകൂട ഇടപെടലുകളായി പുനരാനയിക്കപ്പെടുന്നു. ഒരാളുടെ വ്യക്തിപരമായ ഇച്ഛയുടെ തിരഞ്ഞെടുപ്പായ ഭക്ഷണം ഭരണകൂടങ്ങൾ റെഗുലേറ്റ് ചെയ്യുന്നു.ഇത്തരം ഒരു സന്ദർഭത്തിൽ മിശ്രഭോജന പ്രസ്ഥാനത്തിനു തുടർച്ചയുണ്ടാവേണ്ടത് മാംസാഹാര ശീലത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന നീക്കങ്ങൾക്കെതിരെ പ്രതികരിച്ചു കൊണ്ടാണ്.