മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സാഹിത്യ-സംസ്ക്കാര പഠനകേന്ദ്രമായ സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടർ പ്രൊഫ. വി.സി. ഹാരിസിനെ തൽസ്ഥാനത്തുനിന്നും സർവ്വകലാശാല സിൻഡിക്കേറ്റ് പുറത്താക്കിയതിനെത്തുടർന്ന് ഉയർന്ന വ്യാപകമായ പ്രതിഷേധം കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ അവസ്ഥയെക്കുറിച്ചു ഗൗരവമായ ഒരുപിടി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്.

അക്കാദമിക സ്ഥാപനങ്ങളുടെ ഭരണം എങ്ങനെയാകണം നടത്തേണ്ടതെന്നും, അക്കാദമിക സ്ഥാപനങ്ങളിൽ പ്രവർത്തനസ്വാതന്ത്ര്യം എത്രത്തോളം ഉണ്ടാവണമെന്നും, അദ്ധ്യാപക -അനദ്ധ്യാപക -വിദ്യാർത്ഥി ബന്ധങ്ങൾ എങ്ങനെയായിരിക്കണമെന്നും തുടങ്ങിയുള്ള സുപ്രധാന പ്രശ്നങ്ങൾക്ക് യുക്തിബദ്ധവും, കാമ്പുള്ളതുമായ ഉത്തരങ്ങൾ കണ്ടെത്താൻ ഈ സംഭവം നമ്മെ നിർബന്ധിക്കുന്നു.

vc haris, vc harris, mathew joseph.c, mg university,

ഡോ. യു. ആർ. അനന്തമൂർത്തി മഹാത്മാഗാന്ധി സർവ്വകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നകാലത്തു വിഭാവന ചെയ്യപ്പെട്ട സ്ഥാപനമാണ് സ്കൂൾ ഓഫ് ലെറ്റേഴ്സ്. കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ പ്രവർത്തിച്ചിരുന്ന സാഹിത്യപഠനവകുപ്പുകളിൽനിന്നും തികച്ചും വ്യതിരിക്തമായ രീതിയിലാണ് സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡോ. അനന്തമൂർത്തി വിഭാവനം ചെയ്തതും പടുത്തുയർത്തിയതും. വിവിധ ഭാഷകളിലെ സാഹിത്യ-സംസ്കാര പണ്ഡിതർ ഒരു കൂരയ്ക്കുകീഴിൽ പഠന-ഗവേഷണങ്ങളും, സർഗാത്മക പ്രവർത്തനങ്ങളും നടത്തുന്ന ഈ സ്ഥാപനം തുടങ്ങിയ കാലത്തെന്നതുപോലെ ഇന്നും ഒരു അപൂർവ്വതയാണ്.

പഠന-ഗവേഷണ-സർഗാത്മക പ്രവർത്തങ്ങൾ ഒരേ ആവേഗത്തോടെ നടത്താൻ കഴിവുള്ള ഒരു അദ്ധ്യാപകസംഘത്തെയും ഡോ. അനന്തമൂർത്തി അവിടെ നിയമിച്ചു. ഇങ്ങനെ തികച്ചും വ്യത്യസ്തമായ മാൻഡേറ്റുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിൽ തുടക്കം മുതൽതന്നെ പ്രവർത്തിച്ചുവരുന്ന അദ്ധ്യാപകരിലൊരാള് ഡോ. വി.സി. ഹാരിസ്.

സ്കൂൾ ഓഫ് ലെറ്റേഴ്സിൽ പഠനം പൂർത്തിയാക്കി സാഹിത്യ-കലാ-സാംസ്ക്കാരിക-മാധ്യമ രംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധിപേർ ഇന്ന് കേരളത്തിനകത്തും പുറത്തുമുണ്ട്. അവരെല്ലാം മറ്റ്‌ അദ്ധ്യാപകരോടൊപ്പം ഡോ. വി.സി. ഹാരിസിനോടുള്ള തങ്ങളുടെ കടപ്പാടുകൾ സ്നേഹ-ബഹുമാനങ്ങളോടെ അംഗീകരിക്കുന്നവരാണ്. ഒരു അദ്ധ്യാപകൻ എന്ന നിലയിൽ മാത്രമല്ല നവീനാശയങ്ങൾ പ്രസരിപ്പിച്ച കലാചിന്തകൻ, എഴുത്തുകാരൻ, നടൻ, നാടക-സിനിമാ പ്രവർത്തകൻ, നിരൂപകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ഹാരിസ് സ്കൂൾ ഓഫ് ലെറ്റേഴ്സിലെ മാത്രമല്ല കേരളമാകെയുള്ള സാഹിത്യ-കലാ-സംസ്ക്കാര തല്പരരായ വിദ്യാർത്ഥികളെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരെ സർവ്വകലാശാല സ്വീകരിച്ച നടപടിക്കെതിരെ സമൂഹത്തിന്റെ വിവിധ തലങ്ങളിൽനിന്നും ഉയരുന്ന പ്രതിക്ഷേധം ഇതിനുള്ള പ്രത്യക്ഷമായ തെളിവാണ്.

ഡോ. വി. സി. ഹാരിസിനെ സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റാൻ കാരണമായി പറയുന്ന കാര്യങ്ങൾ എല്ലാംതന്നെ കേവല സാങ്കേതികത്വത്തിന്റെ മാത്രം പിൻബലമുള്ളതും യുക്തിരഹിതവുമാണ്. സിൻഡിക്കേറ്റുപോലെയുള്ള സർവ്വകലാശാലയുടെ ഉയർന്ന നയരൂപീകരണ സമിതികൾ നമ്മുടെ നാട്ടിൽ എത്ര അപക്വമായാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്നുള്ളതിനുദാഹരണമാണ് ഈ സംഭവം.

ഇടതുപക്ഷ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള ഒരു സിൻഡിക്കേറ്റാണ്‌ ഡോ. വി. സി. ഹാരിസിനെ ഡയറക്ടർ പദവിയിൽ നിന്നും മാറ്റാനുള്ള തീരുമാനമെടുത്തത് എന്നുള്ളത് ഈ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഡൽഹിയിൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ കേവല സാങ്കേതികത്വമുപയോഗിച്ചു ഹിന്ദുത്വ ശക്തികൾ നടത്തുന്ന അക്കാദമീകവിരുദ്ധ പ്രവർത്തങ്ങൾക്കെതിരെ പടനയിക്കുന്ന ഇടതുപക്ഷം ഇവിടെ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ അതേ സാങ്കേതികത്വമുപയോഗിച്ചു അക്കാദമികവിരുദ്ധ തീരുമാനങ്ങൾ എടുക്കുന്നത് നീതീകരിക്കാനാവുകയില്ല.

vc haris, vc harris, mg university, mathew joseph.c.

മാർക്സ് ഇൻ സോഹോ എന്ന നാടകത്തിൽ ഡോ. വി. സി. ഹാരിസ്

സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ഡയറക്ടർ പദവിയിൽനിന്നും ഡോ. വി. സി. ഹാരിസിനെ ഒഴിവാക്കാൻ സർവ്വകലാശാല സിൻഡിക്കേറ്റ് എടുത്ത തീരുമാനത്തിനെതിരെ സമൂഹത്തിന്റെ വിവിധതലങ്ങളിൽ നിന്നുമുയർന്ന പ്രതിഷേധം കണക്കിലെടുത്ത് ആ തീരുമാനം റദ്ദാക്കാനുള്ള വിവേകം പ്രകടിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. അല്ലാത്തപക്ഷം വിദ്യാഭ്യാസ മന്ത്രിയും സർക്കാരും ഇടപെട്ട് യുക്തിരഹിതവും, അക്കാദമികവിരുദ്ധവുമായ ആ തീരുമാനം തിരുത്തണം. അങ്ങനെ ചെയ്യാത്തപക്ഷം ഉന്നതവിദ്യാഭ്യാസമേഖലയിൽ ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന നിലപാടുകളുടെ ആത്മാർഥത നിരന്തരമായി സംശയിക്കപ്പെടും.

 

ലേഖകൻ ന്യൂദൽഹി ജാമിയാ മില്ലിയ ഇസ്‌ലാമിയ സർവ്വകലാശാലയിലെ അക്കാദമി ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ അസ്സോസിയേറ്റ് പ്രൊഫസറാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook