scorecardresearch

ഇനിയും ‘ഫ്രീ’ ആയിട്ടില്ലാത്ത അതേ ദിവസങ്ങൾ

“ആർത്തവദിനങ്ങളെ കുറിച്ച് വി എം ഗിരിജയും സുവർണയും എഴുതിയ ലേഖനങ്ങളോടുളള പ്രതികരണം. അച്ചടക്കത്തിനും പൂത്തുലയലിനും അപ്പുറമാണ് ആ ദിവസങ്ങളുടെ യാഥാർത്ഥ്യം.”

stalina vm girija, vishnu ram

തിരക്കുകൾക്കിടയിൽ കൃത്യമായെത്തുന്ന വേദനയുടെ ചക്രത്തിലമർന്നു ഞെരിയുന്ന നേരത്താണ് ഞാൻ ആർത്തവാനുഭവങ്ങളുടെ പൂത്ത് മറിയുന്ന,സുവർണയുടെ  എഴുത്ത്  വായിച്ചത്. കടുത്ത വേദനയും വായിലെ കയ്പ്പുനീരും കാരണമാകണം ആദ്യം നല്ല ദേഷ്യം വന്നത് . എന്നാൽ അതിലെ താൻപോരിമയും ഭാഷയുടെ സൗന്ദര്യവും ആസ്വദിക്കുകയും  ചെയ്‌തു. അതിനു മുൻപ് പ്രസിദ്ധീകരിച്ച  വി. എം. ഗിരിജിയുടെ ലേഖനവും വായിച്ചിരുന്നു. ചില അഭിപ്രായങ്ങൾ മനസ്സിൽ വന്നെങ്കിലും എഴുതണമെന്നു കരുതിയില്ല. പക്ഷേ ആഴ്ചകൾക്കു ശേഷം എഴുതിയ കവിതയിലെ വരികളായി അവ പുറത്ത് വന്നു. അപ്പോഴാണ് വീണ്ടും ആ എഴുത്തുകൾ വായിക്കുന്നതും വിശദമായെഴുതിയാലോ എന്നു തോന്നുന്നതും.

ആർത്തവത്തെക്കുറിച്ചെഴുതുമ്പോൾ പരമ വിവശവും വിശ്രമമാവശ്യപ്പെടുന്നതുമായ സമയമെന്നോ അതല്ലെങ്കിൽ പ്രണയവും കാമവും കലർന്നൊഴുകുന്ന ശീതോഷ്ണപ്രവാഹങ്ങളുറവ പൊട്ടുന്ന സമയമെന്നോ പലതരം അനുഭവങ്ങളും വ്യാഖ്യാനങ്ങളും സാദ്ധ്യമാകുന്നു. സ്‌ത്രീകളുടെ യോനികൾ വ്യത്യസ്ത തരത്തിലാണെന്നതുപോലെ ആർത്തവാനുഭവങ്ങളും വിവിധ തരത്തിലാണ്. The Great Wall of Vagina :Changing Female Body Image Through Art . (Artist : Jamey McCartney)​ എന്ന ആർട്ട് വർക്ക്    ഇവിടെ ഓർമ്മിക്കാവുന്നതാണ്.
ശരീരാനുഭവങ്ങളെ ഭാഷയിൽ പകർത്തുമ്പോൾ പലപ്പോഴും കാല്പനികതയുടെ കടുത്ത ചായങ്ങൾ കൂടുതലായി ഉപയോഗിയ്ക്കപ്പെടാറുണ്ട്. നേരിട്ടനുഭവമില്ലാത്ത വായനക്കാർക്ക് അവരുടെ മുൻവിധികളെ ബലപ്പെടുത്താനും പാതിയറിവുകളെ സൃഷ്ടിയ്ക്കാനുമാണ് അത്തരം എഴുത്തുകൾ സഹായിക്കുക. ആസ്വാദ്യകരമായ അനുഭൂതിതലങ്ങളിലേയ്ക്ക് വഴി തെളിച്ചേക്കാമെങ്കിലും പാതിയറിവുകളും അബദ്ധ ധാരണകളും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ബാക്കിയാകുകയും ചെയ്യും. ആർത്തവത്തെക്കുറിച്ചുള്ള മുന്നെഴുത്തുകളിൽ ഇത്തരം സാദ്ധ്യതകൾ (ബാദ്ധ്യതകൾ ) നിലനിൽക്കുന്നു.

stalina, menstruation, vm girija

ആർത്തവമുള്ള സ്‌ത്രീകളെ ഇങ്ങനെയുമാകാം ആർത്തവ ജീവിതം എന്ന് ഒരു പരസ്യ ചിത്രം പോലെ കൊതിപ്പിക്കുന്നുണ്ട് രണ്ടാമത്തെ അനുഭവമെഴുത്ത് .ആർത്തവാനുഭവമില്ലാത്ത പുരുഷന്മാർക്ക് അവരുടെ ആൺനോട്ടങ്ങളെ, ഭാവനകളെ തൃപ്തിപ്പെടുത്തുന്നതുമാണത്. എഴുത്തിലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻറെ സൗന്ദര്യം മറന്നുകൊണ്ടല്ല ഈ അഭിപ്രായം എഴുതുന്നതെന്നു കൂട്ടിച്ചേർക്കുന്നു. അതേ സമയം സ്‌ത്രീയുടെ വിവശത,വിശ്രമിയ്ക്കൂ എന്നൊക്കെ മാത്രമെഴുതുന്നതിനോടും വിയോജിപ്പുണ്ട്.

അവ വായിച്ചപ്പോൾ ഞാനോർത്തത് ഒരു പ്രശസ്ത സ്വകാര്യ സ്കൂളിൽ ജോലി ചെയ്തിരുന്ന കാലമാണ്. ‘ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി’ ആറുമീറ്ററിലാണെന്നും അതു കാത്തുസൂക്ഷിക്കേണ്ട അതിമഹനീയ ഉത്തരവാദിത്തം എന്തുകൊണ്ടോ അദ്ധ്യാപികമാർക്ക് കൂടുതലാണെന്നുമുള്ള അലിഖിതനിയമം അവിടെയുണ്ടായിരുന്നു. മഴക്കാലം കൂടിയാകുമ്പോൾ അതിരാവിലെയുള്ള ആ യാത്രകൾ ഓർമ്മയിലേക്ക് ഒട്ടും സന്തോഷം കൊണ്ടുവരുന്നവയാകുന്നില്ല . അദ്ധ്യാപനം ഏറ്റവും ഇഷ്ടമുള്ള അനുഭവമാണെങ്കിലും ജോലിഭാരം നന്നായുണ്ടായിരുന്നു.തിരക്കിട്ട് ചെറിയ ക്ലാസ്സുകളിൽ നിന്നും വലിയ ക്ളാസുകളിലേക്കും തിരിച്ചും പിരിയഡുകളൊന്നൊന്നായി കയറിയുമിറങ്ങിയും തളരുമ്പോഴായിരിക്കും സാക്ഷാൽ ‘പീരീഡ് ‘ ‘അതുക്കും മേലെ’യായി അവതരിക്കുക. ഉള്ളറയിലെ അടരുകളൊരോന്നായി ചീന്തിയെറിഞ്ഞ് പെൺ ചെന്നായ്ക്കളുടെ മുരളിച്ചകൾ. നട്ടെല്ലും മാംസവും തമ്മിലുള്ള തുന്നലുകളെല്ലാം വലിഞ്ഞു മുറുകുന്നപോലെ. തലവേദനിച്ചു വിങ്ങി ഉമിനീരിൽ പനി ചുവയ്ക്കുന്ന ദിവസങ്ങൾ.

ഒരിക്കൽ ഒരു മൂന്നാം ക്ലാസിൽ പൊതുവിജ്ഞാനമങ്ങനെ ‘പകർന്നു’ കൊടുത്ത് അടുത്ത ക്ലാസ്സ് കുറച്ച് ദൂരം നടന്ന് പടികയറി രണ്ട് നില മുകളിലെ പത്തിലാണെന്നോർക്കുമ്പോഴേയ്ക്കും പൊടുന്നനെയുള്ള വേദനയുടെ പിടിയിൽപ്പെട്ടു കണ്ണ് ചുവന്ന് ചുവരിൽ താങ്ങി നിവർന്ന് നിൽക്കാൻ ശ്രമിയ്ക്കുമ്പോൾ മിസ്സിനിതെന്തുപറ്റിയെന്നോർത്ത് കുസൃതി നിർത്തി വെച്ച് പനിയാണോ എന്നന്വേഷിച്ച കുഞ്ഞിനെ ഓർക്കുന്നു . വേദനയുടെ നരകക്കടലുകൾ നീന്തിക്കയറുന്ന സമയങ്ങളിലും ജോലിയിൽ ശ്രദ്ധ കുറഞ്ഞിട്ടില്ല എന്നും.

എത്രയോ സ്ത്രീകളുടെ പലതരത്തിലുള്ള അനുഭവങ്ങൾ ഒരു വേദനയിൽ നിന്നും അടുത്ത വേദനയിലേക്ക് ചിതറിക്കിടക്കുന്നു. അതുകൊണ്ട് ഇങ്ങനെയൊക്കെ മാത്രമാണോ എന്നാണ് ചോദ്യം .ഇങ്ങനെ തന്നെയാണോ വേണ്ടത് എന്നും.

പലതരം പെണ്ണനുഭവങ്ങൾ; ചോദ്യങ്ങളും

(1) ആ ദിവസവും ഈ ദിവസവും മറ്റേതു ദിവസവും രാവിലെ മുതൽ ഇരുട്ടുന്നതുവരെ എട്ടുമണിക്കൂറല്ല അതിലധികവും അദ്ധ്വാനിക്കേണ്ടി വരുന്ന, തൊഴിലിടങ്ങളിൽ മൂത്രപ്പുരകൾ പോയിട്ട് സ്വസ്‌ഥമായിട്ടൊന്നിരിക്കാൻ സൗകര്യമില്ലാത്ത സ്ത്രീകളുടെ ആർത്തവാനുഭവങ്ങൾ എന്താണ് ?

(2) ജോലിസ്‌ഥലത്തെ ഉത്തരവാദിത്തങ്ങൾ തീർത്ത് വൈകിട്ട് വീട്ടിലെയും ജോലികൾ ചെയ്ത് ‘ഗൃഹലക്ഷ്മി ‘മാരാകുന്ന മധ്യ വർഗ സ്‌ത്രീ ജീവികൾക്ക് ആർത്തവം സൗഖ്യമാണോ?

(3) വിദ്യാഭ്യാസരംഗം ഹൈടെക്ക് നിലയിൽ പുരോഗമിക്കുമെന്ന വാർത്തകൾക്കിടയിൽപ്പോലും ശുചിയായ ടോയ്‌ലറ്റ് സൗകര്യങ്ങളില്ലാത്തതിനാൽ നേരം വെളുത്തപ്പോൾത്തന്നെ കെട്ടിയ ഉൾവസ്ത്രങ്ങൾ യൂണിഫോം ഷർട്ട് ,കോട്ട്, പാന്റ്‌സ് തുടങ്ങിയ വേഷമെല്ലാം കടന്നു എങ്ങാനും പുറത്തേയ്ക്ക് പടരാവുന്ന ചോരപ്പാടിനെ ഭയന്ന് വൈകുന്നേരമെത്തിക്കുന്ന പെൺകുട്ടികൾക്ക് എന്താണ് പറയാനുള്ളത്?

(4) വീട്ടിൽ സമാധാനമായി ടോയ്‌ലറ്റിൽ പോകാനോ സൗകര്യമായി വസ്‌ത്രം മാറി സ്വതന്ത്രമായിരിക്കാൻ സ്‌ഥലമില്ലാത്തവരോ?

(5) മനസ്സ് കുട്ടിത്തം വിടാൻ മടിയ്ക്കുമ്പോഴും ശരീരം ജൈവികമായി മുന്നോട്ട് പോകുകയും എന്നാൽ സ്വന്തം ശരീരത്തിനെന്തു മാറ്റം സംഭവിയ്ക്കുന്നുവെന്നതിനെക്കുറിച്ച് ഒരറിവും ലഭിയ്ക്കുകയും ചെയ്യാത്ത കുട്ടികൾ?

Read More: ഞാന്‍ പൂത്തുമറിയുന്ന അഞ്ചു ചോപ്പു ദിവസങ്ങള്‍

(6) രഹസ്യക്കച്ചവടക്കാരും, സ്വാതന്ത്ര്യക്കച്ചവടക്കാരും എല്ലാരും കൂടി ‘ഫ്രീ ‘ആക്കാൻ മത്സരിച്ചിട്ടും നല്ലൊരു കഷ്ണം കോട്ടൺ തുണി പോലും വിലകൂടിയ വസ്തുവാകുന്ന അവസ്‌ഥയിൽ; ചാമ്പലും ചാണക വറളിയും മാത്രം കൈമുതലായുള്ളോരോ? പഠിക്കാനാഗ്രഹമുണ്ടായിട്ടും പ്രായപൂർത്തിയാകുന്നതോടുകൂടി സ്കൂൾ എന്ന സ്വപ്നം ഉപേക്ഷിക്കേണ്ടി വരുന്ന പെൺകുട്ടികൾക്ക് ആർത്തവം എന്താണ് ?

(7). ആർത്തവ രക്തം ഒപ്പിയെടുക്കുന്ന, പല രൂപത്തിൽ, വലിപ്പത്തിൽ, സുഗന്ധം പുരട്ടിയെത്തുന്ന; ബാക്ടീരിയകളെ തുരത്തുമെന്ന് വരെ പറയുന്ന സാനിറ്ററി പാഡുകൾ മുതൽ രക്തം ശേഖരിക്കാനുള്ള മെൻസ്‌ട്രൽ കപ്പുകൾ വരെയുണ്ട് മാർക്കറ്റിൽ. ഇതൊന്നുമല്ല സ്വാഭാവികമായ ഈ ശരീരദ്രവം സ്വതന്ത്രമായിത്തന്നെ ഒഴുകട്ടെ എന്ന ആശയവും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് .  ജെൻ ലൂയിസിന്റെ ബ്യൂട്ടി ഇൻ ബ്ലഡ് എന്ന ആർട്ട് പ്രൊജക്റ്റ്  (Beauty in Blood, Artist : Jen Lewis) എന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടാം.

menstruation, stalina, v m girija, vishnuram
ഒരേ സമയം ‘കറ’യെക്കുറിച്ച് പേടിപ്പിച്ചും പിന്നെ സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തും സ്‌ത്രീയുടെ വേദനയും അതേക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അറിവില്ലായ്‍മയും അവജ്ഞയും കച്ചവടം ചെയ്ത് വിപണി പിടിച്ചടക്കുന്നതിൽ മത്സരിയ്ക്കുകയാണ് കുത്തകകൾ . പഠന റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യൻ സ്‌ത്രീകളിൽ വെറും 12% മാത്രമാണ് സാനിട്ടറി നാപ്കിനുകൾ ഉപയോഗിയ്ക്കുന്നത്. കണക്കുകൾ പ്രകാരം ഇന്ത്യൻ സാനിട്ടറി നാപ്കിൻ വ്യവസായം 2017 ൽ 45.9 ബില്യൺ വളർച്ച പ്രതീക്ഷിയ്ക്കുന്നു. എന്നാൽ ഇന്ത്യയിലെ 70 % സ്‌ത്രീകൾക്കും സാനിട്ടറി നാപ്കിൻ ഉപയോഗിയ്ക്കാൻ തക്ക സാമ്പത്തിക ശേഷിയില്ല എന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. കൂടുതൽ സ്വാതന്ത്ര്യവും സൗഖ്യവും വാഗ്‌ദാനം ചെയ്ത് ഉപരിവർഗ കാല്പനികതയെ താലോലിയ്ക്കുന്ന നാപ്കിൻ വ്യവസായം യഥാർത്ഥത്തിൽ ലക്ഷ്യം വെയ്ക്കുന്നത് കൂടുതൽ ലാഭം മാത്രമാണ് . ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ‘മെൻസ്‌ട്രൽ മാൻ’ എന്ന് പ്രശസ്തനായ അരുണാചലം മുരുഗാനന്ദം എന്ന സാധാരണക്കാരനായ മനുഷ്യന്റെ ചെലവ് കുറഞ്ഞ നാപ്കിൻ പരീക്ഷണങ്ങളും നാപ്കിൻ വെൻഡിങ് മെഷീനുകളും പ്രസക്തമാകുന്നത്. സ്വന്തം ശരീരത്തിൽ ആട്ടിൻരക്തം നിറച്ച തോൽപ്പന്ത് കെട്ടി വെച്ച് ആർത്തവാനുഭവത്തെക്കുറിച്ച് മനസ്സിലാക്കാൻ ശ്രമിച്ച അദ്ദേഹത്തിന് തൻറെ കുടുംബാംഗങ്ങളിൽ നിന്നുപോലുമുണ്ടായ തിക്താനുഭവങ്ങളിൽ നിന്നും ഇന്ത്യൻ സമൂഹത്തിൽ ആർത്തവത്തെക്കുറിച്ച് നിലവിലിരിക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ചും അതിൻറെയുള്ളിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്ന സ്ത്രീവിരുദ്ധസ്വഭാവത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കാനാവും .

പക്ഷേ പാവപ്പെട്ട സ്‌ത്രീകൾക്ക് സഹായകരമാകുന്നതരത്തിലുള്ള ശ്രമങ്ങൾക്ക് അർഹിയ്ക്കുന്ന പ്രാധാന്യം കൊടുക്കുന്നതിലും ഗുണഫലങ്ങൾ എല്ലാവരിലും എത്തിക്കുന്നതിലും നമ്മുടെ സമൂഹമോ മാറി മാറി വരുന്ന സർക്കാരുകളോ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ല എന്നും കാണാം .

സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിനേക്കാൾ സ്ത്രീകൾക്കാവശ്യം നെറ്റിയിലെ സിന്ദൂരമാണെന്നു കരുതുന്നവരുടെ നാട്ടിൽ സാനിട്ടറി പാഡുകൾക്ക് നികുതി ചുമത്തുന്നത് വഴി കൂടുതൽ സ്ത്രീകൾക്ക് അവ അപ്രാപ്യമാകുന്ന സ്‌ഥിതിയാണുണ്ടാവുക. ജനസംഖ്യയിലെ ഒരു വിഭാഗത്തിന് നേരെയുള്ള ഭരണഘടനാ വിരുദ്ധമായ വിവേചനം പോലുമാണ് ഇത്തരം നടപടികളിലൂടെ സംഭവിക്കുന്നത്.

Read More:”ആ ” ദിവസങ്ങളിൽ വിശ്രമിക്കൂ…

സാനിട്ടറി ഉൽപ്പന്നങ്ങളുടെ ഉപയോഗം,  ആരോഗ്യ പ്രശ്നങ്ങൾ,സാമ്പത്തികവശങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉത്തമബോധ്യത്തോടുകൂടി സ്വന്തം ശരീരത്തെക്കുറിച്ചു ശരിയായ തീരുമാനം എടുക്കാനുള്ള സ്‌ത്രീയുടെ അവകാശത്തെ അംഗീകരിക്കുന്നതിൽ ഒരു പരിഷ്‌കൃതസമൂഹമെന്നവകാശപ്പെടുന്ന നാമേറെ മുൻപോട്ടു പോകേണ്ടതുണ്ട്.

(8) ആർത്തവ വേദന (menstrual pain or cramps) ഹൃദയാഘാതത്തിനു സമാനമായ സ്ഥിതിയായി മാറിയേക്കാമെന്നു വിദഗ്ദ്ധാഭിപ്രായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . കൂടുതൽ പഠനങ്ങൾ ആവശ്യപ്പെടുന്ന ഈ മേഖല നേരിടുന്ന അവഗണനയ്ക്ക് കാരണം പരമ്പരാഗതമായി സ്‌ത്രീ രോഗങ്ങളോടും അവരുടെ പ്രശ്നങ്ങളോടും വെച്ചുപുലർത്തുന്ന കുറ്റകരമായ അവഗണന തന്നെയാണ് .

(9) സ്ത്രീകൾക്ക് ആർത്തവ അവധി (menstrual leave ) നിലവിലുള്ള രാജ്യങ്ങളാണ് − ജപ്പാൻ (1947  മുതൽത്തന്നെ), ദക്ഷിണ കൊറിയ, ചൈന, സാംബിയ എന്നിവ. ഇറ്റലിയിൽ ഇത്തരം നിയമത്തെക്കുറിച്ചുള്ള സംവാദങ്ങൾ നടക്കുന്നു. ഇന്ത്യയിലും ഈയിടെ അത്തരം ചർച്ചകളുണ്ടായി. നൈക്കി പോലുള്ള ബഹുരാഷ്ട്രകമ്പനികളും അവരുടെ പെരുമാറ്റച്ചട്ടങ്ങളിൽ ആർത്തവ അവധി അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇതേ അവധി സ്‌ത്രീകൾക്കെതിരായി ഉപയോഗിക്കപ്പെടുമോ എന്ന ആശങ്കകളും നിലനിൽക്കുന്നു.
സ്ത്രീയാണെന്നത് − ആർത്തവമുള്ള, പ്രസവിയ്ക്കാൻ കഴിവുള്ള, മനുഷ്യ ജീവിയാണെന്നത് ഉദ്യോഗ ഉയർച്ചകൾക്കും ഒരു പക്ഷേ ജോലി ലഭിയ്ക്കുന്നതിനു പോലും തടസ്സമായേക്കാവുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ഇന്ത്യയിലാകട്ടെ ജോലി സ്‌ഥലങ്ങളിലുണ്ടാകേണ്ട ഡേ കെയർ, മുലയൂട്ടൽ സൗകര്യം തുടങ്ങിയ കാര്യങ്ങൾ പോലും നടപ്പാക്കപ്പെട്ടിട്ടില്ല . ലോകമെങ്ങും സ്‌ത്രീകൾ ഇത്തരം വെല്ലുവിളികൾ നേരിട്ടുകൊണ്ട് ജീവിക്കുന്നു.

(10) ആർത്തവം എന്ന ശാരീരിക പക്രിയയെ മുൻനിർത്തിയുള്ള ആചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, അശാസ്‌ത്രീയധാരണകൾ എന്നിവ എങ്ങനെ ഇല്ലാതാക്കാം?

ഗർഭാശയത്തിൽ നിന്ന് അൽപ്പം ചോരയും രക്തക്കട്ടകളും മാസത്തിലൊരിക്കൽ പുറത്ത് വരുന്നു എന്നതുകൊണ്ടു മാത്രം പൊതു ഇടങ്ങളിൽ നിന്ന്, എന്തിന് സ്വന്തം വീട്ടിൽപ്പോലും ഇടങ്ങൾ പരിമിതപ്പെടുത്തുന്ന തരത്തിൽ കേരളത്തിൽ അയിത്തം നിലനിൽക്കുന്നുണ്ട്. ഇത്തരത്തിലുള്ള അഭ്യസ്തവിദ്യരുടെ (ശാസ്‌ത്രം പഠിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ പോലും ) കുടുംബങ്ങൾ മാതൃകാ സ്‌ഥാപനങ്ങളാകുന്ന പൊതുബോധമാണ് നമുക്കിടയിൽ ഇപ്പോഴും ശക്തമായിരിക്കുന്നത് .

ശാരീരിക പ്രവർത്തനങ്ങൾ, വളർച്ചയോടനുബന്ധിച്ച് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, ലൈംഗികത, ആരോഗ്യകരമായ സ്‌ത്രീ പുരുഷ ബന്ധങ്ങൾ ,സൗഹൃദങ്ങൾ എന്നീ വിഷയങ്ങളുൾപ്പെടുന്ന ശാസ്‌ത്രീയ വിദ്യാഭ്യാസം യഥാർത്ഥത്തിൽ ഓരോ കുട്ടിയുടെയും അവകാശമാണ്. എന്നാൽ, രഹസ്യാത്മകത, പരിപാവനത എന്നൊക്കെയുള്ള വിഡ്ഢിത്തങ്ങൾ നിലനിർത്തുന്നതിലും പെൺകുട്ടികളിൽ മാത്രം ലൈംഗിക വിദ്യാഭ്യാസമെന്ന പേരിൽ സ്വന്തം ശരീരത്തെക്കുറിച്ചുള്ള കുറ്റബോധവും ഭയവും അടിച്ചേൽപ്പിക്കുന്നതിലുമാണ് നമ്മുടെ ശ്രദ്ധ.രക്ഷാകർതൃത്വ − അധികാര ഭാവങ്ങൾക്കപ്പുറം വളരാത്ത, യഥാർത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ താല്പര്യമില്ലാത്ത; പുരുഷാധിപത്യ മനോഭാവത്തിലധിഷ്‌ഠിതമായ സാമൂഹികാവസ്‌ഥയാണ് ഇവിടെയുള്ളത്.

stalina, menstruation, vm girija

നമ്മുടെ സ്കൂളുകളിൽ,കൂടെപ്പഠിക്കുന്നവരിൽ ഒരാൾക്ക് ആർത്തവം ഉണ്ടാകുമ്പോൾ മറ്റൊരാൾക്ക് (പ്രത്യേകിച്ചും ആൺകുട്ടികൾക്ക് ) അതൊരു സ്വാഭാവിക ശാരീരിക പ്രവർത്തനമായി മനസ്സിലാക്കി പെരുമാറാനുതകുന്ന ശാസ്‌ത്രീയ വിദ്യാഭ്യാസം നൽകാൻ നമുക്ക് സാധിക്കുമോ?

സ്വന്തം ശരീരം വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യത്തോടെയും ആത്മവിശ്വാസത്തോടെയും പൊതുസ്‌ഥലങ്ങളിലോ സ്വകാര്യഇടങ്ങളിലോ പ്രവർത്തിയ്ക്കുകയോ വിശ്രമിക്കുകയോ ചെയ്ത് സ്വതന്ത്രമായി ജീവിക്കാൻ പറ്റുന്ന സാഹചര്യം നിലവിൽ വരുത്താനാകുമോ?

ആ ദിവസങ്ങൾ മാത്രമല്ല എതു ദിവസങ്ങളും സ്വന്തമാക്കുന്ന സ്വതന്ത്രമനുഷ്യജീവികളായി ജീവിക്കാനുള്ള ഇടങ്ങൾ നിർമ്മിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളുടെ തുടർച്ചകളാകട്ടെ ആർത്തവമുള്ള മനുഷ്യരുടെ എഴുത്തുകളും പ്രവൃത്തികളും.

അധ്യാപികയാണ് ലേഖിക

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Menstruation discourses stalina