scorecardresearch
Latest News

ഇടിമിന്നലായി മാറണം ഈ തുറന്നു പറച്ചിലുകൾ

“വധഭീഷണി മുഴക്കിയും പരസ്യമായി അവഹേളിച്ചും ഇമെയിൽ ചോർത്തിയും തുറന്നു പറയുന്നവരെ നിശബ്ദരാക്കാൻ ശ്രമിച്ചവർ ഞാനുൾപ്പടെ കുട്ടിക്കാലത്ത് ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് മുന്നിൽ പൊട്ടി വിടർന്ന പ്രതീക്ഷയുടെ നാമ്പുകളെയാണ് ഒടിച്ചിട്ടത്” അമേരിക്ക മുതൽ കേരളം വരെ വിവിധ ഇടങ്ങളിൽ ലൈംഗീകാതിക്ര മത്തിനെതിരെ ഉയരുന്ന “മീറ്റൂ” ക്യാംപെയിനെ കുറിച്ച് അതീജിവനത്തിന്റെ ഒരു അടയാളപ്പെടുത്തൽ

metoo,nafeesa ismail,time is up

ഒടുവിൽ അതു സംഭവിച്ചിരിക്കുന്നു, സമാധാനത്തിന്റെയും സദാചാരത്തിന്റെയും ‘വല്ല്യേട്ടന്റെ’ സുപ്രിംകോടതിയിലേയ്ക്ക് വലതുകൈ നെഞ്ചിൽ വെച്ച് ബ്രെറ്റ് കാവനയ്ക്ക് ജഡ്ജിവേഷമണിഞ്ഞ് കയറാമെന്നായിരിക്കുന്നു. ആഴ്ചകൾ നീണ്ട വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ അമേരിക്കയുടെ ഒൻപത് അംഗ സുപ്രീം കോടതി ജഡ്‌ജിമാരുടെ പാനലിലേയ്ക്ക് ബ്രെറ്റ് കാവനയ്ക്ക് രാജ്യത്തിന്റെ സെനറ്റ് വാതിൽ തുറന്നു കൊടുത്തത് സമൂഹത്തെ കുറിച്ചുള്ള പ്രതീക്ഷകളെയും നിയമത്തിലും നീതിയിലുമുള്ള നമ്മുടെ വിശ്വാസങ്ങളെയും ആഴത്തിൽ മുറിവേൽപ്പിച്ചുകൊണ്ടാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ പ്രൊഫസറായ ഡോ. ക്രിസ്റ്റീൻ ബ്ലേസി ഫോർഡും മറ്റു രണ്ടു സ്ത്രീകളും കാവനക്കെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ചു. ഇതേ തുടർന്ന് കാവനയെ പരമോന്നത കോടതിയിലേയ്ക്ക് നാമനിർദ്ദേശം ചെയ്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം ശക്തമായ എതിർപ്പിന് വിധേയമായി.

വിവാദങ്ങൾക്കിടെ, “എന്തുകൊണ്ട് ഡോ. ഫോർഡ് മുപ്പത്തിയാറ് വർഷങ്ങൾക്ക് മുൻപ് തന്റെ കൗമാര കാലത്ത് നേരിട്ട പീഡനത്തെ കുറിച്ച് അന്ന് മൗനം പാലിച്ചു” എന്ന പ്രസിഡന്റ് ട്രംപ് മിസ്സിസ്സിപ്പിയിലെ ഒരു പൊതുറാലിയിൽ പരിഹസിച്ചു. ഇത് സ്ത്രീകൾക്കെതിരായ അതിക്ര മകാരികൾക്കും അവരെ ന്യായീകരിക്കുന്നവർക്കും ആഗോളതലത്തിൽ ഒരേ ഭാഷയും മനഃസ്ഥിതിയുമാണെന്ന് ഒരിക്കൽകൂടി ലോകത്തെ ഓർമ്മപ്പെടുത്തി. ‘ഇത്ര ദിവസത്തെ പീഡനം നടന്നിട്ടും ആ പെൺകുട്ടിയെന്തേ ഓടി രക്ഷപ്പെടാൻ ശ്രമിച്ചില്ല” എന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ നടന്ന അതി നീചമായ ഒരു കൂട്ടബലാൽസംഗക്കേസ് വിചാരണയിൽ കേരളത്തിലെ ബഹുമാന്യനായ ഒരു ജഡ്ജ‌ി ചോദിച്ചത് മറക്കാറായിട്ടില്ലല്ലോ

ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് മൂന്നിലൊന്ന് സ്ത്രീകൾ ശാരീരികമായോ ലൈംഗികമായോ അതിക്രമങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ വർഷം നവംബറിൽ പുറത്തുവിട്ട രേഖകൾ വ്യക്തമാക്കുന്നത്. പതിനഞ്ചിനും പത്തൊൻപത്തിനുമിടയിൽ പ്രായമുള്ള ഒന്നരക്കോടി പെൺകുട്ടികൾ ലൈംഗികാതിക്രമത്തിന് ഇരയാകുന്നുണ്ടെങ്കിലും ഒരു ശതമാനം മാത്രമാണ് അതിജീവനത്തിനായി വിദഗ്‌ധരുടെ സഹായം തേടുന്നത് എന്നാണ് യൂനിസെഫിന്റെ രേഖകൾവ്യക്തമാക്കുന്നത്.

metoo, time is up, nafeesa ismail
പദ്‌മ ലക്ഷ്‌മി

ബഹുഭൂരിപക്ഷം പേരും തങ്ങളുടെ അനുഭവങ്ങൾ തുറന്നു പറയാതെ നിശ്ശബ്ദരാകുന്നതിന് നിരവധി കാരണങ്ങളാണുള്ളത്. ട്രംപിന്റെ ചോദ്യത്തിനുള്ള പ്രതികരണമായി അമേരിക്കൻ മോഡലും എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായ പദ്‌മ ലക്ഷ്‌മി പതിനാറാം വയസ്സിൽ ബലാത്സംഗത്തിനിരയായപ്പോൾ എന്തുകൊണ്ടാണ് താൻ മാതാവിനെയോ പൊലീസിനെയോ അറിയിക്കാതിരുന്നതെന്ന് ‘ദി ന്യൂയോർക് ടൈംസ്’ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ വിശദമാക്കിയിരുന്നു. ഏഴാം വയസ്സിൽ ബന്ധുവിൽ നിന്നും നേരിട്ട ലൈംഗിക അതിക്രമം തുറന്ന് പറഞ്ഞത് തന്നെ നാടുകടത്തിയ സാഹചര്യത്തിലെത്തിച്ചതുൾപ്പെടെയുള്ള അനുഭവ പാഠങ്ങളാണ് അവരെ നിശ്ശബ്ദരാക്കിയത്.

“ഞാൻ എന്തുകൊണ്ട് തുറന്നു പറഞ്ഞില്ല “എന്ന ഹാഷ്ടാഗിൽ പിറ്റ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ സർവകലാശാലയിലെ ചുമരിൽ പതിച്ച കുറിപ്പുകളിൽ തങ്ങൾ ലൈംഗിക അതിക്രമങ്ങൾ നേരിട്ടപ്പോൾ മൗനം പാലിച്ചതിന്റെ കാരണങ്ങൾ വെളിപ്പെടുത്തുന്നുണ്ട്. കുട്ടിക്കാലത്ത് അനുഭവിച്ചത് ലൈംഗിക അതിക്രമമായിരുന്നുവെന്നു തിരിച്ചറിയാത്തതും, ഉറ്റബന്ധുക്കളും സമൂഹത്തിൽ സൗമ്യരും മാന്യരുമായ ആളുകളിൽ നിന്നുണ്ടായ ദുരനുഭവം മാതാപിതാക്കൾ അവിശ്വസിക്കുകയോ തങ്ങളുടെ വസ്ത്രധാരണത്തെയും ജീവിതശൈലിയെയും കുറ്റപ്പെടുത്തുകയോ ചെയ്യുമെന്ന് ഭയന്നതും, പീഡിപ്പിച്ചയാൾ ബന്ധുവോ സമൂഹത്തിലെ പ്രമുഖരോ ആണെന്നതും അവരെ കാര്യങ്ങൾ പുറത്തു പറയുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു.

പാപക്കറ പേറുന്നയാൾ രാജ്യത്തെ നിർണായകമായ വിഷയങ്ങളിൽ നിയമനിർമാണം നടത്തുന്ന പദവിയിൽ നിയമിക്കപെടുന്നത് കടുത്ത നീതി നിഷേധമാണെന്ന തിരിച്ചറിവിൽ തനിക്കുണ്ടായേക്കാവുന്ന നഷ്ടങ്ങളെ അവഗണിച്ച് ഡോ.ഫോർഡ്, ട്രംപിന്റെ നോമിനിയുടെ ലൈംഗി ക അതിക്രമം വെളിപ്പെടുത്താൻ തയ്യാറായി. പതിനേഴ് പുരുഷ ന്മാരും നാല് സ്ത്രീകളുമടങ്ങുന്ന പ്രത്യേക സെനറ്റ് കമ്മിറ്റിക്ക് മുമ്പിലെ പരസ്യ വിചാരണയും ഇരയേയും കുറ്റാരോപിതനെയും ചോദ്യം ചെയ്യാതെ തിടുക്കത്തിൽ അവസാനിപ്പിച്ച എഫ് ബി ഐ അന്വേഷണവും കഴിഞ്ഞ് കാവനയെ നീതിപീഠത്തിലേയ്ക്ക് അയക്കുക വഴി ഇരകൾ നിശബ്ദരായി തന്നെ തുടരണമെന്ന് പുരുഷ കേന്ദ്രീകൃതമായ അധികാരവ്യവസ്ഥ ഒന്നുകൂടി ഊന്നിപ്പറഞ്ഞിരിക്കുന്നു.metoo,nafeesa ismail

ഡോ. ഫോർഡിനെ പോലെ മനോവേദനയും ശാരീരിക പ്രയാസങ്ങളും സാമൂഹിക ഒറ്റപ്പെടലുകളും വർഷങ്ങളായി അനുഭവിക്കുന്ന അനേകം ലൈംഗിക അതിക്രമങ്ങളുടെ ഇരകൾക്ക് മീറ്റൂ (MeToo) ക്യാമ്പയിൻ പ്രതീക്ഷയും ആത്മവിശ്വാസവും നൽകിയിട്ടുണ്ട്. 2017 നവംബറിൽ ശക്തിയാർജിച്ചതു മുതൽ നിരവധി രാഷ്ട്രീയ, സാമൂഹിക, വ്യവസായ, തൊഴിൽ മേഖലകളിലെ പ്രമുഖരെ നീതിക്ക് മുമ്പിൽ കൊണ്ടുവരാൻ ലോകത്തിന്റെ വിവിധ കോണുകളിലേയ്ക്ക് വേഗത്തിൽ വ്യാപിച്ചു കൊണ്ടിരി ക്കുന്ന ഈ സാമൂഹിക വിപ്ലവത്തിനു സാധിച്ചിട്ടുണ്ട്. ലൈംഗിക അതിക്ര മങ്ങൾ ആശങ്കയുണർത്തുന്ന രീതിയിൽ വർധിച്ചുവരുന്ന ഇന്ത്യയിലും ‘മീറ്റൂ’തരംഗങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതേ സമയം, മൗനം വെടിയുന്ന, തുറന്നു പറയാൻ ധൈര്യപ്പെടുന്ന പോരാളികളെ നിശ്ശബ്ദരാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങൾ മറുവശത്ത് ശക്തിപ്രാപിക്കുന്നുമുണ്ട്.

2008ൽ ബോളിവുഡിൽ ‘ഹോൺ ഓക്കേ പ്ലീസ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ നാനാ പടേക്കർ തന്നെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന് ബോളിവുഡ് നടി തനുശ്രീ ദത്ത ഈയടുത്ത് വെളിപ്പെടുത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ നടിക്ക് പിന്തുണയുമായി എത്തിയെങ്കിലും, സിനിമയുടെ സംവിധായകൻ രാകേഷ് സാരംഗ്, പ്രശസ്ത സംവിധായക ഫറാഹ് ഖാൻ, നടി രാഖി സാവന്ത് എന്നിവരുൾപ്പെടുന്ന ഒരു വിഭാഗം സഹപ്രവർത്തകർ തനുശ്രീയെ ഒറ്റപ്പെടുത്താനും അവരുടെ ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്ന് വരുത്തിതീർക്കാനും ശ്രമിക്കുന്നതാണ് പിന്നീട് നാം കാണുന്നത്. അതേ സമയം, അമിതാഭ് ബച്ചനേയും സൽമാൻ ഖാനേയും പോലുള്ള സിനിമ മേഖലയിൽ സ്വാധീനവും മേൽക്കോയ്മയു മുള്ളവർ വിഷയത്തിൽ പ്രതികരിക്കാതെ തന്ത്രപരമായി ഒഴിഞ്ഞുമാറി. കേരളത്തിലെ അനുഭവങ്ങളും വ്യത്യസ്‌തമായിരുന്നില്ല. പീഡനക്കേസിൽ ആരോപിതനായ നടനുവേണ്ടി കൈയടിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന കുക്കു പരമേശ്വരനും മോഹൻലാലും ഗണേഷുമെല്ലാം വെള്ളിത്തിരക്ക് പുറത്ത് തങ്ങൾ എന്താണെന്ന് സ്വയം വെളിപ്പെടുത്തുന്നുണ്ട്.

മലയാളത്തിലെ നടൻ ദിലീപ് പ്രതിയാക്കപ്പെട്ടപ്പോൾ അക്രമത്തിന് ഇരയായ നടിക്കെതിരെ രംഗത്തെത്തിയ ആദ്യ ജനപ്രതിനിധിയായിരുന്നു പി സി ജോർജ്. നടിക്കെതിരെ നടത്തിയ അധിക്ഷേപത്തിന് ശേഷം ജോർജ് നിയമത്തിന് മുകളിലൂടെ നടന്നു. ജലന്ധർ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ ആരോപണമുന്നയിച്ച കന്യാസ്ത്രീയെ ഒറ്റപ്പെടുത്താൻ സഭയും പുരോഹിതന്മാരും ശ്രമിച്ചപ്പോൾ, നിയമസഭ അംഗം കൂടിയായ പി.സി.ജോർജ് എം.എൽ.എ ഇരയെ പരസ്യമായി അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തു. ഇത്രയും കാലം എന്തുകൊണ്ട് കന്യാസ്ത്രീ മൗനം പാലിച്ചതെന്ന ജനപ്രതിനിധിയായ ജോർജിന്റെ ചോദ്യം ട്രംപിന്റെ ചോദ്യം പോലെ തന്നെയാണ്. ജോർജായാലും ട്രംപായാലും സ്ത്രീക്കെതിരായ ആൺ ലോകഭാഷയാണ് അത്.metoo.nafeesa ismail

വിമതശബ്ദങ്ങളെയും അടിച്ചമർത്തുന്ന ഭരണകൂടത്തിന്റെ താൽപര്യ ങ്ങൾക്കനുസൃതമായി വാർത്തകൾ സൃഷ്ടിക്കാനും വളച്ചൊടിക്കാനും പ്രാപ്‌തിയുള്ള മാധ്യമ മുതലാളികളെയും പത്രാധിപന്മാരെയും ആവശ്യ ത്തിന് ലഭിക്കുന്ന ഈ കാലത്ത് ഇരകൾ നിർഭയരായിരിക്കുമെന്ന് ആഗ്രഹി ക്കുന്നത് അതിമോഹമാകുമെങ്കിലും ‘മീറ്റൂ’ വിപ്ലവം ഇന്ത്യയിലെ പത്രപ്രവർ ത്തന മേഖലയിൽ ചലനങ്ങൾ സൃഷ്‌ടിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് കഴി ഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.

കൊമേഡിയൻ ഉത്സവ് ചക്രബർത്തിയുടെ നേരെ ഉയർന്ന ലൈംഗിക ആരോപണങ്ങളാണ് പിന്നീട് ഹഫിംങ്‌ടൺ പോസ്റ്റ്, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, തുടങ്ങി മാധ്യമങ്ങളിലെ മുതിർന്ന പത്രപ്രവർത്ത കരെ പ്രതി സ്ഥാനത്തുനിർത്തിയുള്ള തുറന്നു പറിച്ചിലുകൾക്ക് ട്വിറ്ററിൽ തിരി കൊളുത്തിയത്. മുൻ തെഹെൽക എഡിറ്റർ തരുൺ തേജ്‌പാലി ന്റേതുൾപ്പടെ ചുരുക്കം ചില ലൈംഗീക അതിക്രമ സംഭവങ്ങൾ പുറം ലോകത്തെത്തിയിട്ടുണ്ടെങ്കിലും മാധ്യമ രംഗത്ത് ഈ പ്രവണത വളരെ സജീവമാണെന്നത് പരസ്യമായ രഹസ്യമാണ്.

വധഭീഷണി മുഴക്കിയും പരസ്യമായി അവഹേളിച്ചും ഇമെയിൽ ചോർത്തിയും ഡോ.ഫോർഡിനെ നിശബ്ദരാക്കാൻ ശ്രമിച്ചവർ ഞാനുൾപ്പടെ കുട്ടിക്കാലത്ത് ലൈംഗികാതിക്രമങ്ങൾക്ക് ഇരയായവർക്ക് മുന്നിൽ പൊട്ടി വിടർന്ന പ്രതീക്ഷയുടെ പുതിയ നാമ്പുകളെയാണ് ഒടിച്ചിട്ടത്. സ്കൂളിലേയ്ക്കുള്ള വഴികളിലോ, ബസ്സിലോ, ട്രെയിനിലോ, വീട്ടിലെത്തുന്ന അതിഥിയുടെ മടിയിലോ ലൈംഗിക ആക്രമങ്ങൾ നേരിടാത്തവർ നമുക്കിടയിൽ വളരെ വിരളമായിരിക്കും. അടുത്ത ബന്ധുക്കളിൽ നിന്നോ അയൽവാസികളിൽ നിന്നോ പരിചയക്കാരിൽ നിന്നോ ഇത്തരം ആക്രമത്തിനിരയാവുന്നവരും വളരെ കൂടുതലാണ്, പ്രത്യേകിച്ച് ഇന്ത്യയിൽ.

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ബലാത്സംഗ കേസുകളിൽ 94 ശതമാനം കുറ്റാരോപിതരും ഇരയെ അടുത്തറിയാവുന്നവരായിരുന്നു വെന്ന വസ്തുത ” ദ് ഇന്ത്യൻ എക്സപ്രസ് ഡോട്ട്കോം” റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 99 ശതമാനത്തോളം ലൈംഗിക അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെ ടാതെ പോകുന്ന രാജ്യത്ത്, പീഡനങ്ങളും അതിനെത്തുടർന്നുണ്ടാകുന്ന മാനസികാഘാതങ്ങളും നിശബ്ദമായി അനുഭവിക്കുന്നവർക്ക് ശക്തി പടരാൻ പുതിയ തുറന്നു പറിച്ചിലുകൾക്ക് സാധിക്കും. വേദനയുടെ തീച്ചൂളയിൽ നിന്നുമുയരുന്ന ശബ്ദങ്ങളെ കേൾക്കാനും പുതിയ മുഴക്കങ്ങൾക്ക് പ്രചോദനമാകാനും നമുക്ക് കഴിയേണ്ടതുണ്ട്. ഇരകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നവരെ ചെറുത്തു തോൽപിച്ചിലെങ്കിൽ നമ്മുടെ വീടുകളിൽ, അയൽപക്കങ്ങളിൽ, വിദ്യാലയങ്ങളിൽ, ജോലിസ്ഥലങ്ങളിൽ ഇരകളെ പാർത്തിരിക്കുന്ന വേട്ടക്കാർക്ക് കൂട്ടുനിന്നു എന്ന് കാലം നമ്മളെ അടയാളപെടുത്തും.

ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ നിന്നും ലിംഗ്വിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദം നേടിയ നഫീസ ഇസ്മായിൽ ഇപ്പോൾ ദുബായിലാണ് താമസം

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Me too india time is up making work places safe for women