ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി ഒരു ട്രാവൽ മാസിക തിരഞ്ഞെടുത്ത മേഘാലയൻ വനഗ്രാമമാണ് മൗലിനോങ് (Mawlynnong). ഷില്ലോങ്ങിൽ നിന്ന് മൂന്നു മണിക്കൂറോളം വഴിയാത്ര ചെയ്ത് എത്തിച്ചേരുന്ന വനാന്തർഭാഗത്തെ സ്വച്ഛഗ്രാമം .അതിനപ്പുറം ബംഗ്ളാദേശ് അതിർത്തിയാണ് .

വടക്കൻ കേരളത്തിൽ ഏഴിമലയുടെ താഴ്‌വരയിലെ ഒരു നാട്ടിൻപുറമാണ് മാടായിപ്പാറ. ഏഴിമലയുടെ ചെരുവിലെങ്ങും ഉയർന്ന് കാണുന്ന തെങ്ങിൻതലപ്പുകൾക്ക് നടുവിലുള്ള വലിയ തുറസ്സായ മാടായിപ്പാറ എന്ന വിസ്താരമേറിയ പാറപ്രദേശമാണ് ആ നാട്ടിൻപുറത്തിന്‍റെ ഹൃദയം .

മൗലിനോങ്ങും മാടായിപ്പാറയും തമ്മിലെന്ത് ?

മാലിന്യമുക്തമായ പ്രകൃതിയുടെ അനുഭവമാണ് മൗലിനോങ് നൽകുന്നത്. തെളിവെള്ളമൊഴുകുന്ന ധാരാളം അരുവികളും ജലസമൃദ്ധിയിൽ ആറാടി നിൽക്കുന്ന മരങ്ങളും കടുംനിറങ്ങളുള്ള പൂക്കളും എങ്ങും കാണാം. പഴയ കാല ഇംഗ്ലീഷ് കോട്ടേജുകളുടെ മാതൃകയിൽ, ഏറെയും മരം കൊണ്ട് നിർമ്മിക്കപ്പെട്ട കൊച്ചുകൊച്ചു വീടുകൾ. മിക്ക വീട്ടുമുറ്റങ്ങളിലും ചെറിയ ചെറിയ പൂന്തോട്ടങ്ങളുമുണ്ട്. അതിരുകളെല്ലാം തിരിക്കുന്നത് മുളവേലികൾ. വളർത്തു കോഴികളുടെ വലിയ സംഘങ്ങളെ എവിടെയും കാണാം. വലിയൊരു മരത്തിന് മുകളിലേക്ക് മുളകൾ കൊണ്ട് കെട്ടിക്കെട്ടിപ്പൊക്കിയുണ്ടാക്കിയ കോണിയാണ് സന്ദർശകരെ ബംഗ്ളാദേശ് അതിർത്തി കാട്ടാൻ ആ ഗ്രാമത്തിലുള്ള സംവിധാനം. പുഴയോരം പറ്റി വളർന്ന മറ്റൊരു വൻ മരത്തിന്‍റെ വേര് മറുകരയോളം പടർത്തി അതൊരു നടപ്പാലമാക്കി ഉപയോഗിക്കുന്ന കൗതുകക്കാഴ്ചയും അവിടെയുണ്ട്. കരിയിലകൾ പോലും കാണാനില്ലാത്ത വിധം വഴികൾ സദാ വെടിപ്പാക്കി സൂക്ഷിക്കാനും ചപ്പുചവറുകൾ വഴിയരികുകളിൽ സൂക്ഷിച്ചിട്ടുള്ള വള്ളിക്കുട്ടകളിൽ സംഭരിച്ച്, സംസ്കരിച്ച് വളമാക്കി മാറ്റാനുമൊക്കെയുള്ള സംവിധാനങ്ങളും മൗലിനോങ്ങിന് സ്വന്തമായുണ്ട്.  എല്ലാറ്റിനും പിന്നിൽ പ്രവർത്തിക്കുന്നത് തദ്ദേശീയരാണ്.

aymanam john, malayalam writer,memories,madayipara

മൗലിനോങ്ങില്‍ നിന്നുള്ള ദൃശ്യം

പരമ്പരാഗതമായി കമുക് (അടയ്ക്ക) കൃഷി മുഖ്യ ഉപജീവനമാർഗമായി സ്വീകരിച്ച ഗോത്രവർഗ ഗ്രാമീണരാണ് മൗലിനോങ്ങുകാർ. നൂറു നൂറ്റമ്പത് കൊല്ലം മുൻപുണ്ടായ ഒരു കോളറാബാധയാൽ അവർക്കിടയിൽ ഒട്ടേറെപ്പേർ മരണമടഞ്ഞു. അതേത്തുടർന്ന് അവിടെയെത്തിയ ബ്രിട്ടീഷ് മിഷനറി സംഘം പരിഷ്‌കൃതിയിൽ നിന്ന് അത്ര അകലെ മാറി,  വൈദ്യചികിത്സാസൗകര്യങ്ങൾ ലഭിക്കാൻ പ്രയാസമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന ആ ജനതയെ പരിസരശുചിത്വത്തിന് രോഗപ്രതിരോധത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പഠിപ്പിക്കുകയുണ്ടായി. അതാണത്രെ പിൽക്കാലം പാലിക്കപ്പെട്ട് തുടങ്ങിയ അവരുടെ ശുചിത്വ ബോധത്തിന് പിന്നിലെ ചരിത്രകഥ.

മൗലിനോങ് അനുഭവത്തെ എങ്ങനെയാണ് വാക്കുകളിലേക്ക് ചുരുക്കിപ്പറയേണ്ടത്?  പുറത്തെ ജൈവ പരിസരങ്ങളിൽ നിന്നുള്ള പ്രകാശം ഉള്ളിലേക്ക് പ്രവേശിക്കുന്നത് പോലുള്ള ഒരു തോന്നൽ ആ വനഗ്രാമത്തിൽ വച്ച് ഉണ്ടായി എന്നതാണ് വാസ്തവം. ഒരു പക്ഷെ, ടി.പദ്മനാഭന്‍റെ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’യിലെ നായകന് ആ പെൺകുട്ടിയെ കണ്ടപ്പോളുണ്ടായ വികാരവും അത് തന്നെയാവാം .

വടക്കുകിഴക്കൻ ഇന്ത്യയുടെ അവികസിതകോണ് പറ്റിക്കിടക്കുന്ന ആ ഗോത്രവർഗഗ്രാമം വികസിപ്പിച്ചെടുത്ത ഗ്രാമമാതൃക ഇതര ഇന്ത്യൻ ഗ്രാമങ്ങൾക്ക് എത്രയോ അനുകരണീയമാണ് എന്നൊരു വിചാരമാണ് അവിടം വിട്ട് പോരുമ്പോൾ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത്.

aymanam john, malayalam writer,memories,madayipara

മാടായിപ്പാറയില്‍ നിന്നുള്ള കാഴ്ച

ഇനി മാടായിപ്പാറയിലേക്ക് .

മാടായിപ്പാറ -അനുഭവത്തിന് മൗലിനോങ്ങിലേതുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല.

ഏറെ സ്നേഹിക്കുന്ന എഴുത്തുകാരിൽ ഒരാളായ എൻ. പ്രഭാകരന്‍റെ നേതൃത്വത്തിൽ ‘ജനകല’ എന്ന പേരിൽ അവിടെ രൂപീകരിക്കപ്പട്ട അനൗപചാരിക സാഹിത്യപഠനശാലയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ സമാരംഭസമ്മേളനത്തിൽ കൂട്ട് ചേരാനായിരുന്നു അവിടേക്ക് പോയത്. സാഹിത്യകലാ പ്രവർത്തനങ്ങളിൽ തത്പരരായ നാട്ടുകാരുടെ, ഒരു വ്യവസ്ഥയ്ക്കും വിധേയമല്ലാത്ത കൂട്ടായ്മയാണ് ‘ജനകല ‘.  ഏതാണ്ട് ആറേഴ് മാസം നീണ്ടു നിന്ന ആദ്യഘട്ടത്തിൽ സാഹിത്യരചനയുടെ ഭിന്നരൂപങ്ങളെപ്പറ്റി പഠനക്ലാസ്സുകൾ നടത്തപ്പെട്ടു കഴിഞ്ഞു. ഇതര സാമൂഹികവിഷയങ്ങളിലേക്ക് കൂടി കടന്ന് ചെല്ലുന്ന കൂടുതൽ വിപുലമായ ബോധവത്കരണ ക്ലാസ്സുകൾ കൂടി നടത്തി അവരുടെ കൂട്ടായ്മയെ കൂടുതൽ അർത്ഥവത്താക്കാനുള്ള ശ്രമത്തിലാണ് ‘ജനകല’ ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്.

aymanam john, malayalam writer,memories,madayipara

ജനകല സാഹിത്യ പഠന ക്ലാസില്‍ എന്‍.പ്രഭാകരന്‍ സംസാരിക്കുന്നു

 

മാടായിപ്പാറയിൽ ആയിരിക്കെ മൗലിനോങ് അനുഭവം മനസ്സിലേക്ക് മടങ്ങി വന്നത് എന്ത് കൊണ്ടാവാം? ഒരു പക്ഷെ മൗലിനോങ്ങിലെ പ്രകൃതിയുടേത് പോലുള്ള ഒരു ഗ്രാമ്യ, ജൈവികസ്വഭാവം ആ ഉൾനാടൻ മനുഷ്യക്കൂട്ടായ്മയിലും അനുഭവപ്പെട്ടത് കൊണ്ടാകാം. അതല്ലെങ്കിൽ – മറ്റൊരു തരം ‘കോളറാക്കാലം’ എന്ന് വിശേഷിപ്പിക്കാൻ തോന്നുന്ന സമകാലിക രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളിൽ പ്രഭാകരന്‍റെ സാംസ്കാരിക യജ്ഞത്തിന് മൗലിനോങ്ങിൽ പണ്ട് നടന്ന മാലിന്യനിർമാർജന മിഷൻ പ്രവർത്തനത്തോട് സമാനത തോന്നിപ്പോയത് കൊണ്ടുമാവാം. അതെന്തുമാവട്ടെ .

മൗലിനോങിലെയും മാടായിപ്പാറയിലെയും ഗ്രാമമാതൃകൾ അന്യനാട്ടുകാരെ ആരെയും ആശിപ്പിക്കാതിരിക്കില്ല.

‘ജനകല’യുടെ പ്രവർത്തനത്തിന്റെ പ്രാരംഭ രൂപരേഖ  ഇവിടെ വായിക്കാം

Janakala by Vishnu Varma on Scribd

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ