Latest News
അടുത്ത പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു

ഗാന്ധിജിയുടെ രാമരാജ്യത്തെ ഗോഡ്‌സെ കയ്യടക്കിയപ്പോൾ

ഹിന്ദു ഇന്ത്യയെ എതിർത്ത ആദ്യ നേതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഹിന്ദു വിശ്വാസി ആയിരുന്നു. അദ്ദേഹം സ്വപ്‍നം കണ്ട രാമരാജ്യം പളളി പൊളിച്ച് ക്ഷേത്രം പണിയണം എന്നാവശ്യപ്പെടുന്ന രാമഭക്തരുടേതായിരുന്നില്ല. അദ്ദേഹം സ്വപ്‍നം കണ്ട രാമരാജ്യത്തിൽ ഏറ്റവും സുരക്ഷിതരായി ജീവിക്കേണ്ടവർ ഇസ്‌ലാം മത വിശ്വാസികളായിരുന്നു

1948 ജനുവരി 30 ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ശപിക്കപ്പെട്ട ഒരു ദിവസമാണ്. അന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് ഗാന്ധിജി പ്രാർത്ഥനാ സ്ഥലത്തു വച്ച് വെടിയേറ്റ് മരിച്ചത്. പതിവിലും വൈകിയാണ് ഗാന്ധിജി അന്ന് പ്രാർത്ഥനാ സ്ഥലത്തേക്ക് എത്തിയത്. ആഭ്യന്തര മന്ത്രി സർദാർ പട്ടേലുമായി ചില കാര്യങ്ങൾ സംസാരിച്ചിറങ്ങിയപ്പോൾ അൽപം വൈകി. പന്ത്രണ്ടു മിനിറ്റോളം വൈകിയെന്നാണ് കണക്ക്. സെക്കൻഡുകളുടെ കണിശത പാലിച്ചിരുന്ന ഗാന്ധിജി വൈകിയതിൽ വല്ലാതെ അസ്വസ്ഥനായിരുന്നു. അതുകൊണ്ടു തന്നെ ധൃതിയിലാണ് അദ്ദേഹം വന്നത്.

അപ്പോഴാണ് നാഥുറാം ഗോഡ്സെ എന്നൊരാൾ ബഹുമാനപൂർവ്വം വണങ്ങാനെന്ന വണ്ണം ഗാന്ധിജിയുടെ മുന്നിലേക്ക് വന്നത്. “ബാപ്പു ഇന്നൽപം വൈകിപ്പോയി. ദയവായി താങ്കൾ മാറണേ,” എന്ന് പറഞ്ഞു കൊണ്ട് ഗാന്ധിജിയുടെ സഹായി മനുബെൻ മുന്നോട്ടുവന്നു. ഇത് കണക്കിലെടുക്കാതെ ഗോഡ്സെ അവരെ തള്ളിമാറ്റിക്കൊണ്ട് ഗാന്ധിജിയെ തടഞ്ഞു നിർത്തി ആദരവ് പ്രകടിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഗാന്ധിജിയുടെ പ്രാർത്ഥനാ മാലയും നോട്ടുബുക്കും നിലത്തു വീണു. മനുബെൻ അതെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഗോഡ്സെ നിവർന്നു നിന്ന് ഗാന്ധിജിയുടെ വയറിലേക്ക് നിറയൊഴിച്ചു. അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന M 1934 ബെറേട്ടാ തോക്കിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ ഗാന്ധിജിയുടെ ശരീരത്തിലേക്ക് തുളച്ചു കയറി. ലോകത്തിന്റെ ആരാധ്യനായ നേതാവ് കുഴഞ്ഞുവീണ് എന്നന്നേക്കുമായി നിശബ്ദനായി…

ഹിന്ദുമഹാസഭയിലും ആർഎസ്എസിലും അംഗമായിരുന്ന നാഥുറാം വിനായക് ഗോഡ്സെ എന്ന മതതീവ്രവാദിയാണ് ആ കൊല നടത്തിയത്. എന്തിനു വേണ്ടിയാണ് അയാളത് ചെയ്തത്? ആർക്കു വേണ്ടിയാണ് അയാളത് ചെയ്തത്? ആരാണ് അയാളുടെ പുറകിൽ പ്രവർത്തിച്ചത്? ആ ചോദ്യങ്ങളുടെ യഥാർഥ ഉത്തരമാണ് വർത്തമാനകാല ഇന്ത്യ ഇപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നത്.

ഗാന്ധിജിയുടെ വധം ലക്ഷ്യം കണ്ടത് ഇന്നത്തെ ഇന്ത്യയിലാണ് എന്നാണ് മനസ്സിലാക്കേണ്ടത്. അഞ്ചു പതിറ്റാണ്ടിലേറെക്കഴിഞ്ഞാണ് ആ കൊല പൂർത്തിയാക്കപ്പെട്ടത് എന്നർത്ഥം. അതുകൊണ്ടു തന്നെ ആ കൊലപാതകത്തെ ആഴത്തിൽ മനസ്സിലാക്കിയാൽ മാത്രമേ ഇന്നത്തെ ഇന്ത്യയിൽ നടക്കുന്ന രാഷ്ട്രീയത്തെ സംഭവ വികാസങ്ങളെ മനസ്സിലാക്കുവാൻ കഴിയൂ. ആ കൊലപാതകത്തിനു പുറകിൽ ഇങ്ങനെയൊരു ലക്ഷ്യമുണ്ടെന്ന് അന്നത്തെ ദേശീയ നേതാക്കൾ തിരിച്ചറിഞ്ഞിരുന്നുവോ? എന്തുകൊണ്ടാണ് രാഷ്ട്രപിതാവിന്റെ കൊലപാതകം അതാവശ്യപ്പെടുന്ന ചോദ്യങ്ങളിലേക്കും അവയുടെ ഉത്തരങ്ങളിലേക്കും എത്തിച്ചേരാതിരുന്നത്? ആധുനിക ഇന്ത്യയുടെ മുന്നിലെ വലിയൊരു ചോദ്യമാണത്. ആ ചോദ്യത്തിൽ നിന്നും ഉത്തരവാദപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മാറി നടന്നതുകൊണ്ടാണ് ഗാന്ധിജിയുടെ ഇന്ത്യ ഇപ്പോൾ ഗോഡ്സെയുടെ ഇന്ത്യയായി മാറിക്കൊണ്ടിരിക്കുന്നത്. ഈ മാറ്റം പകലു പോലെ സുവ്യക്തമാണിപ്പോൾ.

ഗോഡ്സെയെ ആരാധിക്കുന്ന പാർലമെന്റംഗങ്ങളുളള ഇന്ത്യയാണ് ഇപ്പോഴത്തെ ഇന്ത്യ. ഗോഡ്സെയ്ക്ക് പ്രതിമ നിർമിക്കുന്ന ഇന്ത്യയാണ് നമ്മുടെ ഇന്ത്യ. ഉത്തർപ്രദേശിലെ മീററ്റ് ജില്ല അധികം വൈകാതെ ‘പണ്ഡിറ്റ് നാഥുറാം ഗോഡ്സെ നഗർ’ എന്ന പേരിലറിയപ്പെട്ടേക്കും. ഉത്തർപ്രദേശിലെ ബിജെപി ഗവൺമെന്റ് ഇതിനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഗാന്ധിജിയുടെ ഘാതകൻ സ്വീകാര്യനും ആദരണീയനുമാവുന്ന ഇന്ത്യയാണ് പുതിയ ഇന്ത്യ. എന്തുകൊണ്ടാണ് ഇതൊക്കെ സാധ്യമാവുന്നത്? ഇതെല്ലാം എന്തിന്റെ സൂചനകളാണ്? ഗാന്ധിജിയുടെ ഇന്ത്യ മരിച്ചു കൊണ്ടിരിക്കുന്നു എന്നതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്. ഗോഡ്സെ ആദരണീയനാവുന്ന ഇന്ത്യയിൽ ഗാന്ധിജിക്ക് എന്താണ് ഇനി പ്രസക്തി?

ഗാന്ധിജിയോടൊപ്പം വെടിയേറ്റത് അദ്ദേഹത്തിന്റെ ഇന്ത്യയ്ക്കു കൂടിയാണ്. ഗാന്ധിജി എന്ന വ്യക്തി തൽക്ഷണം മരിച്ചു. വെടിയേറ്റ ഇന്ത്യയെ ഗാന്ധിജിയുടെ ശിഷ്യന്മാർ സംരക്ഷിക്കാൻ ശ്രമിച്ചു. അതാണ് ഇന്നിപ്പോൾ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഹിന്ദുത്വത്തിന്റെ വെടിയാണ് ഇന്ത്യയുടെ ആത്മാവിലേക്ക് ഗോഡ്സെ അന്ന് ഉതിർത്തത്. ഗാന്ധിജിയുടെ നെഞ്ചിലൂടെ അത് ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ നെഞ്ചിലേക്ക് തുളച്ചു കയറി. അതിനെ പിഴുതു കളയുന്നതിൽ ഒരു സമൂഹം എന്ന നിലയിൽ നമ്മൾ പരാജയപ്പെട്ടു എന്ന് പതിറ്റാണ്ടുകൾക്കിപ്പുറം വ്യക്തമായിക്കൊണ്ടിരിക്കുന്നു. വിഷലിപ്തമായ ഹിന്ദുത്വം ഇന്ത്യയെ ഇന്നിപ്പോൾ വരിഞ്ഞു മുറുക്കി മറ്റൊന്നാക്കി മാറ്റിയെടുക്കുകയാണ്. അതിലവർ ഒരളവുവരെ വിജയം കണ്ടു എന്നാണ് നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന വർത്തമാനകാല സംഭവങ്ങൾ തെളിയിക്കുന്നത്. എന്തു കൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇത് സാധിച്ചു? ഉത്തരം കണ്ടെത്തേണ്ടത് ഗാന്ധി വധത്തിന്റെ പിന്നാമ്പുറത്തു തന്നെയാണ്. ഗാന്ധി വധത്തോടെ മുന്നോട്ടു വന്ന പ്രശ്നങ്ങളെയും നമ്മൾ ഗൗരവത്തോടെ കൈകാര്യം ചെയ്തില്ല.

ഗോഡ്സെയോ അദ്ദേഹത്തെ ആ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ച ഹിന്ദുത്വ നേതാക്കളോ അവരെന്തിനു വേണ്ടിയാണ് ഗാന്ധിജിയെ കൊന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇന്ന് ഗോഡ്സെയെ ആരാധിക്കുന്ന ഹിന്ദു നേതാക്കളും ആ ചോദ്യത്തെ നേരിടാൻ തയ്യാറല്ല. ആ ചോദ്യം നിരന്തരം ചോദിച്ചു കൊണ്ടിരുന്നാൽ മാത്രമേ അവർ പ്രതിരോധത്തിലാവൂ. ആ ചോദ്യത്തിന്റെ ഉത്തരമാണ് ഇന്നത്തെ ഹിന്ദുത്വ ശക്തികൾ പ്രാവർത്തികമാക്കിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഗാന്ധിജി അവരുടെ കൂടി നേതാവാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിക്കുന്നത്. ഗാന്ധിജിയെ ഹിന്ദുത്വ വാദിയാക്കാൻ പോലും അവർ മടിക്കില്ല. കൊല്ലപ്പെട്ട ഗാന്ധിജി ഇനി അവർക്കു തടസ്സമാവില്ല എന്ന തിരിച്ചറിവ് ഇപ്പോൾ അവർക്കുണ്ടായിരിക്കുന്നു. ആ കൊലപാതകത്തെ മറക്കുക എന്നാണ് അവർ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. കാരണം അത് ലക്ഷ്യം കണ്ടിരിക്കുന്നു.

ഗാന്ധിജിയും കൊലപാതകിയും ഇപ്പോഴും നമുക്കിടയിൽ ജീവിക്കുന്നു. അതാണ് 21-ാം നൂറ്റാണ്ടിലെ ഇന്ത്യ നേരിടുന്ന വൈരുധ്യം. ഗാന്ധിജി നിലകൊണ്ടത് മതമൈത്രിക്കു വേണ്ടിയാണ്. അപ്പോൾ ഗാന്ധിജിയെ കൊന്നവർ മതമൈത്രി ഇഷ്ടപ്പെടുന്നില്ല. 1945 മുതൽ 1948 വരെ ഇന്ത്യയിൽ വർഗീയ വാദം അരങ്ങേറി. ഹിന്ദു-മുസ്‌ലിം കലാപങ്ങൾ ധാരാളം സംഭവിച്ചു. ഇതിനെതിരെ ഒറ്റയാൾ പട്ടാളം പോലെ പ്രവർത്തിച്ചയാളായിരുന്നു ഗാന്ധിജി.

ഗാന്ധിജിയെ കൊന്നവർക്ക് അതിഷ്ടമായില്ല. അതായത് ഹിന്ദു-മുസ്‌ലിം കലാപങ്ങൾ ആഗ്രഹിക്കുകയും അതിന് ആക്കം കൂട്ടുകയും ചെയ്തവരാണ് ഗാന്ധിജിയെ കൊന്നത്. ഗാന്ധിജിയുടെ ഇന്ത്യയെ കൊന്നത്. മുസ്‌ലിങ്ങളുടെ മതഭ്രാന്തിനെ മാറ്റിയെടുക്കുന്നതിൽ ഗാന്ധിജി വൻ വിജയം തന്നെ കൈവരിച്ചു. ഇത് ഇഷ്ടപ്പെടാത്തവരാണ് അദ്ദേഹത്തെ കൊന്നുകളഞ്ഞത്. വിഭജനത്തിനു ശേഷം ഇന്ത്യയിൽ കണ്ട മത ഭ്രാന്ത് ഗാന്ധിജിയെ ഞെട്ടിച്ചു കളഞ്ഞു. ആ മതഭ്രാന്തിനെ അനുകൂലിച്ചവരാണ് ഗാന്ധിജിയെ കൊന്നുകളഞ്ഞത്. മത ഭ്രാന്തിനു മുന്നിൽ ഭയം കൂടാതെ കടന്നു ചെന്ന ഗാന്ധിജിയാണ് അവർക്ക് അസ്വീകാര്യനായത്. ആ ധൈര്യത്തെയാണ് അവർ വെറുത്തത്. അതിനാലാണ് അവർ അദ്ദേഹത്തിനെതിരെ നിറയൊഴിച്ചത്.

ആയിടയ്ക്ക് ഒരു ദിവസം പ്രാർത്ഥനാ യോഗത്തിൽ ഖുറാൻ പാരായണം ചെയ്യരുതെന്ന് ചിലർ അഭിപ്രായപ്പെട്ടു. തുടർന്ന് മൂന്ന് ദിവസം തന്റെ പ്രാർത്ഥനാ യോഗം വേണ്ടെന്നു വച്ചു. ഒടുക്കം പ്രാർത്ഥനയ്ക്കു വരുന്നവർ അഭിപ്രായം മാറ്റിയതിനു ശേഷമാണ് ഗാന്ധിജി പ്രാർത്ഥനാ യോഗങ്ങൾ പുനരാരംഭിച്ചത്. ഗാന്ധിജി ഖുറാൻ വായിക്കുന്നതിൽ അനിഷ്ടമുള്ളവരാണ് ഗാന്ധിജിയെ വധിച്ചത്. മത സൗഹാർദത്തിനായി സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി നിരാഹാര വ്രതം തുടങ്ങി. നെഹ്റുവും പട്ടേലും ആസാദുമൊക്കെ അപേക്ഷിച്ചിട്ടും അദ്ദേഹം പിന്മാറിയില്ല. അന്നത്തെ പ്രാർത്ഥനാ യോഗത്തിൽ ഒരാൾ ചോദിച്ചു,  “ആരെ കുറ്റപ്പെടുത്താനാണ് ഈ നിരാഹാര സമരം?”  “ആരെയും കുറ്റപ്പെടുത്താനല്ല . ഹിന്ദുക്കളും സിഖുകാരും കൂടി മുസ്‌ലിങ്ങളെ ഡൽഹിയിൽ നിന്നും ഓടിക്കുന്നത് ഇന്ത്യയേയും സ്വന്തം മതങ്ങളേയും നിന്ദിക്കലാണ്. ഈ വ്രതം മുസ്‌ലിങ്ങൾക്കു വേണ്ടിയാണെന്നു പറഞ്ഞു എന്നെ ചിലർ കളിയാക്കുന്നുണ്ടെന്ന് എനിക്കറിയാം. ശരിയാണ്, ജീവിതം മുഴുവൻ ന്യൂനപക്ഷത്തിനും ബുദ്ധിമുട്ടുള്ളവർക്കും വേണ്ടിയാണ് ഞാൻ ചെലവഴിച്ചത്.”  ഗാന്ധിജിയുടെ ഈ ഉത്തരം ആരെയാണോ അസ്വസ്ഥരാക്കിയത്, അവരാണ് ഗാന്ധിജിയെ കൊന്നുകളഞ്ഞത്.

പാക്കിസ്ഥാനു കൊടുക്കാമെന്ന് ഇന്ത്യ ഉറപ്പു പറഞ്ഞ നാലു കോടി പവൻ കൊടുക്കാതെ നിരാഹാര വ്രതം അവസാനിപ്പിക്കില്ലെന്നു ശഠിച്ച ഗാന്ധിജിയെയാണ് അതിനെ എതിർത്തവർ കൊല ചെയ്തത്. ആരാണ് കൊലയാളികൾ എന്ന് ഇങ്ങനെ തിരിച്ചറിയണം.  മുസ്‌ലിം മതത്തെയും ആ മത വിശ്വാസികളെയും എതിർത്ത ഹിന്ദു വർഗീയ വാദികളാണ് ഗാന്ധിജിയെ ഇല്ലാതാക്കിയത്. വർഗീയ വിഷം ഇന്ത്യയിലാകമാനം ഇപ്പോൾ വ്യാപിപ്പിക്കുന്നതും അക്കൂട്ടരാണ്. അവരിന്നും ശ്രമിക്കുന്നത് മുസ്‌ലിം ജനവിഭാഗത്തെ അകറ്റി നിർത്താനും അവഹേളിക്കാനുമാണ്. അതുവഴി ഒരു ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുക. അതിന് തടസ്സമായി ഇന്നും നിലകൊള്ളുന്നത് ഗാന്ധിജിയാണ് എന്നവർക്കറിയാം. ഇനി ഗാന്ധിജിയെ എന്ത് ചെയ്യും? ഒരു ഭാഗത്ത് ഗോഡ്‌സെയെ ആരാധിക്കുകയും അതേസമയം ഗാന്ധിജിയെ കൂടെ നിർത്തുകയും ചെയ്യാൻ ഹിന്ദുത്വ ശക്തികൾ ശ്രമിക്കുന്നത് ഇപ്പോൾ കാണാം. ഇത് അവർ ബോധപൂർവം നടത്തുന്ന ഇടപെടലാണ്.

ഗാന്ധിജിയുടെ കൊലപാതകത്തെ വേണ്ട ഗൗരവത്തോടെ വിലയിരുത്തി ആഴത്തിൽ അന്വേഷിച്ച് അതിന്റെ കാരണവും ലക്ഷ്യങ്ങളും കണ്ടെത്തിയിരുന്നെങ്കിൽ ഹിന്ദു വർഗീയത ഇത്ര ആഴത്തിൽ നമ്മുടെ നാട്ടിൽ വേരോടുമായിരുന്നില്ല. അതൊരു ഭികരസത്വമായി നമുക്കു മുന്നിൽ അരങ്ങു തകർക്കുമായിരുന്നില്ല. ഇന്ത്യയിൽ വർഗീയതയുടെ വിത്തുപാകാനായാണ് ഗാന്ധിജിയെ ഹിന്ദുത്വ ശക്തികൾ ഇല്ലാതാക്കിയത്.

ഇനിയെങ്കിലും അത് ഇന്ത്യയിലെ ഹിന്ദു മത വിശ്വാസികളുൾപ്പടെയുള്ള പൗരന്മാർ തിരിച്ചറിയണം. ഗോഡ്സെ ആരായിരുന്നു എന്ന് തിരിച്ചറിയണം. അതു വഴി ഗാന്ധിജിയുടെ ഇന്ത്യയെ – മതേതര ഇന്ത്യയെ തിരിച്ചുപിടിക്കണം.

ഹിന്ദു ഇന്ത്യയെ എതിർത്ത ആദ്യ നേതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഹിന്ദു വിശ്വാസി ആയിരുന്നു. അദ്ദേഹം സ്വപ്‍നം കണ്ട രാമരാജ്യം പളളി പൊളിച്ച് ക്ഷേത്രം പണിയണം എന്നാവശ്യപ്പെടുന്ന രാമഭക്തരുടേതായിരുന്നില്ല. അദ്ദേഹം സ്വപ്‍നം കണ്ട രാമരാജ്യത്തിൽ ഏറ്റവും സുരക്ഷിതരായി ജീവിക്കേണ്ടവർ ഇസ്‌ലാം മത വിശ്വാസികളായിരുന്നു. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഇതൊക്കെയാണ് ഓരോ ഇന്ത്യക്കാരനും ഓർമിക്കേണ്ടത്.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Martyrs day gandhiji godse hindutva

Next Story
കാക്ക നിർമ്മിക്കുന്ന രാഷ്ട്രീയ ചിന്തകൾakhil muraleedharan, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com