പ്രബുദ്ധതയിൽ വരളുന്ന കേരളം, മലയാളി കുപ്പിവെളളം കുടിച്ചാഘോഷിക്കുന്ന ജലസംരക്ഷണ ദിനം

ഇന്റലോക്കും തടയണയും ഡാമുകളും കൊണ്ട് വികസനത്തിന്റെ ആഘോഷപ്പെരുമഴയിൽ വറ്റിവരണ്ട് പോകുന്ന കുടിവെളള സ്രോതസ്സുകളാണ് കേരളം അഭിമുഖീകരിക്കുന്ന വികസന പ്രതിസന്ധി. അത് കാണാതെ തണ്ണീർത്തട ദിനവും ജലദിനവും നമുക്ക് കുപ്പിവെളളം കൊണ്ട് ആഘോഷിക്കാം.

water, world water day,drought

ഇന്ന് ജലദിനം ആഘോഷിക്കുമ്പോൾ, ആ ആഘോഷത്തിന് ഒപ്പം നമ്മളധികം ആഘോഷിക്കാതെ കടന്നുപോയ ജലസംരക്ഷണ ദിനത്തെ പറഞ്ഞുതന്നെ തുടങ്ങാം. കാരണം ആ​ ദിനവും ഈ​ ദിനവുമായി ഒരു ബന്ധമുണ്ട്. അതുകൊണ്ടാണ് ആ ദിനത്തെ കുറിച്ച പറഞ്ഞുകൊണ്ട് ഈ ദിനത്തെ ഓർമ്മിക്കന്നത്. ഇത് അധികം പഴക്കമില്ലാത്ത ദിവസമാണ്. അതായത് കഴിഞ്ഞ മാസത്തെ കഥയാണത്. കൃത്യമായി പറഞ്ഞാൽ ഫെബ്രുവരി 2 – അന്ന് ലോക തണ്ണീർത്തട ദിനമായിരുന്നത്രെ !!. ഇന്ന് ലോക ജലദിനവും !! സാധാരണ എല്ലാ ദിനങ്ങൾക്കും സോഷ്യൽ മീഡിയ അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ നല്ല പ്രചാരണം കിട്ടാറുണ്ട് എങ്കിലും, എന്തോ ഈയൊരു ദിവസത്തിനെ കുറിച്ചാരും വിവരിച്ചു കണ്ടില്ല. അല്ലെങ്കിലും നമ്മുടെ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ രാഷ്ട്രീയ മതാന്ധ വിഷയങ്ങളേക്കാൾ പ്രചാരമുള്ള മറ്റു വിഷയങ്ങളും ഉണ്ടാകാറുമില്ലല്ലോ. പിന്നെ ഓരോ വിവാദങ്ങൾക്കും അനുസരിച്ചു പിറവി കൊള്ളുന്ന, അൽപായുസ്സുകളും നിർഗുണ പരബ്രഹ്മങ്ങളുമായ ഒരുപാട് ഹാഷ്ടാഗുകളും.
1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വെച്ചാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ തണ്ണീർത്തട ഉടമ്പടി ഒപ്പു വെച്ചത് എങ്കിലും, തണ്ണീർത്തടങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനായി പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങിയത് 1997 മുതൽ മാത്രമാണ്. കരാർ ഒപ്പിടുന്ന കാലത്ത് ജലസമൃദ്ധിയിൽ വിഹരിച്ചിരുന്ന ഇന്ത്യ പിന്നീടുള്ള നാല്പതു വർഷങ്ങൾ കൊണ്ട് മരുഭൂമിയായി മാറി എന്നതാണ് വസ്തുത. കാർഷക ആത്മഹത്യകളുടെ വർദ്ധനവ് മൂലം കുപ്രസിദ്ധി നേടിയ മഹാരാഷ്ട്രയിൽ മാത്രം മുപ്പതിനായിരത്തോളം ഗ്രാമങ്ങൾ ആണ് വരൾച്ചയിൽ വലയുന്നത് എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ മുപ്പത്തിമൂന്നു കോടി ജനങ്ങൾ ജലക്ഷാമം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഇടം എന്ന് സ്‌കൂളിൽ പഠിച്ച ചിറാപുഞ്ചി വരെ ഇപ്പോൾ വരൾച്ചാ ബാധിത പ്രദേശം ആയി മാറി. ഡെവലപ്മെന്റ് എന്ന വാക്കിനു വിവേചനമില്ലായ്മ എന്നും, ലാഭേച്ഛ മാത്രം മുൻ നിർത്തിയുള്ള ചൂഷണം എന്നുമെല്ലാം അർഥം നല്കപ്പെട്ടതാണ് ഇന്ത്യയെ മരുഭൂമിയാക്കിയത്. ഇന്ത്യയെന്നല്ല എല്ലാ മൂന്നാം ലോക രാഷ്ട്രങ്ങളുടെയും പാരിസ്ഥിതിക ശോഷണത്തിനു കാരണം വികസിതരാജ്യങ്ങളുടെ പണം കൈപ്പറ്റി, പ്രകൃതിയെ വിറ്റു തിന്നതും, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നടത്തിയ വികസനത്തട്ടിപ്പുകളും ആണ്.

കേരളത്തിലെ സ്ഥിതിയും ഒട്ടും വിഭിന്നമല്ല. അടുത്ത കാലത്തെ സർവേകൾ പ്രകാരം കേരളത്തിലെ പത്ത് ശതമാനം പ്രദേശങ്ങൾ മാത്രമാണ് വരൾച്ചാ ഭീഷണി ഇല്ലാതുള്ളത്. എന്നും മഴ ലഭിച്ചിരുന്ന വയനാടും, മഞ്ഞിൽ പുതച്ചു നിന്ന ഇടുക്കിയും എല്ലാം ഉഷ്ണം കൊണ്ട് വലഞ്ഞു. കൃഷിയിടങ്ങളുടെ കുറവാണ് കേരളത്തിലെ വരൾച്ചയുടെ പ്രധാനഹേതു. പ്രധാന ഉപജീവനമാർഗം കൃഷി ആയിരുന്ന കാലത്ത്, പാടങ്ങളിൽ കെട്ടി നിർത്തിയിരുന്ന വെള്ളവും, അവയുമായി ബന്ധപ്പെട്ടു കിടക്കുന്ന തോടുകളും, തോടുകൾ ചെന്ന് ചേരുന്ന പുഴകളും, കുളങ്ങളും എല്ലാം ചേർന്ന ഒരു ഇക്കോസിസ്റ്റം ഭൂമിയുടെ നനവ് നിലനിർത്തിയിരുന്നു. പക്ഷെ ജനങ്ങളുടെ മുഖ്യവരുമാനം കൃഷി അല്ലാതായി തീർന്നത് സാമ്പത്തികമായും, പാരിസ്ഥിതികമായും മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എങ്കിലും, എല്ലാ പ്രകൃതി സ്നേഹദിനങ്ങളിലും പറഞ്ഞു നടക്കുന്നത് പോലെ കൃഷി ഭൂമികളുടെ നാശം മാത്രമല്ല, കേരളത്തിലെ വരൾച്ചയ്ക്ക് കാരണം. മുൻപേ പറഞ്ഞത് പോലെ അശാസ്ത്രീയമായ വികസന നാടകങ്ങളുമാണ്. ജീവിതശൈലി മാറുന്നതിനനുസരിച്ച്, നിലനിർത്തി പോരേണ്ട പ്രകൃതിയിലെ ഘടകങ്ങളെ വീണ്ടും വിധം പരിപാലിക്കാനുള്ള ആസൂത്രണമോ, വിവേചന ബുദ്ധിയോ നമുക്കില്ലാതെ പോയി.

നൂറ്റാണ്ടുകൾക്കു മുൻപേ തന്നെ സാംസ്കാരികമായും, പാരിസ്ഥിതികമായും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായ ജീവിതശൈലിയാണ് കേരളത്തിൽ ഉണ്ടായിരുന്നത്. കാവുകൾ, കുളങ്ങൾ, എന്നിവയെല്ലാം അടങ്ങുന്ന ഒരു ഇക്കോ സിസ്റ്റം ആയിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. വൃക്ഷങ്ങൾ മുറിക്കാതെ നിലനിർത്തിയുന്ന കാവുകളും, ജലസംഭരണികളായി നില കൊണ്ടിരുന്ന കുളങ്ങളും എല്ലാം കേരളമണ്ണിനെ ഒരു വെറ്റ് ലാൻഡായി നിലനിർത്തുന്നതിന് വളരെ സഹായിച്ചു. കാവുകൾ എന്നാൽ അന്ധവിശ്വാസങ്ങൾ മാത്രമെന്ന് മുദ്ര കുത്തി അതിർത്തിക്കപ്പുറം മുതലുള്ള കെട്ടിടനിർമ്മാണം വിശ്വാസമായി മാറിയതോടെ തന്നെ പ്രകൃതിയോടുള്ള അതിക്രമങ്ങൾ നമ്മൾ തുടങ്ങിയിരുന്നു. മഴവെള്ളം വീണു മുറ്റം നനയാതിരിക്കാനും, കാലിൽ മണ്ണ് പറ്റാതിരിക്കാനും വീടിനു മുന്നിൽ ഇന്റർലോക്കുകൾ നിരത്തി ഒരു പുൽക്കൊടി പോലും വളരാൻ സാധിക്കാത്ത വിധം നമ്മൾ അത്യാധുനികരുമായി. അങ്ങിനെ വികസിച്ചു വികസിച്ച് ഒരു പരുവമായി. ഓരോ പുഴയിലും ഒഴുക്കിനനുസരിച്ചു രൂപപ്പെട്ടു വരുന്ന ശരാശി മണലും, തീരങ്ങളിൽ അടിയുന്ന എക്കലും ഉണ്ട്. ആ മണലിന്റെ തോത് മാനിക്കാതെ നടത്തിയ അശാസ്ത്രീയമായ മണലൂറ്റ് നമ്മുടെ പുഴകളെ ഗർത്തങ്ങൾ ആക്കി. ഭൂമിയുടെ ജലനിരപ്പും അതോടൊപ്പം താണതോടെ പത്ത് കോൽ കുഴിച്ചാൽ സമൃദ്ധമായി വെള്ളം ലഭിച്ചിരുന്ന നമ്മുടെയെല്ലാം വീടുകളിൽ നൂറു കോൽ താഴ്ചയുള്ള കുഴൽക്കിണറുകൾ പിറവി കൊണ്ടു. ഭൂമിയുടെ നെഞ്ചു പിളർന്നു ചോര ഊറ്റി കുടിക്കുന്ന കുഴൽ കിണറുകൾ മൂലം ഉണ്ടായ പാരിസ്ഥിതിക ആഘാതങ്ങളും ചെറുതല്ല.

water

പെയ്യുന്ന മഴവെള്ളം എല്ലാം ചുമ്മാതങ്ങു ഒഴുകി പോകുന്നതാണ് വരൾച്ചയുടെ കാരണം എന്ന അഭിപ്രായം ഭൂരിഭാഗം പേരിലും ഉണ്ടായതോടെയാണ് നമ്മൾ തടയണകൾ നിർമ്മിക്കാൻ തുടങ്ങിയത്. തടയണകൾ ജലസംഭരണത്തിനു സഹായിക്കും എന്ന ബോധം എനിക്കും ഉണ്ടായിരുന്നു, പക്ഷെ കേരളത്തിലെ ഒരു മുതിർന്ന മാധ്യമപ്രവർത്തകൻ കൂടിയായ ഒരു സുഹൃത്താണ്, പ്രകൃതിയെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ നിർമ്മിച്ച തടയണകൾ പലതും കൂടുതൽ പ്രശ്ങ്ങൾ സൃഷ്‌ടിക്കുന്നതിനെ കുറിച്ച് പറഞ്ഞു തന്നത്. ഉദാഹരണമായി അദ്ദേഹം കാണിച്ചു തന്നത് കേരളത്തിന്റെ നെല്ലറ എന്ന് ഖ്യാതി നേടിയ കുട്ടനാടിനെയാണ്. കുട്ടനാടൻ പാടങ്ങളിൽ കടൽ വെള്ളം കയറുന്നത് തടയാൻ വേണ്ടിയാണ് തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചത് എങ്കിലും, അത് മൂലം കുട്ടനാട്ടിൽ ഉണ്ടായ പാരിസ്ഥിതിക പ്രശ്നങ്ങൾ ചില്ലറയായിരുന്നില്ല. സമാനമായ പരാതികൾ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ പലയിടത്തും ഉയർന്നിട്ടുമുണ്ട്. ആർത്തി പിടിച്ചുള്ള മണലൂറ്റും, അശാസ്ത്രീയമായ ബണ്ട് നിർമ്മാണവും നദികളുടെ സ്വാഭാവികമായ ഒഴുക്കിനെ സാരമായി ബാധിച്ചു എന്ന് മാത്രമല്ല, കടൽവെള്ളം തിരികെ നദികളിലേയ്ക്ക് വന്നു ജലമലിനീകരണം നടക്കുന്നതിനും കാരണമായി. നർമ്മദയിലെ സർദാർ സരോവർ പദ്ധതി ഗുജറാത്തിനു വെള്ളം നൽകിയപ്പോൾ, മഹാരാഷ്ട്രയിലെ കർഷകർക്ക് നൽകിയത് കണ്ണീരാണ് എന്നതും പ്രത്യക്ഷമായ ഒരു സത്യമാണ്. ചുരുക്കത്തിൽ നമ്മുടെ തടയണ വാദവും കാര്യക്ഷമമായൊരു ആസൂത്രണം അല്ല തന്നെ.

വികസനത്തിന്റെ തോത് കൊണ്ട് ഒന്നാം ലോകരാഷ്ട്രങ്ങൾ എന്ന് വിളിക്കുന്ന കൂട്ടർ, സ്വന്തം ഭൂമിയുടെ നിശ്ചിത ശതമാനം റിസർവ് വനങ്ങൾ ആയി സംരക്ഷിക്കുന്നവർ ആണ്. അക്കൂട്ടർ തന്നെയാണ് നമ്മുടെ വനമേഖലകളെ വിലപേശി ചൂഷണം ചെയ്തു കൊണ്ട് പോകുന്നതും എന്നതാണ് വിരോധാഭാസം. കേരളത്തിലെ സ്ഥിതി തന്നെ എടുത്ത് നോക്കിയാൽ നമ്മുടെ റിസർവ് വനങ്ങളുടെ നല്ലൊരു ശതമാനം കയ്യടക്കി വെച്ചിരിക്കുന്നത് ഹാരിസൺസ് മലയാളം അടക്കമുള്ള കമ്പനികൾ ആണ്. കേരളത്തിൽ കൊള്ളാവുന്ന വക്കീലന്മാർ ഇല്ലാത്തതു കൊണ്ടോ എന്തോ, ഇത്തരം കേസുകൾ എല്ലാം സർക്കാർ തോൽക്കുകയാണ് പതിവും. കേരളത്തിലെ ഏറ്റവും വലിയ കായൽ ആയ വേമ്പനാടും, അഷ്ടമുടിയും ശാസ്താം കോട്ടയും അടക്കമുള്ള കായലുകൾ രാഷ്ട്രീയ ഒത്താശയോടെ മുതലാളിമാർ നികത്തുകയാണ് ഉണ്ടായത്.

കേരളത്തിലെ ഏറ്റവും വലിയ ജലശൃoഗലയുള്ള രണ്ടു ജില്ലകൾ ആണ് എറണാകുളവും, ആലപ്പുഴയും; അതെ പോലെ തന്നെ മത്സരിച്ചു കൊണ്ട് നികത്തപ്പെട്ട രണ്ടു ജില്ലകളും. എറണാകുളത്തെ ജലഗതാഗത മാർഗത്തെ ശരിയായ വിധം ഉപയോഗിക്കാനുള്ള കഴിവ് ഭരിക്കുന്നവർക്ക് ഉണ്ടായിരുന്നു എങ്കിൽ തന്നെ, നഗരത്തിലെ പകുതിയോളം ഗതാഗതപ്രശ്നങ്ങൾ തീർന്നേനെ എന്ന് കണ്ണുമടച്ചു പറയാം. പക്ഷെ എറണാകുളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും ഈ ജലസമൃദ്ധിയെ വേണ്ടവിധം ഉപയോഗിക്കാത്തതുമാണ്. പണ്ട് രാജഭരണകാലത്ത് തൃപ്പൂണിത്തുറ ഭാഗത്തെ ചന്തകളിലേയ്ക്ക് വഞ്ചികൾ വഴി സാധനങ്ങൾ എത്തിച്ചേരുന്ന”അന്ധകാരത്തോട്” ഇപ്പോൾ ആ പേരിനെ സാധൂകരിക്കും വിധം ഇരുളടഞ്ഞു പോയത് തന്നെ ഒരുദാഹരണമാണ്. തങ്ങളാൽ ആകുംവിധം മാലിന്യങ്ങൾ നിക്ഷേപിച്ചു ജനങ്ങളും, തോട് നവീകരണം എന്ന പേരിൽ പത്രത്തിൽ ഫണ്ടുകൾ അനുവദിച്ചു പ്രചരിപ്പിച്ച രാഷ്ട്രീയക്കാരും ചേർന്ന് നശിപ്പിച്ചു കളഞ്ഞത് മൂവാറ്റുപുഴ മുതൽ ചമ്പക്കര കനാൽ വരെയുള്ള ഒരു നീർച്ചാലിനെയാണ്. ഇത്തരം നീരൊഴുക്കുകൾ കടന്നു പോകുന്ന പ്രദേശങ്ങളിലെ കിണറുകളുടെ ജീവദായനികൾ ആണെന്ന ബോധം ജനങ്ങൾക്കും ഇല്ലാതെ പോയി. കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ ഒഴുകിയിരുന്ന, പ്രശസ്തമായ കാനോലി കനാലിന്റെ ചരിത്രവും സമാനമായൊരു ദുരന്തകഥയാണ്.

സാമൂഹിക വിഷയങ്ങളിൽ ഇടപെടേണ്ടവർ രാഷ്ട്രീയക്കാരും, സാമൂഹ്യപ്രവർത്തകരും ആണെന്നും, പാരിസ്ഥിതിക വിഷയങ്ങളിൽ പ്രകൃതി സ്‌നേഹി സംഘടനകൾ ഇടപെട്ടുകൊള്ളും എന്നുമുള്ള ചിന്തകളുടെ പുറത്ത്, നിഷ്‌ക്രിയരായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് പ്രബുദ്ധമലയാളികൾ. എന്റേതല്ലാത്ത വിഷയങ്ങളിൽ, എനിക്ക് ഗുണമില്ലാത്ത വിഷയങ്ങളിൽ ഒന്നും ഇടപെടാതിരിക്കുകയാണ് ബുദ്ധിയെന്നു നിനച്ചു ജീവിക്കുന്ന പ്രബുദ്ധർ. ഈ പ്രബുദ്ധത തന്നെയാണ് തങ്ങൾക്ക് വിപത്തായി മാറുന്നതെന്ന തിരിച്ചറിവ് എന്നെങ്കിലും ഉണ്ടാകുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം …

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: March 22 world water day looming drought wetlands day prasad vallur

Next Story
സദാചാ‍ര പൊലീസ് ഉണ്ടാകുന്നത്ethiran kathiravan, moral police,
The moderation of comments is automated and not cleared manually by malayalam.indianexpress.com