scorecardresearch
Latest News

ദന്തേവാഡയില്‍നിന്നു തീരദേശങ്ങളിലേക്കുള്ള ദൂരം

തീരേദേശ കൈയേറ്റങ്ങള്‍ ക്ഷണനേരം കൊണ്ട് വ്യാപകമാകുകയും ഇവയ്ക്കു പുതിയ നിയമപ്രകാരം നിയമസാധുത ലഭിക്കുന്ന സാഹചര്യവുമാണു വരാനിരിക്കുന്നത്

ദന്തേവാഡയില്‍നിന്നു തീരദേശങ്ങളിലേക്കുള്ള ദൂരം

മരടിലെ നാല് അനധികൃത ഫ്‌ളാറ്റുകള്‍ പൊളിച്ചുകളയാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ മറ്റു തീരദേശപരിപാലന നിയമലംഘനങ്ങളും പരിശോധിക്കപ്പെടേണ്ടതുണ്ട്. നിങ്ങള്‍ ഒറ്റക്കായിരിക്കില്ല, ഞങ്ങളുണ്ട് രക്ഷിക്കാനെന്നു പറഞ്ഞ് മരടിലെ ഫ്‌ളാറ്റുടമകള്‍ക്കുവേണ്ടി കേരളത്തിലെ ഇടത്, വലത്, ബിജെപി നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, രമേശ് ചെന്നിത്തല, പിഎസ് ശ്രീധരന്‍ പിള്ള എന്നിവര്‍ രംഗത്തുവന്നതു നമുക്കു മുന്നിലുണ്ട്. ഞങ്ങള്‍ക്ക് എങ്ങും പോകാനില്ലെന്നായിരുന്നു ഫ്‌ളാറ്റുടമകളുടെ വിലാപം. എന്നാല്‍ ചിലരെങ്കിലും പ്രതീക്ഷിച്ചപോലെ അത്ര പാവപ്പെട്ടവരായിരുന്നില്ല, മറിച്ച് ഇടത്തരക്കാരോ ഉയര്‍ന്ന ഇടത്തരക്കാരോ ആയിരുന്നു ഇവരെല്ലാമെന്നാണു പിന്നീടുള്ള സംഭവങ്ങളില്‍നിന്നു നമുക്ക് മനസിലാക്കാനായത്.

ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ തീരദേശ നിയമലംഘനങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ച് മത്സ്യത്തൊഴിലാളി, പരിസ്ഥിതി, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകരും നിയമവിദഗ്ധരും ചേര്‍ന്ന് ജനകീയ കമ്മിഷന്‍ രൂപീകരിച്ച് തെളിവെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. 1991ല്‍ പ്രഖ്യാപിക്കപ്പെട്ട തീരദേശപരിപാലന നിയമത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണു നമുക്കു മുന്നിലുള്ളത്. ആയിരക്കണക്കിനു നിയമലംഘനങ്ങള്‍ നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണടച്ചുനില്‍ക്കുകയാണ്. എറണാകുളം ജില്ലയില്‍ മാത്രം പ്രധാനപ്പെട്ട 65 തീരദേശ നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവുമൊടുവില്‍ കൊച്ചി കോര്‍പറേഷനുമായി ബന്ധപ്പെട്ട് രണ്ടുമാസം മുന്‍പ് പുറത്തുവന്ന വിജിലന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ 23 നിയമലംഘനങ്ങള്‍ പറയുന്നുണ്ട്. ഇടക്കൊച്ചിയിലെ കൂറ്റന്‍ മൂന്നു കെട്ടിടങ്ങള്‍, തോപ്പുംപടിയിലെ വലിയ കെട്ടിട സമുച്ചയം എന്നിവയെല്ലാം തീരദേശ പരിപാലന നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ട് ഇക്കാര്യത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒത്താശ ചെയ്തു കൊടുക്കുകയാണെന്ന ഗൗരവമായ കുറ്റപ്പെടുത്തലും നടത്തിയിരിക്കുന്നു. മരട് നഗരസഭയിലാവട്ടെ പ്രധാനപ്പെട്ട 17 നിയമലംഘനങ്ങളാണു കണ്ടെത്തിയിരിക്കുന്നത്.

chilavanoor lake, Maradu Flat, മരട് ഫ്ലാറ്റ്, owners protest, ഫ്ലാറ്റുടമകളുടെ പ്രതിഷേധം, kerala government, സർക്കാർ തീരുമാനം, flat owners, kochi maradu muncipality, കൊച്ചി മരട് നഗരസഭ, Supreme court, സുപ്രീം കോടതി, maradu apartment, ie malayalam, ഐഇ മലയാളം

ഒട്ടനവധി അപാകതകളോടെ 1991ല്‍ പ്രഖ്യാപിക്കപ്പെട്ട തീരദേശപരിപാലന നിയമം അതിലേറെ അപാകതകളോടെയാണു നടപ്പാക്കപ്പെട്ടത്. തീരദേശപരിപാലന നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ തീരദേശ മാനേജ്‌മെന്റ് അതോറിറ്റികള്‍ രൂപീകരിക്കപ്പെട്ടു. 1995ല്‍, കേരളത്തിലാണു തീരദേശ മാനേജ്‌മെന്റ് അതോറിറ്റി ആദ്യമായി രൂപീകരിക്കപ്പെട്ടത്. അന്നുതൊട്ട് ഇന്നുവരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ അതോറിറ്റികളുടെ 80 ശതമാനത്തിന്റെയും ഉത്തരവാദിത്തമെന്നതു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി കൊടുക്കുക എന്നതു മാത്രമാണ്. കടലോരങ്ങളുടെയും തീരവാസികളുടെയും സംരക്ഷണം ലക്ഷ്യമിട്ട് തീരദേശ മാനേജ്‌മെന്റ് അതോറിറ്റി രൂപീകരിച്ച് 23 വര്‍ഷത്തിനുശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഈ ദിശയില്‍ കാര്യമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്നതാണു ദുഃഖകരമായ യാഥാര്‍ഥ്യം.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തീരം യഥാര്‍ഥ ഉടമസ്ഥരില്‍നിന്ന് കൈവശപ്പെടുത്തി വന്‍കിടക്കാര്‍ അവരുടേതാക്കി മാറ്റുന്ന അനുഭവമാണുള്ളത്. അതുകൊണ്ടുതന്നെ ആരെ ലക്ഷ്യം വച്ചാണോ നിയമം കൊണ്ടുവന്നത് ആ വിഭാഗങ്ങള്‍ തന്നെ നിയമത്തിനെതിരായി മാറുകയാണുണ്ടായത്. നിയമം ദുര്‍വ്യാഖ്യാനം ചെയ്തും ഭരണസ്വാധീനം ഉപയോഗിച്ചും കോടതിവ്യവഹാരങ്ങളിലെ സാങ്കേതികപ്പിഴവുകള്‍ ചൂണ്ടിക്കാട്ടിയും തീരം മുഴുവന്‍ നിക്ഷേപകര്‍ കീഴടക്കുന്ന അവസ്ഥയാണുണ്ടായത്.

2011ലും 2019ലും നിയമം പരിഷ്‌കരിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ മുഴുവന്‍ നിയമത്തിനെതിരായി മാറുന്ന അവസ്ഥ വന്നു. ജനസാന്ദ്രത കൂടുതലാണെന്ന സവിശേഷ സാഹചര്യം കണക്കിലെടുത്ത് തീരദേശപാലനം സംബന്ധിച്ച് കേരളത്തിനു 2011ല്‍ പ്രത്യേക പദവി നല്‍കിയിരുന്നു. അതുപയോഗിച്ച് പ്രത്യേക റിപ്പോര്‍ട്ട് തയാറാക്കിക്കൊടുക്കാന്‍ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നമ്മള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കഴിഞ്ഞവര്‍ഷമാണ്. അപ്പോഴേക്കും പുതിയ നിയമം വന്നുകഴിഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കു വീട് വയ്ക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നത് എടുത്തുമാറ്റപ്പെട്ടുവെന്നതാണ് ഈ നിയമത്തിന്റെ  പ്രത്യേകത. അതേസമയം റിയല്‍ എസ്‌റ്റേറ്റ്, ടൂറിസം വിഭാഗങ്ങള്‍ക്കും വലിയ ഇളവ് നല്‍കുന്നതാണു പുതിയ നിയമമെന്നതു കാണാതിരുന്നുകൂടാ. അതുകൊണ്ടുതന്നെ പുതിയ നിയമത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയാണ്.

പുതിയ നിയമത്തിനെതിരേ ഏറ്റവും ശക്തമായ വിമര്‍ശനങ്ങള്‍ മുന്നോട്ടുവച്ചതു സിപിഎം കേന്ദ്ര കമ്മിറ്റിയാണ്. പുതിയ നിയമം മത്സ്യത്തൊഴിലാളികളെ അവരുടെ വാസസ്ഥലത്തുനിന്നു പടിപടിയായി നിഷ്‌കാസനം ചെയ്യും, തീരദേശങ്ങളിലെ കണ്ടല്‍ക്കാടുകളുടെ നാശത്തിനു വഴിവയ്ക്കും, പരിസ്ഥിതി നിയമങ്ങള്‍ മുഴുവന്‍ അട്ടിമറിക്കപ്പെടും, നിക്ഷേപകര്‍ക്കുവേണ്ടി പരിസ്ഥിതി നിയമങ്ങള്‍ എടുത്തുമാറ്റപ്പെടും, സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ ഹനിക്കപ്പെടും എന്നീ അഞ്ച് വിമര്‍ശനങ്ങളാണു സിപിഎം പ്രധാനമായും ഉന്നയിച്ചത്. ഈ വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ 2019ലെ പുതിയ നിയമത്തെ ആദ്യം അംഗീകരിച്ചത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്നതാണു വിരോധാഭാസം. തീരദേശപരിപാലന കാര്യത്തില്‍ കേന്ദ്രത്തിനും കേരളത്തിനും അടിസ്ഥാനപരമായി ഒരേ നിലപാടാണുള്ളതെന്നതു വളരെ സങ്കടകരമായ കാര്യമാണ്.

പുതിയ നിയമം നിലവില്‍ വന്നതോടെ, ബലം പ്രയോഗിച്ചോ അതല്ലെങ്കില്‍ കാശ് കൊടുത്തോ തീരദേശവാസികളെ നിഷ്‌കാസനം ചെയ്യുന്ന സ്ഥിതിയിലേക്കോ ആണ് കാര്യങ്ങള്‍ പോകുന്നത്. ദന്തേവാഡയിലും ബൈയിലാഡിയിലും സംഭവിച്ചതെന്താണോ അതു മറ്റൊരു രൂപത്തില്‍ നമ്മുടെ തീരപ്രദേശത്ത് നടക്കാന്‍ പോകുകയാണ്. തീരമേഖയിലേക്കു വലിയതോതിലുള്ള നിക്ഷേപങ്ങള്‍ വരികയാണ്. കേന്ദ്രസര്‍ക്കാരിന്റെ സാഗര്‍മാല പദ്ധതിയില്‍ ആറ് വലിയ തുറമുഖങ്ങളാണു നിര്‍മിക്കാനൊരുങ്ങുന്നത്. ഇതിനു പുറമെ 555 കൂറ്റന്‍ കെട്ടിട സമുച്ചയങ്ങള്‍, നൂറുകണക്കിനു പദ്ധതികള്‍ ഉള്‍പ്പെടുന്ന 12 തീരദേശ വികസന മേഖലകള്‍, 14 തീരദേശ വിനോദസഞ്ചാര മേഖലകള്‍, 2000 കിലോ മീറ്റര്‍ തീരദേശ റോഡുകള്‍ എന്നിവയും വരാന്‍ പോകുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ഇനി എവിടെയാണ് ഇടമുള്ളത്?

തീരേദേശ കൈയേറ്റങ്ങള്‍ ക്ഷണനേരം കൊണ്ട് വ്യാപകമാകുകയും ഇവയ്ക്കു പുതിയ നിയമപ്രകാരം നിയമസാധുത ലഭിക്കുന്ന സാഹചര്യവുമാണു വരാനിരിക്കുന്നത്. കേരളത്തിലെ കായല്‍ത്തീരങ്ങളും കടല്‍ത്തീരങ്ങളും ക്രമേണ വന്‍കിടക്കാരുടെ കൈകളിലെത്തുമെന്ന ആശങ്ക കടല്‍മേഖലയിലെ എല്ലാ വിഭാഗം ആളുകളിലും ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണു കടല്‍ത്തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തുവന്നിരിക്കുന്നത്. കടലാക്രമണ ഭീഷണി നേരിടുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതു പൊതുവെ സ്വാഗതാര്‍ഹമാണെങ്കിലും യാഥാര്‍ഥ്യബോധത്തോടെയുള്ള പദ്ധതിയല്ല സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നതെന്നു പറയാതെ വയ്യ.

 

CRZ, സിആർസെഡ്, Coastal Regulation Zone, തീരദേശ നിയന്ത്രണ മേഖല, CRZ violation, തീരദേശനിയമ ലംഘനം, Charles George, ചാള്‍സ് ജോര്‍ജ്, People's commission, ജനകീയ കമ്മിഷന്‍, Public hearing, തെളിവെടുപ്പ്, Kochi, കൊച്ചി, Coastal Zone Management Authority, തീരദേശ മാനേജ്‌മെന്റ് അതോറിറ്റി, Marad Flat, മരട് ഫ്ളാറ്റ്, IE Malayalam, ഐഇ മലയാളം

തീരദേശത്തിന് 50 മീറ്ററിനുള്ളില്‍ താമസിക്കുന്ന 24,500 കുടുംബങ്ങളെ തീരദേശ റോഡിനു കിഴക്കോട്ട് മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതിയാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാറാന്‍ തയാറാകുന്നവര്‍ക്കു 10 ലക്ഷം രൂപ നല്‍കുമെന്നാണു പ്രഖ്യാപനം. എന്നാല്‍ വീടുവയ്ക്കാനുള്ള രണ്ടോ മൂന്നു സെന്റ് സ്ഥലം വാങ്ങാന്‍ പോലും ഈ തുക മതിയാവില്ല. മാത്രമല്ല, തീരദേശമേഖലയില്‍ ജനസാന്ദ്രത കൂടുതലായതിനാല്‍ ഇവിടങ്ങളില്‍ സ്ഥലം ലഭിക്കുന്നതും എളുപ്പമല്ല. റോഡിന്റെ കിഴക്ക് കായലും പടിഞ്ഞാറ് കടലുമായുള്ള നീളത്തിലുള്ള ഞെണുങ്ങിയ ഭൂപ്രദേശമാണ് വൈപ്പിന്‍, ചെല്ലാനം മേഖലകള്‍. നിലവിലെ സാഹചര്യത്തില്‍ ഇവിടെ വീട് വയ്ക്കാന്‍ പറ്റില്ല. മാറേണ്ടിവന്നാല്‍ എവിടെ വീട് വയ്ക്കുമെന്നതാണ് ഇവിടുത്തുകാരുടെ പ്രധാന ആശങ്ക. മാറേണ്ടിവരുന്നതോടെ ഇവരുടെ ജീവനോപാധികള്‍ നഷ്ടമാവുന്ന സ്ഥിതിയാണ്.

സല്‍വാ ജുദൂമിനെപ്പോലെ പ്രദേശവാസികളെ ആട്ടിയോടിക്കപ്പെടുന്ന പദ്ധതികളല്ല, മറിച്ച് മൂലധനതാല്‍പ്പര്യങ്ങളുടെ കുറച്ചുകൂടി മൃദുവായ രൂപമാണു കേരളത്തിലെ തീരപ്രശേങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നതില്‍ നടക്കാന്‍ പോകുന്നതെന്ന ആശങ്ക പരക്കെ നിലനില്‍ക്കുണ്ട്. ഇത്തരത്തില്‍ ജംബോ വികസന പദ്ധതികള്‍ വരുമ്പോള്‍ എവിടെയാണു മത്സ്യത്തൊഴിലാളികളുടെ സ്ഥാനം? തീരദേശസംരക്ഷണത്തിന്റെ കാര്യത്തില്‍ നിയമവാഴ്ച നടപ്പാക്കുന്നതില്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടു.

CRZ, സിആർസെഡ്, Coastal Regulation Zone, തീരദേശ നിയന്ത്രണ മേഖല, CRZ violation, തീരദേശനിയമ ലംഘനം, Charles George, ചാള്‍സ് ജോര്‍ജ്, People's commission, ജനകീയ കമ്മിഷന്‍, Public hearing, തെളിവെടുപ്പ്, Kochi, കൊച്ചി, Coastal Zone Management Authority, തീരദേശ മാനേജ്‌മെന്റ് അതോറിറ്റി, Marad Flat, മരട് ഫ്ളാറ്റ്, IE Malayalam, ഐഇ മലയാളം

തീരദേശനിയമലംഘനങ്ങളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളില്‍ ഭരണപരമായ പരാജയമുണ്ടായിട്ടുണ്ട്. നല്ല നിയമമുണ്ടായിട്ടുതന്നെ നമ്മുടെ തീരദേശങ്ങളുടെ സ്ഥിതി ഇതായിരിക്കെ നിയമത്തെ അട്ടിമറിക്കുന്ന പുതിയ നിയമം കൊണ്ടുവന്നാല്‍ എവിടെ എത്തിനില്‍ക്കും കാര്യങ്ങള്‍? നെല്‍വയല്‍, നീര്‍ത്തടം, തീരദേശം, വനം ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലെയും പരിസ്ഥിതി നിയമങ്ങളെ അട്ടിമറിക്കുന്ന ടിഎസ്ആര്‍ സുബ്രഹ്മണ്യന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതും കടലിന്റെ മക്കള്‍ വിപല്‍ക്കരമായ സാഹചര്യം സൃഷ്ടിക്കും.

മത്സ്യലഭ്യത വളരെ കുറഞ്ഞതുകാരണം മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പുതിയ തലമുറക്കാര്‍ നിര്‍മാണമേഖല ഉള്‍പ്പെടെയുള്ള തൊഴിലുകളിലേക്കു മാറുകയാണ്. ഒപ്പം കടല്‍ക്ഷോഭവും ചുഴലിക്കാറ്റും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ പ്രശ്‌നങ്ങളും മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ജീവിക്കാന്‍ പ്രയാസകരമായ സ്ഥിതിയിലേക്ക് എത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തീരസംരക്ഷണത്തിനൊപ്പം കടലോരത്തുള്ളവര്‍ക്കു ജീവിക്കാനും തൊഴിലെടുക്കാനും വസിക്കാനുമുള്ള കാര്യങ്ങള്‍ക്കാണു സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. അക്ഷരാര്‍ഥത്തില്‍ ‘ചെകുത്താനും’ കടലിനുമിടയിലുള്ള തീരവാസികളുടെ ജീവിതവും ജീവനോപാധിയും ഉറപ്പാക്കിയേ തീരൂ.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Maradu flat demolition crz violations fishing community