scorecardresearch
Latest News

മാവോവാദികളോടുള്ള പിണറായി സമീപനം

മാവോയിസ്റ്റുകള്‍ക്കു ലഭിക്കുന്ന, അഥവാ അങ്ങിനെ തോന്നിപ്പിക്കുന്ന വിപ്ലവ പരിവേഷമാണ് പിണറായിയെ പ്രകോപിപ്പിക്കുന്നത്. വേരുറച്ചുപോയ ഇത്തരം ധാരണകള്‍ തിരുത്തുക എളുപ്പമല്ല

മാവോവാദികളോടുള്ള പിണറായി സമീപനം

പിണറായി സര്‍ക്കാര്‍ സമീപനം എന്ന് തലക്കെട്ടില്‍ പറയാതിരുന്നത് ബോധപൂര്‍വമാണ്. ഈ സര്‍ക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ സി.പി.ഐ. ഏറ്റുമുട്ടല്‍ കൊലപാതകമല്ല, പോലീസ് ഭീകരതയാണ് നടന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണല്ലോ. അവര്‍ സംഭവത്തിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് ശ്രദ്ധാപൂര്‍വം ഒഴിഞ്ഞുമാറി നില്‍ക്കുകയാണ്. ഇപ്പോള്‍ മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചതിന്‍റെ പേരില്‍ രണ്ടു സി.പി.എം. പ്രവര്‍ത്തകര്‍ കൂടി യു.എ.പി.എ. ചുമത്തപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടതോടെ സി.പി.എം. നേതൃത്വത്തിലും അമര്‍ഷം പ്രകടമായിരിക്കുന്നു. അവരുടെ പ്രവര്‍ത്തകര്‍ക്കെതിരെ യു.എ.പി.എ.  ചുമത്തരുതെന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നു. അതല്ലെങ്കില്‍ രാഷ്ട്രീയമായി ഒരു വിശദീകരണവും നല്‍കാനാവാത്ത അവസ്ഥയിലാണ് അവരെത്തി നില്‍ക്കുന്നത്.

യു.എ.പി.എ. അഥവാ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം തീവ്രവാദ സംഘടനകള്‍ക്കെതിരായിട്ടാണ് ഉദ്ദേശിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തികള്‍ക്കു കൂടി ബാധകമാക്കിക്കൊണ്ടുള്ള ഭേദഗതി പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ ഓഗസ്റ്റ്‌ ആരംഭത്തില്‍ നടന്നപ്പോള്‍ സി.പി.എം. നേതാവ് എളമരം കരീം രാജ്യസഭയിലും കേരളത്തില്‍നിന്നുള്ള ഏക സി.പി.എം. എം.പിയായ എ.എ.ആരിഫ് ലോക്സഭയിലും ഈ കരിനിയമത്തിനെതിരായി ഘോരഘോരം വാദിച്ചതാണ്. എന്നിട്ട് ആ നിയമം തന്നെ സ്വന്തം പ്രവര്‍ത്തകര്‍ക്കെതിരായി ആവശ്യമായ തെളിവുകളില്ലാതെ ആഭ്യന്തര വകുപ്പ് നേരിട്ട് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രയോഗിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചതായിരിക്കാം എന്ന വാദത്തിനൊന്നും യാതൊരു പ്രസക്തിയുമില്ല. കാരണം, പ്രഥമ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെ യഥാര്‍ത്ഥ അവസ്ഥ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

കപട ഏറ്റുമുട്ടലുകളിലൂടെ തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനും മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വച്ചതിന്‍റെ പേരില്‍ യു.എ.പി.എ. ചുമത്തിയതിനും പിന്നില്‍ മാവോയിസ്റ്റുകളോടുള്ള പിണറായിയുടെ വികലമായ രാഷ്ട്രീയസമീപനമാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നാണ് ഈ ലേഖകന്‍ വിലയിരുത്തുന്നത്. ദീര്‍ഘകാല രാഷ്ട്രീയ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞാനിത് പറയുന്നത്. പഴയ നക്സലൈറ്റ് പ്രസ്ഥാനത്തോട് സി.പി.എം. പൊതുവില്‍ പുലര്‍ത്തിപ്പോന്ന കടുത്ത രാഷ്ട്രീയ ശത്രുതയുടെ തുടര്‍ച്ച അതിനു പിന്നിലുണ്ട്. സി.പി.എമ്മില്‍ വലിയൊരു വിഭാഗം അതെല്ലാം വിസ്മരിച്ചിട്ടുണ്ടെങ്കിലും അധികാരം കയ്യാളുന്നതിനു മുന്നില്‍ മാവോയിസ്റ്റുകള്‍ ഒരു പ്രശ്നമായി ഉയര്‍ന്നുവന്നപ്പോള്‍ ഒരുപക്ഷേ പഴയ സമീപനം പിണറായിയില്‍ ചെലുത്തിയിരുന്ന സ്വാധീനം സജീവമായതാകാം. ഏതായാലും ഒരു സാധാരണ രാഷ്ട്രീയാധികാരി മാവോയിസ്റ്റുകളോട് സ്വീകരിക്കാനിടയുള്ളതിലും കടുത്ത നിലപാ ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയാതിരിക്കാന്‍ വയ്യ. അതിനൊരു കാരണമുണ്ടായിരിക്കുമല്ലോ. അതാണ്‌ ഇവിടെ പരിശോധിക്കാന്‍ ശ്രമിക്കുന്നത്.

അടിയന്തിരാവസ്ഥക്കു ശേഷമുള്ള ഏതാനും വര്‍ഷങ്ങള്‍, അതായത് 1970-കളുടെ അവസാനവും ’80-കളുടെ ആരംഭവും ഉള്‍പ്പെടുന്ന കാലം, നക്സലൈറ്റ് പ്രസ്ഥാനം പ്രത്യേകിച്ചും കേരളത്തില്‍ ഏറെ സജീവമായിരുന്ന സമയമായിരുന്നു. തെരുവ് നാടകങ്ങള്‍, തെരുവ് യോഗങ്ങള്‍, ജനകീയ വിചാരണ തുടങ്ങിയ പുതിയ പ്രചാരണ, സമര രീതികള്‍ ഉപ യോഗിച്ചുകൊണ്ട്‌ തനതായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ നക്സലൈറ്റുകള്‍ ഏറെ മുന്നോട്ടു പോവുകയുണ്ടായി. സി.പി.എമ്മിന് രാഷ്ട്രീയമായി  ആഘാതമേറ്റ ഒരു സന്ദര്‍ഭമായിരുന്നു അത്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായതിനെത്തുടര്‍ന്ന് സി.പി.ഐയെ അപേക്ഷിച്ച് തങ്ങളാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയെന്നു ജനങ്ങളെ ബോധ്യപ്പെടുത്തി സി.പി.എം. ജനപിന്തുണ നേടി നില്‍ക്കുന്ന കാലമായിരുന്നു അത്. ആ അന്തരീക്ഷത്തിലാണ് സി.പി.എം. ഒരു തിരഞ്ഞെടുപ്പ് പാര്‍ട്ടി മാത്രമാണെന്നും തങ്ങളാണ് യഥാര്‍ത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റുകളെന്നും അവകാശപ്പെട്ടുകൊണ്ട് പുതിയ പ്രവര്‍ത്തന രീതികളുമായി നക്സലൈറ്റുകള്‍ രംഗത്തെത്തിയത്.

ജനങ്ങള്‍ നക്സലൈറ്റ് രാഷ്ട്രീയത്തിലേക്ക് ആകർഷിക്കപ്പെട്ടൊന്നുമില്ലെങ്കിലും ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ അവര്‍ക്കായി. സി.പി.എമ്മിന്‍റെ വിപ്ലവ പരിവേഷത്തിന് ശരിക്കും ഉലച്ചില്‍ തട്ടി. തെരുവ്നാടകങ്ങളും തെരുവു യോഗങ്ങളുമെല്ലാം നടത്തുന്ന നക്സലൈറ്റുകള്‍ക്ക് നേരെ വ്യാപകമായി ശാരീരികാക്രമണങ്ങള്‍ വരെ നടത്തിക്കൊണ്ടാണ് സി.പി.എം. അവരെ അക്കാലത്ത് നേരിട്ടത്. അത് അന്തരീക്ഷം കൂടുതല്‍ വഷളാക്കുകയാണുണ്ടായത്. അതുമൂലം നക്സലൈറ്റുകള്‍ക്ക് നേരെയുള്ള അത്തരം ആക്രമണങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിര്‍ത്തലാക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. ഇതെല്ലാം നക്സലൈറ്റ് രാഷ്ട്രീയത്തോടുള്ള സി.പി.എമ്മിന്‍റെ ശത്രുത വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്.

ഇന്ത്യയില്‍ വേരുറച്ചു കഴിഞ്ഞിട്ടുള്ള ജനാധിപത്യാന്തരീക്ഷത്തില്‍ മാവോയിസത്തിന് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടും മറ്റു ചില ആഭ്യന്തര പ്രശ്നങ്ങള്‍ നിമിത്തവും കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനം 90-കളോടുകൂടി പിന്നോട്ടടിക്കുകയും നാമമാത്രമായി തുടരുകയുമാണുണ്ടായത്. ഇപ്പോഴത്തെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന് മറ്റൊരു ചരിത്ര പശ്ചാത്തലമാണുള്ളത്. ചെറുതായിട്ട് ആ ചരിത്രത്തിലേക്കും ഒന്നെത്തി നോക്കാം.

അഖിലേന്ത്യാതലത്തില്‍ നക്സലൈറ്റ് പ്രസ്ഥാനം പിന്നെയും സജീവമായിരുന്നത് ആന്ധ്രയില്‍ മാത്രമായിരുന്നു. പീപ്പിള്‍സ് വാര്‍ ഗ്രൂപ്പ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അവിടത്തെ നക്സലൈറ്റ് സംഘടന ബിഹാറിലും ബംഗാളിലുമെല്ലാം അവശേഷിച്ചിരുന്ന നക്സലൈറ്റുകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഈ നൂറ്റാണ്ടിന്‍റെ ആദ്യവര്‍ഷങ്ങളില്‍ രൂപീകരിച്ച പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്). ആന്ധ്ര, മഹാരാഷ്ട്ര, ചത്തീസ്ഗഡ് സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഒന്നുചേരുന്ന ദണ്ഡകാരണ്യ വനമേഖലയാണ് ഇവരുടെ പ്രധാന താവളം. അവിടെനിന്ന് ബിഹാര്‍, ബംഗാള്‍, ഒഡിഷ എന്നിവിടങ്ങളിലേക്കും അവര്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയുണ്ടായി. നേപ്പാളില്‍ അധികാരത്തിലെത്തിയ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നതു കൊണ്ട് ഇന്ത്യയിലാണ് അവര്‍ പ്രധാനമായും നിലനിന്നിരുന്നത്. ഇന്ത്യന്‍ മാവോയിസ്റ്റ് പാര്‍ട്ടി നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചേര്‍ന്നുകൊണ്ട് ദണ്ഡകാരണ്യ മുതല്‍ ബിഹാര്‍ വഴി നേപ്പാള്‍ വരെ ഒരു ചുവപ്പുപാത സൃഷ്ടിക്കുന്നതിനുള്ള വിശദമായ പദ്ധതിയൊക്കെ തയാറാക്കിയതായിരുന്നു.

നേപ്പാളില്‍ രാജവാഴ്ച അവസാനിക്കുകയും നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തതോടെ ആ പദ്ധതിക്ക് പ്രസക്തിയില്ലാതായി. ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് കഴിഞ്ഞ ഒരു ദശകത്തിലധികമായിട്ട് കേരളം, തമിഴ്നാട്, കര്‍ണാടകം സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ ഒന്നു ചേരുന്ന നിലമ്പൂര്‍, ഗൂഡല്ലൂര്‍, അട്ടപ്പാടി മേഖലകളില്‍ താവളമുണ്ടാക്കാന്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്ര കാലമായിട്ടും ഈ മേഖലകളില്‍ ജനപിന്തുണ നേടാന്‍ അവര്‍ക്കായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ഇപ്പോള്‍ നടന്നത് ഏറ്റുമുട്ടലുകളല്ലെന്നും തണ്ടര്‍ ബോള്‍ട്ടിന്‍റെ ഭാഗത്തുനിന്ന് ഏകപക്ഷീയമായുണ്ടായ ആക്രമണങ്ങളാണെന്നുമുള്ള അഭിപ്രായം ശക്തിപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ പുറത്തുവിട്ട സംഘട്ടനത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നുള്ള ആക്രമണത്തിന്‍റെ യാതൊരു സൂചനയും നല്‍കുന്നില്ല. തണ്ടര്‍ ബോള്‍ട്ടാണ് യഥാര്‍ത്ഥ ആക്രമണകാരികളെന്ന വാദമാണ് ഇതോടെ ശക്തിപ്പെട്ടിരിക്കുന്നത്. സ്ഥിതിഗതികള്‍ ഇത്രയൊക്കെയായിട്ടും നിശ്ശബ്ദത പാലിച്ചുനിന്ന മുഖ്യമന്ത്രി അവസാനം വാതുറന്നത് മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കേണ്ടതില്ലെന്ന ഉപദേശം പത്രക്കാര്‍ക്ക് നല്‍കാനായിട്ടാണ്. വീണ്ടും അടുത്ത ദിവസം അദ്ദേഹം അതോടു കൂട്ടിച്ചേര്‍ത്തത് മാവോയിസ്റ്റുകളെ ആട്ടിൻകുട്ടികളായി ചിത്രീകരിക്കേണ്ടതില്ലെന്നാണ്. അതു തന്നെയാണ് പിണറായി വിജയന്‍റെ പ്രശ്നവും. നേരത്തെ സൂചിപ്പിച്ചതുപോലെ മാവോയിസ്റ്റുകള്‍ക്ക് ലഭിക്കുന്ന, അഥവാ അങ്ങിനെ തോന്നിപ്പിക്കുന്ന വിപ്ലവ പരിവേഷമാണ് പിണറായിയെ പ്രകോപിപ്പിക്കുന്നത്. വേരുറച്ചുപോയ ഇത്തരം ധാരണകള്‍ തിരുത്തുക എളുപ്പമല്ല.

ഈ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അനവധി പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും ഏറ്റവും ഗൗരവമേറിയ രണ്ടു കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം. ഒന്ന്, നടന്നത് കപട ഏറ്റുമുട്ടലുകളാണെന്ന സംശയമാണ്. ഈ സംശയത്തെ സാധൂകരിക്കുന്ന തെളിവുകളാണ് കൂടുതലായി വന്നുകൊണ്ടിരിക്കുന്നത്. യാഥാര്‍ത്ഥ്യം അതാണെങ്കില്‍ സ്ഥിതി ഗുരുതരമാണ്. ഒരു ജനാധിപത്യ ഭരണസംവിധാനത്തിന്‍റെ ഭാഗത്തുനിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയാണത്.

തിരുത്തുക അസാധ്യമാണല്ലോ. കൊല്ലപ്പെട്ടവരെ പുനരുജ്ജീവിപ്പിക്കാന്‍ പറ്റില്ലല്ലോ. പക്ഷെ ഇത്തരം ചെയ്തികള്‍ ആവര്‍ത്തിക്കപ്പെടാതെ നോക്കേണ്ടത് ജനാധിപത്യ ഭരണത്തിന്‍റെ ഉത്തരവാദിത്തമാണ്. രണ്ട്, മാവോയിസ്റ്റ് ലഘുലേഖകള്‍ കൈവശം വയ്ക്കുന്നതും മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും കുറ്റകൃത്യമല്ലെന്നു ആവര്‍ത്തിച്ചുള്ള കോടതി വിധികളുണ്ടായിട്ടും ഇതേ കാര്യങ്ങളുടെ പേരില്‍ രണ്ടു ചെറുപ്പക്കാരുടെ പേരില്‍ യു.എ.പി.എ. ചുമത്തപ്പെട്ടിരിക്കുന്നു. ഈ വീഴ്ച ഉടനടി തിരുത്താവുന്നതാണ്. ആ ചെറുപ്പക്കാര്‍ക്കെതിരായ അന്യായമായ കേസ് പിന്‍വലിച്ചാല്‍ മതി.

ഈ രണ്ടു തിരുത്തലുകളും നടക്കാനുള്ള യാതൊരു സാധ്യതയും നിലവിലില്ല. ഈ തിരുത്തലുകള്‍ നടത്തേണ്ട ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി ഇത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമായ ജനാധിപത്യ രീതികള്‍ സ്വീകരിച്ചു കണ്ടിട്ടില്ല. ഇനി അതു സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാന്‍ തക്ക സാഹചര്യമൊന്നുമില്ലതാനും. അദ്ദേഹം അധികാരത്തില്‍ വന്നശേഷം ജനങ്ങളുടെ പോകട്ടെ സ്വന്തം പാര്‍ട്ടിക്കാരുടെ പോലും അഭിപ്രായങ്ങള്‍ക്ക് ചെവി കൊടുക്കാതെ സ്വന്തമായി തീരുമാനങ്ങളെടുത്തു നടപ്പിലാക്കുന്ന രീതിയാണ് പ്രയോഗിച്ചു കണ്ടിട്ടുള്ളത്.

പോലീസ് മേധാവികളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും നിര്‍ദേശങ്ങള്‍ക്കപ്പുറത്തേക്ക് അദ്ദേഹം അല്‍പ്പം പോലും നീങ്ങുകയില്ലെന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ കാണിക്കുന്നത്. വിപ്ലവരാഷ്ട്രീയത്തിലൂടെയും സമരങ്ങളിലൂടെയും കടന്നുവന്ന ഒരാളുടെ ഈ രീതിയിലുള്ള പരിണാമം അമ്പരപ്പിക്കുന്നതാണെങ്കിലും യാഥാര്‍ത്ഥ്യമാണ്.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Maoists uapa pinarayi vijayan cpm