അഭിനേതാക്കള്‍ തങ്ങളുടെ കഥാപാത്രങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടോ എന്ന ചര്‍ച്ചകള്‍ ഉയരുമ്പോഴെല്ലാം, അതൊരു ഇരുതലമൂര്‍ച്ചയുള്ള വാളായാണ് എനിക്ക് തോന്നിയിട്ടുള്ളത്. കഥാപാത്രം ആവശ്യപ്പെടുന്ന ഘടകങ്ങളോട് എങ്ങനെയാണ് ഒരു നടന് മുഖം തിരിക്കാന്‍ കഴിയുക? അതൊരു നടന്റെ സര്‍ഗാത്മക സ്വാതന്ത്ര്യമായാണ് കരുതുന്നത്. എല്ലാം തികഞ്ഞ ഒരു യൂട്ടോപ്യന്‍ ലോകത്തല്ല നമ്മള്‍ ജീവിക്കുന്നത്. അതിനാല്‍ തന്നെ യഥാര്‍ത്ഥ ലോകത്തിന്റെ ദുഷിപ്പുകളെക്കൂടി പ്രതിനിധാനം ചെയ്യുന്നതായിരിക്കണം സിനിമ. അതുകൊണ്ട് തന്നെ ‘റീല്‍ വേള്‍ഡിലും’ ‘റിയല്‍ വേള്‍ഡിലും’, യഥാര്‍ത്ഥ ജീവിതത്തിലെ മോശം കഥാപാത്രവും , ഭാവനാലോകത്തെ മോശം കഥാപാത്രവും സിനിമയില്‍ ചിത്രീകരിക്കപ്പെടണം. തന്റെ സഹപ്രവര്‍ത്തക അതിക്രൂരമായി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജ് പ്രഖ്യാപിക്കുകയുണ്ടായി സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ആഘോഷിക്കപ്പെട്ട സിനിമകളുടെ ഭാഗമായതില്‍ ഖേദമുണ്ടെന്നും ഇനി അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്നും. എനിക്ക് ശരിക്കും അത്ഭുതമാണ് തോന്നിയത്. ഒരു പ്രത്യേക കഥാപാത്രം അതാവശ്യപ്പെടുന്നുണ്ടെങ്കില്‍ എങ്ങനെയാണ് ഒരു അഭിനേതാവിന് പറയാന്‍ കഴിയുക, താനത് ചെയ്യില്ലെന്ന്.

ആ ചിന്താഗതി പക്വതയാര്‍ന്ന പ്രേക്ഷക സമൂഹത്തില്‍ മാത്രമായിരിക്കും പ്രാവര്‍ത്തികമാകുകയെന്നാണ് ഞാന്‍ കരുതുന്നത്. താരനിബിഡമായ സംസ്‌കാരത്തില്‍ താരത്തിന്രെ വികാരത്തിന് മുറിവേറ്റുവെന്ന തോന്നലുണ്ടായല്‍, ആര്‍ക്കെതിരെയും ആ ആരാധാകക്കൂട്ടം വിനാശകരവും അവഹേളനപരവുമായ രീതിയില്‍ അലറിവളിക്കുകയും ചെയ്യും

മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട് നടി പാര്‍വ്വതി നടത്തിയ നിരീക്ഷണത്തെക്കുറിച്ച് ആവശ്യത്തിനു ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. പാര്‍വ്വതിയുടെ നിരീക്ഷണത്തെ ആരെങ്കിലും മുഖവിലയ്ക്കെടുക്കാതിരുന്നിട്ടുണ്ടെങ്കില്‍ പാര്‍വ്വതി പറഞ്ഞതെല്ലാം ശരിയാണെന്ന് മമ്മൂട്ടി ആരാധകര്‍ തന്നെ തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ പാര്‍വതിക്കെതിരായി ആരാധകര്‍ എന്നു വിളിക്കപ്പെടുന്ന ഇക്കൂട്ടര്‍ നടത്തുന്ന തീര്‍ത്തും നികൃഷ്ടമായ അഭിപ്രായപ്രകടനങ്ങളും ആക്രമണങ്ങളും എന്നില്‍ ഒട്ടും ഞെട്ടലുളവാക്കുന്നില്ല.

Parvathy

തുറന്നവേദിയില്‍ ഏറ്റവും മാന്യമായ രീതില്‍ പാര്‍വതി നടത്തിയ അഭിപ്രായത്തെ തുടര്‍ന്ന് അവര്‍ നേരിടേണ്ടിവന്ന ഈ സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിയുടെ കീഴില്‍ വരുന്ന ആഭ്യന്തരവകുപ്പ് ഇതുവരെ ഒരു നടപടിയും എടുക്കാത്തതിലും എനിക്ക് ഞെട്ടലില്ല. സിപിഎമ്മോ എല്‍ഡിഎഫോ ഇതുവരെ പാര്‍വ്വതിക്ക് പിന്തുണയുമായി രംഗത്തെത്താത്തതിലും എനിക്ക് ഞെട്ടില്ല.

ഇടതുസഹയാത്രികനായ മമ്മൂട്ടിയോട് പാര്‍വ്വതിയെ പിന്തുണക്കാന്‍ ഈ പാര്‍ട്ടി ആവശ്യപ്പെടാത്തതിലും എനിക്ക് അത്ഭുതമില്ല.

സിനിമാക്കാരോ രാഷ്ട്രീയപ്രവര്‍ത്തകരോ മാധ്യമപ്രവര്‍ത്തകരോ പാര്‍വതിയെ പിന്തുണച്ചെത്താത്തതിലും സൂപ്പര്‍സ്റ്റാറിനോട് തന്റെ ആരാധകരെ നിലയ്ക്കു നിര്‍ത്താന്‍ പറയാത്തതിലും എനിക്ക് അത്ഭുതമില്ല.

എന്നെ ഞെട്ടിക്കുന്നത് മമ്മൂട്ടിയുടെ നിശബ്ദത മാത്രമാണ്. അദ്ദേഹത്തിന്റെ ആരാധകരെന്നു പറയുന്നവര്‍ പാര്‍വതിക്കെതിരെ പരസ്യമായി കൊലപാതക-ബലാത്സംഗ ഭീഷണികള്‍ മുഴക്കുന്നത് അദ്ദേഹം അറിഞ്ഞിട്ടില്ലേ എന്നാണ് ഞാന്‍ സംശയിക്കുന്നത്. അദ്ദേഹം ഇനി സോഷ്യല്‍മീഡിയയില്‍ നടക്കുന്നതൊന്നും ശ്രദ്ധിച്ചിട്ടില്ലെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ അല്ലെങ്കില്‍ നടനും അദ്ദേഹത്തിന്റെ മകനുമായ ദുര്‍ഖര്‍ സല്‍മാനോ അങ്ങനെ ആരെങ്കിലും പറഞ്ഞെങ്കിലും മമ്മൂട്ടി ഇത് അറിഞ്ഞു കാണില്ലേ?

നമ്മളറിയുന്ന മമ്മൂട്ടി, പാലിയേറ്റീക് കെയര്‍ മുന്നേറ്റങ്ങളിലെല്ലാം നേതൃനിരയില്‍ നിന്ന മമ്മൂട്ടി ഇതല്ല. അയാള്‍ അനുകമ്പയുള്ളവനായിരുന്നു, ആദരണീയനായിരുന്നു, ആളുകളെ പരിഗണിച്ചിരുന്നവനും പ്രശസ്തിക്കുവേണ്ടി കാണിച്ചുകൂട്ടലുകള്‍ നടത്താത്തവനുമായിരുന്നു. ദശാബ്ദങ്ങളായി കോഴിക്കോട് പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ തണലായിരുന്നു അദ്ദേഹം എന്നത് പലര്‍ക്കും അറിഞ്ഞുകൂട. അവിടുത്തെ ആവശ്യങ്ങള്‍ക്ക് പണം സ്വരൂപിക്കാനായി അദ്ദേഹം തുണിക്കടകളുടെ ഉദ്ഘാടനത്തിനു വരെ പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു.

അങ്ങനെയൊക്കെ നമ്മള്‍ കണ്ട, നമുക്കറിയാവുന്നു ആ മനുഷ്യന്‍ ഈ അവസരത്തില്‍ ഇങ്ങനെ നിശബ്ദനാകരുത്. അദ്ദേഹം മുന്നോട് വന്ന് ആരാധകരോട് പറയാന്‍ തയ്യാറാകണം ഇതല്ല താന്‍ അവരില്‍ നിന്നും പ്രതീക്ഷിക്കുന്നതെന്ന്. നമുക്കറിയാവുന്ന മമ്മൂട്ടി വന്നു ആരാധകരോട് പറയണം താന്‍ ഈ ബലാത്സംഗ സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും, തന്റെ ആരാധര്‍ അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിനോട് വിയോജിപ്പാണെന്നും.

അദ്ദേഹത്തിന്റെ തന്നെ സഹപ്രവര്‍ത്തക അതിക്രൂരമായി ആക്രമിക്കപ്പെട്ടിട്ട് ഒരുവര്‍ഷം പോലും ആയില്ല. അത്തരം ആക്രമണങ്ങള്‍ വെറും സിനിമാ കഥകളല്ല. പാര്‍വതിക്കെതിരായി അദ്ദേഹത്തിന്റെ ആരാധകര്‍ നടത്തുന്ന ട്രോളുകളും ആക്രമണങ്ങളും കാണുമ്പോള്‍ അവരുടെ ജീവനെക്കുറിച്ച് എനിക്ക് പേടി തോന്നുന്നുണ്ട്. ഒരുകൂട്ടം ആളുകളൊന്നും വേണ്ട, ആരാധന തലയ്ക്കു പിടിച്ച ഒരാള്‍ മതി അവരുടെ ജീവനെ അപായപ്പെടുത്താന്‍.

പ്രിയപ്പെട്ട മമ്മൂട്ടി, നിങ്ങളുടെ ആരാധകരുടെ പെരുമാറ്റത്തില്‍ നിങ്ങള്‍ക്കൊരു ഉത്തരവാദിത്തവും തോന്നുന്നില്ല എന്നത് എന്നെ ഞെട്ടിക്കുന്നു. നിങ്ങളുടെ മൗനം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു. ഈ നിശബ്ദത ഒട്ടും മഹത്തരമല്ല. ഞങ്ങളെപ്പോലുള്ള സാധാരണക്കാരെ ഈ നിശബ്ദത ഭയപ്പെടുത്തുന്നുണ്ട്. ഒരു പൊതു ഇടത്തില്‍ പാര്‍വതി സ്വീകരിച്ച നിലപാട് താങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചുവെന്ന് കരുതിയല്ല ഈ മൗനം എന്നു ഞാന്‍ കരുതുന്നു. പാര്‍വതി ഏത് അവസരത്തിലാണ് അത്തരത്തില്‍ സംസാരിച്ചതെന്ന് താങ്കള്‍ മനസ്സിലാക്കുമെന്നു കരുതുന്നു. താങ്കളിലെ മാന്യനായ മന്ുഷ്യനെ വീണ്ടും കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അല്ലെന്നുണ്ടെങ്കില്‍ താഴെ കാണുന്ന രണ്ടു ലിങ്കുകളും ഒന്നു പരിശോധിക്കുന്നത് നല്ലതാണ്.

കസബയിലെ രംഗം

പാര്‍വതി സംസാരിച്ച ഓപ്പണ്‍ ഫോറത്തിലെ ഭാഗം

സൂപ്പര്‍സ്റ്റാര്‍ അദ്ദേഹത്തിന്റെ മൗനം ഭേദിച്ച് മുന്നോട്ടു വരണമെന്നും, താങ്കളോട് ഞങ്ങള്‍ക്കുള്ള ബഹുമാനം താങ്കള്‍ അര്‍ഹിക്കുന്നതുതന്നെയാണെന്ന് തെളിയിക്കുമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. കുറഞ്ഞപക്ഷം ആരാധകരെ പറഞ്ഞ് മനസ്സിലാക്കുമെന്നെങ്കിലും. പാര്‍വതി ഒരുപക്ഷെ പ്രതീക്ഷിക്കുന്നുണ്ടാകില്ല, മമ്മൂട്ടി തന്നെ വിളിച്ച് പിന്തുണ
അറിയിക്കുമെന്നൊന്നും.

പക്ഷെ ഞങ്ങളെപ്പോലുള്ള ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. സമൂഹത്തിന്റെ നനാത്വത്തിലും, ബഹുസ്വരതയിലും വിശ്വസിക്കുന്ന ഞങ്ങള്‍ക്ക് ആ ഒരു ഫോണ്‍ കോള്‍ മതിയാകും.

പരസ്പരബഹുമാനവും, ആദരവും പുലര്‍ത്തുന്ന ഒരു ലോകത്തിനു വേണ്ടി മുന്നോട്ടു വരൂ. വെറും നിസ്സാരനായി മാറരുത്. താങ്കളുടെ പാരമ്പര്യം അനുകമ്പയുടേയും, ആദരവിന്റെയും, ഉത്തരവാദിത്തത്തിന്റേതുമാക്കട്ടെയെന്നു പ്രതീക്ഷിക്കുന്നു.

ഗോപിനാഥ് പാറയിൽ എഴുതിയത്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ