സംഘപരിവാര്‍ , ബാബറി മസ്ജിദ് തകർത്തതിനു ശേഷമുള്ള സംഘര്‍ഷഭരിതമായ കാലത്താണ് കേരളത്തിലെ മുസ്ലിം രാഷ്ട്രീയം കൂടുതല്‍ ചലനാത്മകമായത്. ഒരേ സമയം അത് മുസ്ലിം സാമുദായിക രാഷ്ട്രീയത്തോടും ദേശീയതാ രാഷ്ട്രീയത്തിന്റെ ഇടതു,വലതു സമവായങ്ങളോടും പുതിയ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ഇങ്ങിനെ വികസിച്ച വിമര്‍ശന രാഷ്ട്രീയം പക്ഷെ ബാബറി മസ്ജിദ് തകര്‍ത്തത്തിനു ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ തികയുമ്പോള്‍ എവിടെ എത്തിനിൽക്കുന്നു? മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പ് ബാബരിയനന്തര മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയം എത്തിപെട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ വെളിവാക്കുന്നുണ്ടോ?

ദേശീയ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റ കീഴില്‍ ഒതുങ്ങിനിന്നുകൊണ്ട് മുസ്ലിം സാമുദായിക അഭിമാനവും അസ്തിത്വവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് നഷ്ടപ്പെടുത്തിയെന്നു വിമര്‍ശനമുന്നയിച്ചാണ് ഇബ്രാഹിം സുലൈമാന്‍ സേഠിന്റെ നേതൃത്വത്തിൽ ഇന്ത്യന്‍ നാഷണല്‍ ലീഗ് ( ഐ എന്‍ എല്‍) രൂപീകരിക്കപെട്ടത്‌. ബാബറി മസ്ജിദ് തകര്‍ക്കാന്‍ കൂട്ടുനിന്ന നരസിംഹ റാവുവിന്റെ കോൺഗ്രസിനെ എല്ലാം മറന്നു പിന്തുണച്ച മുസ്ലിം ലീഗിനോടുളള മാത്രം വിമര്‍ശനമായിരുന്നില്ല ഐ എന്‍ എല്ലിന്റെ രൂപീകരണത്തില്‍ കലാശിച്ചത്. മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന് കൈമോശം വന്ന ജനാധിപത്യ സ്വയംനിര്‍ണയവകാശത്തിന്റെയും സ്വാഭിമാനത്തിന്റെയും രാഷ്ട്രീയമായിരുന്നു ഐ എന്‍ എല്ലിനെ സാധ്യമാക്കിയത്.

പതുക്കെയെങ്കിലും ഐ എന്‍ എല്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയത്തോടു സമരസപ്പെടുകയും അഭിമാനം , സ്വയംനിര്‍ണയം, അസ്തിത്വം തുടങ്ങിയ ന്യൂനപക്ഷ രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ കയ്യൊഴിയുകയും ചെയ്തു. അങ്ങിനെ ഇരുപത്തഞ്ചു വര്‍ഷത്തിനു ശേഷം മലപ്പുറം ഉപതിരഞ്ഞെടുപ്പ് എത്തുമ്പോള്‍ ഐ എന്‍ എല്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സാമൂഹിക തലത്തെക്കൂടി പ്രതിനിധീകരിക്കുന്ന ഒരു മുസ്ലിം ന്യൂനപക്ഷ പ്രസ്ഥാനം എന്ന നിലയില്‍ നിന്ന് ഏറെ മാറിപ്പോയിരിക്കുന്നു. രാഷ്ട്രീയ എതിരാളിയായ മുസ്‌ലിം ലീഗിനെ എങ്ങിനെയും ആക്രമിക്കുന്ന ഈഗോ രാഷ്ട്രീയത്തിന്റെ (ego politics) തലത്തിലേക്ക് മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തെ അവര്‍ ചുരുക്കി എഴുതുകയും ചെയ്തു. അങ്ങിനെ സാമുദായിക രാഷ്ട്രീയത്തെ സാമൂഹികമായും രാഷ്ട്രീയമായും വിപുലീകരിക്കുന്നതിനു പകരം അന്തര്‍- സാമുദായിക മത്സരങ്ങളില്‍ അഭിരമിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയായി ഐ എന്‍ എല്‍ മാറിപ്പോയിരിക്കുന്നു.

ഐ എന്‍ എല്ലിന്റെ ഈ അവസ്ഥ അറിയുന്ന സി പി എം ആവട്ടെ ഇടതുമുന്നണിയില്‍ മാന്യമായ ഒരു പങ്കും നല്‍കാതെ തരാതരം പോലെ അവരെ ഉപയോഗിക്കുകയും ചെയ്യുന്നു. അതും പോരാഞ്ഞ് ഹിന്ദുത്വയുടെ ദേശീയതവാദം ഉണ്ടാക്കുന്ന മുസ്ലിംഭീതിയുടെ അതെ വ്യാകരണത്തിനുള്ളില്‍ നിന്നുകൊണ്ട് ഐ എന്‍ എല്ലിനെ മുസ്ലിം തീവ്രവാദമുദ്രയുടെ നിഴലില്‍ നിലനിർത്തി ഇടതുരാഷ്ട്രീയം മുന്നോട്ടുപോവുകയും ചെയ്യുന്നു.
ഈ ഉപതിരഞ്ഞെടുപ്പില്‍ പതിവുപോലെ ഐ എന്‍ എല്‍ ഇടതുമുന്നണിക്ക് വോട്ടു പതിച്ചു നല്‍കുന്ന കാഴ്ചയാണുള്ളത്. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനു പിണറായി വിജയന്‍ മലപ്പുറം കിഴക്കേതലയില്‍ പ്രസംഗിക്കുമ്പോള്‍ വേദിക്കരികെ ചെങ്കൊടിക്കൊപ്പം ഐ എന്‍ എല്ലിന്റെ പച്ചക്കൊടിയും കാണാമായിരുന്നു. മുസ്ലിം ലീഗ് ആവട്ടെ സുലൈമാൻ സേഠിന്റെ മകന്‍ മുതല്‍ കഴിയുന്നത്ര ഐ എന്‍ എല്‍ നേതാക്കളെ അടര്‍ത്തിയെടുത്തു തങ്ങളുടെ രാഷ്ട്രീയ മുന്നറ്റത്തെ ശക്തമാക്കാന്‍ ശ്രമിക്കുകയും മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തെ മറികടക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ഐ എന്‍ എല്ലില്‍ നിന്ന് വ്യത്യസ്തമായി അവര്‍ണന് അധികാരം, പീഡിതനു മോചനം എന്ന ബഹുജന്‍ രാഷ്ട്രീയ മുദ്രാവാക്യവുമായി കടന്നുവന്ന പീപിൾസ് ഡെമോക്രാറ്റിക പാർട്ടി (പി ഡി പി) യാണ് ബാബരിയനന്തര മുസ്ലിംന്യൂനപക്ഷ രാഷ്ട്രീയമണ്ഡലത്തിലെ മറ്റൊരു പ്രധാന തിരുത്തല്‍ ശക്തിയെന്ന പ്രതീക്ഷ നൽകിയത്. ഐ എന്‍ എല്ലിന് സാധ്യമാകാത്ത രീതിയില്‍ മറ്റു കീഴാള സമുദായങ്ങളെ അഭിസംബോധന ചെയ്യാനും രാഷ്ട്രീയ,സാമുദായിക ഐക്യങ്ങള്‍ സാധ്യമാക്കാനും സാധിച്ച ആദ്യത്തെ മുസ്ലിം ന്യൂനപക്ഷ സ്വഭാവമുള്ള പാര്‍ട്ടിയായിരുന്നു പി ഡി പി. ഇടതുമുന്നണി, ഐക്യമുന്നണി എന്ന മലയാളി രാഷ്ട്രീയ സമവാക്യത്തിന്റെ ജാതി,സാമുദായിക അടിത്തറയെ ചോദ്യം ചെയ്യാനും അവര്‍ക്ക് സാധിച്ചിരുന്നു. കേരളത്തില്‍ മറ്റൊരു കീഴാള ബദലിനെക്കുറിച്ചു സംസാരിച്ചിരുന്ന പി ഡി പി വ്യത്യസ്തമായ ജനാധിപത്യ രാഷ്ട്രീയത്തിന്റെ പ്രതീക്ഷകള്‍ ഉണര്‍ത്തിയിരുന്നു.

തീര്‍ച്ചയായും പി ഡി പിയുടെ ചരിത്രത്തില്‍ തിരിച്ചടികള്‍ ധാരാളം ഉണ്ട്. മഅ്ദനിയുടെ ജയില്‍വാസം അടക്കമുള്ള രാഷ്ട്രീയ വിഷയങ്ങള്‍ അവര്‍ക്ക് പ്രധാനമായിരുന്നു. അത് മറ്റു രാഷ്ട്രീയ അജണ്ടകളെ വികസിപ്പിക്കുന്നതിനെ ബാധിച്ചുവെന്നാണ് കരുതേണ്ടത്. എന്നാല്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജയില്‍വാസത്തിനു ശേഷം വ്യത്യസ്തമായ ഒരു രാഷ്ട്രീയ മുന്നോട്ടുപോക്കിന്റെ സാധ്യതകളെ ആരായാനോ ബഹുജന്‍ രാഷ്ട്രീയത്തിന്റെ ആശയവികാസത്തിന്റെ പ്രശ്നങ്ങള്‍ ഉള്‍കൊള്ളാനോ പി ഡി പിക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ അവര്‍ പൂര്‍ണമായും കേരളത്തിലെ മുന്നണി സമവാക്യങ്ങളുടെ ഭാഗമായിരിക്കുന്നു. കഴിഞ്ഞ ഒരു ദശകത്തോളമായി പുതിയ രാഷ്ട്രീയ പ്രശ്നഇടങ്ങള്‍ തുറക്കുന്നതില്‍ പരാജയപെട്ട പി ഡി പി, മുസ്ലിം സമുദായ വിമര്‍ശനം എന്ന ഈസി പൊസിഷനില്‍ നിന്നുകൊണ്ട് മുസ്ലിം ലീഗിനെ മാത്രം വിമര്‍ശിക്കുന്ന രാഷ്ട്രീയത്തിലേക്ക് ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.

പി ഡി പിയും ഐ എന്‍ എല്ലും ബാബറിയനന്തര മുസ്ലിം നവ രാഷ്ട്രീയത്തിന്റെ ആദ്യഘട്ടത്തെ പ്രതിനിധീകരിച പാര്‍ട്ടികള്‍ ആയിരുന്നു. ഇന്ന് അവര്‍ സി പി എം /ലീഗ് രാഷ്ട്രീയ വടംവലിയുടെ ഭാഗമായി മാറുകയും ലീഗ് വിരുദ്ധത മാത്രം മുഖമുദ്രയാക്കി വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഭാവനാശേഷികുറഞ്ഞ ഈ പാര്‍ട്ടികളുടെ പുതിയ നേതൃത്വമാകട്ടെ അണികളുടെ മുഖ്യ പരിഗണനയായ പ്രാദേശിക സാഹചര്യങ്ങളിലെ പ്രശ്നങ്ങളില്‍ മാത്രം ഇടപെട്ടു പിടിച്ചുനില്കുന്നു . മിക്കപ്പോഴും പ്രാദേശിക ലീഗ് നേത്രത്വവുമായുള്ള വടം വലികളില്‍ പെട്ടുഴലുന്ന ഐ എന്‍ എല്ലിനു രാഷ്ട്രീയ ദിശാബോധം നഷ്ടപ്പെട്ടുവെന്നാണ് കാണുന്നത്.

പി ഡി പിയും സമാനമായ പ്രാതിസന്ധികള്‍ കാരണം വഴിമുട്ടി നില്കുകയാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഈ ഉപതിരഞ്ഞെടുപ്പിന്റെ മൂന്നു ദിവസം മുമ്പ് പി ഡി പി പരസ്യമായി പിന്തുണകൊടുത്തിട്ടും അവരെ തീവ്രവാദി എന്ന് വിളിച്ചാക്ഷേപിച്ച സി പി എം നേതാക്കളുടെ സമീപനം. ഇതിനെതിരെ പി ഡി പി നേതാക്കള്‍ മൗനം പാലിച്ചതായാണ് കാണുന്നത്. തീവ്രവാദ ആരോപണം സി പി എം നേതാവ് എ വിജയരാഘവന്റെ മുസ്ലിം വിരുദ്ധ ബോധമായി ചുരുക്കാനാണ് പി ഡി പി നേതാവ് പൂന്തുറ സിറാജ് ശ്രമിച്ചത്. സി പി എമ്മിന്റെ തീവ്രവാദരോപണം സി പി എം നേത്രത്തിലെ ചില വ്യക്തികളുടെ ആശയക്കുഴപ്പം മാത്രമാണ് എന്നാണ് പി ഡി പി ജിലാ പ്രസിഡന്റ് സലാം മൂന്നിയൂര്‍ പറയുന്നത്. എന്നാല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു തിരഞ്ഞെടുപ്പിന്റെ നിര്‍ണായക സാഹചര്യമായിട്ടുപോലും സി പി എം നേതാക്കള്‍ തിരുത്തിയിട്ടില്ലെന്നത് പി ഡി പിക്കാര്‍ നോക്കുന്നില്ല. ഇതൊക്കെ വ്യക്തമാകുന്നത് മുസ്ലിം സാമുദായിക രാഷ്ട്രീയത്തിന്റെ ആദ്യ ഘട്ട പരീക്ഷങ്ങള്‍ എത്തിപെട്ട പ്രതിസന്ധികളിലേക്കാണ്.
പി ഡി പി, ഐ എന്‍ എല്‍ തുടങ്ങിയ പാര്‍ട്ടികള്‍ സാധ്യമാക്കിയ ബഹുസ്വരമായ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭൂമികയിലേക്കാണ് സോഷ്യല്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും വെല്‍ഫയര്‍ പാര്‍ട്ടിയും കടന്നുവന്നത്. പുതിയൊരു മുസ്ലിം രാഷ്ട്രീയത്തിന്റെ സാധ്യത ഈ രണ്ടാം ഘട്ടത്തിലെ പ്രസ്ഥാനങ്ങള്‍ പരീക്ഷിച്ചിരുന്നു. മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയം, ദളിത്‌ ബഹുജന്‍ രാഷ്ട്രീയം തുടങ്ങിയ അജണ്ടകളെ വികസിപ്പിക്കുന്നതോടൊപ്പം തന്നെ മനുഷ്യാവകാശം, പരിസ്ഥിതി, ഭൂമി, അവകാശ രാഷ്ട്രീയം തുടങ്ങിയ നവ സാമൂഹിക വ്യവഹരാങ്ങളുടെ മേഖലയിലാണ് ഈ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഇടപെടാന്‍ തുടങ്ങിയത്. 2001 സെപ്തംബര്‍ 11 നു ശേഷം ഏറെ ശക്തിപ്പെട്ട മുസ്ലിം ന്യൂനപക്ഷത്തിനെതിരായ ഭീകരവേട്ടയുടെ രാഷ്ട്രീയത്തെ തുറന്നു കാണിക്കാനും ദളിത്‌ ബഹുജനങ്ങള്‍ നടത്തുന്ന ഭൂമിക്ക് വേണ്ടിയുള്ള സമരത്തില്‍ ഐക്യപ്പെടാനും പാർലമെന്റേതര ഇടതു രാഷ്ട്രീയത്തോടു ദേശീയ സ്വയംനിര്‍ണവയകാശത്തിന്റെ പ്രശ്നങ്ങളില്‍ ഒന്നിച്ചുനില്‍ക്കാനും ഈ മുസ്ലിം നവരാഷ്ട്രീയത്തിന് പ്രായോഗികമായി തന്നെ സാധിച്ചിട്ടുണ്ട്. എന്നാല്‍ പി ഡി പി, ഐ എന്‍ എല്‍ ഒക്കെ ഉണ്ടാക്കിയെടുത്ത പോപുലിസ്റ്റ് രാഷ്ട്രീയ തരംഗം ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഇതവരെ പാര്‍ലമെന്റരി നേട്ടങ്ങളില്‍ കൊണ്ടെത്തിച്ചില്ല. ഇത് സ്വന്തം അണികളില്‍ ഉണ്ടാക്കുന്ന നിരാശ പാര്‍ട്ടികളുടെ ബഹുജന അടിത്തറയുടെ വിപുലീകരണത്തെ സാരമായി ബാധിക്കുന്നുണ്ട്.

മുസ്ലിം ലീഗ് ആവട്ടെ പുതിയ സാമൂഹ്യ അജണ്ടകളെ സ്വാംശീകരിക്കാനും നവ രാഷ്ട്രീയ മുദ്രാവാക്യങ്ങളെ ഉപരിപ്ലവമായെങ്കിലും അംഗീകരിക്കാനും പല രീതിയില്‍ തയ്യാറാവുന്നുണ്ട്. മുസ്ലിം ലീഗിന്റെ ദുരിതാശ്വാസ പരിപാടികളും പരിസ്ഥിതി രാഷ്ട്രീയത്തെക്കുറിച്ച വാചകമടികളും ഇ ടി മുഹമ്മദ് ബഷീറിന്റെ നേത്രത്വത്തില്‍ യു എ പി എക്കെതിരെ നടത്തിയ പോരാട്ടവും ഈ പ്രവണതയുടെ ഭാഗമാണ്. മുസ്‌ലിം നവരാഷ്ട്രീയത്തിന്റെ ചലനങ്ങളെ പല രീതിയില്‍ അനുകരിക്കാനും അത്തരം മുദ്രാവാക്യങ്ങളെ ഏറ്റെടുക്കാനും തയ്യാറാവുന്ന മുസ്ലിം ലീഗ്, സ്വന്തം നിലപാട് രാഹിത്യത്തെകൂടി പുറത്തുകൊണ്ട് വരുന്നുണ്ട്. മുസ്ലിം രാഷ്ട്രീയത്തിന്റെ അജണ്ടകളെ നിര്‍ണയിക്കുന്ന പാര്‍ട്ടി ഇപ്പോള്‍ മുസ്ലിം ലീഗല്ല എന്നത് വ്യക്തമാണ്.

മുസ്ലിം രാഷ്ട്രീയം ഇങ്ങിനെ വൈവിധ്യമായ രാഷ്ട്രീയ പ്രക്രിയയിലൂടെ കടന്നു പോകുമ്പോള്‍ പക്ഷെ മതേതരത്വം, വര്‍ഗീയത തുടങ്ങിയ ലളിത ദ്വന്ദങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് സി പി എമ്മിന്റെ മുസ്ലിം വായനകള്‍. സ്വയം സംഘടിക്കുന്ന മുസ്ലിമിനെപറ്റി ഇന്ത്യന്‍ ദേശീയത വിഭജനകാലത്ത് ഉണ്ടാക്കിയ ഭീതിയില്‍ നിന്ന് ഒരടി മുന്നോട്ടു പോകാന്‍ സി പി എമ്മിനു സാധിച്ചിട്ടില്ല എന്ന് സാരം. ന്യൂനപക്ഷത്തെ ഇപ്പോഴും അസംഘടിതമായ ആള്‍കൂട്ടമായാണ് സി പി എം വിഭാവന ചെയ്യുന്നത്. രാഷ്ട്രീയചോദ്യങ്ങള്‍ സാധ്യമായ ഇടം എന്ന നിലയില്‍ മുസ്ലിം സാമുദായിക ജീവിതത്തെ കാണാന്‍ അവര്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മുസ്ലിം പ്രസ്ഥാനങ്ങളുടെ ചലനാത്മകത എന്ന പ്രശ്നത്തെ അവര്‍ക്ക് ഒട്ടും അഭിസംബോധന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഇടക്കാലത്ത് മുഖ്യധാര എന്ന മാസികയിലൂടെ നവമുസ്ലിം രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ സി പി എം ശ്രമിച്ചെങ്കിലും ആ രാഷ്ട്രീയത്തിന്റെ ചലനനിയമങ്ങളെ ഒട്ടും അഭിസംബോധന ചെയ്യുന്ന ഒരു ഭാഷ പ്രദാനം ചെയ്യാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. മലപ്പുറം ഉപതിരഞ്ഞെടുപ്പ് കാലത്ത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാദിനെയും പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളെയും സമീകരിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ ഇടതുരാഷ്ട്രീയത്തിന്റെ ഉള്ളില്‍ നിന്ന് തന്നെ സാധ്യമായ പുരോഗമന ഹിന്ദുവിനെ സ്ഥാപിച്ചെടുക്കുന്ന ദൗത്യമാണ് നിറവേറ്റിയത്. ഇതിന്റെ രാഷ്ട്രീയ മാനങ്ങള്‍ അവിടെ നില്കട്ടെ. ഒരു തിരഞ്ഞെടുപ്പിനെ ഗൗരവമായി കാണുന്ന ഒരു പാര്‍ട്ടി അങ്ങിനെ ഒരു സമീപനം സ്വീകരിക്കുന്നത് ശരിയാണോ?

പല നിരീക്ഷകരും പറയുന്നത് അനിശ്ചിതത്വവും സ്തംഭനാവസ്ഥയും ആവര്‍ത്തന വിരസതയും മുസ്ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മേഖലയില്‍ നിലനിൽക്കുന്നുണ്ട്. ഈ സ്തംഭനാവസ്ഥയെ മറികടക്കുന്ന പുതിയ നീക്കങ്ങള്‍ ഒന്നും മുസ്ലിം ന്യൂനപക്ഷത്തെ ഗൗരവമായി കാണുന്ന നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പോലും നടത്തുന്നില്ല. അതുകൊണ്ട് തന്നെ പുതിയ മുസ്ലിം രാഷ്ട്രീയ മണ്ഡലത്തിന്റെ മേഖലയില്‍ നിന്നുള്ള തലവേദനകള്‍ ഒന്നുമില്ലാതെയാണ് ഇടതു/ഐക്യ മുന്നണികള്‍ ഈ ഉപതിരഞ്ഞെടുപ്പിലൂടെ കടന്നുപോവുന്നത്. ആര് വിജയിച്ചാലും തോറ്റാലും പുതിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ ഒന്നും ചര്‍ച്ച ചെയ്യാത്ത സ്ഥിതി വിശേഷമാണുളളത്. അസാധ്യമായ ഒരു രാഷ്ട്രീയ മുദ്രാവാക്യവും ഇത്തവണ മലപ്പുറത്തില്ലായിരുന്നു.

കൊടിഞ്ഞിയിലെ ഫൈസല്‍, കാസര്‍കോട്ടെ റിയാസ് മൗലവി തുടങ്ങിയവരെ കൊലപ്പെടുത്തി ആര്‍ എസ് എസ്, ബി ജെ പി അടക്കമുള്ളവര്‍ നടത്തുന്ന മുസ്‌ലിം വിരുദ്ധ തെരുവ് ഹിംസയും യു എ പി എ അടക്കമുള്ള ഭരണകൂട ഭീകരതയുടെ വ്യാപനത്തിന്റെ പ്രശ്നങ്ങളും പശുരാഷ്ട്രീയത്തിന്റെ തിരിച്ചുവരവും സാമുദായിക ജീവിതത്തിന്റെ നട്ടെല്ലായ പ്രവാസി തൊഴിലാളികളുടെ ജീവിത ദുരിതങ്ങളും മുസ്ലിം സ്ത്രീ രാഷ്ട്രീയത്തിന്റെ മേലെയുള്ള ദേശീയവാദ ഉത്കണ്ഠകളും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സാംസ്കാരിക അപരവല്കരനത്തിന്റെ പ്രശ്നങ്ങളും ഒക്കെ മുസ്ലിം ന്യൂനപക്ഷത്തെ ജീവിതത്തെ സംഘര്‍ഷഭരിതമാക്കുന്ന കാലമാണ് ഇത്. പക്ഷെ തെരുവില്‍ രാഷ്ട്രീയമായി ഒന്നും പറയാനില്ലാതെ, മനസ്സാക്ഷി വോട്ടും മൗനവുമായി, സ്വയം സൃഷ്‌ടിച്ച ചെറിയ ലോകത്തേക്ക്, ബാബറിയനന്തര മുസ്ലിം രാഷ്ട്രീയത്തിന്റെ രണ്ടാം പരീക്ഷണങ്ങള്‍ സ്വയം പിന്‍വലിഞ്ഞിരിക്കുന്നു. ഈ പിന്‍വലിയല്‍ താല്‍കാലികം മാത്രമാണോ? അതോ ഒരു രാഷ്രീയ പരീക്ഷണത്തിന്റെ അവസാനമാണോ?

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗ് സർവകലാശാലയിൽ റിലീജ്യൻ സ്റ്റഡീസ് വിഭാഗത്തിലെ ഗവേഷകനാണ് ലേഖകൻ 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ