“എന്നെങ്കിലും ഒരു സ്ഫോടനം ഉണ്ടാവുകയോ.. അല്ലെങ്കിൽ ആരെങ്കിലും എന്നെ വെടിവെക്കുകയോ ചെയ്താൽ, ആ വെടിയുണ്ടകൾ എന്റെ നെഞ്ചിലേക്ക് സ്വീകരിച്ചു ഒരു നെടുവീർപ്പു പോലുമില്ലാതെ രാമനാമം ഉച്ചരിച്ചു ഞാൻ മരിച്ചാൽ മാത്രമേ നീ എന്നെ മഹാത്മാവ് എന്ന് പറയാൻ പാടുള്ളു,” 1948 ജനുവരി മാസം ഇരുപത്തിയൊമ്പതാം തീയതി വൈകിട്ട് തന്റെ അനന്തിരവള്‍ മനുവിനോട് മോഹൻദാസ് ഗാന്ധി പറഞ്ഞതാണ് ഈ വാക്കുകൾ. ഇരുപത്തിനാല് മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം നാഥുറാം ഗോഡ്സെ എന്ന യുവാവിന് മുഖാമുഖം നിൽക്കുകയുണ്ടായി.
ബിർള മന്ദിരത്തിലെ അദ്ദേഹത്തിന്റെ താമസസമയത്ത് സർദാർ പട്ടേൽ ചർച്ചകള്‍ ചെയ്യാൻ വരുന്നത് പതിവായിരുന്നു. ഏകദേശം എല്ലാ വൈകുന്നേരങ്ങളിലും ജവാഹർലാൽ നെഹ്രുവും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പട്ടേല്‍ അന്നും എത്തിയിരുന്നതിനാല്‍ ഗാന്ധി പ്രഭാഷണത്തിന് എത്താൻ വൈകി. പതിനാലു വർഷങ്ങൾക്കു മുൻപ് ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗത്വം ത്യജിച്ചിരുന്നെങ്കിലും, പ്രധാന വിഷയങ്ങളിളെല്ലാം അദ്ദേഹത്തോട് എപ്പോഴും കൂടിയാലോചന നടത്തിയിരുന്നു.
തന്റെ ‘ഊന്നു വടികൾ’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്ന അനന്തിരവരായിരുന്ന ആഭയ്ക്കും മനുവിനുമൊപ്പം അദ്ദേഹം ബിർള മന്ദിരത്തിലെ പൂന്തോട്ടത്തിലേക്കു വേഗത്തിൽ എത്തിച്ചേർന്നു. ഗോഡ്സെ കൈകൾ കൂപ്പി അദ്ദേഹത്തിന് നമസ്കാരം പറഞ്ഞു. ഗാന്ധി നിന്നു. പെട്ടെന്ന് മനുവിനെ നിലത്തേക്ക് തള്ളിയിട്ട് ഗോഡ്സെ ഗാന്ധിയുടെ നെഞ്ചിലും വയറിലുമായി മൂന്ന് വെടിയുണ്ടകൾ ഉതിർത്തു. “ഹേ റാ …മാ! ഹേ റാ…” ദുർബ്ബലമായ ശബ്ദത്തിൽ ഇത്രയും താന്‍ കേട്ടതായി മനു അവകാശപ്പെടുന്നു. ഗാന്ധിയെ പിന്തുടർന്നു വന്ന ഒരു സിഖ് യുവാവും ഈ പ്രാർത്ഥന വാക്കുകൾ കേട്ടതായി സാക്ഷ്യപ്പെടുത്തുന്നു. ആഗ്രഹിച്ചത് പോലെ തന്നെ തന്റെ ‘മഹാത്മാപട്ടം’ പ്രമാണീകരിച്ച് കൊണ്ട് ഗാന്ധി മരണപ്പെട്ടു.
ചില വഴിപിഴച്ച യുവാക്കളുടെ അടക്കിവെച്ചിരുന്ന ദേഷ്യവും ഇച്ഛാഭംഗവുമാണ് ഗാന്ധിയുടെ ഭൗതികമായ ഉന്മൂലനത്തിനു പ്രധാന കാരണം. ഗാന്ധിയുടേത് മുസ്ലിം പ്രീണന നയമാണെന്ന് അവർ കണക്കാക്കി എന്നതാണ് ഈ ദേഷ്യത്തിനു കാരണം. പാകിസ്ഥാന് കൊടുക്കേണ്ടിയിരുന്ന പണം നല്‍കാനായി നെഹ്റു മന്ത്രിസഭയെ നിര്‍ബന്ധിച്ചു കൊണ്ട് ജനുവരിയിൽ ഗാന്ധി നടത്തിയ സമരമാണ് അവരിൽ അന്തിമമായ പ്രകോപനമുണ്ടാക്കിയത്. പാകിസ്ഥാൻ ആ പണം ഇന്ത്യയ്ക്ക് എതിരായി പ്രയോഗിക്കുമോ എന്ന സംശയത്തിനാലാണ് ആ ഫണ്ടുകൾ പിടിച്ചുവെച്ചിരുന്നത്.
സുഭാഷ് ബോസ്, വി.ഡി. സർവർക്കാർ ഉൾപ്പെടെ പലർക്കും ഗാന്ധിയോട് വിയോജിപ്പുണ്ടായിരുന്നു. നെഹ്രുവിനു പോലും ഗാന്ധിയുമായി ഗുരുതരമായ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെ വധിക്കാൻ മാത്രമുള്ള വെറുപ്പ് വെറുമൊരു അഭിപ്രായ ഭിന്നതയിൽ നിന്നും ഉണ്ടായതല്ല, മറിച്ചു അങ്ങേയറ്റമെത്തിയ ഇച്ഛാഭംഗത്തിൽ നിന്നും ഉണ്ടായ ദേഷ്യത്തിൽ നിന്നുമാണ് അത് ഉത്ഭവിച്ചത്. “ജീവിതത്തിലെ സുഖങ്ങളോടുള്ള ത്രീവ്രവിരക്തി, നിരന്തരമായ പ്രവർത്തനം, വിശിഷ്ടമായ സ്വഭാവം എന്നിവ ഗാന്ധിയെ ദുർഘടവും ചെറുക്കാനാവാത്തതുമായ ശക്തിയാക്കി മാറ്റി,” ഗോഡ്സെ കോടതി മുമ്പാകെയുള്ള തന്റെ അവസാന സാക്ഷ്യത്തിൽ പറയുന്നു. ഗാന്ധി ശക്തനും ചെറുക്കാനാവാത്തതുമായ ഒരു വ്യക്തിയായിരുന്നു എന്നതിൽ സംശയമില്ല. നെഹ്റു ഗാന്ധിയെപ്പറ്റി ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി, “ഗാന്ധിയുടെ അനുശാസനങ്ങളുടെ ഉള്ളടക്കം സത്യസന്ധതയും, നിർഭയത്വവും, ഇവ രണ്ടും കൂട്ടിയോജിപ്പിച്ച പ്രവർത്തനവുമാണ്. അദ്ദേഹത്തിന്റെ ശബ്ദം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായിരുന്നു. അത് ഒതുങ്ങിയതും താഴ്ന്നതുമായിരുന്നു, എങ്കിലും ഒരു പുരുഷാരത്തിന്റെ ശബ്ദത്തിനേക്കാളും അതുയർന്നു കേട്ടു. അത് മൃദുലവും കുലീനവുമായിരുന്നു എങ്കിൽക്കൂടെ ഉരുക്കിന്റെ ദൃഢത അതിലെവിടെയോ ഒളിഞ്ഞിരുന്നു. സൗഹൃദത്തിന്റേയും സമാധാനത്തിന്റേയും വാക്കുകൾക്കു പിന്നിൽ, തെറ്റിന് അടിമപ്പെടാതിരിക്കാനുള്ള ഉറച്ച തീരുമാനവും നിരന്തരമായ പ്രവർത്തനത്തിന്റെ ശക്തിയുമുണ്ടായിരുന്നു”.
ഗാന്ധിക്ക് തന്റെ മരണത്തെക്കുറിച്ചുള്ള മുന്നറിവുണ്ടായിരുന്നു. ജനുവരി ഇരുപത്തിനു മദൻലാൽ പഹ്വ ബിര്‍ള മന്ദിരത്തില്‍ ഒരു ബോംബ് ആക്രമണം നടത്താൻ ശ്രമിച്ചിരുന്നു. ആ ദിവസത്തിനും, നിയുക്തമായ അവസാന ദിനത്തിനുമിടയിൽ പല തവണ ഗാന്ധി തന്റെ മരണത്തെക്കുറിച്ചു സംസാരിച്ചിരുന്നു. എന്നാൽ ദൃഢചിത്തനായി സുരക്ഷാസന്നാഹങ്ങളെ എതിർത്തു. അഹിംസ ലംഘിക്കുന്നതിനു തുല്യമായിരുന്നു അദ്ദേഹത്തിനത്. സമൂഹം അദ്ദേഹത്തെ ‘ബാപ്പു’ എന്ന് വിളിച്ചു, അച്ഛന്റെ സ്ഥാനത്തുള്ള വ്യക്തിയായി കണ്ടു. ഇന്നത്തെ നേതാക്കളിൽ നിന്നും വിഭിന്നമായി, അദ്ദേഹത്തിന് തന്റെ ജനതയെ പൂർണ വിശ്വാസമായിരുന്നു. “എന്റെ കുട്ടികൾക്ക് തന്നെ എന്നെ വധിക്കണമെങ്കിൽ എനിക്കെങ്ങനെ അവരെ തടയാൻ സാധിക്കും?”
അദ്ദേഹത്തെ ബാപ്പു എന്ന് വിളിച്ചവർ തന്നെ അദ്ദേഹത്തെ വഞ്ചിച്ചു വധിച്ചു, ക്രൂരമായ അപരാധം. അദ്ദേഹത്തെ ബാപ്പു എന്നും മഹാത്മാ എന്നും വിളിച്ച ബാക്കിയുള്ളവരും അദ്ദേഹം മുന്നോട്ടു വെച്ച തത്വങ്ങളെ വഞ്ചിച്ചു.
മീരാബെനിന് പറഞ്ഞു കൊടുത്ത് എഴുതിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാവികാല രൂപരേഖ, ആ വിധിക്കപെട്ട ദിവസത്തിന്റെയന്നു രാവിലെ തന്റെ സഹായിയായ പ്യാരേലാലിനു ബാപ്പു നൽകുകയുണ്ടായി. “കോൺഗ്രസ് അതിന്റെ ഇപ്പോഴത്തെ രൂപത്തിലും സ്ഥിതിയിലും; അതായതു ഒരു പ്രചരണ ഉപാധി എന്ന നിലയ്ക്കും പാർലമെൻററി മെഷീൻ എന്ന നിലയ്ക്കുമുള്ള അതിന്റെ ഉപയോഗത്തെ അതിജീവിച്ചിരിക്കുന്ന, ഇക്കാരണത്താലും മറ്റു സമാന കാരണങ്ങലാലും കോൺഗ്രസ് എന്ന സംഘടനയെ പിരിച്ചു വിട്ടു കൊണ്ട് ഒരു ലോക് സേവക് സംഘായി പരിണമിക്കാന്‍ എ.ഐ.സി.സി. തീരുമാനിച്ചിരിക്കുന്നു,” അദ്ദേഹം പ്രസ്ഥാവിച്ചു.
ഇതു ചർച്ച ചെയ്യാനായി ഗാന്ധി ഫെബ്രുവരിയിൽ സേവാഗ്രാമിൽ ഒരു മീറ്റിംഗ് വിളിച്ചു കൂട്ടാനിരിക്കുകയായിരുന്നു. മീറ്റിംഗ് നടന്നു, ഗാന്ധി ഇല്ലായിരുന്നു എന്നു മാത്രം. ഗാന്ധിയുടെ പദ്ധതിയെ നെഹ്റു നിരുപാധികം നിരസിച്ചു. “കോൺഗ്രസ് ഇപ്പോൾ ഭരിക്കണം. അതിനായി രാഷ്ട്രീയത്തിൽ നിന്നു കൊണ്ടു തന്നെ ഒരു പുതിയ രീതിയിൽ പ്രവർത്തിക്കണം,” അദ്ദേഹം ഊന്നി പറഞ്ഞു. അധികാരമോഹം സേവനത്തിന്റെ ശ്രഷ്ഠതയെ മറികടന്നു. അങ്ങനെ മറ്റൊരു വഞ്ചന കൂടെ നടന്നു.
പക്ഷേ അതുകൊണ്ടും തീർന്നില്ല. “ഞാൻ മരിച്ചാലും നിശബ്ദനായി ഇരിക്കാൻ പോകുന്നില്ല,” ഗാന്ധി ഒരിക്കൽ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾളിൽ രാഷ്ട്രീയ താല്പര്യം മാത്രമല്ല ‘നിർമാണപരമായ’ ഒരു ഘടകം കൂടെയുണ്ടായിരുന്നു. വിനോബാ ഭാവെ പോലെയുള്ള വ്യക്തികളുടെ ബലത്തിൽ അത്തരം നിർമാണപരമായ പ്രവർത്തങ്ങൾ തുടർന്നു. രാഷ്ട്രീയ പാർട്ടികളും വർഗീയ ശക്തികളുമായുള്ള അനാരോഗ്യകരമായ മത്സരങ്ങളില്‍ നിന്നും ഈ പ്രവർത്തനങ്ങൾ അകൽച്ച പാലിക്കണം എന്ന് ഗാന്ധി നിഷ്കര്‍ഷിച്ചിരുന്നു. ഗാന്ധിയുടെ മരണത്തിനു മുൻപേ ഭാവെ നെഹ്റുവിനെ കണ്ടിട്ടില്ല. ഗാന്ധിയുടെ മരണത്തിനു ശേഷമുള്ള സേവാഗ്രാമത്തിലെ ആദ്യ കൂടിക്കാഴ്ചയിൽ, തനിക്കു സർക്കാരിൽ നിന്നും ഒന്നും വേണ്ടയെന്നു ഭാവെ നെഹ്രുവിനോട് പറഞ്ഞിരുന്നു. നെഹ്റുവിനെ സഹായിക്കാൻ സാധിക്കുമെങ്കിൽ അതാകും നല്ലതെന്നും പറഞ്ഞു. എഴുന്നൂറായിരം ഗ്രാമങ്ങളുടെ സാമൂഹിക, സദാചാര, സാമ്പത്തിക സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനു വേണ്ടി ഗാന്ധിയന്മാർ ഇന്നും ബുദ്ധിമുട്ടുന്നു. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുന്ന ഇന്നത്തെ കാലത്തെ എൻ.ജി.ഓ.കളിൽ നിന്നും വിഭിന്നമായി അവർ ആരുടെയും ശ്രദ്ധയാകർഷിക്കാതെ പ്രവർത്തിക്കുന്നു. ഗാന്ധിയൻ ചിന്താഗതി ഇന്നും നമ്മുടെ രാജ്യത്തെയും ലോകത്തെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്നു.
“നിരന്തരമായ അധ്വാനത്തിന്റെയും, ഒരു പ്രത്യേക സാമൂഹിക മൂല്യത്തിന്റെയും, പ്രതിരോധത്തിന്റെ പുതിയ രീതിയുടെയും ഉദാഹരണം ദാനം നൽകിയാണ് ഗാന്ധി മടങ്ങിയത്. ഇന്ത്യക്കാർ ഭരിക്കുന്ന ഇന്ത്യയിൽ എളുപ്പത്തിൽ പ്രായോഗികമാക്കാൻ സാധിക്കാത്ത ഒരു ഉദാഹരണം,” പുലിട്സർ സമ്മാനം നേടിയ എഴുത്തുകാരന് ജോസഫ് ലെലിവെൽഡ് ‘ഗ്രേറ്റ് സോൾ’ എന്ന പുസ്തകത്തില്‍ പറയുന്നു.
ബി ജെ പി യുടെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍