”അവസാനം, പുഞ്ചിരിക്കാന്‍ കാരണമുണ്ട്,”എന്നായിരുന്നു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചശേഷം മുംബൈയിലെ ഒരു മനുഷ്യാവകാശ പ്രവര്ത്തകന് പറഞ്ഞത്. വിദ്വേഷത്തിന്റെ പുക മൂടിയ അനന്തമായ തുരങ്കത്തിന്റെ അവസാനം വെളിച്ചം കാണാന്‍ കൊതിക്കുന്നവര്‍ക്കു സന്തോഷിക്കാന്‍ വക നല്‍കുന്നതാണു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം.
ആര്‍ട്ടിക്കിള്‍ 370 പ്രാവര്‍ത്തികമാക്കിയതു ചൂണ്ടിക്കാട്ടിയും ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെ ‘ദേശവിരുദ്ധ’ നിലപാടിന്റെ പേരില്‍ കടന്നാക്രമിക്കുകയും ചെയ്തുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രചാരണം വേണ്ടത്ര ഗുണം ചെയ്തില്ല. ആഭ്യന്തര മന്ത്രിയുടെ ശ്രമങ്ങളും പ്രചാരണത്തില്‍ ബിജെപിയെ സഹായിച്ചില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പ്രധാനമന്ത്രിയുടെ സമാനതകളില്ലാത്ത പ്രഭാഷണ വൈദഗ്ധ്യത്തിനോ ബിജെപി പ്രസിഡന്റിന്റെ തീവ്ര ആക്ഷേപത്തിനോ എല്ലാ വോട്ടര്‍മാരെയും സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.
ഭരണകക്ഷിയുടെ സാമുദായിക രാഷ്ട്രീയം ഭൂരിപക്ഷത്തെ സ്വാധീനിക്കുന്നുവെന്ന നിലവിലുള്ള പൊതുവിശ്വാസത്തെ നിരാകരിക്കാന്‍ ഈ ഫലം ധാരാളമാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പ്രകടമാക്കുന്നതിനേക്കാള് കൂടുതല്‍ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ ചെയ്തിട്ടുണ്ട്. 2014 നു മുമ്പുള്ള മറ്റൊരു കെട്ടുകഥയെ അവര്‍ തകര്‍ത്തു.
ഹിന്ദുക്കള്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ട് ചെയ്യുന്നില്ലെന്ന മിഥ്യാധാരണ ഈ സമുദായത്തില്‍നിന്നുള്ള ആളുകള്‍ക്ക് സ്ഥാനാര്‍ഥിത്വം നിഷേധിക്കാന്‍ കഴിഞ്ഞ രണ്ട് ദശകത്തില്‍ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ സൃഷ്ടിച്ച ഹിന്ദു വോട്ട് ബാങ്ക് ബിജെപി വിജയകരമായി ഉപയോഗിച്ചശേഷം ഈ കെട്ടുകഥ പുതിയ പ്രസക്തി നേടി. ഈ കെട്ടുകഥ, സമുദായത്തെ പ്രതിനിധീകരിക്കാന്‍ മുസ്ലിംകള്‍ക്കു മാത്രമേ കഴിയൂവെന്നു മുസ്ലിംകളെ ബോധ്യപ്പെടുത്താന്‍ എഐഎംഐഎം പോലുള്ള പാര്‍ട്ടികള്‍ ഉപയോഗിച്ചു.
തെരഞ്ഞെടുപ്പില്‍ വിജയിച്ച മുന്‍ മന്ത്രിമാരായ എന്‍സിപിയുടെ നവാബ് മാലിക്, ഹസന് മുഷ്രിഫ്, മൂന്നാം തവണയും വിജയിച്ച കോണ്‍ഗ്രസിന്റെ അസ്ലം ഷെയ്ഖ്, കോണ്‍ഗ്രസ് ടിക്കറ്റില്‍ അഞ്ച് തവണ എംഎല്‍എയായ നസീം ആരിഫ് ഖാന് (ഇത്തവണ 409 വോട്ടിന് പരാജയപ്പെട്ടു) എന്നിവര്‍ ഈ മിഥ്യാധാരണയെ തകര്‍ത്തു.
പക്ഷേ, ഈ കെട്ടുകഥയുടെ ഏറ്റവും വലിയ അസാധുവാക്കല്‍ സില്ലോള് മണ്ഡലത്തില്‍ ശിവസേന സ്ഥാനാര്‍ത്ഥി അബ്ദുള്‍ സത്താര്‍ 52 ശതമാനം വോട്ട് നേടി വിജയിച്ചതാണ്. മുന്‍ മുഖ്യമന്ത്രി അശോക് ചവന്റെ വലംകൈയും രണ്ടുതവണ കോണ്‍ഗ്രസ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുകയും സത്താര്‍ ടിക്കറ്റ് നിഷേധിച്ചതില്‍ പ്രകോപിതനായി ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പാണു പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് റാവുസാഹെബിനു വേണ്ടി പ്രവര്‍ത്തിച്ച സത്താര്‍ ആ പാര്‍ട്ടിയില്‍നിന്നു ടിക്കറ്റ് ലഭിക്കില്ലെന്നു കണ്ടതോടെയാണു ശിവസേനയില്‍ ചേര്‍ന്നത്.
ചില അവസരവാദ രാഷ്ട്രീയക്കാര്‍ വിജയിക്കുമെന്നതിന്റെ നല്ല ഉദാഹരണമാണ് സത്താറിന്റെ തെരഞ്ഞെടുപ്പ്. എന്നാല്‍ കാളിദാസ് കൊലാംബ്കറുടെ വിജയം അത്ര ആശ്വാസം നല്‍കുന്നതല്ല. അഞ്ചുതവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട ഈ മുന്‍ ശിവസേനാ നേതാവ് 1992-93 ലെ മുംബൈ കലാപത്തെക്കുറിച്ചുള്ള ശ്രീകൃഷ്ണ കമ്മിഷന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടയാളാണ്. മൂന്ന് മുസ്ലിംകളെ ജീവനോടെ ചുട്ടുകൊന്ന കേസില്‍ അറസ്റ്റിലായ തന്റെ പാര്‍ട്ടി അംഗങ്ങളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയിരുന്നു. 2005 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന കാളിദാസ് കൊളാംബ്കര് 2017 ല്‍ പാര്‍ട്ടി വിട്ട് ബിജെപില്‍ ചേരുകയായിരുന്നു.
ബിജെപി-ശിവസേനാ പ്രകടനത്തിലെ മങ്ങല്‍ മതേതര രാഷ്ട്രീയത്തിന്റെ വിജയമായി കാണാന്‍ കഴിയില്ലെന്നതിന്റെ ചെറിയ സൂചന മാത്രമാണു കൊലാമ്പ്കറുടെ വിജയം.
വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ് ലഭിച്ച ഏക എംഎല്‍എയായ ബിജെപിയുടെ സിറ്റി പ്രസിഡന്റ് മംഗല്‍ പ്രഭാത് ലോധ വലിയ ഭൂരിപക്ഷത്തിലാണു സീറ്റ് നിലനിര്‍ത്തിയത്. അത് പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ മുന്‍ പ്രധാനമന്ത്രിയും ലിബറലുകളുടെ ഇപ്പോഴത്തെ പ്രിയങ്കരനുമായ മന്മോഹന് സിങ് മുംബൈ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസ്താവന അപ്രതീക്ഷിതമായിരുന്നു. വി.ഡി.സവര്‍ക്കറുടെ ബഹുമാനാര്‍ത്ഥം ഇന്ദിരാഗാന്ധി സ്റ്റാമ്പ് പുറത്തിറക്കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് സവര്‍ക്കറുടെ ഹിന്ദുത്വ ആശയങ്ങള്‍ക്കു മാത്രമാണ് എതിരാണെന്നും വോട്ടര്‍മാരെ ഓര്‍മിപ്പിക്കാന്‍ മന്മോഹന് സിങ്ങിനെ പ്രേരിപ്പിച്ചതെന്താണ്? കശ്മീരിന്റെ കാര്യത്തില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനല്ല, റദ്ദാക്കിയ രീതിക്കു മാത്രമാണു കോണ്‍ഗ്രസ് എതിരെന്നും അദ്ദേഹം വ്യക്തമാക്കേണ്ടതുണ്ടായിരുന്നോ?
തുടര്‍ന്ന്, ഭീമ കൊറേഗാവ് അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെട്ട ഹിന്ദുത്വ നേതാവ് സംഭാജി ഭിഡെക്കൊപ്പമുള്ള മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി പൃഥ്വിരാജ് ചവന്റെ ഫോട്ടോ വന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് മാറിനില്‍ക്കുന്നതിലൂടെ ഹിന്ദു വോട്ടുകള്‍ നേടാനാവുമെന്ന് കോണ്‍ഗ്രസ് കരുതിയോ? 1989 ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ രാജീവ് ഗാന്ധി അയോധ്യ കാര്‍ഡ് കളിച്ചതിലൂടെ പരമ്പരാഗത മുസ്ലിം വോട്ടുകള്‍ നഷ്ടപ്പെടുത്തിയത് ഓര്‍മിപ്പിച്ചു ഇത്. ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ട് അയോധ്യ കാര്‍ഡ് കളിച്ച കോണ്‍ഗ്രസിന് അതു ലഭിച്ചില്ലെന്നു മാത്രമല്ല, പരമ്പരാഗത മുസ്ലിം വോട്ടുകള്‍ നഷ്ടപ്പെടുകയും ചെയ്തു.
Read Also: ശക്തർ അശക്തരെ വിഴുങ്ങുന്ന കാലം അടുത്തോ?
കോണ്‍ഗ്രസിന്റെ മൃതാപ്രായാവസ്ഥയില് നിരാശരായ പലരും ‘അടിച്ചമര്‍ത്തപ്പെട്ടവരുടെ മതേതര സഖ്യമെന്ന പഴയ സ്വപ്നത്തിന്റെ പൂര്‍ത്തീകരണ’മാകും ഔറംഗബാദ് ലോക്സഭാ സീറ്റില്‍ വിജയിക്കുകയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ 14 ശതമാനം വോട്ട് നേടുകയും ചെയ്ത അസദുദ്ദീന്‍ ഒവൈസിയുമായുള്ള പ്രകാശ് അംബേദ്കറുടെ കൂട്ടുകെട്ടെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിനു മുന്‍പുതന്നെ സഖ്യം പൊളിഞ്ഞു.
എന്നാല്‍ ഈ സഖ്യത്തില്‍നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നത് ബുദ്ധിപരമായിരുന്നോ? മഹാരാഷ്ട്രയില്‍ പ്രവേശിച്ചതുമുതല്‍ എഐഎംഐഎമ്മിന്റെ പ്രധാന ലക്ഷ്യം കോണ്‍ഗ്രസ്-എന്‍സിപി പാർട്ടികളെ തുടച്ചുനീക്കി പകരം മുസ്ലിംകളുടെ ഏക പ്രതിനിധിയായി മാറുകയെന്നതായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എഐഎംഐഎമ്മുമായി കൂട്ടുകൂടാനായി കോണ്‍ഗ്രസ്-എന്‍സിപിയുമായുള്ള സഖ്യം തള്ളിയ പ്രകാശ് അംബേദ്കര്‍ ഈ പാര്‍ട്ടികള്‍ക്ക് ഏഴ് ലോക്സഭാ സീറ്റുകളാണു നഷ്ടപ്പെടുത്തിയത്. പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബാഹുജന്‍ അഗാദി 25 സീറ്റുകളിലെങ്കിലും കോണ്‍ഗ്രസ്-എന്‍സിപി വിജയസാധ്യത നഷ്ടപ്പെടുത്തിയെന്നാണു നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.ഹിന്ദുത്വ ശക്തികള്‍ക്കെതിരായ ‘മതേതര മുന്നണി’യുണ്ടാക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഇതിൽ കൂടുതൽ എന്താണ് പറയേണ്ടത്.
Read Also: രാജ്യദ്രോഹികള്‍ക്കു നമോവാകം
എഐഎംഐഎം മുംബൈയില്‍നിന്നു തുടച്ചുമാറ്റപ്പെട്ടെങ്കിലും മുന്‍ എംഎല്‍എ വാരിസ് പത്താന്റെ വോട്ട് വിഹിതം വര്‍ധിച്ചു. പാര്‍ട്ടിയുടെ രണ്ടാമത്തെ സ്ഥാനാര്‍ഥി മുഫ്തി ഇസ്മായില്‍ ജയിച്ചു. നേരത്തെ എന്‍സിപി ടിക്കറ്റില്‍ മാലേഗാവിനെ പ്രതിനിധീകരിച്ചയാളാണ് ഇദ്ദേഹം. എല്ലാ അര്‍ഥത്തിലും നിഷ്ക്രിയ എംഎല്‍എമാരായിരുന്നു ഈ മാന്യന്മാര്. ഹൈദരാബാദ് എംപിയായ അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിക്ക് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരുവിഭാഗം ആളുകള്‍ വോട്ട് ചെയ്തതായാണു കരുതുന്നത്. പൊതുവെ, ഒവൈസിയുടെ ഓരോ പ്രസംഗവും ആര്‍എസ്എസിനു തങ്ങളുടെ ആശങ്ങള്‍ പ്രചരിപ്പിക്കാന്‍ എളുപ്പമുള്ളതാക്കുന്നതായിരുന്നു.
ബിജെപിയുടെ ഭിന്നിപ്പിക്കല്‍ പരിപാടിക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്കു നീണ്ട പോരാട്ടം മുന്നിലുണ്ട്. ഇവര്‍ക്കു മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ കുറച്ച് ആശ്വാസ ഇടം നല്‍കിയെന്നതാണു മൊത്തത്തില്‍ പറയാന്‍ കഴിയുക.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook