മധ്യപ്രദേശില്‍ 22 എംഎല്‍എമാരോടൊപ്പം കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളിലൊരാളായ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കു കൂറുമാറിയതു കോണ്‍ഗ്രസിന് കനത്ത ആഘാതമായിരിക്കുമ്പോള്‍ തന്നെ അഖിലേന്ത്യാ രാഷ്ട്രീയത്തെയും അതു ശക്തമായി ഉലച്ചിരിക്കുന്നു. ഇതോടെ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്ഥാനത്ത് ബിജെപി അധികാരത്തില്‍ വരാന്‍ പോവുകയുമാണല്ലോ. തികച്ചും ജനാധിപത്യവിരുദ്ധ നീക്കത്തിലൂടെ ബിജെപി കൈവരിച്ച ഈ വിജയം മറ്റേതൊക്കെ സംസ്ഥാനങ്ങളിലേക്കു കൂടി അവര്‍ വ്യാപിപ്പിക്കാന്‍ പോകുന്നുവെന്നു കാണാനിരിക്കുന്നതേയുള്ളൂ.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് അഞ്ചു നിയമ സഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഡും കോണ്‍ഗ്രസ് ഭരണത്തിലായത്. പക്ഷെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടത് ജനങ്ങള്‍ മോദിക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതാണ്. മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളിലും അതു തന്നെയായിരുന്നു വോട്ടിന്റെ ഗതി. ഈ മോദി അനുകൂല അന്തരീക്ഷം തുടരുന്നുവെന്ന് വിലയിരുത്തപ്പെട്ട സാഹചര്യത്തിലാണു മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നു ബിജെപിയെ ഒഴിവാക്കിക്കൊണ്ടുള്ള ശിവസേന-എന്‍സിപി.-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വരുന്നത്. തിരഞ്ഞെടുപ്പില്‍ ബിജെപി.-ശിവസേന സഖ്യം ഭൂരിപക്ഷം നേടിയതാണ്. പക്ഷേ ആ സഖ്യം തകര്‍ന്നിട്ടാണ് മേല്‍പറഞ്ഞ സഖ്യം അധികാരത്തില്‍ വന്നത്. അതുകൊണ്ട് ജനങ്ങള്‍ ബിജെപിക്കെതിരായല്ല വോട്ട് ചെയ്തതെന്നു പറയാം. എങ്കിലും കേന്ദ്രാധികാരത്തില്‍ പിടിമുറുക്കിക്കൊണ്ട് ഫാസിസ്റ്റ് ശൈലികള്‍ പ്രയോഗിക്കുന്ന ബിജെപിക്കെതിരായി മറ്റു പാര്‍ട്ടികള്‍ ഒന്നിക്കുകയും ചെറുത്തുനില്‍ക്കുകയും ചെയ്യുന്നതിന്റെ രാഷ്ട്രീയ പ്രാധാന്യം കുറച്ചുകണ്ടുകൂടാ.
Read Also: ഉത്തരവാദിത്വ ടൂറിസം: കേരള മാതൃക പകര്‍ത്താന്‍ മധ്യപ്രദേശ്
ഒരുപക്ഷേ, മഹാരാഷ്ട്രയില്‍ ബിജെപി നേരിട്ട തിരിച്ചടിക്കുള്ള മറുപടിയാണു മധ്യപ്രദേശിലെ സംഭവവികാസങ്ങളെന്നു കരുതാവുന്നതാണ്. പക്ഷെ മധ്യപ്രദേശിലെ സംഭവങ്ങള്‍ക്കു പിന്നില്‍ ബിജെപി. കരുനീക്കങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോരും മറ്റും പ്രധാന പങ്കുവഹിച്ചിട്ടുള്ളത് കാണാതിരുന്നുകൂടാ. കമല്‍നാഥ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ചേരിപ്പോര് പ്രകടമായിരുന്നു. പഴയ നേതാവായ ദ്വിഗ്‌വിജയ് സിങ്ങും യുവനേതാവായ ജ്യോതിരാദിത്യ സിന്ധ്യയും രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി പദവി കമല്‍നാഥിനു നല്‍കിയപ്പോള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയെങ്കിലും യുവനേതാവിനു നല്‍കാമായിരുന്നു. അതുണ്ടായില്ല. രാഹുല്‍ഗാന്ധിയുടെ സുഹൃത്തായിരുന്നിട്ടു കൂടി അതൊന്നും സാധ്യമാവാത്ത സാഹചര്യമാണു കോണ്‍ഗ്രസില്‍ നിലനിന്നിരുന്നതെന്നു ചുരുക്കം. ഇത്തരം സാഹചര്യങ്ങളില്‍ ഫലപ്രദമായി ഇടപെടാന്‍ പ്രസിഡന്റ് പദവിയില്‍ ഇരുന്നിട്ട് പോലും സാധിക്കുന്നില്ലെന്ന അനുഭവങ്ങളാകാം പ്രസിഡന്റ് പദവിയില്‍നിന്ന് രാജിവയ്ക്കാന്‍ രാഹുല്‍ഗാന്ധിയെ പ്രേരിപ്പിച്ചതെന്നു കരുതാവുന്നതാണ്.
തിരിച്ച് രാഹുല്‍ഗാന്ധിയുടെ അഭാവം ജ്യോതിരാദിത്യ സിന്ധ്യയെപ്പോലുള്ളവര്‍ക്കു പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അന്തരീക്ഷമാണു സൃഷ്ടിക്കുന്നതെന്നും കാണാവുന്നതാണ്.
സോണിയാ ഗാന്ധി മനഃപൂര്‍വം സിന്ധ്യയെ അവഗണിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കിഴക്കന്‍ യുപിയുടെ ചുമതല പ്രിയങ്കാ ഗാന്ധിക്കു കൊടുത്തപ്പോള്‍ സിന്ധ്യക്കു പടിഞ്ഞാറന്‍ യുപിയുടെ ചുമതലയാണു കൊടുത്തത്. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം പൂര്‍ണമായും തകര്‍ന്നുകിടന്നിരുന്ന പടിഞ്ഞാറന്‍ യുപിയുടെ ചുമതല ഒരു ശിക്ഷ പോലെ ആയിരുന്നുവത്രേ. ഇങ്ങനെയുള്ള പല സാഹചര്യങ്ങളും സിന്ധ്യ പുറത്തുപോകുന്നതിനു കാരണമായിട്ടിണ്ടാകാം.
Read Also: തൃശൂരിലെ കൊറോണ ബാധിതൻ ഒരു വിവാഹത്തിൽ പങ്കെടുത്തു
കോണ്‍ഗ്രസിനു ശക്തമായ നേതൃത്വമില്ലാത്ത അവസ്ഥ ഇന്ത്യയിലെ മതേതര ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെയാണു ബാധിക്കുന്നത്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ നേരിടാന്‍ അഖിലേന്ത്യാ തലത്തില്‍ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇല്ലെന്നതാണു വാസ്തവം. സ്വാതന്ത്ര്യസമരകാലത്ത് കോണ്‍ഗ്രസിലൂടെ രൂപംകൊണ്ട മതേതര ജനാധിപത്യ സാമൂഹ്യഘടനയാണ് ഇന്ത്യന്‍
ജനാധിപത്യത്തിന്റെ അടിസ്ഥാനം. കോണ്‍ഗ്രസിന് സംഘടനാപരവും രാഷ്ട്രീയവുമായ പരാധീനതകള്‍ പലതുണ്ടെങ്കിലും അഖിലേന്ത്യാ തലത്തില്‍ സംഘടനാ സംവിധാനമുള്ള മറ്റൊരു രാഷ്ട്രീയപ്രസ്ഥാനവും ഇന്ത്യന്‍ പ്രതിപക്ഷത്തില്ല. ആദ്യകാലത്ത് അങ്ങിങ്ങായി കമ്യൂണിസ്റ്റുകാര്‍ക്ക് അഖിലേന്ത്യാ സാന്നിധ്യമു ണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഫലത്തില്‍ അത കേരളത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നു. മറ്റു പാര്‍ട്ടികളെല്ലാം തന്നെ പ്രാദേശിക പാര്‍ട്ടികളാണ്. ഈ സാഹചര്യത്തിലാണു സ്വാതന്ത്ര്യസമരകാലം മുതല്‍ക്കെയുള്ള മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയും അഖിലേന്ത്യാ സാന്നിധ്യവും നിലനിര്‍ത്തുന്ന പ്രസ്ഥാനം എന്ന നിലയ്ക്കു കോണ്ഗ്രസ് ഒരു നിര്‍ണായക ഘടകമാവുന്നത്.
ഒരു അഖിലേന്ത്യാ പ്രസ്ഥാനം ഫലപ്രദമായി പ്രവര്‍ത്തിക്കണമെങ്കില്‍ കെട്ടുറപ്പുള്ള ഒരു നേതൃത്വം അതിനുണ്ടാവണം. ഇപ്പോള്‍ ഇവിടെ കോണ്‍ഗ്രസ് നേരിടുന്ന മുഖ്യപ്രശ്‌നവും ഇതാണ്. അധികാരമോഹമൊന്നും ഇല്ലാതെ യുവനേതാവായി രാഹുല്‍ഗാന്ധി സാവകാശം ഉയര്‍ന്നുവരുന്നതു കണ്ടപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നേതൃത്വ പ്രതിസന്ധിക്ക് പരിഹാരമായെന്നു പലരും കണക്കുകൂട്ടുകയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാഹുല്‍ഗാന്ധിയുടെ അപ്രതീക്ഷിത രാജി അത്തരം കണക്കുകൂട്ടലുകളെയെല്ലാം നിലംപരിശാക്കി. അതിവേഗം തന്നെ രാഹുല്‍ഗാന്ധി പ്രസിഡന്റ് സ്ഥാനത്തേക്കു തിരിച്ചുവരുകയോ അല്ലെങ്കില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്തുകയോ വേണമെന്നു ശശി തരൂര്‍ പറഞ്ഞത് ശരി തന്നെയാണ്. പക്ഷെ, രണ്ടും ക്ഷിപ്രസാധ്യമായ കാര്യങ്ങളല്ല.
Read Also: നിരീക്ഷണത്തിൽ 900 പേർ; ആ വെല്ലുവിളി പത്തനംതിട്ട മറികടന്നതെങ്ങനെ?
ഇപ്പോഴത്തെ നിലയിലുള്ള രാഹുല്‍ഗാന്ധി തിരിച്ചുവന്നതുകൊണ്ട് കോണ്‍ഗ്രസിനു ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. നല്ല മനുഷ്യന്റെ ഗുണങ്ങളെല്ലാം നിലനിര്‍ത്തിക്കൊണ്ടു തന്നെ മുന്നിലുള്ള രാഷ്ട്രീയ ലക്ഷ്യം
നേടാന്‍ ദൃഡനിശ്ചയം ചെയ്ത് പ്രവര്‍ത്തനനിരതനാകുന്ന രാഷ്ട്രീയനേതാവായി അദ്ദേഹം രൂപാന്തരപ്പെടേണ്ടതുണ്ട്. അതു സാധ്യമാണ്. രാഹുല്‍ഗാന്ധി സ്വയം തീരുമാനിക്കണമെന്നു മാത്രം. അദ്ദേഹമതിനു തയാറാവുന്നില്ലെങ്കില്‍ പിന്നെയുള്ള സാധ്യത ഒരു രണ്ടാംനിര യുവനേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്നതു തന്നെയാണ്. അത്തരമൊരു രണ്ടാംനിരയിലെ ഏറ്റവും ശ്രദ്ധേയനും കരുത്തുറ്റവനുമായിരുന്നു ജ്യോതിരാദിത്യ. രാജസ്ഥാനിലെ സച്ചിന്‍ പൈലറ്റിനെപ്പോലുള്ള ഏതാനും പേര്‍ കൂടി ഈ നിരയിലുണ്ട്. കോണ്‍ഗ്രസ് നേതൃത്വം അവരോടു നീതി കാട്ടിയില്ലെന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണു ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി.
കോണ്‍ഗ്രസ് നേതൃത്വം ഈ സ്ഥിതിവിശേഷത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതിന്റെ ഒരു സൂചന ദൃശ്യമായിട്ടുണ്ട്. കര്‍ണാടകയില്‍ തലമൂത്ത നേതാവ് സിദ്ധാരാമയ്യയുടെ എതിര്‍പ്പിനെ അവഗണിച്ച് രണ്ടാംനിര നേതാവ് ഡികെ ശിവകുമാറിനെ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി സോണിയ ഗാന്ധി നിയമിച്ചിരിക്കുന്നു. മധ്യപ്രദേശില്‍ കമല്‍നാഥിനു മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുമ്പോള്‍ അങ്ങിനെയുള്ളവര്‍ പാഠം പഠിച്ചേക്കാം. പക്ഷെ അപ്പോഴേക്കും കോണ്‍ഗ്രസിന് സംഭവിച്ചുകഴിഞ്ഞ തകര്‍ച്ച എളുപ്പം പരിഹരിക്കാവുന്നതല്ല.
ഇന്ത്യയിലെ മതേതര ജനാധിപത്യ ഘടന തന്നെ ഗുരുതരമായ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസിനുള്ളിലെ ഇത്തരം പടലപിണക്കങ്ങള്‍ ബിജെപിക്ക് ഇടപെടാന്‍ അവസരം നല്‍കുകയാണു ചെയ്തത്. ജനാധിപത്യം തിരിച്ചുവരുമെന്ന പ്രതീക്ഷക്കാണ് ഇതു മങ്ങലേല്‍പ്പിക്കുന്നത്.