മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് മൊത്തം ഫലം ചൂണ്ടിക്കാണിക്കുന്നതിലും വളരെയധികം ശ്രദ്ധേയമായ ഒന്നാണ് കോൺഗ്രസ്സിന്റെ നേട്ടം: പാർട്ടിയുടെ സീറ്റുകളുടെ എണ്ണം ഇരട്ടിപ്പിക്കുക മാത്രമല്ല, പ്രാദേശിക തലത്തിൽ പരിശോധിക്കുമ്പോൾ കൂടുതൽ കൗതുകകരമായ ഒരു ചിത്രം കാഴ്ചവയ്ക്കുക കൂടി ചെയ്യുന്നുണ്ട്.

ഒന്നാമതായി, ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ സ്ഥലങ്ങളെല്ലാം കോൺഗ്രസ്സ് പിടിച്ചെടുത്തു, ഇവയിൽ ഹിന്ദുത്വശക്തികളുടെ ഏറ്റവും പഴയ ശക്തിദുർഗ്ഗമായ മാൾവ ഉൾപ്പെടുന്നു. ജനസംഘ് അതിന്റെ ആദ്യ അടിത്തറ കെട്ടിയുണ്ടാക്കിയ സ്ഥലമെന്നത് കൂടാതെ, ബിജെപിയുടെ അതികായന്മാരായ എ.ബി.വാജ്പേയിയും, ഇപ്പോൾ വിദിഷയിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്തിയ ശിവരാജ് സിങ് ചൗഹാനും മുൻപ് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം കൂടിയാണ് മാൾവ.

രണ്ടാമത്തെ വസ്തുത, കോൺഗ്രസ്സ് അതിന്റെ പട്ടിക വർഗ്ഗ സീറ്റുകൾ ഇരട്ടിയാക്കി, അതായത്, 15 ൽ നിന്നും 30 ആക്കി ഉയർത്തി എന്നതാണ്. മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മണ്ഡലമായ ഖർഗോൺ (Khargone) ഉൾപ്പടെ ബിജെപിയുടെ ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളാണ് കോൺഗ്രസ്സ് നേടിയത്.

മൂന്നാമത്തേതും ഏറ്റവും പ്രധാനവുമായ നേട്ടമെന്നത് 148 ഗ്രാമീണ മണ്ഡലങ്ങളിലും 78 ഉം സ്വന്തമാക്കി ഗ്രാമീണ മധ്യപ്രദേശിൽ സ്ഥാനമുറപ്പിച്ചപ്പോൾ, നാഗരിക മധ്യപ്രദേശിലും ബിജെപിക്ക് തുല്യമായ നേട്ടമുണ്ടാക്കുവാൻ കോൺഗ്രസ്സിന് കഴിഞ്ഞു എന്നതാണ്. 82 സീറ്റുകളിൽ 33 എണ്ണമാണ് കോൺഗ്രസ്സിന് ലഭിച്ചത്.

മുഖ്യമന്ത്രി ചൗഹാൻ, തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഓരോ ജില്ലയും ഏറ്റവും കുറഞ്ഞത് രണ്ടു തവണയെങ്കിലും സന്ദർശിക്കുകയും മുന്നൂറിലധികം സമ്മേളനങ്ങൾ നടത്തുകയും ചെയ്ത സാഹചര്യത്തിൽ എങ്ങനെയാണു നമുക്കീ വിജയകഥ വിശദീകരിക്കുവാൻ കഴിയുക?

മൂന്നു തവണകളിലായി തുടരുന്ന ബിജെപി ഭരണത്തോടുള്ള സ്വാഭാവികമായ ഭരണവിരുദ്ധവികാരം പാർട്ടിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പക്ഷേ അതിനു തക്ക കാരണങ്ങളുമുണ്ട്: കർഷകരോടുള്ള അവഗണന അത്രയധികമായതിനാൽ 2017 ൽ പ്രക്ഷോഭങ്ങൾ ഇരട്ടിയായിരുന്നു, പോയവർഷം മന്ദസോറിലുണ്ടായ സംഭവങ്ങളിൽ നിന്നും ഇതു വ്യക്തമാകുന്നു. കൂടാതെ, നവംബറിൽ നടന്ന ലോക്‌നീതി- സിഎസ്ഡിഎസ് -എബിപി സർ‌വ്വേ അനുസരിച്ച്, കർഷകരെക്കൂടാതെ കൃഷിപ്പണിക്കാരെയും ബിജെപി തങ്ങളിൽ നിന്നകറ്റി എന്നാണ് കാണുന്നത്. തൊഴിലുറപ്പ് പദ്ധതി, പിന്നാക്കം പോയതിലൂടെ തൊഴിലില്ലായ്മ ഒരു പ്രധാന പ്രശ്നമായി വളർന്നു. വന വിഭവങ്ങളിലും ഭൂമിയിലുമുണ്ടായിരുന്ന ആദിവാസികളുടെ അവകാശത്തെയും ബിജെപിയുടെ നയങ്ങൾ നേർക്കുനേർ ബാധിച്ചു. ജാതിവ്യവസ്ഥയുടെ പ്രശ്നം സർക്കാർ വേണ്ടതുപോലെ കൈകാര്യം ചെയ്തതുമില്ല. ഒരു വശത്ത്, പട്ടികജാതി -പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരായ അക്രമം തടയൽ നിയമത്തെ (sc/st atrocities prevention act) സുപ്രീം കോടതി ലഘൂകരിച്ചതിന് ശേഷം അവർക്ക് പിന്തുണയുറപ്പിക്കാൻ ശ്രമിക്കുകയും, മറുവശത്ത്, എസ്എപിഎകെഎഎസ് (സാമാന്യ പിച്ദ വർഗ്ഗ് അല്പസംഖ്യക കർമചാരി സംഘതൻ) എന്ന ബാനറിന് കീഴെ അണിനിരന്നവരും, സെപ്റ്റംബർ അവസാനം നടന്ന സവർണ്ണ ഭാരത് ബന്ദിന് പിന്നിൽ പ്രവർത്തിച്ചവരും ഉന്നത ജാതി സമൂഹത്തിന്റെ പ്രതിപ്രവർത്തനങ്ങളെ ചെറുക്കുവാൻ ശ്രമിക്കുകയും ചെയ്തു.

Read in English Logo Indian Express

സുപ്രീം കോടതി വിധിയെ എതിർത്ത് വളരെ തീക്ഷ്ണമായി പ്രതികരിച്ച സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു മധ്യപ്രദേശ്. ആ പ്രക്ഷോഭങ്ങളിലെ പൊലീസ് ഇടപെടൽ മൂലം ഗ്വാളിയറിൽ കഴിഞ്ഞ ഏപ്രിൽ മാസം എട്ടു പേരുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു. എസ്‌സി /എസ്‌ടി ആക്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരഞ്ഞെടുപ്പിലെ വളരെ പ്രധാനപ്പെട്ട പ്രശ്നമായി 50 ശതമാനം സവർണ്ണരും 53 ശതമാനം ദലിതുകളും 62 ശതമാനം ആദിവാസികളും ലോകനീതി- സിഎസ്ഡിഎസ് -എബിപി സർ‌വ്വേയിൽ അഭിപ്രായപ്പെട്ടിരുന്നു. രാജസ്ഥാനും ഛത്തീസ്ഗഡുമായി താരതമ്യപ്പെടുത്തുമ്പോൾ, മധ്യപ്രദേശിൽ അഴിമതിയും- വ്യാപം അഴിമതിക്കേസ്- ഒരു പ്രധാന പ്രശ്നമായിരുന്നു എന്ന് സർ‌വ്വേ സൂചിപ്പിക്കുന്നു.

എങ്കിലും, ഈ വിശകലനം കൂടുതൽ പരിശോധനകളിലൂടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. മൂന്നു തവണയ്ക്ക് ശേഷമുള്ള ചൗഹാന്റെ പിൻ‌വലിയൽ, ക്രമാതീതമാണ്. എല്ലാത്തിനുമുപരിയായി, ബിജെപിക്കും കോൺഗ്രസ്സിനും ലഭിച്ച വോട്ടുകളുടെ ശതമാനക്കണക്ക് ഒരുപോലെയാണ്. അതുപോലെ ബിജെപി പിന്നിലായത് അഞ്ച് സീറ്റുകൾക്ക് മാത്രമാണ്. ബിജെപിയുടെ തോൽ‌വിയും കോൺഗ്രസ്സിന്റെ വിജയവും തുല്യമായി എന്നതാണ് രണ്ടാമത്തെ വിശകലനം. ഇത് കോൺഗ്രസ്സ് വിഭാഗീയതയ്ക്ക് പേരുകേട്ട സംസ്ഥാനത്തിലെ പാർട്ടി ഐക്യത്തെ തെളിയിക്കുന്നു. കൂടാതെ, ജ്യോതിരാജ സിന്ധ്യയുടെ പ്രചാരണത്തിന്റെയും രാഹുൽ ഗാന്ധിയുടെ തന്ത്രങ്ങളുടെയും കാര്യക്ഷമതയും ഇതു വെളിവാക്കുന്നു. നോട്ടു നിരോധനത്തെയും തുടർന്നുള്ള ബിജെപി അഴിമതിയെയും തീക്ഷ്ണമായി ആക്രമിച്ചതും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാമെന്ന വാഗ്‌ദാനം നൽകിയതും ഹിന്ദു ഭൂരിപക്ഷത്തെ തങ്ങൾ മാത്രമാണ് പ്രതിനിധീകരിക്കുന്നതെന്ന ബിജെപി അവകാശവാദത്തിനെതിരായ രാഹുലിന്റെ ക്ഷേത്രസന്ദർശനങ്ങളും ഫലം കണ്ടു. ലോകനീതി- സിഎസ്ഡിഎസ് -എബിപി – സർവ്വേ അനുസരിച്ച് ഇത്തവണ തിരഞ്ഞെടുപ്പ് നടന്ന ഇടങ്ങളിൽ രാഹുൽ ഗാന്ധിക്ക് മറ്റു സംസ്ഥാനങ്ങളിലേതിനെക്കാൾ കൂടുതൽ ജനപ്രിയത ഉണ്ടായിരുന്നത് മധ്യപ്രദേശിലാണ്.

ഈ സാഹചര്യങ്ങൾ 2019 നുള്ള ഒരു രൂപരേഖ ആകുമോ? ഇവിടെ പല ഉപാധി ഘടകങ്ങളും കടന്നു വരുന്നു. ഒന്നാമതായി, പാർട്ടിക്ക് മേലും ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് തന്നെയും അധികാരം വർദ്ധിച്ചുകിട്ടിയ രാഹുൽ ഗാന്ധി, മുഖ്യമന്ത്രിയുടെ തീരുമാനത്തിന് ശേഷം മടങ്ങിവരാവുന്ന പാർട്ടി വിഭാഗീയതയെ ചെറുക്കണം. എന്തെന്നാൽ, മുഖ്യമന്ത്രിയുടെ നിയമന തീരുമാനം പലരുടെയും നിരാശയ്ക്കും അതൃപ്തികൾക്കും കാരണമാകുമെന്നത് തീർച്ചയാണ്. മധ്യപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ശില്‍പ്പിയായിരുന്ന കമൽനാഥ്, സംസ്ഥാനത്ത് ജ്യോതിരാജ സിന്ധ്യയോളം ജനപ്രിയനല്ല.

രണ്ട്- കോൺഗ്രസ്സിന് അനുകൂലമായി ഭവിച്ച ഭരണവിരുദ്ധ വികാരം അപ്രത്യക്ഷമായിരിക്കുന്നു. ഇതിന്റെ ഒരു പ്രത്യാഘാതം, ബിഎസ്‌പിയുടെയും വലിയ തോതിൽ ആദിവാസി വോട്ടുകൾ നേടാനാകാതെ പോയ ആദിവാസി യുവ ശക്തി പോലെയുള്ള മറ്റു ചെറു പാർട്ടികളുടെയും അണികളുടെ പിന്തുണയിലെ സംഭവ്യമായ മാറ്റമാണ്. ഇത്തവണ തങ്ങളുടെ വോട്ടുകൾ നഷ്ടമാകാതിരിക്കുന്നതിനായി കോൺഗ്രസ്സിനോടൊപ്പം നിന്ന അവർക്ക് ഇതേ തോന്നൽ 2019 ൽ ഉണ്ടാകണമെന്നില്ല. അടുത്ത വർഷം ബിഎസ്‌പിയുമ്മായി സഖ്യമുണ്ടാക്കുവാൻ, ഇതുവരെ അങ്ങനെയൊന്ന് ഉണ്ടാക്കിയിട്ടില്ലെങ്കിൽ, കോൺ‌ഗ്രസ്സിനു ഇതൊരു നല്ല കാരണമാണ്. തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസ്സും ബിഎസ്‌പിയും തമ്മിൽ ഒരു സഖ്യമുണ്ടാക്കണമെന്ന് 56 ശതമാനം ബിഎസ്‌പി വോട്ടർമാർ ആഗ്രഹിക്കുന്നതായി ലോകനീതി -സിഎസ്ഡിഎസ് – എബിപി സർവ്വേ ചൂണ്ടിക്കാണിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Opinion news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ