കേരളം എന്ന് പറയുന്നത് മറ്റേത് ഏത് സംസ്ഥാനത്തെ വച്ച് നോക്കിയാലും ഏത് മേഖലയുടെ ശാക്തീകരണത്തിന്‍റെ കണക്കുകൾ എടുത്ത് നോക്കിയാലും മികച്ചതാണെന്ന് നമ്മൾ അവകാശപ്പെടും. സൂചികകളുടെ ആരോമാർക്കുകൾ അങ്ങനെയാണ് കാണിക്കുക. ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ-പുരുഷ അനുപാതം, ശിശുമരണ നിരക്ക് അങ്ങനെയങ്ങനെ എങ്ങനെയൊക്കെ നോക്കിയാലും മികച്ചതാണ് നമ്മുടെ സൂചികകൾ. ആ സൂചികകളെയൊക്കെ കൂട്ടിച്ചേർത്ത് ‘കേരളാ മോഡൽ’ എന്ന ഓമനപ്പേര് തന്നെ ഉണ്ട് നമുക്ക് അഭിമാനിക്കാൻ. ‘കേരളാ മോഡൽ’ എന്ന് പേർത്ത് പേർത്തും പറഞ്ഞ് നമ്മൾ സ്വയം പ്രബുദ്ധരായി അഭിമാനിക്കുന്നു.
90 കളിൽ രാജ്യം കൈവരിക്കണമെന്ന് കരുതിയ നേട്ടങ്ങൾ 70കളിൽ കൈവരിച്ചുവെന്ന് അവകാശപ്പെടുകയാണ് കേരളം. നവോത്ഥാനാന്തര കേരളം എന്നത് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ് എന്ന് നമ്മള്‍ അവകാശപ്പെടുന്നു. ജാതീയത, അയിത്തം, തൊട്ടുകുടായ്മ, തീണ്ടിക്കൂടായ്മ എന്നിവയെല്ലാം ഉന്മൂലനം ചെയ്ത സംസ്ഥാനമാണ് കേരളം എന്ന് ഊറ്റുകൊളളുന്നവരായിരുന്നു നമ്മൾ.
യുക്തിവാദത്തിന്‍റെയും ശാസ്ത്ര പ്രബോധനങ്ങളുടെയും മികവുറ്റ സംവിധാനങ്ങളുടെയും പശ്ചാത്തലത്തിൽ നമ്മൾ ഇതെല്ലാം ഇല്ലാതാക്കി ‘മനുഷ്യർ’ ആയ സംസ്ഥാനമാണെന്ന് സ്വയം നമ്മൾ ആഘോഷിച്ചു കൊണ്ടേയിരിക്കുന്നു.
എന്നാൽ, ഇവിടുത്തെ യാഥാർത്ഥ്യമെന്താണ്? ഇവിടെ അപരവത്ക്കരിപ്പെട്ട ദലിത്, ആദിവാസി വിഭാഗങ്ങൾ ജാതിപരമായ ഉച്ചനീചത്വം അനുഭവിക്കേണ്ടി വരുന്ന വസ്തുതകൾ എങ്ങനെയാണ് ഈ സമൂഹത്തിൽ അടയാളപ്പെട്ടത്. ഇതൊക്കെ ഇല്ലാത്ത കാര്യങ്ങളാണ്. ജാതിയും അതിന്‍റെ പ്രിവിലേജുകളും ഇല്ലാത്തയിടമാണ് കേരളം, അപരങ്ങളില്ലാത്ത ഇടമാണ് കേരളം എന്നൊക്കെ പറഞ്ഞ വിചക്ഷണന്മാർക്ക് കിട്ടിയ അടിയാണ് അട്ടപ്പാടിയിൽ ഇന്നലെ കണ്ടത്. മധു എന്ന പേരിനൊപ്പം ഒന്നുമില്ലായിരുന്നു. വാര്യരെന്നോ മേനോനെന്നോ നമ്പൂതിരിയെന്നോ നായരെന്നോ തുടങ്ങി ഏതെങ്കിലും പ്രിവിലേജ് ആ പേരിന്‍റെ അറ്റത്ത് ഉണ്ടായിരുന്നവെങ്കിൽ ഒന്നു തൊടാൻ പോലും ആളുകൾ ഭയക്കുമായിരുന്നു. മധു എന്നത് ആദിവാസി ആണെന്ന് ആളുകൾക്ക് അറിയാം. വേഷം, ഭാഷ എന്നിവയിലൂടെ അപരിഷ്കൃതനാണെന്ന് അവിടുത്തെ ആൾക്കൂട്ടം തീരുമാനിച്ചു. മോഷണം ഒക്കെ നിലയ്ക്കു നിർത്തേണ്ടത് തങ്ങളാണെന്ന് പരിഷ്കൃതരെന്ന് സ്വയം വിശ്വസിക്കുന്ന ആ പ്രിവിലേജ്ഡായ ആൾക്കൂട്ടം വിധിയെഴുതി.
പ്രിവിലേജ് ഇല്ലാത്ത, പാർശ്വവത്കൃത സമൂഹത്തിലെ ആർക്കെതിരെയും ഇന്ത്യൻ ജുഡീഷ്യറിക്കും അപ്പുറം അധികാരം കൈയ്യാളാൻ തങ്ങൾ പ്രാപ്തരാണെന്ന് കേരള സമൂഹം ചിന്തിച്ചു എന്നതിന്‍റെ തെളിവാണ് ഇന്നലെ കണ്ടത്. മധു എന്ന ഇരുപത്തിയേഴുകാരനായ യുവാവിന്‍റെ കൈവശം കണ്ട ഒരു പിടി മല്ലി, മുളക് പൊടി ലോകത്തെ ഏറ്റവും വലിയ ക്രിമനൽ മോഷണമായി കാണാൻ ആ ആൾക്കൂട്ടമെന്ന ക്രിമിനൽ മനസ്സുകൾക്ക് സാധിച്ചു. ആ ക്രിമിനലുകളുടെ അധികാരത്തിന്‍റെ പിന്നിൽ അവർക്ക് ലഭിക്കുന്ന പ്രിവിലേജ് ആണ്.
മധുവിന്‍റെ ദൈന്യമുഖം കണ്ടാൽ തന്നെ ‘എന്തിനാണ് നീ ഇത് ചെയ്തത്?’ എന്നുപോലും ഈ ആൾക്കൂട്ട ക്രിമിനലുകൾ ചോദിച്ചില്ല എന്നതാണ് അതിശയിപ്പിക്കുന്ന ഭീകരത. ഇത് വ്യക്തമാക്കുന്നത് കേരളത്തിന്‍റെ പൊതുസമൂഹം എന്നത് ഇന്ന് പ്രിവിലേജ് ഭീകരവാദത്തിന്‍റെ പിടിയിലാണ് എന്നതാണ്. അതിന്‍റെ ഏറ്റവും പുതിയ ഇരയാണ് അട്ടപ്പാടിൽ പൊതുസമൂഹത്തിലെ പ്രിവിലേജ് ഭീകരവാദം കൊലപ്പെടുത്തിയ മധു എന്ന ആദിവാസി യുവാവ്.
ഖാപ് പഞ്ചായത്ത് നടത്തി ഒരു ചെറുപ്പക്കാരനെ കൊലപ്പെടുത്തിയവരിൽ ഒരാൾപോലും ‘എന്തിന് ഇത് ചെയ്തു? നിനക്ക് വിശന്നിട്ടാണോ?’ എന്ന് ആ ചെറുപ്പക്കാരനോട് ചോദിച്ചില്ല. ആ ചെറുപ്പക്കാരൻ അത് ചെയ്തോ ചെയ്തില്ലയോ എന്ന് പറയാൻ പോലും അല്ലെങ്കിൽ എന്തിന് ചെയ്തു എന്ന് പറയാൻ പോലും അവർ അവസരം കൊടുത്തില്ല. ആ കൊലപാതകികളുടെ അതേ പ്രായമേ ഉളളൂ കൊലപ്പെട്ട ചെറുപ്പക്കാരനും എന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പടങ്ങൾ വ്യക്തമാക്കുന്നത്. എന്നിട്ടും നടന്നത് ചോദ്യങ്ങളില്ലാത്ത, അന്വേഷണങ്ങളില്ലാത്ത വിധി നടപ്പിലാക്കൽ.
വിജയ് മല്യയെ പോലെ ഏതോ കോർപ്പറേറ്റ് ചെയ്ത കുറ്റം പോലെയല്ല, അതിലേറെ വലിയ മാപ്പില്ലാത്ത തെറ്റാണ് ചെയ്തതെന്നാണ് പാർശ്വങ്ങളിലേയ്ക്ക് കേരള സമൂഹം തളളി നീക്കിയ ഈ കറുത്ത മനുഷ്യനെതിരെയുളള ജാതി കുറ്റപത്രം. അതു തന്നെയാണ് ജാതി ജനത്തിന്‍റെ ഖാപ് പഞ്ചായത്ത് നടത്തി സെൽഫിയെടുത്തവരുടെ നിലപാടും. അവർ അധികാര രാഷ്ട്രീയത്തിന്‍റെ പരിധിയിൽ നിൽക്കുന്നവരാണ്. വിജയ് മല്യയും നീരവ് മോദിയും ഒക്കെ സുഖ സഞ്ചാരം നടത്തുന്ന രാജ്യത്താണ് ഒരു നേരത്തെ പട്ടിണി മാറ്റാൻ ഒരു വറ്റ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഒരു കറുത്ത മനുഷ്യനെ തല്ലിക്കൊല്ലുന്നത്. ഈ കൊലപാതകത്തെ മിതമായ ഭാഷയിൽ പറയാവുന്നത് ‘പ്രിവിലേജ് ഭീകരവാദം’ എന്നാണ്.
ഒരു നാടിന്‍റെ നീതിവ്യവസ്ഥയിൽ നിന്നും എങ്ങനെയാണ് ആദിവാസി, ദലിത്, ബഹുജൻ മൈനോറിറ്റീസ് പുറന്തളളപ്പെടുന്നത്? അവർ പ്രിവിലേജ്‌ഡ് ആയ ഒരു വംശീയ കൂട്ടത്തിന്‍റെ നീതിനടപ്പാക്കലിന് ഇരകളാകേണ്ടി വരുന്നത്? രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങളെ അട്ടിമറിച്ചുകൊണ്ട് മാറിമാറി വരുന്ന സർക്കാരുകൾ ദലിത്, ആദിവാസി, ബഹുജൻ മൈനോറിറ്റീസിന് കൊടുക്കേണ്ടിവരുന്ന നീതി കൊടുക്കാതിരിക്കുന്നു. അതേസമയം, അത് ഞങ്ങളാണ് തീരുമാനിക്കുന്നതെന്ന് പ്രിവിലേജ്ഡ് ആയ ജാതി പൊതു സമൂഹം തീരുമാനിക്കുന്നു. ഒരു വ്യക്തിക്ക് നീതി ലഭ്യമാക്കേണ്ടതുണ്ടങ്കിൽ അതിന് പകരം ഒരു ആൾക്കൂട്ട നീതി നടപ്പാക്കുന്നത്. സർക്കാരിനെയോ നിയമവ്യവസ്ഥയെയോ അവർക്ക് ഭയമില്ല, കാരണം അവരുടെ അക്രമത്തിന് ഇരയാകുന്നത് പ്രിവിലേജ്ഡ് അല്ലാത്തവരാണ്. അതിന് ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അട്ടപ്പാടിയിൽ കഴിഞ്ഞ ദിവസം നടന്നത്. ആദിവാസിയായ, അധികാരപരിധിയിൽ നിന്നും ബോധപൂർവ്വം അകറ്റി നിർത്തപ്പെട്ടിട്ടുളള സമൂഹത്തിൽ നിന്നുളള മധുവിനെയാണ് ജാതി സമൂഹം കൊലപ്പെടുത്തിയത്.
ജിഷ, വടയമ്പാടി, മുത്തങ്ങ, ചെങ്ങറ തുടങ്ങിയവയെല്ലാം ഇതിന് മുൻ ഉദാഹരണങ്ങളാണ്. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഉദാഹരണങ്ങൾ പറയാനുണ്ട്.
കാടിനോട് കുടിയേറ്റക്കാരാണ് കുറ്റം ചെയ്തത്. ആദിവാസിയുടെ ആവാസ വ്യവസ്ഥയെ ഇല്ലാതാക്കിയത് ഈ ജാതി പ്രിവിലേജിന്‍റെ ഉടമസ്ഥാവകാശം പേറുന്ന കുടിയേറ്റ സമൂഹമാണ്. ആദിവാസി സമൂഹത്തെ ഭക്ഷണത്തിന് വേണ്ടി മുളക് പൊടിയും മല്ലിപ്പൊടിയും എടുപ്പിക്കുന്നത് ഇവരാണ്. ഈ നാട്ടുകാരെന്ന് അഭിമാനിക്കുന്നവർ. നിങ്ങൾ പറയുന്ന ഈ നാട്ടിലേയ്ക്ക് ഇറങ്ങേണ്ടി വരുന്നത് വിശപ്പടക്കാൻ വെളളം പോലും കൊടുക്കാതെ കൊന്നുകളയുന്ന നിങ്ങളുടെ ചെയ്തികൾ കാരണമാണ്. നിങ്ങൾ അവരുടെ ഇടങ്ങളെ കൊളളയടിച്ചു. അവിടെ നിങ്ങളുടെ കെട്ടിടങ്ങൾ പടുത്തുയര്‍ത്തി. അവരെ വംശഹത്യയിലേയ്ക്ക് കൈയേറ്റം കൊണ്ടും വെടിയുണ്ട കൊണ്ടും നിങ്ങൾ എത്തിച്ചു. എന്തും ചെയ്യാൻ മടിക്കാത്ത പൊതുസമൂഹത്തിന് ധൈര്യം ജാതി പ്രിവിലേജാണ്. അട്ടപ്പാടിയിൽ മധുവിനില്ലാത പോയതും അതാണ്.
ജാതി പ്രിവലേജിന്‍റെ ബലത്തിൽ അടിച്ചവശനാക്കി ചോര തുപ്പി മരിക്കേണ്ടി വരുന്ന ദലിത്, ആദിവാസി അനുഭവം ആദ്യത്തേത് അല്ല. ഇത്തരം നിരവധി അനുഭവങ്ങൾ ഇവിടുത്തെ ദലിത്, ആദിവാസി സമൂഹങ്ങൾ അനുഭവിക്കുന്നതാണ്. ഇത് പുതിയ കാര്യമല്ല.
ദലിത് ആദിവാസി വിഭാഗം നേരിടുന്ന ഈ അനീതിക്കെയ്ക്കെതിരെ ജനമുന്നേറ്റം രൂപപ്പെട്ടിട്ടുണ്ട്. ജനം സ്വാഭാവികമായി ഒന്നിക്കുന്നു. ഒന്നിക്കാൻ ഞങ്ങളുടെ ഒന്നിനെ നഷ്ടമാകേണ്ടി വന്നു. ഞങ്ങളിലൊന്ന് നഷ്ടമായതിന്‍റെ പേരിലാണ് എന്ന് നിങ്ങൾ ഓർക്കണം. വ്യവസ്ഥാപിത മാധ്യമങ്ങൾ കോടികൾ തട്ടിച്ച വിജയ് മല്യയെയോ നീരവ് മോദിയെയോ മോഷ്ടാവ് എന്ന് വിളിക്കാൻ ധൈര്യം കാണിക്കാത്തവരാണ് . ആ നിങ്ങളാണ് ഒരു നുള്ള് മല്ലി പൊടിയോ മുളക് പൊടിയോ മോഷ്ടിച്ചവനെന്ന് ആൾക്കൂട്ടം ആരോപിക്കുന്നവനെ മോഷ്ടാവ് എന്ന് വിളിക്കുന്നത്. മാധ്യമ ധർമ്മമല്ല, നിങ്ങളുടെ ജാതി ധർമ്മമാണ് നിങ്ങൾ നിറവേറ്റുന്നത്. നിങ്ങളുടെ മാതൃഭൂമി ജാതിയാണ്, ജാതി അടിമത്തവും.
ആൾക്കൂട്ട മനഃശാസ്ത്രമാണിതെന്നാണ് മാധ്യമ ന്യായീകരണം, ഒപ്പം അധികാര ന്യായീകരണവും. ഇത് വെറുമൊരു ആൾക്കൂട്ട മനഃശാസ്ത്രമല്ല എന്നതാണ്. വളരെ സിസ്റ്റമാറ്റിക്കായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ഒന്നാണ് ഇത്. ഇത് എല്ലാവർക്കെതിരെയും പ്രയോഗിക്കപ്പെടുന്ന ആൾക്കൂട്ട മനഃശാസ്ത്രമല്ല ഇത് എന്ന് ആദ്യം മനസ്ലിലാക്കണം.
എങ്ങനെയാണ് ഈ ആൾക്കൂട്ട മനഃശാസ്ത്രം ആദിവാസിക്കും കറുത്തവനും സ്ത്രീക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന തൊഴിലാളികൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരെ മാത്രം രൂപപ്പെടുന്നത്. ഈ പറയുന്ന ആൾക്കൂട്ട മനഃശാസ്ത്രം എന്നത് വംശീയതയും ജാതീയിതയും ആണ്. ജാതി സമൂഹം കൽപ്പിച്ചുവച്ചിരിക്കുന്ന മൂലധനം പേരിന്‍റെ അറ്റത്തുണ്ടായിരുന്നെങ്കിൽ ഇങ്ങനെയാകില്ല അവസ്ഥ. അത് മനസ്സിലാക്കണമെങ്കിൽ ചെറിയൊരു ഉദാഹരണം സമകാലത്ത് നിന്നുമെടുക്കാം.സോഷ്യൽ മീഡിയയുടെ ഇക്കാലത്ത് അത് വളരെ വ്യക്തമാകുന്നതാണ്.
സ്കൂളിലെ ഔദ്യോഗിക പേരുകളിൽ ഇനിഷ്യലുകളിൽ ഒതുങ്ങി നിന്നവർ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ജാതിയിൽ നിറഞ്ഞു തുളുമ്പുകയാണ്. അങ്ങനെ ജാതി പേര് കൂട്ടിച്ചേർത്തുവരുന്നവരാണ് ജാതിയില്ലെന്ന് പറയുന്നത്.
ആ പേര് അവന്‍റെ/ അവളുടെ സാമൂഹിക നില ഉയർത്തുന്നുണ്ട്. അത് അവർക്ക് അപ്രഖ്യാപിതവും അലിഖിതവുമായ ചില പ്രത്യേക അവകാശങ്ങൾ ലഭ്യമാക്കുന്നുണ്ട്. പേരിന്‍റെ അറ്റത്ത് ഒരു മൂലധനമാണ് അവർ നിക്ഷേപിക്കുന്നത്. ആ മൂലധനമില്ലാത്തവർ സാമൂഹികമായി നേരിടേണ്ടി വരുന്നതാണ് മധുവിന് അട്ടപ്പാടിയിൽ സംഭവിച്ചത്. ഭൂമി, വിഭവം,അധികാരം എന്നിവ പോലെ ഒന്നാണ് പേരിന്‍റെ അറ്റത്തെ ഈ മൂലധനവും. പേരിന്‍റെ അറ്റത്തെ ഈ ജാതി മൂലധനം ഒരു ക്രീമിലെയറിനെയാണ് കാണിക്കുന്നത്.
സിനിമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുമെല്ലാം ഈ ജാതി മൂലധനത്തെ ആഘോഷിക്കുന്നവരാണ്. ഉദാഹരണത്തിന് സൗരവ് ഗാംഗുലിയെ കുറിച്ച് പറയുമ്പോൾ രാജപരമ്പരയെ കുറിച്ച് പറയും, രാജകുമാരനാക്കും… ‘പദ്‌മാവതി’നെ കുറിച്ച് പറയുമ്പോൾ മാധ്യമങ്ങൾ ക്ഷത്രിയ വീര്യത്തെ കുറിച്ചുളള കഥകളായിരിക്കും അട വച്ച് വിരിയിക്കുക. ഇതൊരു ജാതി പ്രിവല്ലേജ്ഡ് ആയ സമൂഹത്തിലെ കാഴ്ചയാണ്. ആ ജാതി പ്രിവിലേജുകളുടെ ഭീകരവാദമാണ് ഇവിടെ കേരളാ മോഡലിന്‍റെ മറവിൽ അരങ്ങേറുന്നത്. തല്ലിക്കൊല്ലിക്കുന്ന കേരളാ മോഡൽ ഏറ്റവും മോശം മോഡലാണ്. അത് വോട്ടായി തിരിച്ചു കുത്തും എന്നധികാരത്തിൽ അഭിരമിക്കുന്നവർ തിരിച്ചറിയുന്നില്ല.
അംബേദ്‌കർ വിമൻ കലക്ടീവ് പ്രവർത്തകയാണ് ലേഖിക
ചിത്രീകരണം: വിഷ്ണുറാം