ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ഓഗസ്റ്റ് 15 ന്, ഇന്ത്യ റിപബ്ലിക്കായത് 1950 ജനുവരി 26 ന്: സാധരണഗതിയിൽ നമ്മുക്കാർക്കും ഒരു സംശയവുമില്ല. എന്നാൽ ഇന്ത്യയിലെ ആദിവാസി ഗ്രാമങ്ങളെ സംബന്ധിച്ചടത്തോളം അവർ മറ്റൊരു ദിവസമാകും പറയുക: 1996 ഡിസംബർ 24. ആയിരത്തിയഞ്ഞൂറോളം ആദിവാസി ഗ്രാമങ്ങളിൽ സ്ഥാപിച്ചിട്ടുളള ശിലാഫലകങ്ങളിൽ ഇങ്ങനെ കാണാം. “ഞങ്ങൾ പരശ്ശതം സ്വയംഭരണ റിപബ്ലിക്കുകൾ ഞങ്ങളുടെ പങ്കാളിത്താധിഷ്ഠിത കൂട്ടായ്മയായി ഇന്ത്യയെ വിഭാവനം ചെയ്യുന്നു.” ‘പെസ’ (Panchayat (Extension to the Scheduled Areas) Act, 1996 ) എന്ന ആദിവാസി സ്വയം ഭരണ നിയമം പിറന്ന ദിവസമാണ് ഇന്ത്യയിലെ ആദിവാസികളുടെ സ്വാതന്ത്ര്യ ദിനവും റിപ്ബ്ലിക്ക് ദിനവും.
ഒഡിഷയിൽ 80, ഛത്തീസിഗഡിൽ 300, ആന്ധ്രയിൽ 125, കർണാടകത്തിൽ 40, മധ്യപ്രദേശിൽ 50, രാജസ്ഥാനിൽ 50, ജാർഖണ്ഡിൽ 600 എന്നിങ്ങനെ ആയിരത്തിയഞ്ചൂറോളം ആദിവാസി മേഖലകളിൽ ‘പെസ’ അനുസരിച്ച് സ്വയംഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ മലയാളികൾ ഈ നിയമത്തെ കുറിച്ച് കേൾക്കുന്നത് 2001 ഒക്ടോബർ 16 ന്, അന്നത്തെ മുഖ്യമന്ത്രി എ. കെ ആന്റണിയും സെക്രട്ടേറിയറ്റിന് മുന്നിൽകുടിൽ കെട്ടി സമരം ചെയ്യുകയായിരുന്ന ആദിവാസികളുടെ നേതാവ് സി കെ ജാനുവും ചേർന്ന് ഒപ്പുവച്ച കരാറിലൂടെയാണ്.
ആ കരാറിലെ വ്യവസ്ഥകൾ പ്രകാരം, ആദിവാസികൾക്ക് ഒന്നിനും അഞ്ചിനും ഇടയ്ക്ക് ഏക്കർ ഭൂമി നൽകുക, അഞ്ച് വർഷത്തേയ്ക്ക് ഉപജീവന സഹായം നൽകുക, സുപ്രീം കോടതിയിലുളള ആദിവാസി ഭൂമി സംബന്ധമായ കേസുകൾ ത്വരിതപ്പെടുത്തുക, ആദിവാസി പ്രദേശങ്ങളിൽ സ്വയം ഭരണത്തിന് ശുപാർശ ചെയ്യുക തുടങ്ങിയവയായിരുന്നു.
സ്വയം ഭരണമെന്നത് രണ്ട് പതിറ്റാണ്ടിലധികമായി ആദിവാസികളുടെ ഭരണഘടനാപരമായ ഒരവകാശമാണ്. ആദിവാസി മേഖലകളെ അഞ്ചാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി അവർക്ക് സ്വയം ഭരണം നൽകുന്ന നിയമത്തെ കുറിച്ച്, തദ്ദേശ സ്ഥാപനങ്ങൾക്ക് പരിശീലനം നൽകുന്ന ‘കില’യ്ക്കു പോലും വിവരമില്ലെങ്കിലും ഗോത്രമഹാസഭയ്ക്ക് അതറിയാമായിരുന്നു. അതുകൊണ്ടാണത് സംസ്ഥാന സർക്കാരുമായുളള കരാറിലെ വ്യവസ്ഥയിൽ അത് ഉൾപ്പെടുത്തിയത്.
ഇത് നടപ്പാക്കാൻ കരാർ ഒപ്പുവച്ച സർക്കാർ വിസമ്മതിച്ച സാഹചര്യത്തിലാണ് പതിനഞ്ച് വർഷം മുമ്പ് മുത്തങ്ങ സംഭവിക്കുന്നത്. ആ ഉയിർത്തെഴുന്നേൽപ്പ് അടിച്ചമർത്തപ്പെട്ടപ്പോൾ, ആദിവാസി അവകാശങ്ങൾക്കു വേണ്ടിയുളള സമരം മന്ദീഭവിച്ചു, എങ്കിലും കഴിഞ്ഞ ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് നടന്ന നിൽപ്പ് സമരത്തെ തുടർന്ന്, ആ ആവശ്യം അംഗീകരിക്കാനും ഒരു ശുപാർശയായി അംഗീകാരത്തിന് രാഷ്ട്രപതിക്ക് അയ്ക്കാനും സർക്കാർ നിർബന്ധിതരായി. ആ ശുപാർശ ഇപ്പോഴും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അദ്ദേഹത്തിന്‍റെ മേശപ്പുറത്തുണ്ട്.
നഷ്ടപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിച്ചെടുത്ത് ആദിവാസികൾക്ക് നൽകുവാനുളള അടിയന്തിരാവസ്ഥക്കാലത്തെ നിയമം പിന്നീട് കേരള നിയമസഭ 140 ൽ 139 വോട്ടുകളോടെയാണ് അട്ടിമറിച്ചത്. ഏതാണ്ട് ഏകകണ്ഠമായി ആ അട്ടിമറി എല്ലാവരും ചേർന്ന് നടത്തിയെന്ന് പറയാം. എം എൽഎമാരുടെ സർവകക്ഷി സംഘം ഡൽഹിയിലെത്തി രാഷ്ട്രപതിയെ കണ്ടാണ് ഇക്കാര്യത്തിൽ മുന്നോട്ടുളള നീക്കങ്ങൾ നടത്തിയതെന്ന് ഓർക്കുന്നുണ്ടാവുമല്ലോ.
അടിയന്തിരാവസ്ഥാ കാലം മുതൽ ഭൂമിയുടെ കാര്യത്തിലും കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി ആദിവാസി മേഖലകളുടെ സ്വയം ഭരണത്തിന്‍റെ കാര്യത്തിലും കേരളം പിന്നിലാണ്.
അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവ് വിശന്നിട്ട് അരി മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആൾക്കുട്ടം തല്ലിക്കൊന്നെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ, ആദിവാസികൾക്ക് ഭൂമിയും വനാവകാശവും സ്വയം ഭരണവും നൽകുന്ന കാര്യം ഒന്നുകൂടി ഉന്നയിക്കാൻ കേരളത്തിലെ പൊതുസമൂഹം നിർബന്ധിതമായിരിക്കുന്നു.
ഭൂമിയും ജീവിതവും സ്വയംഭരണവും തിരിച്ചുനൽകുക എന്ന മുദ്രാവാക്യത്തിന് വേണ്ടി കൂടുതൽ വില കൊടുത്ത് തെരുവിലേയ്ക്കിറങ്ങുവാൻ ഇനിയും ആദിവാസികളെ അനുവദിച്ചുകൂടാ. ഇപ്പോൾ പൊതുസമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ് ആ ആവശ്യങ്ങൾ ഉറക്കെ ഉന്നയിക്കുക എന്നത്.
മാപ്പ് മധു എന്ന ഫെയ്‌സ്‌ബുക്ക് ടാഗിനപ്പുറത്തേയ്ക്ക് നാം ഒരു ചുവട് എങ്കിലും മുന്നോട്ട് വെയ്ക്കേണ്ടിയിരിക്കുന്നു.
സിവിക് ചന്ദ്രൻ എഴുതിയ മറ്റ് ചിലത് ഇവിടെ വായിക്കാം: ജനലില്‍ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്, സൂക്ഷിക്കുക-സിവിക് ചന്ദ്രൻെറ കവിത
ഇടിമുഴക്കത്തിന്റെ ബാക്കിപത്രം-അമ്പത് വർഷമാകുന്ന നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവർത്തമാനം