scorecardresearch
Latest News

‘ആമി’യെച്ചൊല്ലി അഭിമാനം മാത്രം: മാധവികുട്ടിയുടെ മകന്‍ ജയസൂര്യ

‘സ്ഥൈര്യത്തോടെ, ഉറപ്പോടെ പറയട്ടെ, ‘ആമി’ യെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമാണുള്ളത്,’ മാധവിക്കുട്ടിയുടെ മകന്‍ ജയസൂര്യ ദാസ്‌ എഴുതുന്നു

ആമി, Aami, ജയസൂര്യ ദാസ്, Jai Surya Das, മഞ്ജു വാര്യര്‍, Manju Warrier, കമല്‍, Kamal, മാധവികുട്ടി, Madhavikutty, കമലാ ദാസ്‌, Kamala Das, കമല സുരയ്യ, Kamala Surayya, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, ഐ ഇ മലയാളം, iemalayalam

‘ആമി’ – ഏറെ പ്രത്യേകതകളുള്ള, സമാനതകളില്ലാത്ത, സ്വപ്നതുല്യമായ അനുഭവമാണ് എനിക്കീ ചിത്രം. ഈ സിനിമയുടെ യാഥാർഥ്യവുമായി പൊരുത്തപ്പെടണമെങ്കിൽ എനിക്കിതെഴുതിയേ തീരൂ. സ്വന്തം അമ്മയുടെ ജീവിതം മുന്നിലെ തിരശീലയിൽ ചുരുളുകൾ നിവർത്തി തെളിഞ്ഞ അനുഭവം, മരണം വരെ എന്‍റെ കൂടെയുണ്ടാവുമെന്ന് തീര്‍ച്ച.

സിനിമയുടേതായ എല്ലാ സ്വാതന്ത്ര്യവും, സാങ്കല്പികാംശങ്ങളും ഉൾച്ചേർന്നിരിക്കുമ്പോൾ തന്നെ, കാണെക്കാണെ ‘ആമി’ എന്‍റെ കണ്ണുകൾ നിറച്ചു. മുതിർന്ന പുരുഷന്മാർ കരയാൻ പാടുണ്ടോ. എങ്കിലും അത് തന്നെയാണ് കഴിഞ്ഞ വാരാന്ത്യത്തിൽ സംഭവിച്ചത്. “എന്നെ കരയിച്ചു കളഞ്ഞല്ലോ” അന്ന് രാത്രി തന്നെ ഞാൻ മഞ്ജു വാര്യരോട് പരിഭവിക്കുകയും ചെയ്തു. ട്രോളൻമാരോ മറ്റുള്ളവരോ എന്തും ചിന്തിക്കുകയോ പറയുകയോ ചെയ്തോട്ടെ, കമൽ തന്‍റെ ജോലി മനോഹരമാക്കി എന്ന് പറയാതെ വയ്യ.

കൂടുതല്‍ വായിക്കാം: ‘ഞാന്‍ ആമിയായപ്പോള്‍’, മഞ്ജു വാര്യര്‍ അഭിമുഖം

നിർമ്മിക്കാൻ എളുപ്പമുള്ള ഒരു സിനിമയല്ല ഇത്. അത് മറ്റാരെക്കാളും നന്നായി എനിക്കാണ് പറയാന്‍ കഴിയുക.  ഈ ചിത്രത്തിന്‍റെ സൂക്ഷ്മാംശങ്ങളും അതിനു പിന്നിലെ പ്രയത്നവും എനിക്കടുത്തറിയാം. കേന്ദ്ര കഥാപാത്രത്തിന്‍റെ മഹത്വവും, യാഥാര്‍ത്ഥ്യത്തെ കവിഞ്ഞു നിൽക്കുന്ന അവരുടെ വ്യക്തിത്വവും, വായനക്കാർക്ക് അവരോടുള്ള ആദരവും സ്നേഹവും ‘ആമി’യെ തിരശീലയില്‍ എത്തിക്കാന്‍ പ്രയാസമുള്ളതാക്കിത്തീര്‍ത്തു.

പലപ്പോഴും മാധ്യമ ശ്രദ്ധ മാത്രം ലാക്കാക്കി, അവരെക്കുറിച്ച്‌ എഴുതുകയും പറയുകയും ചെയ്തു സ്വന്തം പ്രശസ്തി വർധിപ്പിക്കാൻ ശ്രമിച്ച നിരവധി എഴുത്തുകാരും വിമർശകരും ഉണ്ടല്ലോ. അവരോടും കൂടിയാണ് ഞാനിതു പറയുന്നത്. ഈ സിനിമ ഉണ്ടായിക്കഴിഞ്ഞു, ഇതൊരു മനോഹര ചിത്രമാണ്. ശുഭം.

പുതിയ വിവാദങ്ങൾ ഉണ്ടാക്കാനായി നിങ്ങൾ എന്തും പറഞ്ഞോളൂ. മാധവികുട്ടിയെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ളത് അവരുടെ കുടുംബാംഗങ്ങൾ തന്നെ ആണ്. അത് കൊണ്ട് തന്നെ മറ്റൊന്നും ഇവിടെ പ്രസക്തമല്ല.

കമല്‍ ആദ്യം ഇതേക്കുറിച്ചു സംസാരിച്ച നിമിഷം മുതൽ സിനിമ പൂർത്തീകരിച്ച നിമിഷം വരെ എനിക്ക് നന്നായി ഓർമയുണ്ട്. ചെയ്യാൻ കഴിയുന്ന എല്ലാം ചെയ്തു കൊണ്ട്, എനിക്കറിയാവുന്ന മട്ടിൽ സംസാരിച്ചു കൊണ്ട് സിനിമയുടെ കൂടെക്കൂടിയ എനിക്ക്, ഞാൻ ഇതിന്‍റെ ഒരവിഭാജ്യ ഘടകമാണെന്ന തോന്നലാണ്. വിശദവിവരങ്ങൾ നൽകുന്ന ഒരു കുടുംബാംഗം എന്ന നിലയ്ക്കപ്പുറത്തേക്ക് ഈ തോന്നൽ എന്നെ ഈ പ്രൊജക്റ്റുമായി അടുപ്പിച്ചിട്ടുമുണ്ട്.

കമലാ ദാസിന്‍റെ വസ്‌തുവകകളുടെ ഉടമ എന്ന നിലയിൽ, പകർപ്പവകാശി എന്ന നിലയിൽ, എന്‍റെ സഹോദരന്മാർക്ക് കൂടി വേണ്ടി ഞാൻ ഇതിൽ ആണ്ടു മുങ്ങിയിരുന്നു. അമ്മയുടെ കൃതികളെ സംബന്ധിച്ചും അല്ലാതെയും ഉള്ള എല്ലാ തീരുമാനങ്ങളിലും, സഹോദരന്മാർ എന്നെ സഹായിച്ചിരുന്നു. എങ്കിലും, ജീവിതത്തിൽ ഉടനീളവും, ജീവിതത്തിനു ശേഷവും, അമ്മ നേരിട്ട വിവാദങ്ങൾ കാരണമാവാം ഈ സിനിമയ്ക്ക് പതിവിലും കൂടുതൽ പ്രാധാന്യം ഉണ്ടായി.

മികച്ച സംവിധായകൻ എന്ന നിലയിൽ കമൽ എനിക്ക് പരിചിതനായിരുന്നുവെങ്കിലും, ‘ആമി’ അനുഭവം തീര്‍ത്തും വ്യത്യസ്തമായിരുന്നു.  ഞങ്ങള്‍ തമ്മിലുള്ള ഗഹനമായ ഒരു സംവേദനാത്മകത ചിത്രത്തിന് ആവശ്യമായിരുന്നു. ജനങ്ങൾ ആരാധിച്ച വലിയ വ്യക്തിത്വത്തിനുടമയായിരുന്നു കമലാ ദാസ്. അതുകൊണ്ട് തന്നെ, ഒരു പിഴവു പോലും വരാന്‍ പാടില്ല എന്ന് ഞങ്ങള്‍ കരുതിയിരുന്നു.

കമലിനൊപ്പം ജയസൂര്യ ദാസ്, ഫൊട്ടോ. ജയസൂര്യ ദാസ്/ഫേസ്ബുക്ക്‌

സിനിമക്ക് അനുമതി നൽകുന്ന കുടുംബാംഗമായി ഞാൻ മുന്നിൽ നിന്നു. ആശങ്കയോടെ വിളിച്ചിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും, ചോദിക്കാതെ തന്നെ അനവധി ഉപദേശ-നിർദേശങ്ങൾ വാരിവിതറിക്കൊണ്ടിരുന്നു. അമ്മയുടെ ജീവിതത്തെ അടയാളപ്പെടുത്തേണ്ട കൃത്യതയെ സംബന്ധിച്ചും മുന്നറിയിപ്പുകൾ ഏറെ ലഭിച്ചു. എല്ലാറ്റിനും എനിക്കൊരൊറ്റ മറുപടിയേ ഉണ്ടായിരുന്നുള്ളു. “എല്ലാം ഞാൻ നോക്കുന്നുണ്ട്, നിങ്ങൾ വിഷമിക്കണ്ട” എന്ന്.

കമലാദാസിന്‍റെ തീക്ഷ്‌ണ വ്യക്തിത്വവും അവർ ഉൾപ്പെട്ട പല വിവാദങ്ങളും ചിത്രീകരിക്കരുത് എന്ന നിങ്ങളിൽ പലരുടെയും അഭ്യർത്ഥന എനിക്ക് സ്വീകാര്യമായിരുന്നില്ല, ക്ഷമിക്കുക. ഞാൻ ഓരോ വട്ടവും പറഞ്ഞത് പോലെ, അങ്ങിനെ ചെയ്‌താല്‍ അത് കമലാ ദാസിനെക്കുറിച്ചുള്ള ചിത്രമാവുമായിരുന്നില്ല.

എഴുത്തുകാരും ഞാൻ ഉൾപ്പെടുന്ന മാധ്യമ രംഗത്തെ സുഹൃത്തുക്കളും ഉയർത്തിയ പല ചോദ്യങ്ങൾക്കും മറുപടി പറയേണ്ട വക്താവാകേണ്ടി വന്നിട്ടുണ്ട് എനിക്ക്. പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കിയിരുന്നെങ്കിലും (ജന്മസിദ്ധമായി കിട്ടിയ സ്വഭാവം കൂടി ആയിരിക്കണമിത്), മറ്റുള്ളവർ എന്ത് പറയുമെന്ന് ഞാൻ ചിന്തിക്കുകയേ ഇല്ല.

കുഞ്ഞുജയസൂര്യയുമായി കമല, ഫൊട്ടോ. ദി ലവ് ക്വീന്‍ ഓഫ് മലബാര്‍/ഫേസ്ബുക്ക്‌

ഈ സിനിമ കാണാൻ കാത്തു പുണെയിലെ ഒരു സിനിമാ ഹാളിൽ മറ്റു മലയാളികൾക്കൊപ്പം ഞാനും എന്‍റെ ഭാര്യ ദേവിയും ഇരുന്നു. അക്ഷരപ്പിശകുള്ള ക്രെഡിറ്റുകൾ ആയിരുന്നെങ്കിലും അമ്മയുടെ പല കാലഘട്ടങ്ങളിലെ അതിമനോഹര ചിത്രങ്ങൾ ചേർത്ത ടൈറ്റിലുകൾ ഏറെ ചന്തമുള്ളതായിരുന്നു. ഞങ്ങൾക്ക് കണ്ണ് നിറയാൻ അത് തന്നെ ധാരാളമായി.

ആമിയെന്ന കമല, വീണ്ടും ഞങ്ങൾക്ക് മുന്നിൽ വന്നതുപോലെ ആയിരുന്നു ആ അനുഭവം. ആ ജീവിതത്തിന്‍റെ കുഞ്ഞു കുഞ്ഞു സൂക്ഷ്മതകൾ ഭംഗിയായി മഞ്ജു പകർത്തിയിരിക്കുന്നു. മധു നീലകണ്ഠന്‍റെ സിനിമോട്ടോഗ്രാഫി ഓരോ ഫ്രെയിമിനെയും ഒരു പോസ്റ്റ്കാർഡു പോലെ നയന മനോഹരമാക്കി.

ഞാൻ ആദ്യമായി കണ്ട കമൽ ചിത്രമായിരുന്നു ‘ആമി’. അമ്മയെക്കുറിച്ചുള്ള ഈ ചിത്രം അദ്ദേഹം സംവിധാനം ചെയ്തു എന്നതിൽ ഞാൻ ആഹ്‌ളാദിക്കുന്നു. സിനിമയുടെ നിർമാണത്തെക്കുറിച്ചു പറയാൻ ഞാൻ ഒരു വിമർശകനൊന്നുമല്ല. എങ്കിലും കണ്ടിരിക്കേണ്ട സിനിമയാണിത് എന്ന് പറയാനാവും. ഇതിന്‍റെ വിജയത്തിൽ എനിക്ക് യാതൊരു വാണിജ്യ താല്പര്യവുമില്ലെന്നു കൂടി ഈയവസരത്തില്‍ വെളിപ്പെടുത്തട്ടെ.

മാധവദാസും കമലയും, ഫൊട്ടോ. ദി ലവ് ക്വീന്‍ ഓഫ് മലബാര്‍/ഫേസ്ബുക്ക്‌

അമ്മയുടെ നിഷ്കളങ്കതയും, തുറന്ന സമീപനവും, സംവേദനാത്മകതയും ഒക്കെ അത്യധികം നന്നായി ചിത്രീകരിച്ചിട്ടുണ്ട്. അവരുടെ മുഖഭാവങ്ങളും പെരുമാറ്റ രീതികളും കൃത്യമായി ചെയ്യാൻ മഞ്ജു ഒരുപാട് അധ്വാനിച്ചിട്ടുണ്ട് എന്നത് വ്യക്തം. അഭിനന്ദനങ്ങള്‍ മഞ്ജു. പല ഫ്രെയിമുകളിലും എന്‍റെ അച്ഛനെ തന്നെ ഓർമിപ്പിച്ചു കൊണ്ടു മുരളി ഗോപി എന്നെ വികാരാധീനനാക്കി.

അമ്മയെ പൂർണമായും മനസ്സിലാക്കി സ്നേഹിച്ച ഒരേയൊരാൾ എന്‍റെ അച്ഛനായിരുന്നിരിക്കണം. ആ സ്നേഹത്തിലൂന്നിത്തന്നെയാണ് അമ്മ വളർന്നതും. താൻ എന്തെഴുതിയാലും പറഞ്ഞാലും ദാസേട്ടൻ എപ്പോഴും ഒപ്പമുണ്ടെന്നു അമ്മ വിശ്വസിച്ചിരുന്നു. അച്ഛനും മകളും തമ്മിലുള്ള ബന്ധം പോലെയായിരുന്നു പല കാര്യങ്ങളിലും അവരുടെ സ്നേഹം. അത്രക്ക് ഉറച്ചത്, എന്നാൽ പ്രകടമല്ലാത്തതും.

യഥാർത്ഥ സ്നേഹത്തിനു പ്രകടനം ആവശ്യമില്ലെന്നു ഞാൻ മനസ്സിലാക്കുന്നു. സിനിമാ നിർമാണത്തിനും കാണികളുടെ പ്രോത്സാഹനത്തിനും അപ്പുറമാണ് ആ തലം . അവിടെയും കമൽ വിജയിച്ചിട്ടുണ്ട്.

ആ വലിയ എഴുത്തുകാരിയുടെ മകൻ എന്ന നിലയില്‍ ‘ആമി’യുടെ അണിയറ പ്രവർത്തകര്‍ക്ക് എന്‍റെ അഭിവാദ്യങ്ങള്‍. സ്ഥൈര്യത്തോടെ, ഉറപ്പോടെ പറയട്ടെ, ‘ആമി’ യെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമാണുള്ളത്.

Reproduced with permission from pune365.com
പരിഭാഷ. ആര്‍ദ്ര എന്‍ ജി

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Madhavikutty son jaisurya on aami kamal manju warrier