ആദ്യമേ തന്നെ ഒന്ന്  വ്യക്തമാക്കട്ടെ, ശബരിമലയിൽ 10 നും 50 നുമിടയ്ക്കുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുളള സെപ്റ്റംബർ 28 ലെ  സൂപ്രിം കോടതി ഉത്തരവ്, വലിയ ഒച്ചപ്പാടുകൾക്ക് വഴിവെച്ചിരിക്കുന്നതിന്റെ പിറകിലെ അടിസ്ഥാനപരമായ കാരണം ആർത്തവത്തെക്കുറിച്ചുള്ള പുരുഷന്മാരുടെ ഉൾക്കിടിലം കൊണ്ട ആശങ്കയല്ലാതെ മറ്റൊന്നുമല്ല. 4-1 ഭൂരിപക്ഷ വിധി പ്രകാരം 10 നും 50 നുമിടയ്ക്കുള്ള സ്ത്രീകളുടെയും പെൺകുട്ടികളുടെയും പ്രവേശനം തടയുന്നത് ഭരണഘടന വിരുദ്ധമായി കോടതി പ്രഖ്യാപിച്ചു. ആർത്തവമുള്ള സ്ത്രീകൾക്ക് കൂടി ക്ഷേത്രം തുറന്നു കൊടുത്തു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നിലവിൽ വന്നിട്ടും അതിനെ എതിർക്കുന്ന പ്രതിഷേധക്കാർ ക്ഷേത്രത്തിലേക്കുള്ള വഴികൾ പ്രതിരോധിക്കുകയും കോടതി വിധി നടപ്പാക്കുന്നത് തടയുകയും ചെയ്തിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലേക്ക് യുവതികളുടെ പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവ് ലോകമാകെ തന്നെ സ്ത്രീകൾ അഭിമുഖീകരിക്കുന്ന ഒരു സവിശേഷ പ്രശ്നത്തെക്കുറിച്ചുള്ള പ്രഖ്യാപനവുമാകുന്നു. എങ്കിലും, ഇന്ത്യാക്കാരെ ഇതെങ്ങിനെ സ്പർശിക്കുന്നു എന്ന കാര്യത്തിലേക്ക് മാത്രം ഈ കുറിപ്പ് ചുരുക്കുന്നു.

കോടതി വിധിയെ സംബന്ധിച്ചുള്ള വാദ- പ്രതിവാദങ്ങളിലെ  രണ്ടു നിലപാടുകളും വ്യക്തമാണ്.  ഭരണഘടന പ്രദാനം ചെയ്യുന്ന ലിംഗ സമത്വത്തിന്റെയും, വ്യക്തികളുടെ ആരാധന സ്വാതന്ത്ര്യത്തിന്റെ അംഗീകാരമായാണ് കോടതി ഉത്തരവിനെ വാഴ്ത്തുന്നവർ അതിനെ വിലയിരുത്തുന്നത്. ഏതോ ഭൂതകാല അവശിഷ്ടമായ ഒരാചാരം സ്ത്രീ സ്വാന്ത്ര്യത്തിന്റെ മേൽ നടത്തുന്ന കടന്നുകയറ്റമായാണ് ഉദാരതവാദികൾ യുവതീപ്രവേശന നിരോധനത്തെ തള്ളിക്കളയുന്നത്. സാമൂഹികമായ അനീതിക്കെതിരെയുള്ള നിയമപരമായ പരിഹാരം എന്ന നിലയിലാണ് കോടതിയുടെ നിയമബദ്ധമായ ഈ നടപടിയെ അവർ സ്വാഗതം ചെയ്യുന്നത്.  അവർ ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാനപ്പെട്ട കാര്യം, ശബരിമലയിൽ ‘നൂറ്റാണ്ടു’കളായി തുടരുന്ന ഒരാചാരമാണ് യുവതി പ്രവേശന നിരോധനമെന്ന് പറയുമ്പോഴും അത് നിയമത്തിന്റെ പിൻബലത്തോടെ നടപ്പാക്കിയത് 1965 മുതൽ മാത്രമാണ്. ഉദാരതാവാദികളുടെ പ്രസ്തുത നീരീക്ഷണം വിപുലീകരിച്ചു പറയുകയാണെങ്കിൽ, ഈ കാലാതീതമായ ആചാരം ചരിത്രകാരന്മാർ വിശദീകരിക്കുന്ന ‘പാരമ്പര്യത്തിന്റെ നിർമ്മിതി’ എന്നതിനപ്പുറം മറ്റൊന്നുമല്ല. ചരിത്രാതീതം എന്ന് കരുതുന്ന പല ആചാരങ്ങളും വാസ്തവത്തിൽ ആധുനിക മനസ്സിന്റെ കൂടി സൃഷ്ടിയാണ്.

ആർത്തവത്തെ വൃത്തിഹീനവും അശുദ്ധവുമായി കാണുന്നത് ഒരു നിലയിലും പ്രതിരോധിക്കാൻ കഴിയാത്ത ഒരു വിശ്വാസമാണ്. എന്നു മാത്രമല്ല, അത്  അറിവില്ലായ്‌മയുടെയും സ്ത്രീവിരുദ്ധതയുടെയും ഒരു ലക്ഷണമെന്ന് നിലയ്ക്ക് കൂടിവേണം ആചാര സംരക്ഷണത്തെ കാണേണ്ടത് എന്നാണ് ഉദാരതവാദികൾ വളരെ ശക്തമായി വാദിക്കുന്നത്.

Read in English Logo Indian Express

എന്നാലോ, കോടതി വിധിയുടെ വിമർശകർ വാദിക്കുന്നത് പ്രതിഷേധസമരത്തിലെ സ്ത്രീ സാന്നിധ്യമാണ്. പ്രസ്തുത വിഷയത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കപ്പെട്ടിട്ടില്ല എന്നും അവർ പറയുന്നു. യാഥാസ്ഥിതിക പക്ഷക്കാരുടെ കാഴ്ചപ്പാടിൽ കോടതിയ്ക്കും മാധ്യമങ്ങളിലെയും ബുദ്ധിജീവിവർഗ്ഗത്തിലെയും അതിന്റെ സെക്കുലർ സഖ്യകക്ഷികൾക്കും ഹിന്ദു ആചാരങ്ങളോട് വിദ്വേഷമുണ്ടെന്നാണ്. അവരുടെ അഭിപ്രായത്തിൽ, സാമൂഹികമാറ്റം ഫലപ്രദമാവുകയില്ല എന്ന് മാത്രമല്ല അത് മുകളിൽ നിന്ന് അടിച്ചേൽപ്പിക്കുന്നത് വെറുപ്പിന് കാരണമാവുകയും ചെയ്യുന്നു.  വിശ്വാസ സംബന്ധമായ കാര്യങ്ങൾ നിയമനിർമ്മാണത്തിലൂടെ സാധ്യമാകില്ല എന്നാണ് അവരുടെ വാദം.

ശബരിമല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ അയ്യപ്പൻ  നൈഷ്ഠിക ബ്രഹ്മചാരിയാണ്  എന്ന വിശ്വാസവുമായി ബന്ധപ്പെട്ടാണ്   കോടതിയുടെ  ഇടപെടലുകൾ ഉണ്ടായിരിക്കുന്നതെന്നാണ് ഈ വിവാദം പൊട്ടിപുറപ്പെടാനുള്ള കാരണം. ഇത് കോടതിയുടെ മറ്റ് ഇടപെടലുകളിൽ നിന്ന് വ്യത്യസ്തമാണ്.  ആർത്തവ സമയത്തുള്ള സ്ത്രീകളുടെ സാന്നിധ്യം അയ്യപ്പന്റെ ചൈതന്യത്തെ ബാധിക്കുമെത്രെ. 2016- ൽ സമർപ്പിക്കപ്പെട്ട ഒരു സത്യവാങ്മൂലത്തിൽ അവർ ആവശ്യപ്പെടുന്നത് സ്ത്രീ പ്രവേശനത്തിനുള്ള നിരോധനം നിലനിർത്തണമെന്നാണ്. അതിന്  കാരണം, ക്ഷേത്രാധികാരികളും വിശ്വാസികളും  നിർബന്ധമായും ‘സ്ത്രീകളുടെ സാന്നിധ്യത്താൽ അയ്യപ്പ വിഗ്രഹത്തിന്റെ ബ്രഹ്മചര്യത്തിലും നിസ്വതയിലും മറ്റും ചെറിയ മാറ്റമെങ്കിലും വരുന്നതിൽ” നിന്ന് സംരക്ഷിക്കേണ്ടതുണ്ട്. മനോഹാരികളായ അപ്സരസുകളാൽ വശീകരിക്കപ്പെടുന്ന ഋഷിമാരുടെയും ദൈവങ്ങളുടെയും പ്രതീകാത്‌മക സങ്കൽപ്പങ്ങൾക്ക്   ഇന്ത്യൻ സംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. ഇതിനെയൊക്കെ നിർണ്ണയിക്കുന്നത് ആർത്തവത്തിന്റെ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല, എന്നിരിക്കിലും, അത്‌ ആർത്തവമാണെന്ന്  വ്യക്തമാക്കപ്പെടുന്നില്ലെന്ന് മാത്രം. ആർത്തവ സമയത്ത് സ്ത്രീ അശുദ്ധിയുള്ളവളും അകങ്ങളിലേക്ക് മാറ്റിനിർത്തപ്പെടേണ്ടവളുമാണ് എന്ന സങ്കൽപ്പം  ഇന്ത്യക്ക് മാത്രം പ്രത്യേകമായി ഉള്ളതല്ല. നരവംശ പഠിതാക്കൾ ഡസൻ കണക്കിന് സമൂഹങ്ങളിൽ ആർത്തവ കാലത്ത് സ്ത്രീ  മാറ്റിനിർത്തപ്പെടുന്നതിന്റെ പ്രവൃത്തികളെക്കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത സമൂഹങ്ങൾ അല്ലെങ്കിൽ  പൂർണ വികാസം പ്രാപിക്കാത്ത സമൂഹങ്ങളുമാണ് ആർത്തവത്തെ അശുദ്ധവും  കരുതുന്നത് എന്ന ധാരണ വാസ്തവത്തിൽ തെറ്റാണ്. അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള സംവാദങ്ങളിൽ പങ്കെടുക്കവേ. ഫോക്സ് ന്യൂസ് അവതാരക  മേഘ്യ കെല്ലിയുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പതറിയ ട്രംപ് – ‘എവിടെ നിന്നൊക്കെയാണോ അവിടെ നിന്നൊക്കെ   രകതം വരുന്നു”  എന്ന് പറഞ്ഞാണ് അവരെ അധിക്ഷേപിച്ചത്. ഒരു മറയുമില്ലാതെ ആർത്തവത്തെക്കുറിച്ചാണ് ട്രംപ് സൂചിപ്പിച്ചത്. ഒരു നൂറ്റാണ്ടിലധികമായി, അമേരിക്കയിൽ ആർത്തവ പാഡുകൾ ‘സാനിറ്ററി നാപ്കിൻ’ എന്ന പേരിലാണ് വിറ്റഴിക്കപ്പെടുന്നത്.

സ്ത്രീകളുടെ  ലൈംഗികതയെ  നിയന്ത്രണവിധേയമാക്കാൻ  ഒരുമ്പെടാത്ത സമൂഹങ്ങൾ നന്നേ കുറവായിരിക്കും. ആർത്തവ കാലത്ത്  സ്ത്രീയുടെ ശബരിമല പ്രവേശനം നിയന്ത്രണവിധേയമാക്കുന്നതിന്റെ പിറകിലെ പ്രധാന ചോദന ആർത്തവത്തിന് മേൽ പുരുഷന് യാതൊരു അധികാരവുമില്ല എന്ന് തന്നെയാണ്. സ്ത്രീ സാക്ഷരതയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തിലാണ് ആർത്തവ ശുദ്ധി ഈവിവാദങ്ങൾക്ക് കാരണമാകുന്നതെന്ന് ഒരു പ്രത്യേക ശ്രദ്ധയർഹിക്കുന്നു. സ്ത്രീയുടെ ലൈംഗികതയുടെ മേൽ പുരുഷന് പൂർണമായും നിയന്ത്രണാധികാരമുണ്ടെന്ന് പൂർവ്വാനുമാനത്തിൽ നീരിക്ഷിക്കാവുന്ന ഒരു കാര്യം, ഓരോ സ്ത്രീയുടെയും ആർത്തവ കാലം, ലൈംഗിക വേഴ്ച മുടക്കിന്റെ (Sex Strike)  കൂടിയാണ്. മാസത്തിൽ ഒരൊറ്റ തവണ ഭർത്താവിന്റെ, കാമുകന്റെ, ലൈംഗിക പങ്കാളിയുടെ, ഇതര പുരുഷന്റെ  ലൈംഗികാവശ്യങ്ങൾ നിഷേധിക്കാനുള്ള ഏക സമയമാണ്. സ്വന്തം നിലയിൽ തീരുമാനമെടുക്കാനുള്ള ഒരവസരം കൂടിയാണിത്, വിശിഷ്യാ സ്ത്രീകളുടെ സാമൂഹികാവസ്ഥ ദുർബലമായ സമൂഹങ്ങളിൽ. സ്ത്രീക്ക്  എപ്പോഴുമെടുത്ത  ഉപയോഗിക്കാവുന്ന ഒരു സ്വതന്ത്ര്യമല്ല ഇത്. സ്വമേധയായിലുള്ള ലൈംഗിക നിഷേധത്തിന്റെ പേരിൽ അവൾ ശിക്ഷിക്കപ്പെട്ടേക്കാം. ശബരിമലയിലെ ആർത്തവ രാഷ്ട്രീയത്തിന്റെ പറയപ്പെടാത്തതെങ്കിലും വിശാലമായ കാര്യങ്ങളിൽ ഒന്നിതാണ്. അൽപ്പം  കൂടി വിശദീകരിച്ചു പറയുകയാണെങ്കിൽ, മനുഷ്യ സമൂഹങ്ങളിൽ സ്ത്രീയുടെ ഏറ്റവും ഗാഢമായ ശാരീരിക ക്രിയകൾ ജൈവ ശാസ്ത്ര പരമായ വാസ്തവികത മാത്രമല്ല, അത് സാമൂഹികമായ യാഥാർത്ഥ്യങ്ങളാൽ നിറഞ്ഞുനിൽക്കുന്നതും ഒട്ടനവധിഅർത്ഥതലങ്ങളുമുള്ള ഒരു സവിശേഷതയാണ്.

(മൊഴിമാറ്റം : ദാമോദർ പ്രസാദ്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook