ആൾക്കൂട്ട അനീതിയുടെ  കൈപ്പിടിയിലാകുകയാണ് ഇന്ന് ഇന്ത്യ. പശുവിന്റെ പേരിൽ മുതൽ കോഴിയുടെ പേരിൽ വരെ ആൾക്കൂട്ട കൊലപാതകങ്ങൾ നടക്കുന്നു . വംശം, വർണം, പ്രദേശം എന്നിവയുടെയെല്ലാം പേരിൽ സംശയവുംവിദ്വേഷവും രോഗം പോലെ പടർന്നുപിടിക്കുന്ന ഒരു ജനതയായി മാറുകയാണോ നാം. ഉത്തർ പ്രദേശിൽ പശുഗുണ്ടകൾ കൊലപ്പെടുത്തി അലിമുദ്ദീൻ അൻസാരി മുതൽ അട്ടപ്പാടിയിൽ ആൾക്കൂട്ടം  അഗളിയിലെ ആൾക്കൂട്ടം കൊലപ്പെടുത്തിയ ആദിവാസിയായ യുവാവായ മധുവും, കഴിഞ്ഞ ദിവസം അഞ്ചലിൽ​ ആൾക്കൂട്ടം കൊല്ലപ്പെടുത്തിയ  ബംഗാളിൽ​ നിന്നുളള  തൊഴിലാളിയായ മാണിക് റോയി വരെയുളളവരുടെ ദുരനുഭവം നമ്മൾ എവിടെ എത്തി നിൽക്കുന്നു എന്ന് തെളിയിക്കുന്നു. ഡിജിറ്റൽ കാലത്തെ വ്യാജ പ്രചാരണങ്ങളുടെ വ്യാപനം ഇന്ന് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമായിരിക്കുന്നു. ഭയപ്പെടുത്തുന്ന ആൾക്കുട്ടലോകത്തിന്റെ പശ്ചാത്തലത്തിൽ ഭാസ്കർ ചക്രവർത്തി എഴുതുന്നു.

ഇന്ത്യൻ രാഷ്ട്രീയ വേദിയിൽ ഹാർവാർഡ് വീണ്ടുമൊരു കഥാപാത്രമായി ഉയർന്നുവന്നിരിക്കുന്നു.  പ്രധാനമന്ത്രി ഉയർത്തിയ “ഹാർവാർഡോ ഹാർഡ് വർക്കോ” വിവാദം നിങ്ങളോർമ്മിക്കുന്നുണ്ടാകും.  തന്റെ  പാർട്ടിയിലെ അതിതീവ്രവാദികളുടെ പ്രവർത്തനരീതിയെ അംഗീകരിച്ച, ഹാർവാർഡ് പൂർവ്വ വിദ്യാർത്ഥിയായ കേന്ദ്രമന്ത്രി ജയന്ത് സിൻഹയാണു  ഇത്തവണ  ഇന്ത്യയിലെ പുരോഗമനവാദികളെ  സ്തബ്‌ധരാക്കിയിരിക്കുന്നത്. ‘തെറ്റായ സമയത്ത് തെറ്റായ സ്ഥലത്തു’കൂടി വാനിൽ മാംസം കൊണ്ടുപോയതിന്റെ പേരിൽ തല്ലിക്കൊല്ലപ്പെട്ട അലിമുദീൻ അൻസാരിയുടെ കൊലപാതകികളെ സ്വീകരിച്ചായിരുന്നു ജയന്ത് സിൻഹ നടുക്കം സൃഷ്ടിച്ചത്.

അതിനിടെ, സിൻഹയെ  ഹാർവാർഡ് അലുമ്‌നി ക്ലബ് ഹൗസിൽ നിന്നും പുറത്താക്കുന്നതിനുള്ള  നിവേദനത്തിന്റെ  കൈയൊപ്പ് ശേഖരണം നടക്കുകയാണ്. ഹാർവാർഡിൽ നിന്ന് ജാർഖണ്ഡിലേയയ്ക്കുള്ള  വഴിയെക്കുറിച്ചുള്ള വാർത്തകൾ പത്രത്താളുകളിൽ നിറയുന്നു.  പക്ഷേ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരാൾ ജനക്കൂട്ടത്തിന്റെ അടിയേറ്റ്  മരിച്ചിരിക്കുന്നു എന്നതാണു നാം മറക്കരുതാത്തത്. അതുമല്ല അലിമുദീൻ അൻസാരി ഒറ്റപ്പെട്ട വാർത്തയല്ല. ഈ മാസത്തിന്റെ തുടക്കത്തിൽ മഹാരാഷ്ട്രയിലെ ധൂലെ ജില്ലയിൽ, ജനക്കൂട്ടം അഞ്ചുപേരെ അടിച്ചു കൊന്നു. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വ്യാജവാർത്തയായിരുന്നു കൊലകൾക്കു കാരണം. കഴിഞ്ഞ മാസത്തിൽ  ത്രിപുരയിൽ മൂന്നുപേരാണ് നീതി  നടത്തിപ്പുകാരായ ജനങ്ങൾക്കിരയായത്. അതിനും മുൻപ്, ഭിന്ന ലിംഗക്കാരിയായ ഒരു സ്ത്രീ  ഹൈദരാബാദിൽ ഇതേ രീതിയിൽ  കൊല ചെയ്യപ്പെട്ടു.

ആൾക്കൂട്ട ശിക്ഷാവിധി ഒരു സാമൂഹിക നടപടിയാണ്. ഇതു പുതിയ കാര്യമല്ല,  പക്ഷേ, കൂടുതൽ കുടുതൽ ആളുകൾ  ഒരു പൊതുകാരണത്തിൽ വിശ്വസിക്കുകയും അതിനെ തടയുന്നതിനുള്ള വസ്തുതകൾ ഒരു ന്യൂനപക്ഷത്തിൽ മാത്രം ഒതുങ്ങി നിൽക്കുകയും ചെയ്യുമ്പോൾ ഇത്തരം ശിക്ഷകൾ അനായാസം സംഭവിക്കുന്നു. ആ “പൊതുകാരണ‘ ത്തെ സ്ഥിരീകരിക്കുന്ന കേട്ടുകേൾവികൾ അഥവാ വ്യാജവാർത്തകൾ  കാര്യക്ഷമമായി  പ്രചരിപ്പിക്കുന്ന സാമൂഹ്യമാധ്യമങ്ങളാണ് ഈ ശിക്ഷാസംഘങ്ങൾക്ക് പ്രചോദനമാകുന്നത്. ഒരു മാസത്തിൽ 200 ദശലക്ഷത്തിലധികം ഇന്ത്യൻ ഉപയോക്താകളുള്ള വാട്ട്‌സാപ്പ് തന്നെയാണു ഇവയിൽ പ്രധാനി.  ഏറ്റവും വലിയ ഡിജിറ്റൽ മാധ്യമസംരംഭമായ ഫെയ്സ് ബുക്കിന്റെ ഒരു സുപ്രധാന ഭാഗം തന്നെയാണു വാട്ട്സാപ്പ്.  ഇത്, മറ്റേതൊരു കമ്പ്യൂട്ടർ ആപ്പ്ലിക്കേഷനെക്കാളും കൂടുതലായി ഇന്ത്യൻ ഉപയോക്താക്കളുടെ  അംഗീകാരം നേടിയെടുത്തിരിക്കുന്നു.  സുപ്രഭാത ആശംസകളും സാന്ത- ബാന്ത  ഫലിതങ്ങളും ജനിച്ചു വീണ പേരക്കുട്ടികളുടെ ചിത്രങ്ങളുമെല്ലാം  പല മടങ്ങുകളിൽ കാര്യക്ഷമമായി പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയായും മാറിയിരിക്കുന്നു.  ഒപ്പമത്, സാങ്കേതികമായി ചിട്ടപ്പെടുത്തപ്പെട്ട, ജനകൂട്ടത്തെ വെറിപിടിപ്പിക്കുകയും ഉന്മത്തമാക്കുകയും ചെയ്യുന്ന  വിദ്വേഷജനകമായ  കിംവദന്തികളും  പ്രചരിപ്പിക്കുന്നുവെന്നതിൽ സംശയമില്ല.

സിൻഹയെ നിരോധിക്കുന്നതിനായി ഹാർവാർഡിലേയ്ക്കെഴുതി അമൂല്യമായ സമയവും ബുദ്ധിയും പാഴാക്കുന്നതിനു പകരം ഒരു  ഹാർവാർഡ് ഡ്രോപ്പ് ഔട്ടായ മാർക്ക് സുക്കർബർഗിനെഴുതുവാൻ, അതിലല്‍പ്പം  ചെലവഴിച്ചാലോ? സാമൂഹ്യ മാധ്യമങ്ങളുടെ സാമൂഹിക  വിരുദ്ധമായ പരിണിതഫലങ്ങളുടെ പ്രചാരകരാകുന്നതിൽ നിന്നും അവരുടെ ഉത്പന്നത്തെ തടയുന്നതിനുള്ള കൂടുതൽ സമർത്ഥമായ ഉപാധികൾ കണ്ടുപിടിക്കുന്നതിനു അദ്ദേഹത്തിനും അദ്ദേഹത്തിന്റെ  കൂട്ടു പ്രതിഭകൾക്കും കഴിയില്ലേ?

ഇതൊരു പ്രാദേശിക പ്രശ്നമാണെന്നും പ്രാദേശിക പരിഹാരങ്ങളാണ്  വേണ്ടതെന്നും വാദിക്കാം. പ്രാദേശിക  ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും  അവിദഗ്ദ്ധമായ സമീപനങ്ങൾക്കപ്പുറം ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നത് വസ്തുതയാണ്. പഴയ നഗര വിളംബരക്കാർ ഡിജിറ്റൽ യുഗത്തിൽ പുനരവതരിക്കപ്പെട്ടിരിക്കുന്നു, പക്ഷേ ഇന്ത്യൻ സാഹചര്യങ്ങളിൽ ഈ പരിഹാരത്തിനും അതിന്റേതായ ദോഷങ്ങളുണ്ട്. ഉദാഹരണത്തിന്, സുകന്ത ചക്രബർത്തി എന്ന  സത്യപ്രചാരകന്, ഉച്ചഭാഷിണി ഘടിപ്പിച്ച വാനിൽ, ഗ്രാമങ്ങൾ തോറും സഞ്ചരിച്ച്, വ്യാജവാർത്തകളുടെ അപകടങ്ങളെപ്പറ്റി താക്കീത്  നൽകിയതിനു പ്രതിഫലം നൽകിയത് സ്മൈലികളല്ല, മുളവടിയും ഇഷ്ടികക്കട്ടകളുമായി ആക്രമിക്കാനെത്തിയ ആൾക്കൂട്ടമാണ്.

ഇതിന്റെ മറുവശത്ത്, ഇന്ത്യയുടെ  ഡിജിറ്റൽ സാങ്കേതിക വിദഗ്ദ്ധർ, രംഗത്തെത്തുകയും കൂടുതൽ ഉന്നതമായ സാങ്കേതിക പരിഹാരങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. കെട്ടുകഥകളെ പൊളിച്ചടുക്കുവാൻ  കഴിവുള്ള വെബ് സൈറ്റുകൾ അഭിനന്ദനമർഹിക്കുന്നു, ഉദാഹരണത്തിന്,  ഒരു ഹിന്ദു പെൺകുട്ടീയെ മുസ്ലിം ജനക്കൂട്ടം ആക്രമിക്കുന്നത്  കാണിക്കുന്ന ഒരു  വീഡിയോ, ഗ്വാട്ടിമാലയിലെ രണ്ടുവർഷം പഴയ ദൃശ്യമാണെന്നത്   Altnews.in വെളിച്ചത്തു കൊണ്ടുവന്നു.  ഇസ്രയേലി പാർലമെന്റിനു മേൽ ഇന്ത്യൻപതാക പാറുന്ന വാട്ട്സാപ്പ് വൈറൽ ചിത്രം വ്യാജമാണെന്ന് SM Hoax Slayer  തെളിയിച്ചു.   കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന 200 പേർ ബെംഗളൂരുവിൽ എത്തിയിട്ടുണ്ടെന്ന വാർത്ത കളവാണെന്ന് Check4Spam.com  കണ്ടെത്തി.

പക്ഷേ കൂടുതൽ വ്യവസ്ഥാപിതമായ ഒരു സമീപനമാണാവശ്യം. ഫെയ്സ് ബുക്കിന്റെയും വാട്ട്സാപ്പിന്റെയും സാങ്കേതിക വൈദഗ്ധ്യ നിര, അവയുടെ അനിയന്ത്രിതമായ ഉപയോഗങ്ങൾക്ക് കടിഞ്ഞാണിടുവാൻ  തക്കവിധത്തിലുള്ള മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നതാണു നമ്മുടെ ആവശ്യം. അതിന്റെ പ്രാരംഭമായി , സിലിക്കോൺ വാലിയിലെ തങ്ങളുടെ സുഖസ‌മൃദ്ധമായ ഓഫീസുകൾ വിട്ട്, തങ്ങളുടെ ഉത്പന്നങ്ങൾ ഉപയോഗിക്കപ്പെടുന്ന ചുറ്റുപാടുകളുടെ അയുക്തികത മനസ്സിലാക്കുന്നതിനായി  ഹതഭാഗ്യനായ സത്യവിളംബരക്കാരന്റെ വാനിൽ അവർ സഞ്ചരിക്കണം.

ഫെയ്സ് ബുക്ക് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുവാൻ ശ്രമിച്ചിട്ടുണ്ട്, എനിക്കറിയാം. അവരുടെ പൊതുജനസമ്പർക്ക ടീമുകൾ പൊതുജനസേവനാർത്ഥം പല പരസ്യങ്ങളും  പ്രചരിപ്പിക്കുന്നുണ്ട്:  വാട്ട്സാപ്പിൽ വരുന്നതെല്ലാം സത്യമല്ലെന്ന്  ചൂണ്ടിക്കാണിക്കുന്ന 10 എളുപ്പ മാർഗ്ഗങ്ങൾ ( 10 “easy tips” ,)  “Together we can fight false information” എന്നിങ്ങനെയുള്ളവ ഉദാഹരണങ്ങളാണ്. ശിക്ഷ നടപ്പാക്കുവാൻ പോകുന്ന ജനക്കൂട്ടം   മനോരമയോ മാതൃഭൂമിയോ ഇന്ത്യൻ എക്സ്പ്രസ്സോ തന്നെ  എടുത്ത് വ്യാജവാർത്ത തിരിച്ചറിയുന്നതിനുള്ള പത്ത് ലളിത ഉപായങ്ങൾ വായിച്ച് കല്ലും മുളവടികളും ഉപേക്ഷിക്കുമെന്ന്, ആകർഷക ഉപായരചനാ ശാസ്ത്രത്തിൽ (persuasive design) അതി വൈദഗ്ധ്യമുള്ള കമ്പനി,  സത്യത്തിൽ വിശ്വസിക്കുന്നുണ്ടോ? ‘ ഈ സന്ദേശം ഫോർവേർഡ് ചെയ്യപ്പെട്ടതാണ്’ എന്നൊരു  മൃദു ഓർമപ്പെടുത്തൽ,- ഇതുവരെ സ്വപ്നം കണ്ടതിൽ ഏറ്റവും ഉയർന്ന സാങ്കേതികപരിഹാരമാണിത്-   ആളുകളെ ശിക്ഷ നടപ്പാക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുമെന്ന് നാം പ്രതീക്ഷിക്കുന്നുണ്ടോ?

പത്ത് ലളിത മാർഗ്ഗങ്ങൾ, ഫോർവേർഡ് മുന്നറിയിപ്പുകൾ എന്നിവയിലും കൂടുതലായി ഫെയ്സ് ബുക്കിനു പലതും ചെയ്യാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ലൈക്ക് ബട്ടണുകൾ, നോട്ടിഫിക്കേഷനുകൾ, ഒരു സുഹൃത്ത് ടൈപ്പ് ചെയ്തുകൊണ്ടിരിക്കുകയാണെന്നതോ, നമ്മുടെ സന്ദേശമവർ വായിച്ചെന്നോ പോലെയുള്ള സൂചനകൾ എന്നിവ വഴി സ്വഭാവങ്ങളെ സ്വാധീനിക്കുകയും നമ്മുടെ ഡൊപ്പമിൻ അളവുകളെ കുഴപ്പത്തിലാക്കുകയും അങ്ങനെ  നമ്മെ, ഫോൺ, കമ്പ്യൂട്ടർ സ്ക്രീനുകൾക്ക് അടിമപ്പെടുത്തുകയും ചെയ്യുന്ന ഡിജിറ്റൽ പ്രേരണകളെക്കുറിച്ച് പറയുന്ന കമ്പനിയാണ്, എന്നാൽ , വ്യാജവാർത്തയിൽ വെറികൊണ്ട് ആളുകളെ കൊല്ലുവാൻ പോകുന്നവരെ തടയുന്നതിനായി  എന്തെങ്കിലും ഉപായങ്ങൾ മെനഞ്ഞെടുക്കുവാൻ നാം ആവശ്യപ്പെടുമ്പോൾ  എന്തുകൊണ്ടാണാ ബുദ്ധിരാക്ഷസന്മാരൊക്ക ദീർഘാവധിയിൽ പോകുന്നത്? സ്റ്റാൻ‌ഫോർഡ് ഡിസൈൻ ലാബിൽ നിന്നുള്ള അഭിവന്ദ്യമായ  ഫോഗ്ഗ് ബിഹേവിയർ മോഡൽ   ഏറ്റവും മെച്ചപ്പെട്ട  പരിഹാരമായി നിർദ്ദേശിച്ചിരിക്കുന്നത് 10 എളുപ്പവഴികളും ഓരോ വാട്ട്സാപ്പ് സന്ദേശത്തിന്റെയും കൂടെയുള്ള  “ ഫോർവേർഡ്” മുന്നറിയിപ്പുമാണോ?

അതിനാൽ, ഹാർവാർഡ് മറന്നേക്കുക. ഏറ്റവും വിശാലമായ ഡിജിറ്റൽ പ്ലാറ്റ് ഫോമുകളുടെ നടത്തിപ്പുകാർക്ക് എഴുതുക. ഡിജിറ്റൽ നോർത്തിന്റെ പ്രശ്നങ്ങളെ മാത്രം ഫോക്കസ് ചെയ്യുന്ന രീതി അവസാനിപ്പിക്കുവാൻ അവരോടു പറയുക. അവരുടെ ഉത്പന്നങ്ങൾ ഡിജിറ്റൽ സൗത്തിൽ കൂടുതൽ വേഗതയിൽ വികസിക്കുന്നുണ്ടെന്നും കൂടുതൽ സാധാരണമായും ഊർജ്ജിതമായും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അവരോടു പറയുക. അലിമുദീൻ അൻസാരിയുടെയോ ദാദാറാവു ഫോസ്ലെയുടെയോ അല്ലെങ്കിൽ നീലോത്പൽ ദാസിന്റെയോ – അതുമല്ലെങ്കിൽ മധു എന്നു മാത്രമറിയപ്പെടുന്ന   ആദിവാസിയുടെയോ – പേരുകൾ അവരോടു പറയുക, ഡിജിറ്റൽ രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട ദണ്ഡന രീതിയിൽ എങ്ങനെയാണവർക്ക് ജീവൻ നഷ്ടമായതെന്നും അവരോടു പറയുക.

മധുര പാനീയങ്ങളുടെയും അതിവേഗ കാറുകളുടെയും രക്തധമനികളെ അടയ്ക്കുന്ന ചീസ് ബർഗറുകളുടെയും ഉൽപ്പാദകരെപ്പോലെ, ഉൽപ്പാദകർ തങ്ങളുടെ ഉത്പന്നങ്ങളുടെ മാരകത കുറയ്ക്കുവാനുള്ള വഴികൾ കണ്ടെത്തണം. വാട്ട്സാപ്പും ഫെയ്സ് ബുക്കും ഒരേ നിലവാരം സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന  സമയമാണിത്. യാതൊരു വിധ മാധ്യമങ്ങളിലേയ്ക്കും പ്രവേശനമില്ലാത്തവർ ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ  അവ എത്രത്തോളോം വിനാശകരമാകുന്നു എന്നു മനസ്സിലാക്കുവാൻ ഹാർവാർഡ് വിദ്യാഭ്യാസത്തിന്റെ ആവശ്യകതയില്ല. ഉപയോക്താക്കൾ എങ്ങനെ സ്വാധീനിക്കപ്പെടുന്നുവെന്നറിയുവാനും അതിനു പരിഹാരങ്ങൾ കണ്ടെത്തുവാനും കഠിനാധ്വാനമുണ്ടാകണം. നമ്മെ കെണിയിലാക്കിയ കമ്പനികൾ  മെച്ചപ്പെട്ട പരിഹാരങ്ങൾക്കായി  കെണി മെനയണം.

ടഫ്റ്റ്സ് യൂണിവേഴ്സിററ്റിയിലെ ഗ്ലോബല്‍ ബിസിനസ്സ് സ്കൂളില്‍ ഡീന്‍ ആയി ജോലി ചെയ്യുന്ന ലേഖകന്‍, ഗ്ലോബല്‍ കോണ്ടക്സ്റ്റില്‍ ഫ്ലെച്ചേഴ്സ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സിന്‍റെ സ്ഥാപക ഡയറക്റും  ‘ദ സ്ലോ പെയ്‍സ് ഓഫ് ഫാസ്റ്റ് ചേഞ്ച്’ എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവുമാണ്

മൊഴിമാറ്റം: സ്മിതാ മീനാക്ഷി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook