കോളേജ് ഇടനാഴിയിലൂടെ നടക്കുമ്പോൾ, സഹ വിദ്യാർത്ഥികളുടെ സംശയരൂപേണയുള്ള നോട്ടങ്ങൾ എന്നിൽ ഒരുപോലെ കൗതുകവും പരിഭ്രാന്തിയും സമ്മാനിച്ചു. അതെ, ഒടുവിൽ ഞാൻ അത് ചെയ്തിരിക്കുന്നു. 55-ാം വയസ്സിൽ ആർട്ട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസിൽ BFA കോഴ്‌സിന് സ്വയം എൻറോൾ ചെയ്തിരിക്കുന്നു.
അൽപ്പം പിറകോട്ട് പോയാൽ, തൃശ്ശൂർ കോളേജ് ഓഫ് ഫൈൻ ആർട്‌സിലേക്കുള്ള ആകസ്മികമായ സന്ദർശനത്തിനിടെയാണ് ബിരുദപഠനത്തിനുള്ള പ്രായപരിധി ഒഴിവാക്കിയിട്ടുണ്ടെന്നും സംസ്ഥാനതല പ്രവേശന പരീക്ഷയെഴുതിയാൽ പ്രവേശനത്തിന് ശ്രമിക്കാമെന്നും ഞാൻ മനസ്സിലാക്കിയത്. എന്റെ പുരാതന മാർക്ക് ഷീറ്റുകൾക്കായി ഞാൻ ഭ്രാന്തമായി അന്വേഷിക്കുകയും അപേക്ഷ അയക്കുകയുമൊക്കെ ചെയ്ത ആവേശം നിറഞ്ഞ ദിവസങ്ങളായിരുന്നു പിന്നെയങ്ങോട്ട്.
നീണ്ട കഥ ചുരുക്കാം, എന്റെ ബിരുദാനന്തര ബിരുദം കഴിഞ്ഞ് പതിറ്റാണ്ടുകൾക്ക് ശേഷം, ഇംഗ്ലീഷ് ലക്ചറർ ജോലി ഉപേക്ഷിച്ച് വർഷങ്ങൾക്ക് ശേഷം ഇതാ ഞാനിവിടെ കോളേജിൽ ഒരു ഫ്രെഷർ ആയിരിക്കുന്നു. പ്രായം ഒരു സംഖ്യ മാത്രമാണെന്ന് അവർ പറയുന്നു. കലാപരമായ പരിശീലനത്തിന് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നേടണമെന്ന എന്റെ ദീർഘകാല സ്വപ്നം പിന്തുടരാൻ ഞാൻ തയ്യാറായി.
കുട്ടിക്കാലം മുതൽ, അമ്മ എന്നെയൊരു ചിത്രരചനാ മത്സരത്തിൽ പങ്കെടുപ്പിച്ചപ്പോൾ മുതൽ, കല എന്റെ ജീവിതത്തിൽ എപ്പോഴും നിറഞ്ഞിരുന്നു. ഞാൻ മത്സരത്തിൽ വിജയിച്ചെങ്കിലും, സമ്മാനത്തിനായി സ്റ്റേജിൽ കയറാൻ എനിക്ക് നാണമായിരുന്നു. അതേ പേരുള്ള മറ്റൊരു പെൺകുട്ടി ആ വിജയം തന്റേതാണെന്ന് ഉടനടി അവകാശപ്പെട്ടു. മത്സരങ്ങൾ ജയിക്കുക എന്നത് എന്റെ അജണ്ടയിൽ ഉണ്ടായിരുന്നില്ല. പകരം, നിറങ്ങളിലൂടെ എന്റെ ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള ശക്തിയാണ് എന്നെ ആകർഷിച്ചത്.
വർഷങ്ങൾ കടന്നുപോകവേ, എന്റെ കോളേജ് ക്ലാസുകൾ, പ്രിപ്പറേറ്ററി പാഠപുസ്തകങ്ങൾ, മകന്റെ പാഠപുസ്തകങ്ങളുടെ അരികുകൾ എല്ലാം ഞാൻ ഡൂഡിൽ കൊണ്ടുനിറച്ചു. സന്തോഷത്തോടെ എന്റെ ഭാവനയ്ക്ക് ഞാൻ സ്വാതന്ത്ര്യം നൽകി. നാവുനീട്ടിയ കാളിയുടെ ഉഗ്രരൂപം എന്റെ സ്വന്തം ഛായാചിത്രമാണെന്ന് പറഞ്ഞ് ഞാൻ മകന്റെ കൂട്ടുകാരിലൊരാളെ ഭയപ്പെടുത്തിയതിനെക്കുറിച്ച് ഇന്നും കൂടി മകൻ സംസാരിച്ചതേയുള്ളൂ.

നിയുക്ത സർക്കിളുകൾക്ക് പുറത്തുള്ള ആളുകൾക്ക് യഥാർത്ഥത്തിൽ കല പ്രാപ്യമല്ലാതിരുന്ന സമയമായിരുന്നു അത്. ആർട്ട് പുസ്തകങ്ങൾ അപൂർവവും വളരെ ചെലവേറിയതുമായിരുന്നു. ഞാൻ പഠിപ്പിച്ചിരുന്ന കോളേജിൽ വിദ്യാർത്ഥി സമരം ഉണ്ടാകുമ്പോഴെല്ലാം, ഫോർട്ട് കൊച്ചിയിലെ ‘ഇഡിയം’ എന്ന പുസ്തകശാലയിൽ പോയി അവിടെയുള്ള തിളങ്ങുന്ന ആർട്ട് ബുക്കുകൾ നോക്കിയിരിക്കുന്നത് ഞാൻ ഓർക്കുന്നു. ഫോർട്ട് കൊച്ചിയിൽ ആർട്ട് കഫേ സംസ്കാരം ആരംഭിച്ച സമയമായിരുന്നു അത്. അത് രസകരമായിരുന്നെങ്കിലും, ഒരു അള്‍മാറാട്ടക്കാരന്‍ ഭൂപടത്തില്‍ രേഖപ്പെടുത്താത്ത വെള്ളത്തിൽ കാലുകുത്തുന്നത് പോലെ എനിക്ക് തോന്നി.
വർഷങ്ങൾക്കുശേഷം, എന്റെ സുഹൃത്തുക്കളുടെ പ്രചോദനത്താൽ, ന്യൂയോർക്കിലെ മ്യൂസിയം ഓഫ് മോഡേൺ ആർട്ട് (MoMA), മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട് (മെറ്റ്), പാരീസിലെ ലൂവ്രെ, ബേണിലെ സെൻട്രം പോൾ ക്ലീ, വെനീസ് ബിനാലെ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചത് ഒരുപാട് ആത്മപരിശോധന നടത്താൻ സഹായിച്ചു. കൊച്ചി ബിനാലെയുടെ ആർട്ട് മീഡിയേറ്റർ എന്ന നിലയിലുള്ള എന്റെ പ്രവർത്തനം ഒരു സോളോ ഷോ നടത്താനുള്ള ധൈര്യമേകി, കലാപരമായ പ്രയത്നങ്ങളിലേക്കും ചിന്താ പ്രക്രിയകളിലേക്കും ആഴത്തിൽ പോകാനുള്ള ആഗ്രഹവും.
വിരമിക്കേണ്ട പ്രായത്തിൽ വിദ്യാർത്ഥിനിയായത് ഒരുപാട് പുതിയ അനുഭവങ്ങൾ തന്നു, രണ്ട് മണിക്കൂർ നീളുന്ന ട്രെയിൻ യാത്ര മുതൽ… പ്രകൃതിദൃശ്യങ്ങൾ മുതൽ ഞാൻ കണ്ട വൈവിധ്യമാർന്ന ആളുകൾ വരെ എനിക്ക് ചുറ്റുമുള്ള ലോകത്തെ പ്രതിഫലിപ്പിക്കാനും രേഖപ്പെടുത്താനുമുള്ള സമയമായി മാറി. ഡൽഹിയിൽ നിന്നുള്ള യാത്രയ്ക്കിടെ തരിശായ ഭൂപ്രകൃതി കണ്ടു ശീലിച്ചതിനു ശേഷം പച്ചപ്പ് നിറഞ്ഞ കേരളം കണ്ടപ്പോൾ കുട്ടിക്കാല യാത്രാ ഓർമ്മകൾക്കൊപ്പം സന്തോഷവും തോന്നി. പച്ചപ്പ് ഇപ്പോഴും പച്ചപ്പായി തന്നെ നിൽക്കുന്നു. പക്ഷേ ദുഃഖകരമെന്നു പറയട്ടെ, നഗരങ്ങൾക്ക് സമീപം മാലിന്യങ്ങൾ നിറഞ്ഞിരുന്നു, ഒരിക്കൽ ശുദ്ധജലാശയങ്ങളായിരുന്നവ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കൊണ്ട് ശ്വാസം മുട്ടുന്നു.
തീവണ്ടിക്കുള്ളിൽ ദിവസേനയുള്ള യാത്രക്കാരുടെ തിരക്കായിരുന്നു. ട്രെയിൻ എന്റെ സ്‌റ്റേഷനിൽ എത്തുമ്പോൾ ചെറുതും മയക്കത്തിലാണ്ടതുമായ കാമ്പസിലൂടെ ഞാൻ കോളേജിലേക്കുള്ള എന്റെ സവാരി തുടങ്ങി. സമീപവാസികളിൽ പലരും വാക്ക് വേ ആയി ഉപയോഗിക്കുന്ന കാമ്പസിലെ മരങ്ങൾക്കിടയിലൂടെയും ശിൽപങ്ങൾക്കിടയിലൂടെയും ഞാൻ നടക്കും, അതൊരു ലോകമായിരുന്നു.
ക്ലാസ് മുറിയിൽ, ഞങ്ങൾ ഹൈഡെഗറുടെ കലയുടെ ഉത്ഭവവും വാൻ ഗോഗിന്റെ ബൂട്ടുകളെക്കുറിച്ചുള്ള ഷാപ്പിറോയുടെ കുറിപ്പും ചർച്ച ചെയ്തു. നേരത്തെ ഞങ്ങൾക്കൊരു ‘ഓറിയന്റേഷൻ’ ഉണ്ടായിരുന്നു, സഹപാഠികളിൽ ഭൂരിഭാഗവും കുടുംബത്തിന്റെ പിന്തുണയില്ലാതെയാണ് ഇവിടെ എത്തിയതെന്ന് മനസ്സിലായപ്പോൾ അതിന്റെ പ്രസക്തി മനസ്സിലായി. എഞ്ചിനീയറിങ് അല്ലെങ്കിൽ സയൻസ് ബിരുദങ്ങളേക്കാൾ മക്കൾ തിരഞ്ഞെടുത്ത കോഴ്സിന്റെ സാധ്യതകളെക്കുറിച്ച് മാതാപിതാക്കളെ ബോധവൽക്കരിക്കുന്നത് പ്രധാനമാണെന്ന് തോന്നി. കലാകാരന്മാരുടെ ജീവിതം സാധാരണയായി പോരാട്ടങ്ങളാൽ നിറഞ്ഞതാണ് എന്നതിൽ നിന്നാണ് മാതാപിതാക്കളുടെ ഭയം ഉയരുന്നത്.
എന്റെ സ്വന്തം യാത്രയും ചോദ്യങ്ങളൊഴിഞ്ഞ ഒന്നായിരുന്നില്ല. കോളേജിലെ ആദ്യ ദിവസങ്ങളിൽ ഞാൻ അത്ഭുതപ്പെട്ടു, “ഞാൻ ഇവിടെ എന്താണ് ചെയ്യുന്നത്?” എന്റേതല്ലാത്ത ഒരു ഭാഷ സംസാരിക്കുന്ന ജനറേഷനായിരുന്നു കൂടെയുണ്ടായിരുന്നത്. എന്നാൽ ദിവസങ്ങൾ കഴിയുന്തോറും ഞാൻ അവരെ കൂടുതൽ മനസ്സിലാക്കി, അവരും എന്നെ അവർക്ക് സംസാരിക്കാൻ കഴിയുന്ന ഒരാളായി കാണാൻ തുടങ്ങി.

എന്നിട്ടും പുറത്തുനിന്നും ധാരാളം ചോദ്യങ്ങൾ ഉയർന്നു, “ഞാൻ പോയാൽ വീട്ടിൽ ആരു പാചകം ചെയ്യും?”, “പഠിച്ചിട്ട് എന്ത് ജോലി കിട്ടും?”. പ്രകോപനപരമായ പിന്തിരിപ്പൻ ചോദ്യങ്ങൾ. അവർക്കും കോളേജിൽ പോകാൻ ആഗ്രഹമുണ്ടെന്ന് എന്നോട് പറഞ്ഞവരും കുറവല്ല. പഠിക്കാനുള്ള എന്റെ തീരുമാനം, ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ട സാമൂഹിക, പ്രായ, ലിംഗപരമായ പ്രതീക്ഷകൾ തകർത്തുകൊണ്ട് എന്നെ തന്നെ കണ്ടെത്തുന്ന അന്വേഷണത്തിന്റെ ഭാഗമാണ്. അതിന്റേതായ സന്തോഷങ്ങളോടെയും പ്രയാസങ്ങളോടെയും ആ സാഹസികതയെ നേരിടാനുള്ള ആവേശത്തിലാണ് ഞാൻ.