സി.പി.എമ്മിന്റെയും സി.പി.ഐയുടെയും സ്ഥാനാര്‍ത്ഥിപ്പട്ടിക വന്നു. അതു സംബന്ധിച്ച വാര്‍ത്തകള്‍ കിറുകൃത്യമായി മാധ്യമങ്ങള്‍ നേരത്തെ പ്രവചിച്ചു. പക്ഷേ, രാഷ്ട്രീയമല്ലേ, അവസാന നിമിഷം വരെ മാറി മറിയാം. മാത്രമല്ല, ഇതു നവോത്ഥാന കാലവുമാണ്. സ്ത്രീകളിപ്പോള്‍ പഴയ സ്ത്രീകളല്ല. കേരളം പഴയ കേരളവുമല്ല. വനിതാ മതില്‍ ഒക്കെ പരിഗണിക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ ഇരുപതു സീറ്റിലും സ്ത്രീകള്‍ തന്നെ മല്‍സരിക്കേണ്ടി വരുമോ എന്നായിരുന്നു ഭയം. പക്ഷേ, സി.പി.എം. സി.പി.ഐ. പാര്‍ട്ടികള്‍ സ്ത്രീപക്ഷപാതികളാണ്. ആഗോള താപനത്തിന്റെ ഈ വേനല്‍ക്കാലത്ത് സി.പി.ഐ. സ്ത്രീകളെ പ്രയാസപ്പെടുത്തുകയില്ല. സി.പി.എം. ആകട്ടെ, രണ്ടു സ്ത്രീകളെ മാത്രമേ ബുദ്ധിമുട്ടിക്കുകയുള്ളൂ. അതില്‍ ഒരാള്‍ സിറ്റിങ് എം.പിയാണ്. ഒഴിവാക്കാനാകില്ല. രണ്ടാമത്തെ ആള്‍ എം.എല്‍.എ. രണ്ടു സ്ത്രീകളെയും ജയസാധ്യതയുള്ള സീറ്റുകളില്‍ത്തന്നെ മല്‍സരിപ്പിച്ചു. മറ്റു സീറ്റുകളില്‍ ജയസാധ്യതയില്ലാത്തതിനാല്‍ അതൊക്കെ ആണുങ്ങളുടെ തലയില്‍ കെട്ടിവച്ചു. ഇനി അവരായി, അവരുടെ പാടായി.
പക്ഷേ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് സ്ത്രീകളോട് ആ കാരുണ്യമില്ല. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ സ്ത്രീകള്‍ 41 ശതമാനം പാര്‍ലമെന്റിലേക്ക് ഒറ്റയടിക്ക് പതിനേഴു സ്ത്രീകള്‍. മമത ഇതു വഴി മലര്‍ത്തിയടിച്ചത് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ. അദ്ദേഹമാണ് സ്ത്രീകള്‍ക്കു 33 ശതമാനം സീറ്റുകള്‍ ആദ്യം പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കു സീറ്റു നല്‍കും എന്നു പോലുമല്ല, പട്‌നായിക്കിന്റെ വാഗ്ദാനം. അതൊക്കെ നമ്മള്‍ എത്ര കേട്ടിരിക്കുന്നു. പട്‌നായിക് പറഞ്ഞതു 33 ശതമാനം സ്ത്രീകളെ ഇത്തവണ പാര്‍ലമെന്റിലേക്ക് അയയ്ക്കും എന്നാണ്. അതും നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍. ഓര്‍ക്കുക, പത്തൊമ്പതു വര്‍ഷമായി ഒഡിഷ ഭരിക്കുന്ന മുഖ്യമന്ത്രിയാണ്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും തിരഞ്ഞെടുപ്പുകളെ ഒന്നിച്ചു നേരിടേണ്ട ആളാണ്. ഭരണവിരുദ്ധ വികാരത്തെ ഭയപ്പെടേണ്ട കാലമാണ്. തദ്ദേശഭരണ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. സീറ്റുകള്‍ പത്തുമടങ്ങു വര്‍ധിച്ച സാഹചര്യവുമാണ്. 21 പാര്‍ലമെന്റ് സീറ്റുകളാണ് ഒഡിഷയില്‍. ഇരുപതിലും ജയിച്ചത് ബിജു പട്‌നായിക്കിന്റെ ബിജു ജനതാദള്‍. കഴിഞ്ഞ തവണ ഇരുപതില്‍ മൂന്നു പേര്‍ മാത്രമായിരുന്നു സ്ത്രീകള്‍. ഇത്തവണ ഏഴു പെണ്ണുങ്ങള്‍ ലോക്‌സഭയിലേക്കു പോകുമ്പോള്‍ നാലു സിറ്റിങ് എം.പിമാര്‍ പുറത്താകും. മമത ബാനര്‍ജി ആകട്ടെ, വാഗ്ദാനം നല്‍കാന്‍ പോലും സമയം കളഞ്ഞില്ല. നേരെ പട്ടിക പ്രസിദ്ധപ്പെടുത്തി. പെണ്ണുങ്ങള്‍ ഭരിച്ചതു കൊണ്ടു പെണ്ണുങ്ങള്‍ക്കു പ്രയോജനമുണ്ടായിട്ടില്ല എന്ന് ഇനിയാരും പരിഹസിക്കുകയില്ല. എന്തൊരു ചങ്കുറപ്പ്! ബി.ജെ.പിയുടെ ഗൗരവ് ഭാട്യ ഒരു ടിവി ചര്‍ച്ചയില്‍ പറഞ്ഞതു പോലെ, ആണുങ്ങള്‍ പോയി പെറ്റിക്കോട്ടും വളയും ഇടുന്നതാണു നല്ലത്.
Also Read: അടുത്ത തിരഞ്ഞെടുപ്പ് വരെ മാത്രം ആയുസ്സുളള നാമജപം- കെ ആർ മീര എഴുതുന്നു
എന്നാലും മുപ്പത്തിമൂന്നും നാല്‍പ്പത്തിയൊന്നും ശതമാനം സംവരണം! അതും ഒഡിഷയിലും ബംഗാളിലും! വിദ്യാഭ്യാസത്തിന്റെയും പ്രതിരോധത്തിന്റെയും വിദേശകാര്യത്തിന്റെയും വകുപ്പുകള്‍ ബി.ജെ.പി. ഗവണ്‍മെന്റ് സ്ത്രീകളെ ഏല്‍പ്പിച്ചപ്പോഴുണ്ടായ അതേ അവിശ്വസനീയത. സ്ത്രീ സാക്ഷരതയില്‍ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് ആണെങ്കില്‍ ഒഡിഷ ഇരുപത്തിയഞ്ചാം സ്ഥാനത്താണ്. ശിശുമരണനിരക്കിലും പെണ്‍ ശിശുമരണത്തിലും മുന്‍നിരയില്‍. ബാല വിവാഹനിരക്കിലും ബാലികാമാതാക്കളുടെ എണ്ണത്തിലും സ്ത്രീധനമരണങ്ങള്‍, സ്ത്രീകള്‍ക്ക് എതിരേയുള്ള മറ്റു കുറ്റകൃത്യങ്ങള്‍ എന്നിവയിലും മുമ്പില്‍. എങ്കിലും, ആകെയുള്ള 147 എം.എല്‍.എമാരില്‍ 12 സ്ത്രീകള്‍ ഉണ്ട്. മൂന്ന് വനിതാ എം.പിമാര്‍ ഉണ്ട്. എഴുപതുകളില്‍ത്തന്നെ നന്ദിനി സത്പതി എന്നൊരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ട്. 76 ശതമാനം മാത്രം സാക്ഷരതയുള്ള ബംഗാളിലും സമാനമായ സ്ഥിതി തന്നെ. പക്ഷേ, പ്രബുദ്ധകേരളത്തില്‍ അത്തരം മണ്ടത്തരങ്ങളില്ല. നിയമസഭയില്‍ ആകെയുള്ളത് എട്ടു പേര്‍. വിദ്യാഭ്യാസവും സാക്ഷരതയും കൊണ്ടുള്ള നേട്ടം!
ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ‘നാം മുന്നോട്ട്’ എന്ന സംവാദ പരിപാടി നടത്തിയിരുന്നു. അവതാരകന്റെ ഒരു ചോദ്യം ഇതായിരുന്നു: എന്തു കൊണ്ടാണ് കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകള്‍ ശബരിമല വിധിയെ എതിര്‍ക്കുന്നത്? വിദ്യാഭ്യാസവും പ്രബുദ്ധതയും ഒക്കെ തൊലിപ്പുറത്തേയുള്ളൂ, അകത്ത് തികഞ്ഞ സ്ത്രീവിരുദ്ധതയാണ് എന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി എതിര്‍ത്തു. അതു ശരിയല്ല, കേരളത്തില്‍ ചില വിഭാഗങ്ങള്‍ക്കൊഴികെ, പൊതു സമൂഹത്തിനു സ്ത്രീവിരുദ്ധതയില്ല എന്ന് അദ്ദേഹം ഖണ്ഡിച്ചു. പരിപാടി സംപ്രേഷണം ചെയ്തതിനു ശേഷം പ്രതിഷേധം അറിയിക്കാന്‍ വിളിച്ച ഉന്നത വിദ്യാഭ്യാസയോഗ്യതകളുള്ള ഒരു ഡിവൈ.എസ്.പിയും ഇതേ അഭിപ്രായം ആവര്‍ത്തിച്ചു. ഈ നാട്ടിലെ പുരുഷന്‍മാര്‍ക്കു സ്ത്രീവിരുദ്ധതയുണ്ട് എന്നു പറയുന്നതു ശരിയല്ല, ഞങ്ങള്‍ക്കാര്‍ക്കും സ്ത്രീകളോടു വിരോധമില്ല.
ശരിയാണ്, കേരളത്തില്‍ എന്തു സ്ത്രീവിരുദ്ധത? അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുന്ന ഏതു സ്ത്രീയോടാണ് ഇവിടെ വിരുദ്ധത? മുദ്രാവാക്യം വിളിക്കാന്‍ പറയുമ്പോള്‍ വിളിക്കുന്നവളും നാമം ജപിക്കാന്‍ പറയുമ്പോള്‍ ജപിക്കുന്നവളുമായ ഒരുവളോടും ആര്‍ക്കും വിരോധമില്ല. ഉച്ചത്തില്‍ സംസാരിക്കാത്തവരും ചോദ്യങ്ങള്‍ ചോദിക്കാത്തവരും ചോദിക്കാതെ അഭിപ്രായം പറയാത്തവരും സ്വന്തം അവകാശങ്ങളെപ്പറ്റി ഓര്‍മ്മിക്കാത്തവരുമായ സ്ത്രീകള്‍ ഈ നാട്ടില്‍ എല്ലാക്കാലത്തും ബഹുമാനിക്കപ്പെട്ടിട്ടുണ്ട്. അടക്കവും ഒതുക്കവുമില്ലാത്ത, സര്‍വ്വംസഹകള്‍ അല്ലാത്ത, ആവശ്യമില്ലാത്തിടത്ത് അഭിപ്രായം പറയുന്ന, ഞാന്‍ സമ്പാദിക്കുന്ന പണം എങ്ങനെ ചെലവാക്കുമെന്നു ഞാന്‍ തീരുമാനിക്കും എന്നു പറയുന്ന, ആണുങ്ങള്‍ക്കിടയില്‍ ആളാകാന്‍ ശ്രമിക്കുന്ന പെണ്ണുങ്ങള്‍ക്കു മാത്രമേ പ്രതിസന്ധികളുള്ളൂ. സ്ത്രീകള്‍ അഭിപ്രായം പറയുന്നതൊക്കെ നല്ലതാണ്, ആ അഭിപ്രായം നമ്മുടേതാണെങ്കില്‍. എതിരഭിപ്രായമാണ് പറയുന്നതെങ്കില്‍, അവളുമാര്‍ ശരിയല്ല. അത്തരക്കാരെ നാട്ടുകാര്‍ അപ്പോള്‍ത്തന്നെ അടിച്ചിരുത്തും.
Also Read: ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിന്തുണയോടെ വളർന്നവളല്ല: കെ.ആർ മീര
കാരണം, സ്ത്രീവിരുദ്ധത എന്നാല്‍ സ്ത്രീയോടുള്ള വിരോധമല്ല, സ്ത്രീയുടെ അധികാരത്തോടുള്ള വിരോധമാണ്. പൊതുസമൂഹത്തിന് സ്ത്രീവിരുദ്ധത തീരെ ഇല്ലാത്തതു പോലെ, സി.പി.എമ്മിന് ഒരു വനിതാ പാര്‍ട്ടി സെക്രട്ടറിയോ, വേണ്ട, ഒരു ജില്ലാ സെക്രട്ടറിയോ അതും വേണ്ട, ലോക്കല്‍ സെക്രട്ടറിയോ തീരെ ഇല്ല. ഡിവൈ.എഫ്.ഐക്കും സി.ഐ.ടി.യുവിനും വനിതാ പ്രസിഡന്റ് ഇല്ല. ഐക്യകേരള പിറവിക്കു മുമ്പ് രണ്ടു സ്ത്രീകള്‍ പ്രസിഡന്റ് ആയിട്ടുണ്ടെങ്കിലും കെ.പി.സി.സി. പ്രസിഡന്റ് ആയി ഒരു പെണ്ണും വിലസുകയില്ല. ബിന്ദു കൃഷ്ണയ്ക്കു പുറമെ ഒരു ഡിസിസി പ്രസിഡന്റ് കൂടി ഉണ്ടാകാന്‍ സാധ്യതയില്ല. യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും ഐ.എന്‍.ടി.യുസിയും ഒരിക്കലും സ്ത്രീകള്‍ ഭരിക്കുകയില്ല. ജനാധിപത്യം അതില്‍ക്കുറച്ചു മതി. അധികമായാല്‍ ജനാധിപത്യവും വിഷം.
പിന്നെ ആഗ്രഹം മാത്രം മതിയോ? ജനപിന്തുണ വേണ്ടേ? അര്‍ഹത വേണ്ടേ? യോഗ്യത വേണ്ടേ? യോഗ്യതയും അര്‍ഹതയും മാത്രം കൈമുതലായി ഇക്കണ്ട സ്ഥാനങ്ങളൊക്കെ അലങ്കരിക്കുന്ന ആണ്‍കുട്ടികളോടു മല്‍സരിക്കാനുള്ള ശേഷി വേണ്ടേ? 1995ലെ ആദ്യ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഓര്‍മ്മ വരുന്നു. സ്ത്രീകള്‍ക്കു 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ആദ്യ തിരഞ്ഞെടുപ്പ്. ന്യൂസ് റൂമിന് അകത്തും പുറത്തും ബസിനുള്ളിലും ട്രെയിനിലുള്ളിലും രൂക്ഷവിമര്‍ശനം. മല്‍സരിക്കാന്‍ സ്ത്രീകളെ കിട്ടില്ല എന്നും ഭര്‍ത്താക്കന്‍മാരുടെ പിന്‍സീറ്റ് ഭരണമായിരിക്കും നടക്കുക എന്നും ഘോരഘോര വാദങ്ങള്‍. ആദ്യ വര്‍ഷങ്ങളില്‍ അതു ശരിയുമായി. സ്ത്രീകളായ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവു പ്രകടമായിരുന്നു. പക്ഷേ, ആദ്യ ടേമിന്റെ അവസാനപാദത്തില്‍ സ്ഥിതി മാറി. മുറിഞ്ഞ വാക്യങ്ങളില്‍ തപ്പിപ്പെറുക്കി സംസാരിച്ചിരുന്ന പഞ്ചായത്ത് അംഗങ്ങളും പ്രസിഡന്റുമാരും പതര്‍ച്ചയില്ലാതെ ഏതു ചോദ്യത്തിനും കൃത്യമായ ഉത്തരം നല്‍കുന്നതു കേള്‍ക്കുമാറായി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളില്ലാത്ത, അന്നോളം വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ലാത്ത സ്ത്രീകള്‍ ഒരു വാര്‍ഡിന്റെ, ഒരു പഞ്ചായത്തിന്റെ ദൈനംദിന ആവശ്യങ്ങളും അവ നിവര്‍ത്തിക്കാനുള്ള നടപടിക്രമങ്ങളും അമ്പരപ്പിക്കുന്ന വേഗത്തില്‍ സ്വാംശീകരിക്കുന്നതു കാണുമാറായി. ഭരണനേട്ടങ്ങളില്‍ സ്ത്രീകള്‍ ഭരിച്ച പഞ്ചായത്തുകള്‍ ഒന്നാമതെത്തി. കേരളത്തില്‍ മാത്രമല്ല, മറ്റു പല സംസ്ഥാനങ്ങളിലും. തദ്ദേശഭരണ തിരഞ്ഞെടുപ്പു ചരിത്രത്തില്‍ തങ്കലിപികളില്‍ കുറിക്കേണ്ട ഏടാണ് കര്‍ണാടകയിലെ ഷിമോഗ ജില്ലയിലുള്ള മൈദോലാലുവിന്റേത്. 33 ശതമാനം സ്ത്രീ സംവരണത്തില്‍ പ്രതിഷേധിച്ച് പുരുഷന്‍മാര്‍ തിരഞ്ഞെടുപ്പു ബഹിഷ്‌കരിച്ച പഞ്ചായത്ത്. എല്ലാ വാര്‍ഡുകളിലും സ്ത്രീകള്‍ മാത്രം മല്‍സരിച്ചു. അങ്ങനെ മൈദോലാലു സ്ത്രീകള്‍ ഒറ്റയ്ക്കു ഭരിച്ചു. കര്‍ണാടകയിലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് നേടുകയും ചെയ്തു. പഞ്ചായത്തിരാജ് അനുഭവങ്ങളില്‍ നിന്നു പഠിക്കേണ്ട പാഠം അതാണ്. ഭരണശേഷി എന്നത് ഒരു സ്‌കില്‍ ആണ്. പരിചയസമ്പത്താണ് ആ സ്‌കില്ലിന്റെ അടിസ്ഥാനം. കെ. ആര്‍. ഗൗരിയമ്മ മികച്ച മന്ത്രിയായത് ജനങ്ങളെയും അവരുടെ ആവശ്യങ്ങളെയും അടുത്തറിഞ്ഞതു കൊണ്ടാണ്. കെ.കെ.ശൈലജയും ജെ. മേഴ്‌സിക്കുട്ടിയമ്മയും മികച്ച മന്ത്രിമാരാകുന്നതും അതു കൊണ്ടു തന്നെ. അക്കാലത്തു ഗൗരിയമ്മയ്ക്കും ഇക്കാലത്തു മേഴ്‌സിക്കുട്ടിയമ്മയ്ക്കും കെ.കെ. ശൈലജ ടീച്ചര്‍ക്കും അതു സാധ്യമായത് അവര്‍ക്ക് അവസരം കിട്ടിയതു കൊണ്ടാണ്. അവിടെയാണ് അവസരങ്ങളുടെ പ്രസക്തി. ഭരിച്ചു ഭരിച്ചാണ് ആണുങ്ങള്‍ നല്ല ഭരണകര്‍ത്താക്കളായത്. ഭരിക്കുന്തോറും പെണ്ണുങ്ങളും നല്ല ഭരണകര്‍ത്താക്കളാകും. നാരി ഭരിച്ചാല്‍ നശിച്ചതു തന്നെ. എന്ത്? ആണ്‍ അഹന്ത.
അതിനാല്‍, സ്ത്രീകള്‍ക്ക് അനുകൂലമായ ഒരു നടപടിയും ആകസ്മികമായോ സ്വാഭാവികമായോ സംഭവിക്കുകയില്ല. അതിനു മന:പൂര്‍വ്വമായ ഇടപെടല്‍ വേണം. നമ്മുടെ കലാലയ, വാഴ്‌സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പുകള്‍ തന്നെയാണു തെളിവ്. ചെയര്‍മാന്‍ സ്ഥാനം ആണ്‍കുട്ടിക്കും വൈസ് ചെയര്‍മാന്‍ സ്ഥാനം പെണ്‍കുട്ടിക്കും എന്ന പരമ്പരാഗത ആചാരം മഹാരാജാസില്‍ ഭഞ്ജിക്കപ്പെട്ടത് 2017ല്‍ മാത്രം. മഹാരാജാസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു മൃദുല ഗോപി. പാലക്കാട് വിക്ടോറിയ കോളജില്‍ യൂണിയന്‍ സ്ഥാനങ്ങള്‍ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കു മാറ്റി വയ്‌ക്കേണ്ടതുണ്ട് എന്ന് എസ്.എഫ്.ഐയ്ക്കു തോന്നിയത് 2018ല്‍. സി.എം.എസ്. കോളജിന്റെ 200 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു പെണ്‍കുട്ടി റൂബിന മോള്‍ ചെയര്‍പേഴ്‌സണ്‍ ആയതും ഇക്കാലത്ത്. ഫറൂഖ് കോളജില്‍ എം.എസ്.എഫിന്റെ മിനാ ഫര്‍സാന, മാന്നാനം കെ.ഇ. കോളജില്‍ ആന്‍സ് ജോസഫ്. കാലടി യൂണിവേഴ്‌സിറ്റിയില്‍ അന്‍ജുന കെ.എം. എന്നിട്ടോ? ഈ പെണ്‍കുട്ടികള്‍ക്കും കേരളത്തിലെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമായി മാറിയ കുടുംബശ്രീയുടെ അംഗങ്ങള്‍ക്കും പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടു യോഗ്യത തെളിയിച്ച സ്ത്രീകള്‍ക്കും നല്‍കാന്‍ വിവിധ പാര്‍ട്ടികളുടെ പക്കല്‍ എന്തുണ്ട്? അവര്‍ ഇനി ചുവടു വയ്‌ക്കേണ്ടതു നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും ആണ്. ആ വാതിലുകള്‍ തുറക്കാത്തിടത്തോളം രണ്ടാം നവോത്ഥാനവും വനിതാ മതിലും അര്‍ത്ഥശൂന്യമാണ്. തുല്യപൗരത്വം റദ്ദാക്കുന്ന ഒരു തന്ത്രം മാത്രമാണ്.
Also Read: അധികാര രാഷ്ട്രീയത്തിന്റെ അരികുകളിലേക്ക് ഒതുക്കപ്പെടുന്നവർ
തുല്യപൗരത്വം റദ്ദാക്കാന്‍ ഇത്തരം പല തന്ത്രങ്ങളുണ്ട്. വ്യഭിചാരിണി എന്ന വിളി-ഏറ്റവും പഴക്കമുള്ളതും പുതുമ നഷ്ടപ്പെടാത്തതുമായ തന്ത്രം. തെറി വിളിച്ചു നിശ്ശബ്ദയാക്കുന്നതു മറ്റൊന്ന്. അവളുടെ രൂപത്തെ, യോഗ്യതകളെ പരിഹസിച്ചു തേജോവധം ചെയ്യുന്നത് ഇനിയൊന്ന്. അധിക്ഷേപിച്ചു തളര്‍ത്താന്‍ സാധിക്കാത്തവളുടെ സംരക്ഷകന്‍ ചമയുന്നതു മറ്റൊന്ന്. ആദ്യ ലോക്‌സഭയുടെ സുവനീറില്‍ സോഷ്യലിസ്റ്റ് പാര്‍ലമെന്ററി പാര്‍ട്ടി ജനറല്‍ സെക്രട്ടറി .എം.പി. ഗുരുപാദസ്വാമി എഴുതിയതുപോലെ ”വനിതകളായ എം.പിമാര്‍ പാര്‍ലമെന്റിന് തിളക്കവും ജീവനും സമ്മാനിക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്. പലപ്പോഴും ഡിബേറ്റുകള്‍ വനിതാ എം.പിമാരുടെ മധുരവും ലോലവുമായ ശബ്ദത്താല്‍ സജീവമാകുമായിരുന്നു. സത്യമായും, ഈ വനിതാ എംപിമാര്‍ ഇല്ലായിരുന്നുവെങ്കില്‍ പാര്‍ലമെന്റ് തീരെ വിരസമായിപ്പോകുമായിരുന്നു’ എന്നൊക്കെ വാല്‍സല്യം പ്രകടിപ്പിക്കുകയാണ് ഇനിയൊന്ന്. അദ്ദേഹം ‘സ്വീറ്റ് ആന്‍ഡ് ഡെലിക്കേറ്റ്’ എന്നു വര്‍ണ്ണിച്ച ശബ്ദങ്ങള്‍ ആരുടേത്? ആനി മസ്‌ക്രീന്‍, രാജ്കുമാരി അമൃത് കൗര്‍, അമ്മു സ്വാമിനാഥന്‍, ജി. ദുര്‍ഗാബായ്, സുചേതാ കൃപലാനി… തന്ത്രങ്ങളില്‍ ഏറ്റവും കുടിലമായത് അതാണ്. തുല്യത അംഗീകരിക്കാതിരിക്കുക. പകരം സ്‌ത്രൈണതയെ ശ്ലാഘിച്ച് മഹാനാകുക. സ്ത്രീയുടെ ബൗദ്ധികതയെ റദ്ദാക്കുക. പകരം അവളെ ഉടലാക്കി ചുരുക്കുക.
Also Read: ആറ് പതിറ്റാണ്ടിനിടെ കേരളം കണ്ടത് എട്ട് വനിത മന്ത്രിമാരെ മാത്രം
ഇന്നും ഈ തന്ത്രങ്ങള്‍ വിവിധ രാഷ്ട്രീയകക്ഷികള്‍ നടപ്പാക്കുന്നു. അതിന് അവര്‍ക്ക് അധികാരസ്ഥാപനങ്ങളില്‍ സ്ത്രീയുടെ ന്യൂനപക്ഷാവസ്ഥ ധൈര്യം പകരുന്നു. ആദ്യ പാര്‍ലമെന്റില്‍ രണ്ടു സഭകളിലും കൂടി വെറും 20 പേര്‍. ലോക്‌സഭയില്‍ പത്തു പേര്‍. എഴുപതാണ്ടു കഴിഞ്ഞിട്ടും സ്ത്രീകള്‍ ഇന്നും ന്യൂനപക്ഷം തന്നെ. ഇക്കാലത്തിനിടെ കേരളത്തില്‍നിന്നു ലോക്‌സഭയില്‍ എത്തിയത് എട്ടു സ്ത്രീകള്‍ മാത്രം. പത്തു കൊല്ലം കൂടുമ്പോള്‍ ഒരു വനിതാ എം.പി. അതാണ് കേരളത്തിലെ രാഷ്ട്രീയ കക്ഷികളുടെ ആചാരം. പെണ്ണുങ്ങളല്ലേ, അതൊക്കെ ധാരാളം.
കേരളത്തിലെ ആദ്യ വനിതാ ലോക്‌സഭാ എം.പി. ആനി മസ്‌ക്രീന്‍. 1951-52ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. അന്നു കേരളത്തില്‍ ആകെ 11 സീറ്റു മാത്രം. 1957ലും 62ലും ഓരോ സ്ത്രീ മല്‍സരിച്ചു. പക്ഷേ, ജയിച്ചില്ല. 1967 ആയപ്പോഴേക്കു സീറ്റുകളുടെ എണ്ണം 19 ആയി. മൂന്നു സ്ത്രീകള്‍ മല്‍സരിച്ചു. സുശീല ഗോപാലന്‍ ജയിച്ചു. അഞ്ചാം ലോക്‌സഭയില്‍ അടൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നു സി.പി.ഐയുടെ കെ. ഭാര്‍ഗവി തങ്കപ്പന്‍. അന്നു മല്‍സരിച്ചതു നാലു പേര്‍. 1977ലെ തിരഞ്ഞെടുപ്പില്‍ സീറ്റുകളുടെ എണ്ണം 20 ആയി. മൂന്നു സ്ത്രീകള്‍ മല്‍സരിച്ചു. ആരും ജയിച്ചില്ല. 1980ല്‍ രണ്ടു സ്ത്രീകള്‍ മല്‍സരിച്ചു. സുശീല ഗോപാലന്‍ ജയിച്ചു. 1984ല്‍ ഏഴു സ്ത്രീകള്‍ മല്‍സരിച്ചു. എല്ലാവരും തോറ്റു. 1989ല്‍ എട്ടു പേര്‍ മല്‍സരിച്ചു ഒരാള്‍ ജയിച്ചു മുകുന്ദപുരത്തുനിന്നു സാവിത്രി ലക്ഷ്മണന്‍. 1991ല്‍ പത്തു പേര്‍ മല്‍സരിച്ചു; രണ്ടു പേര്‍ ജയിച്ചു സുശീല ഗോപാലനും സാവിത്രി ലക്ഷ്മണനും. 1996ലും പത്തു പേര്‍ മല്‍സരിച്ചു. ആരും ജയിച്ചില്ല. 1998ല്‍ പത്തു പേര്‍ മല്‍സരിച്ചു ഒരാള്‍ ജയിച്ചു എ.കെ. പ്രേമജം. 1999ല്‍ പതിമൂന്നു പേര്‍ മല്‍സരിച്ചു. ഒരാള്‍ ജയിച്ചു എ.കെ. പ്രേമജം. 2004ല്‍ 15 പേര്‍ മല്‍സരിച്ചു. രണ്ടു പേര്‍ ജയിച്ചു. പി. സതീദേവിയും മാവേലിക്കരയില്‍ രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തിയ സി.എസ്.സുജാതയും. 2009ലും 15 പേര്‍ മല്‍സരിച്ചു. ആരും ജയിച്ചില്ല. 2014ല്‍ കെ. സുധാകരനെ പരാജയപ്പെടുത്തി പി.കെ. ശ്രീമതി ജയിച്ചു.
സഭയില്‍ ഇവരുടെയൊക്കെ പങ്കാളിത്തം എന്താണ്? കഴിഞ്ഞ ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ഹാജര്‍ ഉണ്ടായിരുന്നതും ഏറ്റവും കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചതും മുല്ലപ്പള്ളി രാമചന്ദ്രന്‍. 92% ഹാജര്‍. 645 ചോദ്യങ്ങള്‍ ചോദിച്ചു. 162 ഡിബേറ്റുകളില്‍ പങ്കെടുത്തു. 15 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. പക്ഷേ, ഏറ്റവും കൂടുതല്‍ ഡിബേറ്റുകളില്‍ പങ്കെടുത്തതും ചോദ്യങ്ങള്‍ ചോദിച്ചതും സി.പി.എമ്മുകാരായ രണ്ട് എം.പിമാര്‍ പി.കെ. ബിജുവും എം.ബി രാജേഷും. പി.കെ. ബിജുവിന് 89 ശതമാനം ഹാജര്‍. 326 ഡിബേറ്റുകളില്‍ പങ്കെടുത്തു. 580 ചോദ്യങ്ങള്‍ ചോദിച്ചു. എം.ബി. രാജേഷിന്റെ ഹാജര്‍ 84ശതമാനം. 238 ഡിബേറ്റുകളില്‍ പങ്കെടുത്തു. 576 ചോദ്യങ്ങള്‍ ചോദിച്ചു. പിന്നാലെ, എന്‍. കെ. പ്രേമചന്ദ്രനും ജോയ്‌സ് ജോര്‍ജും ഉണ്ട്. പ്രേമചന്ദ്രന്‍ 300 ഡിബേറ്റുകളില്‍ പങ്കെടുത്തു. 470 ചോദ്യങ്ങള്‍ ചോദിച്ചു, ഏഴു ബില്ലുകള്‍ അവതരിപ്പിച്ചു. ജോയ്‌സ് ജോര്‍ജ് 290 ഡിബേറ്റുകളില്‍ പങ്കെടുത്തു, 541 ചോദ്യങ്ങള്‍ ചോദിച്ചു. 9 സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചു. കൊടിക്കുന്നില്‍ സുരേഷിന് 69% ഹാജര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 100 ഡിബേറ്റുകളില്‍ പങ്കെടുത്തു. 535 ചോദ്യങ്ങള്‍ ചോദിച്ചു. ആറു ബില്ലുകള്‍ അവതരിപ്പിച്ചു. ശശി തരൂര്‍ പങ്കെടുത്തത് 90 ഡിബേറ്റുകളില്‍ ആണ്. 480 ചോദ്യങ്ങള്‍ ചോദിച്ചു. 16 ബില്ലുകള്‍ അവതരിപ്പിച്ചു.
മലയാളികളായ എം.പിമാരില്‍ ഏറ്റവും കുറവു ചോദ്യങ്ങള്‍ ചോദിച്ചവരും ഏറ്റവും കുറച്ചു ഡിബേറ്റുകളില്‍ പങ്കെടുത്തവരും കെ.വി. തോമസ്, എം.ഐ. ഷാനവാസ്, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍. ഇടത് എം.പിമാരില്‍ ഇന്നസെന്റ് എം.പി. ആണ് ഏറ്റവും പിന്നില്‍. അദ്ദേഹത്തിന്റെ ഹാജര്‍ 69 ശതമാനം ഇന്നസെന്റ് ആകെ ചോദിച്ചത് 217 ചോദ്യങ്ങള്‍. പങ്കെടുത്തത് 42 ഡിബേറ്റുകള്‍. എന്നിട്ടും അദ്ദേഹത്തിനു സ്വന്തം മണ്ഡലത്തില്‍ ജയസാധ്യതയുണ്ട്. കാരണം, ചോദ്യങ്ങള്‍ ചോദിക്കാത്തവര്‍ക്കും ലൈംഗികാതിക്രമ കേസുകളില്‍ കുറ്റാരോപിതരെ പിന്തുണയ്ക്കുന്നവര്‍ക്കുമാണ് ക്രൈസ്തവസഭകളുടെ പിന്തുണ. കേവലം 39ശതമാനം ഹാജര്‍ നിലയുള്ള ഹേമമാലിനി പോലും പതിനേഴ് ഡിബേറ്റുകളില്‍ പങ്കെടുക്കുകയും 210 ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു. എങ്കിലും, രാജ്യസഭാംഗവും ചലച്ചിത്രതാരവുമായ സുരേഷ് ഗോപിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നസെന്റ് ബഹുദൂരം മുന്നിലാണ്. സുരേഷ് ഗോപി ഇതുവരെ പങ്കെടുത്തത് 11 ഡിബേറ്റുകളില്‍. ചോദിച്ചതു നാലേ നാലു ചോദ്യങ്ങള്‍. എല്ലാ ഉത്തരങ്ങളും അറിയുന്നവര്‍ ചോദ്യങ്ങള്‍ ചോദിക്കേണ്ടതില്ല. സുരേഷ് ഗോപിയുടെ നേതാവ് അമിത് ഷാ സഭയില്‍ മൂന്നു ചോദ്യങ്ങളേ ചോദിച്ചിട്ടുള്ളൂ. യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധി ആറു ചോദ്യങ്ങളും.
കേരളത്തിന്റെ ഏക വനിതാ എം.പി. ആയിരുന്ന പി.കെ. ശ്രീമതി ടീച്ചറോ? 77 ശതമാനം ഹാജര്‍, 167 ഡിബേറ്റുകള്‍, 509 ചോദ്യങ്ങള്‍. പാര്‍ലമെന്റിലെ പങ്കാളിത്തത്തില്‍, ശശി തരൂര്‍ ഉള്‍പ്പെടെ മറ്റെല്ലാ എം.പിമാരെക്കാളും മെച്ചപ്പെട്ട പങ്കാളിത്തം. എന്നിട്ടും പാര്‍ട്ടിക്കു കൂടുതല്‍ സീറ്റുകളില്‍ സ്ത്രീകളെ നിര്‍ത്താന്‍ ധൈര്യമില്ല. ജനം അവരെ പിന്തുണയ്ക്കും എന്ന് ഉറപ്പില്ല.
ഓര്‍മ്മയില്‍ പത്തു പതിമൂന്നു കൊല്ലം മുമ്പ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പങ്കെടുത്ത ഒരു ചടങ്ങുണ്ട്. വനിതാദിനാഘോഷം തന്നെ. അന്ന് ഐ.ജി. ആയിരുന്ന എ.ഡി.ജി.പി. ആര്‍. ശ്രീലേഖയും ചെറിയാന്‍ ഫിലിപ്പും പങ്കെടുത്തിരുന്നു. സദസ്സിന്റെ മുന്‍വരിയില്‍ പില്‍ക്കാലത്ത് രാജ്യസഭാംഗമായ ടി.എന്‍. സീമ. തൊട്ടടുത്ത് അന്നത്തെ എസ്.എഫ്.ഐയിലെ അന്നത്തെ താരമായ പെണ്‍കുട്ടി. ഉദ്ഘാടന പ്രസംഗത്തില്‍ ഐ.ജി. പറഞ്ഞു : പോലീസിന്റെ തല്ലു വാങ്ങുമ്പോള്‍ ഈ കുട്ടിയില്‍ കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെ ഞാന്‍ കാണുന്നുണ്ട്. തുടര്‍ന്നു പ്രസംഗിച്ച ഞാന്‍ ഉപദേശിച്ചു ഐജി ഇങ്ങനെയൊക്കെ പറയും, പക്ഷേ, കുട്ടി അധികം തല്ലു കൊള്ളണ്ട. കെ. ആര്‍. ഗൗരിയമ്മയുടെ അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുള്ളതല്ലേ? പിന്നെ കാണുന്നത് കുട്ടിയുടെ കസേര ഒഴിഞ്ഞു കിടക്കുന്നതാണ്. മീറ്റിങ് കഴിഞ്ഞപ്പോള്‍ കേട്ടു, എന്റെ വാക്കുകള്‍ എസ്.എഫ്.ഐയിലെ പെണ്‍കുട്ടികളുടെ ആത്മവീര്യം കെടുത്തിയതില്‍ പ്രതിഷേധിച്ച് ആ കുട്ടി ഇറങ്ങിപ്പോകുകയായിരുന്നു എന്ന്. ആ കുട്ടി പിന്നീട് നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മല്‍സരിക്കുന്നതു കണ്ടു. രാജ്യസഭാംഗത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു പാര്‍ട്ടി വിടുന്നതും കണ്ടു. എതിര്‍ ചേരിയില്‍ ചേക്കേറുന്നതും കണ്ടു. അവള്‍ക്കും മുമ്പേ അവളെക്കാള്‍ കൂടുതല്‍ തല്ലുകൊള്ളുകയും അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ ലഭിക്കാതിരിക്കുകയും പിന്നെയും പാര്‍ട്ടിക്കാരായി ജീവിക്കുകയും ചെയ്യുന്ന സി.എസ്. സുജാത, ഗീനാകുമാരി, എന്‍. സുകന്യ, ബിന്ദു മോഹന്‍, സിന്ധു സുന്ദര്‍, സീന ഭാസ്‌കര്‍, ബിച്ചു എക്‌സ് മലയില്‍ എന്നിവരെയൊക്കെ അന്നു ഞാന്‍ മനസ്സില്‍ ശകാരിച്ചു. ഇന്നും ശകാരിക്കുന്നു. തല്ലു കൊണ്ടാല്‍ പോരാ, അതിന്റെ പ്രതിഫലം ചോദിച്ചു വാങ്ങണം. അധികാരം കയ്യാളണം. കുറഞ്ഞപക്ഷം ഫെയ്‌സ്ബുക്കില്‍ തെറിവിളിക്കാന്‍ ഫേയ്ക് ഐഡികള്‍ കൊണ്ടുള്ള ഫാന്‍സ് ഗ്രൂപ്പുകള്‍ എങ്കിലും വേണം. ഇല്ലെങ്കില്‍, തുല്യനീതിയെക്കുറിച്ചും രണ്ടാം നവോത്ഥാനത്തെക്കുറിച്ചും ഇനിയും ഒരുപാടു സംസാരിക്കേണ്ടി വരും. വനിതാ മതിലിനു കൂടുതല്‍ വെയിലും മഴയും കൊള്ളേണ്ടി വരും. അയ്യപ്പജ്യോതി തെളിയിക്കുന്നതു മഹാവിപ്ലവമായി ആഘോഷിക്കേണ്ടി വരും.
രണ്ടായിരത്തിപ്പത്തില്‍ വനിതാസംവരണ ബില്‍ പാസ്സാക്കുന്നതിനെ എതിര്‍ത്തു ചെന്നൈയില്‍ പ്രതിഷേധ ധര്‍ണ നടത്തിയ ഒരു സംഘടനയുണ്ട് – ആണ്‍കള്‍ പാതുകാപ്പ് സംഘം. ജനനം മുതല്‍ മരണം വരെ പുരുഷന്‍മാര്‍ സഹിക്കുന്ന യാതനകള്‍ അവസാനിപ്പിച്ചു സ്ത്രീകളില്‍ നിന്നു നീതി നേടുകയാണു ലക്ഷ്യം. ആണ്‍പാതുകാപ്പ് സംഘം കേരളത്തിലും വരണം. എല്ലാ മുന്നണികള്‍ക്കും വേണ്ടി സീറ്റുകളായ സീറ്റുകളിലെല്ലാം മല്‍സരിച്ചു ജയിക്കാന്‍ വിധിക്കപ്പെട്ട പാവം പുരുഷന്‍മാരെ സംരക്ഷിക്കാനും വേണ്ടേ ആരെങ്കിലും?