2008ല്‍ ആറുപേരുടെ മരണത്തിനു കാരണമായ മാലേഗാവ് സ്‌ഫോടനത്തില്‍ കുറ്റാരോപിതയായ പ്രഗ്യാ താക്കൂര്‍, ഈ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഒരു മുസ്ലിം എന്നനിലയില്‍ ഞാനീ സംഭവവികാസങ്ങളെ ഭയപ്പെടുന്നുണ്ടോ? ഇല്ല.
മനേകാ ഗാന്ധിക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ മുസ്ലിമുകള്‍ക്ക് അവര്‍ തൊഴില്‍ നല്‍കില്ലായെന്ന് പറഞ്ഞതില്‍ എനിക്കാശങ്കയുണ്ടോ? തീര്‍ത്തുമില്ല. ഞാന്‍ ശരിക്കും അവരുടെ ഭീഷണിയില്‍ സന്തോഷിക്കുകയാണ്. ‘യോഗി ആദിത്യനാഥ് ‘അലിയെ’ ‘ബജ്രങ് ബലിയുമായി’ താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ അവഹേളിക്കപ്പെടുന്നുണ്ടോ? വിരസത മാത്രം. ഇതിലും നല്ല പ്രാസം അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
മോദിയെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടുകള്‍ എടുക്കുന്ന ടീവി അവതാരകരോട് എനിക്ക് ദേഷ്യമുണ്ടോ? ഇല്ല, പക്ഷേ മാധ്യമപ്രവര്‍ത്തനം ആവശ്യപ്പെടുന്ന സ്ഥൈര്യം അവര്‍ക്ക് പ്രയോഗിക്കാന്‍ സാധിക്കാത്തതില്‍ എനിക്കവരോട് സഹതാപമുണ്ട്.
ഞാന്‍ എന്ന ഇന്ത്യന്‍ മുസ്ലിം, കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി എനിക്കെതിരെ പ്രയോഗിക്കപ്പെടുന്ന വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍ ഭയം, ദേഷ്യം പരിത്യാഗം എന്നിങ്ങനെയുള്ള വികാരങ്ങള്‍ തോന്നുന്നതില്‍ നിന്നുമെല്ലാം ഒരുപാട് ദൂരം സഞ്ചരിച്ചു കഴിഞ്ഞു.
2014 മെയ് മാസം തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍, മോദി നയിക്കുന്ന സര്‍ക്കാര്‍, മുസ്ലീങ്ങളെ ഒറ്റപ്പെടുത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിട്ടില്ല. ഈ സമൂഹത്തിന് അവര്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ പാരിതോഷികമായി നല്‍കി, അവരുടെ നേതാക്കള്‍ സ്ഥിരമായി മുസ്ലിം വിരുദ്ധ പ്രഭാഷണങ്ങള്‍ നടത്തി, സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള അവരുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനായി അവര്‍ മാധ്യമങ്ങളെ ഏര്‍പ്പാടാക്കി, വാട്ട്‌സ്ആപ്പ് അപവാദപ്രചാരണ ഫാക്ടറികളായി മാറി. ‘ഹിന്ദുക്കള്‍ അപകടത്തിലാണ്’ എന്ന സാങ്കല്പിക ഭയത്തെ അവര്‍ ഇങ്ങനെയൊക്കെ ചൂഷണം ചെയ്തു
സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചുവെന്ന് പറയാം, മുസ്ലിമുകള്‍ ഭയത്തോടെ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളു. ട്രെയിനുകളില്‍ യാത്ര ചെയ്യുമ്പോള്‍ അവരിപ്പോള്‍ മാംസം കൂടെക്കരുതുന്നില്ല, പശുക്കളുടെ അടുത്തുകൂടെ നടക്കാതിരിക്കാനും, വാഹനമോടിക്കാതിരിക്കാനും, അവര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു, മുസ്ലിം ആണെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത പേരുകള്‍ അവരുടെ മക്കള്‍ക്ക് നല്‍കുന്നു.
പക്ഷേ, ഭയമുള്‍പ്പെടെ എല്ലാ വികാരങ്ങള്‍ക്കും ഒരതിരുണ്ട്, അതിനപ്പുറം അതിന്റെ തീവ്രത കുറയും, ഒടുവില്‍ അതില്ലാതാകുന്ന അവസ്ഥയിലേക്ക് എത്തും. ഓരോ വിപത്തും അതിനോടൊപ്പം ഒരു അവസരം കൂടെ കൊണ്ടുവരുന്നു. മുഹ്സിന്‍ ഷെയ്ഖ്, അഖ്‌ലാഖ്, ജുനൈദ്, പെഹ്ലു ഖാന്‍ എന്നിവരെ കൊന്നുകഴിഞ്ഞ 2017 വര്‍ഷത്തോടെ, മുസ്ലിമുകള്‍ അവരുടെ ഭയത്തെ ഒരു പ്രത്യേക ലക്ഷ്യത്തിലേക്ക് നയിക്കാന്‍ തുടങ്ങി. അവരുടെ ഒറ്റപെടുത്തലിനെ അവരുടെ സമൂഹത്തിനെ ഉള്ളില്‍ നിന്ന് തന്നെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്ക്. ‘ഞങ്ങള്‍ എന്തിനെ പേടിക്കുന്നു’ എന്ന വിലാപങ്ങള്‍ക്ക് പകരം ‘ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്’ എന്ന് മുസ്ലിമുകള്‍ സംസാരിക്കാന്‍ തുടങ്ങി. ഇവ വെറും സ്വീകരണ മുറി സംഭാഷണങ്ങള്‍ അല്ല. മുസ്ലീങ്ങള്‍ ഇന്ന് സജീവമായി രംഗത്തുണ്ട്. ചേരികളിലും, ഗ്രാമങ്ങളിലും, തങ്ങളേക്കാള്‍ അപകടങ്ങള്‍ നേരിടാന്‍ സാധ്യതയുള്ള സഹമതസ്ഥരെ അവര്‍ ശാക്തീകരിക്കുന്നു.
ഉദാഹരണത്തിന്, എന്റെ ജന്മനാടായ ലക്നൗവിലെ ഒരു കൂട്ടം മുസ്ലിമുകള്‍, തൊട്ടടുത്തുള്ള സിതാപുര്‍ ജില്ലയിലെ ഒരു ഗ്രാമത്തെ ഏറ്റെടുത്തിട്ടുണ്ട്. അവിടെ അവര്‍, തങ്ങളുടെ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നു, പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിദ്യാഭ്യാസ ക്ലാസുകള്‍ അവര്‍ ആരംഭിച്ചു, ഗ്രാമത്തിലെ മദ്രസയിലേക്ക് ഹിന്ദിയും ഇംഗ്ലീഷും പഠിപ്പിക്കാന്‍ അധ്യാപകരെ വിളിപ്പിച്ചു, ശുദ്ധമായ കുടിവെള്ളം ലഭിക്കാനുള്ള സംവിധാനങ്ങള്‍ നടപ്പിലാക്കി, കൂടാതെ സ്ത്രീകള്‍ക്കായി സ്വയം സഹായ സംഘങ്ങളുണ്ടാക്കി.
മാനേജ്മെന്റില്‍ പിഎച്ഡി നേടിയ, കിഴക്കേ യു.പിയിലെ ബല്‍റാംപൂരിലെ ഒരു മുസ്ലിം പെണ്‍കുട്ടി തന്റെ ജന്മനാട്ടില്‍ ഒരു സ്‌കൂള്‍ ആരംഭിച്ചു. അവരുടെ ടീമംഗങ്ങള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ഓരോ മുസ്ലിം വീടുകളിലും പോയി അവരുടെ കുട്ടികളെ സ്‌കൂളിലേക്ക് വിടാന്‍ രക്ഷാകര്‍ത്താക്കളോട് സംസാരിക്കുന്നു.
ലക്നൗവിലെ ഒരു കൂട്ടം സ്ത്രീകള്‍ നടത്തുന്ന ഭക്ഷണശാലയില്‍ ആവശ്യക്കാരായ സഹമതസ്ഥരായ സ്ത്രീകളെ നിയമിക്കുന്നു. ഇതുവഴി അവര്‍ക്ക് അവരുടെ കുട്ടികളുടെ ഉന്നമനത്തിനായി ചിലവാക്കാന്‍ സാധിക്കുന്നു.
ഈ സംരംഭങ്ങളെല്ലാം, സര്‍ക്കാരിന്റെയോ രാഷ്ട്രീയ ഇടപെടലുകളോ ഇല്ലാതെ, സ്വയം ധനസഹായത്തിലൂടെയാണ് നടക്കുന്നത്. മുസ്ലിം സമൂഹത്തിന്റെ ദീര്‍ഘകാല സാമൂഹിക സാമ്പത്തിക ശാക്തീകരണമാണ് ഇവരുടെ പൊതുവായ ഉദ്ദേശ്യം. ഞാന്‍ എന്റെ ജന്മനാട്ടിലെ ഉദാഹരണങ്ങളാണ് പറയുന്നത്, മറ്റ് സ്ഥലങ്ങളിലും ഇതുപോലെയുള്ള സംരംഭങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ അതിശയിക്കുന്നില്ല.
സാമ്പത്തികമായി പിന്നോക്കമായ അവസ്ഥ മുസ്ലിമുകളെ രാഷ്ട്രീയ അക്രമങ്ങള്‍ക്കും, അവരുടെ ജനപ്രിയത നഷ്ടമാക്കാനും കാരണമായിട്ടുണ്ട്. സാമ്പത്തിക അവസ്ഥ നന്നാക്കുക എന്നതാണ് വരും തലമുറയെയെങ്കിലും മാധ്യമങ്ങളുടേയും സര്‍ക്കാരിന്റെയും, രാഷ്ട്രീയപാര്‍ട്ടികളുടെയും ഭീകര ചിത്രീകരണത്തില്‍ നിന്നും രക്ഷിക്കാനുള്ള ആദ്യ വഴിയെന്ന് മുസ്ലീങ്ങള്‍ കരുതുന്നു.
പണ്ട് മുസ്ലീങ്ങള്‍ ഇത്തരം ദീര്‍ഘകാല സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടില്ല എന്നല്ല. ലക്നൗവില്‍, കുറഞ്ഞത് മൂന്ന് സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍- ഒരു യൂണിവേഴ്‌സിറ്റി, ഒരു മെഡിക്കല്‍ കോളേജ്, ഒരു ലോ കോളേജ് എന്നിവ ദശാബ്ദങ്ങള്‍ക്കുമുമ്പ് മുസ്ലിമുകള്‍ സ്ഥാപിച്ചതാണ്. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു അടിയന്തിരബോധമുണ്ടായി. എനിക്കറിയാവുന്ന ഓരോ മുസ്ലിമും അവരുടെ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഇത് മുന്‍പ് ദീര്‍ഘവീക്ഷണം പുലര്‍ത്തിയിരുന്ന ചിലരില്‍ മാത്രം കണ്ടിട്ടുള്ള ഒരു സ്വഭാവമാണ്. സാധാരണ മുസ്ലിമുകള്‍ അവരേക്കൊണ്ട് കഴിയുന്നത് ചെയ്യുകയാണ്. അവരുടെ മേഖലയില്‍ നടക്കുന്ന അടിസ്ഥാന നിലവാരമുയര്‍ത്തുന്ന പദ്ധതികള്‍ക്കായി, ചിലര്‍ പണമായും, ചിലര്‍ അവരുടെ സമയവും ആശയവുമായും സംഭാവന നല്‍കുന്നു. ഈ മനോഭാവം മുന്‍പ് സാധാരണ മുസ്ലിമുകള്‍ക്ക് ഉണ്ടായിരുന്ന മനോഭാവത്തിന് തീര്‍ത്തും എതിരാണ്. മുന്‍പ് ഒരു സമൂഹമായി നില്‍ക്കുക എന്നാല്‍ ബിജെപിയ്ക്ക് എതിരായി വോട്ട് ചെയ്യുക എന്നതായിരുന്നു. ഇന്ന് മുസ്ലിമുകള്‍ കഷ്ടകാലത്തില്‍ അവസരങ്ങള്‍ കാണുന്നു, ബലഹീനതയില്‍ ശക്തി കാണുന്നു, ഭയത്തില്‍ പ്രതീക്ഷ കാണുന്നു.
ഈ സമയത്തിലെ രാഷ്ട്രീയത്തിന്റെ അതിശയിപ്പിക്കുന്നതും എന്നാല്‍ സ്വാഭാവികവുമായ ഫലമാണ് ഈ സകാരാത്മക മനോഭാവം. അങ്ങിങ്ങായുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങളുടെയും, വിദ്വേഷ പ്രസംഗങ്ങളുടെയും പരമ്പരകള്‍ വഴി മോദി സര്‍ക്കാര്‍ അവരുടെ വര്‍ഗീയ അജണ്ട നടപ്പാക്കിയപ്പോള്‍, അതിനോടൊപ്പം ഇത്തരം പ്രവര്‍ത്തികള്‍ക്ക് എതിരായ എതിര്‍പ്പുകളെ ഇല്ലാതാക്കാനുള്ള തന്ത്രപരമായ യുക്തിയും നടപ്പിലാക്കി. ഓരോ കൊലപാതകത്തിനും, വിദ്വേഷ പ്രസംഗത്തിനും ശേഷമുള്ള സമൂഹിക പ്രതിഷേധം കുറഞ്ഞു വന്നു. പ്രതാപ് ഭാനു മെഹ്ത അദ്ദേഹത്തിന്റെ ലേഖനത്തില്‍ എഴുതിയപോലെ ‘ നിശബ്ദത ഗുണം പിടിക്കാതെ പോട്ടെ’ (ഇന്ത്യന്‍ എക്സ്പ്രസ്സ്, ജൂണ്‍ 27, 2017). ‘വലിയ കലാപങ്ങള്‍ മനസ്സിന്റെ ശ്രദ്ധ കേന്ദ്രീകരിക്കുകയും, തലകുനിപ്പിക്കുന്ന ഒരു തലക്കെട്ട് ഉണ്ടാക്കുകയും ചെയ്യും. വ്യത്യസ്തമായ സംസ്ഥാനങ്ങളില്‍ ഇരകളെ സൃഷ്ടിക്കുന്ന, വളരെ പതുക്കെ മുന്നേറുന്ന നീണ്ടുനില്‍ക്കുന്ന കലാപങ്ങള്‍, ഇതിനെയൊരു ദൈനംദിന കാര്യക്രമമാക്കി മാറ്റും. ഇത് ഈ പ്രവര്‍ത്തിയെ എതിര്‍ക്കുന്നത് ബുദ്ധിമുട്ടാക്കി മാറ്റും. ഈ അന്യായത്തിലൊരു നിയന്ത്രണം കൊണ്ടുവരുകയെന്നത് അസാധാരണമാംവിധം അസാധ്യമാക്കിത്തീര്‍ക്കുന്നു.”
ഉപരോധിക്കപ്പെട്ട സമൂഹത്തിനെ സംബന്ധിച്ച്, ഈയവസരത്തില്‍ ഭയം കുറയ്ക്കുന്നത്തിലുള്ള യുക്തി പ്രവര്‍ത്തിക്കുന്നു. ഭയത്തിനെ ഒരു പരിധിയില്‍ കൂടുതല്‍ മുറുകെ പിടിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞതും അസാധ്യവുമായ കാര്യമാണ്. പല മുസ്ലിമുകളിലും ഭയത്തെ അനുഭവിക്കാനുള്ള ശേഷി ശൂന്യമായിരിക്കുന്നു. മൊത്തം അവസ്ഥയെ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ആധാരത്തില്‍, പ്രതീക്ഷ ഭയത്തെ മറികടന്നിരിക്കുന്നു.
മുസ്ലിമുകളെ ഒറ്റപ്പെടുത്തുകയെന്നത്, മുസ്ലിമുകളെ ഭീകരരാക്കി ചിത്രീകരിക്കുന്നതിനെ ആശ്രയിച്ച് വളര്‍ത്താന്‍ സാധിക്കുന്ന, ഹിന്ദു അഭിമാനത്തിന്റെ തെറ്റായ ധാരണ ഉണ്ടാക്കിയെടുക്കുക എന്ന സര്‍ക്കാര്‍ പദ്ധതിയുടെ ഒരു അനുബന്ധം മാത്രമാണ്. ഈ ഭയത്തെ അതിജീവിച്ച് വളര്‍ന്നൊരു സാധാരണ മുസ്ലിം സ്ത്രീ എന്ന നിലയില്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി അവരുടെ മനസ്സാക്ഷിയിലേക്ക് നല്‍കിക്കൊണ്ടിരുന്ന മുസ്ലിം വിരുദ്ധ വിദ്വേഷം സാധാരണ ഹിന്ദുക്കള്‍ക്കും മറികടക്കാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഭയത്തെപ്പോലെതന്നെ, വിദ്വേഷത്തിനെയും ഒരുപാട് കാലം മുറുകെപ്പിടിക്കാന്‍ സാധിക്കില്ല. രണ്ടിനും കാലാവധി അവസാനിക്കുന്നൊരു സമയമുണ്ട്. എന്റെ ഭയത്തിന്റെ കാലാവധി കഴിഞ്ഞു, നിങ്ങളുടെ വിദ്വേഷത്തിന്റെയോ?