Latest News

സംശയം വേണ്ട, നാം പുറകോട്ട് തന്നെ

സ്വന്തം അവകാശത്തിനു വേണ്ടി ഇന്ന് സ്ത്രീകൾ കാര്യമായി വാദിക്കുന്നില്ലെന്നു മാത്രമല്ല, അതിനെതിരെ വാദിക്കുന്നവർ മാമൂൽപ്രേമികളായ മുത്തശ്ശിമാർക്കിടയിലല്ല, ചെറുപ്പക്കാരികൾക്കിടയിൽത്തന്നെ പെരുകുന്നു എന്നതും പുറകോട്ടുള്ള പോക്കിനെ സൂചിപ്പിക്കുന്നു

j devika, election 2019

തെരെഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിൽ പ്രമുഖ രാഷ്ട്രീയകക്ഷികളുടെ സ്ഥാനാർത്ഥിപ്പട്ടികകളിലെ സ്ത്രീപ്രാധിനിദ്ധ്യം വീണ്ടും ചർച്ചാ വിഷയമാകുന്നു. എങ്കിലും അത് കാര്യമായ ഒന്നായി സ്ത്രീപക്ഷവാദികളും സ്ത്രീതുല്യതയുടെ വക്താക്കളും കരുതുന്നുണ്ടോ എന്നു സംശയമാണ്. തെരെഞ്ഞെടുപ്പിൽ മോദിയെ തോൽപ്പിക്കുകയാണ് പ്രധാനം, അതിന് സ്ത്രീ സ്ഥാനാർത്ഥികൾ പോരോ എന്ന് ചിലരൊക്കെ പറയുന്നുമുണ്ട്. ആ വാദം ഇന്ന് സാധുവായി തോന്നുന്നുണ്ടെങ്കിൽ രാഷ്ട്രീയകക്ഷികൾക്ക് തങ്ങൾ പിൻതാങ്ങുന്ന സ്ഥാനാർത്ഥിയെ മത്സരത്തിൽ ശക്തവും ഫലപ്രദവുമായ പ്രചരണത്തിലൂടെ ജയിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടതായി നാം കരുതുന്നു എന്നർത്ഥം. വലിയൊരളവുവരെ ജാതി-മത-വർഗതാത്പര്യങ്ങളുടെ ശക്തിയെ പരിഗണിക്കാതെ സ്ഥാനാർത്ഥി നിർണയം തന്നെ അസാദ്ധ്യമായിട്ട് കാലം വളരെയായി. എങ്കിലും ജയസാദ്ധ്യതയുള്ള ശക്തരായ സ്ത്രീസ്ഥാനാർത്ഥികളെ കിട്ടാനില്ലെന്നു പറഞ്ഞാൽ അതു വിശ്വസിക്കാൻ വളരെ പ്രയാസമുണ്ട്.

കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ നന്നായി കഴിവു തെളിയിച്ചവരും മികച്ച സംഘാടകരെന്ന് സ്വയം തെളിയിച്ചവരും ഇന്ന് ഇടതുപക്ഷത്തെങ്കിലും ധാരാളമുണ്ട്. പക്ഷേ ഈ വിഭാഗം സ്ത്രീകളിൽ നിന്നു പോലും ഇടതുപക്ഷത്തിൻറെ സ്ഥാനാർത്ഥിപ്പട്ടികയിൽ കാണുന്ന മാപ്പാക്കാനാവാത്ത അനീതിയ്ക്കെതിരെ കാര്യമായ പ്രതിഷേധം ഉണ്ടാകുന്നില്ലെന്നത് ശ്രദ്ധേയമാണ്.

കാലത്തിൽ നാം പിറകോട്ടു പോകുന്നു എന്നതിന് തെളിവുകൾ കൂടിക്കൂടി വരികയാണ്, സംശയം വേണ്ട. സ്ത്രീകളെ രാഷ്ട്രീയവത്ക്കരിക്കപ്പെട്ട ജനവിഭാഗമായി അംഗീകരിക്കാൻ മനസ്സില്ലെന്ന നിശബ്ദമായ പ്രഖ്യാപനമാണ് കേരളത്തിലെ പുരോഗമനരാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ആണധികാരികൾ വനിതാ മതിൽ പരിപാടിയിലൂടെ സൂചിപ്പിച്ചത്. നല്ല കുലസ്ത്രീകളെപ്പോലെ ആ തീരുമാനം ശിരസാവഹിക്കാൻ തലമൂത്ത ഫെമിനിസ്റ്റുകൾ മുതൽ ഇടതുകാലാൾപ്പടയിൽ അംഗങ്ങളായ സ്ത്രീപ്രവർത്തകർ വരെയുള്ള സർവ്വരും തയ്യാറായി. അപ്പോൾ ഇന്ന് ജനസംഖ്യയിൽ ഭൂരിപക്ഷമായ സ്ത്രീകൾക്ക് സ്ഥാനാർത്ഥിപ്പട്ടികയിൽ നാമമാത്രമായ സാന്നിദ്ധ്യം – കഷ്ടിച്ച് പതിമൂന്നു ശതമാനം – നൽകിയത് വലിയ പ്രതിഷേധമൊന്നും ഉണ്ടാക്കാനിടയില്ല.j devika, election 2019

കാലത്തിൽ പുറകോട്ടു നടന്നു എന്ന് വെറുതെ പറഞ്ഞതല്ല. ഇന്നത്തെ അവസ്ഥയെ 1959നോട് താരതമ്യം ചെയ്യുക. കേരളത്തിലെ ആദ്യത്തെ സർക്കാരിനെ താഴെയിറക്കാൻ ഇവിടുത്തെ വലതുശക്തികൾ സംഘടിതരായി നടത്തിയ വിമോചനസമരത്തിൽ വളരെയധികം സ്ത്രീകൾ സജീവപങ്കാളികളായിരുന്നു. തെരുവിൽ കുത്തിയിരുന്നു സമരം ചെയ്യാനും പോലീസിനെ കായികമായി നേരിടാനും പോന്ന സ്ത്രീകളുടെ എണ്ണം നാല്പതിനായിരത്തിൽ അധികമായിരുന്നു. അവരിൽ വലിയൊരു വിഭാഗം ജയിലിലുമായി. സ്ത്രീകളുടെ സജീവപങ്കാളിത്തമാണ് സമരവിജയത്തിനു പിന്നിലുള്ള പ്രധാനഘടകങ്ങളിൽ ഒന്നെന്ന് മിക്ക പുരുഷ നേതാക്കളും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് സർക്കാരിനെ താഴെ ഇറക്കിയതിൽ വലതുപക്ഷ സ്ത്രീകൾ വഹിച്ച പങ്കിനെ മാനിക്കണമെന്നും, കോൺഗ്രസിൻറെ സ്ഥാനാർത്ഥിപ്പട്ടികയിൽ അവർക്ക് പ്രത്യേകസംവരണം നൽകണമെന്നും ശ്രീമതി ഇന്ദിരാ ഗാന്ധി വിമോചനസമരവിജയത്തിനു ശേഷം നടത്തിയ ചില പ്രസംഗങ്ങളിൽ ആവശ്യപ്പെട്ടു.

എന്നാൽ ഇതുകൊണ്ടൊന്നും കാര്യമായ പരിഗണന സ്ത്രീകൾക്കു കിട്ടിയില്ലെന്നു മാത്രമല്ല, സ്ത്രീകളുടെ സമരാവേശത്തെ സദാ അഭിനന്ദിച്ചു കൊണ്ടിരുന്ന ദീപിക പത്രം സ്ത്രീകൾക്ക് പറ്റിയത് സാമൂഹ്യ സേവനമാണെന്നും അതുകൊണ്ട് രാഷ്ട്രീയ വ്യാമോഹങ്ങളിൽ നിന്നും അവർ പിൻവാങ്ങണമെന്നും മുഖപ്രസംഗം എഴുതി. 1960ലെ സംസ്ഥാനനിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ മത്സരിപ്പിച്ച എൻപതു സ്ഥാനാർത്ഥികളിൽ വെറും ഏഴു പേർ മാത്രമേ സ്ത്രീകളായുണ്ടായിരുന്നുള്ളൂ. ഏകദേശം ഒൻപതു ശതമാനം പ്രാതിനിദ്ധ്യം സ്ത്രീകൾക്കു കൊടുത്തെന്നു വരുത്തി കോൺഗ്രസ് നേതൃത്വം ഇന്ദിരാ ഗാന്ധിക്കു മുന്നിൽ നിന്ന് തടിതപ്പിക്കാണും. ആകെ അറുപത്തിമൂന്നു കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു, അഞ്ചു സ്ത്രീകളടക്കം. സിപിഐയുടെ കണക്ക് ഇതിലും ദയനീയമായിരുന്നു.j devika, election 2019

ഇത്രയും വായിച്ചാൽ കാലം മുന്നോട്ടോ പിന്നോട്ടോ പോയിട്ടില്ല, അത് സ്ത്രീവിരുദ്ധയുഗത്തിൽ അനങ്ങാതെ നിൽക്കുകയല്ലേ എന്നു നമുക്കു തോന്നിയേക്കാം. രാഷ്ട്രീയസമകാലാവസ്ഥയെ അട്ടിമറിക്കുംവിധം ശക്തമായി സമരം ചെയ്യേണ്ടി വരുന്ന വേളകളിൽ സമൂഹത്തെ രക്ഷിക്കാൻ സ്ത്രീകൾക്കുള്ള ദൌത്യത്തെപ്പറ്റി പ്രസംഗിക്കുക, ആവേശം ജനിപ്പിച്ച് വളരെ ശക്തമായ പൊതുപ്രകടനങ്ങൾക്കായി ഉപയോഗിക്കുക, കാര്യം നടന്നശേഷം അവരോട് വീട്ടിൽപ്പോയി ഒന്നുകിൽ ക്ഷമയോടെ കാത്തിരിക്കാനോ, അല്ലെങ്കിൽ ഗൃഹണീധർമ്മത്തിൻറെ മഹത്വം ചരിക്കാനോ പറയുക – ഈ ഗാന്ധിയൻ ശൈലി ഇരുപതാം നൂറ്റാണ്ടിൽ സംജാതമായ ആധുനിക മലയാളിസ്ത്രീവിരുദ്ധതയുടെ മുഖ്യപ്രത്യേകതകളിൽ ഒന്നത്രെ.

ശബരിമലയെച്ചൊല്ലി നടന്ന സവർണലഹളയിൽ ഈ ശൈലിയുടെ രണ്ടു വകഭേദങ്ങൾ ഇടതുപക്ഷത്തും വലതുപക്ഷത്തും വിന്യസിക്കപ്പെട്ടു. എന്നാൽ 1959ലെ വ്യത്യാസം, വലതുസ്ത്രീകൾ തങ്ങൾക്ക് അർഹതപ്പെട്ടത് ചോദിക്കാനെങ്കിലും ശ്രമിച്ചു എന്നതാണ്. വിമോചനസമരത്തിനു ശേഷം ആ സമരത്തിൽ സജീവപങ്കാളികളായിരുന്ന സ്ത്രീകൾ ചേർന്ന് അഖില കേരള വനിതാസംഘം എന്നൊരു സംഘടന കൊച്ചി കേന്ദ്രമാക്കി ഉണ്ടാക്കി. കോഴിക്കോടിൽ അതിനു ശാഖയും ഉണ്ടായി. ഡോ ഒ കെ മാധവിയമ്മയുടെ അദ്ധ്യക്ഷത്തിൽ കൊച്ചിയിൽ 1959 ആഗസ്റ്റിൽ ചേർന്ന വനിതാസംഘത്തിൻറെ യോഗം വരുന്ന തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കു ലഭിക്കേണ്ട സ്ഥാനത്തെപ്പറ്റി ചിന്തിക്കാൻ ഉറച്ചു. അടുത്ത മാസം കോഴിക്കോടു ചേർന്ന യോഗത്തിൽ പങ്കെടുത്തവർ രാഷ്ട്രീയരംഗത്ത് ഉറച്ചു തന്നെ നിൽക്കാനുള്ള തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുകയും തിരഞ്ഞെടുപ്പിൽ കൈക്കൊള്ളേണ്ട നയത്തെപ്പറ്റി സംവാദത്തിലേർപ്പെടുകയും ചെയ്തു.

ഇങ്ങനെയൊരു സജീവപരിശ്രമം ഇന്ന് 1990കളിലെ സ്ത്രീശാക്തീകരണവ്യവഹാരത്തിൻറെ കുത്തക അവകാശപ്പെടുന്ന ഇടതുവനിതകളിൽ നിന്നുപോലും ഉണ്ടാകുന്നില്ലെന്നത് കാണിക്കുന്നത് മറ്റൊന്നുമല്ല, തങ്ങൾ ഒരു രാഷ്ട്രീയവിഭാഗമാണെന്നു ഈ സ്ത്രീകളോ അവരുടെ പ്രതിനിധികളോ – ഇടതായാലും വലതായാലും, വരേണ്യരായാലും അടിസ്ഥാന വർഗമായാലും – കരുതുന്നില്ല എന്നാണ്. സ്ത്രീകളെ അങ്ങനെ അധികാരികൾ കണക്കാക്കുന്നുമില്ല എന്നത് മറ്റൊരു കാര്യം. രാഷ്ട്രീയപങ്കാളിത്തം ഇല്ലെങ്കിലും പ്രത്യേക സ്ത്രീവിഭാഗങ്ങൾക്ക് ഗുണമുണ്ടാകുന്ന ചിലതൊക്കെ ചെയ്യുന്നു എന്നു വേണമെങ്കിൽ പറയാം. ഉദാഹരണത്തിന് വനിതകളായ സിനിമാ സംവിധായകർക്കായി ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട മൂന്നു കോടി. ഡബ്ള്യൂസിസിയ്ക്കു ഗുണകരമായ തീരുമാനമാണിത്. ഇതിൻറെ പ്രാധാന്യം അംഗീകരിക്കാമെങ്കിലും സ്ത്രീകൾക്കു ലഭിക്കേണ്ട രാഷ്ട്രീയാധികാരത്തിനു പകരമാകുന്നില്ല. ഉണ്ടാൽ മതി, അടുക്കളയുടെ നിയന്ത്രണം ആവശ്യപ്പെടേണ്ട എന്നു പറയുന്നതു പോലെ ആണത്.

സ്വന്തം അവകാശത്തിനു വേണ്ടി ഇന്ന് സ്ത്രീകൾ കാര്യമായി വാദിക്കുന്നില്ലെന്നു മാത്രമല്ല, അതിനെതിരെ വാദിക്കുന്നവർ മാമൂൽപ്രേമികളായ മുത്തശ്ശിമാർക്കിടയിലല്ല, ചെറുപ്പക്കാരികൾക്കിടയിൽത്തന്നെ പെരുകുന്നു എന്നതും പുറകോട്ടുള്ള പോക്കിനെ സൂചിപ്പിക്കുന്നു. സ്ത്രീകൾ അധികാരത്തിൽ വന്നാൽ പ്രശ്നങ്ങളെല്ലാം തീരില്ല എന്നും ഇന്നത്തെ സാഹചര്യത്തിൽ സ്ഥാനാർത്ഥികളാകാൻ ആഗ്രഹിക്കുന്ന സ്ത്രീകളെല്ലാം അധികാരമോഹികളും ദുർന്നടത്തക്കാരികളുമാകാനാണിട എന്നും ചിലർ, പ്രത്യേകിച്ച് വലതു-ഹിന്ദുത്വവാദികളായ ചെറുപ്പക്കാരികൾ പറയുന്നതു കേൾക്കാൻ ഇടയായി. രാഷ്ട്രീയപ്രവേശം കാംക്ഷിക്കുന്ന ആണുങ്ങൾക്കുള്ള അധികാരമോഹവും ദുർന്നടത്തയും ഈ സ്ത്രീകൾക്കും ഉണ്ടാകും, അതേ, പക്ഷേ അതുകൊണ്ട് അവരുടെ അവകാശമായ അധികാരപ്രവേശം അവർക്ക് നിഷേധിക്കാനാവില്ല. സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ കടക്കാൻ തുല്യാവകാശം ലഭിച്ചത് അവർ മാലാഖമാരായതു കൊണ്ടല്ല, അവർക്ക് ഭരണഘടനാപ്രകാരം തുല്യാപൌരത്വമുള്ളതു കൊണ്ടാണ്. ഇക്കാര്യം, പക്ഷേ 1959ലെ വലതുപക്ഷക്കാരികൾക്കു പോലും ബോദ്ധ്യപ്പെട്ടിരുന്നു.

ആ പുറകോട്ടു പോക്ക് ഹിന്ദുത്വ-ബ്രാഹ്മണവാദത്തിൻറെ വളർച്ച കൊണ്ടു മാത്രം ഉണ്ടായതല്ല എന്നംഗീകരിക്കണം. പ്രത്യേക ചെറുസംഘങ്ങളായി സ്ത്രീകൾ സർക്കാരിനോടും രാഷ്ട്രീയകക്ഷികളോടും ഒറ്റയ്ക്കൊറ്റയ്ക്ക് ചർച നടത്തി നേടുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന, എന്നാൽ സ്ത്രീകളാകെ നഷ്ടത്തിലാക്കുന്ന, നവലിബറൽയുക്തി ശക്തിപ്പെടുന്നതിൻറെ കൂടെ പരിണിതഫലമാണിത്. ദീർഘകാലത്തിൽ എല്ലാവർക്കും നഷ്ടമാണ് ഇതുണ്ടാക്കുക എന്നു തിരിച്ചറിയാൻ നാം, പക്ഷേ, തയ്യാറുമല്ല.

Get the latest Malayalam news and Opinion news here. You can also read all the Opinion news by following us on Twitter, Facebook and Telegram.

Web Title: Lok sabha elections 2019 women in parliament declining numbers

Next Story
വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തിയവർക്കെതിരെ കാവ്യ മാധവൻ പരാതി നൽകിkavya madhavan, kavya dileep
The moderation of comments is automated and not cleared manually by malayalam.indianexpress.com