മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേഠിയിൽ നിന്ന് രാജീവ് ഗാന്ധിക്കെതിരെ മത്സരിച്ച ജനതാദള്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍, രാജീവ് ഗാന്ധിക്കെതിരെ നരേന്ദ്ര മോദി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തെക്കുറിച്ച് ‘കമെൻറ്റ്’ ചെയ്യാന്‍ അനുവദിക്കുക.
ഉത്തര്‍പ്രദേശിലെ, അമേഠിയുമായി ചേര്‍ന്ന് കിടക്കുന്ന, പ്രതാപ്ഗഡ് നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിയ്ക്കിടെ അവിടെ നിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധിയെ നേരിട്ട് അഭിസംബോധന ചെയ്ത്, മേയ് മാസം നാലാം തീയതി, നരേന്ദ്ര മോദി പറഞ്ഞതിങ്ങനെ, “മുഖസ്തുതിക്കാരായ കൂട്ടാളികള്‍ നിങ്ങളുടെ അച്ഛനെ ‘മിസ്റ്റര്‍ ക്ലീന്‍’ എന്ന് വിശേഷിപ്പിച്ചിരിക്കാം, എന്നാല്‍ അയാളുടെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ്.”
രാഹുല്‍ ഗാന്ധിയുടെ അച്ഛനും 1984 മുതല്‍ 1989 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് 1991ല്‍ ഒരു തീവ്രവാദ ബോംബ് സ്ഫോടനത്തില്‍ പൊട്ടിച്ചിതറിയാണ് എന്ന് എല്ലാവര്ക്കും അറിയാം.
പ്രധാനമന്ത്രി പദത്തിലിരുന്ന മൂന്ന് വര്‍ഷത്തിലേറെക്കാലം, രാജീവ് ഗാന്ധിയെ ”മിസ്റ്റര്‍ ക്ലീന്‍’ എന്ന് തന്നെയാണ്, അദ്ദേഹത്തെ വിളിച്ചിരുന്നത്. അടുപ്പക്കാരല്ല, മാധ്യമങ്ങളാണ് – അതും ഇന്നത്തെക്കാളേറെ സ്വതന്ത്രമായിരുന്നവ, വിളിച്ചിരുന്നത്. സ്വീഡനിലെ ബൊഫേഴ്സ് കമ്പനിയുമായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലായം നടത്തിയ തോക്കിടപാടില്‍ നടന്ന അഴിമതിയുമായി രാജീവ് ഗാന്ധിയുടെ പേര് ബന്ധിപ്പിക്കാന്‍ നിഷ്ഫലമായ ചില ശ്രമങ്ങള്‍ നടന്നു എന്നതും സത്യമാണ്.
ബൊഫേഴ്സ് ആരോപണങ്ങളിൽ അസ്വസ്ഥമാക്കപ്പെട്ട പല ഇന്ത്യക്കാരില്‍ ഒരാളായിരുന്നു ഞാനും. എന്നാല്‍, 1989ല്‍ ഞാന്‍ രാജീവ് ഗാന്ധിക്കെതിരെ അമേഠിയില്‍ നിന്നും മത്സരിച്ചപ്പോള്‍, എന്റെ പ്രചാരണത്തില്‍ ബൊഫേഴ്സിന് വലിയ സ്ഥാനം ഉണ്ടായിരുന്നില്ല. മാധ്യമ സ്വാതന്ത്ര്യവും ജനാധിപത്യ സംവിധാനത്തിന്റെ ശക്തിപ്പെടുത്തലുമായിരുന്നു പ്രധാനമായും ഞാന്‍ ഉന്നയിച്ചത്. എനിക്ക് വേണ്ടി സംസാരിക്കാന്‍ പിന്നീട് 1989ന്റെ അവസാനത്തോടെ ഇന്ത്യയുടെ പ്രധാനമന്ത്രിയായ വി.പി.സിങ്, മുലായം സിങ് യാദവ് എന്നിവര്‍ അമേഠിയില്‍ വന്നിരുന്നു. ആരും തന്നെ ബൊഫേഴ്സ് പരാമര്‍ശിച്ചില്ല.
അമേഠിയില്‍ രാജീവ് ഗാന്ധിയോട് പരാജയപ്പെട്ട എനിക്ക് ഉത്തര്‍പ്രദേശില്‍ നിന്നും രാജ്യസഭാ നാമനിർദേശം ലഭിച്ചു. അക്കാലത്ത് പാര്‍ലമെന്റില്‍ വച്ച് പ്രതിപക്ഷ നേതാവായിരുന്ന രാജീവ് ഗാന്ധിയുമായി പല അവസരങ്ങളിലും ചെറുതെങ്കിലും ഊഷ്മളമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട് – 1991ലെ വേനല്‍ക്കാലത്ത് അദ്ദേഹം മരണപ്പെടുന്നത് വരെ.
ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ വ്യക്തിയാണ് രാജീവ് ഗാന്ധി എന്ന് 1991ല്‍ കരുതിയിരുന്ന ഒരാളെപ്പോലും ഞാന്‍ കണ്ടിട്ടില്ല. ഒരു പാര്‍ലമെന്റ് അംഗവും – ഭരണപക്ഷവും പ്രതിപക്ഷവും ഉള്‍പ്പടെ – രാജീവ് ഗാന്ധി വ്യക്തിപരമായി അഴിമതിക്കാരനായിരുന്നു എന്ന് കരുതിയിരുന്നതായി തോന്നിയില്ല. ഒരു നല്ല മനുഷ്യനെ ഇത്ര ഹീനമായി കൊലപ്പെടുത്തിയതില്‍ വേദനിക്കുകയായിരുന്നു എല്ലാവരും.
രാജീവ് ഗാന്ധി അഴിമതി അനുവദിച്ചിരുന്നു എന്ന് വിശ്വസിച്ചിരുന്നവര്‍ ഉണ്ടായിരുന്നെങ്കില്‍ കൂടിയും, 28 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകനോട് ‘ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരനായ വ്യക്തിയായാണ് നിങ്ങളുടെ അച്ഛന് ജീവിതം അവസാനിപ്പിച്ചത്’ എന്ന് പറയുമോ?
രാജീവ് ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധി, മോദിയുടെ ഈ പരാമര്‍ശത്തിനോട് ഇങ്ങനെയാണ് പ്രതികരിച്ചത്: ‘വീരമൃത്യു വരിച്ചവരുടെ പേരില്‍ വോട്ടു ചോദിക്കുന്ന പ്രധാനമന്ത്രി, ഇന്നലെ ഉത്കൃഷ്ടനായ ഒരു മനുഷ്യന്റെ രക്തസാക്ഷിത്വത്തെ അവഹേളിച്ചു. അമേഠിയിലെ ജനങ്ങള്‍ ഇതിനു തക്കതായ മറുപടി നല്‍കും.’
അവിശ്വസനീയമായ വണ്ണം നീചമായ ഈ പരാമര്‍ശം കേട്ട് എല്ലാവരും ഞെട്ടി, പലരും അവര്‍ക്ക് പറയാനുള്ളത് പറയുകയും ചെയ്തു. എന്നാല്‍ അതില്‍ ഏറ്റവും സംക്ഷിപ്തമായും നിശിതമായും മറുപടി പറഞ്ഞത്, രാഹുല്‍ ഗാന്ധിയാണ്. “യുദ്ധം കഴിഞ്ഞു, മോദിജി. നിങ്ങളുടെ കര്‍മ്മം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളെക്കുറിച്ച് നിങ്ങള്‍ക്കുള്ള ബോധ്യങ്ങള്‍ എന്റെ അച്ഛന്റെ മേൽ കെട്ടി വയ്ക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് രക്ഷ കിട്ടില്ല. നിങ്ങള്‍ക്ക് എന്റെ സ്നേഹവും ആലിംഗനവും. രാഹുല്‍”
മേയ് 23 കൊണ്ട് വരുന്ന തിരഞ്ഞെടുപ്പ് ഫലം എന്ത് തന്നെയായാലും, രാഹുല്‍ ഗാന്ധിയുടെ ഈ മറുപടി, കുറിക്കു കൊള്ളുന്ന ഒന്നായി തന്നെ ചരിത്രം രേഖപ്പെടുത്തും. പ്രതാപ്ഗഡിലെ പ്രസംഗത്തില്‍, രാഹുലിന്റെ നിരന്തരമായ റഫാല്‍ ആരോപണങ്ങളെക്കുറിച്ച് മോദി ഇങ്ങനെ പറഞ്ഞു, “അസഭ്യങ്ങള്‍ വാരി വിതറിയാല്‍ മായ്ക്കാന്‍ കഴിയുന്നതല്ല അമ്പതു വര്‍ഷത്തെ മോദിയുടെ തപസ്യ.”
അദ്ദേഹം ആദ്യം പറഞ്ഞത് ഞെട്ടലാണ് ഉണ്ടാക്കിയതെങ്കില്‍, രണ്ടാമത് പറഞ്ഞത് ചിന്തയാണ് ആവശ്യപ്പെടുന്നത്. മോദിയെ പഠിച്ചു വരുന്ന തുടക്കകാര്‍ക്കായി പറയട്ടെ, സ്വയം ‘തേര്‍ഡ് പേര്‍സണില്‍’ സംസാരിക്കുന്നയാളാണ് അദ്ദേഹം. ‘അമ്പതു വര്‍ഷത്തെ നീണ്ട തപസ്യ’യെ സ്വയം നിരീക്ഷിക്കുകയും, അംഗീകരിക്കുകയും, ആരാധിക്കുകയും ചെയ്യുന്നയാളാണ്.
ആത്മപ്രശംസ ഒരു നല്ല ഗുണമല്ല എന്നിരിക്കെ തന്നെ, അമ്പതു വര്‍ഷത്തെ കഠിനവും, ‘ഡെഡികേറ്റഡും’ ആയ പ്രയത്നങ്ങള്‍ എന്ന അവകാശവാദത്തെ ചോദ്യം ചെയ്യേണ്ട കാര്യമില്ല. എന്നാലും ആ ‘ഡെഡിക്കേഷനു’ പിന്നിലെ ലക്ഷ്യങ്ങള്‍ എന്തായിരുന്നു എന്ന് ചിന്തിച്ചു പോകും. ആ പ്രയത്നങ്ങളുടെ ഫലം അനുഭവിക്കുന്നതില്‍ നിന്നും ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരെ മാറ്റി നിര്‍ത്തുമോ എന്നും ചോദിക്കേണ്ടിയും വരും.
സങ്കടകരമെന്നു പറയട്ടെ, ‘ഡെഡിക്കേഷനൊപ്പം’ ചിലപ്പോഴെങ്കിലും ദുഷ്ട വിചാരങ്ങളുമുണ്ടാകും. അതുപോലെ തന്നെ വെട്ടിത്തുറന്നു പറയലിനൊപ്പം നന്മയും.
മോദിക്ക് കുറിക്കു കൊള്ളുന്ന മറുപടി കൊടുത്തതിനവസാനം ‘സ്നേഹം’ എന്ന് രാഹുല്‍ എഴുതിയത് സത്യസന്ധവും അവ്യാജവുമാണ്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook