scorecardresearch

സിപിഎം നേതൃത്വത്തിൻറെ കണ്ണുകാണായ്കയെപ്പറ്റി ചില കാര്യങ്ങള്‍

‘ശബരിമല വിഷയത്തില്‍ സി പി എം ആചാരവാദികളെയും ആക്ടിവിസ്റ്റുകളെയും ഒരു പോലെ അകറ്റി,’ ജെ ദേവിക എഴുതുന്നു

j devika, cpim, election2019,iemalayalam

തെരെഞ്ഞെടുപ്പിൽ ഉണ്ടായ അപ്രതീക്ഷിതവും ഗുരുതരവുമായ പരാജയം കേവലം താത്കാലികമാണെന്ന് സിപിഎം നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നു. ശബരിമല വിഷയത്തിൽ പാർട്ടി കൈക്കൊണ്ട നിലപാടുകൾ പതിവായി ലഭിച്ചിരുന്ന വോട്ടുകളിൽ ചോർചയുണ്ടാക്കിയിട്ടുണ്ടെന്നും ബിജെപിയെ കേന്ദ്രത്തിൽ നേരിടാൻ കോൺഗ്രസിനാണ് കഴിയുക എന്ന തോന്നൽ അനുഭാവികളിൽ പോലും ഉണ്ടായിയെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

ഇടതുനേതൃത്വത്തിൻറെ കാഴ്ചയിൽ ഇന്ന് കേരളത്തിലെ യാഥാസ്ഥിതിക ഹിന്ദുക്കൾ മാത്രമേ അവരിൽ സംശയാലുക്കളായ ജനങ്ങളായി തെളിയുന്നുള്ളോ എന്നു സംശയിച്ചു പോകുന്നു, ഈ വിലയിരുത്തൽ കാണുമ്പോൾ. കാരണം, തെരെഞ്ഞെടുപ്പ് ആസന്നമായ വേളയിൽ നടത്തിയ രാഷ്ട്രീയകൊലപാതകങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധം, പ്രളയാനന്തര പുനർനിർമ്മാണത്തെ അവസരമാക്കി പച്ചയായ വൻകിടമുതലാളിത്ത വികസനവീക്ഷണത്തെ ജനങ്ങളുടെ മേൽ വെച്ചു കെട്ടാൻ പിണറായി വിജയൻ പ്രഭൃതികൾ കാട്ടിയ അത്യുത്സാഹത്തോടുള്ള പ്രതിഷേധം, കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പല്ലു കൊഴിച്ച് വെറും ക്ഷേമവിഭവവിതരണകേന്ദ്രങ്ങളാക്കാനുള്ള ശ്രമത്തെപ്പറ്റിയുള്ള വേവലാതി, കുറച്ചു വർഷങ്ങളായി സിപിഎമ്മിൽ യാതൊരു മറയും കൂടാതെ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഇസ്ലാം ഭീതിയെപ്പറ്റിയുള്ള ആശങ്ക, അങ്ങേയറ്റം കളങ്കിതരായവരെ സ്ഥാനാർത്ഥികളാക്കിയതിലെ പ്രതിഷേധം, ശബരിമല പ്രശ്നത്തിലും , പാർട്ടി നേതാക്കൾ ലൈംഗികപീഡനം നടത്തിയ വിഷയത്തിലും, തെരെഞ്ഞെടുപ്പു പ്രചരണത്തനിടയിലും സിപിഎം നേതാക്കൾ നടത്തിയ നാണംകെട്ട സ്ത്രീ –ദലിത് വിരുദ്ധ പ്രസ്താവങ്ങൾക്കും എതിരെ ഉയർന്ന രോഷം – ഇങ്ങനെ പലതും പലതുമായ പ്രശ്നങ്ങൾ കേരളത്തിൽ ശക്തമായി ഉയർന്നു വന്ന പൊതു ചർച്ചകളായിരുന്നു.

ഇവ ഉയർത്തിയത് സിപിഎം നേതൃത്വം ഇന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഹിന്ദു-സവർണ-യാഥാസ്ഥിതികരല്ല, മറിച്ച് ഇടതുരാഷ്ട്രീയവും സംസ്കാരവും കേരളത്തിൽ സജീവമായി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന അനുഭാവികളാണ്. അക്കൂട്ടരെ തെരെഞ്ഞെടുപ്പു കഴിഞ്ഞ വേളയിൽപ്പോലും കാണാൻ കഴിയാതെ വരുന്നത് അതിഗുരുതരമായ രോഗത്തിന്റെ ലക്ഷണമാണ്. എങ്ങനെയൊക്കെ ചവിട്ടിയാലും അവർ തുടർന്നും ഇടതിന് കുത്തിക്കൊള്ളും എന്നാണ് സിപിഎം ലോക്കൽക്കമ്മറ്റികൾ അടക്കി ഭരിക്കുന്ന പിള്ളച്ചേട്ടന്മാരുടെ വിചാരം. അതു തന്നെയാണ് അവരുടെ സർവ്വനാശമാകാൻ പോകുന്നതും.j devika , cpim, election 2019,sabarimala

സിപിഎം നേതൃത്വത്തിൻറെ കണ്ണുകാണായ്കയെപ്പറ്റി നാലു കാര്യങ്ങളാണ് തത്കാലം പറയാനുള്ളത്. ഒന്ന്, കോൺഗ്രസാണ് കേന്ദ്രത്തിൽ കാര്യമായ സുരക്ഷാകവചമാകാൻ പോകുന്നതെന്ന കണക്കുകൂട്ടൽ മാത്രമാണോ ന്യൂനപക്ഷവോട്ടുകൾ അവർക്കു ലഭിക്കാനിടയാക്കിയത് ? അങ്ങനെ തോന്നിയത് എന്തായാലും കോൺഗ്രസിന്റെ  പ്രവർത്തനം കൊണ്ടാകാനിടയില്ല. തെരെഞ്ഞെടുപ്പു കാലത്തു പോലും മുസ്ലീങ്ങൾക്കെതിരെ അഴിച്ചുവിട്ട ഹിംസയെപ്പറ്റി കാര്യമായി ഉരിയാടാൻ കോൺഗ്രസിനു കഴിഞ്ഞിട്ടില്ല.

പക്ഷേ സംസ്ഥാനത്തിൽ അധികാരത്തിലിരിക്കുന്ന സിപിഎമ്മും മെച്ചമായിരുന്നില്ലെന്ന് വ്യക്തമായിരുന്നല്ലോ. സിപിഎമ്മിൻറെ ന്യൂനപക്ഷനിലപാടുകൾക്ക് സമീപകാലത്ത് ഹിന്ദുത്വവാദികളോടായിരുന്നു കൂടുതൽ അടുപ്പമെന്നത് നിഷേധിക്കാൻ പ്രയാസമാണ്. ഹാദിയ തടവിലാക്കപ്പെട്ട സമയം ഓർമയുള്ളവരെങ്കിലും അതു നിഷേധിക്കില്ല. ഹാദിയയുടെ പഞ്ചായത്തും അവിടുത്തെ എംഎൽഏയും എംപിയും എല്ലാം ഇടതുപക്ഷക്കാരായിട്ടും ഹിന്ദുത്വവാദികളുടെ ഇഷ്ടം കൃത്യമായി നിർവ്വഹിക്കപ്പെട്ടു. തൃപ്പൂണിത്തുറയിലെ പീഡനകേന്ദ്രത്തെപ്പറ്റിയുള്ള വാർത്ത പോലും നിസ്സാരമാക്കപ്പെട്ടു. ഫേസ്ബുക്കിൽ ലിബറൽ മുസ്ലീങ്ങളടക്കം മുസ്ലീംപേടിയെ അങ്ങേയറ്റം ന്യായീകരിക്കാനും തുനിഞ്ഞു.

കോൺഗ്രസാണ് കേന്ദ്രത്തിൽ ശക്തിയാകാൻ പോകുന്നതെന്ന കണക്കുകൂട്ടൽ പലരും നടത്തിയിരുന്നിരിക്കാം. പക്ഷേ സിപിഎമ്മിൻറെ ശബ്ദമുണ്ടായാൽ മാത്രമേ മൃദുഹിന്ദുപ്രത്യയശാസ്ത്രവക്താക്കളായ കോൺഗ്രസിനെ നിലയ്ക്കു നിർത്താനാവൂ എന്ന് അവർ എന്തു കൊണ്ടു ചിന്തിച്ചില്ല? സിപിഎം നേതൃത്വം യാതൊരുളുപ്പും കൂടാതെ കാട്ടിയ ഇസ്ലാംഭീതി അവർ ശ്രദ്ധിച്ചിട്ടില്ല എന്നു കരുതാൻ ബുദ്ധിമുട്ടുണ്ട്. മതേതരത്വമെന്നാൽ ഇസ്ലാംവിരോധം എന്നു 2017ൽ സ്ഥാപിച്ചു കഴിഞ്ഞ്, 2018ൽ ആചാരവാദികളായ ഹിന്ദുക്കളോട് പൊരുതിയാൽ ന്യൂനപക്ഷവിശ്വാസം നേടിയെടുക്കാം എന്നു കരുതിയെങ്കിൽ അതു തെറ്റായിപ്പോയി.

രണ്ടാമത്, ഹിന്ദുത്വവാദികൾ ജയിക്കുമെന്ന് തോന്നലുണ്ടായ മണ്ഡലങ്ങളിൽ, ഇടതു സ്ഥാനാർത്ഥി മോശമാണെന്നു തോന്നിയ മണ്ഡലങ്ങളിൽ, അനുഭാവികൾ കോൺഗ്രസിനു വോട്ടു ചെയ്തു എന്നത് സത്യമാണ്. മറ്റെന്തുണ്ടായാലും കേരളത്തിൽ ഹിന്ദുത്വവാദികൾ ജയിക്കരുത്, പ്രത്യേകിച്ച് ശബരിമലയ്ക്കു ചുറ്റുമുയർന്ന സവർണലഹള മതവികാരങ്ങളെ അങ്ങേയറ്റം ദുഷിപ്പിച്ച സാഹചര്യത്തിൽ, എന്ന ലക്ഷ്യം വലിയൊരു തെറ്റായിപ്പോയെന്ന് സിപിഎമ്മിൻറെ പല ഫേസ്ബുക്ക് യോദ്ധാക്കൾക്കും തോന്നുന്നുണ്ടെങ്കിൽ അതേപ്പറ്റി കഷ്ടമെന്നല്ലാതെ പ്രത്യേകിച്ചൊന്നും പറയാനില്ല.

ശരിക്കും മതാന്ധതയെ ചെറുക്കുന്നവർ ആഗ്രഹിച്ചത് ബിജെപി-ഇതര മതേതരകക്ഷികളുടെ ഐക്യപ്പെടലാണ്. അതിന് ഇരുവശവും തയ്യാറല്ലാത്ത (നേതൃത്വം മാത്രം തീരുമാനിച്ചാൽ പോരല്ലോ) നിലയ്ക്ക്, ബിജെപിയെ തോൽപ്പിക്കാൻ പറ്റിയ പിന്നീടുള്ള മാർഗം അനുഭാവികൾ സ്വീകരിച്ചെന്നു മാത്രം. ബിജെപി ഈ രാജ്യത്തിൻറെ അടിത്തറ തോണ്ടി മാറ്റി ഭയങ്കരമായ കാലുഷ്യങ്ങൾ സൃഷ്ടിച്ചേക്കാമെന്നത് കോൺഗ്രസ്-സിപിഎം നേതൃത്വങ്ങൾക്കും അണികൾക്കും ഇനിയെങ്കിലും കാര്യമായ ബോദ്ധ്യമുണ്ടാവണം. പരസ്പരസ്പർദ്ധ മാറ്റിവച്ച് രാഷ്ട്രീയത്തിലും പുറത്തുമുള്ള കൂടുതൽക്കൂടുതൽ വേദികളിൽ മതസൌഹാർദവും അഹിംസാപരമായ സാംസ്കാരിക ഇടപെടലുകളും കൂടിച്ചേരലുകളും നിങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. ഹിന്ദുത്വത്തിൻറെ സാംസ്കാരികസ്രോതസ്സുകളെ ഇനിയെങ്കിലും വളർത്താതിരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

കേരളത്തിലുടനീളം സ്ത്രീശരീരത്തിലെ ഊർജപ്രസരണങ്ങളെപ്പറ്റി കപടശാസ്ത്രം പ്രചരിപ്പിക്കുന്ന പ്രഭാഷകർ മുതൽ രാഹുൽ ഈശ്വറടക്കമുള്ള വിഷബീജങ്ങൾ വരെയുള്ളവർക്കു വളരാനുള്ള സാംസ്കാരികസാഹചര്യം ഇല്ലാതാക്കാൻ ഒരുമിച്ചു പ്രയത്നിക്കുകയാണ് വേണ്ടത്. ഹിന്ദുപുരാണങ്ങളെ മതേതരചട്ടക്കൂടുകളിൽ അവതരിപ്പിക്കുന്ന പ്രഭാഷണങ്ങളല്ല, മറ്റു മതങ്ങളുമായുള്ള സൌഹൃദപൂർണമായ ഇടപെടലുകൾ നടത്താനുള്ള ആത്മവിശ്വാസം (എല്ലാ മതക്കാരുമായ) ജനങ്ങളിൽ ഉണ്ടാക്കുകയാണ് വേണ്ടത്.j devika, cpim,election 2019, sabarimala,iemalayalam

മൂന്നാമത്, ശബരിമല വിഷയം മൂലം ഹിന്ദുവോട്ടർമാർ പലരും സിപിഎമ്മിനെ കൈയൊഴിഞ്ഞിരിക്കാം. ശബരിമല വിഷയം കൈകാര്യം ചെയ്തതിൽ വന്ന വീഴ്ച കണ്ടേ പറ്റൂ. പാർട്ടി അനുകൂലികളായ ഫെമിനിസ്റ്റുകളാണ് മുഖ്യമന്ത്രിയെ ഈ കുഴിയിൽ ചാടിച്ചതെന്ന് ചില പിള്ളേച്ചന്മാരൊക്കെ പാടി നടക്കുന്നതായി അറിയുന്നു. പാർട്ടീനേതൃത്വ ആൺഹുങ്കിൻറെ ആഴം എത്രയാണെന്ന് (അതിനുള്ളിൽ ആയതു കൊണ്ട്) അണ്ണന്മാർ അറിയുന്നില്ല – പെണ്ണുങ്ങൾ പറഞ്ഞതു കൊണ്ടു മാത്രം സിപിഎം പുരുഷകേസരികൾ അനങ്ങിയതായി സമീപകാലചരിത്രമല്ല, എന്തിന്, പൂർവ്വകാലചരിത്രം പോലും വിരളമാണ്.

അതു പോകട്ടെ. കേരളത്തിലെ ആചാരവാദിഹിന്ദുക്കളും സവർക്കർവാദികളും തമ്മിലുള്ള പ്രശ്നമാണിതെന്നും, കേരളത്തിലെ ഫെമിനിസ്റ്റുകളുടെ ആവശ്യമല്ല ഇതെന്നും, അതു കൊണ്ടു തന്നെ സർക്കാരിനെ അട്ടിമറിക്കാനുളള ശ്രമത്തെ മൂപ്പിക്കരുതെന്നും പെണ്ണുങ്ങളിൽ ചിലർ (ഞാനടക്കം) പ്രശ്നത്തിൻറെ തുടക്കത്തിൽ പറഞ്ഞതാണ്. ആചാരവാദികളുടെ ചോര ചൂടു പിടിച്ചു വന്ന വേളയിൽ അവരുടെ ശ്രദ്ധയെ ഭൌതികപ്രശ്നങ്ങളിലേക്ക് അടുപ്പിക്കുകയാണ് വേണ്ടത് – അതായത്, പ്രളയാനന്തരദുരിതമാണ് തത്ക്കാലം ആചാരപ്രേമികളെപ്പോലും വലയ്ക്കുന്ന പ്രശ്നമെന്ന് ഊന്നുകയാണ് വേണ്ടത്, സുപ്രീം കോടതി ഉത്തരവിനോടുള്ള പ്രതിബദ്ധതയിൽ ഉത്തരവാദിത്വം മുഴുവൻ തലയിലേറ്റരുത് (അഥവാ സവർക്കർവാദികൾ ഭരിക്കുന്ന കേന്ദ്രം തുല്യഉത്തരവാദിത്വം എടുക്കട്ടെ എന്ന് നിർബന്ധിക്കണം) എന്ന് ഞാനടക്കമുള്ള പല പെണ്ണുങ്ങളും എഴുതിയതാണ്.

ശബരിമലയിലെ തകർന്നടിഞ്ഞ പ്രകൃതിയെ കാത്തു സൂക്ഷിക്കുന്നതിനെ വേണം ഊന്നാൻ എന്ന് ഞങ്ങളിൽ പലരും അഭിപ്രായപ്പെട്ടതുമാണ്. പക്ഷേ മുഖ്യമന്ത്രി പടയ്ക്കിറങ്ങി, ഒപ്പം, അതിനു നേർവിപരീതമെന്നോണം അദ്ദേഹത്തിൻറെ സ്ത്രീവിരുദ്ധതാവകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ‘ആക്ടിവിസ്റ്റുകളാണ് കുഴപ്പക്കാർ’ എന്ന പ്രഖ്യാപനത്തോടെ ആചാരവാദിഹിന്ദുപ്രീണനവ്യവഹാരത്തിനു തിരി കൊളുത്തി. അതോടെ സിപിഎമ്മിൽ ചില വിഭാഗങ്ങൾ സുപ്രീം കോടതിയുടെ കൂടെ, മറ്റു ചിലർ ആചാരവാദികളുടെ കൂടെ, എന്ന ആ കളി മൂക്കുകയും ചെയ്തു. അപ്പോൾ അപമാനിതരായ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. ആ അവസ്ഥ സൃഷ്ടിച്ചത് സിപിഎം നേതൃത്വമാണ്.

തുടക്കത്തിലേ നിങ്ങളുടെ പരിമിതികളെ നിങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ, കൂടുതൽ സമയം നേടിയെടുത്ത് ഈ പ്രശ്നത്തെ പതിയെ ആക്കിയിരുന്നെങ്കിൽ, ഈ വീഴ്ച നിങ്ങൾക്കു സംഭവിക്കില്ലായിരുന്നു. പക്ഷേ ആണത്തഹുങ്ക് നിങ്ങളെ അതിനനുവദിക്കില്ല. ഇന്ന് നിങ്ങൾ ആചാരവാദികളെയും ആക്ടിവിസ്റ്റുകളെയും ഒരു പോലെ അകറ്റി.j devika, cpim,iemalayalam, election 2019

നാലാമത്, സിപിഎമ്മിന് ജയസാദ്ധ്യത അധികമായ മണ്ഡലങ്ങളിലും അവർ തോറ്റുവെന്നതിൽ നിന്ന് കയ്പേറിയവയെങ്കിലും ഗുണപ്രദമായ പാഠങ്ങൾ പഠിക്കാൻ ഇനിയെങ്കിലും നേതൃത്വം തയ്യാറാവണം. വനിതാ മതിലിൻന്റെ പൊലിമ കണ്ട് സിപിഎം ഈ തെരെഞ്ഞെടുപ്പിൽ സിപിഎം പുഷ്പം പോലെ ജയിക്കുമെന്ന് പറഞ്ഞ സിപിഎം ഭക്തകളടക്കമുള്ളവര്‍ മറന്നു പോയ ഒരു കാര്യമുണ്ട് – പരിപാടികൾക്കും റാലികൾക്കും ആളേക്കൂട്ടുന്ന ഇടപാടല്ല സംഘാടനം. ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന്, അവരുടെ ദൈനംദിനകാര്യങ്ങളിൽ പങ്കാളികളായി, അവരുടെ ഇടുങ്ങിയ ജാതി-മതസാഹചര്യങ്ങൾക്കപ്പുറമുള്ള ലോകങ്ങളെ കാട്ടിക്കൊടുക്കുന്ന ആശയങ്ങളിലേക്ക് അവരെ നയിക്കുന്ന പ്രവർത്തനമാണ് സംഘാടനം. അല്ലാതെ സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിക്കുന്ന സ്ത്രീകളെ ഇന്ന മീറ്റിങിന് ഇത്ര മണിക്ക് എത്തിക്കൊള്ളണമെന്ന് അറിയിപ്പു കൊടുക്കലല്ല.

ഏകദേശം ഇരുപതു വർഷം മുൻപു വരെ സെമിനാറുകളിലും മറ്റും പങ്കെടുത്തിരുന്ന രാഷ്ട്രീയപ്രവർത്തകർ അഭിമാനത്തോടെ ഗവേഷകരെ വെല്ലുവിളിച്ചിരുന്നു – നിങ്ങൾക്ക് ഉപരിപ്ളവമായ അറിവേ ഉള്ളൂ, ജനജീവിതത്തിൻറെ ഉൾത്തുടിപ്പ് ശരിക്കറിയുന്നത് ഞങ്ങളാണ് എന്ന്. അത് പലപ്പോഴും ശരിയുമായിരുന്നു. എന്നാലിന്ന് സംഘാടനം എന്തെന്ന് ഇടതുപക്ഷത്തുള്ളവർ മറന്നു പോയിരിക്കുന്നു.

1990കൾക്കു ശേഷം സർക്കാർ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കൾ എന്നൊരു സാമൂഹ്യ വിഭാഗം ഉണ്ടായിവന്നിട്ടുണ്ട്. അവർ പഴയ സംഘടിതതൊഴിലാളിവർഗമല്ല എന്ന് ഇടതുപക്ഷം തിരിച്ചറിയേണ്ടതുണ്ട്. സ്ഥിരമായി വോട്ടുചെയ്തു കൊള്ളും എന്ന വിശ്വാസത്തിൽ അവരോട് എങ്ങനെയും പെരുമാറാം, അല്ലെങ്കിൽ അവഗണിക്കാം, എന്നു കരുതരുത്.

സംഘാടനത്തെത്തന്നെ ആൺഹുങ്കിൻറെ പിടിയിൽ നിന്നകറ്റി ജനങ്ങളിൽ പുതിയ ഇടതുപക്ഷ അവബോധം സൃഷ്ടിക്കാനുള്ള മാർഗമായി കാണാൻ ഇടതുപക്ഷത്തിനു കഴിയണം. പക്ഷേ ഇടതുപക്ഷമാനവികതയെ മുഴുവനോടെ കല്ലറയിൽ കയറ്റുന്ന മുതലാളിത്തവളർച്ചയോടുള്ള പിണറായി വിജയന്റെ ഭ്രമം ഇടതുപക്ഷം ഇന്നിരിക്കുന്ന അവസാനത്തെ ചില്ലയും വെട്ടിത്താഴെയിടും എന്നു ഭയക്കേണ്ടിയിരിക്കുന്നു. മുതലാളിത്തത്തിൻറെ വരവ് അനിവാര്യമാണെന്നു പറയുന്നവർക്കു പോലും അതിന്മേൽ ഊന്നി നിൽക്കുന്ന ഒരു ഇടതു-പക്ഷം സങ്കല്പനാതീതം തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും.

സിപിഎം വിലയിരുത്തലിൽ കാണുന്ന ശുഭാപ്തിവിശ്വാസം നല്ലതു തന്നെ. ഇന്ന് കേരളീയ പൊതുമണ്ഡലത്തിൽ ഇടതുവ്യവഹാരം ശക്തമായി നിൽക്കേണ്ടതും ഇവിടുത്തെ രാഷ്ട്രീയരംഗത്ത് ഇടതുപ്രയോഗങ്ങൾ തുടരെ ഉണ്ടാകേണ്ടതും അത്യാവശ്യം തന്നെയാണെന്നും, നമ്മുടെ ജനാധിപത്യത്തിന്റെ ഭാവി തന്നെ അതിനെ ആശ്രയിച്ചാണ് നിൽക്കുന്നതെന്നും നിസ്സംശയം പറയാം. പക്ഷേ ആ വഴിയിൽ പതിയിരിക്കുന്ന അപകടങ്ങളെയോ പറ്റിപ്പോയ പിഴവുകളെയോ സത്യസന്ധമായി നേരിടാനുള്ള വിനയപൂർണമായ ഉൾക്കരുത്ത് ഇന്ന് സിപിഎം നേതൃത്വത്തിൽ കാണുന്നില്ല. അതാണ് ആൺഹുങ്കിൻറെ പ്രശ്നം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Lok sabha election 2019 why cpm lost in kerala

Best of Express