തിരഞ്ഞെടുപ്പ് ഒരു മഹോത്സവമാണെങ്കില്‍ മുഴുവന്‍ താളമേളക്കൊഴുപ്പോടെയും ദൃശ്യ ചാരുതയോടും അതിതാ വയനാട്ടില്‍. യുഗങ്ങളായി തുടരുന്ന ഒളിവ് ജീവിതമവസാനിപ്പിച്ച് വയനാട് ഇതാ മുഖരമായ ദൃശ്യതയില്‍. മഹോത്സവങ്ങളില്‍, ജനക്കൂട്ടത്തില്‍, മുഖ്യധാരയില്‍ പ്രവേശിക്കാന്‍ ചുരമിറങ്ങേണ്ടിയിരുന്ന വയനാട്ടിലേക്കിതാ ലോകം ചുരം കയറി വരുന്നു.

ഭൂപ്രകൃതി കൊണ്ടു മാത്രമല്ല, ദൃശ്യ സൗന്ദര്യം കൊണ്ടു മാത്രമല്ല, രാഷ്ട്രീയ പ്രാധാന്യം കൊണ്ടും വയനാടിതാ കേരളത്തിന്റെ നെറുകയില്‍. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്താൽ അത് അനിവാര്യമാക്കിയ ഭിന്ന മുന്നണികളുടെ നേതാക്കളുടെ നിറ സാന്നിദ്ധ്യത്താല്‍ വയനാടിതാ കേരള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിലെ തലസ്ഥാനം ഇതുവരെ ഇതിന്റെ ടെയ്ല്‍ എന്‍ഡ് ആയിരുന്ന വയനാടായിരിക്കുന്നു. എന്റെ ജന്മദേശം ഉത്സാഹം കൊണ്ട് വിറകൊള്ളുന്നത് ഞാനറിയുന്നു.

കേരളത്തിലെ ഒളിയിടമാണ് വയനാട്. പഴശ്ശിരാജയുടെ, വര്‍ഗ്ഗീസിന്റെ, സ്വന്തം നാട്ടില്‍ നില്‍ക്കാന്‍ നിവൃത്തിയില്ലാത്തതിനാല്‍ നാടുവിട്ട നിര്‍ഭാഗ്യവാന്മാരുടെ, ധനമോഹികളുടെ, കാടിന്റെ തണുപ്പിന്റെ സൗന്ദര്യത്തിന്റെ ഒളിയിടം. കാട് കത്തുമ്പോഴോ, ആദിവാസി ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴോ, ഒളിയിടങ്ങള്‍ താവളമാക്കുന്ന നക്‌സലേറ്റുകളുടെ സാന്നിദ്ധ്യമുണ്ടാകുമ്പോഴോ, വയനാട് ഭയാനകമായ സൗന്ദര്യത്തോടെ വാര്‍ത്താ ഭൂപടത്തില്‍ വരാറുണ്ട്.

കേരളത്തിന്റെ മുഖ്യ സാമ്പത്തിക സ്രോതസ്സ് എന്ന നിലയും, എസ്‌റ്റേറ്റുകള്‍ ശാന്തമായി മുലകുടിച്ചുറങ്ങുന്ന ഈ പ്രദേശത്തിനുണ്ട്. ഭൂഭംഗി കൊണ്ട് ബാല്യം വയനാട്ടില്‍ ചെലവഴിച്ച ഒരാളെ നിങ്ങള്‍ക്ക് ഭ്രമിപ്പിക്കാനാവില്ല. ഏകാന്തത കൊണ്ട് ബാല്യം വയനാട്ടില്‍ കഴിച്ച ഒരാളെ നിങ്ങള്‍ക്ക് ഭ്രമിപ്പിക്കാനാവില്ല. കാലാവസ്ഥ മാറി, പഴയതൊന്നുമല്ല വയനാട് എന്നെല്ലാം കുറ്റപ്പെടുത്തുമ്പോഴും ദൂരത്തു നിന്നും ആദ്യമായി വരുന്ന ഒരു അതിഥിക്ക് വിസ്മയങ്ങളുടെ ഒരു ഘോഷയാത്രയാണ് വയനാട് ഒരുക്കിയിരിക്കുന്നത്.

വൈവിധ്യത്തില്‍, സമൃദ്ധിയില്‍, പച്ചപ്പില്‍… വയനാട്ടിലെ ഇലകള്‍ക്ക് എന്തൊരു പച്ച നിറമാണ്. ഇവിടെ പൂക്കള്‍ക്ക് എന്തൊരു വിടര്‍ച്ചയാണ്. ഇവിടെ ഉറക്കത്തിന് എന്തൊരു ആഴമാണ്. ഇവിടെ ഏകാന്തതയ്ക്ക് എന്തൊരു വിസ്തൃതിയാണ്. ഞാനെഴുതിയിട്ടുണ്ട്, കുപ്പിച്ചില്ല് പോലും മൂന്നാം നാള്‍ മുളച്ചു വരുന്ന ഫലഭൂയിഷ്ടതയുണ്ട് വയനാടിന്.

wayanad, election, kalpetta narayanan

ചിത്രീകരണം : സി ആര്‍ ശശികുമാര്‍

ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ എന്നെങ്കിലുമൊരിക്കല്‍ പെയ്യുന്ന ചെറുമഴ വയനാടിനെ ഭൂമിയിലെ ഏറ്റവും വിസ്തൃതവും മോഹനവുമായ ഉദ്യാനമാക്കുന്നു. കാപ്പി പൂത്തതിന്റെ അഴകും സുഗന്ധവും വയനാടിനെ അന്ന് ചൂഴ്ന്ന് നില്‍ക്കും. എന്തോ വയനാട് അര്‍ഹിക്കുന്ന ദൃശ്യത നേടിയില്ല. സൗന്ദര്യത്തിന്റെ തീര്‍ത്ഥാടകര്‍ ഇവിടെ അപൂര്‍വ്വമാണ്.

സ്‌റ്റൈയ്ൻബെക്കിന്റെ ‘ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍’ പഴയ വയനാട്ടുകാരനോളം ഒരു മലയാളിക്കും മനസ്സിലാകില്ല. ചെറുകിട കര്‍ഷകരുടെ നിരന്തരമായ അധ്വാനത്തിന്റെ ഭൂമി. വയനാട്ടില്‍ വെറുതെ ഇരിക്കുന്ന ആരെയും നിങ്ങള്‍ കാണില്ല. എപ്പോഴും എന്തോ കുഴിച്ചെടുക്കുകയോ കുഴിച്ചിടുകയോ ആണ്. കപ്പയ്ക്കും കണ്ടിക്കിഴങ്ങിനും മത്തനും ഇത്ര സ്വാദ് മറ്റെവിടെയും കാണില്ല. ഗന്ധകശാല അരിക്ക് ഇത്ര സുഗന്ധം മറ്റെവിടെയും കാണില്ല. വയനാട് അഴക് മാത്രമല്ല, സ്വാദുമാണ് സുഗന്ധവുമാണ്.

ഇവിടെ സ്വന്തമായ സംസ്‌കാരമോ ഭാഷയോ ഇല്ല. പരസ്പരം നാടന്വേഷിക്കുന്ന നാട്ടുകാരുള്ള ഏക നാട് വയനാടായിരിക്കും. വയനാട് സ്വന്തം നാടല്ലാത്തതിനാല്‍ ഇവിടെ വന്നവര്‍ അതിനോട് നീചമായി പെരുമാറി. രാസവള കമ്പനികളുടെ പറുദീസയായി ഇത്. ഇത്രയധികം മരങ്ങള്‍ മുറിച്ചുമാറ്റപ്പെട്ട ഒരിടവും വേറെയുണ്ടാകില്ല. ആദിവാസികള്‍ക്കു വേണ്ടി ഇത്രയധികം പണം ചെലവഴിച്ച നാടും ഞെണ്ടിന്‍ മടയിലൊളിച്ച വെള്ളം പോലെ ആക്കിയ നാടും വേറെ ഇന്ത്യയില്‍ കാണില്ല.

ഇന്ത്യയിലെ വടക്ക്-കിഴക്കന്‍ മേഖലകളിലെ ആദിവാസികളെ പോലെ അന്തസ്സോടെ സ്വസ്ഥതയോടെ സംസ്‌കാരത്തിന്റെ ബലത്തില്‍ അഭിമാനത്തോടെ കഴിയുന്നവരല്ല വയനാട്ടിലെ ഭൂരിപക്ഷത്തോളം വരുന്ന ഭിന്ന ഗോത്രക്കാരായ ആദിവാസികള്‍. ആ അഗതികള്‍ക്ക് ഈ ആരവത്തിന്റെയൊന്നും അര്‍ത്ഥം മനസിലാക്കാനുള്ള ശേഷി കൈവന്നിട്ടില്ല. ആരാണീ രാഹുല്‍ ഗാന്ധി? അവര്‍ക്കറിയില്ല. ഇലക്ഷന്‍ തലേന്ന് ഭിന്ന കക്ഷികളുടേതായി കൈയ്യില്‍ വരുന്ന പണത്തിന്റെ അര്‍ത്ഥമേ അവര്‍ക്ക് തിരഞ്ഞെടുപ്പ് നല്‍കാറുള്ളൂ. എങ്കിലും വെളിച്ചം വീഴുമ്പോള്‍ അവരുടെ ജീവിതത്തിലേക്ക് കൂടി വെളിച്ചം തെറിച്ച് വീഴുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇരുട്ടുകളുറങ്ങുന്ന വയനാടില്‍ വെളിച്ചം വിരുന്നു വരികയാണ്; വരട്ടെ.

Read in English: Wayanad, until now the tail end of Kerala, has now become its political capital

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook